ചൈനീസ് യാത്ര : ഓർമ്മക്കുറിപ്പുകൾ - 17

തിനൊന്നാം തീയതി രാവിലെ ഒൻപതു മണിക്ക് കുൺമിംഗിലെ പ്രശസ്തമായ യുന്നാൻ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു. 1922 ഡിസംബർ മാസം ഡോങ്ളു യൂണിവേഴ്സിറ്റി എന്ന പേരിൽ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയായിട്ടാണ്  യുന്നാൻ പ്രവിശ്യയിലെ ഗവർണ്ണർ ടാങ് ജിയാഓ ഈ സർവകലാശാല ആരംഭിച്ചത്. പിന്നീട് 1923 ൽ യുന്നാൻ യൂണിവേഴ്സിറ്റി എന്ന് പുനർ നാമകരണം ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനം തെക്കു പടിഞ്ഞാറൻ ചൈനയിലെ പ്രധാന സർവകലാശാലയായി മാറി. 

നിരവധി പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്ത യൂണിവേഴ്സിറ്റിയാണിത്. 1937 മുതലുള്ള പത്തു വർഷക്കാലം പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനായ പ്രൊഫസർ ക്‌സിയോങ് ക്വിങ്ഗ്ലൈയെ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ്‌ ആയി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി പ്രശസ്തിയാർജ്ജിക്കുകയും ചെയ്തു.

Yunnan 1
യുന്നാൻ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ 

അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ഈ യൂണിവേഴ്സിറ്റിയിൽ നിരവധി കോഴ്‌സുകൾ നടത്തുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. വിദേശ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെടുത്തി സ്റ്റുഡന്റസ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഇവിടെയുണ്ട്. വളർന്നു വരുന്ന ഇന്ത്യ - ചൈന അമേരിക്കൻ ബന്ധങ്ങളുടെ ഭാഗമായി 2005 ൽ സെന്റർ ഫോർ സൗത്ത് ഏഷ്യൻ ആൻഡ് ഇന്ത്യൻ സ്റ്റഡീസും ചൈന ഇന്ത്യ യു .എസ് ഫോറവും യൂണിവേഴ്സിറ്റി ആരംഭിച്ചു. ഇവയുടെ നേതൃത്വത്തിൽ നിരവധി ഗവേഷണങ്ങളും സെമിനാറുകളും പ്രോജെക്റ്റുകളും നടന്നു വരുന്നു. 

പ്രകൃതിരമണീയമായ സ്ഥലത്ത്,  ഗ്രീൻ ലേക്ക് തടാകത്തിന് അഭിമുഖമായി  യൂണിവേഴ്സിറ്റി നിൽക്കുന്നു. മഞ്ഞു കാലത്ത് ആ തടാകക്കരയിൽ സൈബീരിയൻ കൊക്കുകൾ വന്നു നിറയും. തൊട്ടടുത്തു തന്നെ യുവാൻടോങ്  മലനിരകളും അപൂർവയിനം പക്ഷികളെയും മൃഗങ്ങളെയും സംരക്ഷിച്ചിട്ടുള്ള സുവോളജിക്കൽ പാർക്കും സ്ഥിതി ചെയ്യുന്നു.

Yunnan 2
യുന്നാൻ യുണിവേഴ്സിറ്റിയിൽ ഗൈഡ് ആയി വന്ന വിദ്യാർത്ഥിനിയോടൊപ്പം

വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു. യുണിവേഴ്സിറ്റിയിലെ പ്രധാന ഹാളിൽ വച്ചു ഒരു മീറ്റിംഗ് കൂടി. യൂണിവേഴ്സിറ്റി പ്രസിഡന്റ്‌ പ്രൊഫസർ ലീ, ഭാരത സർക്കാരിന്റെ പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ശ്രീമതി അതിഥി മേത്ത, യുന്നാൻ പ്രവിശ്യയിലെ യൂത്ത് ലീങ് ഫെഡറേഷന്റെ  നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിനും വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കും ശേഷം ഞങ്ങൾ ക്യാമ്പസ്‌ കാണാനായി പുറത്തിറങ്ങി.

മനോഹരമായ യൂണിവേഴ്സിറ്റി ക്യാമ്പസ്‌. ഇന്ത്യൻ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനറുകളും മറ്റും കാണാം. വൃത്തിയും വെടിപ്പുമാണ് നമ്മളെ ആദ്യം ആകർഷിക്കുന്നത്. ഒരു കാമ്പസിന് യോജിച്ച വിധത്തിലുള്ള കെട്ടിടങ്ങൾ. എല്ലാത്തരം സജ്ജീകരണങ്ങളുമുള്ള ഡിപ്പാർട്മെന്റുകൾ. ഒരു കുത്തിവരയോ മുദ്രാവാക്യങ്ങൾ എഴുതിയ ചുവരുകളോ എങ്ങും  കാണാനാവില്ല. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസ്സ്‌ മുറികളെ എത്ര സുന്ദരമായിട്ടാണ് കാത്തു സൂക്ഷിക്കുന്നതെന്ന് കണ്ടു മനസ്സിലാക്കാൻ പറ്റി.  യഥാർത്ഥത്തിൽ നമ്മുടെ വിദ്യാഭ്യാസം ആരംഭിക്കേണ്ടത് വൃത്തിയെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടാവണം. അതോടൊപ്പം തന്നെ പരസ്പര സഹവർത്തിത്തവും സാമൂഹ്യ ബോധവും പഠിപ്പിക്കണം. ഒരു വ്യക്തി എന്ന നിലയിൽ ഓരോ മനുഷ്യനും സാമൂഹത്തോട്  ഉത്തരവാദിത്തം ഉണ്ടാവണം. മികച്ച വ്യക്തി ബോധവും സാമൂഹ്യ ബോധവും ഉള്ള ഒരു പൗരന് നിരുത്തരവാദപരമായി പെരുമാറാൻ സാധിക്കില്ല. ഭാഷയും ശാസ്ത്രവും പഠിപ്പിക്കുന്നതുപോലെ സംസ്കാരവും പഠിപ്പിക്കേണ്ടി വരും. സാംസ്കാരികബോധം ഇല്ലാത്ത സമൂഹം എത്ര ഉയർന്ന  വിദ്യാഭ്യാസം ഉണ്ടെങ്കിലും യഥാർത്ഥത്തിൽ വിദ്യാസമ്പന്നർ ആയിരിക്കില്ല.

Yunnan 3
എത്‌നിക് വില്ലേജിലെ നർത്തകരോടൊപ്പം

ഞങ്ങളെയും കൊണ്ട് ചുറ്റി നടക്കുന്നത് അവിടുത്തെ വിദ്യാർത്ഥികൾ ആണ്. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം എത്ര ഉത്സാഹത്തോടും ആദരവോടും കൂടിയാണ് ഇടപഴകുന്നത്. ഏക്കറു കണക്കിന് പരന്നു കിടക്കുന്ന ആ ക്യാമ്പസിലൂടെ നടക്കുമ്പോൾ അങ്ങ് ദൂരെ ഒരിടത്ത് കുറച്ചു കുട്ടികൾ ഇരുന്നു നേച്ചർ സ്റ്റഡി ചെയ്യുന്നത് കണ്ടു. ഗൈഡ് ആയി എന്റൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയോട് ഞാൻ ഒരു ചിത്രകാരനാണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷം തോന്നിയ അവൾ എന്നെ അവരുടെ അടുക്കലേക്ക് നയിച്ചു. അവൾ എന്നെ അവർക്ക് പരിചയപ്പെടുത്തി. ഒരു ചിത്രം വരയ്ക്കാൻ ആ പെൺകുട്ടി എന്നോട് ആവശ്യപ്പെട്ടു. കുട്ടികൾ അവരുടെ സ്‌കെച്ച് ബുക്കും ചായങ്ങളും എനിക്കായി നീട്ടി. ഞാൻ അവരോടൊപ്പമിരുന്ന് പെട്ടെന്നൊരു നേച്ചർ സ്റ്റഡി ജലച്ചായത്തിൽ വരച്ചു ആ കുട്ടികൾക്ക് തന്നെ സമ്മാനിച്ചു. ഞങ്ങൾ അവിടെനിന്നും നടന്നു നീങ്ങി. 

എന്നിട്ടും ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് കാണാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചിട്ടും ആരും കൃത്യമായൊരു ഉത്തരം നൽകിയില്ല. യൂണിവേഴ്സിറ്റിയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ യുന്നാൻ നാഷണാലിറ്റീസ്  വില്ലേജ് കാണാനായി പുറപ്പെട്ടു.

Ethnic Village
എത്‌നിക് വില്ലേജിലെ ചില കലാപ്രകടനങ്ങൾ

കുന്നുകളും തടാകങ്ങളും നിരവധി മരങ്ങളും വ്യത്യസ്തങ്ങളായ വംശീയ ന്യൂനപക്ഷങ്ങളുടെ ഗ്രാമങ്ങളും വീടുകളുമെല്ലാം കൊണ്ട് അലംകൃതമാണീ ദേശീയ ഗ്രാമം.  ശരിക്കും പറഞ്ഞാൽ ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള ഒരു സെറ്റപ്പ്. അപ്പോൾ പോലും ഏറ്റവും മനോഹരമായും  ഉയർന്ന നിലവാരത്തിലും അത് അവതരിപ്പിക്കുന്നു എന്നുള്ളതാണ് ചൈനാക്കാരുടെ കച്ചവട വിജയം. കുൺമിം​ഗിൽ നിന്നും പത്തു കിലോമീറ്റർ മാറി ഇരുന്നൂറിൽ പരം ഏക്കറിലായി യുന്നാൻ എത്‌നിക് വില്ലേജ് പരന്നു കിടക്കുന്നു. ഒപ്പം വലിയൊരു ജലാശയവും. 

വില്ലേജിലേക്കുള്ള വഴിയിൽ തന്നെ പലയിടങ്ങളിലും വെള്ള ആനകളുടെ വലിയ ശിൽപ്പങ്ങൾ കാണാം. ഡ്രാഗൺ പോലെ വെളുത്ത ആനകളും  അവർക്ക് പ്രിയപ്പെട്ടതാണെന്ന് തോന്നുന്നു.  ഞങ്ങൾ പ്രവേശന കവാടത്തിലെത്തി. പരമ്പരാഗത വേഷമണിഞ്ഞ അതിസുന്ദരികളായ യുവതികൾ, ഹൃദയത്തിന്റെ ആകൃതിയിൽ പട്ടുതുണിയും തൊങ്ങലുകളും കൊണ്ടുണ്ടാക്കിയ വലിയ ലോക്കറ്റുള്ള മാലയിട്ടു ഞങ്ങളെ സ്വീകരിച്ചു. എല്ലാവരുടെയും ഹൃദയത്തിൽ ഒരു കുളിർമ്മയുണ്ടായി. ഗോപുര വാതിൽ കടന്നു ഞങ്ങൾ അകത്തു പ്രവേശിച്ചു. എങ്ങും പാരമ്പര്യ നിർമ്മിതികളും അലങ്കാരപ്പണികളും കരകൗശല വസ്തുക്കളും മാത്രം. പൗരാണികതയും ആചാരാനുഷ്ഠാനങ്ങളും തനത് കലാരൂപങ്ങളും മാത്രം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിഭിന്നങ്ങളായ ജീവിത രീതികളും പാരമ്പര്യങ്ങളും കലയുമെല്ലാം ഒന്നിച്ചനുഭവിക്കുവാനും ആസ്വദിക്കാനുമുള്ള ഒരു തുറന്ന വേദി. അതാണ്‌ ഈ വില്ലേജ്. 

ഇരുപത്തിയാറോളം വംശീയ ന്യൂനപക്ഷങ്ങളുടെ ജീവിതവും കലയും പാരമ്പര്യങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ദായി വിഭാഗത്തിന്റെ വില്ലേജ് ആദ്യം കാണാം. മുളകൾ കൊണ്ട് പണിത അവരുടെ വീടുകൾ പൂക്കൾ കൊണ്ട് അലംകൃതമായിരുന്നു.  ഗോപുരങ്ങളോട് കൂടിയ ബർമീസ് ശൈലിയിലുള്ള അവരുടെ ക്ഷേത്രം അടുത്ത് തന്നെയുണ്ട്. യുന്നാൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലാണ് ഇവർ അധിവസിക്കുന്നത്. ബുദ്ധ മതത്തിൽ വിശ്വസിക്കുന്ന ഇവർ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.

Ethnic Village 2
എത്‌നിക് വില്ലേജിൽ 

പർവതനിരകളിൽ താമസിക്കുന്നവരാണ് യി വംശം. മണ്മറഞ്ഞു പോയ പൂർവ്വികരെ ആരാധിക്കുന്ന ഇവർ ആത്മാവിൽ വിശ്വസിക്കുന്നു. ഒപ്പം തന്നെ ബുദ്ധമത വിശ്വാസികളും ക്രൈസ്തവ വിശ്വാസികളും ഇവർക്കിടയിൽ ഉണ്ട്. പെയിന്റിങ്, ശില്പകല, എംബ്രോയിഡറി ഇവയിലെല്ലാം വിദഗ്ദ്ധർ ആണിവർ. എംബ്രോയിഡറി ചെയ്ത്  വർണാഭമാണ് ഇവരുടെ വേഷവിധാനങ്ങൾ. കടുവകളെ ആരാധനയോട് കാണുന്ന ഇവരുടെ വില്ലേജിൽ കടുവകളുടെ വലിയ ശിൽപ്പങ്ങൾ ഉണ്ടായിരുന്നു. ഞാനും ഒരു യി സുന്ദരിയും കൂടി ഒരു വലിയ കടുവയുടെ വായിലിരുന്ന് ഫോട്ടോയുമെടുത്തു. 

യി വില്ലേജിന് പടിഞ്ഞാറായി കൊത്തു പണികളോട് കൂടിയ  വലിയൊരു സ്തംഭം കാണാം. അതിനു ചുറ്റുമായി കറുപ്പും വെളുപ്പും നിറത്തിൽ പത്തു ഗോളങ്ങളും. സൂര്യനെയും നിഴലിനെയും അടിസ്ഥാനമാക്കി സമയവും ദിവസവും കണ്ടുപിടിക്കാനുള്ള ചൈനീസ് രീതിയാണ്. ഡൽഹിയിലും രാജസ്ഥാനിലുമുള്ള ജന്തർ മന്തറിനെപറ്റി ഞാനപ്പോൾ ഓർത്തു. 

Yi Tiger
യി വില്ലേജിലെ കടുവയുടെ പ്രതിമയ്ക്കുള്ളിൽ

തുടർന്ന് ബായ്, മിയോ, മൊസുഒ, നാഷി തുടങ്ങി നിരവധി വില്ലേജുകൾ സന്ദർശിച്ചു. ഓരോ വില്ലേജും വ്യത്യസ്ത അനുഭമായിരുന്നു. വില്ലേജിനുള്ളിലെ ഒരു മൈതാനത്തേക്ക് ഞങ്ങൾ നീങ്ങി. അവിടെ ഞങ്ങൾക്ക് വേണ്ടി നിരവധി വിനോദപരിപാടികൾ അരങ്ങേറി. വ്യത്യസ്ത ഗോത്രങ്ങളിൽ പെടുന്നവർ അവരുടെ പരമ്പരാഗത വേഷങ്ങൾ ധരിച്ചു നൃത്തവും സംഗീതവും അഭ്യാസപ്രകടനങ്ങളുമെല്ലാം നടത്തി. ഏറ്റവും മനോഹരമായ കാഴ്ചകൾ ആയിരുന്നത്. ഓരോ പ്രകടനത്തിനും ശേഷം  നർത്തകർ ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാനും തയ്യാറായി. പിന്നെയും കുറെ വില്ലേജുകൾ കണ്ടു. ചൈനീസ് സുന്ദരിമാർ ഞങ്ങളെ ഓരോരുത്തരെയും ചുറ്റിനടന്ന് കാഴ്ചകൾ കാണിച്ചു തന്നു. 

എത്‌നിക് വില്ലേജിന്റെ ഓർമ്മയ്ക്കായി സുവനീർ ഷോപ്പിൽ നിന്നും പാരമ്പര്യവേഷം അണിയിച്ചിട്ടുള്ള രണ്ടു പാവകളെ ഞാൻ വാങ്ങി. ചൈനയിലെയും ഇന്ത്യയിലെയും യുവാക്കളുടെ സാംസ്കാരിക കലാപരിപാടികൾ അന്ന് വൈകുന്നേരം അവിടെ അരങ്ങേറി. വൈകുന്നേരത്തെ അത്താഴം വില്ലേജിലായിരുന്നു. കുറെ ചെറുപ്പക്കാരെ പരിചയപ്പെട്ടു. പക്ഷെ എല്ലാവരെയും ഇപ്പോൾ മറന്നു. അല്ലെങ്കിൽ തന്നെ ആര് ആരെ ഓർക്കുന്നു...ജീവിതം തന്നെ ഒരു  യാത്രയല്ലേ.. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ഒരുപാട് മുഖങ്ങൾ. മുഖങ്ങൾ മാഞ്ഞു പോകുന്നു. രാത്രിയായി... ബസ് ഞങ്ങളെയും കൊണ്ട് ഹോട്ടലിലേക്ക് നീങ്ങി.. കാഴ്ചകൾ മങ്ങിത്തുടങ്ങി....

Content Highlights: Kunming, Ethnic Village, China Travel Experience Of An Artist, Part 17, China Tourism