ചൈനീസ് യാത്ര : ഓര്‍മക്കുറിപ്പുകള്‍ - 16

വൈകുന്നേരം അഞ്ചു മണിയോട് കൂടി ഞങ്ങള്‍ ബീജിങ് എയര്‍പോര്‍ട്ടില്‍ എത്തി. ഏഴു മണിക്കാണ് ഞങ്ങളുടെ വിമാനം. അടുത്ത യാത്ര  കുണ്‍മിങ്ങിലേക്കാണ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ബീജിങ്ങിനോട് യാത്ര പറയുന്നു. രാത്രി ഭക്ഷണം കഴിച്ചു വിമാനത്തിനായി ഞങ്ങള്‍ കാത്തിരുന്നു.

തുടര്‍ന്നുള്ള യാത്രയില്‍  ഞങ്ങളോടൊപ്പം രണ്ടുപേരുകൂടി ചേര്‍ന്നു. ചൈനീസ് റേഡിയോയിലെ ( CRI ) രണ്ടു റിപ്പോര്‍ട്ടര്‍മാരായിരുന്നു അവര്‍. ചൈനീസ് റേഡിയോയില്‍ ഹിന്ദിയിലുള്ള പ്രോഗ്രാം ഉണ്ടെന്ന് അവര്‍ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ആ രണ്ടു സ്ത്രീകളും നന്നായി ഹിന്ദിയില്‍  സംസാരിക്കുന്നുണ്ടായിരുന്നു. ദക്ഷിണേന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയാമെന്നത് അവര്‍ക്കും കൗതുകകരമായിരുന്നു. മറ്റു പലരുടെയും ഇന്റര്‍വ്യൂ എടുത്തതുപോലെ അവര്‍ എന്റെയും ഇന്റര്‍വ്യൂ ചീന റേഡിയോയ്ക്കുവേണ്ടി എടുത്തു. ദക്ഷിണേന്ത്യക്കാരനായതുകൊണ്ട് എന്റെ അഭിമുഖത്തിന് പ്രത്യേക പ്രാധാന്യം അവര്‍ നല്‍കുകയും ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംസാരിക്കുന്നതിനൊടൊപ്പം ചൈനയും കേരളവും തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് ഞാനെടുത്തു പറഞ്ഞു. കേരളത്തിലെ ചീനവലയും ചീനഭരണിയും ചീനച്ചട്ടിയും എന്റെ സംസാരത്തില്‍ കടന്നു വന്നു. അതവര്‍ക്ക് ഇഷ്ടപ്പെട്ടു.

കൃത്യസമയത്തു തന്നെ വിമാനം പറന്നുയര്‍ന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ ലൈന്‍സിന്റെ വിമാനം ഞങ്ങളെയും വഹിച്ചുകൊണ്ട് രാത്രിയുടെ നിശബ്ദതയില്‍ വിസ്തൃതമായ ആ രാജ്യത്തിന് മുകളിലൂടെ ഒഴുകി.

Kunming 1

യുന്നാന്‍ പ്രവിശ്യയുടെ തലസ്ഥാനവും അവിടുത്തെ വലിയ നഗരവുമാണ് കുണ്‍മിംഗ്. യുന്നാന്‍ ഗുയിഴോ പീഢഭൂമിയുടെ മധ്യഭാഗത്തായി സമുദ്രനിരപ്പില്‍ നിന്നും 1900 മീറ്റര്‍ ഉയരത്തില്‍ കുണ്‍മിംഗ് സ്ഥിതി ചെയ്യുന്നു. യുന്നാന്‍ പ്രവിശ്യയിലെ ഡ്യാന്‍ തടാകത്തിന് ചുറ്റുമായി ലോഹപ്പണികള്‍ ചെയ്തു ജീവിച്ച ട്രൈബുകളാണ് ഇവിടുത്തെ പ്രാചീന മനുഷ്യര്‍. ഡ്യാന്‍ രാജവംശം സ്ഥാപിച്ച ഇവര്‍ യഥാര്‍ത്ഥത്തില്‍ ചൈനാക്കാര്‍ അല്ല. റ്റിബറ്റോ ബര്‍മന്‍ ആയിരുന്നു ഇവരുടെ ഭാഷ. ബി. സി. 109 ല്‍ ഹാന്‍ ഡൈനാസ്റ്റി ഡ്യാന്‍ രാജവംശത്തെ കീഴ്‌പ്പെടുത്തുകയും പാടെ തുടച്ചു നീക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ രാജവംശങ്ങള്‍ യുനാന്‍ കീഴ്‌പ്പെടുത്തുകയും ഭരിക്കുകയും ചെയ്തു. അതില്‍ പ്രധാനമാണ് നാന്‍ഴാഓ ( 737 - 902 ), ഡാലി ( 937 - 1253 ) രാജവംശങ്ങള്‍.

പിന്നീട് മംഗോളിയര്‍ ഇവിടം പിടിച്ചടക്കുകയും മംഗോളിയന്‍ ചക്രവര്‍ത്തി ആയിരുന്ന ചെങ്കിസ് ഖാന്റെ കൊച്ചുമകന്‍ കുബ്ലൈ ഖാന്‍ യുവാന്‍ ഡൈനാസ്റ്റി സ്ഥാപിക്കുകയും അജല്‍ ഷാംസ് അല്‍ ദിന്‍ ഒമറിനെ പ്രൊവിന്‍സ് ഗവര്‍ണ്ണര്‍ ആയി നിയമിക്കുകയും ചെയ്തു. ബുദ്ധമത ക്ഷേത്രങ്ങളും കഫ്യൂഷിയസ് ക്ഷേത്രങ്ങളും പള്ളികളും നിര്‍മ്മിച്ച അദ്ദേഹം ഒപ്പം ആധുനിക കുണ്‍മിങ്ങിനും തുടക്കം കുറിച്ചു. ഇക്കാലയളവില്‍ പണമായി ആളുകള്‍ കവടി ഉപയോഗിച്ചിരുന്നതായി പതിമൂന്നാം നൂറ്റാണ്ടില്‍ സില്‍ക്ക് റോഡിലൂടെ സഞ്ചരിച്ച് ഇവിടം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി മാര്‍ക്കോ പോളോ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് പതിന്നാലാം നൂറ്റാണ്ടില്‍ മിംഗ് ഡൈനാസ്റ്റി മംഗോളിയരെ കീഴ്പ്പെടുത്തി കുണ്‍മിങ്ങിനെ തങ്ങളുടെ സാമ്രാജ്യത്തിന്‍ കീഴിലാക്കുകയും കുണ്‍മിങ്ങിന് ചുറ്റും മതില്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍  വര്‍ഷങ്ങള്‍ക്ക് ശേഷം ക്വിങ് ഡൈനാസ്റ്റി ഇവിടം പിടിച്ചെടുത്തു.

Kunming 2

1937 ല്‍ നടന്ന രണ്ടാം ചൈനാ ജപ്പാന്‍ യുദ്ധത്തിനെത്തുടര്‍ന്നാണ് കുണ്‍മിങ്ങിന് ഒരു ആധുനിക മുഖം കൈവരുന്നത്. ജപ്പാന്‍ ചൈനയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൌരസ്ത്യ ചൈനക്കാര്‍ തങ്ങളുടെ വീടും നാടും വിട്ടു കുണ്‍മിങിലേക്ക് കുടിയേറി. അതിസമ്പന്നരായിരുന്ന അവരില്‍ പലരും തങ്ങളുടെ വ്യവസായ സംരംഭങ്ങള്‍ ചൈനയില്‍ നിന്ന് പറിച്ചുമാറ്റി കുണ്മിങ്ങില്‍ സ്ഥാപിച്ചു. ഇതോടൊപ്പം യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. പെട്ടെന്ന് തന്നെ കുണ്‍മിംഗ് ഒരു വ്യവസായ നഗരമായി മാറി.

1952 വരെ കുണ്‍മിംഗ് നഗരത്തെ ചുറ്റി നിര്‍മ്മിച്ചിരുന്ന മതില്‍ നിലനിന്നിരുന്നു. അവസാനം അന്‍പത്തിരണ്ടില്‍ നഗരഭരണാധികാരികള്‍ മതില്‍ പൊളിക്കാന്‍ ഉത്തരവിട്ടു. നൂറുകണക്കിന് ചെറുപ്പക്കാര്‍ ഒത്തുകൂടി മതില്‍ പൊളിക്കുകയും അതില്‍ നിന്നും ലഭിച്ച ഇഷ്ടികകള്‍ ഉപയോഗിച്ച് നഗരത്തിന്റെ തെക്കു വടക്കു ഭാഗങ്ങളെ ബന്ധിപ്പിച്ചു പുതിയൊരു പാത നിര്‍മ്മിക്കുകയും ചെയ്തു. വ്യത്യസ്തരായ അനേകം വംശീയ ന്യൂനപക്ഷങ്ങളള്‍ അധിവസിക്കുന്ന സ്ഥലമാണ് കുണ്‍മിംഗ്.

മഴ പെയ്യുന്നുണ്ടെന്ന് ഫ്ളൈറ്റില്‍ വച്ചു തന്നെ അറിയിപ്പ് കിട്ടിയിരുന്നു. ചാറ്റല്‍ മഴയ്ക്കിടയിലൂടെ തെന്നി തെന്നി ഞങ്ങളുടെ വിമാനം രാത്രി പത്തര മണിക്ക് കുണ്‍മിംഗ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ബീജിങ്ങില്‍ നിന്നും മൂന്നര മണിക്കൂര്‍ യാത്ര. അരമണിക്കൂറിനുള്ളില്‍ യാത്രയുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങി. പുറത്തു ചരിഞ്ഞു പതിക്കുന്നു ചാറ്റല്‍ മഴ വൈദ്യുതി വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്നു. ഞങ്ങളെ സ്വീകരിക്കാനായി ആ രാത്രിയില്‍  അവിടുത്തെ വ്യത്യസ്തരായ എത്നിക് മൈനോറിറ്റി വിഭാഗങ്ങള്‍ തങ്ങളുടെ പരമ്പരാഗതമായ വേഷഭൂഷാദികള്‍ അണിഞ്ഞു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വൈവിധ്യങ്ങളായ വേഷങ്ങള്‍ അണിഞ്ഞ അവര്‍ ഞങ്ങളെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. ഏറ്റവും മനോഹരമായൊരു സ്വീകരണമായിരുന്നു അത്. വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമുള്ള ഒരു ജനവിഭാഗമാണിവിടെ വസിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കാത്തു നിന്നിരുന്ന ബസ് ഞങ്ങളെയും കൊണ്ട് ഹോട്ടലിലേക്ക് നീങ്ങി. വന്‍മതിലില്‍ കയറ്റവും തുടര്‍ന്നുള്ള യാത്രയും എന്നെ ക്ഷീണിതനാക്കിയിരുന്നു. ചെന്നപാടെ മുറിയിലേക്ക് പോയി. മുറിയിലെ കുളിരിനു മുകളില്‍ കമ്പിളി വലിച്ചിട്ടു ഉറക്കത്തിലേക്ക് ഞാന്‍ ആണ്ടു.

പത്താം തീയതി രാവിലെ തന്നെ എല്ലാവരും തയ്യാറായി. ബസ് ഞങ്ങളെയും വഹിച്ചുകൊണ്ട് കുണ്‍മിംഗ് നഗരത്തിലൂടെ നീങ്ങി. തലേ ദിവസത്തെ മഴയ്ക്ക് ശേഷം നഗരം ഈറനണിഞ്ഞു നില്‍ക്കുന്നു. ഈ നഗരത്തിന്റെ പ്രത്യേകതയാണ് എങ്ങും കാണുന്ന പൂന്തോട്ടങ്ങള്‍. നഗരവും വഴിയോരങ്ങളുമെല്ലാം  പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളും പച്ചപുല്‍ത്തകിടികളും പൂച്ചെടികളും കൊണ്ടലംകൃതമായിരിക്കുന്നു. എത്ര മനോഹരം.. എത്ര ഹൃദ്യം ഈ നഗരക്കാഴ്ചകള്‍. ഈ കാഴ്ചകളുടെ ഏറ്റവും സമ്പന്നമായൊരു അവസ്ഥ കാണാനാണ് ഞങ്ങളുടെ യാത്ര. കുണ്‍മിങ്ങിലെ പ്രശസ്തമായ വേള്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സ്‌പോ കാണുന്നതിനായാണ് ഞങ്ങളുടെ ഈ യാത്ര.

ചൈനയിലെ ഭക്ഷ്യോല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലം കൂടിയാണ് കുണ്‍മിംഗ്. അതുപോലെ തന്നെ പൂക്കളുടെ ഉല്‍പ്പാദനവും കയറ്റുമതിയും ഇവിടുത്തെ മുഖ്യ ഘടകമാണ്. നാന്നൂറില്‍ പരം ഇനത്തില്‍ പെട്ട പൂക്കള്‍ ഇവിടുണ്ട്. കുണ്‍മിംഗിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഹോര്‍ട്ടി കോര്‍പ് എക്‌സ്‌പോ ഗാര്‍ഡന്‍. 218 ഹെക്റ്ററിലായി പരന്നു കിടക്കുന്ന ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്‍ഡോര്‍ എക്‌സിബിഷന്‍ ഹാളുകള്‍, ഗ്രീന്‍ ഹൗസുകള്‍, ബോണ്‍സായ് ഗാര്‍ഡന്‍, ഔഷധ സസ്യ തോട്ടം, മുളന്തോട്ടം, പച്ചക്കറി തോട്ടം, പഴവര്‍ഗ തോട്ടങ്ങള്‍, മറ്റു പൂന്തോട്ടങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്. അത്യപൂര്‍വങ്ങളായ വിവിധയിനം സ്പീഷീസില്‍പ്പെട്ട ചെടികള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു.

Kunming 3

പൂക്കളുടെ മനോഹാരിതയിലേക്കാണ് ഞങ്ങള്‍ വന്നിറങ്ങിയത്. വ്യത്യസ്തങ്ങളായ  വര്‍ണ്ണവൈവിധ്യങ്ങളോടുകൂടിയ പൂക്കള്‍ ഓരോരുത്തരുടെയും  മനസ്സ് നിറച്ചു. വലിയൊരു ഏരിയ മുഴുവനും ഉദ്യാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പല നിറത്തിലുള്ള പൂക്കള്‍.. പല തരത്തിലുള്ള ചെടികള്‍... വര്‍ണ്ണവൈവിധ്യങ്ങളോടുകൂടിയ ഇലച്ചെടികള്‍.. ഒരു ഭാഗം നിറയെ കള്ളിമുള്ളിച്ചെടികള്‍ മാത്രം... ചിലയിടത്തു പൂക്കള്‍ കൊണ്ടുള്ള ടാബ്ലോകള്‍...

സുന്ദരികളായ രണ്ടു പെണ്‍കുട്ടികളായിരുന്നു കുണ്‍മിംഗിലെ ഞങ്ങളുടെ ഗൈഡുകള്‍. ഹോര്‍ട്ടികോര്‍പ്പില്‍ കറങ്ങി നടക്കാനായി ഞങ്ങളുടെ ടീം ലീഡര്‍ ചാരു തക് എന്റൊപ്പം കൂടി. ചാരു അജ്മീര്‍കാരിയാണ്. വനസ്ഥലി വിദ്യാപീഠില്‍ എം. എ. യ്ക്ക് പഠിക്കുന്നു. നല്ലൊരു അണ്ടര്‍സ്റ്റാന്റിങ് ഉള്ളൊരു പെണ്‍കുട്ടിയാണ് അവള്‍. യാത്ര തുടങ്ങിയതിനുശേഷമാണ് ഞാനും ചാരുവും തമ്മില്‍ സംസാരിച്ചതും നല്ലൊരു സൗഹൃദം ഉടലെടുത്തതും. എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചാരു അത് ചെയ്തു തരാന്‍ എപ്പോഴും സന്നദ്ധയായിരുന്നു. ഹിന്ദി അറിയാവുന്നത് ഒരു ഗുണമായി. ചാരു ഇപ്പോള്‍ എവിടെയാണോ.. എന്തെടുക്കുവാണോ.......?

Kunming 4

മനോഹരമായ ഈ കാഴ്ചകള്‍ക്കുശേഷം ഹോങ്‌സിയാങ് മരുന്ന് കമ്പനി സന്ദര്‍ശിക്കാനാണ് പോയത്. പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞു ഞങ്ങള്‍ മരുന്ന് ഫാക്ടറിയുടെ നടന്നു. ഗുളികകളുടെ ഉല്‍പ്പാദനം ബോറടിപ്പിക്കുന്ന കാഴ്ചയായി തോന്നി.

തുടര്‍ന്ന് ഞങ്ങളെ ഏതോ ഒരു ഷോപ്പിംഗ് മാളില്‍ ഇറക്കി വിട്ടു. നിരവധി നിലകളുള്ളൊരു മാള്‍. എല്ലാത്തരത്തിലുമുള്ള സാധനങ്ങള്‍ അവിടെ ലഭ്യമായിരുന്നു. മിക്കവാറും ഷോപ്പുകളില്‍  സ്ത്രീകളായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഷോപ്പിങ്ങിന് ബാര്‍ഗെയിന്‍ ചെയ്‌തോണം എന്നൊരു നിര്‍ദേശം ലഭിച്ചിരുന്നു. പക്ഷെ ഭാഷ അറിയാതെ എങ്ങനെ വിലപേശും. അതുപോലെ വാങ്ങാന്‍ പോകുന്ന സാധനത്തിന്റെ ഏകദേശവില നമുക്കും അറിയണ്ടേ? എന്തായാലും ഒന്ന് നോക്കുക തന്നെ.

ഞാന്‍ വെറുതെ ഒന്ന് കറങ്ങി നടന്നു. വിദേശികളെ കച്ചവടക്കാര്‍ വളഞ്ഞിട്ട് പിടിക്കുന്നത് പോലെ തോന്നി. എങ്ങനെയും നമ്മളെക്കൊണ്ട് സാധനം വാങ്ങിപ്പിച്ചേ അടങ്ങു എന്നാ മട്ടിലാണ് കച്ചവടക്കാരികളായ സ്ത്രീകള്‍. ഡല്‍ഹിയിലെ പാലികാ ബസാറിനെക്കാളും കഷ്ട്ടമായിരുന്നു ഈ വലിയ മാളിലെ അവസ്ഥ. എന്തായാലും ചിത്രപ്പണികളോടുകൂടിയ ഏതാനും വിശറികള്‍ വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ വിശറി കാണിച്ചു കൊടുത്തു. അവര്‍ കാല്‍ക്കുലേറ്ററില്‍ ഇത്ര ഡോളര്‍ എന്ന് കുത്തിക്കാണിച്ചു. ഞാന്‍ ആ കാല്‍കുലേറ്ററില്‍ എന്റെ വില ടൈപ് ചെയ്തു. അവര്‍ തല കുലുക്കി വിസമ്മതിച്ചുകൊണ്ട് ആദ്യം പറഞ്ഞതിനേക്കാളും വില ലേശം കുറച്ചു എഴുതി കാണിച്ചു. ഞാന്‍ ആ കാല്‍കുലേറ്റര്‍ പിടിച്ചു വാങ്ങി ചെറിയൊരു മാറ്റം വരുത്തി പുതിയൊരു വില എഴുതി. അവര്‍ തലകുലുക്കിക്കൊണ്ട് വീണ്ടും വേറൊരു വില ടൈപ് ചെയ്തു. ഇങ്ങനെ അഞ്ചോ ആറോ വട്ടം കാല്‍കുലേറ്റര്‍ പരസ്പരം കൈമാറിയതിന് ശേഷം കച്ചവടം ഉറപ്പിച്ചു. സംഭാഷണം ഇല്ല.. തര്‍ക്കം ഇല്ല.. ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടും ഇല്ല. അങ്ങനെ കാല്‍കുലേറ്റര്‍ ഒരു ഇടനിലക്കാരനായി മാറി. ഏതാനും ഡോളറുകള്‍ കൊടുത്തു വ്യത്യസ്തങ്ങളായ ചിത്രങ്ങളോട് കൂടിയ നാല് വിശറി ഞാന്‍ വാങ്ങി.

Kunming 5

മറ്റൊരു കടയില്‍ നിന്നും യാത്രയ്ക്കുപയോഗിക്കാനായി ഇതേ പോലെ തന്നെ ചെറിയൊരു ബാഗും വാങ്ങി. എന്തായാലും യാത്ര അവസാനിക്കുന്നതിനു മുന്‍പ് തന്നെ ആ ബാഗ് കീറിപ്പോയി. നിലവാരം കുറഞ്ഞ സാധനങ്ങള്‍ കൂടിയ വിലയ്ക്ക് വിറ്റ് ആളുകളെ കബളിപ്പിക്കുന്നതില്‍ അവരും ഒട്ടും മോശമല്ല. പാലിക ബസാറിലെപ്പോലെ പറ്റീര് പണി വലിയൊരു മാളിലും നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി.

രാത്രിയില്‍ യുനാന്‍ പ്രൊവിന്‍ഷ്യല്‍ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിരുന്ന് സല്‍ക്കാരം നടന്നു. വിരുന്നിനിടയില്‍ ഒരു പ്രത്യേക വിഭവം അതിഥികള്‍ക്കായി വിളമ്പി. ഉടുമ്പ് പോലുള്ള ഏതോ ജീവിയുടെ മാംസം പകുതി വേവിച്ചു കനം കുറച്ചു അരിഞ്ഞെടുത്തതില്‍ താറാവിന്റെ ചോര പുരട്ടിയത്. ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ഓക്കാനം വന്നു. ഞാനാ വിഭവം ഒരു വശത്തേക്ക് മാറ്റി വച്ചിട്ട് കണ്ടാല്‍ മനസ്സിലാവുന്ന ഭക്ഷണം മാത്രം കഴിച്ചു.

ചൈനീസ് അറിയാവുന്ന സഹയാത്രികയുടെ സഹായത്തോടെ ഞാന്‍ ഭക്ഷണം വിളമ്പിയ ആളോട് പാമ്പിന്റെ ഇറച്ചി ഈ ഹോട്ടലില്‍ ഉണ്ടോന്ന് ചോദിച്ചു. അയാള്‍ ചിരിച്ചുകൊണ്ട് ആ വിഭവം ഇവിടില്ലെന്നും തെരുവിലുളള ലോക്കല്‍ കടയില്‍ കിട്ടുമെന്നും പറഞ്ഞു. അത്രയും മനസമാധാനമായി. വിരുന്നിടയില്‍ സംഗീതവും നൃത്തവും അരങ്ങേറി. എല്ലാം കഴിഞ്ഞ് ഉറങ്ങാനായി ഞാന്‍ മുറിയിലേക്ക് നീങ്ങി. 

( തുടരും )

Content Highlights: Kunming, World Horticulture Expo, China Travel Experience Of An Artist Part 16, China Tourism