മൃദ്ധമായ  മുടിയിതളില്‍ വിരല്‍കോര്‍ത്ത്,പുഴയരികിലെ മരത്തില്‍ ചാരി ,തുടുത്ത് നില്‍ക്കുന്ന അഹല്യ. ചുവന്നകരയോട് കൂടിയ ഇളംവെള്ളസാരി.  വലം കൈയില്‍ പൂക്കൂട. അഹല്യനഗരി എക്സ്പ്രസില്‍ ഇരിക്കുമ്പോള്‍ രാജാ രവിവര്‍മയുടെ  പ്രസിദ്ധമായ ഈ ചിത്രം വെറുതെ ഓര്‍ത്തു. ഇന്‍ഡോറിലേക്കോടുന്ന ട്രെയിനിന് എന്തുകൊണ്ടാണ് അഹല്യനഗരി എക്സ്പ്രസ് എന്നപേരെന്നറിയില്ല.  ഒന്നറിയാം,  ഉജ്ജ്വയിനി  എന്ന പേരിന് അസാമാന്യ വശീകരണശക്തിയാണ്. കാളിദാസന്റെ ഭ്രമിപ്പിക്കുന്ന കാവ്യകല്‍പ്പനകള്‍ മാത്രമല്ല, ലതാമങ്കേഷ്‌കറുടെ ശ്രുതിമധുരങ്ങളായ പാട്ടുകള്‍ മാത്രമല്ല, ശാപമോക്ഷത്തിനായി കാത്തിരിക്കുന്ന ഏതോ അഹല്യ ഉജ്ജ്വയിനിയില്‍ എന്നെ കാത്തിരിക്കുന്നു എന്ന തോന്നലും പ്രലോഭിപ്പിച്ചിരുന്നു. 

ധ്യാനിക്കുന്നെങ്കില്‍ ഇങ്ങനെ

ആ പുറപ്പെട്ടുപോക്ക് ഇരുപത് വര്‍ഷം മുമ്പാണ്. ഏപ്രിലിന്റെ കൊടുംചൂടില്‍.  ഒറ്റയ്ക്ക്. അതിന് സുഖമേറെയാണ്. ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനോ ഭക്ഷണം കഴിക്കാന്‍ വിളിക്കാനോ ആരുമില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഒരു ഗ്രൂപ്പിന്റെയും താല്‍പ്പര്യങ്ങളില്‍ നിന്നുകൊടുക്കാനില്ല. ഇഷ്ടമില്ലാതെ ആടുകയോ പാടുകയോ വേണ്ട. എന്നാലോ, ഇഷ്ടം വരുമ്പോള്‍ ഉന്മാദനൃത്തം ചവിട്ടുകയുമാകാം. ആരോടെന്നില്ലാതെ നിശബ്ദം ചിരിക്കുകയുമാകാം. ഒരു കാലി ചായയിലും വടയിലും രണ്ട് ചപ്പാത്തിയിലും ഉള്ളിക്കറിയിലും ഒരു ദിവസത്തെ സന്തോഷത്തോടെ യാത്രയാക്കാം.  രാത്രിയോ പകലോ എന്നില്ലാതെ എത്രനേരം വേണേലും പുറംകാഴ്ച്ചകള്‍ കാണാം. ആരോടും മിണ്ടാതെ ധ്യാനബുദ്ധനെ പോലെയിരിക്കാം. തനിച്ചുള്ള യാത്രകള്‍ യഥാര്‍ഥത്തില്‍ ബുദ്ധന്റെ യാത്രകള്‍ കൂടിയാണ്. ജ്ഞാനോദയയാത്രകള്‍. ഒരോ ഇടവും തിരിച്ചറിവുകള്‍ തരുന്ന ആലിന്‍ച്ചുവടുകളാകുന്നു. നിര്‍മമം, ശാന്തം. ഇലയനക്കങ്ങളും കാറ്റിന്റെ ഗസലും  നമ്മില്‍ നിറഞ്ഞ് കവിയുന്നു. അകം വെടിപ്പാകുന്നു. തനിയെ എന്ന ബോധം നമ്മുടെ ഓരോ കോശത്തെയും ജാഗരൂകമാക്കുന്നു. ഉറങ്ങുമ്പോള്‍ ആരൊക്കെയോ നമുക്കായി കൂടെ ഉണര്‍ന്നിരിക്കുന്നു. 

മൗനിബാബ

ഗ്രൂപ്പുകളുടെ വിനോദയാത്രകള്‍ക്ക് പൊതുവേയുള്ള സ്വഭാവമുണ്ട്. ടൂറിസ്റ്റ് ബസുകളിലാണെങ്കില്‍ അലറിവിളിക്കുന്ന പാട്ടില്‍, തെന്നിക്കളിക്കുന്ന ലേസര്‍ രശ്മികള്‍ക്കൊപ്പം ആടുക, അന്താക്ഷരി കളിക്കുക, ചിപ്സ് തിന്നുകൊണ്ടിരിക്കുക. ബാക്ക് സീറ്റില്‍ ആട്ടത്തിനൊപ്പം ഗ്ലാസില്‍ അതിവിദഗ്ധമായി മദ്യം പകരുക. പിന്നെയും ചാടുക, തുള്ളുക. ആനന്ദം ഇവിടെ പൂര്‍വനിശ്ചിതങ്ങളാണ്. എന്നാല്‍ ഇതിനപ്പുറം മൗനം മാത്രം തന്നിലേക്ക് നിറച്ച്, മൗനം മാത്രം കുടിച്ച്, നടത്തുന്ന അവനവന്‍ മൗനിബാബ യാത്രയുണ്ട്. പിന്നീട് ഓര്‍മകള്‍ക്ക് തേന്‍മധുരം പുരട്ടുന്നത് ഈ ഏകാന്തയാത്രകളായിരിക്കും. ബഹളയാത്രകളാകട്ടെ,  ഉള്ളി തൊലിപൊളിച്ചപോലെ ഒരോ അടരുകളായി ഓര്‍മകളില്‍ നിന്ന് എളുപ്പം മാഞ്ഞുപോകുന്നു. 

കാവല്‍മാലാഖമാര്‍

ആരെയും ആശ്രയിക്കാനില്ലാത്ത ഒരിടം.  ആകസ്മികമായി അപരിചിതരില്‍ നിന്ന് എത്തിയേക്കാവുന്ന സഹായങ്ങള്‍. അതിലായിരുന്നു വിശ്വാസം. പലയിടങ്ങളിലും ജീവിതം നമ്മെ പലതും അനുഭവിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ നന്മയില്‍ വിശ്വാസം തോന്നിപ്പിച്ച എത്രയെത്ര സന്ദര്‍ഭങ്ങള്‍.  ചുട്ടുപൊള്ളുന്ന നെറ്റി തടവിത്തരുന്ന അപരിചിത വിരല്‍ തണുപ്പുകള്‍. വിഷാദത്തിലാണ്ടിരിക്കുമ്പോള്‍ ലേപനമായെത്തുന്ന സാന്ത്വനത്തിന്റെ കുളിര്‍ കളഭക്കൂട്ടുകള്‍. പലപ്പോഴും അപരിചിതര്‍ക്കാണ് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യമെന്ന് തോന്നിപ്പോയിട്ടുണ്ട്. യാത്രയിലുടനീളം അവരുടെ സാന്നിധ്യമുണ്ടായിരുന്നു. അവരെ ഒരു കള്ളിയിലും ഒതുക്കിനിര്‍ത്താനാകില്ല. 

പൊതിച്ചോര്‍ അഴിച്ചപ്പോള്‍

ഷൊര്‍ണൂരില്‍  പൊതിച്ചോറ് അഴിച്ചു. മുട്ടപൊരിച്ചതും നാരങ്ങ അച്ചാറും വാട്ടിയ വാഴയിലയില്‍ പറ്റിക്കിടന്ന ചോറുമായി നല്ല ചങ്ങാത്തിത്തിലായിരുന്നു. കാച്ചിയ മോരുമായി എല്ലാം നല്ലവണ്ണം കൂടിക്കലര്‍ന്നിരിക്കുന്നു. ഉരുള ഉരുട്ടിയപ്പോഴേക്കും ആസ്വാദ്യകരമായ മണം പരന്നു. കുറച്ച് വെള്ളം കുടിച്ച് പുറത്തേക്ക് നോക്കി. ചൂടുണ്ട്. എന്നാല്‍ ചുളുചുളുന്നനെയുള്ള കാറ്റില്‍ ചൂട് തോറ്റ് പോകുന്നു. മയങ്ങിപ്പോയി. കണ്ണ്തുറക്കുമ്പോള്‍ മാറിയ കാഴ്ച്ചകള്‍, മണങ്ങള്‍. വട്ടക്കുട്ടയില്‍ മാംസളമായ പേരയ്ക്കയുമായി ജോലാര്‍പേട്ട സ്റ്റേഷനില്‍ നിന്ന് പെണ്ണുങ്ങളെത്തി.. കാട്പാടിയില്‍ വാഴപ്പഴം.. ഗ്രാമീണകച്ചവടക്കാര്‍... വേഷവിധാനങ്ങളിലും സംസാരങ്ങളിലും വൈവിധ്യത്തിന്റെ നിരവധി കാഴ്ച്ചകള്‍ കൂട്ടിക്കെട്ടിയ കമ്പാര്‍ട്ടുമെന്റുകളുമായി അഹല്യനഗരി കൂകിപാഞ്ഞു.  

കളകള്‍ കത്തിയെരിയുന്ന ഗോതമ്പ് തോട്ടങ്ങള്‍, ഫട് ഫ്ട് മുച്ചക്രവണ്ടികള്‍

ഉജ്ജയിനിയില്‍ ഇറങ്ങി ഇന്‍ഡോറിലേക്ക് ബസില്‍ ഇരിക്കുമ്പോള്‍  ഗോതമ്പ് പാടങ്ങളിലെ കളകള്‍ കത്തിയെരിയുകയായിരുന്നു.  അതിരിലൂടെ തീപിടിച്ച ട്രെയിന്‍ കടന്നുപോലെ തോന്നി. കളകളെല്ലാം കൂനക്കൂട്ടി കത്തിക്കുകയാണ്.  മഞ്ഞപ്പാടങ്ങളുടെ അതിരില്‍ ആളിനിന്ന തീയുടെ  കട്ടചെമപ്പ്  വാന്‍ഗോഗിന്റെ പെയിന്റിംഗ് പോലെ ഇപ്പോഴും മനസ്സിലുണ്ട്.   വയലില്‍ നിന്ന് ചെന്തീപൂവ് വിരിഞ്ഞുയര്‍ന്ന പോലെ. പഞ്ചാബിലും മറ്റും ഇങ്ങനെ കളകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. പരിസരമലിനീകരണം തന്നെ പ്രശ്നം. മഹാകാളീശ്വര്‍ ക്ഷേത്രത്തില്‍ പോയി. രുദ്രസാഗര്‍ തടാകത്തിനടുത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രം. ഇവിടുത്തെ വമ്പന്‍ ആര്യവേപ്പും അരയാലും പേരാലും ചേര്‍ന്ന വൃക്ഷത്രിവേണി പ്രസിദ്ധമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്ന് തുലോം വിഭിന്നമായ ശില്‍പമാതൃക. ഗോപുരത്തിന് പ്രധാനമായും വെള്ളനിറമാണ്. അരികുകളില്‍ സ്വര്‍ണനിറവും. കരിങ്കല്‍തൂണുകള്‍ നാട്ടിലേതിന് സമാനമാണ്. ലെതര്‍ ജാക്കറ്റുകളണിഞ്ഞ സന്യാസിമാരെ ക്ഷേത്രനടയില്‍ കണ്ടു. ദര്‍ശനത്തിന് നീണ്ട ക്യൂ. 

Ujjayini Travelമൂന്ന് ചക്രവണ്ടികളാണ് ബസുകള്‍ക്കുപുറമെ സഞ്ചാരത്തിനായി ഉള്ളത്. വലിയ ചക്രങ്ങളുള്ള ഫട് ഫട്. ചെറിയ ടെമ്പോയുടെ വലിപ്പമുള്ള ഓട്ടോ എന്ന് പറയാം. പ്രധാന തെരുവുകളില്‍ നിറയെ ആള്‍ക്കൂട്ടമാണ്. അതിനിടയിലൂടെ അതിശയകരമായി ഫട് ഫടും മറ്റ് വാഹനങ്ങളും കടന്നുപോകുന്നു. ഇപ്പോ ഇടിക്കും എന്ന പേടിയില്‍ അരികിലെ കമ്പിയില്‍ നമ്മള്‍ മുറുകി പിടിച്ചുപോകും.   എവിടെയും പഴമകളുടെ മൂദ്രകള്‍.  ക്ഷേത്രത്തിന് പുറകെ കുറച്ച് താഴ്ന്ന് കിടക്കുന്ന റോഡ്. അതിലൂടെ നടന്നപ്പോള്‍ വലിയ മരത്തിനരികെ വമ്പന്‍ സത്രം. കൂടുതലായും ജഡാധാരികളായ സന്യാസിമാര്‍. പൊളിഞ്ഞിളകിയ തൂണിനരികില്‍ രുദ്രസാഗറില്‍ നിന്നുള്ള കാറ്റേറ്റിരുന്നു. കര്‍പ്പൂരത്തിന്റെ മണം ഇരച്ചെത്തുന്നു. പിടിതരാത്ത മറ്റേതോ പഴമയുടെ മണം ആ സത്രത്തില്‍ കെട്ടികിടക്കുന്നു. രാത്രിയില്‍ ആ സത്രം എന്നെ പൊതിഞ്ഞുപിടിച്ചു. മഞ്ഞളും കുങ്കുമവും പറ്റിയ തൂണുകളിലൊന്നിന്റെ അരികില്‍ വിചിത്രമണങ്ങളടിച്ച് ഞാന്‍ ആ സത്രത്തില്‍ ഉറങ്ങാതെ കിടന്നു. ജീവിക്കാന്‍ എന്തും എത്ര കുറച്ച് മതിയെന്ന് അവിടുത്തെ സന്യാസിമാര്‍ പറയാതെ പറഞ്ഞു. 

എണീക്കുമ്പോള്‍ കത്തിക്കാളുന്ന വെയില്‍. പക്ഷേ വിയര്‍ക്കില്ല. അന്തരീക്ഷത്തിലെ ഈര്‍പ്പം തീരെ കുറവാണ്. പട്ടാളക്യാമ്പ് സ്ഥിതിചെയ്യുന്ന മൗവിനടുത്ത് സുഹൃത്ത് താമസിക്കുന്ന ഇടത്തേക്ക് തിരിച്ചെത്തണം. എവിടെയൊക്കെയോ കറങ്ങി ഒടുവില്‍ വഴിത്തെറ്റിപ്പോയി. തെരുവില്‍  ദീനാനുകമ്പയുള്ളവരുമുണ്ടായിരുന്നു. വഴിതെറ്റിയുള്ള പരദേശിയുടെ പരവേശം ചിലര്‍ക്ക് തിരിഞ്ഞു.  സ്റ്റാന്റില്‍ നിന്ന് പോകേണ്ട ഇടത്തേക്ക് ബസ് കയറ്റിവിടാന്‍ അവരിലൊരാള്‍ മനസ്സ് കാട്ടി. അറിഞ്ഞു മറ്റൊരു കാവല്‍ മാലാഖയുടെ സാന്നിധ്യം. 

ജാള്യം നിറച്ച നാഗ്പൂര്‍ ഓറഞ്ച് കുട്ട

നാഗ്പൂരിയെത്തിയപ്പോള്‍ ഓറഞ്ചിന്റെ മണമടിച്ചു. ബാലന്‍ ഒരു കുട്ട ഓറഞ്ചുമായി ട്രെയിനില്‍ കയറി. അടുത്തിരുന്ന പട്ടാളക്കാരന്റെ ഭാര്യയും ഞാനും കൂടി ആ ഓറഞ്ച് കുട്ട വാങ്ങി. തൊട്ടനിമിഷം പണം വാങ്ങിയ പയ്യന്‍ ട്രെയിന്‍ ഇറങ്ങി ഓടി. പാവം വിശപ്പടക്കാനാകുമെന്നാണ് കരുതിയത്. പക്ഷേ ഓറഞ്ച് വീതം വെയ്ക്കാനിടുത്തപ്പോഴാണ് കബളിക്കപ്പെട്ടത് അറിഞ്ഞത്. ഒരു നിര ഓറഞ്ച് മാത്രമാണ് നല്ലതുള്ളൂ.അടുത്ത നിര കേടായത്. അതിനടിയില്‍ പേപ്പര്‍ കുത്തിനിറച്ചിരിക്കുന്നു.  നാഗ്പൂര്‍ ഓറഞ്ച് എന്നോര്‍ക്കുമ്പോള്‍ പുളിയാണ് നാക്കില്‍. കിട്ടാത്ത ഓറഞ്ചിന്റെ പുളി.

(മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്ററാണ് ലേഖകന്‍)