ണ്ട് പൂമ്പാറ്റകള്‍. സ്വതന്ത്രമായി, ഉല്ലസിച്ച് പാറിപറക്കുന്നത് കണ്ടാലറിയാം, ഇണകളാണ്. അവര്‍ക്കറിയുമോ സമുദ്രനിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് അവരുടെ പ്രേമസല്ലാപമെന്ന്. കേരളത്തില്‍ ഒരുപക്ഷേ, ഏറ്റവും കാവ്യാത്മകമായ സ്ഥലനാമമായ ഇലവീഴാപ്പൂഞ്ചിറയിലാണ് പറന്നു നടക്കുന്നതെന്ന്. ഇവിടെ, കുടയത്തൂര്‍മല, മാങ്കുന്ന്, തോണിപ്പാറ എന്നീ മൂന്നുമലകളുടെ ഇടയില്‍  നിന്ന് നോക്കിയാല്‍ ചുറ്റുവട്ടത്തായി അഞ്ചുജില്ലകള്‍ കാണാമെന്ന്. അവര്‍ക്ക് എന്ത് സ്ഥിതിവിവര കണക്ക്, അല്ലേ?  മനുഷ്യര്‍ക്കല്ലേ ട്രാവല്‍ പ്ലാനും ഗൈഡും മാപ്പും. പൂമ്പാറ്റകളാകട്ടെ കാട്ടുതീയില്‍ കരിഞ്ഞുണങ്ങിയ മലഞ്ചെരിവിലെ ചെറുപനകളുടെ തളിര്‍ത്തുവരുന്ന ഇലകളില്‍ മുത്തമിട്ട് പറക്കുന്നു. വാലില്‍ തൊട്ട് ഇണയും. രണ്ടിലകള്‍ വായുവില്‍ തെന്നി തെന്നി പറക്കുന്നപോലെ തോന്നി.

Ilaveezhapoonchira 4

നട്ടുച്ച കിറുക്ക്

മാര്‍ച്ചില്‍ സൂചിവെയില്‍ തീക്കൂട്ടി പെരുക്കുന്ന ദിവസങ്ങളിലൊന്നാണ് ഇലവീഴാപ്പൂഞ്ചിറയിലേക്ക് വെച്ച് പിടിച്ചത്. അതും നട്ടുച്ചയ്ക്കും. കോട്ടയത്തില്‍ കാഞ്ഞാറിനടുത്ത് മേലുകാവ് വില്ലേജിലാണ് ഇലവീഴാപ്പൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി. കൊടുംകാട്ടിനുനടുവില്‍ ഇലവീഴാതെ തെളിഞ്ഞുകിടക്കുന്ന പൂഞ്ചിറ സ്വപ്നം കണ്ടാണ് യാത്ര. പൂവള്ളികളും ഇലപ്പടര്‍പ്പുകളും നിറഞ്ഞ പച്ചത്തുരുത്തിനിടയില്‍ തെളിഞ്ഞ മുഖവുമായി നീലാകാകാശം കണ്ടുകിടക്കുന്ന ചിറ. മനസ്സില്‍ രൂപം കൊടുത്ത ഇലവീഴാപ്പൂഞ്ചിറ ഇങ്ങനെയൊക്കെയായിരുന്നു. പലതും സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കും. യാഥാര്‍ത്ഥ്യം മറ്റൊന്നാകും. വിനോദസഞ്ചാരിയെന്ന ഉടുപ്പഴിച്ച് വെച്ച് ഇവിടേക്കെത്തിയാല്‍ നിരാശ കണ്ടേക്കില്ല. ഇവിടെ എല്ലാം പതുക്കെയാണ്. വഴിയില്‍ കണ്ട തേരട്ടയെപോലെ. കിളികള്‍ക്കുമില്ല തിടുക്കം. ഉച്ചയിലേക്ക് സൂര്യന്‍ എത്തിനോക്കിയിട്ടും  ഒരു ഹോംവര്‍ക്കും ചെയ്യാനില്ലാത്ത കുട്ടിയെപോലെ നിശ്ചലമായി ശയ്യയില്‍ ചുരുണ്ടുകിടക്കുകയാണ് ഇലവീഴാപ്പൂഞ്ചിറ.

Ilaveezha Poonchira

നിശ്ചലം, ധ്യാനത്തിലാണ്ട മരങ്ങള്‍

തൊടുപുഴയില്‍ നിന്ന് മൂലമറ്റം എത്തുംമുമ്പ് വലത്തോട്ട് തിരഞ്ഞ് ഏഴ് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഇവിടെയത്തും. തൊടുപുഴയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ ദൂരം.‌ കാറില്‍ കുറച്ച് ദൂരം സഞ്ചരിച്ചപ്പോഴേ വഴി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് കണ്ടു. ജീപ്പുകളുണ്ട്. അറുന്നൂറ് രൂപ കൊടുത്താല്‍ പോകാം. യാത്രകളില്‍ സുഖം അന്വേഷിച്ചാല്‍ അനുഭവം മാറിനില്‍ക്കുമെന്ന് പാഠം. അതിനാല്‍ കാര്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി. വഴിയില്‍ കാട്ടുച്ചെടികള്‍ അതിരിട്ട വളരെ കുറച്ച് വീടുകള്‍ മാത്രം. വഴിയരികിലെ മരങ്ങളില്‍ ഇലകള്‍ പഴുത്തു മഞ്ഞനിറമണിഞ്ഞുനില്‍ക്കുന്നു. ചെറുകാറ്റുമതിയാകും അതില്‍ പലതും നിലംതൊടാന്‍.

കുറച്ച് കഴിയുമ്പോള്‍ പണ്ടെങ്ങോ കണ്ട മാതിരി പെട്ടിക്കടയുണ്ട്. ബിസ്‌ക്കറ്റുകള്‍, നാരങ്ങവെള്ളം... കടക്കാരന്‍ ചിരിക്കുന്നു. ഉള്ളംനിറഞ്ഞ ചിരി. ശരിയാണല്ലോ, ഇത്തരം ചിരി കണ്ടിട്ട് എത്രകാലമായി? ഉദയമോ അസ്തമയമോ ആസ്വദിക്കാനാണ് ഇവിടം നല്ലതെന്ന് ചങ്ങാതിമാര്‍ പറഞ്ഞിരുന്നു. ഉച്ചിയിലെത്തിയപ്പോള്‍ അവരുടെ വാക്കുകള്‍ ശരിയാണെന്ന് തോന്നി. കടുത്ത വേനലിലും വഴിയോരത്ത് ചിലയിടങ്ങളില്‍ പതുത്ത പുല്ലുകളുണ്ട്. എന്നാല്‍ മുകളിലെത്തുമ്പോള്‍ ചുറ്റും കരിഞ്ഞുണങ്ങിയ മലഞ്ചെരിവുകളാണ്. പോലീസ് വയര്‍ലെസ് സ്‌റ്റേഷനിലേക്ക് അവിടെ നിന്ന് ഒരു കിലോമീറ്ററോളം പിന്നെയും നടക്കണം. കവലയില്‍  ജോണി ചേട്ടന്‍ നടത്തുന്ന ചായക്കടയുണ്ട്. കടയുടെ തൊട്ടുപിന്നില്‍ ഓലകൊണ്ട് തീര്‍ത്ത കുടീരം. സാനിറ്റൈസര്‍ തന്ന് സ്വീകരിച്ച ശേഷം ആ കുടീരത്തില്‍ പോയി ഇരുന്നു. ഇപ്പോള്‍ മലഞ്ചെരിവുകളില്‍ നിന്ന് വരുന്ന കാറ്റ് വിയര്‍പ്പ് മെല്ലെ തുടച്ചെടുക്കുന്നുണ്ട്. അപ്പോള്‍ പൊരിച്ചെടുത്ത പഴംപൊരിയും സോഡസര്‍ബത്തുമായി ജോണി ചേട്ടന്‍ അടുത്ത് വന്നിരുന്നു. ആ നാടിന്റെ/ കാടിന്റെ കഥ പറഞ്ഞു.

Ilaveezhapoonchira 2

മേലുകാവില്‍ പള്ളി പണിയുമ്പോള്‍ മണല്‍ കൊണ്ട് വന്ന ലോറിക്കൊപ്പം പത്തിരുപത് വര്‍ഷം മുമ്പ്  പാലായില്‍ നിന്നെത്തിയതാണ്... കടുത്ത പണികള്‍ക്കിടെ ആരോ പറഞ്ഞറിഞ്ഞു നല്ല വീര്യമുള്ള വാറ്റ് അടുത്തെവിടെയോ കിട്ടുമെന്ന്. അന്വേഷിച്ച് എത്തിയതോ ഇലവീഴാപ്പൂഞ്ചിറയിലും. പിന്നീട് ഇവിയെങ്ങ് കൂടി. അയ്യായിരം രൂപയ്ക്ക് ഒരേക്കര്‍ ഭൂമി കിട്ടി. അവിടെ കൃഷി തുടങ്ങി, വളരെ വൈകി ചായക്കടയും.  ജോണിച്ചേട്ടന്‍ ചിരിക്കുന്നു. ആ ചിരിയില്‍ പൂഞ്ചിറയിലെ വര്‍ഷങ്ങള്‍ ഓടിമറയുന്നത് കാണുന്നു. കവലയിലെ ചായക്കടയുടെ അടുത്തൂടെ ഇടത്തോട്ട് തിരിഞ്ഞാല്‍ ഇലവീഴാപ്പൂഞ്ചിറ. വലത്തോട്ട് തിരിഞ്ഞാല്‍ പോലീസ് വയര്‍ലെസ് സ്‌റ്റേഷന്‍.

Ilaveezhapoonchira 5ആദ്യം ഇലവീഴാപ്പൂഞ്ചിറയിലേക്ക് നടന്നു. വലിയ ചിറയില്‍ ഒറ്റയില വീണ് കിടക്കുന്നു! ചീത്തപ്പേരുണ്ടാക്കാനായി വന്ന് കിടക്കുന്നു. ചുറ്റും തൊട്ടടുത്ത് മരങ്ങളൊന്നുമില്ല. തെല്ലുമാറി കുറച്ചുമരങ്ങള്‍ ചിറയെ നോക്കി നില്‍പ്പുണ്ട്. അവിടെ നിന്ന് കാറ്റ് കൊണ്ടിട്ടതാകും. ചന്ദ്രനിലെ കളങ്കം  ആദ്യമേ കാണുമെന്ന് പറഞ്ഞപോലെ കണ്ണ് ആദ്യം ഇലയെ കണ്ടെടുത്തു. പറയത്തക്ക അനുഭവം ഒന്നുമില്ല. മലഞ്ചെരിവുകളുടെ താഴെ പ്രകൃതിയൊരുക്കിയ ചിറയ്ക്ക് പൈപ്പ് വളയങ്ങളിട്ട്  കരിങ്കല്ല് കെട്ടി കൃത്രിമ സൗന്ദര്യം നല്‍കാന്‍ ശ്രമിച്ചവരോട് സഹതാപം തോന്നി. മലയുടെ അടിത്തട്ടില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിവെച്ചപോലെ. പാദങ്ങള്‍ ചൂടില്‍ പുകഞ്ഞുനില്‍പ്പെങ്കിലും കാല്‍ നനയ്ക്കാന്‍ പോലും തോന്നിയില്ല.

ചിറയുടെ അടുത്ത് കൊച്ച് അമ്പലമുണ്ട്. അതുകണ്ടപ്പോള്‍ ഇലവീഴാപ്പൂഞ്ചിറയുടെ ഐതിഹ്യം വായിച്ചതോര്‍ത്തു. മഹാഭാരതവുമായി ഈ പ്രദേശത്തിന് ബന്ധം പറയുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് ഇലവീഴാപ്പൂഞ്ചിറയില്‍  അവര്‍ താമസിച്ചതായാണ് വിശ്വസിക്കുന്നത്. ഭീമന്‍ പാഞ്ചാലിക്കായി നിര്‍മിച്ച ചിറയാണ് ഇലവീഴാപ്പൂഞ്ചിറ എന്ന് വിശ്വാസം. പാഞ്ചാലി കുളിക്കുമ്പോള്‍ ചില ദേവന്മാര്‍ കണ്ടുനില്‍ക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ദ്രന്‍ അവരുടെ കണ്ണുകളില്‍ നിന്ന് പാഞ്ചാലിയെ മറച്ചുപിടിക്കാനായി പുഷ്പങ്ങള്‍ നിറഞ്ഞ  മരങ്ങളുമായി മൂന്ന് മലകള്‍ സൃഷ്ടിച്ചു എന്നും പറയുന്നു. വിശ്വാസങ്ങള്‍ അവിടെ നില്‍ക്കട്ടെ, കണ്ണിനുമുന്നിലെ ഇലവീഴാപ്പൂഞ്ചിറ വിജനമാണ്.  വഴിയോരത്തെ പൊട്ടിച്ച പാറ കറുത്ത് നില്‍ക്കുന്നു. ആഴങ്ങളില്‍ കെട്ടിനിര്‍ത്തിയ ജലാശയം, ദൂരെ തെളിച്ചം കുറഞ്ഞ നരച്ച മലകള്‍. ചാരനിറമാര്‍ന്ന കര്‍ട്ടനിടയിലൂടെ കാണുംപോലെ. വഴിയില്‍ ഉണ്ടന്‍കല്ലുകള്‍, കഠിനമായ ട്രെക്കിംഗ്, രൂക്ഷമായി നോക്കിനില്‍ക്കുന്ന സൂര്യന്‍..

Ilaveezhapoonchira 3

വയര്‍ലെസ് സ്റ്റേഷനിലേക്കുള്ള വഴി

ചുറ്റും ചെറുപനകള്‍ കാട്ടുത്തീയില്‍ കരിഞ്ഞുണങ്ങികിടക്കുന്നു. അടുത്ത മഴയില്‍ ഉയിര്‍ക്കാമെന്ന പ്രതീക്ഷയില്‍. കാട്ടുതീയുടെ അനുഭവം ജോണിച്ചേട്ടന്‍ പറഞ്ഞതോര്‍ത്തു. പനയുടെ മുടി തീപ്പന്തങ്ങളായി കാറ്റില്‍ പൊന്തി വീഴും. ഇങ്ങനെ കട തീപ്പിടിക്കാതെ നോക്കാന്‍ കഷ്ടപ്പെട്ട അനുഭവം വിവരിച്ചിരുന്നു. ഇരുമ്പിന്റെ അഴികളിട്ട നീളന്‍ ടവറുകള്‍. വഴിയരികില്‍ ആരോ ഉപേക്ഷിച്ച ഒരുകുപ്പി വെള്ളം. തൊണ്ട വരണ്ടെങ്കിലും എടുക്കാന്‍ തോന്നിയില്ല. കോവിഡ് പേടിമൂലം ആ കുപ്പിയില്‍ നിന്ന് കൈകള്‍ പിന്‍വലിപ്പിച്ചു. പുതിയ വയര്‍ലെസ് സ്റ്റേഷനടുത്ത് പിന്നിലായി പഴയ വയര്‍ലെസ് സ്റ്റേഷനുണ്ട്. ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ് പോലെ. അതില്‍ നിറച്ചും വന്നുപോയവരുടെ ഓര്‍മകള്‍ പേരുകളായി വരച്ചിട്ടിരിക്കുന്നു.  പേരെഴുതി കെട്ടിതൂക്കിയിരിക്കുന്ന മാസ്‌കുകള്‍ കാറ്റിലാടുന്നു. കമ്പിവേലിക്കപ്പുറത്ത് ആഴങ്ങളില്‍ പലത്തട്ടുകളായി ഭൂമി, ജലാശയം.

Content Highlights: Purappettupokunna Yathrakal, Biju Rocky, Ilaveezhapoonchira, Kerala Travel