വവ്വാലെന്നു കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്. പണ്ടി വവ്വാല് തിന്നതിന്റെ ബാക്കി വരെ തിന്നിരുന്നവര്‍ വെറുതെ നിലത്ത് വീണ മാങ്ങ പോലും തിരിഞ്ഞുനോക്കാതെ നടക്കാന്‍ തുടങ്ങി. നിപ്പ വൈറസും എബോളയുമെല്ലാമാണ് വവ്വാലിനെ ഭീകരജീവിയാക്കി മാറ്റിയത്. പക്ഷേ ഇത്തരം ജീവികളെ തേടി അതിന്റെ ആവാസമേഖലകളിലേക്ക് ക്യാമറയുമായി കടന്നു ചെല്ലുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പലതരം വൈതരണികള്‍ ഉണ്ടാവാറുണ്ട്. ഫോട്ടോആര്‍ക്കിലൂടെ പ്രശസ്തനായ ജോയ്ല്‍ സാര്‍ട്ടോറിന്റെ (Joel Sartore) ഈ അനുഭവം നോക്കുക.
ഉഗാണ്ടയിലെ ഒരു ഗുഹയിലെ ഈജിപ്ഷ്യന്‍ പഴംതീനി വവ്വാലിന്റെ ഫോട്ടോ എടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. ജീവിവര്‍ഗങ്ങളെ ഫോട്ടോയെടുത്ത് ആര്‍ക്കൈവ് ചെയ്യുന്നതിലൂടെ പ്രശസ്തനായ വ്യക്തിയാണ് ജോയ്ല്‍. നാഷണല്‍ ജോഗ്രഫി ചാനലിനുവേണ്ടി ലോകം മുഴുവന്‍ സഞ്ചരിച്ച് ഒട്ടേറെ ജീവികളെ ക്യാമറയിലാക്കിയിട്ടുണ്ട് അദ്ദേഹം. ഏതാണ്ട് 9000ത്തിലധികം ജീവികളെ. ഉഗാണ്ടയിലെ ഈ ഗുഹ വവ്വാലുകളുടെ ഒരു മഹാസമ്മേളനം നടക്കുന്ന പോലൊരിടമാണ്. ഗുഹയ്ക്ക് അധികം ഉയരമില്ല. രണ്ട് വശത്തു നിന്നും വെളിച്ചം കടന്നു വരും. അതുകൊണ്ട് തന്നെ നല്ല ക്ലോസപ്പ് ഷോട്ടുകള്‍ എടുക്കാന്‍ അനുയോജ്യം.
ഫോട്ടോയെടുക്കാന്‍ ഗുഹയ്ക്കകത്തേക്ക് കടന്ന ജോയ്ല്‍ അതീവജാഗ്രതയോടെയാണ് സഞ്ചരിച്ചത്. അവശരായി പിടിവിട്ട് താഴെ വീഴുന്ന വവ്വാലുകളെ ശാപ്പിടാന്‍ ഉഗ്രവിഷമുള്ള പാമ്പുകളും ഗുഹയില്‍ വസിക്കുന്നുണ്ടെന്നതാണ് ഭീതിജനകമായ കാര്യം. ശ്വസനോപകരണവും കണ്ണടയുമെല്ലാം ധരിച്ച് അകത്ത് കയറി എമ്പാടും ഫോട്ടോയെടുത്ത് നിറഞ്ഞ മനസ്സോടെ പുറത്തിറങ്ങുകയായിരുന്നു അദ്ദേഹം. പുറത്തെത്താന്‍ ഒരു നൂറുമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ ജോയ്ല്‍ തന്റെ കണ്ണടയൂരി. ചിറകടിശബ്ദം കേട്ടതും മുകളിലേക്ക് ഒന്നു നോക്കി. പെട്ടെന്നാണ് ചൂടോടെ വവ്വാല്‍ കാഷ്ഠം കണ്ണിലേക്ക് പതിച്ചത്. ഒന്നു പൊള്ളിയതു പോലെ..

വവ്വാലിന്റെ കടിയേക്കാള്‍ അപകടമാണിതെന്ന് മനസിലായി. ഈ വവ്വാലുകള്‍ കുഴപ്പക്കാരാണോ എന്നറിയാന്‍ യുഗാണ്ടന്‍ ആം ഓഫ് യു എസ് സെന്ററിലേക്ക് വിളിച്ചു. ''മാര്‍ബര്‍ഗ് വൈറസ് ഉള്ളിടമാണത്. നിങ്ങള്‍ അങ്ങോട്ട് പോകരുതായിരുന്നു.''-മറുതലക്കലെ മറുപടി അങ്ങിനെയായിരുന്നു. എബോള പോലെ തന്നെ മാരകമാണ് ഈ വൈറസും. മസ്തിഷ്‌കജ്വരം പോലെ ലക്ഷണങ്ങള്‍ കാണിക്കും ബല്‍ഡിങ് ഉണ്ടായി മരിക്കാം. മരണസാധ്യത 90 ശതമാനം ആണ്. വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ മൂന്നു ദിവസം മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പകര്‍ച്ച വ്യാധിയാവും മുമ്പേ ഉഗാണ്ടയില്‍ നിന്നും രക്ഷപ്പെട്ടോളാന്‍ അയാള്‍ പറഞ്ഞു. അമേരിക്കയിലാവുമ്പോ ചികിത്സാ സൗകര്യവും മെച്ചപ്പെട്ടതാവുമല്ലോ.
വീട്ടിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ നാളുകള്‍ ഭീകരമായിരുന്നു. നാഷണല്‍ ജോഗ്രഫിക് മാഗസിനില്‍ അദ്ദേഹം ഈ അനുഭവം പങ്കുവെച്ചതിങ്ങനെയാണ്.
''നെബ്രാസ്‌ക്കയില്‍ എത്തിയ ഞാന്‍ വീട്ടില്‍ മച്ചിനു മുകളില്‍ എനിക്ക് മാത്രമായൊരു ലോകം സൃഷ്ടിച്ചു. ഒരു തരം ഐസലോഷന്‍ വാര്‍ഡ്. അവിടെയിരുന്നാല്‍ എനിക്ക് നഗരം കാണാം. പുറത്ത് വെയിലാണ്, പക്ഷികള്‍ പാടുന്നുണ്ട്. മാലിന്യനിര്‍മാര്‍ജന വണ്ടികളുടെ മുരളല്‍ കേള്‍ക്കാം, ഒരു ക്ലോക്ക് എന്ന പോലെ എല്ലാ ദിവസവും മെയിലുമായി പോസ്റ്റമാന്‍ വരുമ്പോള്‍ പട്ടിയുടെ കുര കേള്‍ക്കാം. മുറിയില്‍ ഒറ്റയ്ക്കിരുന്ന് ഞാന്‍ ആദ്യമായി മരണത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. പുറത്താര്‍ക്കും അറിയില്ല എന്താവിടെയെന്ന്. അറിഞ്ഞിരുന്നെങ്കില്‍ അതൊരു ദേശീയ വാര്‍ത്തയായി മാറിയേനേ.
മൂന്നാഴ്ച ഞാന്‍ കുടുംബത്തില്‍ നിന്ന് അകന്നു നിന്നു. ഞാനെന്റെ മകളുടെ പിറന്നാള്‍ ആഘോഷം ദൂരെ നിന്നു നോക്കി കണ്ടു. വാതിലിനപ്പുറം എനിക്കുള്ള ഭക്ഷണം കൃത്യമായെത്തും. ഞാന്‍ വിശപ്പിനെ പറ്റിയും കഴിക്കുന്നതിനെ പറ്റിയും അധികം ചിന്തിച്ചില്ല. പകരം തലവേദന തോന്നുന്നുണ്ടോ, ചെറിയ ചൂട് തുടങ്ങിയോ എന്ന ചിന്തകള്‍ അലട്ടിതുടങ്ങി. ഒരു ദിവസം അമ്പതു പ്രാവശ്യമെങ്കിലും ഞാന്‍ എന്റെ ശരീരോഷ്മാവ് അളന്നുകൊണ്ടിരുന്നു.
ചെറിയൊരു ചൂട് പോലെ തോന്നിയാല്‍ രണ്ട് മൈല്‍ അകലെയുള്ള ആസ്പത്രിയിലേക്ക് പോവും. അവിടെ നെഗറ്റീവ് എയര്‍പ്രഷര്‍ റൂമില്‍ പോയി പരിശോധിപ്പിക്കും. ഒരു പാട് സാഹസികയാത്രകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. ഈ യുഗാണ്ട യാത്ര പോലും വളരെ രസകരമായിരുന്നു. ത്രില്ലിങ്ങായിരുന്നു. പക്ഷെ ഇപ്പോള്‍ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലും ഞാന്‍ വെറുത്തു തുടങ്ങി. (അതിന് ഈയിടെയായി ശബ്ദം കൂടിയിട്ടുണ്ട്.) അതുകൊണ്ട് തന്നെ ക്ലോക്ക് മുറിയില്‍ നിന്നും മാറ്റി.
ഇരുപത്തിരണ്ട് ദിവസത്തെ ഏകാന്തവാസത്തിനു ശേഷം വൈറസ് എന്നെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായി. അന്ന് ഡിന്നര്‍ ടേബിളില്‍ ഭാര്യ കാത്തിയോടും മൂന്നുമക്കളോടും ഒപ്പം ഇരുന്ന് ഞാന്‍ ഭക്ഷണം കഴിച്ചു. പ്രത്യേക ഭക്ഷണം ആയിരുന്നു അന്ന്. കഴിച്ചുകൊണ്ടിരിക്കെ ഒരു നിമിഷം... ആയിരം വവ്വാലുകള്‍ ഒന്നിച്ച് ചിറകടിച്ചുയരുന്ന പോലൊരു ശബ്ദം. ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു.
Content Highlights: Joel Sartore, Wildlife Photography, Joel Satore Photo Ark, Nipah Virus, Marburg Virus