ചൈനീസ് യാത്ര : ഓർമ്മക്കുറിപ്പുകൾ - 19

നാൻജിങ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് ഫാക്കൽറ്റി കാണണമെന്ന എന്റെ ആഗ്രഹം  കൂട്ടുകാരിയായി വന്ന പെൺകുട്ടിയോട് പറഞ്ഞു.  ഞാനൊരു ചിത്രകാരനാണെന്നറിഞ്ഞ നിമിഷം അവളുടെ ഇടുമ്മിയ കണ്ണുകൾ അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വിടർന്നു തുളുമ്പി. അവളെന്നേയും കൂട്ടി ഫൈൻ ആർട്സ് ഫാക്കൽറ്റിയിലേക്ക് നടന്നു...

വിശാലമായ ഫൈൻ ആർട്സ് ഫാക്കൽറ്റി. വിവിധ സ്റ്റുഡിയോകളിലിരുന്ന് കലാ വിദ്യാർത്ഥികൾ തങ്ങളുടെ രചനകൾ നിർവഹിക്കുന്നു. പരമ്പരാഗതമായ രീതിയിൽ ചൈനീസ് വാഷ് പെയിന്റിങ്ങുകൾ ചെയ്യുന്ന നിരവധി വിദ്യാർത്ഥികളെ കണ്ടു. ചിലർ പുരാതനമായ ചില  ചിത്രങ്ങളുടെ പകർപ്പെടുക്കുന്നു. ചിലർ ഡ്രൈ ബ്രഷ് ഉപയോഗിച്ച് ഡ്രോയിങ്ങുകൾ ചെയ്യുന്നു. പലരോടും സംസാരിച്ചെങ്കിലും അവർക്കാർക്കും തന്നെ  ഭാഷ അറിയാത്തതിനാൽ ആശയവിനിമയം നടന്നില്ല. എങ്കിലും എന്റെ കൂടെയുണ്ടായിരുന്നവൾ അവരോട് ചോദിച്ചിട്ട് എനിക്ക് പറഞ്ഞു തരാൻ ശ്രമിച്ചു. പക്ഷെ അവളൊരു കലാ വിദ്യാർഥിനി അല്ലാത്തതിനാൽ പരിമിതികൾ ഉണ്ടായിരുന്നു. എങ്കിലും എനിക്കൊരു കാര്യം മനസിലായി. ചൈനയിലെ പാരമ്പര്യ ചിത്രരചനാരീതികൾ വളരെ കൃത്യമായി ഇവിടെ അഭ്യസിപ്പിക്കുന്നു. ഇങ്ക് വാഷ് പെയിന്റിങ്ങുകളും ഡ്രോയിങ്ങുകളും കലാ ചരിത്ര പഠനത്തിൽ ഏറെ പ്രാധാന്യത്തോടെ കാണുന്ന സങ്കേതങ്ങളാണ്. ഡിസ്പ്ലേ ബോർഡുകളിൽ പ്രദർശിപ്പിച്ചിരുന്ന കറുത്ത മഷിയിൽ വരച്ച നിരവധി ചിത്രങ്ങൾ കണ്ട് ഞാൻ മുന്നോട്ടു നീങ്ങി. കലാചരിത്ര പുസ്തകങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള ചിത്രകലാ സങ്കേതത്തിന്റെ പുതിയ വ്യാഖ്യാനങ്ങൾ ആണ് എനിക്ക് മുൻപിൽ നിരന്നു കിടക്കുന്നത്.

ഞാൻ അടുത്ത സ്റ്റുഡിയോയിലേക്ക് നീങ്ങി. പൂർണകായ ശരീരചിത്രങ്ങളും ഛായാചിത്രങ്ങളും വരച്ച ക്യാൻവാസുകൾ ഈസലുകളിലും ചുവരുകളിലുമായി കാണാം. അപ്പോൾ ലൈഫ് സ്റ്റഡി ക്ലാസ്സുകൾ നടക്കുന്നതായി തോന്നിയില്ല. കാരണം മോഡലിനെ അവിടെയെങ്ങും കണ്ടില്ല. ഒരുപക്ഷേ അതിനാലാവും സ്റ്റുഡിയോയിൽ  കലാവിദ്യാർഥികൾ അലക്ഷ്യമായിരിക്കുന്നു. അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാനും കൂടെയുള്ളവരും ചിത്രങ്ങൾ ചുറ്റിനടന്നു കണ്ടു.

അക്കാദമിക് റിയലിസത്തിനെ വെല്ലുന്ന രീതിയിൽ സൂക്ഷ്മമായ വിശദാംശങ്ങളോട് കൂടി വരച്ച ഛായാചിത്രങ്ങൾ. വെളിച്ചവും നിഴലും വളരെ ഗംഭീരമായി പെയിന്റ് ചെയ്തിരിക്കുന്നു. വസ്ത്രങ്ങളുടെ വർണ്ണ വൈവിധ്യവും അലങ്കാരങ്ങളും പ്രകാശ രശ്മികൾ പതിക്കുമ്പോഴുണ്ടാകുന്ന വ്യതിയാനങ്ങളുമെല്ലാം സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടാണ് ചിത്രങ്ങൾ രചിച്ചിരിക്കുന്നത്.  എനിക്ക് അത്ഭുതം തോന്നി. ഇത്തരത്തിലൊരു  പോർട്രൈറ്റ് സ്റ്റഡി കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് ചെയ്യിക്കാൻ പറ്റുമോ? അങ്ങനെയെങ്ങാനും ശ്രമിച്ചാൽ ആ അദ്ധ്യാപകൻ നേരിടേണ്ടിവരുന്ന പുച്ഛത്തിന്റെ അളവ് എനിക്ക് ഊഹിക്കാൻ പറ്റും.

ഞങ്ങൾ അടുത്ത ക്ലാസ്സ്‌ റൂമിലേക്ക് നടന്നു. വലിയ ക്യാൻവാസുകൾ അവിടവിടായി നിരത്തി വച്ചിരിക്കുന്നു. മുതിർന്ന കലാവിദ്യാർഥികളുടെ സ്റ്റുഡിയോ ആയിരിക്കും. വിദ്യാർഥികളെ ആരെയും തന്നെ കാണുന്നില്ല. അവിടെ കണ്ട ചിത്രങ്ങൾ ഉന്നത നിലവാരം പുലർത്തുന്ന കലാ സൃഷ്ടികളായി എനിക്ക് തോന്നി. സമകാലീന കലയിൽ ചൈനയിലെ കലാകാരൻമാർക്ക് വലിയ പ്രാധാന്യമാണുള്ളത്. ചിത്രകലയായാലും ന്യൂ മീഡിയ വർക്കുകളായാലും ചൈനക്കാരുടെ സൃഷ്ടികൾ  ലോകകലാചരിത്രത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അവർ പഠനകാലത്ത് പാരമ്പര്യരീതികളും സാങ്കേതികവിദ്യകളും കൃത്യമായി പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട് എന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു.

Nanjing 2
നാൻജിങ് യൂണിവേഴ്സിറ്റിയിലെ പെയിന്റിംഗ് വിദ്യാർഥികൾക്കും ഗുജറാത്തിൽ നിന്നുമുള്ള സോഷ്യൽ വർക്കർ പൂജാ ദേശായിക്കുമൊപ്പം | ഫോട്ടോ: ഷിജോ ജേക്കബ് 

ഒരിക്കൽ ഡൽഹിയിലെ  ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് എയ്‌സ്‌തറ്റിക്സിൽ വച്ചു നടന്നൊരു സെമിനാറിൽ പങ്കെടുക്കാൻ ഇടയായി. ഡോക്യൂമെന്റ എന്ന ലോകപ്രശസ്ത കലാപ്രദർശനത്തിന്റെ ക്യൂറേറ്ററും പിന്നെ വേറെ ആരൊക്കെയോ പങ്കെടുക്കുന്ന സെമിനാർ ആണ്.  സെമിനാറിന്റെ ഭാഗമായി കണ്ടംപററി ചൈനീസ് ആർട്ടിനെ കുറിച്ചുള്ള ഒരു സ്ലൈഡ് പ്രസന്റേഷൻ നടക്കുന്നു. ചൈനയിലെ സമകാലിക ചിത്രങ്ങളും ശില്പങ്ങളും വീഡിയോ ആർട്ടും പെർഫോമൻസുമൊക്കെ കാണിക്കുന്നുണ്ട്. കാണിക്കുന്ന പെർഫോമൻസ് ആർട്ടിലെല്ലാം തന്നെ അസഹനീയമായ തോതിൽ സെക്‌സും വയലൻസുമുണ്ട്. ഇന്ത്യയിലെ അത്യന്താധുനിക കലാകാരന്മാരും കലാകാരികളും കലാചരിത്രകാരൻമാരും ചരിത്രകാരികളും വിമർശകരുമെല്ലാം മിണ്ടാതുരിയാടാതെ എല്ലാം നോക്കിക്കണ്ടുകൊണ്ടിരിക്കുന്നു. അതിഭയങ്കരമായ ബുദ്ധിയുടെയും ചിന്തയുടെയും സാമൂഹ്യരാഷ്ട്രീയ അവബോധത്തിന്റെയും  ബഹിർസ്ഫുരണമാണ് ഈ കലാപ്രവർത്തനങ്ങൾ എന്ന് പ്രഘോഷിച്ചുകൊണ്ട് നഗരജീവികളായ, ഉന്നതമായ ഇംഗ്ലീഷ് വിദ്യാഭ്യാസം  ആർജ്ജിച്ചിട്ടുള്ള കലയിലെ ഈ നാടുവാഴി തമ്പ്രാക്കൾ തലകുലുക്കുകയും ആശ്ചര്യപ്പെടുകയും  ശീൽക്കാരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു അശ്ലീലതയാണ് തോന്നിയത്.

പെട്ടെന്ന് മറ്റൊരു പെർഫോമൻസ് ആർട്ടിന്റെ ഏതാനും സ്ലൈഡുകൾ അയാൾ കാണിച്ചു. ആദ്യം അതെന്താണെന്ന് ആർക്കും മനസിലായില്ല. കലാകാരന്റ പേര് പറഞ്ഞെങ്കിലും ഞാനത് ഓർത്തു വച്ചില്ല. അയാൾ ആ സ്ലൈഡുകൾ വീണ്ടും കാണിച്ചു. ചൈനയിലെ ഏറ്റവും പുതിയൊരു പെർഫോമൻസ് ആർട്ടിന്റെ ചിത്രങ്ങളായിരുന്നു അത്. ചൈനയിലെ പെൺകുട്ടികൾ അബോർഷൻ നടത്തി കളയുന്ന മൂന്നും നാലും മാസമായ കുഞ്ഞുങ്ങളെ അല്ലെങ്കിൽ ഭ്രൂണങ്ങളെ ഒരു കലാകാരൻ (? ) ആശുപത്രിയിൽ നിന്നും ശേഖരിച്ചു ഫ്രൈ ചെയ്തു കഴിക്കുന്നതാണ് ഈ പെർഫോമൻസ് ആർട്ട്. ഞെട്ടിപ്പോയി. ഇതും കലയോ? ഞാൻ ആശ്ചര്യപ്പെട്ടു.  പ്രസന്റേഷൻ നടത്തിയ ആൾ അത് വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും പല സ്ത്രീപക്ഷ കലാകാരികളും വിപ്ലവകാരികളായ  പെർഫോമൻസ് ആർട്ടിസ്റ്റുമാരും പിന്നെ ചില കലാചരിത്രകാരന്മാരും ഓക്കാനിച്ചുകൊണ്ട് വായും പൊത്തിപ്പിടിച്ച്  ഓഡിറ്റോറിയത്തിന് പുറത്തേക്ക് ഓടുന്നുണ്ടായിരുന്നു. എന്റെ വായിൽ വന്ന തുപ്പലിനെ വിഴുങ്ങികളയാൻ എനിക്ക് തോന്നിയില്ല. അതെന്റെ വായിൽ തളം കെട്ടി നിന്നു.

വലിയ ക്യൂറേറ്റർമാരും പണ്ഡിതന്മാരുമൊക്കെ നിറഞ്ഞ സദസ്സാണല്ലോ. എല്ലാവർക്കും നിസ്സംഗത. ഇനി ചോദ്യങ്ങൾ ചോദിക്കാനുള്ള സമയമാണ്. ലോകത്തിനു യാതൊരു പ്രയോജനവുമില്ലാത്ത, ആർക്കും മനസ്സിലാകാത്ത കലയുടെ സൈദ്ധാന്തിക പ്രശ്നങ്ങൾ എന്ന് കരുതുന്ന വാചകക്കസർത്തുകൾ ചോദ്യങ്ങളായി അവതരിക്കും. ചോദ്യവുമായി പുലബന്ധമില്ലാത്ത ആർക്കും മനസ്സിലാകാത്ത കുറെ നെടുങ്കൻ ഉത്തരങ്ങളും വരും. ഈ ചോദ്യങ്ങളും ഉത്തരങ്ങളും  ലക്ഷ്യമില്ലാതെ, പരസ്പരം തിരിച്ചറിയാതെ  വായുവിലൂടെ തുപ്പൽ തെറിപ്പിച്ചു പറക്കും. പരസ്പരം തിരിഞ്ഞിരുന്നു ചെയ്യുന്ന ബൗദ്ധിക സ്വയംഭോഗമാണ്  ഇത്തരം ചർച്ചകൾ എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഞാൻ ഹാളിന് പുറത്തിറങ്ങി. ജെ. എൻ. യു. കാമ്പസിനുള്ളിലെ  പാതയോരത്ത് കാർക്കിച്ചു തുപ്പി തൂവാല കൊണ്ട് ചിറി തുടച്ച്‌  അടുത്ത ഡി. ടി. ഡി. സി. ബസ് പിടിക്കാനായി ഞാൻ നടന്നു.

സമകാലീന കലയിൽ ചർച്ച ചെയ്യപ്പെടുന്ന ചൈനീസ്  കലാകാരൻമാരിൽ ഏറെ  പ്രാധാന്യമുള്ളയാളാണ് ചൈനീസ് സിനിക്കൽ റിയലിസ്റ്റിക് ആർട്ട്‌  മൂവ്മെന്റിലെ  പ്രശസ്തനായ ചിത്രകാരൻ യൂ മിൻജുൻ. താൻ ആ മൂവ്മെന്റിന്റെ ഭാഗമല്ല എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങളും ചരിത്രവും അത് ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നു. മുഖം നിറയെ നിറഞ്ഞിരിക്കുന്ന വലിയ വായകൾ തുറന്ന് പല്ലുകൾ മുഴുവനും പുറത്തു കാട്ടി കാഴ്ചക്കാരനെ നോക്കി പല്ലിളിച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമകാലിക സാമൂഹ്യ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിന്റെ രൂപകങ്ങൾ ഉപയോഗിച്ച് വിമർശനാല്മകമായി അവതരിപ്പിക്കുന്നു. സമൂഹത്തിലെ പുഴുക്കുത്തുകൾക്ക് നേരെയുള്ള അദ്ദേഹത്തിന്റെ ഈ പല്ലിളി ഒരു രാഷ്ട്രീയനിലപാടായി മാറുന്നു.

ചൈനീസ് കലാരംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പെയിന്റിംഗ് ആണ് 1995 ൽ യൂ മിൻജുൻ ചെയ്ത 'Execution' എന്ന ചിത്രം. തോക്കില്ലാതെ  വെടിവയ്ക്കാൻ കൈ ചൂണ്ടി നിൽക്കുന്നവരുടെ മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ചു വലിയ വായിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഏതാനും പേരുടെ ചിത്രമാണിത്. 1989 ലെ ടിയാനൻമെൻ സ്‌ക്വയറിലെ കൂട്ടക്കുരുതിയെ ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. എന്നാൽ മിൻജുൻ അതിനു മറ്റൊരു വ്യാഖ്യാനമാണ് നൽകുന്നത്. കാഴ്ചക്കാർ ഈ ചിത്രത്തെ ടിയാനൻമെന്നുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു. ഈ ചിത്രം ഏതെങ്കിലുമൊരു  കാര്യത്തെയോ ഒരു സംഭത്തെയോ ഒരു സ്ഥലത്തെയോ പ്രത്യേകിച്ചു പ്രതിനിധാനം ചെയ്യുന്നില്ല. മറിച്ചു ലോകത്തിന്റെ മൊത്തം സാമൂഹ്യ രാഷ്ട്രീയസംഭവങ്ങൾ അതിനു പശ്ചാത്തലമായി വരുന്നു. എങ്കിലും ആ ചിത്രം വരയ്ക്കാനുള്ള പ്രചോദനം ടിയാനൻമെൻ ആണെന്ന് അദ്ദേഹം സമ്മതിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ്‌കോ ഗോയയുടെ ' The Third of May, 1808 ' എന്ന ലോകപ്രശസ്ത ചിത്രത്തിന്റെ ഓർമ്മകൾ യൂ മിൻജൂന്റെ ചിത്രം നമുക്ക് നൽകുന്നു. രാഷ്ട്രീയമായ ഒരുപാട് ചോദ്യങ്ങൾ ഈ ചിത്രങ്ങൾ ഉയർത്തുന്നു.

യൂ മിൻജുന്റെ ഒരു പെയിന്റിംഗ് എങ്കിലും ഈ യാത്രയിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ എന്റെ ആഗ്രഹം ഇന്നും ഒരാഗ്രഹം  മാത്രമായി അവശേഷിക്കുന്നു. പെയിന്റിങ് സ്റ്റുഡിയോയിലെ  ചിത്രങ്ങളെല്ലാം തന്നെ കണ്ടശേഷം ഞാൻ അടുത്ത സ്റ്റുഡിയോയിലേക്ക് നീങ്ങി.

കാലിഗ്രഫി ഡിപ്പാർട്മെന്റ് ആയിരുന്ന് പിന്നീട് കണ്ടത്. നിരവധി വിദ്യാർഥികൾ സ്റ്റുഡിയോയിലിരുന്ന് കാലിഗ്രഫി ചെയ്യുന്നുണ്ടായിരുന്നു. അതെന്നിൽ വലിയ സന്തോഷം നിറച്ചു. കാലിഗ്രഫിയും ടൈപ്പോഗ്രഫിയും എനിക്ക് ഇഷ്ടമുള്ള വിഷയങ്ങളാണ്. ചൈനീസ് കാലിഗ്രാഫി എഴുതുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു. വളരെ സന്തോഷത്തോടും കൗതുകത്തോടും കൂടി ഞാൻ കുട്ടികൾ എഴുതുന്നത് നോക്കി നിന്നു.

Nanjing 3
പ്രൊഫസർ ഴാങ്‌ ക്വി ഫാങ് ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റിനു മുന്നിൽ. | ഫോട്ടോ: ഷിജോ ജേക്കബ്

ഞങ്ങളുടെ ചെറുസംഘത്തെ കണ്ടുകൊണ്ട് ഓഫീസിനുള്ളിൽ നിന്നും മുതിർന്നൊരാൾ ഇറങ്ങി വന്നു. പ്രിയേഷ ജെയിൻ അപ്പോൾ എവിടെ നിന്നോ അവിടെയെത്തി. അവൾ ഞങ്ങൾക്കിടയിലെ ദ്വിഭാഷിയായി മാറി. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ചൈനയിലെ പ്രശസ്ത കാലിഗ്രാഫി കലാകാരനും നാൻജിങ് യൂണിവേഴ്സിറ്റിയിലെ കാലിഗ്രാഫി ഡിപ്പാർട്മെന്റിന്റെ തലവനുമായ പ്രൊഫസർ ഴാങ്‌ ക്വി ഫാങ്. ഞാനുമൊരു ചിത്രകലാ അധ്യാപകനാണെന്നറിഞ്ഞപ്പോൾ അതീവ താല്പര്യത്തോടും ബഹുമാനത്തോടും കൂടി എന്നെ സ്വീകരിക്കുകയും ഡിപ്പാർട്ട്മെന്റിൽ സൂക്ഷിച്ചിട്ടുള്ള  ഓരോ കാലിഗ്രാഫി ചിത്രങ്ങളും കാണിച്ചു തരികയും അവയെക്കുറിച്ചു വിശദമായി പറഞ്ഞു തരികയും ചെയ്തു. അദ്ദേഹം ചൈനീസ് ഭാഷയിൽ പറയുന്നതെല്ലാം പ്രിയേഷ എനിക്ക് പരിഭാഷപ്പെടുത്തി തന്നു. 

കാലിഗ്രാഫിയിൽ എനിക്ക് വളരെ താല്പര്യം ഉണ്ടെന്നും ചെറിയതോതിൽ ചെയ്യാറുണ്ടെന്നും അറിയിച്ചപ്പോൾ അദ്ദേഹം ആവേശഭരിതനായി. അദ്ദേഹം ഉടൻ തന്നെ ചൈനീസ് പേപ്പറും എഴുതാനുള്ള ഇങ്കും ബ്രഷും തന്നു. ഞാൻ ആ സ്റ്റുഡിയോയിൽ ഇരുന്നു മലയാളത്തിലും ഹിന്ദിയിലും ഓരോ കാലിഗ്രാഫി വർക്ക്‌ ചെയ്തു. ആദ്യമായി കാലിഗ്രാഫി എന്താണെന്ന് പറഞ്ഞു തന്ന, പഠിപ്പിച്ച പ്രൊഫസർ വിശ്വനാഥൻ സാറിനെയും കാലിഗ്രാഫിയുടെ അനന്തസാധ്യതകൾ മനസിലാക്കി തന്ന പ്രശസ്ത കാലിഗ്രാഫറും ഡിസൈനറുമായ അമിത് ഘർസാനിയെയും അപ്പോൾ മനസ്സിലോർത്തു. ദേവനാഗിരി ലിപിയുടെയും ദ്രാവിഢ ലിപിയുടെയും ഒഴുക്കും വടിവും പ്രൊഫസർ ഴാങ്‌ കൗതുകത്തോടെ നോക്കി നിന്നു. ആ ലിപികൾ അദ്ദേഹത്തിന് പുതിയൊരു കാഴ്ചയായിരുന്നു. എഴുതിയ കാലിഗ്രാഫി ഞാൻ  പ്രൊഫസർക്ക് സമ്മാനിച്ചു. അദ്ദേഹം ഉടനെ തന്നെ രണ്ടു വലിയ കാലിഗ്രാഫി എനിക്ക് വേണ്ടി രചിച്ചു. ഒപ്പം ഒരു മുളയുടെ ചിത്രവും വരച്ചു. അദ്ദേഹത്തിന്റ ചുമന്ന ചൈനീസ് മുദ്രയും പതിച്ചു. ആ മൂന്നു രചനകളും അദ്ദേഹം എനിക്ക് സമ്മാനിച്ചു. പ്രശസ്തനായ ഒരു കാലിഗ്രാഫറുടെ ഒറിജിനൽ കാലിഗ്രാഫി വർക്സാണ് എന്റെ കൈയിൽ ഇരിക്കുന്നത്. ഞാൻ അത്യധികം സന്തോഷവാനായി. എന്ത്‌ പറയണമെന്ന് എനിക്ക്  അറിയില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അദ്ദേഹം എന്നെയും. അതിർത്തികൾ കടന്നുള്ള  ഊഷ്മളമായൊരു സൗഹൃദത്തിന്റെ അനിർവചനീയമായ ചില നിമിഷങ്ങൾ ആയിരുന്നു അത്.

കാലിഗ്രാഫി എഴുതുമ്പോൾ അദ്ദേഹം തികച്ചും ധ്യാനാത്മക ഭാവത്തിലായിരുന്നു. അദ്ദേഹം എഴുതിയത് എന്താണെന്ന് ഞാൻ ചോദിച്ചു. പുരാതനമായ ശ്ലോകങ്ങളും കവിതകളുമാണ് കാലിഗ്രാഫിയായി എഴുതുന്നതെന്ന് പ്രൊഫസർ ഴാങ്‌ ക്വി പറഞ്ഞു. അതെനിക്ക് പുതിയൊരു അറിവായിരുന്നു. എനിക്ക് വേണ്ടി എഴുതിയ ശ്ലോകം അദ്ദേഹം വിശദീകരിച്ചു.  ടാങ് ഡൈനാസ്റ്റിയിൽ ജീവിവിച്ചിരുന്ന പ്രശസ്ത കവി വാങ് ചാങ് ലിൻ (698 - 756) എഴുതിയ കവിതയാണ് അദ്ദേഹം എനിക്ക് വേണ്ടി വരച്ചത്. അദ്ദേഹം ആ വരികൾ ഉരുവിട്ടു. പ്രിയേഷ അത്  ഇംഗ്ലീഷിലേക്ക്  മൊഴി  മാറ്റം ചെയ്തു. അദ്ദേഹം തന്റെ പ്രദർശനത്തിന്റെ ഏതാനും കാറ്റലോഗുകൾ എനിക്ക് സമ്മാനിച്ചു. എന്റെ പ്രദർശനത്തിന്റെ കാറ്റലോഗ് ഞാൻ അദ്ദേഹത്തിനും നൽകി. വീണ്ടും എന്തൊക്കെയോ സംസാരിച്ചു. ഇന്ത്യയെക്കുറിച്ചും ഇവിടുത്തെ കലാപ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം എന്നോട് ആരാഞ്ഞു. ഇന്ത്യ സന്ദർശിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്തു.  ഡിപ്പാർട്മെന്റിന് പുറത്തു വച്ചു ഞങ്ങൾ ഒന്നിച്ചു ഫോട്ടോ എടുത്തു. കൈകൾ കൊടുത്തു, വീണ്ടും കാണാമെന്ന് പറഞ്ഞു പിരിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ ചൈനീസ് യാത്രയിലെ ഏറ്റവും ധന്യമായ നിമിഷങ്ങളായിരുന്നു കടന്നുപോയത്.

Nanjing 4
പ്രൊഫസർ ഴാങ്‌ ക്വി ഫാങ്ങിനൊപ്പം | ഫോട്ടോ: ഷിജോ ജേക്കബ് 

ഞാനും കൂടെ വന്ന പെൺകുട്ടിയും കൂടി നടത്തം തുടർന്നു. നടന്നു നടന്നു ഞങ്ങൾ സ്പോർട്സ് കോംപ്ലക്സിൽ എത്തി. അവിടെ ബാഡ്മിന്റൺ കോർട്ടിൽ ചൈനീസ് വിദ്യാർത്ഥികളും ഇന്ത്യൻ വിദ്യാർത്ഥികളും തമ്മിലുള്ള പ്രദർശന മത്സരം നടക്കുന്നു. ശങ്കർ പി. ഗോപനും അരുൺ വിഷ്ണുവും ഹർഷിൽ രാജേഷുമൊക്കെ ചൈനക്കാരോട് പൊരുതുന്നുണ്ട്.  ഞങ്ങൾ പുറത്തിറങ്ങി. പുൽത്തകിടിയിലുള്ള ബെഞ്ചിൽ ഇരുന്നു.

അപ്പോൾ അവിടേക്ക് യൂണിവേഴ്സിറ്റിയിലെ മറ്റൊരു വിദ്യാർഥി ഗൈഡ് ഞങ്ങളുടെ അടുക്കൽ വന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവനും എന്റെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു. എന്താണെന്നറിയില്ല, ചില കുട്ടികൾ അങ്ങനെയാണ്. അവർക്കെന്നെ ഭയങ്കര ഇഷ്ടമാവും. അവരെ ആകർഷിക്കുന്ന എന്താണ് എന്നിലുള്ളതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങൾ  സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ അവൻ തന്റെ ഒരാഗ്രഹം എന്നോട് പറഞ്ഞു. അവന്റ കാമുകിയെ എനിക്ക് പരിചയപ്പെടുത്തണം. അതെനിക്ക് ഇഷ്ടപ്പെട്ടു. അവളെ വിളിച്ചുകൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു. വർധിച്ച സന്തോഷത്തോടെ അവൻ ഓടിപ്പോയി അവളെയും കൂട്ടി വന്നു. വട്ടമുഖമുള്ള ഉണ്ടക്കണ്ണുള്ളൊരു സുന്ദരി. അവളെ കൂട്ടിക്കൊണ്ട് വരുമ്പോഴുള്ള സന്തോഷം എനിക്ക് അവന്റ ചെറിയ കണ്ണുകളിൽ കാണാമായിരുന്നു. വൻമതിൽ കീഴടക്കിയ ഒരു പോരാളിയെപ്പോലെ അവൻ നെഞ്ചും വിരിച്ചു നിന്നു.  പ്രണയത്തിന്റെ മഹാസാഗരം അവന്റ ഉള്ളിൽ തിരതല്ലികൊണ്ടിരിക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.  ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു. യുവത്വത്തിന്റെ സന്തോഷവും പ്രണയവുമെല്ലാം ആ ചിരികളിൽ അലയടിച്ചു... 

പേരുകൾ മറന്നു പോകാതിരിക്കാൻ നോട്ട് ബുക്കിൽ കുറിച്ചു വച്ചു. ഇ- മെയിൽ ഐഡികൾ പരസ്പരം കൈമാറി. ഓർക്കുട്ടിലൂടെ ഞങ്ങളുടെ  സൗഹൃദം വർഷങ്ങളോളം തുടർന്നു. ഓർക്കുട്ട് നിന്നപ്പോൾ അതിർത്തികൾ ഭേദിച്ചു പടർന്ന ആ സൗഹൃദത്തിന്റെ വലക്കണ്ണികൾ പൊട്ടിപ്പോയി. ആ കുട്ടികളൊക്കെ ഇന്ന് എവിടായിരിക്കുമോ? എന്ത്‌ ചെയ്യുന്നോ ആവോ? അവൻ അവളെ കല്യാണം കഴിച്ചോ എന്തോ? അയൽരാജ്യത്ത് നിന്നും അപ്രതീക്ഷിതമായി ആ ക്യാമ്പസിൽ എത്തിച്ചേർന്ന എന്നെ അവർ ഓർക്കുന്നുണ്ടാവുമോ....? ആർക്കറിയാം.... ഞാനും കൂട്ടായി വന്ന പെൺകുട്ടിയും നടത്തം തുടർന്നു.

നേരം സന്ധ്യയായി. ക്യാമ്പസിൽ ചെറിയൊരു സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചിരുന്നു. ചൈനക്കാരും ഇന്ത്യക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു. അതിന്റ അവസാനം ഒരു കാലിഗ്രാഫി പെർഫോമൻസ് തന്നെ നടന്നു. ചൈനീസ് ശ്ലോകങ്ങൾ ചൊല്ലുന്നതിനിടയിൽ രണ്ടു വിദ്യാർത്ഥികൾ വലിയ രണ്ടു റോൾ പേപ്പർ നിറയെ കാലിഗ്രാഫി എഴുതിക്കൊണ്ടിരുന്നു. നമ്മുടെ നമ്പൂതിരിയൊക്കെ കഥകളിപ്പദം കേട്ടുകൊണ്ട് രേഖാചിത്രങ്ങൾ  വരയ്ക്കുന്നതുപോലെ. പക്ഷെ ഈ പെർഫോമൻസ് കുറച്ചു കൂടി ചടുലമായിരുന്നു. കനം കുറഞ്ഞു നനുത്ത ചൈനീസ് കടലാസിൽ കറുത്ത മഷിയിൽ മുക്കിയ ബ്രഷുകൾ അസാമാന്യ വൈഭവത്തോടെ ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ ആ കലാകാരൻമാർ ചലിപ്പിച്ചുകൊണ്ടിരുന്നു. പേപ്പർ ചുരുളുകൾ സ്റ്റേജിന് പുറത്തേക്ക് ഒഴുകി നീങ്ങി. അതെന്റെ ഹൃദയം കുളിർപ്പിച്ചു.

ഇതിനിടയിൽ പ്രൊഫസർ കൂടുതൽ കാറ്റലോഗുകൾ കൊണ്ട് വരുകയും മറ്റു പലർക്കും അത് വിതരണം ചെയ്യുകയും ചെയ്തു. രാത്രി അത്താഴം വിദ്യാർത്ഥികളുടെ ക്യാന്റീനിലായിരുന്നു. നിലാവുള്ള ആ രാത്രിയിൽ  ഭക്ഷണത്തിന് ശേഷം എല്ലാവരും ക്യാമ്പസിൽ സൗഹൃദസംഭാഷണങ്ങളുമായി കുത്തിയിരുന്നു. പിരിയാനുള്ള സമയമായി..... എല്ലാവരുടെയും മുഖത്തു വിഷാദഛായ പടർന്നു. ബസ് ഞങ്ങളെ കാത്തു കിടക്കുന്നുണ്ട്. പക്ഷെ ആർക്കും തിരികെ പോകാൻ തോന്നുന്നില്ല. ഈ രാത്രി അവസാനിക്കരുതേ എന്ന് എല്ലാവരും ആഗ്രഹിച്ചു.... വിഷാദം സങ്കടമായും സങ്കടം തേങ്ങലായും മാറി. പലരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു.  വളരെ വൈകാരികമായ നിമിഷങ്ങളാണ് കടന്നുപോകുന്നത്. 

ഞാൻ എന്റെ കൂട്ടുകാരിയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... എന്റെയും... അവളെന്നോട് തൊട്ട് ചേർന്നു നിന്നു. അവൾ എന്നിൽ നിന്നും എന്തൊ ആഗ്രഹിക്കുന്നതുപോലെ. എനിക്ക് അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന് തോന്നി. അവളത് ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി. എന്റെ ഉള്ളിലെ കലാകാരനും മനുഷ്യനും വല്ലാണ്ട്  വെമ്പൽ പൂണ്ടു. പക്ഷെ ഞാൻ എന്ന അദ്ധ്യാപകൻ അതിനെ പല്ലും നഖവുമുപയോഗിച്ച്‌  എതിർത്തു. അധ്യാപകനും കലാകാരനും തമ്മിലൊരു ദ്വന്ദമുണ്ടായി. അവസാനം അദ്ധ്യാപകൻ തന്നെ ജയിച്ചു. എങ്കിലും ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു. വിവരിക്കാൻ പറ്റാത്തവിധത്തിലൊരു വൈകാരിക ധർമ്മസങ്കടത്തിൽ ഞങ്ങൾ പെട്ടു. എന്ത്‌ പറയണമെന്നറിയില്ല. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? 

മനുഷ്യമനസ്സൊരു പ്രഹേളികയാണ്. ആർക്കും പിടികൊടുക്കാതെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഒരിയ്ക്കലും തിരിച്ചറിയാത്ത വഴികളിലൂടെ അത് അതിശീഘ്രം പാഞ്ഞുകൊണ്ടേയിരുന്നു. എന്ത്‌ വിളിക്കണം ഇതിനെ....  സാഹൃദം, പ്രണയം, സ്നേഹം, ഇഷ്ടം, അടുപ്പം, താല്പര്യം.. അറിയില്ല... ഞങ്ങൾ  പരസ്പരം ഒന്നും മിണ്ടിയില്ല. ചിലപ്പോൾ വാക്കുകളേക്കാൾ ശക്തമായി മൗനത്തിന് സംവദിക്കാൻ   കഴിയും.... പക്ഷെ ആ നിശബ്ദത പോലും അസഹനീയമായി തോന്നി. ഒടുവിൽ ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് അവൾ എന്റെ നെഞ്ചിൽ കുത്തിയിരുന്ന കൊച്ചു മെഡൽ ചൂണ്ടി അതവൾക്ക് കൊടുക്കുമോന്നു ചോദിച്ചു. എത്ര ചെറിയൊരു കാര്യമാണ് അവൾ ആവശ്യപ്പെട്ടത്. ഞാനത് സന്തോഷപൂർവ്വം ഊരി അവളുടെ നെഞ്ചിൽ മെല്ലെ കുത്തിക്കൊടുത്തു. അഭിമാനവും സന്തോഷവും അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. പക്ഷെ എനിക്ക് സങ്കടം വന്നു. അവൾക്ക് കൊടുക്കാൻ വേറൊന്നും എന്റെ കൈവശം ഇല്ലായിരുന്നു. 

എല്ലാവരും പതുക്കെ ബസിൽ കയറാൻ തുടങ്ങി. പലയിടങ്ങളിൽ നിന്നും കൂട്ടക്കരച്ചിൽ മുഴങ്ങി... ഈ ചൈനക്കാർ ഇത്രയും നല്ല മനുഷ്യരായിരുന്നോ? ഭരണകൂടങ്ങളുടെ രാഷ്ട്രീയനിലപാടുകളും അധികാരവും സമ്പത്തുമാണ് മനുഷ്യരെ തമ്മിൽ ശത്രുക്കളാക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യരെല്ലാം നല്ലവരാണ്.. മനസ്സിൽ നന്മ സൂക്ഷിക്കുന്നവർ. ഞാനവളോട് യാത്ര പറഞ്ഞു. അതുവരെ  അവൾ  ഭദ്രമായി കൈയിൽ വച്ചിരുന്ന കാലിഗ്രാഫി ചിത്രങ്ങൾ എന്നെ ഏൽപ്പിച്ചു. ഞാനത് വാങ്ങി അവളുടെ സ്നേഹത്തിനും കൂട്ടിനും നന്ദി പറഞ്ഞു ബസിൽ കയറി.. ഒരു തുള്ളി കണ്ണുനീർ അവളുടെ മിഴികളിൽ നിന്നും  പൊടിഞ്ഞുവോ... നിലാവെട്ടത്തിൽ ഒന്നും വ്യക്തമായില്ല. ബസ് നീങ്ങി... ഞാൻ തിരിഞ്ഞു നോക്കി.. കുട്ടികളെല്ലാം കൈ വീശി ഞങ്ങളെ യാത്രയാക്കുന്നു... അവർക്കിടയിൽ കറുത്ത ഫ്രോക്കും ടോപ്പുമണിഞ്ഞ ആ കൊച്ചു സുന്ദരിയുടെ കൈകളും ആവേശത്തിൽ ഇളകികൊണ്ടിരുന്നു...

അതിർത്തികൾക്കപ്പുറത്തേക്ക് ആ ദൃശ്യം കടന്നു പോയി... മരച്ചില്ലകൾക്കിടയിലൂടെ ഒളിച്ചുവന്ന നിലാവിന്റെ തൂ വെണ്മയിൽ അതൊരു മനോഹരചിത്രമായി  മാറി...  മനോഹരമായ ആ  ക്യാമ്പസും അതിനുമുകളിൽ പരന്ന  നിലാവും എല്ലാറ്റിനും സാക്ഷിയായി അകലങ്ങളിൽ കൺചിമ്മുന്ന  നക്ഷത്രങ്ങളും അവയ്ക്കിടയിൽ  പ്രഭ തൂകി നിന്ന  ആ കൊച്ചു സുന്ദരിയും അവളുടെ തിളങ്ങുന്ന കണ്ണുകളും വരയ്ക്കാൻ പറ്റാതെ പോയൊരു എണ്ണച്ചായ ചിത്രമായി ഓർമ്മകളുടെ ചുവരിൽ എവിടെയോ തൂങ്ങിക്കിടക്കുന്നു..

( തുടരും...... )

Content Highlights: Kunming, Nanjing University, China Travel Experience Of An Artist Part 19, China Tourism