പുല്‍പ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കുകണക്കിന് കുരുമുളകുമായി അങ്ങാടിയില്‍ പോയവര്‍ തിരിച്ചുവരുന്നത് ഒരു ജീപ്പും വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നത്രെ ഈ നാട്ടുകാരുടെ കാര്‍ഷികസമ്പത്ത്. അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്നാട്ടില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവിടെയെത്തുമായിരുന്നു. മൂന്നുതിയേറ്ററുകളും അതില്‍ തമിഴ് സിനിമയടക്കം ധാരാളം ഷോകളും നടക്കാറുണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ വികസനങ്ങളുമെല്ലാമായി വയനാടിന്റെ സാംസ്‌കാരിക സാമ്പത്തിക രംഗത്ത് പുല്‍പ്പള്ളി പേരെടുത്തു. നക്സലൈറ്റുകാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതും അജിതയെ അറസ്റ്റ്ചെയ്തതുമെല്ലാം മറ്റൊരു ചരിത്രം. പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഏടുകളിലും പുല്‍പ്പള്ളിയുണ്ട്. അങ്ങനെ കേരളത്തിന് പുല്‍പ്പള്ളിയെ പലതരത്തിലറിയാം.

Sita Temple
വാത്മീകി ആശ്രമം

എന്നാല്‍ വാല്മീകിയും രാമായണവും സീതാസ്മരണകളും അലയടിക്കുന്ന ഒരു പുല്‍പ്പള്ളിയും ഉണ്ട്. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത ഭൂമാതാവിന്റെ മാറില്‍ വിലയം പ്രാപിക്കുന്നതുവരെയുള്ള സീതാചരിതത്തിന്റെ പരിസമാപ്തി ഈ മണ്ണില്‍ വായിച്ചെടുക്കാം. ഇവിടെ രാമനല്ല സീതയ്ക്കാണ് പ്രാധാന്യമെന്നും പ്രാദേശിക ചരിത്രം രചിച്ചിട്ടുള്ള വി.കെ. സന്തോഷ്‌കുമാര്‍ പറയുന്നു. കഠിനവ്യഥയില്‍ നട്ടം തിരിഞ്ഞ് നില്‍ക്കുന്ന സീതയെയാണ് ഇവിടത്തെ ജനത സ്വീകരിച്ചത്.
 
രാമായണ പരാമര്‍ശങ്ങള്‍ക്ക് സദൃശമായ മുത്തങ്ങയുടെ പരിസരത്താണ് ലക്ഷ്മണന്‍ സീതയെ ഉപേക്ഷിച്ചതെന്ന് സങ്കല്പം. അവിടെയുണ്ടായിരുന്ന ജലാശയം സീതയുടെ കണ്ണുനീര്‍ വീണുണ്ടായതാണെന്ന് പറയുന്നു. അതാണ് പൊന്‍കുഴി. ഗര്‍ഭിണിയായ സീത വാല്മീകി ആശ്രമത്തില്‍ അഭയം കണ്ടെത്തി. അവിടെ പുല്ലില്‍ പള്ളികൊണ്ടാണ് സീത ലവകുശന്‍മാര്‍ക്ക് ജന്‍മം നല്‍കിയത്. പുല്ലില്‍പള്ളികൊണ്ടിടമാണ് പുല്‍പ്പള്ളി. ലവകുശന്‍മാര്‍ കളിച്ചുവളര്‍ന്ന സ്ഥലമാണ് ശിശുമലയായത്. സീതയുടെ കണ്ണീര്‍ വീണുണ്ടായ പുഴയാണ് കന്നാരം പുഴയെന്നും സീതയ്ക്ക് ആലയം തീര്‍ത്ത സ്ഥലം സീതാലയവും പിന്നെ ചെതലയവും ആയി മാറിയതാണെന്നും സീത ഇരുളില്‍ തങ്ങിയ സ്ഥലം ഇരുളമായെന്നുമെല്ലാം പ്രാദേശിക സ്ഥലനാമങ്ങളുമായി ബന്ധപ്പെടുത്തി പലവാദങ്ങളും കഥകളും വാമൊഴിയായി പ്രചരിക്കുന്നുണ്ട്.

Sita Temple 1
ആശ്രമക്കൊല്ലിയിലെ മുനിപ്പാറ

യാഗാശ്വത്തെ ബന്ധിപ്പിച്ച് ലവകുശന്‍മാരുടെ അടുത്തെത്തിയ രാമന്‍ സീതയുടെ ശുദ്ധിതെളിയിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ വീണ്ടും ദുഃഖിതയായ സീത തന്റെ മാതാവായ ഭൂമിദേവിയോട് തന്നെ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഭൂമി പിളര്‍ന്ന് അകത്തേക്ക് താഴ്ന്ന സീതയെ രാമന്‍ മുടിയില്‍ പിടിച്ചുവലിച്ചു. അങ്ങനെ സീതയുടെ ജഡ അറ്റ് രാമകരത്തില്‍ അവശേഷിച്ച പ്രദേശം ജഡയറ്റകാവ് ആയെന്നും സീതാദേവി ഇവിടെ ചേടാറ്റിലമ്മയായെന്നും ഐതിഹ്യം പറയുന്നു.

Sita Temple 3
ക്ഷേത്രക്കുളം

പുല്‍പ്പള്ളി ടൗണില്‍ തന്നെയാണ് ചേടാറ്റിലമ്മയുടെ ആസ്ഥാനം. പുല്‍പ്പള്ളി മുരിക്കന്‍മാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള സീതാദേവി ലവകുശക്ഷേത്രം. അന്നൊരു ഞായറാഴ്ചയായിരുന്നു. ഭക്തജനങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ദുഃഖപുത്രിയായ അമ്മയുടെ മുന്നില്‍ തങ്ങളുടെ ദുഃഖങ്ങളും സങ്കടങ്ങളും കാണിക്കവെച്ച് തൊഴുതുമടങ്ങുന്നവര്‍. ഒരിടത്ത് പുരാണപഠനവും മറ്റൊരിടത്ത് ലഹരി വിരുദ്ധക്യാമ്പും നടക്കുന്നു. ക്ഷേത്രം അങ്ങനെ സാമുഹികജീവിതത്തോടൊപ്പം ചരിക്കുന്ന ഒരു കാഴ്ചയാണ് വരവേറ്റത്. ആറു പതിറ്റാണ്ട് ചേടാറ്റിലമ്മയുടെ വിഗ്രഹം ശിരശ്ശിലേന്തി ഭക്തജനങ്ങളുടെ പ്രിയപ്പെട്ടവനായി വളര്‍ന്ന ശങ്കരന്‍കുട്ടി എന്ന ആനയുടെ സ്മാരകവും ഇവിടെയുണ്ട്. എല്ലാം കണ്ട് ദേവിസന്നിധിയില്‍ തൊഴുത് മടങ്ങുമ്പോള്‍ പ്രസാദമായി കിട്ടിയ ഉണ്ണിയപ്പത്തിന് നല്ല മധുരമുണ്ടായിരുന്നു.

Sita Temple 4
ചേടാറ്റിന്‍കാവ്‌

അവിടെ നിന്നും ചേടാറ്റിലമ്മയുടെ മൂലസ്ഥാനത്തേക്ക് പോയി. ചേടാറ്റിന്‍കാവിലെ ഈ അമ്പലത്തില്‍ സപ്തമാതൃക്കളുടെയും വീരഭദ്രന്റെയും ഗണപതിയുടെയും ഒരേവലുപ്പത്തിലുള്ള ഒമ്പത് വിഗ്രഹങ്ങളാണ്. നേരെ കണ്ട് തൊഴുന്നത് വൈഷ്ണവി. കിഴക്കുവശത്തായി ബ്രഹ്മാണി, മഹേശ്വരി, കൗമാരി, പടിഞ്ഞാറ് വാരാഹി, ഇന്ദ്രാണി, ചാമുണ്ട, വടക്ക് കിഴക്ക് വീരഭദ്രന്‍, വടക്ക് പടിഞ്ഞാറ് ഗണപതി എന്നിങ്ങനെയാണ് പ്രതിഷ്ഠ. മനസ്സിലെ കാമക്രോധമദമാത്സര്യങ്ങള്‍ വെറുപ്പ് വിദ്വേഷം എല്ലാം ഈപാദങ്ങളില്‍ സമര്‍പ്പിക്കുന്നതായി ഭാവന ചെയ്ത് നമസ്‌കരിക്കണമെന്നാണ് പറയുന്നത്. ലവകുശക്ഷേത്രത്തിനൊപ്പം ദര്‍ശനപൂര്‍ത്തീകരണത്തിന് ചേടാറ്റിന്‍കാവിലും എത്തണമെന്ന വിശ്വാസവും രൂഢമൂലമാണ്.

Sita Temple 5
ചേടാറ്റിലമ്മയുടെ ആസ്ഥാനം

അവിടെ നിന്നും നേരെ വാല്മീകി ആശ്രമത്തിലേക്ക് പോയി. അവിടെ പര്‍ണശാലപോലൊരു വിളക്കുതറയുണ്ട്. താഴെവയലിലോട്ടിറങ്ങിയാല്‍ വാല്മീകങ്ങളും കാണാം. ആശ്രമക്കൊല്ലിയിലെ ഈ മുനിപ്പാറ ആദികവിയുടെ എഴുത്തുകളരിയാണെന്നാണ് വിശ്വാസം. അക്ഷരപ്രേമികള്‍ക്ക് ആ നിലയ്ക്കും ഇതൊരു തീര്‍ഥാടനകേന്ദ്രമാണ്. വായനയുടെയും സാധനകളുടെയും വാല്മീകത്തില്‍ തപസ്സിരുന്ന് ആത്മാവിഷ്‌കാരത്തിലൂടെ, എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന ഏവര്‍ക്കും ഈ പുണ്യകേന്ദ്രത്തിലേക്ക് സ്വാഗതം.

YATHRA TRAVEL INFO 

Pulpally

Pulpally is a mid-sized town in Wayanad District of Kerala. This place is famous for the Sita Devi temple which is one among the few temples in India devoted to Sita Devi. The deities of Lava and Kusa, children of Sita, are also installed here. It is believed that Sita Devi went into earth from this place.

How to Reach:

By Road: Pulpally can be accessed from Mananthavady or Sultan Battery. The Periya ghat road connects Mananthavady with Kannur and Thalassery. The Thamarassery mountain road connects Calicut with Kalpetta. The Kuttiady mountain road connects Vatakara with Kalpetta and Mananthavady. The Palchuram mountain road connects Kannur and Iritty with Mananthavady. The road from Nilambur to Ooty is also connected to Wayanad through the village of Meppadi. 

By Rail: Kozhikode(100Km)  By Air:Kozhikode (113 km)

Contact: Madhu ✆ 9446567236

Content Highlights: Pulpally, Wayanad Tourism, Sita Devi Temple, Kerala Tourism