• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Travel
More
Hero Hero
  • Chinese Travel
  • Jyothilal
  • Sthalanamam
  • Biju Rocky
  • Travel Frames
  • K A Beena
  • M V Shreyams Kumar
  • Mohanlal
  • G Shaheed
  • Anitha Nair
  • Thummarukudy
  • N P Rajendran
  • Anilal

'ആ മഹാനഗരമാകെ വർണാഭമായ വൈദ്യുതവിളക്കുകളാൽ രാത്രിയുടെ കണ്ണഞ്ചിപ്പിക്കും വിധം തിളങ്ങി നിന്നു'

Nov 28, 2020, 04:05 PM IST
A A A

ഹുയാങ്പു നദിയിലൂടെ കൂറ്റൻ കണ്ടെയ്നറുകൾ കയറ്റിയ പത്തേമാരികളും ചെറുബോട്ടുകളും ഉല്ലാസ നൗകകളുമൊക്കെ ഒഴുകി നടക്കുന്നു. താഴെ നിന്ന് നോക്കുമ്പോൾ അംബരചുംബികളായി തോന്നുന്ന കെട്ടിടങ്ങളെല്ലാം ഇപ്പോൾ നിരത്തിവച്ചിരിക്കുന്ന തീപ്പെട്ടിക്കൂടുപോലെയും സിഗരറ്റ് കൂടുപോലെയുമൊക്കെ തോന്നുന്നു.

# എഴുത്തും ചിത്രങ്ങളും - ഷിജോ ജേക്കബ്
Shanghai 1
X

ഷാങ്ഹായ് നഗര ദൃശ്യങ്ങൾ | ഫോട്ടോ: ഷിജോ ജേക്കബ്

ചൈനീസ് യാത്ര : ഓർമ്മക്കുറിപ്പ് - 21

ഹോക്‌സി വില്ലേജിൽ നിന്നും ഞങ്ങളുടെ ബസ് യാത്ര ആരംഭിച്ചു. കിലോമീറ്ററുകൾ അകലെയുള്ള ഷാങ്ഹായിലേക്കാണ് ഇനിയുള്ള യാത്ര. 125 കിലോമീറ്റർ സ്പീഡിൽ ബസ് എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. വിശാലമായ എക്സ്പ്രസ്സ്‌ ഹൈവേ. ആവശ്യമില്ലാത്ത ഓവർടേക്കിങ് ഒന്നും തന്നെയില്ല. ഓരോ വാഹനത്തിനും അനുവദിച്ചിട്ടുള്ള വേഗതയിൽ തങ്ങളുടെ ലെയ്നിൽകൂടി നിയമങ്ങൾ പാലിച്ച് കൊണ്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ റോഡുകളുടെ ദയനീയമായ അവസ്ഥയും അപകടകരമായ ഡ്രൈവിങ്ങിനെക്കുറിച്ചും ഞാനപ്പോൾ ഓർത്തു. ഒപ്പം എക്സ്പ്രസ്സ്‌ ഹൈവേയ്ക്കെതിരായി കേരളത്തിൽ നടന്ന സമരങ്ങളും ഓർമ്മ വന്നു. 

ഹൈവേയുടെ ഇരുവശവും മനോഹരമായിരുന്നു. ചില സ്ഥലങ്ങളിൽ അംബരചുംബികളായ കെട്ടിടങ്ങൾ. ചിലയിടങ്ങളിൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിസ്ഥലങ്ങൾ. ദൈർഘ്യമേറിയ യാത്രയാണെങ്കിലും ഉന്നതനിലവാരമുള്ള റോഡുകളായതിനാലും നല്ല ഡ്രൈവിങ്ങായതിനാലും  യാത്രയുടെ ക്ഷീണം അറിയുന്നതേയില്ല... 

Shangahai 2
ഷാങ്ഹായ് നഗര ദൃശ്യങ്ങൾ

ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നാണ് ഷാങ്ഹായ്. ചൈനയിലെ  ഏറ്റവുമധികം ജനസാന്ദ്രതയുള്ള  സ്ഥലം. ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ലോകത്തിലെ രണ്ടാമത്തെ നഗരം. ചൈനീസ് ഗവണ്മെന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള ഈ തുറമുഖ നഗരം പ്രശസ്തമായ യാങ്റ്റ്സീ നദിയുടെ അഴിമുഖത്തും യാങ്റ്റ്സിയുടെ കൈവഴികളിൽ ഒന്നായ മനുഷ്യ നിർമ്മിതമായ ഹുയാങ്പു നദിയുടെ തീരത്തുമായി സ്ഥിതി ചെയ്യുന്നു. ടിബറ്റൻ പീഠഭൂമിയിലെ റ്റാങ്ഗുല പർവതനിരകളിൽ നിന്നും ഉത്ഭവിക്കുന്ന, 6300 കിലോമീറ്റർ നീളമുള്ള യാങ്റ്റ്സീ നദി ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയും ലോകത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയുമാണ്.

മൂന്നു മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഏതാണ്ട് ഒൻപതു മണിയോട് കൂടി ഞങ്ങളുടെ ബസ് വാണിജ്യനഗരമായ  ഷാങ്ഹായിലെത്തിച്ചേർന്നു. രാത്രിയിലെ മനോഹരമായ  ദീപക്കാഴ്ചയിലേക്കാണ് ഞങ്ങൾ ചെന്നിറങ്ങിയത്. ആ മഹാനഗരമാകെ വർണ്ണാഭമായ വൈദ്യുതവിളക്കുകളാൽ രാത്രിയുടെ കണ്ണഞ്ചിപ്പിക്കും വിധം തിളങ്ങിനിൽക്കുന്നു. അമ്പുരചുംബികളായ കെട്ടിടങ്ങൾ ആകാശത്തിലെ താരകങ്ങളെ ചുംബിക്കാനെന്നവണ്ണം നീണ്ടു നിവർന്നു നിൽക്കുന്നു.

"ന്യൂയോർക്ക് പോലെ തന്നെ ", ആരോ പറഞ്ഞു. 

Shanghai 4
ഷാങ്ഹായ് നഗര ദൃശ്യങ്ങൾ

വണ്ടി നേരെ ഹോട്ടലിൽ എത്തിച്ചേർന്നു. ബാഗുകളും തൂക്കി എല്ലാവരും മുറിയിലേക്ക് നീങ്ങി. ആ ആഡംബര ഹോട്ടലിന്റെ ഉയരങ്ങളിൽ സ്ഥിതി ചെയ്യുന്ന എന്റെ മുറിയുടെ ജനാല വിരികൾ നീക്കി പുറത്തേക്ക് നോക്കി. ആ വലിയ ചില്ലുജാലകത്തിനപ്പുറം നഗരം ഒരു ദീപാവലിക്കാഴ്ച്ച പോലെ അനന്തതയിലേക്ക് ഉണർന്നു കിടക്കുന്നു. എനിക്ക് ഉറങ്ങാൻ തോന്നിയില്ല. നഗരം മാടിവിളിക്കുന്നതുപോലെ. ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി. ഹോട്ടലിന് മുന്നിലുള്ള വഴിയിലൂടെ കുറച്ചു നടക്കാമെന്ന് കരുതി. നഗരങ്ങൾ എന്നും എന്നെ ആകർഷിച്ചിട്ടേയുള്ളു. മുൻപ് ബി.എഫ്.എ. പഠിക്കുന്ന കാലത്ത് സ്കെച്ച് ചെയ്യാനായി രാത്രികാലങ്ങളിൽ അലഞ്ഞു നടന്ന ചെറിയൊരു നഗരമായ തിരുവനന്തപുരവും വർഷങ്ങൾ ജീവിച്ച, എന്നിലെ കലാകാരന് എല്ലാ ഊർജ്ജവും തന്നു വളർത്തിയ ഡൽഹിയെന്ന മഹാനഗരവും ഒരുപോലെ ഇഷ്ടപ്പെടുന്നു. നഗരത്തിന്റെ തിക്കും തിരക്കും വേഗതയും അപരിചിതത്വവും  വർണ്ണശബളിമയും കാപട്യവുമെല്ലാം സർഗാത്മകതയെ കൂടുതൽ ഉണർത്തുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. 

ഹോട്ടലിന് മുന്നിലുള്ള പാതയിലൂടെ ഞാൻ നടന്നു. ഷാങ്ഹായിലെ തെരുവുകൾ സജീവമായിരുന്നു. തെരുവോരത്തെ കാഴ്ചകളും ഷോപ്പിംഗ് കോംപ്ലക്സുകളും കൂറ്റൻ കെട്ടിടങ്ങളും മനുഷ്യരെയുമെല്ലാം കണ്ടു ഞാൻ നടന്നു. ചെറിയൊരു കട കണ്ടപ്പോൾ വെറുതെ ഒന്ന് കയറി നോക്കാമെന്ന് കരുതി. ശീതള പാനിയങ്ങളും മിഠായികളും അല്ലറചില്ലറ സാധനങ്ങളൊക്കെ വിൽക്കുന്ന, നമ്മുടെ നാട്ടിലെ പോലൊരു കട. വിവിധ വിദേശ ബ്രാൻഡുകളുടെയും ചൈനീസ് ബ്രാൻഡുകളുടെയും  വ്യത്യസ്തങ്ങളായ സിഗരറ്റ് പായ്ക്കറ്റുകൾ ഒരു വശം മുഴുവനും അടുക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. സഹോദരിയുടെ ഭർത്താവ് വിദേശത്ത് നിന്നും വരുമ്പോൾ കൊണ്ടുവരുന്ന മാൽബറോയും ട്രിപ്പിൾ ഫൈവുമൊക്കെ ആസ്വദിച്ചു വലിക്കുന്ന എന്റെ അപ്പനെ ഓർത്തു. അഭിമാനത്തോടെ ഈ സിഗരറ്റ് പായ്ക്കറ്റുകൾ പോക്കറ്റിലിട്ട് നടക്കുന്നതും അതിലൊരെണ്ണം വലിക്കാനായി സുഹൃത്തുക്കൾക്കും നാട്ടുകാർക്കും കൊടുക്കുന്നതും അദ്ദേഹം ആസ്വദിച്ചിരുന്നു. കമ്പനിയുടെ പേരൊന്നും അറിയില്ലെങ്കിലും വണ്ണം കുറഞ്ഞു നീണ്ട സിഗരറ്റിന്റെ പടമുള്ള ഏതാനും ചൈനീസ് സിഗരറ്റ് പായ്ക്കറ്റുകൾ ഞാൻ അപ്പന് വേണ്ടി വാങ്ങി പോക്കറ്റിലിട്ടു. തിരികെ ഹോട്ടലിലേക്ക്  നടന്നു. 

ജൂൺ പതിനാറാം തീയതി രാവിലെ ഷാങ്ഹായിലെ മനോഹരമായ ഹോട്ടൽ മുറിയിൽ ഉറക്കമുണർന്നു. ചൈനയിലെ അവസാനത്തെ ദിനമാണിന്ന്. ഓറിയന്റൽ പേൾ ടവറാണ് ഇന്നത്തെ സന്ദർശനസ്ഥലം. ഷാങ്ഹായിലെ പുഡോങ് ജില്ലയിൽ ഹുയാങ്പു നദിയുടെ തീരത്തായി ചൈനയിലെ രണ്ടാമത്തെ ഉയരം കൂടിയ ടവർ ആയ ഓറിയന്റൽ പേൾ ടവർ ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്നു. 1995 ൽ പണിപൂർത്തിയാക്കിയ ടവറിന്റെ മുഖ്യ ഡിസൈനർമാർ ജിയാൻ ഹുയാൻ ചെൻ, ലിൻ ബെൻലിൻ, ഴാങ്‌ ക്സിയൂലിൻ എന്നിവർ ആയിരുന്നു. 1536 അടി ഉയരമുള്ള ഈ ടി. വി. ടവറിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, പ്രദർശന ഹാളുകൾ , റിവോൾവിങ് റെസ്റ്റോറന്റ്, സുവനീർ ഷോപ്പുകൾ, ഉയരത്തിൽ നിന്നും നഗരകാഴ്ചകൾ കാണാനുള്ള പ്രത്യേക ഫ്ലോറുകൾ തുടങ്ങി പലതുമുണ്ട്.

Oriental Pearl Tower
ഓറിയന്റൽ പേൾ ടവറിന് മുന്നിൽ

രാവിലെ ഏതാണ്ട് പത്തുമണിയോട് കൂടി ഞങ്ങൾ ഓറിയന്റൽ പേൾ ടവറിന് മുന്നിലെത്തി. അത്യുന്നതങ്ങളിലേക്ക് നീണ്ടു നിവർന്ന് നിൽക്കുന്നൊരു മനുഷ്യ നിർമ്മിതി. ടവറിനെ മുട്ടിയുരുമ്മി മേഘങ്ങൾ ഒഴുകി നടക്കുന്നു. ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിനുള്ളിൽ ഞങ്ങൾ എത്തി. സന്ദർശകർക്കായുള്ള മൂന്നുനാല് കൂറ്റൻ ലിഫ്റ്റുകൾ അവിടെ കാണാം. ഞങ്ങൾ ലിഫ്റ്റിനുള്ളിൽ പ്രവേശിച്ചു. വലിയൊരു ലിഫ്റ്റ്‌. ധാരാളം ആളുകൾക്ക് അതിൽ കയറാം. ലിഫ്റ്റിന്റ വാതിലുകൾ അടഞ്ഞു. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നയാൾ ചില ഡിജിറ്റൽ സ്വിച്ചുകളിൽ സ്പർശിച്ചു. ലിഫ്റ്റ്‌ ചെറുതായൊന്ന് അനങ്ങുന്നത് പോലെ തോന്നി. ചെറിയൊരു മൂളിച്ച കേട്ടു. കനം കുറഞ്ഞു പോകുന്നത് പോലുള്ളൊരു അവസ്ഥ. അതിവേഗം ലിഫ്റ്റ്‌ ഉയരുകയാണ്. പക്ഷെ ആ വേഗം നമ്മളറിയുന്നില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ലിഫ്റ്റ്‌ ഞങ്ങളെയും കൊണ്ട് മുകളിലെത്തി. ലിഫ്റ്റിന്റെ കൂറ്റൻ ലോഹവാതിലുകൾ തുറന്നു. ഏതാണ്ട് ആയിരത്തോളം അടി ഉയരത്തിലുള്ള നിരീക്ഷണസ്ഥലത്താണ് ഞങ്ങളിപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. അത്ഭുതം തോന്നി.... ഉയരത്തിലേക്കുള്ള കയറ്റം അറിഞ്ഞതേയില്ല. ടവറിനെ ചുറ്റി വൃത്താകൃതിയിലാണ് ഈ സ്ഥലം.  ചുറ്റുമുള്ള വശങ്ങളിൽ കട്ടിയുള്ള ഗ്ലാസുകൾ ഉറപ്പിച്ചിരിക്കുന്നു. ഗ്ലാസ്സിനുള്ളിൽ കൂടിയുള്ള കാഴ്ച ഒരു ദൃശ്യവിസ്മയമായിരുന്നു.

Oriental Pearl Tower 2
ടവറിനുള്ളിലെ നിരീക്ഷണസ്ഥലത്ത്

ഷാങ്ഹായിയുടെ അതിമനോഹരമായ നഗരക്കാഴ്ചകൾ. അങ്ങ് താഴെ ഹുയാങ്പു നദി ശാന്തമായൊഴുകുന്നു. അല്ലെങ്കിൽ ഉയരത്തിൽ നിന്ന് നോക്കുമ്പോൾ അങ്ങനെ തോന്നുന്നു. ഹുയാങ്പു നദിയിലൂടെ കൂറ്റൻ കണ്ടെയ്നറുകൾ കയറ്റിയ പത്തേമാരികളും ചെറുബോട്ടുകളും ഉല്ലാസ നൗകകളുമൊക്കെ ഒഴുകി നടക്കുന്നു. താഴെ നിന്ന് നോക്കുമ്പോൾ അംബരചുംബികളായി തോന്നുന്ന കെട്ടിടങ്ങളെല്ലാം ഇപ്പോൾ നിരത്തിവച്ചിരിക്കുന്ന തീപ്പെട്ടിക്കൂടുപോലെയും സിഗരറ്റ് കൂടുപോലെയുമൊക്കെ തോന്നുന്നു. കൂറ്റൻ കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ ഷാങ്ഹായി അനന്തതയിലേക്ക് പരന്നു കിടക്കുന്നു. ഒരിയ്ക്കലും മറക്കാത്ത നല്ലൊരു അനുഭവവും കാഴ്ചയുമായിരുന്നു ഓറിയന്റൽ പേൾ ടവർ സമ്മാനിച്ചത്. ടവറിന് ചുറ്റും നടന്നു ഷാങ്ഹായി കണ്ടു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ കാഴ്ചകൾ അവ്യക്തമായിത്തുടങ്ങി. കാരണം അന്തരീക്ഷമലിനീകരണം അതിരൂക്ഷമായിട്ടുള്ള വൻ നഗരങ്ങളിലൊന്നുകൂടിയാണ്  ഷാങ്ഹായ്. 

ചുറ്റും ധാരാളം സുവനീർ ഷോപ്പുകൾ നിരന്നിരിക്കുന്നു. പേൾ ടവർ സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ഏതാനും പിക്ചർ പോസ്റ്റുകാർഡുകൾ വാങ്ങി. തുടർന്ന് താഴെയുള്ളൊരു നിലയിലേക്ക് ഞങ്ങൾ നടന്നിറങ്ങി. ചൈനയുടെ ആദിമ ചരിത്രവും ഒപ്പിയം വാറുകളുടെ ചരിത്രവുമൊക്കെ  വിശദമാക്കുന്ന റിപ്ലിക്കകളുടെയും ചെറുമോഡലുകളുടെയും പ്രദർശനം ആ ഹാളിനുള്ളിലുണ്ടായിരുന്നു. അതിനു താഴെയുള്ള നിലയിൽ പുരാവസ്തുക്കളുടെ പ്രദർശനവുമുണ്ടായിരുന്നു.

പ്രദർശനങ്ങൾ കണ്ടശേഷം ഞങ്ങൾ ലിഫ്റ്റിൽ കയറി. ശരം പോലെ താഴെയെത്തിച്ചേർന്നു. ഒരുമണിയ്ക്ക് എയർപോർട്ടിൽ എത്തേണ്ടതാണ്. ഷാങ്ഹായിൽ നിന്ന് ബീജിങ്ങിലേക്കും അവിടെ  നിന്ന് ന്യൂ ഡൽഹിയിലേക്കും. ഓറിയന്റൽ പേൾ ടവറിന്റെ മുന്നിൽ നിന്നും ഏതാനും ഫോട്ടോകൾ എടുത്തിട്ടു ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനായി നീങ്ങി. റെസ്റ്റോറന്റിൽ മുന്നിൽ നിന്നൊരു ലാസ്റ്റ് ഫോട്ടോ കൂടി എടുത്തു. ബീജിങ് തൊട്ട് ഞങ്ങളെ അനുയാത്ര ചെയ്ത ചൈനീസ് റേഡിയോയിലെ റിപ്പോർട്ടർമാരായ യുവതികളോട് യാത്ര പറഞ്ഞു. ശേഷം ബസിൽ  വിമാനത്താവളത്തിലേക്ക് യാത്ര  തിരിച്ചു. തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് നേരിയൊരു ഇച്ഛാഭംഗം നേരിട്ടു. കാരണം ഷാങ്ഹായിൽ കാണാനായി ഇനിയുമൊരുപാടുണ്ടായിരുന്നു. ഇവിടെ ഒരു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നൊരു തോന്നൽ. ഒരുപാട് മ്യൂസിയങ്ങൾ ഉള്ളൊരു നഗരം കൂടിയാണ് ഷാങ്ഹായ്. പ്രത്യേകിച്ചു ഷാങ്ഹായി ആർട്ട്‌ മ്യൂസിയം എന്ന് വിളിക്കുന്ന ചൈനീസ് ആർട്ട് മ്യൂസിയം. ഷാങ്ഹായി ബിനാലെയുടെ ആസ്ഥാനം ഇവിടെയാണ്‌. സമകാലീന ചൈനീസ് കലയുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്. ഒരു കലാകാരനെന്ന നിലയിൽ ചൈനീസ് ആർട്ട്‌ മ്യൂസിയം  സന്ദർശിക്കാഞ്ഞത് ഒരു നഷ്ടമായി ഇന്നും തുടരുന്നു.

Oriental Pearl Tower 3
ഓറിയന്റൽ പേൾ ടവർ

മൂന്നു മണിക്ക് എയർ ചൈന ഞങ്ങളെയും കൊണ്ട്  ഷാങ്ഹായിൽ നിന്നും പറന്നുയർന്നു. രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഏതാനും മണിക്കൂറുകൾ വിമാനത്താവളത്തിൽ സൊറ പറഞ്ഞും മധുര സ്മരണകൾ അയവിറക്കിയും ഞങ്ങളുടെ വിമാനത്തിനായി കാത്തിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഞങ്ങൾ വിമാനത്തിനുള്ളിൽ പ്രവേശിച്ചു. ബീജിങ് എയർപോർട്ടിൽ നിന്നും വിമാനം മെല്ലെയുയർന്നു. ചില്ലു ജാലകത്തിലൂടെ ഞാൻ പുറത്തേക്ക് നോക്കി. എനിക്ക് പിന്നിൽ ലക്ഷക്കണക്കിന് ലൈറ്റുകളാൽ തിളങ്ങി നിൽക്കുന്ന ബീജിങ് നഗരം. നഗരം ഞങ്ങൾക്ക് പിന്നിൽ ഇരുട്ടിൽ ഓടിയൊളിച്ചു. വൈദ്യുത ദീപങ്ങൾ മെല്ലെ നക്ഷത്രങ്ങളായി മാറി... വിമാനം പിന്നെയും ഉയരത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. നക്ഷത്രങ്ങളെയും മായ്ച്ചുകൊണ്ട് കറുത്ത ആകാശക്കടൽ അന്തമില്ലാതെ പരന്നു കിടക്കുന്നു. പത്തു ദിവസത്തെ സന്തോഷകരമായ യാത്രയുടെ അവസാനം.... എല്ലാവരും ഉല്ലാസഭരിതരും സന്തോഷചിത്തരുമായിരുന്നു.  എല്ലാവരും മെല്ലെ ഉറക്കത്തിലേക്ക് ആണ്ടു വീണു.... ഉറക്കത്തിനിടയിൽ അവർ  കണ്ട സ്വപ്നങ്ങളിൽ ചൈന ഒരു മനോഹര ദൃശ്യമായി  മിന്നിമറഞ്ഞിട്ടുണ്ടാവും....

വിമാനത്തിനുള്ളിലെ അരണ്ട വെളിച്ചത്തിൽ, കുളിരുള്ള തണുപ്പിൽ അതുവരെ കണ്ട ദൃശ്യങ്ങളെല്ലാം എനിക്ക് കൂട്ടായ് വന്നു. അകലങ്ങളിലെവിടെയോ അലയടിക്കുന്നൊരു ചൈനീസ് സംഗീതം എന്റെ കാതുകളിൽ പതിച്ചു. ഞാൻ പുറത്തേക്ക് നോക്കി. എങ്ങും കട്ടപിടിച്ച ഇരുട്ടുമാത്രം. ഇരുട്ടിന്റെ കരിമ്പടക്കെട്ടിനുളിൽ ഉറങ്ങുന്ന ആകാശത്തിലൂടെ ചൈനീസ് വിമാനം ഡൽഹി ലക്ഷ്യമാക്കി ചിറക് വിരിച്ചു പറന്നുകൊണ്ടേയിരുന്നു........

(അവസാനിച്ചു )

Content Highlights: Return from China, China Travel Experience Of An Artist Part 20, China Tourism

PRINT
EMAIL
COMMENT

 

Related Articles

നവ എഞ്ചിനീയറിങ്ങിനെ അതിശയിപ്പിക്കുന്ന, ജീവിക്കുന്ന സ്മാരകം | അമ്മാനിലെ റോമൻ തിയേറ്റർ
Travel |
Travel |
കൊടൈക്കനാലിൽ സഞ്ചാരികളുടെ തിരക്ക്, പല ഭാഗങ്ങളിലും വാഹനക്കുരുക്ക്
Travel |
കാറിൽ ഉലകം ചുറ്റി വ്ളോഗർ ദമ്പതിമാർ; ടിൻപിൻ സ്റ്റോറീസ് ഉണ്ടായ കഥ
Travel |
ദേഹത്ത് പാമ്പുകൾ ഇഴഞ്ഞുനടക്കും; ഈ മസാജ് അസാമാന്യ ധൈര്യശാലികൾക്ക് മാത്രം
 
  • Tags :
    • Mathrubhumi Yathra
More from this section
Huaxi Village
'ആ കവാടങ്ങൾ കടന്നതും ഒരുതരം സ്ഥലജല വിഭ്രാന്തി എന്നെ ബാധിച്ചു, വേറെയേതോ ലോകത്ത് എത്തിയപോലെ'
Nanjing
വരയ്ക്കാൻ പറ്റാതെ പോയൊരു ചിത്രമായി ആ കൊച്ചു സുന്ദരിയും അവളുടെ തിളങ്ങുന്ന കണ്ണുകളും
Nanjing
'നടക്കുമ്പോൾ ഞാൻ വീണുപോയേക്കുമെന്നു ഭയപ്പെട്ടിട്ടെന്നവണ്ണം അവളെന്നെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു'
Ethnic Village China
'കുന്നുകളും തടാകങ്ങളും നിരവധി മരങ്ങളും; ശരിക്കും പറഞ്ഞാൽ ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള ഒരു സെറ്റപ്പ്'
Kunming
എങ്ങും പൂത്തുലഞ്ഞ മരങ്ങള്‍ മാത്രം, കാഴ്ചയുടെ ഏറ്റവും സമ്പന്നമായ അവസ്ഥ കാണാനൊരു യാത്ര
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.