ഷ്ടമുടിക്കായലോളങ്ങളിൽ വിനോദസഞ്ചാരികളെയുംകൊണ്ട് പുരവഞ്ചികൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചുവർഷം പൂർത്തിയാകുന്നു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിലാണ് ഈ വ്യവസായമെങ്കിലും പ്രതീക്ഷയോടെ ഹൗസ്‌ ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ അത് ആഘോഷിക്കുന്നു. സ്വകാര്യമേഖലയിലെ പുരവഞ്ചികളാണ് രജതജൂബിലി ആഘോഷിക്കുന്നത്. അതിനുമുൻപ്‌ ജില്ലാ വിനോദസഞ്ചാര വികസന കൗൺസിലിന്റെ പുരവഞ്ചികൾ ഇവിടെ നീറ്റിലിറങ്ങിയിരുന്നു.

കേവുവള്ളങ്ങളെ പുരവഞ്ചികളാക്കിമാറ്റി വിനോദസഞ്ചാരത്തിന് പുത്തൻ മുഖം സമ്മാനിച്ചതും കൊല്ലമാണ്. മുപ്പതുവർഷത്തോളമായി അത്. ആലുംകടവിൽ മണ്ണാശ്ശേരിൽ കിഷോറിന്റെ വള്ളപ്പുരയിലാണ് ആദ്യത്തെ പുരവഞ്ചി നിർമിക്കുന്നത്. ടൂർ ഇന്ത്യയുടെ ഉടമയായ ബാബു വർഗീസിന്റെ ആശയം കിഷോറും മരുതൂർകുളങ്ങര തെക്ക് മുറി കിഴക്കതിൽ കുഞ്ചനാശാരി എന്ന പരമേശ്വരൻ പിള്ളയുമാണ് സാക്ഷാത്‌കരിക്കുന്നത്.

ആലപ്പുഴയിൽ വേമ്പനാട്ട് കായലിലും കൊല്ലം അഷ്ടമുടിയുടെ ഓളങ്ങളിലും അങ്ങനെ കൗതുകക്കാഴ്ചകളായി പുരവഞ്ചികൾ സഞ്ചരിച്ചു. ഊന്നുന്ന വള്ളങ്ങളായിരുന്നു ആദ്യം. പിന്നെ ഔട്ട്‌ബോഡ് എൻജിൻ വന്നു. അതുകഴിഞ്ഞ്‌ ഇൻബോഡ് എൻജിൻ ആയി. കോൺഫറൻസ് ഹാളുകളുള്ള കൂറ്റൻ പുരവഞ്ചികളും രംഗത്തെത്തെത്തി. ബെഡ്‌റൂമിന്റെ എണ്ണം കൂടിയ, പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള പുരവഞ്ചികൾവരെ നീരണിഞ്ഞ്‌ ഒഴുകിത്തുടങ്ങി.

പരമ്പരാഗതരീതിയിലായിരുന്നു വള്ളത്തിന്റെ നിർമാണം. പഴയ കെട്ടിടങ്ങളുടെ സാമഗ്രികൾവാങ്ങി മോടിപിടിപ്പിച്ച് ഉപയോഗിച്ചിരുന്നു. ജാപ്പനീസ് പഗോഡകളുടെയും കേരളീയ വാസ്തുരീതിയിലുമൊക്കെ മേൽക്കൂരകൾ ചേതോഹരങ്ങളാക്കി. സോളാർ ലൈറ്റ് ആയിരുന്നു നേരത്തേ രാത്രികാല വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത്.

നങ്കൂരമിട്ടിരിക്കുന്നതിന്‌ അടുത്തുള്ള വീടുകളിൽനിന്ന് വൈദ്യുതി എടുത്ത് എ.സി.യും മറ്റും പ്രവർത്തിപ്പിക്കുന്ന രീതിയും വന്നു. വള്ളത്തിനടിയിൽ വെള്ളം സംഭരിച്ചുവെക്കാം. ആവശ്യാനുസരണം ടാങ്കിലേക്ക് അടിച്ചുകയറ്റും. നേരത്തേ ബാത്ത്‌റൂം മാലിന്യം വെള്ളത്തിലേക്കുതന്നെ തുറന്നുവിടുന്ന രീതിയായിരുന്നെങ്കിൽ ഇപ്പോൾ ബയോടോയ്‌ലെറ്റ് നിർബന്ധമാണ്. അതില്ലെങ്കിൽ ലൈസൻസ് നൽകില്ല.

കൊല്ലത്ത് 15 എണ്ണമാണ്‌ ഇപ്പോഴുള്ളത്. സതേൺ ബാക്ക്‌വാട്ടേഴ്‌സ് എന്ന പേരിൽ റിയാസ് അഹമ്മദ് ആണ് സ്വകാര്യമേഖലയിൽ ഇവിടെ പുരത്തോണികൾക്ക് തുടക്കംകുറിക്കുന്നത്. അതിനുമുൻപ്‌ വിനോദസഞ്ചാര വികസന കൗൺസിലിന്റെ ബോട്ടുകൾ ഉണ്ടായിരുന്നു. അവ ഇപ്പോൾ കേടായതിനെ തുടർന്ന് ഓട്ടം നിർത്തിയിരിക്കുകയാണ്. ഇവിടെനിന്ന്‌ മൺറോത്തുരുത്തുവരെയാണ് പല ബോട്ടുകളും സർവീസ് നടത്തുന്നത്. രാത്രിവാസമുണ്ടെങ്കിൽ കുരീപ്പുഴ ഭാഗങ്ങളിലാണ് നങ്കൂരമിടാറ്. ചില വിദേശികൾ ഇവിടെനിന്ന്‌ തണ്ണീർമുക്കം ബണ്ടുവരെ രണ്ടുദിവസത്തെ യാത്രയ്ക്കും വാടകയ്ക്ക് എടുക്കാറുണ്ടായിരുന്നെന്ന് അസോസിയേഷൻ സെക്രട്ടറി സദീപ് പറഞ്ഞു.

ഉയരം കുറഞ്ഞ ബോട്ടാണ് ഇത്തരം യാത്രയ്ക്ക് ഉപയോഗിക്കുന്നത്. 45,000 രൂപവരെയൊക്കെ ചാർജ് വരും അത്തരം യാത്രയ്ക്ക്. ഇപ്പോൾ കോവിഡ് ഭീഷണിയിൽ എല്ലാം മുടങ്ങി. ലോക്കൽ യാത്രകളും പകൽയാത്രകളുമാണ് ഇപ്പോൾ കൂടുതലും. 8,000 മുതൽ 15,000 വരെ വിവിധ പാക്കേജുകളും സീസൺ അനുസരിച്ചുള്ള ചാർജ് വ്യത്യാസവും ഈ മേഖലയിലുണ്ട്.

കേവുവള്ളങ്ങൾ പുരവഞ്ചികളായപ്പോൾ

ലോറികൾ നിരത്ത് കീഴടക്കിയതോടെ ചരക്കുകയറ്റി കായൽപ്പുറങ്ങളിൽ ഒഴുകിനടന്നിരുന്ന കേവുവള്ളങ്ങൾ കരയ്ക്കടുത്തുകൊണ്ടിരുന്ന കാലത്താണ് പുരവഞ്ചി എന്ന ആശയവുമായി ബാബു വർഗീസ് രംഗത്തെത്തുന്നത്. വിറകുവിലയായ 20,000 രൂപയ്ക്ക് പലരും വിറ്റ് ഒഴിവാക്കിയിരുന്നിടത്ത് കേവുവള്ളങ്ങളുടെ മാർക്കറ്റ് രണ്ടുലക്ഷത്തിലേക്ക് കുതിച്ചുയർന്നു. അവയിൽ ഒന്നും രണ്ടും ലക്ഷം ചെലവഴിക്കുമ്പോൾ പുരവഞ്ചികളായിരുന്നു. പുതിയത് പണിയാൻ അന്ന് 10 ലക്ഷംവരെയാകുമായിരുന്നു. ആഞ്ഞിലി ഉപയോഗിച്ചായിരുന്നു വള്ളങ്ങൾ പണിഞ്ഞിരുന്നത്. കുഞ്ഞിക്കുട്ടൻ മേസ്തിരിയായിരുന്നു വള്ളത്തിന്റെ തടി കൂട്ടിക്കെട്ടുന്ന ജോലിക്ക് നേതൃത്വം നൽകിയിരുന്നത്. ചകിരി അടുക്കി കയറുകെട്ടിമുറുക്കുന്ന ഈ ജോലിയും വൈദഗ്ധ്യം വേണ്ടതുതന്നെ. ചേതോഹരമായ മേൽക്കൂരകൾ പണിയുന്നത് ചേർത്തല ചെങ്ങണ്ട സ്വദേശികളായിരുന്നു. ഇപ്പോൾ ആലപ്പുഴ കേന്ദ്രീകരിച്ച് വൻകിട വള്ളനിർമാണ യൂണിറ്റുകളും വർക്ക്‌ഷോപ്പുകളുമെല്ലാമായതോടെ കഥയാകെ മാറി. ആഡംബരത്തിൽ മത്സരം വന്നതോടെ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ വിലകൂടിയവയായി. ഇപ്പോൾ 25 ലക്ഷംമുതൽ ഒരുകോടിക്കു മുകളിലുള്ള വള്ളങ്ങളൊക്കൊയാണ് പുറത്തിറങ്ങുന്നത്. ഇരുമ്പുകൊണ്ടുള്ള വള്ളങ്ങളും കൂട്ടത്തിലുണ്ട്.

ബെഡ്‌റൂം, കുളിമുറി, സിറ്റൗട്ട് എന്നിവയടക്കം എല്ലാ സൗകര്യങ്ങളോടുംകൂടിയ പുരവഞ്ചികളിലെ രുചിയും പ്രസിദ്ധമാണ്. പണ്ട് കേവുവള്ളങ്ങളിൽ പോകുന്നവർ ചൂണ്ടയിട്ടു മീൻപിടിച്ച് അപ്പോൾത്തന്നെ മുളകിട്ട കറിയും മറ്റുമുണ്ടാക്കുന്ന ഓർമകൾ പഴയ തലമുറയ്ക്കുണ്ട്. പുതിയ രുചിക്കൂട്ടുകളിലും കായൽമീൻതന്നെ പ്രധാനം. പിന്നെ ആവശ്യക്കാരുടെ രുചിഭേദങ്ങൾക്കൊപ്പം നിൽക്കുന്ന നാടൻ പാചകവിദഗ്ധർമുതൽ ഹോട്ടൽ മാനേജ്‌മെന്റ് പാസായ കുക്കുകൾവരെ ഈ മേഖലയിലുമുണ്ട്.

ഈ ദുർഗന്ധം എന്ന്‌ അവസാനിക്കും

കൊല്ലത്ത് പുരവഞ്ചികളിലേക്ക് കാലെടുത്തുവെക്കണമെങ്കിൽ പത്ത് മാസ്ക് ഇട്ടാലും മതിയാകില്ല. അത്രയ്ക്ക് ദുർഗന്ധപൂരിതമാണ് ബോട്ട് ജെട്ടിയും പരിസരവും. വർഷങ്ങളായിട്ടും ഇതിനൊരു അറുതിവരുത്താൻ കഴിയാത്ത അധികൃതരാണിവിടെ. സർക്കാർ സംവിധാനമായ ജില്ലാ ആശുപത്രിയിലെയും കെ.എസ്.ആർ.ടി.സി.യിലെയും മാലിന്യങ്ങൾവരെ ഇങ്ങോട്ടൊഴുക്കുന്നതിൽ ഒരു നിയന്ത്രണവുമില്ലെന്നതാണ് കഷ്ടം. സ്വകാര്യമേഖലയിലെ ആശുപത്രിമാലിന്യവും മത്സ്യസംസ്കരണമാലിന്യവുമടക്കം എല്ലാം തള്ളുന്നത് ഇവിടേക്കാണ്. സഞ്ചാരികൾ വന്നാൽ പെട്ടെന്നുതന്നെ ബോട്ടിൽ കയറ്റി പുരവഞ്ചികൾ സ്ഥലംവിടും. അതാണ് വർഷങ്ങളായി ഇവിടത്തെ അവസ്ഥ.

Content Highlights: house boats in kerala, ashtamudi lake, kerala tourism