ചൈനീസ് യാത്ര : ഓർമ്മക്കുറിപ്പുകൾ - 20

ലേ ദിവസത്തെ മധുരസ്മരണകൾ അയവിറക്കിക്കൊണ്ട് അടുത്ത പ്രഭാതത്തിൽ ഉണർന്നു. പതിനാലാം തീയതി രാവിലെ ഞങ്ങൾ കമ്മ്യൂണിറ്റി യൂത്ത് എംപ്ലോയ്‌മെന്റ് ഗൈഡൻസ് സെന്റർ സന്ദർശിച്ചു. തുടർന്ന് ജിയാങ് സു സോഫ്റ്റ്‌വെയർ പാർക്കും സന്ദർശിച്ചു. ചൈനയിലെയും ഇന്ത്യയിലെയും സോഫ്റ്റ്‌വെയർ സംരംഭകർ തമ്മിലുള്ള കൂടിക്കാഴ്ച്ചയും നടന്നു. വ്യവസായത്തിലോ ഐ. ടി. സംരംഭത്തിലോ ഒന്നും താല്പര്യമില്ലാത്ത എന്നെപ്പോലുള്ളവർ ബോറടിച്ചിരുന്നു. 

തുടർന്ന് ഒളിംപിക്സിന് വേണ്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഏതാനും സ്റ്റേഡിയങ്ങൾ കാണാൻ പോയി. ഒരു സ്റ്റേഡിയത്തിൽ കുറച്ചു കുട്ടികളുടെ പരിശീലനം നടക്കുന്നു. റോളർ സ്‌കേറ്റിങ്ങും ജിംനാസ്റ്റിക്സുമൊക്കെ. എത്ര മികവോടെയാണ്, മെയ്‌വഴക്കത്തോടെയാണ് ഈ കുട്ടികൾ ഓരോന്നും അവതരിപ്പിക്കുന്നത്. കുറച്ചു നേരം കണ്ടിട്ട് ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു. ശരിക്കും വളരെ വിരസമായൊരു ദിവസമാണ് കടന്നു പോകുന്നത്. പ്രത്യേകിച്ചൊന്നും തന്നെ അനുഭവിക്കാനോ അറിയാനോ സാധിച്ചതായി തോന്നിയില്ല. 

Confucius
കൺഫ്യൂഷ്യസ് 

വൈകുന്നേരം കൺഫ്യൂഷ്യസ് സ്ട്രീറ്റ് കാണാനായി യാത്ര തിരിച്ചു. B.C 551 മുതൽ 479 വരെ ജീവിച്ചിരുന്ന ചൈനീസ് തത്വചിന്തകനും രാഷ്ട്ര തന്ത്രജ്ഞനുമാണ് കൺഫ്യൂഷ്യസ്. വ്യക്തിസദാചാരവും ഭരണകൂടസദാചാരവും സാമൂഹ്യ ബന്ധങ്ങളിലുള്ള കൃത്യത, നീതി, ദയ, ആത്മാർത്ഥത എന്നിവലൊക്കെയും അടിസ്ഥാനമായ അദേഹത്തിന്റെ തത്വചിന്ത കൺഫ്യൂഷ്യനിസം എന്നറിയപ്പെടുന്നു. ഹാൻ ഡൈനാസ്റ്റിയുടെ കാലത്ത് കൺഫ്യൂഷ്യനിസത്തെ ഔദ്യോഗികമായി അംഗീകരിച്ചു. താങ്, സോങ് ഡൈനാസ്റ്റിയുടെ കാലത്ത് കൺഫ്യൂഷ്യനിസം 
നവകൺഫ്യൂഷ്യനിസം എന്നും പിന്നീട് ആധുനിക നവകൺഫ്യൂഷ്യനിസം എന്നും അറിയപ്പെട്ടു. ചൈനയുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും അധിഷ്ടിതമായിരുന്നു കൺഫ്യൂഷ്യനിസം. കുടുംബബന്ധങ്ങൾക്കും പരസ്പര ബഹുമാനത്തിനും സത്യസന്ധതയ്ക്കും ഈ തത്വചിന്ത വളരെയേറെ പ്രാധാന്യം നൽകി.  

ഞങ്ങൾ ഇപ്പോൾ സന്ദർശിക്കുന്ന സ്ഥലം അദ്ദേഹത്തിന്റെ ജന്മസ്ഥലമോ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമോ അല്ല. ഷാൻഡോങ് പ്രവിശ്യയിലുള്ള  അദ്ദേഹത്തിന്റെ ജന്മനഗരമായ ഖുഫുവിലുള്ള സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇന്നത് യുനെസ്കോയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ്. A. D.1034 ൽ പണികഴിപ്പിച്ച കൺഫ്യൂഷ്യസ് ടെംപിൾ ആണ്  ഇവിടെയുള്ളത്. ഒരുകാലത്ത്  കൺഫ്യൂഷ്യനിസത്തിന്റെ പഠനകേന്ദ്രമായിരുന്ന ഈ ക്ഷേത്രം തകർക്കപ്പെടുകയും പത്തൊൻപതാം നൂറ്റാണ്ടിൽ വീണ്ടും പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. ഇന്നീ സ്ഥലം അനേകരെ ആകർഷിക്കുന്നൊരു  ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച്  വിനോദസഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള കൗതുകവസ്തുക്കൾ വിപണനം ചെയ്യുന്നൊരു കച്ചവടകേന്ദ്രം. 

നല്ല തിരക്കുണ്ട് തെരുവിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഞങ്ങളും ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേർന്നു. സുവനീർ ഷോപ്പുകളാൽ സമ്പന്നമാണിവിടം. ഡൽഹിയിലെ ജൻപഥ് പോലെയോ അല്ലെങ്കിൽ കൊച്ചിയിലെ ജൂതത്തെരുവ് പോലെയോ ഉള്ളൊരു തെരുവ്. വളരെ മനോഹരങ്ങളും വ്യത്യസ്തങ്ങളുമായ  കൗതുകവസ്തുക്കൾ ഓരോ കടകളിലും കാണാം. ചൈനീസ് കളിമൺ പാത്രങ്ങൾ, പിഞ്ഞാണങ്ങൾ, കരകൗശല വസ്തുക്കൾ, ചൈനീസ് വിശറികൾ, കുടകൾ, പ്രാദേശിക കലാകാരൻമാർ വരച്ച ചിത്രങ്ങൾ, ബ്രഷുകൾ, പലതരത്തിലുള്ള ചായങ്ങൾ, കളിമൺ പ്രതിമകൾ... അങ്ങനെ അണ്ഡകടാഹത്തിലുള്ള സകല സാധങ്ങളും ഒരോ കടകളിലും നിരന്നിരിക്കുന്നു.. 

വിദേശികളായ സഞ്ചാരികളെ കച്ചവടക്കാർ നിർബന്ധിച്ചു തങ്ങളുടെ കടയിൽ വിളിച്ചു കയറ്റിക്കൊണ്ടിരിക്കുന്നു. പല കടകളിലും ഞാൻ കയറി. എന്തെങ്കിലും വാങ്ങണം. ഏത് നാട്ടിൽ ചെന്നാലും ആ നാടിന്റെയും സംസ്കാരത്തിന്റെയും ഓർമയ്ക്കായി എന്തെങ്കിലും കൗതുകവസ്തുക്കൾ വാങ്ങുക എന്നത് യാത്ര ചെയ്യാൻ ആരംഭിച്ച കാലം മുതലുള്ള ശീലമാണ്. ഒരു കടയിൽ നിന്നും ഏതോ പ്രാദേശിക കലാകാരൻ തുണിയിൽ വരച്ചു, കടലാസ് കൊണ്ട് അലങ്കരിച്ച ഒരു വാൾ ഹാങ്ങിങ് ചിത്രം വാങ്ങി. അവരത് ചുരുട്ടി ഒരു പേപ്പർ ബോക്സിലാക്കി തന്നു. ഒപ്പം നാലഞ്ചു ചൈനീസ് ബ്രഷുകളും വാങ്ങി. മറ്റൊരു കടയിൽ നിന്ന് രണ്ടു ചോപ് സ്റ്റിക്‌സും വാങ്ങി ഞാൻ തെരുവിലൂടെ മുന്നോട്ടു നീങ്ങി. 

ഒരു കാലഘട്ടത്തിൽ  കൺഫ്യൂഷ്യനിസത്തെക്കുറിച്ച്  ചർച്ചകളും പഠനങ്ങളും നടന്നിരുന്ന ഈ സ്ഥലത്തെ തെരുവുകൾ ഇന്ന് മനുഷ്യന്റെ  ആഗ്രഹങ്ങളും കൗതുകങ്ങളും  ക്രയവിക്രയം ചെയ്യുന്നൊരു ഇടം മാത്രമാണ്. കൺഫ്യൂഷ്യസിനെ അവിടെയെങ്ങും ഞാൻ കണ്ടില്ല. കണ്ടില്ല എന്ന് പറഞ്ഞാൽ ശരിയാവില്ല. കണ്ടു. ചില സുവനീർ ഷോപ്പുകളിൽ കൺഫ്യൂഷ്യസിന്റെ പല തരത്തിലും വലുപ്പത്തിലുമുള്ള പ്രതിമകൾ ഉണ്ടായിരുന്നു. അതിലൊരു പ്രതിമ എനിക്കിഷ്ടപ്പെട്ടു. ഞാൻ വില ചോദിച്ചു. ഡോളറിലാണ് വില. അവർ പറഞ്ഞത് കുറച്ചു കൂടുതലായി എനിക്ക് തോന്നി. ഞാൻ വിലപേശി. പക്ഷെ ഒന്നും  ഒത്തുവന്നില്ല. പല വില പറഞ്ഞെങ്കിലും കച്ചവടം നടന്നില്ല. അങ്ങനെ ആ കച്ചവടം ഉറപ്പിക്കാതെ, എന്റെ വിലയ്ക്കുള്ളിൽ ഒതുങ്ങാത്ത  കൺഫ്യൂഷ്യസിനെ ആ തെരുവിൽ ഉപേക്ഷിച്ചു ഞാൻ മുന്നോട്ടു നടന്നു. കൺഫ്യൂഷ്യസും കൺഫ്യൂഷനിസവുമൊക്കെ ക്രയവിക്രയങ്ങളായി മാറിയിരിക്കുന്ന ആ തെരുവിലെ ആൾക്കൂട്ടത്തിനിടയിൽ  നിൽക്കുമ്പോൾ ഞാനാകെ കൺഫ്യൂഷൻ ആയിപ്പോയി... 

അത്താഴത്തിന് ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. നാൻജിങ്ങിലെ മൂന്നാമത്തെ ദിവസം ഏഴുമണിക്കുള്ള പ്രഭാത ഭക്ഷണത്തോടെ ആരംഭിച്ചു. ഇന്ന് ഹോട്ടലിൽ നിന്നും ഞങ്ങൾ റൂം ഒഴിഞ്ഞു ബാഗേജുകളുമായാണ് ബസിൽ കയറിയത്. ഏഴര മണിക്ക് ഞങ്ങളുടെ ബസ് പുറപ്പെട്ടു. 

Huaxi Village 3
ഹോക്‌സി വില്ലേജിൽ ലേഖകൻ 

ജിയാങ്‌സു പ്രൊവിൻസിലുള്ള ജിയാങ്‌യിനിൽ സ്ഥിതി ചെയ്യുന്ന ഹോക്സി വില്ലേജിലേക്കാണ് ഇന്നത്തെ യാത്ര. ലോകത്തിലെ ഏറ്റവും മികച്ച വില്ലേജ് എന്നറിയപ്പെടുന്ന ഈ അധിവസിത പ്രദേശം 1961 ലാണ് സ്ഥാപിച്ചത്. ഹോക്‌സി വില്ലേജ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കമ്മറ്റിയുടെ മുൻ സെക്രട്ടറിയായിരുന്ന വു റെൻബാഓ ആണ് ഏക്കറുകണക്കിന് പരന്നു കിടക്കുന്ന ഏറ്റവും സമ്പന്നമായ ഈ വില്ലേജ് സ്ഥാപിച്ചത്. ഒരു മോഡൽ കമ്മ്യൂണിസ്റ്റ്‌ വില്ലേജ് എന്ന് അവകാശപ്പെടുന്ന ഈ വില്ലേജ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി വളരെ പ്ലാനിങ്ങോടു കൂടി പണികഴിപ്പിച്ചിട്ടുള്ളതാണ്. ഇവിടെ താമസിക്കണമെങ്കിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ ഏതാണ്ട് രണ്ടുലക്ഷത്തോളം ഡോളർ സേവിങ്സ് ആയി ഉണ്ടായിരിക്കണമെന്നാണ് അറിഞ്ഞത്. വില്ലേജിന് സ്വന്തമായി വ്യവസായങ്ങളും കമ്പനികളും കൃഷിയുമൊക്കെയുണ്ട്. പക്ഷെ ആഴ്ചയിൽ ഏഴു ദിവസവും തുടർച്ചയായി പണിയെടുക്കേണ്ട അവസ്ഥയും ഇവിടുണ്ടെന്നാണ് ചില വായനയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ഇവിടെ ജീവിക്കുന്നവർ ഉന്നതമായ ജീവിതനിലവാരം പുലർത്തുന്നു. താമസിക്കാനായി ബംഗ്ലാവുകൾ, ഏറ്റവും മുന്തിയ വിദേശ നിർമ്മിത ആഡംബരകാറുകൾ... വളരെ വ്യത്യസ്തമായൊരു ജീവിതക്രമം തന്നെ ഇവിടുത്തെ മനുഷ്യർ നയിക്കുന്നു. 

ഏകദേശം മൂന്നുനാലു മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം പന്ത്രണ്ടു മണിയോട് കൂടി ഞങ്ങൾ ഹോക്‌സി വില്ലേജിൽ എത്തി. വില്ലേജിന്റെ കൂറ്റൻ കവാടങ്ങൾ കടന്നു ഞങ്ങൾ അകത്തു പ്രവേശിച്ചു. വേറെയേതോ ഒരു ലോകത്ത് എത്തിയമാതിരി. അതോ ഒരു വലിയ പാർക്കിൽ എത്തിയ പോലെയോ? ഒരുതരം സ്ഥലജല വിഭ്രാന്തി എന്നെ ബാധിച്ചു. വില്ലേജിന്റെ അധികൃതർ ഞങ്ങളെ സ്വീകരിച്ചു. വില്ലേജിനെക്കുറിച്ചു ചെറിയൊരു വിശദീകരണം നൽകി. സമയം അധികരിച്ചിരുന്നതിനാൽ ഉച്ചഭക്ഷനത്തിന് ശേഷം ഞങ്ങൾ വില്ലേജ് ചുറ്റി നടന്നു കാണാൻ ആരംഭിച്ചു. ഹോക്‌സി വില്ലേജിലെ ചെറുപ്പക്കാരായ ഗൈഡുകൾ ഞങ്ങളെ ഓരോ ചെറിയ സംഘങ്ങളായി തിരിച്ചുകൊണ്ട് കാഴ്ചകൾ കാണിക്കാനായി കൂട്ടിക്കൊണ്ടുപോയി.

Huaxi Village Bell
ഹോക്‌സി വില്ലേജിലെ കൂറ്റൻ മണി 

വലിയൊരു ഉദ്യാനം പോലെ മനോഹരമാണ് വില്ലേജ്. വൈവിധ്യമാർന്ന ചെടികളും മരങ്ങളും പുൽമേടുകളുമെല്ലാം എങ്ങും നിറഞ്ഞിരിക്കുന്നു. ആഡംബര വില്ലകളും  മനോഹരങ്ങളായ ബംഗ്ലാവുകളും  നിരയൊപ്പിച്ചു നിൽക്കുന്നു. എല്ലാം ഒരേപോലെത്തെ ആധുനിക ഡിസൈനുകൾ. എങ്കിലും പൗരാണിക രീതിയിലുള്ള കവാടങ്ങളും വാസ്തു ശില്പങ്ങളും ഒപ്പമുണ്ട്. വിശാലമായ ശിൽപ്പോദ്യാനങ്ങളും  ഇവിടെ കാണാം. ചൈനീസ് പരമ്പരാഗതശില്പങ്ങളും പല ശില്പങ്ങളുടെ റിപ്ലിക്കകളും കൊണ്ട് ഇവിടം അലംകൃതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശില്പങ്ങളും പലതിന്റെയും മാതൃകകളും കാണാൻ കഴിഞ്ഞു. 

പ്രശസ്തമായ ടെറാക്കോട്ട വാരിയേഴ്സിലെ ചില ശില്പങ്ങളും ഇവിടെ സ്ഥാപിച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു. വന്മതിലിന്റ ഗോപുരങ്ങളിലും ഈ ശില്പങ്ങളിൽ ചിലത് കണ്ടിരുന്നു. സാമ്രാജ്യത്ത ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ക്വിൻ ഷി ഹുയാങ് (259 - 210 BC) ന്റെ  ശവകുടീരത്തിൽ, മരണാനന്തര ജീവിതകാലത്ത് അദ്ദേഹത്തെ  സംരക്ഷിക്കാനായിട്ട്,  മൃതദേഹത്തോടൊപ്പം ആയിരക്കണക്കിന് പടയാളികളുടെയും കുതിരകളുടെയും തേരുകളുടെയും ടെറാക്കോട്ട ശിൽപ്പങ്ങളും അടക്കം ചെയ്തിരുന്നു. ഷാങ്ക്സി പ്രവിശ്യയുടെ തലസ്ഥാനമായ ക്സിയാനിലുള്ള ലിന്റോങ് കൗണ്ടിയിൽ 220 - 209 BC യിൽ പണികഴിച്ച  ക്വിൻ ഷി ഹുയാങിന്റ ഈ ശവകുടീരവും അനുബന്ധ ശില്പങ്ങളും 1974 ൽ   തദ്ദേശീയരായ കർഷകരാണ് കണ്ടു പിടിച്ചത്. മൂന്നു വലിയ കുഴികളിലായി കണ്ടെത്തിയത് എണ്ണായിരത്തിലധികം പടയാളികളുടെയും നൂറുകണക്കിന് കുതിരകളുടെയും തേരുകളുടെയും ശിൽപ്പങ്ങൾ.

Huaxi Village 4
ഹോക്സി വില്ലേജിലെ ഒരു ശില്പം

കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഈ ശവകുടീരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത് 246 BC യിലാണെന്ന്  ചൈനീസ് ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിമാ ക്വിയാൻ (145 - 90 BC) രേഖപ്പെടുത്തിയിരിക്കുന്നു. കരകൗശല വിദഗ്ദ്ധരും തൊഴിലാളികളുമടങ്ങുന്ന ഏകദേശം എഴുപതിനായിരത്തോളം പണിക്കാർ വർഷങ്ങൾ കൊണ്ടാണ് ഈ ശവകുടീര സമുച്ചയം പണിതീർത്തതെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥ മനുഷ്യരുടെ വലുപ്പമുള്ള ഈ ശില്പങ്ങളിൽ ചിലതിനൊക്കെ ആറടിയിൽ കൂടുതൽ ഉയരമുണ്ട്. അത്തരം ശിൽപ്പങ്ങൾ ഉയർന്ന  ഓഫീസർമാരുടെയാണെന്ന് നിരീക്ഷിക്കുന്നു. പട്ടാളത്തിലെ വിവിധ പദവികളനുസരിച്ചുള്ള  വ്യത്യസ്തങ്ങളായ യൂണിഫോമുകളോടുകൂടിയ ശില്പങ്ങളാണിവ. റാങ്കിനും പദവിയ്ക്കുമനുസരിച്ചു മുഖഭാവത്തിലും മുടിയുടെ സ്റ്റൈലിലുമൊക്കെ  വ്യത്യാസമുള്ള ഈ ശില്പങ്ങൾ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. എങ്കിലും  അടിസ്ഥാനപരമായി പത്തു മുഖ ഷേപ്പുകൾ ഉണ്ടെന്നാണ്  ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. ഈ ശില്പങ്ങളോടൊപ്പം തന്നെ യഥാർത്ഥ ആയുധങ്ങളും അടക്കം ചെയ്തിരിക്കുന്നു. 

ടെറാക്കോട്ട ശില്പങ്ങളെല്ലാം തന്നെ അയൺ ഓക്സയിഡ്, സിന്നബാർ റെഡ്,  ഗ്രീൻ, അസുറൈറ്, ചാർക്കോൾ, കോപ്പർ സിലിക്കേറ്റ് മിശ്രിതം, ചൈനീസ് ലാക്കർ, പിങ്ക്, ലൈലാക് തുടങ്ങിയ പ്രകൃതി ദത്ത പിഗ്മെന്റുകൾ ഉപയോഗിച്ച് മനോഹരമായി പെയിന്റ് ചെയ്തവയാണ്. എന്നാൽ ഇവ മണ്ണിനടിയിൽ നിന്നും പുറത്തെടുത്താൽ നിമിഷങ്ങൾക്കുള്ളിൽ രാസപ്രവർത്തനം സംഭവിച്ചു നിറങ്ങൾ മങ്ങിപ്പോകാറുണ്ട്. ആയതിനാൽ ഭൂരിഭാഗം ശില്പങ്ങളും ഉത്ഖനന സ്ഥലത്തു തന്നെ മൂടിയിട്ട് സംരക്ഷിച്ചിരിക്കുവാണ്. വലിയൊരു സംസ്കാരവും ചരിത്രവുമാണ് ഏക്കറുകണക്ക് ഭൂമിയിൽ ഒളിച്ചിരിക്കുന്നത്. ഏതായാലും ഞങ്ങളുടെ യാത്രയുടെ ചാർട്ടിൽ ഷാങ്ക്സി പ്രൊവിൻസ് ഇല്ലാത്തതിനാൽ ടെറാക്കോട്ട വാരിയേഴ്സിനെ കാണാൻ സാധിക്കില്ല. അതോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. എങ്കിലും ഏതാനും ടെറാക്കോട്ട ശിൽപ്പങ്ങൾ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുളവായി. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന സാമ്രാജ്യത്തത്തിന്റെയും അധികാരത്തിന്റെയും ഒരു കാലഘട്ടത്തിന്റെ  രാഷ്ട്രീയവും  ജീവിതവും സംസ്കാരവും രേഖപ്പെടുത്തിയ ചരിത്രത്തിന്റെയും  തിരുശേഷിപ്പുകളായ ആ ശിൽപ്പങ്ങൾ എന്നിൽ  അത്ഭുതമുളവാക്കി. 

Huaxi Village 2
ഹോക്‌സി വില്ലേജിലെ ഗ്രീൻ ഫാം ഹൗസ് 

ഹോക്‌സി വില്ലേജിലെ ഏക്കറുകണക്കിന് പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കണ്ടു. പ്രത്യേകിച്ചു ഗ്രീൻ ഫാമുകളും മറ്റും ഏറെ ആകർഷണീയമായിരുന്നു. കൂറ്റൻ മത്തങ്ങകളും പേരറിയാത്ത ഒരുപാട് പച്ചക്കറികളും ഫലവൃക്ഷങ്ങളും ഗ്രീൻ ഹൗസിൽ വിളഞ്ഞു കിടക്കുന്ന കാഴ്ച്ച മനസ്സിന് സന്തോഷം പകരുന്നതായിരുന്നു.

വൈകുന്നേരം വില്ലേജിലെ ആഡിറ്റോറിയത്തിൽ ഞങ്ങൾക്ക് വേണ്ടി ചൈനീസ് ഓപ്പറ അരങ്ങേറി. പുരാതന ചൈനയിൽ ആരംഭിച്ച ഈ സംഗീത നൃത്ത നാടകം പതിമൂന്നാം നൂറ്റാണ്ടിൽ അതിന്റെ ഏറ്റവും മനോഹരമായ രൂപഭാവത്തിൽ എത്തി. സംഗീതം, നൃത്തം, നാടകം, അഭ്യാസം, മെയ്‌വഴക്കം, വേഷവിധാനങ്ങൾ, ചമയം, അലങ്കാരം എന്നിവയിലെല്ലാം തന്നെ പുതിയ ചിന്താഗതികളും  മാറ്റങ്ങളും ഉൾക്കൊണ്ട് വർഷങ്ങൾ കൊണ്ട് പരിണാമം സംഭവിച്ച്  ആധുനികതയും  പാരമ്പര്യവും സമഞ്ചസിക്കുന്നൊരു ദൃശ്യവിസ്മയമായി ചൈനീസ് ഓപ്പറ മാറി. ഹോക്‌സി വില്ലേജിൽ നിന്നനുഭവിച്ച  ആ മനോഹര ദൃശ്യ ശ്രാവ്യ  നൃത്തച്ചുവടുകൾ ഇന്നും ഓർമകളിൽ അലതല്ലുന്നു. 

ഇന്ത്യൻ യാത്രാ സംഘത്തിന്റെ ചെറിയൊരു ഉപഹാരം ഭാരത സർക്കാരിന്റെ കായികമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വില്ലേജിന്റെ പ്രതിനിധിക്ക് സമ്മാനിച്ചു. ഹോക്‌സി വില്ലേജ് സന്ദർശിച്ചതിന്റ ഓർമയ്ക്കായി ഞങ്ങൾക്കെല്ലാവർക്കും ജിയാങ്‌സു പ്രൊവിൻസിന്റ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വുഷിയിൽ നിന്നുമുള്ള  ഹുയി ഷാൻ കളിമൺ ശിൽപ്പങ്ങൾ സമ്മാനമായി നൽകി. നാനൂറ് വർഷങ്ങൾക്ക് മുമ്പ് മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് ആരംഭിച്ചതാണ് ഈ നാടോടി കരകൗശല പാവ നിർമ്മാണം. ഹുയി ഷാനിലെ വളരെയധികം പശിമയുള്ള കളിമണ്ണ് കൊണ്ട് നിർമ്മിക്കുന്ന ഈ കൊച്ചു പാവകൾ ചുടാറില്ല. ഉണങ്ങിയ പച്ച കളിമണ്ണിന്‌ മുകളിൽ നിറങ്ങൾ കൊണ്ട് വരച്ച മനോഹരമായ ആൺ പെൺ ജോടികളാണ് ഈ കൊച്ചു കരകൗശലം. ഈ നാടോടി കലാരൂപങ്ങൾ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകങ്ങളായി വീടുകളിൽ സൂക്ഷിക്കുന്നു.

 

Huaxi Village 5
ഭാരത സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥനോടൊപ്പം

 

വൈകുന്നേരം ഞങ്ങളെല്ലാവരും വില്ലേജിലെ തടാകക്കരയിൽ ഒത്തുകൂടി. തടാകത്തിലെ മ്യൂസിക്‌ ഫൗണ്ടൻ ഞങ്ങൾക്കായി മറ്റൊരു ദൃശ്യവിസ്മയമൊരുക്കി. സംഗീതത്തിനനുസരിച്ചു താളം തുള്ളുന്ന ജലധാരകൾ.  ആകാശത്തിന്റെ അനന്തതയിലേക്ക്.... ഉയരങ്ങളിലേക്ക് വെള്ളം ചീറ്റിച്ചുകൊണ്ട് മറ്റു ചില ഫൗണ്ടനുകൾ. പൊടിമഞ്ഞുപോലെ അന്തരീക്ഷത്തിൽ നിറഞ്ഞ നനുത്ത വെള്ളത്തുള്ളികൾ എല്ലാവരുടെയും ഉള്ളിൽ കുളിർമ  പടർത്തി. ഹോക്‌സി വില്ലേജിൽ സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റൻ മണിയിൽ ആരൊക്കെയോ വലിയ മരം കൊണ്ട് ആഞ്ഞിടിച്ചു.  അഭൗമമായൊരു നാദവിസ്മയം എങ്ങും നിറഞ്ഞു... അനന്തതയിലെവിടെയോ തട്ടി  ആ മണിമുഴക്കം മാറ്റൊലി കൊണ്ടു... 

( തുടരും.... )

Content Highlights: Huaxi Village, Richest Village in China, China Travel Experience Of An Artist Part 20, China Tourism