ദൂരെ, കമ്പിത്തൂണുകള്‍ക്കപ്പുറം ഒരു കറുത്ത വട്ടം തെളിഞ്ഞു. പിന്നെ, പെട്ടെന്ന് വലിപ്പംവെച്ച്, പുക തുപ്പി, ഇരുണ്ട മുഖത്തോടെ, മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ള രഹസ്യസന്ദേശവുമായി വരുന്ന ദൂതനെപോലെ, കുളമ്പിട്ടടിച്ച് നീങ്ങിവന്നു. താവളമെത്തിയ ആശ്വാസത്തോടെ , അമ്പരപ്പോടെ വണ്ടിനിന്നു. പാണ്ഡവപുരം - സേതു

പുലരിയുടെ ഇതളഴിയുമ്പോള്‍

ചില ദീര്‍ഘദൂരയാത്രകള്‍ കഴിഞ്ഞ് തിരിച്ചെത്തി യാത്രയെ ഓര്‍ത്തെടുത്ത് നോക്കിയിട്ടുണ്ടോ? ചിലപ്പോള്‍ ഒന്നും മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ടാകില്ല. ബഹളങ്ങളുടെ ഓളങ്ങള്‍ മാത്രം. ഓടിനടന്ന് ഫോട്ടോയെടുത്ത ഓര്‍മകള്‍. സെല്‍ഫികള്‍, അന്താക്ഷരി,  കുടത്തിലെ ഒന്നുമില്ലായ്മയുടെ മുഴക്കം മാത്രം. എന്നാല്‍ പുലരിയുടെ ഇതളഴിയുംമുമ്പ് ആളൊഴിഞ്ഞ കുഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ ഇരുന്നിട്ടുണ്ടോ? നല്ല അനുഭവമാണ്. മനസ്സ് വെച്ചാല്‍ പൂവ് വിടരുംപോലെ ധ്യാനം നമ്മില്‍ നിറയും. റെയില്‍വേസ്റ്റേഷന്‍ പലപ്പോഴും ആല്‍മരച്ചുവടാകും. യാത്ര തുടങ്ങുന്ന ഇടം തന്നെ ലക്ഷ്യസ്ഥാനവുമാക്കാം. ആവലാതികള്‍ മൊത്തം വേസ്റ്റ് ബിന്നിലിട്ട് രാത്രിയെ ഉറ്റുനോക്കുക. ജീവിതത്തിന് തെളിച്ചം കൂടിവരുന്നത് കാണാം.

Train Travel 1  

മിന്നാമിന്നികളായി ആത്മാവുകള്‍

Train Travel 2വിളക്ക്കാലില്‍ മഞ്ഞവെളിച്ചത്തില്‍ കുഞ്ഞീച്ചകള്‍ വലയം ചെയ്യുന്നു. ഇരുട്ടിനോട് കലരാന്‍ മടിച്ച് നില്‍ക്കുകയാണ് അതില്‍ നിന്നുള്ള തുള്ളിവെളിച്ചം. ചാരുബെഞ്ചില്‍ എത്രയോ യാത്രികരുടെ പറ്റിപ്പിടിച്ച മണം. അവരില്‍ എത്രപേര്‍ ഒരിക്കലും തിരിച്ചുവരാതെ ദൂരങ്ങളിലേക്ക് യാത്രപോയിട്ടുണ്ടാകും? അവരുടെ ഓര്‍മകളാണോ തൊട്ടടുത്തെ മരകൊമ്പില്‍ മിന്നാമിനുങ്ങുകളായി കെട്ടും കത്തിയുമിരിക്കുന്നത്? 

എത്രയെത്ര യാത്രകള്‍ക്ക് തുടക്കവും ഒടുക്കവും  ഇവിടെ കുറിച്ചിരിക്കും? അകലേ നിന്ന് പൊട്ട് കുത്തിയ വെളിച്ചം എത്രയോ വലിയ ശബ്ദത്തെ കൂട്ടുപിടിച്ച് കലമ്പി കടന്നുപോകുന്നു. പാളം കിടന്ന് കിടുങ്ങുന്നു. പിന്നീട് നീണ്ട നിശബ്ദത. അത് വളര്‍ന്ന് വലിയൊരു ബലൂണാകുമ്പോള്‍ കുത്തിപൊട്ടിക്കുന്ന അനൗണ്‍സ്മെന്റ്.. പ്ലാറ്റ്ഫോമില്‍ ഉറക്കച്ചടവുമായി വായതുറന്ന് ഉറങ്ങുന്നവര്‍..പുലരി വെട്ടമടിക്കാന്‍ ഇനിയുമേറെ സമയം ബാക്കി. മരങ്ങള്‍ നിന്ന് മയങ്ങുകയാണ്. ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണിനരികില്‍ നാളത്തെ അരിമണി സ്വപ്നം കണ്ട് മയങ്ങുന്ന പ്രാവുകള്‍. അവരുടെ അന്നദാതാവായ അരിനിറച്ച ചരക്ക് വണ്ടി ഏത് സ്റ്റേഷനിലെത്തിയിരിക്കും? വളഞ്ഞുകൂടി ഉറങ്ങുന്ന പട്ടികള്‍. വന്നുപതിക്കുന്ന കല്ലുകള്‍ അവരെ ദുസ്വപ്നങ്ങളായി വേട്ടയാടുന്നുണ്ടാകുമോ?
 
അങ്കലാപ്പുകളില്ലാതെ എല്ലാം വെറുതെയിരുന്ന് കാണുന്നു, കേള്‍ക്കുന്നു. ഒരേ സമയം നിശബ്ദയും ശബ്ദഘോഷവും വേഷമിടുന്ന സ്റ്റേഷന്‍. നിങ്ങള്‍ക്കെന്ത് വേണം? നിശബ്ദതയോ ചിന്നംവിളിയോ?  ഇഷ്ടമുള്ളതെടുക്കാം. അടുത്തിരിപ്പുണ്ട്, വലിയ ബാഗുകളും ചുറ്റികെട്ടിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളുമായി  കുടുംബം. വേവലാതിയോടെ ട്രെയിന്‍ വരുന്നതും നോക്കിയിരിക്കുന്നു. ഏതോ വൃക്ഷത്തൈയും പൊതിഞ്ഞെടുത്തിട്ടുണ്ട്. നാടിന്റെ ഓര്‍മ കൂടെ കൂട്ടാനുള്ള ശ്രമമായിരിക്കാം. മഹാനഗരത്തിലെ ഒരേ വേഷമിട്ട ക്വാര്‍ട്ടേഴ്സിന് പിന്നില്‍ നാടിനെ ഒരു ഓര്‍മമരമായി വളര്‍ത്തുന്നത് കാണുന്നു.

Train Travel 3

ചാരുബെഞ്ചിലിരുന്ന് ഇരുട്ട്  കുടിക്കുമ്പോള്‍

യാത്ര പുറപ്പെടുംമുമ്പ് തന്നെ ആനന്ദത്തിലമരാന്‍ സ്റ്റേഷനിലെ ചാരുബെഞ്ച് തന്നെ ധാരാളം. നിശബ്ദനായി ഇരുട്ടില്‍ നോക്കിയിരിക്കുക. ഇരുട്ട് കുടിക്കുക. ഒരിക്കല്‍ ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കൊല്ലത്തേക്ക് പോകാന്‍ ഇരുന്ന രാത്രി  ഓര്‍ക്കുന്നു. ധാരാളം മരങ്ങള്‍ അതിരിട്ട് നിന്ന സ്റ്റേഷന്‍. അതിനടിയില്‍ ചൂടു ചായയുമായി പുലരിയെ സ്വാഗതം ചെയ്യാനിരുന്നത്. ഇടയ്ക്കിടെ ഞെട്ടിയുണരുന്ന കുഞ്ഞിന്റെ കരച്ചില്‍ മാത്രം കേട്ട പുലരി. 

വിലാസവഴിയില്‍ മഴനനഞ്ഞുകിടക്കുന്ന കത്തുകള്‍. പ്ലാസ്റ്റിക് കൂടുകളില്‍ പൊതിഞ്ഞ് കിടക്കുന്നു. ഏതോ നഗരത്തില്‍ ഓടാന്‍ കൊണ്ടുപോകുന്ന മൂടികെട്ടിയ ടൂ വീലര്‍. വിരളമായി ട്രോളികളുടെ കരച്ചില്‍. സിഗ്‌നലില്‍ ചുവപ്പും പച്ചയും. ഒരിക്കലും ആ വെളിച്ചങ്ങള്‍  പരസ്പരം കാണുന്നില്ല. അല്‍പ്പം മാറി ന്യൂസ്പേപ്പര്‍ കെട്ടഴിച്ച് തരംതിരിക്കുന്നവര്‍. ഉറ്റവരെ യാത്രയാക്കുന്നരുടെ ദു:ഖം, കൂട്ടുകാരെ കാലത്തിന് ശേഷം കാണുന്ന സന്തോഷം.

Train Travel 4

ഇരുപത്തിനാല് മണിക്കൂറും റെയില്‍വേസ്റ്റേഷന്‍ ഉറങ്ങുന്നില്ല. ഏറ്റവും പിന്നിലെ ചെറിയ കമ്പാര്‍ട്ടുമെന്റില്‍ ഏകാന്തമായി യാത്ര ചെയ്യുന്ന ഗാര്‍ഡിനെ കുറിച്ചും ഓര്‍ത്തു. ഏകാന്തത അലിഞ്ഞുകിടക്കുന്നു, ഓരോ കുഞ്ഞു റെയില്‍വേ സ്റ്റേഷനിലും. 

(ക്ലബ് എഫ്.എം കൊച്ചി സീനിയര്‍ കോപ്പി റൈറ്ററാണ് ലേഖകന്‍)

Content Highlights: Purappettupokunna Yathrakal, Train Travel, Mathrubhumi Yathra