ചൈനീസ് യാത്ര : ഓർമക്കുറിപ്പുകൾ - 18

രാവിലെ ആറര മണിക്കായിരുന്നു ഇന്നത്തെ ഞങ്ങളുടെ പ്രഭാത ഭക്ഷണം. ഏഴരയോട് കൂടി കുണ്മിംഗ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. മഴയായിരുന്നു രാവിലെ തന്നെ. മഴയത്തു കുണ്മിംഗ് കാണാൻ പ്രത്യേക ഭംഗിയായിരുന്നു. പൂക്കളും ഇലകളുമെല്ലാം മഴയിൽ കുളിച്ചുനിൽക്കുന്നു. ഈറനണിഞ്ഞു നിൽക്കുന്ന കുണ്മിംഗിനെ ഒരിയ്ക്കൽ കൂടി നോക്കി. എട്ടു മണിയോടെ ഞങ്ങൾ എയർപോർട്ടിൽ എത്തി. ചെക്ക് ഇൻ ചെയ്തു. പതിനൊന്നു മണിക്കാണ് വിമാനം. ഒന്നരയ്ക്ക് അടുത്ത സന്ദർശനസ്ഥലമായ നാൻജിങ്ങിൽ എത്തും. സൗഹൃദസംഭാഷങ്ങളൊക്കെയായി ഞങ്ങൾ വിമാനം കാത്തിരുന്നു. 

വിമാനത്താവളത്തിന് മുകളിൽ മഴമേഘങ്ങൾ ഉരുണ്ടു കൂടി. മഴ ശക്തിയാർജ്ജിച്ചു. അതോടെ വിമാനം പുറപ്പെടാൻ വൈകുമെന്ന് അറിയിപ്പ് വന്നു. എയർപോർട്ടിനുള്ളിലെ കാത്തിരുപ്പ് വിരസമായി മാറി. മഴ മാറിയെങ്കിലും ആകാശം തെളിയാൻ സമയമെടുത്തു. എയർപോർട്ടിൽ നിന്ന് തന്നെ ഉച്ചഭക്ഷണം കഴിച്ചു. മണിക്കൂറുകൾക്ക് ശേഷം ഞങ്ങളുടെ ഫ്ലൈറ്റ് റൺവേയിൽ കൂടി മെല്ലെ ഓടിത്തുടങ്ങി. 

ജിയാങ്സു പ്രൊവിൻസിന്റെ തലസ്ഥാനമാണ് യാങ്റ്റ്സി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ നാൻജിങ് നഗരം. കുന്നുകളും പർവ്വതങ്ങളും പുഴകളും കൊണ്ട് പ്രകൃതിരമണീയമാണ് നാൻജിങ്. ചൈന ഭരിച്ച ആറോളം രാജവംശങ്ങളുടെ കാലത്ത് നാൻജിങ് ആയിരുന്നു സാമ്രാജ്യ തലസ്ഥാനം. തീരപ്രദേശമായ നാൻജിങ് ഷാങ്ഹായിയുടെ വ്യവസായ വളർച്ചയിൽ വളരെയധികം പങ്കു വഹിക്കുന്നു. ചൈനയുടെ സാമ്പത്തിക വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുന്നൊരു  പ്രവിശ്യ കൂടിയാണിത്. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, പെട്രോകെമിക്കൽ  വ്യവസായങ്ങളും ഐ ടി പാർക്കുകളുമെല്ലാം നാൻജിങിന്റെ സമ്പത് രംഗത്തെ പുരോഗതിയിലെത്തിക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. 

രണ്ടര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം വൈകുന്നേരത്തോട് ഞങ്ങൾ നാൻജിങ് എയർപോർട്ടിൽ പറന്നിറങ്ങി. ഞങ്ങളെ സ്വീകരിക്കാൻ ആരൊക്കെയോ വന്നിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് എല്ലാം പൂർത്തിയാക്കി എല്ലാവരും പുറത്തിറങ്ങി. കാത്തുകിടന്നിരുന്ന ബസിൽ കയറി ഹോട്ടലിലേക്ക് യാത്രയായി. എയർപോർട്ടിൽ നിന്നും കുറച്ചു ദൂരെയായിരുന്നു ഹോട്ടൽ. ഇന്നത്തെ ഷെഡ്യൂൾ ആകെ തെറ്റിയെന്ന് തോന്നുന്നു. ഹോട്ടലിൽ എത്തിയ ഉടൻ ഒരു ചെറു സംഘം ജിയാങ്സു പ്രൊവിൻസിലെ ലീഡറുമായുള്ള കൂടിക്കാഴ്ചയ്ക്കായി പുറപ്പെട്ടു. ബാക്കിയുള്ളവർ കുറച്ചു സമയത്തിന് ശേഷം പ്രൊവിൻസ് ലീഡറുമൊത്തുള്ള അത്താഴവിരുന്നിനായി ഇറങ്ങി.

Nanjing 2

ഡിന്നറിനു ശേഷം കൊച്ചുവാർത്തമാനത്തിന് നിൽക്കാതെ മുറിയിൽ വന്നു കിടന്നത് മാത്രം ഓർമ്മയുണ്ട്. തുടർച്ചയായുള്ള യാത്രയുടെ ക്ഷീണം മൂലം രാത്രിയിൽ അഗാധമായ ഉറക്കത്തിലേക്ക്  ഞാൻ വഴുതിവീണു. പിറ്റേ ദിവസം രാവിലെ എട്ടര മണിയോടെ ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. ഇന്നത്തെ ആദ്യ സന്ദർശനം നാൻജിങ് ഇക്കണോമിക് ടെക്നോളജി ഡെവലപ്പ്മെന്റ് സോണിലേക്കായിരുന്നു. യഥാർത്ഥത്തിൽ വിരസമായൊരു യാത്രയായിരുന്നു ഇത്. ചില ഫാക്ടറികൾ കണ്ടു. നമ്മുടെ ടെമ്പോ ട്രാവലർ പോലുള്ളൊരു വാഹന നിർമ്മാണ ഫാക്ടറി സന്ദർശിച്ചു. വാഹനങ്ങൾ നിർമ്മിക്കുന്നത് കൗതുകത്തോടെ നോക്കി നിന്ന എന്നോട് ഗൈഡ് ചിരിച്ചു കൊണ്ട് പറഞ്ഞു. നിങ്ങളുടെ ടാറ്റായുടെ മുന്നിൽ ഇതൊന്നുമല്ല. ആ വാക്കുകൾ എന്നിൽ അഭിമാനം നിറച്ചു. 

ഉച്ചഭക്ഷണം നേരത്തെ കഴിച്ച് നാൻജിങ് യൂണിവേഴ്സിറ്റിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.. നാൻജിങ് നഗരം യൂണിവേഴ്സിറ്റികളുടെ കൂടി നഗരമാണ്. ലോകോത്തര നിലവാരമുള്ള നിരവധി സർവ്വകലാശാലകൾ ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. നാൻജിങ് യൂണിവേഴ്സിറ്റി ഓഫ് എയ്റോനോട്ടിക്  ആൻഡ് ആസ്‌ട്രോനോട്ടിക്കിലാണ് ഇന്നത്തെ ഞങ്ങളുടെ ബാക്കിയുള്ള ദിവസം ചിലവഴിക്കുന്നത്. 

1952 ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ചൈനീസ് സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. മുഖ്യമായും എയ്റോനോട്ടിക്സ്, ഏവിയേഷൻ, അസ്‌ട്രോണോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പഠനവും ഗവേഷണവും നടത്തുന്ന യുണിവേഴ്സിറ്റിയിൽ സയൻസ്, അപ്ലൈഡ് സയൻസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിലും  ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്നു. 173 ഹെക്ടറിലായി പരന്നു കിടക്കുന്ന  ഈ യൂണിവേഴ്സിറ്റിക്കുള്ളിൽ  ഏതാണ്ട് പതിനെട്ടോളം കോളേജുകൾ സ്ഥിതി ചെയ്യുന്നു. 

ബസ് ക്യാമ്പസിലെത്തിച്ചേർന്നു. അതിമനോഹരമായ ക്യാമ്പസ്‌. ഞങ്ങളെ കാത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളുമുണ്ടായിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും  ദേശീയ പതാകകളും യൂണിവേഴ്സിറ്റിയുടെ ലോഗോയും ഷർട്ടിൽ കുത്തി അവർ ഞങ്ങളെ സ്വീകരിച്ചു. വിശാലമായൊരു ഓഡിറ്റോറിയത്തിലേക്ക് ഞങ്ങളെ ആനയിച്ചു. അവിടെ ഞങ്ങളെ കാത്ത് വലിയൊരു സംഘം വിദ്യാർത്ഥികളും അദ്ധ്യാപകരുമുണ്ടായിരുന്നു. ആ ഹാളിൽ ഞങ്ങളും ചൈനക്കാരും ഇടകലർന്നിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ സംഘത്തിലെ ആണുങ്ങളോടൊപ്പം പെണ്ണുങ്ങളും പെണ്ണുങ്ങളോടൊപ്പം ആണുങ്ങളും ഇടകലർന്നാണിരുന്നത്. എന്തിനാണ് അങ്ങനെ അവർ ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷെ ഓരോ ഇന്ത്യൻ അതിഥിയോടൊപ്പവും ഓരോ വിദ്യാർത്ഥി / വിദ്യാർത്ഥിനി ഉണ്ടായിരുന്നു. അത് സന്തോഷവും ആനന്ദവും പകർന്നു തന്നു. പുതിയ സൗഹൃദങ്ങൾ ഉടലെടുത്തു. സമ്മേളനത്തിന് ശേഷം ഓരോരുത്തരും അവർക്ക് കിട്ടിയ സുഹൃത്തുക്കളുമായി പുറത്തേക്ക് ഇറങ്ങി. ക്യാമ്പസിലുടനീളം അതിഥികളും ആതിഥേയരും ചുറ്റിനടന്നു. ഒരു പക്ഷെ ഇത്രയും സ്വാതന്ത്ര്യത്തോടെ ഒരു ക്യാമ്പസ്‌ സന്ദർശിക്കുന്നത് ഈ യാത്രയിൽ ആദ്യമായിട്ടാണ്. 

എനിക്കും കിട്ടി ഒരു കൂട്ടുകാരിയെ. തിളങ്ങുന്ന കൂമ്പിയ കണ്ണുകൾ ഉള്ള, വട്ടമുഖമുള്ള, പിന്നിലേക്ക് പിടിച്ചു കെട്ടിയ കുതിരവാല് പോലെ തൂങ്ങിക്കിടക്കുന്ന നനുത്ത മുടിയുള്ള, വെളുത്ത്, ലേശം പൊക്കം കുറഞ്ഞൊരു സുന്ദരി..... അവളെന്നെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഒറ്റ നിമിഷം കൊണ്ട് അവൾ വളരെ അടുത്ത സുഹൃത്തിനെ പോലെ പെരുമാറി. അതെന്നിൽ അത്ഭുതമുളവാക്കി. യാതൊരു മുൻപരിചയുമില്ലാത്ത എന്നെ അപരിചിതത്വത്തിന്റെ ലാഞ്ഛന പോലുമില്ലാതെ,  ദീർഘകാലമായി പരിചയമുള്ള  അടുത്ത സുഹൃത്തിനെപ്പോലെ അവളെന്നെ കൂടെ കൂട്ടി. എങ്ങനെ ഈ കുട്ടികൾക്കിത് സാധിക്കുന്നുവെന്ന് ഞാൻ ആലോചിച്ചു.

 Nanjing 3

യാതൊരു ആശയവിനിമയ പ്രശ്നങ്ങളും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. ചൈനക്കാർക്ക് ഇംഗ്ലീഷ് വല്യ വശമില്ല. എങ്കിലും ഒളിമ്പിക്സ് വരാൻ പോകുന്നതുകൊണ്ട് ചെറുപ്പക്കാർ എല്ലാവരും ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനത്തിൽ പ്രത്യേക പരിശീലനം നൽകുന്നു. ഒളിമ്പിക്സ് തുടങ്ങുമ്പോൾ ഇവരുടെയെല്ലാം സേവനം സർക്കാർ പ്രയോജനപ്പെടുത്തും. അത്തരത്തിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളാണിവർ. അതുകൊണ്ട് തന്നെ ഇവർക്കെല്ലാം പുതിയൊരു ഇംഗ്ലീഷ് പേരുണ്ട്. വിദേശികൾക്ക് ഇവരുടെ ചൈനീസ് പേര് ഉച്ചരിക്കാനോ മനസ്സിലാക്കാനോ ബുദ്ധിമുട്ടായതിനാലാണ് ഇങ്ങനെയൊരു പേര് ഇവർ സ്വീകരിച്ചിരിക്കുന്നത്. അവൾക്കും ഇംഗ്ലീഷ് ശരിക്ക്  അറിയില്ലായിരുന്നു. ഞാനും ഇംഗ്ലീഷ് ഭാഷയിൽ ഒരു അഗ്രഗണ്യൻ അല്ലാത്തതിനാൽ ഭാഷയുടെ പരിമിതി ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു കുറവായി തോന്നിയില്ല. സംസാര ഭാഷയുടെ അതിരുകൾക്കപ്പുറം സൗഹൃദത്തിന്റെ ഹൃദയഭാഷ ഞങ്ങൾക്കിടയിൽ ഉടലെടുത്തു. ആ ഭാഷയുടെ തോണിയിൽ കയറി ഞങ്ങൾ ആവോളം തുഴഞ്ഞു നീങ്ങി. 

ഇന്ന് രാത്രി വരെ ഞങ്ങളുടെ സംഘം ഈ യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ട്. അതുവരെ ഇവിടെ ചുറ്റി നടന്നു കാണാം. എല്ലാവരും സ്വാതന്ത്ര്യത്തോടെ, സ്വന്തം കോളേജ് ക്യാമ്പസിൽ എത്തിയ സന്തോഷത്തോടെ പുതിയ കൂട്ടുകാരുമായി അലഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി. അവൾ എന്നെയും കൂട്ടി പല ഡിപ്പാർട്ട്മെന്റുകളും കയറിയിറങ്ങി. അവളുടെ സുഹൃത്തുക്കളെ പരിചയപ്പെടുത്തിത്തന്നു. ഏതാനും മണിക്കൂറിനുള്ളിൽ ഞങ്ങൾ തമ്മിലൊരു ആത്മബന്ധം ഉടലെടുത്തപോലെ. മരത്തണലിലിരുന്നു ഞങ്ങൾ പാലില്ലാത്ത, നിറമില്ലാത്ത ചായ ഊതിക്കുടിച്ചു. നടന്നു തളർന്ന് ഞാൻ എവിടെയെങ്കിലും ഇരിക്കുമ്പോൾ അവളെന്നോട് ചേർന്നിരുന്നു. നടക്കുമ്പോൾ ഞാൻ വീണുപോയേക്കുമെന്നു ഭയപ്പെട്ടിട്ടെന്നവണ്ണം അവളെന്നെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു. ദീർഘനാളിന് ശേഷം കണ്ടുമുട്ടുന്ന പ്രണയിനികളെ പോലെ ഞങ്ങൾ ആ ക്യാമ്പസിലൂടെ നടന്നു.  ഭൂതകാലത്തിലെന്നോ ഞങ്ങൾ കോറിയിട്ട പ്രണയത്തിന്റെ.... നഷ്ട സ്വപ്നങ്ങളുടെ...  അസഹനീയമായ വിരഹത്തിന്റെ നേർത്ത നഖചിത്രങ്ങൾ  ഇവിടെയെവിടെയെങ്കിലും ഉണ്ടാവുമോ....

ആ നടത്തത്തിനിടയിൽ ഞാൻ അവളോട് എന്റെ ആഗ്രഹം പറഞ്ഞു......

( തുടരും... )

Content Highlights: Kunming, Nanjing University, China Travel Experience Of An Artist Part 18, China Tourism