ലകാലങ്ങളിൽ ആ നിശബ്ദമായ താഴ്വര എന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. പച്ചയ്ക്ക് ഉമ്മ തന്നിട്ടുണ്ട്. പേരിൽ പോലും കവിതയലിഞ്ഞ സൈലന്റ് വാലി. നിഷ്കളങ്കമായി ഒഴുകുന്ന കുന്തി പുഴ. എത്രയോ ദൂരം ആരും തൊടാതെ നിറച്ചും കുളിരുള്ള വെള്ളവുമായി ഒഴുകുന്ന പുഴ. മധുരം നിറച്ച കിളിപ്പാട്ടുകൾ. കാറ്റിൽ ഇലകളുടെ മേൽക്കോരിയേറ്റൽ. കലപില പേച്ചുകളിൽ നിന്ന് വിടുതൽ വാങ്ങി നിശബ്ദതയിൽ മുങ്ങിക്കുളിക്കാൻ കൊതിക്കും നേരം സൈലന്റ് വാലിയെ ഓർത്തുപോകും. പശ്ചിമഘട്ടത്തിലെ നീലഗിരിമലയിലെ തെക്ക് പടി ഞ്ഞാറ്, അസംഖ്യം ജീവജാലങ്ങളെ പോറ്റുന്ന ഈ മഴക്കാടിനെ.

Biju Rocky 2

ഓർക്കുന്നു, സൈലന്റ് വാലി കാട്ടിന് നടുവിൽ ഉള്ള് പൊള്ളയായി നിന്ന വൻമരം. മര ത്തിന്റെ പൊഴുതിലൂടെ ആകാശത്തിന്റെ കീറ് കണ്ടു. പിന്നീട് സൈലന്റ് വാലിയിലേക്ക് വന്നപ്പോൾ ആ മരം വീണ് പോയിരുന്നു. എതതിരഞ്ഞിട്ടും അത് നിന്നിരുന്ന ഇടം കണ്ടെത്താനായില്ല. മുക്കാലി ഡോർമിറ്ററിയ്ക്കരികിലൂടെ ഒഴുകുന്നു ഭവാനിപ്പുഴ. അതിൽ സ്വയം പ്രകാശിപ്പിച്ച് വെട്ടി നീങ്ങുന്ന പരലുകൾ, പലതരം തവളകൾ. തിളങ്ങുന്ന വെ ള്ളാരം കല്ലുകൾ. തലോടാൻ കൊതിക്കും വിധം രോമക്കുപ്പായമണിഞ്ഞ മലയണ്ണാനെ മരക്കൊമ്പിൽ കണ്ടു, പതുപത്തൂത്ത തലയിണ പോലെ തോന്നി. സിംഹവാലൻ കുരങ്ങ് കാണാമറയത്തിരുന്നു.

ചങ്ങാതിമാർക്കൊപ്പം മുക്കാലിയിൽ നിന്ന് 23 കിലോമീറ്റർ ദൂരം മഴകൊണ്ട് കാട്ടിലൂടെ നടത്തിയ യാത്ര. അന്ന് സൈരന്ധ്രിയിൽ വാച്ച് ടവറില്ല. കുന്തിപ്പുഴയിൽ കുളിക്കാനും അന്ന് തടസ്സമുണ്ടായിരുന്നില്ല. പക്ഷേ വെള്ളമെപ്പോൾ വേണമെങ്കിൽ ഉയരാമെന്ന്  വഴികാട്ടി പറഞ്ഞതോടെ അന്ന് കുളിക്കാൻ കഴിഞ്ഞില്ല. പിന്നീട് വി സി. സുരേഷിനും മധു വെള്ളാളിക്കുമൊപ്പം വന്നപ്പോൾ കുളിച്ചുതിമിർത്തു. തീരത്ത് തുള്ളിനിൽക്കുന്ന പൂമ്പാറ്റക്കൂട്ടം. കുളിച്ച് നിവർന്നപ്പോൾ കൂടെപോന്നു അളവില്ലാത്ത പ്രസരിപ്പ്. എക്കും മുഴയും വീണ് കരിഞ്ഞുണങ്ങിയ ജീവിതവൃക്ഷത്തിൽ വീണ്ടും ജീവിതാസക്തി പൊടിച്ചു, തളിരില നീട്ടി. ശരീരവും മനസ്സും റീചാർജ് ചെയ്ത് ധന്യമായി. ചെവിയോർത്താൽ കേൾക്കാം, നൂറ്റിയെഴുപത് തരം കിളികൾ ഈ താഴ്വരയിൽ പാട്ട് പഠിപ്പിക്കുന്നത്. മുപ്പതിൽ പരം ദേശാടനക്കിളികൾക്കും ഇവിടം ഇഷ്ടം. ചിവീടുകളുടെ പാട്ടുകച്ചേരിയില്ലെന്നതും പ്രത്യേകത.

നിശബ്ദതയെ കൊതിച്ച് ഇവിടേക്ക് ആദ്യയാത്ര നടത്തിയത് ഇരുപത്തേഴ് വർഷം മുമ്പാണ്. കൂട്ടുകാർക്കൊപ്പം ചാലക്കുടിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് കെ. എസ്. ആർ. ടി . സി ബസിൽ. അവിടെനിന്ന് നെച്ചുളിയെന്ന ചെറുഗ്രാമത്തിലെ സുഹൃത്ത് റോബർട്ടിന്റെ വീട്ടി ലേക്ക്. കൂടെ ബെന്നി, സജി, റോബർട്ട്, ഷൈജു, ബൈജു എന്നീ സുഹൃത്തുക്കൾ. ഒരു ക ന്നാസ് നിറയെ മധുരക്കള്ളുമായി മുക്കാലിയിലെത്തി. കാട്ടി എന്ന് വിളിച്ചിരുന്ന വഴിക്കാട്ടി കൂടെക്കൂടി. വഴിക്കാട്ടി എന്നതിന്റെ ചുരുക്കമാണോ ഈ കാട്ടി എന്നറിയില്ല. എപ്പോഴും ചി രിയാണ് ഇഷ്ടന്. നിലവിലെ വഴികളിലൂടെയല്ല സഞ്ചാരം. ചില കുറുക്ക് വഴികളിലൂടെ ക ടന്നുപോയപ്പോൾ ദൂരം നന്നേ കുറഞ്ഞു. കാട് കുറച്ച് കൂടെ അടുത്തു, തൊട്ട് തലോടി.

ആനച്ചൂര്

കാടിനുള്ളിൽ നമ്മൾ തീർത്തും നിസ്സഹായരാണ്. കാറ്റിൽ ഇലകളനകുന്ന ശബ്ദം പോലും ഏതോ വന്യമൃഗത്തിന്റെ വരവായി തോന്നാം. അങ്ങനെ ചിന്തിച്ചുതുടങ്ങിയാൽ മരണ ഭയത്താൽ ഒരടിവെയ്ക്കാനാകാതെ നമ്മൾ തളർന്നുപോകും. ആവിപ്പറക്കുന്ന ആനപ്പിണ്ടങ്ങൾ കാണുമ്പോൾ ഭയം ഇരട്ടിക്കും. അടുത്തിടെ പെറ്റ ആന അടുത്തെവിടെയോ ഉണ്ടെന്ന വിവരം കിട്ടി. പിന്നെ കാണുന്നതെല്ലാം ആനയായി തോന്നി. ഞെരിഞ്ഞമരുന്ന വള്ളിപ്പ്. ടർപ്പുകൾ. ആ കൊമ്പുകൾ, തുമ്പിക്കെ, ചവിട്ടി തവിടുപൊടിയാക്കാനെത്തുന്ന കാലുകൾ...

Biju Rocky 3

ആനയെക്കുറിച്ച് കണ്ടതും കേട്ടതുമായ ചിത്രങ്ങൾ തെളിയുകയായി. ആനച്ചൂര് മൂക്കിലടിച്ചുകയറാൻ തുടങ്ങി. അടുത്ത് തന്നെ ആനയും കുട്ടിയും ഉണ്ട്. അവരും അവരുടെ വഴിത്താരകളിലൂടെ നടക്കുകയാണ്. നമ്മുടെ കാലടി ശബ്ദവും മണവും അവരെ അസ്വസ്ഥപ്പെടുന്നുണ്ടാകാം. അസംഖ്യം ജീവജാലങ്ങൾക്കിടയിൽ ഞാനുമൊരു കണ്ണിയെന്ന് നമ്മൾ തിരിച്ചറിയുന്നതോടെ പിന്നെ പേടിയെല്ലാം പോകും. എന്തും നേരിടാൻ മനസ്സിന് പാകം വരും. കുറച്ച് കഴിഞ്ഞപ്പോൾ അകന്നകന്നുപോകുന്ന കനത്തെ കാലടികളുടെ ശബ്ദം കേട്ടു. ആനച്ചൂര് മെല്ലെ മാഞ്ഞു. ഞങ്ങൾ ദീർഘശ്വാസമെ ടുത്തു.

ലോറിക്ക് കുറുകെ രാജവെമ്പാല

മടക്കത്തിൽ മിനിലോറി കിട്ടി. കുറച്ച് പണിക്കാരുണ്ടായിരുന്നു. അടുത്തുള്ള കാപ്പിത്തോട്ടത്തിലെ പണികഴിഞ്ഞ് മടങ്ങുന്നവരാകാം. അവർക്കൊപ്പം ഇളകിത്തെറിച്ച് യാത്ര. വണ്ടി പെട്ടെന്ന് നിർത്തിയതെന്തിന് എന്ന ചോദ്യത്തിന് ഡ്രൈവർ മിണ്ടല്ലേ എന്ന് ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു. നോക്കുമ്പോൾ ലോറിക്ക് മുന്നിലൂടെ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നു. രാജവെമ്പാല. ഒരു തിരക്കുമില്ല. രാജവെമ്പാലയുടെ ഇണചേരും കാലം മരത്തിനുമുകളിലായിരിക്കുമെന്ന് ഡ്രൈവർ പറഞ്ഞു. കാമിനിയുടെ മണം പിടിച്ച് പലയിടങ്ങളിൽ നിന്നും കാമുകന്മാർ മരംകയറിവരും, അതിൽ മിടുക്കനെ അവൾ തിരഞ്ഞെടുക്കും.

Biju Rocky 3

അട്ടകുടിച്ച കട്ടിച്ചോര

സൈലന്റ് വാലിയിൽ മഴയൊന്നടങ്ങിയ ദിവസങ്ങളിലായിരുന്നു ട്രെക്കിംഗ്. അട്ട വഴിനീളെയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. പ്രതിരോധിക്കാൻ ഉപ്പ് കിഴിക്കെട്ടി എടുത്തിരുന്നു. - ഈർപ്പമുള്ള ഇടങ്ങളിലെല്ലാം അട്ടയെ കാണാം. നൂൽപ്പരുവത്തിലുള്ള കുഞ്ഞട്ടകൾ. ഹൈ  ജമ്പിനായി ഒരുങ്ങുന്ന അത്ലറ്റിനെപോലെ ഉയർന്നുനിൽക്കുന്നു. അതിന്റെ അടുത്തുകൂടെ പോയാൽ ചാടിപ്പിടിക്കും. കൂടെയുണ്ടായിരുന്ന ഷെജുവിന്റെ ജീൻസിൽ മുട്ടിന്റെ ഭാഗം പപ്പടവട്ടത്തിൽ കട്ടരക്തത്തിൽ കുതിർന്നപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. കുടിച്ച് വയർവീർത്ത അട്ട വിട്ടുപോയിട്ടുണ്ടായിരുന്നിരിക്കാം.

Biju Rocky 5

പാണ്ടൻമലയുടെ ചോട്ടിൽ

യാത്ര സൈലന്റ് വാലിയിൽ ഒതുങ്ങിയില്ല. ശിരുവാണിയിലേക്കും നീണ്ടു. ശിരുവാണിയിലെ പാണ്ടൻമലയുടെ ചോട്ടിൽ കുന്നിൻപ്പുറത്ത് കുടിലിൽ കൂടി. പ്രാഥമികകൃത്യങ്ങളെല്ലാം പ്രകൃതിയിലാണ്. ചോലയിൽ നഗ്നരായി മുങ്ങിക്കുളി. കാട്ട് മുന്തിരിക്കുല വെച്ച് നഗ്നനത മറച്ച് സുഹൃത്ത് റോബർട്ട് ഫോട്ടോയ്ക്കായി പോസ് ചെയ്തു. ശിരുവാണിയിലെ നനഞ്ഞ് നിന്ന കരിങ്കൽപ്പാറയുടെ തിളക്കം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. പലവിധ മീനുകളും മൃഗങ്ങളും പലരീതികളിലും വെച്ച് രുചിയോടെ കഴി ച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കഴിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഇവിടെ നിന്ന് കഴിച്ച കഞ്ഞിയും പച്ചപ്പയർ മെഴുക്കുപുരട്ടിയുമാണ്. ഉരലിൽ കുത്തിയ വിഷാംശം ഒട്ടുമില്ലാ ത്ത അരി. കുന്നിൻപുറത്ത് കളങ്കമേല്ക്കാതെ പൂത്ത് കായ്ച്ച പയർ. മുളകിന്റെ അധികം മൂപ്പിക്കലില്ലാതെ എടുത്തതാണ്. കോരിക്കുടിച്ചു. സുഗമസംഗീതം പോലെ തോന്നി. 

(മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്ററാണ് ലേഖകന്‍)

Content Highlights: Purappettupokunna Yathrakal, Silent Valley, Biju Rocky