ല്ലട ബസിന്റെ കാര്യമല്ല പറയുന്നത്. പടിഞ്ഞാറേ കല്ലടയില്‍ ഗ്രാമക്കാഴ്ചകള്‍ കണ്ട് നടത്തിയ പഴയൊരു ഓര്‍മയാണിവിടെ. കൊല്ലംകണ്ടവന് ഇല്ലംവേണ്ടെന്നാണ് പഴമൊഴി. ശരിയാ പ്രത്യേകിച്ചും ഒരു സഞ്ചാരിക്ക് കാഴ്ചകളുടെ ഒരു പൂരംതന്നെയുണ്ട് കൊല്ലത്ത്. കൊല്ലത്തിന്റെ മാറില്‍ വിശാലമായി നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുകയല്ലേ അഷ്ടമുടിക്കായല്‍ എന്ന ഇഷ്ടമുടിക്കായല്‍. അതിന്റെ കൈവഴികളും തുരുത്തുകളും ജൈവവൈവിധ്യ ലോകവും അടുത്തറിഞ്ഞാല്‍ അമ്പരക്കും നമ്മള്‍. ബ്രിട്ടനില്‍നിന്നും ഇസ്രയേലില്‍നിന്നുമുള്ള സഞ്ചാരികള്‍ക്കൊപ്പമാണ് ഈ യാത്രയെങ്കിലോ. അത് മറ്റൊരു കൗതുകം. അവര്‍ക്ക് എല്ലാ കാഴ്ചകളും അദ്ഭുതവും ആദരവും നിറഞ്ഞ അനുഭവങ്ങളായിരുന്നു. അങ്ങിനെയൊരു യാത്രയുടെ കഥയാണിത്.

കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള വിനോദസഞ്ചാര വികസന കൗണ്‍സിലിന്റെ ഓഫീസ്. രാവിലെ തന്നെ അവിടെയത്തി. കൗണ്‍സില്‍ സെക്രട്ടറി സന്തോഷും കൂടെവരുന്നുണ്ടായിരുന്നു. ബ്രിട്ടനില്‍നിന്നുള്ള രണ്ട് സഞ്ചാരികള്‍ ഒപ്പമുണ്ടാവും. ഇസ്രയേലില്‍നിന്നുള്ള മൂന്നുപേര്‍ മണ്‍റോത്തുരുത്തില്‍ കാത്തിരിക്കും. മണ്‍റോത്തുരുത്തില്‍ നിങ്ങള്‍ നേരത്തേ പോയതല്ലേ. അതുകൊണ്ട് നമുക്ക് മണ്‍റോത്തുരുത്തുപോലുള്ള മറ്റൊരിടത്തേക്ക് പോകാം. പടിഞ്ഞാറേ കല്ലടയിലേക്ക്. സന്തോഷ് യാത്രയുടെ പ്ലാന്‍ വിവരിച്ചുതന്നു. കൊല്ലത്തുനിന്ന് പെരുമണ്‍ വഴിയായിരുന്നു യാത്ര. വണ്ടി പെരുമണിലെ ജങ്കാറിലേക്ക് കയറിയപ്പോള്‍ ഞങ്ങളിറങ്ങി. തുറന്ന ജങ്കാറില്‍വെച്ചാണ് സഹയാത്രികരെ പരിചയപ്പെട്ടത്. ബ്രിട്ടനില്‍നിന്നുള്ള കരേനും തെഗ്ഗിയും. തെഗ്ഗിയുടെ കമ്പനി നമ്മുടെ സ്‌ളം ഡോഗ് മില്യനയറില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതാണ് ഇന്ത്യയുമായുള്ള ഒരു ബന്ധം.

ഈ പാലത്തിലാണോ പണ്ടൊരു ട്രെയിന്‍ ട്രാജഡി നടന്നത്. അവര്‍ ചോദിച്ചു. എല്ലാം വായിച്ച് മനസ്സിലാക്കിയാണ് മദാമ്മ യാത്രയ്ക്കിറങ്ങിയിരിക്കുന്നത്. അക്കരെനിന്ന് വണ്ടി കുറച്ചുദൂരം പോയപ്പോഴേക്കും സുജിത്തിന്റെ ഫോണ്‍. അവന്‍ ഇസ്രയേലുകാരനെയുംകൊണ്ട് കൊച്ചുമുക്കില്‍ കാത്തിരിപ്പുണ്ട്. അവിടെനിന്ന് അവരെയുംകയറ്റി വണ്ടി നേരേ സെന്റ് തോമസ് കശുവണ്ടി ഫാക്ടറിയിലേക്ക് വിട്ടു.

ഇസ്രയേലുകാരെക്കൂടി ഒന്നു പരിചയപ്പെടാം. അനറ്റും ടോമിക്കും കല്യാണം കഴിഞ്ഞ് ഇന്ത്യ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്. അനറ്റിന്റെ അമ്മ ഗില്‍സ തന്റെ അമ്പതാം വയസ്സ് ആഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പവും ഇന്ത്യയിലെത്തിയതാണ്. (പാവം ഭര്‍ത്താവ് വീടും നോക്കി ഇസ്രയേലില്‍ ഇരിപ്പുണ്ടാവും)

എന്താ ജോലി ഞാന്‍ ടോമിക്കിനോട് ചോദിച്ചു.

ഇപ്പോ ഇന്ത്യ കാണല്‍.

ങേഹേ ഇയാള്‍ ട്രാവല്‍ റൈറ്റര്‍ വല്ലോം ആയിരിക്കുമോ

അല്ല ഇപ്പം കക്ഷി ഉള്ള ജോലി രാജിവെച്ച് ഇന്ത്യയെ കാണാന്‍ മാറ്റിവെച്ചിരിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ കറങ്ങിയശേഷമാണ് ഇവിടെയെത്തിയിരിക്കുന്നത്. ഗോവയിലായിരുന്ന മമ്മി കേരളത്തിലെത്തി, ഇവരോടൊപ്പം രണ്ടുദിവസം ചെലവഴിച്ച് സുഹൃത്തുക്കളുടെ അടുത്തേക്ക് തിരിച്ചുപോവും. (എന്തൊരു സുന്ദരമായ കുടുംബം. അസൂയ തോന്നുന്നു.)

വണ്ടി കമ്പനിപ്പടിയിലെത്തി. കശുവണ്ടി പരിപ്പാവുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ കണ്ട് അവര്‍ അമ്പരന്നു. ആദ്യമായി കാണുന്നതല്ലേ ആര്‍ക്കും കാണും തെല്ലൊരമ്പരപ്പൊക്കെ. കശുവണ്ടിയുണ്ടാകുന്ന മരം ഏതാണെന്ന് ചോദിച്ചപ്പോ കുഴഞ്ഞു. കാരണം പരിസരത്തെങ്ങും പേരിനുപോലും ഒരു കശുമാവില്ല. അണ്ടിപ്പരിപ്പും അതുണ്ടാക്കുന്ന തൊഴിലാളികളെയും കണ്ട് അടുത്ത സ്ഥലത്തേക്ക്. പോകുംവഴി സുജിത് വണ്ടിയൊന്നു ചവിട്ടി. അതാ നോക്കിക്കോ സാക്ഷാല്‍ കശുമാവ്. പൂത്ത് പച്ച അണ്ടികളുമായി നില്‍ക്കുന്നു. 'ബ്രിട്ടനും' 'ഇസ്രയേലും' ചാടിയിറങ്ങി സംഗതി ക്യാമറയിലാക്കി. ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഞങ്ങളും.

കുറച്ചുദൂരം പോയപ്പോള്‍ റോഡരികില്‍ കറ്റ കൂട്ടിയിട്ടിരിക്കുന്നു. രാജന്‍ചേട്ടന്‍ അത് മെതിക്കാനുള്ള ഒരുക്കത്തിലാണ്. അവിടെയും വണ്ടിയൊതുക്കി. കല്ലില്‍ ആഞ്ഞടിക്കുന്ന കറ്റയില്‍നിന്ന് കതിര്‍മണികള്‍ ചിതറിത്തെറിക്കുമ്പോഴും സഞ്ചാരികളുടെ മുഖം അദ്ഭുതംകൊണ്ട് വിടരുന്നു. നെല്ല് പൊളിച്ചെടുത്ത് വായിലിട്ട് രുചിച്ചുനോക്കുമ്പോള്‍ ഇസ്രയേലുകാരി പറയുകയാണ്. ഞാന്‍ ആദ്യമായാണ് നെല്ല് കാണുന്നതെന്ന്. കേരളത്തില്‍ ജനിച്ചുവളര്‍ന്നവരിലും നെല്ല് കാണാത്തവര്‍ ഇന്ന് പലരും കാണും. അവരും ഈ വഴിയൊക്കെ ഒന്നുവരുന്നത് നല്ലതാണ്.

പശുവിനെ കുളിപ്പിക്കുന്നിടത്തായിരുന്നു അടുത്ത പുകില്‍. പരിച്ചേരി ശിവക്ഷേത്രത്തിനടുത്തുള്ള കടവില്‍ മൂന്നാലുപേര്‍ ഇരുന്ന് പശുവിനെ കുളിപ്പിക്കുന്നത് കണ്ടപ്പോള്‍ ബ്രിട്ടീഷുകാരിക്കാണ് അവിടെയിറങ്ങണമെന്നു തോന്നിയത്. ഇസ്രയേലുകാര്‍ പിന്നെ എന്തുകണ്ടാലും ചാടിയിറങ്ങും. അങ്ങിനെ അവര്‍ പശുവിനെ കുളിപ്പിക്കുന്നതും നോക്കിയിരിക്കുമ്പോള്‍ നമുക്ക് അതും കൗതുകമായി. വയലില്‍ മാര്‍ക്കറ്റ് ജങ്ഷന്‍, കടപുഴവഴി ഇടത്തോട്ടുതിരിഞ്ഞ് വണ്ടി പടിഞ്ഞാറേ കല്ലടയിലെത്തി. തോട്ടുവരമ്പ് റോഡുവഴി കണ്ണന്‍കാട് പാലത്തിനുചുവട്ടില്‍ വണ്ടിനിര്‍ത്തി. നാടന്‍ വള്ളവുമായി അവിടെ ജനാര്‍ദ്ദനന്‍ ചേട്ടന്‍ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും വള്ളത്തിലേക്ക് കയറി. ഫോട്ടോഗ്രാഫര്‍ മുരളി കരയിലൂടെ ഞങ്ങളെ പിന്തുടരാമെന്നു പറഞ്ഞു. പാലത്തില്‍നിന്നും കരയില്‍നിന്നും ഫോട്ടോ എടുക്കാമെന്നാണ് അവന്റെ ഐഡിയ.

പുഴ വെയിലില്‍ തിളങ്ങുകയായിരുന്നു. തീരത്തെ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി തോണി മുന്നോട്ട്. ആദ്യത്തെ കൈത്തോട് കണ്ടപ്പോള്‍ വലത്തോട്ട്. അല്‍പ്പം പോയപ്പോള്‍ വഴിതെറ്റിയെന്ന് മനസ്സിലായി തിരികെ പുഴയിലേക്ക്. രണ്ടാമത്തെ കൈത്തോട്ടിലായിരുന്നു പോകേണ്ടിയിരുന്നത്. തീരമരച്ചോലയിലൂടെ, കഴുക്കോലിന്റെ മന്ദതാളത്തില്‍ തോണിയൊഴുകി. കരയിലെ വീടുകളില്‍നിന്ന് പട്ടികള്‍ കുരച്ച് പ്രതിഷേധം കാണിക്കുന്നുണ്ടായിരുന്നു. അവരുടെ അധികാരപരിധിയില്‍ എന്തു പാസ്‌പോര്‍ട്ടും വിസയും ഉണ്ടായിട്ടും കാര്യമില്ല. പക്ഷേ പട്ടികള്‍ എത്ര കുരച്ചാലും സാര്‍ഥവാഹകസംഘം കുലുങ്ങില്ലല്ലോ. കൈത്തോടില്‍ ജെല്ലി ഫിഷുകളെ കാണാമായിരുന്നു. തകര്‍ന്ന വള്ളങ്ങള്‍ തോടിനടിയിലെ ചെളിയില്‍ പൂണ്ടുകിടക്കുന്നു. മണല്‍വാരി വാരിത്തളര്‍ന്ന വള്ളങ്ങളാണ്. നിയമം കര്‍ക്കശമായപ്പോള്‍ പലതിനും ജലസമാധിയാണ് വിധിക്കപ്പെട്ടത്.

Kallada lake boat travel
പടിഞ്ഞാറേകല്ലടയിലെ കൈത്തോടുകളിലൂടെ ഒരു യാത്ര

മീന്‍വളര്‍ത്തുന്ന വിശാലമായ ഫാമുകളും പിന്നിട്ട് വള്ളം മുട്ടംകായലിലേക്ക് കടന്നു. ഇവിടെ മണലൂറ്റിയൂറ്റി ആഴംകൂടിയ സ്ഥലമാണ്. പണ്ട് വേലിയിറക്കസമയത്ത് നടന്നുപോകാവുന്നിടം ഇപ്പോള്‍ നിലയില്ലാക്കയമായി. ജനാര്‍ദ്ദനന്‍ പറഞ്ഞു. അല്‍പ്പം പോയപ്പോള്‍ ഇസ്രയേലുകാരിക്കൊരു സംശയം ഇവിടെ നീന്താമോ. പിന്നെന്താ സുജിത് പറഞ്ഞതും അവരൊറ്റ ചാട്ടം. ഉടുത്തിരിക്കുന്ന വേഷത്തില്‍ ചെരുപ്പ് പോലും അഴിച്ചുവെക്കാതെ അവരങ്ങിനെ നീന്തിത്തുടിച്ചു. അമ്മ ഇറങ്ങുമ്പോള്‍ മോളെങ്ങിനെ ചാടാതിരിക്കും. അവളുംചാടി. അവള്‍ ചാടിയാപ്പിന്നെ അവളുടെ ഭര്‍ത്താവിനതൊരു കുറച്ചിലല്ലേ അയാളും വിട്ടുകൊടുത്തില്ല. ബ്രിട്ടന്‍കാരി ചാടല്ലേ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ഥന കാരണം അവരുടെ തടിവെച്ച് നോക്കുമ്പോള്‍ തിരിച്ച് വള്ളത്തില്‍ക്കയറുമ്പോള്‍ മിക്കവാറും വള്ളം മുങ്ങും. പിന്നെ നമ്മുടെ കാര്യം കട്ടപ്പൊക. ഒട്ടും തളര്‍ച്ചയില്ലാതെ നീന്തിത്തുടിക്കുകയാണവര്‍. ഞങ്ങള്‍ക്ക് ടാറ്റ കാണിച്ചു. നാട്ടിലിനി ഇവര്‍ വല്ല നീന്തല്‍താരമോ വല്ലോ ആണോ. തിരികെ തോണിയില്‍ കയറിയപ്പോള്‍ ചോദിച്ചു. പിന്നെ ഞങ്ങള്‍ മെഡിറ്ററേനിയല്‍ കടലിന്റെ കരയിലല്ലേ. അതില്‍ എപ്പോഴും നീന്തും. ഹും കടലില്‍ നീന്തിയ ഇവരെയാണോ കായല്‍ കാട്ടി പേടിപ്പിക്കുന്നത്.

നനഞ്ഞ വസ്ത്രത്തില്‍ അവരൊട്ടും അസ്വസ്ഥരല്ല. കഴുക്കോല്‍ അടിയില്‍ തട്ടാത്തതുകാരണം തോണിക്കാരന്‍ തുഴയെടുത്തിരുന്നു. വേലിയേറ്റമായതിനാല്‍ ഒഴുക്ക് പ്രതികൂലമായിരുന്നു. തുഴഞ്ഞിട്ട് നീങ്ങാതായപ്പോള്‍ ഒരുതുഴവാങ്ങി സഹായിച്ചു. വെള്ളംപൊങ്ങി മണ്‍റോത്തുരുത്ത് താഴ്ന്നുകൊണ്ടിരിക്കുന്നതിനാല്‍ പലരും വീടുകള്‍ ഉപേക്ഷിച്ച് പോയിട്ടുണ്ട്. പുരത്തോണികളും സ്പീഡ് ബോട്ടുകളും സഞ്ചാരികളെയുംകൊണ്ട് ഇടയ്ക്ക് കടന്നുപോയി. ദൂരെ കരയില്‍ ഞങ്ങളുടെ വാഹനംകണ്ടു. ആശ്വാസായി. കാരണം അപ്പോഴേക്കും മണി രണ്ടരയായി. വിശപ്പ് ആളിക്കത്താന്‍ തുടങ്ങിയിരുന്നു.

ഭക്ഷണം കടപ്പാക്കുഴിയിലെ അജി വൈദ്യരുടെ ഹോട്ടലില്‍നിന്നായിരുന്നു. ഇലയില്‍ വിളമ്പിയ നാടന്‍ ചോറും എരിവുള്ള ചിക്കനുമെല്ലാം ഇവരെങ്ങിനെ കഴിക്കുമോ എന്തോ. എന്തായാലും ചേര തിന്നുന്ന നാട്ടില്‍ നടുക്കണ്ടംതന്നെ തിന്നാന്‍ വന്നവരാണവരെന്ന് തീറ്റകണ്ടപ്പോള്‍ തോന്നി. ഇലയില്‍ ചോറും മീന്‍കറിയുംകൂട്ടി കൈകൊണ്ടവര്‍ ഭക്ഷണം അകത്താക്കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രേണുകയും അവിടെയെത്തിയിരുന്നു. അവിടുന്നങ്ങോട്ട് അവരും കൂടി.

കൊട്ടനിര്‍മാണം കാണിക്കാനാണ് ആദ്യം കൊണ്ടുപോയത്. ഭാസ്‌കരന്‍ ചേട്ടേന്റെ വീട്ടില്‍ മുള കൊട്ടയാവുന്നതുകണ്ട് അന്തംവിട്ടുനിന്നു അവര്‍. ഭാസ്‌കരേട്ടന്റെ പറമ്പിലെ കാവില്‍ സര്‍പ്പരാധാന എന്താണെന്നും അവര്‍ മനസ്സിലാക്കി. വാരിയപുരത്തെ വിശാലമായ പാടശേഖരത്തിലേക്കാണ് പിന്നെ നയിച്ചത്. സോളാര്‍ പദ്ധതിക്ക് നിര്‍ദേശിക്കപ്പെട്ട സ്ഥലം ഇപ്പോള്‍ ദേശാടനക്കിളികളുടെ താവളമാണ്. കൈതകള്‍ നിറഞ്ഞ കരയോരം. കാറ്റിന് താഴംപൂവിന്റെ ഗന്ധം. തൊട്ടടുത്താണ് പഴയകാല കേരള കുടില്‍. മൊത്തം ഓലകൊണ്ടുണ്ടാക്കിയ കുടില്‍. മീന്‍പിടിക്കാനുള്ള ഒറ്റാലും കിടക്കാനുള്ള പായയും നെയ്യുന്നത് കാണാം. കൈതയോല കൊണ്ടുള്ള പെട്ടിയും പേഴ്സും ബാഗുമൊക്കെ ബ്രിട്ടീഷുകാരികള്‍ വാങ്ങി. കുഞ്ഞുമോന്‍ അപ്പോഴാണ് അവിടെയെത്തിയത്. ഇവന്‍ നന്നായി പാടും കേട്ടോ രേണുക പരിചയപ്പെടുത്തിയപ്പോള്‍ എല്ലാവരും എന്നാല്‍ ഒരു പാട്ടുപാടെന്നായി. തന്തിനം തന്തിനം തക തന്തിനം...നാടന്‍ ഈണത്തില്‍ നാടന്‍ ശീലുകളില്‍ പാട്ടൊഴുകിയപ്പോള്‍ ഭാഷയും അര്‍ഥവും മാഞ്ഞു. എല്ലാവരും താളമിട്ട് ഒപ്പംകൂടി. പാട്ട് തീര്‍ന്നപ്പോള്‍ കൈയടി. കുഞ്ഞുമോന് നാണം.

അവിടെനിന്ന് മതിരംപള്ളിയിലെ പഴയ നാലുകെട്ട് തറവാട് കാണാന്‍പോയി. കുടിലും കൊട്ടാരവും ഒരുകാലത്തെ കേരളീയ ജീവിതത്തിന്റെ രണ്ടു മുഖങ്ങളായിരുന്നെന്ന് വിദേശികള്‍ക്ക് പറഞ്ഞുകൊടുത്തു. നടുമുറ്റത്ത് മഴപെയ്യുന്നതും അത് നിറഞ്ഞ് പുറത്തേക്കൊഴുകുന്നതും അവര്‍ അതിശയത്തോടെ ഭാവന ചെയ്തു. മച്ചിലെ കൊത്തുപണികളുള്ള കഴുക്കോലുകളും അത് കൂട്ടിയോജിപ്പിച്ചിരിക്കുന്നതുമെല്ലാം ക്യാമറയിലാക്കി. കുളത്തില്‍ ആമകളുണ്ടായിരുന്നു. വെയിലുകായാന്‍ കിടന്ന ആമകള്‍ പരിചയമില്ലാത്ത സന്ദര്‍ശകരെ കണ്ടതും വെള്ളത്തിലേക്ക് ഊളിയിട്ടുപോയി.

അടുത്തയിടം തോപ്പില്‍ക്കടവായിരുന്നു. ഇവിടെ ചെറുവള്ളംകളി മത്സരം നടക്കുന്നയിടമാണ്. ചുണ്ടന്‍വള്ളങ്ങളും വെപ്പുവള്ളങ്ങളുമെല്ലാമാണല്ലോ സാധാരണ വള്ളംകളിക്ക്. ഇവിടെ സാധാരണവള്ളങ്ങളാണ് അണിനിരക്കുക. ഏപ്രില്‍ മാസത്തിലാണ് ഇത് നടത്താറ്. അവിടെ കീറിയ ഓല കായലില്‍ വെള്ളത്തിലിട്ടിരുന്നു. സുഭാഷിണിയും ഓമനയും അത് പുറത്തെടുത്തു. ശശിധരനും ഭാരതിയും ഒപ്പംകൂടി. ഓലമെടയുന്നത് എങ്ങിനെയാെണന്നവര്‍ കാട്ടിക്കൊടുത്തു. ഈ ഓലകൊണ്ടാണ് പണ്ട് പാവങ്ങള്‍ ഇവിടെ വീടുമേഞ്ഞിരുന്നതെന്ന് പറഞ്ഞുകൊടുത്തു. ഓലമെടയുന്നത് പഠിക്കാനും അവര്‍ ശ്രമിച്ചു. ഇനി മടക്കയാത്രയാണ്. പോവുംമുമ്പ് ദമയന്തിച്ചേച്ചിയുടെ കടയില്‍നിന്നൊരു ചായ.

കൂട്ടിന് പഴംപൊരി. ഒരദ്ഭുത വസ്തുപോലെ പഴംപൊരിയും അവര്‍ അകത്താക്കി. രേണുകയുടെ വീടിനടുത്തുകൂടെയായിരുന്നു യാത്ര. അവരുടെ പച്ചക്കറിത്തോട്ടവും ഇവര്‍ കൗതുകത്തോടെ കണ്ടു. ഇസ്രയേലുകാര്‍ അന്ന് മണ്‍റോത്തുരുത്തില്‍ തന്നെയാണ് തങ്ങുന്നത്. അവര്‍ക്ക് പേഴുംതുരുത്തില്‍ ആനകള്‍ കായല്‍കടക്കുന്ന കാഴ്ചകൂടി കാണണമായിരുന്നു. അങ്ങിനെ ബ്രിട്ടീഷുകാര്‍ കൊല്ലം പട്ടണത്തിലേക്കും ഇസ്രയേലുകാര്‍ പേഴുംതുരുത്തിലേക്കും പോയി. ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെ ഒരു അന്താരാഷ്ട്രബന്ധവും വളര്‍ന്നുകഴിഞ്ഞിരുന്നു.

കൊല്ലത്തുനിന്ന് രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന ഈ പാക്കേജിന് ഭക്ഷണമടക്കം ഒരാള്‍ക്ക് 1000 രൂപയാണ് വാങ്ങുന്നത്. ബന്ധപ്പെടാനുള്ള നമ്പര്‍ 0474-2745625, 2750170.

Content Highlights: Ashtamudi backwater travel with foreign tourists, Kollam tourism, Mathrubhumi Yathra