ചിലര്‍ക്ക് കടലായിരിക്കും ഇഷ്ടം. ചിലര്‍ക്ക് മലയും. ചിലര്‍ക്ക് കടല്‍ കണ്ടിരിക്കുമ്പോള്‍ മലകയറാന്‍ തോന്നും. ചിലര്‍ക്ക് മലയിലായിരിക്കുമ്പോള്‍ കടല്‍കാറ്റ് കൊള്ളുന്നതായും തോന്നും.  യോഗാചാര്യന്‍ പറഞ്ഞതെത്ര ശരി. മനസ്സ് കുരങ്ങനെ പോലെതന്നെ.  പല പല കൊമ്പുകളില്‍ ചാടിയും മറിഞ്ഞും സദാ ഇളകിമറിയുന്ന കുരങ്ങന്‍. ഈ പ്രകൃതം മനുഷ്യനും സഹജം തന്നെ. ഹിമാലയത്തില്‍ ആയിരിക്കുമ്പോള്‍ കന്യാകുമാരിയിലെ ത്രിവേണിസംഗമം മനസ്സില്‍ അലയടിക്കുന്നത് ഈ വിചിത്രസ്വഭാവം കൊണ്ടുതന്നെ.   ഒരു കുഴപ്പമുണ്ട്. ഒന്നും ആയിരിക്കുന്ന അവസ്ഥയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞേക്കില്ല. യാത്രചെയ്യുമ്പോഴേ ലീവ് ട്രാവല്‍ അലവന്‍സ് അപേക്ഷ പൂരിപ്പിക്കരുത്. പരമാവധി കണ്ണുകള്‍ കൊണ്ട് കോരിയെടുക്കട്ടെ.  ക്യാമറക്കണ്ണുകള്‍ക്ക് രണ്ടാമത് ഇടം കൊടുത്താല്‍ മതി. അതാണ് രസം. 

Idukki 1

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയോ മഞ്ഞയോ ചെമപ്പോ കുന്നോ കടലോ പ്രലോഭിപ്പിക്കാത്തവര്‍ ആരുണ്ട്? അതങ്ങനെ തെല്ലിട തുടരട്ടെ, അടുത്ത ക്ഷണം യാത്രയിലെ കാഴ്ച്ചകളിലേക്ക് തന്നെ മടങ്ങിവരാം. പുറം കാഴ്ച്ചകള്‍ മാത്രമല്ല യാത്രകള്‍ എന്നോര്‍ക്കുക. ഒരിടത്തേക്ക് യാത്ര പോകാം എന്ന് പറയുമ്പോള്‍ എന്താണ് അവിടെ കാണാന്‍ എന്നാണ് പലരും ചോദിക്കുക. എവിടെയും പലതും അനുഭവിക്കാനുണ്ട് എന്നാണ് ഉത്തരം. ചില യാത്രകളില്‍ അടുത്തിരിക്കുന്ന ചില കഥാപാത്രങ്ങളും യാത്രയെ അടുത്ത വിതാനത്തിലേക്ക് ഉയര്‍ത്താന്‍ കൂടെയുണ്ടാകും. ചെല്ലുന്നിടത്തേ കുറിച്ച് ചില ലീഡുകള്‍ കിട്ടുന്നത് ഇവരില്‍ നിന്നായിരിക്കും.

വാഗമണ്‍, പുള്ളിക്കാനം, മൂലമറ്റം, കുളമാവ്, ഉടുമ്പന്നൂര്‍

ചില യാത്രകളില്‍ അടുത്തിരിക്കുന്ന ചില കഥാപാത്രങ്ങളും യാത്രയെ അടുത്ത വിതാനത്തിലേക്ക് ഉയര്‍ത്താന്‍ കൂടെയുണ്ടാകും. ചെല്ലുന്നിടത്തേ കുറിച്ച് ചില ലീഡുകള്‍ കിട്ടുന്നത് ഇവരില്‍ നിന്നായിരിക്കും. വാഗമണ്‍, പുള്ളിക്കാനം, മൂലമറ്റം, കുളമാവ്, ഉടുമ്പന്നൂര്‍, റൂട്ടിലെ യാത്രയില്‍  മലഞ്ചെരിവുകളിലെ പച്ചപ്പിനൊപ്പം ചില യാത്രക്കാരും കൂടെക്കൂടി. അവരെയിനി ജീവിതത്തില്‍ കാണുമോയെന്നറിയില്ല. ആ സംസാരം എനിക്കും അവരിലുമായി തീര്‍ന്നതാണ്..പക്ഷേ , മരത്തിലെ അലസം കൂവുന്ന കിളിയുടെ ശബ്ദത്തിനൊപ്പം സഹയാത്രികരുടെ മുഖവും തെളിഞ്ഞുവരുന്നു. അവരുടെ പേച്ചുകള്‍ ജീവിതത്തില്‍ സ്നേഹം നിറയ്ക്കുന്നു. 

ഇടുക്കിയിലെ തലപ്പൊക്കമേറിയ മലഞ്ചെരിവുകളില്‍ സ്ഥിരമായി യാത്രച്ചെയ്യുന്ന കരിമണ്ണൂര്‍ക്കാരന്‍ മനോജിന് കായലും കടലുമാണ് ഇഷ്ടം. മലയോരങ്ങളില്‍ വീടുപണിക്കായി സഞ്ചരിക്കുമ്പോള്‍ അയാളുടെ ഹൃദയം നിറയെ തുള്ളുന്നത് കായല്‍ വെള്ളമായിരിക്കാം. കരിമണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നീടയാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകള്‍ ചേര്‍ത്തലയിലാണ്. ദൂരെയൊന്നും യാത്ര ചെയ്തിട്ടില്ല. കെട്ടിടപണിക്കായി ചേര്‍ത്തലയില്‍ കുറച്ച് കാലം ഉണ്ടായിരുന്നു. അക്കാലത്തെ ഓര്‍മകളാണ്. മലകളെ ഇഷ്ടമല്ലെന്നല്ല, തുടര്‍കാഴ്ച്ചകളില്‍ മനോജിന് അതിന്റെ കമ്പം വിട്ടു. അത്രയേയുള്ളു. മനോജിന്റെ കാഴ്ച്ചയില്‍ ഇടുക്കിയില്‍ നിറയെ മലകളാണ്. അത് കണ്ട് കണ്ട് മനോജിന് മടുത്തു. മറ്റ് നാട്ടുകാര്‍ ധാരാളമായി ഇടുക്കിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മലകളെ കൗതുകത്തോടെ നോക്കിനില്‍ക്കുന്നു.

Idukki 2ഇടുക്കിയിലെ തലപ്പൊക്കമേറിയ മലഞ്ചെരിവുകളില്‍ സ്ഥിരമായി യാത്രച്ചെയ്യുന്ന കരിമണ്ണൂര്‍ക്കാരന്‍ മനോജിന് കായലും കടലുമാണ് ഇഷ്ടം. മലയോരങ്ങളില്‍ വീടുപണിക്കായി സഞ്ചരിക്കുമ്പോള്‍ അയാളുടെ ഹൃദയം നിറയെ തുള്ളുന്നത് കായല്‍ വെള്ളമായിരിക്കാം. കരിമണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നീടയാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകള്‍ ചേര്‍ത്തലയിലാണ്. ദൂരെയൊന്നും യാത്ര ചെയ്തിട്ടില്ല. കെട്ടിടപണിക്കായി ചേര്‍ത്തലയില്‍ കുറച്ച് കാലം ഉണ്ടായിരുന്നു. അക്കാലത്തെ ഓര്‍മകളാണ്. മലകളെ ഇഷ്ടമല്ലെന്നല്ല, തുടര്‍കാഴ്ച്ചകളില്‍ മനോജിന് അതിന്റെ കമ്പം വിട്ടു. അത്രയേയുള്ളു. മനോജിന്റെ കാഴ്ച്ചയില്‍ ഇടുക്കിയില്‍ നിറയെ മലകളാണ്. അത് കണ്ട് കണ്ട് മനോജിന് മടുത്തു. മറ്റ് നാട്ടുകാര്‍ ധാരാളമായി ഇടുക്കിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മലകളെ കൗതുകത്തോടെ നോക്കിനില്‍ക്കുന്നു. 

ആരാണീ മനോജ് ? എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ അടുത്ത സീറ്റില്‍ ഇരുന്ന് യാത്രചെയ്യാന്‍ സാധ്യതയുള്ള ഒരു സാധാരണ കഥാപാത്രം.Manoj Karimannur അത്രേയുള്ളൂ. ഇടുക്കി ഹില്‍വ്യൂ സ്റ്റേഷനടുത്ത് നിന്ന് ബസില്‍ കൂട്ടുകൂടിയതാണ് മനോജിനെ. ചേട്ടായീ എന്ന മനോജിന്റെ വിളിയില്‍ സ്നേഹം തേനടയായി കിടന്നു. ചേട്ടായി..ഇടുക്കിയുടെ മുഴുവന്‍ സ്നേഹവും  ആ വിളിയിലുണ്ട്. തൃശൂര്‍ക്കാരനായ എനിക്ക് ചേട്ടായി വിളി വല്ലാതെ തൊട്ടു. ചേട്ടായി. ഒന്നും തോന്നരുത് ചേട്ടായി...ഇങ്ങനെ വിളിക്കുന്നത് സ്നേഹബന്ധം കൊണ്ടാണ്, മനോജ് പറയുന്നു. പുറത്ത് മലഞ്ചെരിവിലെ ഇഞ്ചിപുല്ലില്‍ കാറ്റ് പിടിച്ചിരിക്കുന്നു. ആടിയുലയുന്നു. 

ഉടുമ്പന്നൂരില്‍ നിന്ന് ബസ് തിരിയുമ്പോഴേക്കും മനോജ് ഒരു ഗൈഡ് ആയിക്കഴിഞ്ഞു. ഈ വഴിയിലൂടെയാണ് വെള്ളിയാനിയിലേക്ക് പോകുന്നത്. വിക്ടര്‍ ജോര്‍ജ് ഉരുള്‍പൊട്ടലില്‍ പെട്ട് പോയത് ഈ വഴിയാണ്, ആ വളവാണ് ഏറ്റവും അപകടം പിടിച്ചത്. അത് കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെട്ടു....കരിമണ്ണൂരില്‍ ബസിറങ്ങും വരെ മനോജ് സംസാരിച്ചുകൊണ്ടിരുന്നു. സംസാരം പിന്നീട് മക്കളെ കുറിച്ചായി. ഓര്‍മകളെ കുറിച്ചായി. പൊളിച്ചുപോയ കരിമണ്ണൂരിലെ പ്രൈമറി സ്‌കൂളിനെ പറ്റി ഒരുപാട് പറഞ്ഞു.  സ്‌കൂള്‍ നിന്നിടത്തേക്ക് മനോജ് ചൂണ്ടിക്കാട്ടിയപ്പോള്‍  കാട് പിടിച്ചുകിടക്കുന്ന പറമ്പ് മാത്രമാണ് കണ്ടത്. മനോജിന്റെ കണ്ണുകളില്‍ കളിക്കൂട്ടുകാരുടെ കൂടെ കളിച്ചുനടന്ന നല്ല ഓര്‍മകള്‍ കണ്ടു. അതല്ലേ  കണ്ണുകളില്‍ ഇത്രയും തിളക്കം. ഒന്നുകൂടി നോക്കിയപ്പോള്‍ എനിക്കും കാണാം മനോജിന്റെ കൂട്ടുകാരെ. ഒരു കുടക്കീഴില്‍ കളിച്ചുനടന്ന കുസൃതികളെ. 

കോടയും കാറ്റ് പിടിച്ച ഇഞ്ചിപുല്ലും

മൂലമറ്റത്തെ ചെറുകവലയിലെ ഹോട്ടലില്‍ നിന്ന് മത്തിപൊരിച്ചത് കൂട്ടി ഊണ്. അടുത്ത് തന്നെ സ്വകാര്യ ബസ് സ്റ്റാന്റ്. കട്ടപ്പന എന്ന ബോര്‍ഡുമായി പച്ച പെയിന്റടിച്ച ബസ് കിടപ്പുണ്ട്.  ഇരിക്കാന്‍ സീറ്റില്ല. യാത്രയില്‍ സണ്‍റൂഫിലൂടെ മരച്ചില്ലകളില്‍ നിന്നൂര്‍ന്ന  വെളിച്ചം ബസിനകത്തേക്കും.  മരങ്ങളുടെ ഉയര്‍ന്ന കൊമ്പുകള്‍ക്കിടയിലൂടെ ആകാശം, ഓടുന്ന മേഘങ്ങള്‍. അടുത്തിരിക്കുന്നയാളിന്റെ മൊബൈലിലേക്ക് കണ്ണെറിയുന്നത് ശരിയല്ലെന്നറിയാം. പക്ഷെ നോക്കിപോയി. കാട്ടുപ്പന്നികളെ വെടിവെച്ചിടുന്ന സായിപ്പിന്റെ വീഡിയോ കണ്ടിരിക്കുകയാണ്. അയാളോട് ചേര്‍ന്ന് ഒരു കുഞ്ഞിനെ വാരിപ്പിടിച്ച്  ഒരാളിരിപ്പുണ്ട്.
 
Idukki 3വളവുകള്‍..തിരിവുകള്‍..ശരിയാണ്. ഇപ്പോള്‍ യൂട്യൂബില്‍ കെണിവെച്ച് പന്നിയെ പിടിക്കുന്ന വേറൊരു വീഡിയോ. മുളകള്‍ കൊണ്ടുള്ള കെണി. അതിന് മീതെ കുറച്ച് ഭക്ഷണം വെച്ചശേഷം കെണിവെച്ചയാള്‍ മടങ്ങുന്നു. കുറച്ച് കഴിഞ്ഞ് ഒരു പന്നി പ്രത്യക്ഷപ്പെടുന്നു. കുറെ നേരം മണം പിടിച്ച് നിന്ന ശേഷം പട്ടിണിയാകാം ആ പന്നിയെ ആ കെണിയിലേക്ക് അടുപ്പിച്ചത്. അത് ഭക്ഷണത്തിലേക്ക് മൂക്ക് മുട്ടിക്കുമ്പോഴേക്കും കുഴിയിലേക്ക് വീഴുന്നു.. അടുത്തിരിക്കുന്നയാള്‍ വളവില്‍ കുഞ്ഞിനെ മാറോടണയ്ക്കുന്നു. നല്ല തണുത്ത കാറ്റ് അകത്തേക്ക്.. പന്നിയുടെ ദയനീയമായ കരച്ചില്‍.. കുറച്ച് കഴിയുമ്പോള്‍ കെണിവെച്ചയാള്‍ കടന്നുവരുന്നു. അയാള്‍ കാലുകള്‍ കൊണ്ട് കൂടകത്തി പന്നിയെ കൈകള്‍ കൊണ്ട് വാരിയെടുക്കുന്നു. പന്നിക്കുട്ടിയാണ്. കുതറിമാറാന്‍ നോക്കുന്നുണ്ടെങ്കിലും കഴുത്തിലൂടെ കയ്യിട്ട് പൂട്ടി എടുത്ത് കൊണ്ടുപോകുന്നു. ഈ മലയോരത്തെ ബസില്‍ ഇയാള്‍ യൂട്യൂബില്‍ പന്നിവേട്ടയുടെ യൂട്യൂബ് ഫിലിമുകള്‍ തിരഞ്ഞുപിടിച്ച് കാണുന്നതെന്തിനായിരിക്കും? ഇയാളുടെ നാട്ടില്‍ ഉറപ്പായും കാട്ടുപന്നിശല്യം കാണുമായിരിക്കും. എമര്‍ജന്‍സി സീറ്റിനടുത്താണ് അയാള്‍ ഇരുന്നിരുന്നത്. കൂട്ടില്‍ പെട്ട പന്നിക്ക് രക്ഷപ്പെടാന്‍ ഒരു എമര്‍ജന്‍സി എക്സിറ്റും ഉണ്ടായിരുന്നില്ല. 

പ്രളയം വരച്ച ചിത്രം

 

കുളമാവിലെത്തിയപ്പോള്‍ സീറ്റ് കിട്ടി. ഡാമില്‍ വെള്ളം വളരെ കുറവ്. പ്രളയത്തില്‍ ഇരച്ച് കയറിയ വെള്ളം ഇറങ്ങിപോയപ്പോള്‍ Manojമണ്‍ചെരിവുകളില്‍ സാന്നിധ്യമറിയിച്ച് വരച്ച വരകള്‍ കാണാം. മുത്തിയുരുണ്ടയാറിലെത്തിയപ്പോള്‍ കാഴ്ച്ചകളില്‍ പച്ചപ്പേറി. സീറ്റ് കിട്ടി.  അടുത്ത് യുവാവ്. മീശപൊടിഞ്ഞ് വരുന്നതേയുള്ളൂ. പരിചയപ്പെട്ടു. പുള്ളി ചില്ലറക്കാരനല്ല. സംസ്ഥാന സ്‌കൂള്‍ ജൂനിയര്‍ മീറ്റില്‍ 70 കിലോ വിഭാഗത്തിന് താഴെയുള്ളവരുടെ മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ താരമാണ്. ചെറുതോണിക്കാരന്‍ ടോണി കെ ജോബി. ഒരേ ബസില്‍ എത്രയെത്ര വിഭിന്നരുചി മനുഷ്യര്‍ അവരവരുടെ സ്വപ്നലോകത്തില്‍ യാത്രചെയ്യുന്നു. സ്ഥിരം കാണുന്ന കാഴ്ച്ചകള്‍ അവരെ തൊടുന്നപോലുമില്ല. 

മുറിവേറ്റ കാല്‍വണ്ണയില്‍ മരുന്നിന്റെ ചുറ്റിക്കെട്ടുമായി നില്‍ക്കുന്ന പോലെ റബ്ബര്‍ മരങ്ങള്‍.. കാപ്പി തോട്ടങ്ങള്‍.. എല്ലാ കാഴ്ച്ചകളേയും മായ്ച്ച് പൊടുന്നനേ എത്തുന്ന കോടയുടെ വിരിപ്പ്.. മലഞ്ചെരിവുകളില്‍ പലതരം മരങ്ങള്‍.. വെയില്‍ മാറി  മഴയുടെ ലക്ഷണം കാണിക്കുന്ന പ്രകൃതി.. കരിപ്പിലങ്ങാട് വളവ് കഴിഞ്ഞപ്പോള്‍ മഴ ഇരമ്പിയെത്തി. മരങ്ങള്‍ ചെറുകാറ്റിനൊപ്പം നനഞ്ഞ് പുളഞ്ഞ് ആടുന്നു. വീടുകളിലെ ചിമ്മിനി കുഴലിലൂടെ നേര്‍ത്ത പുക ഉയരുന്നു. വെള്ള പട്ടി ഷെഡിന്റെ വിളുമ്പിലേക്ക് കയറി നില്‍ക്കുന്നു. കാഴ്ച്ചകള്‍ വഴിനീളെ.  ഓരോ നിമിഷവൂം മാറുന്നു. ഓരോ വിചാരവും അതിനൊപ്പം കൂടുന്നു. അടുത്ത ക്ഷണം യാത്രയുടെ ആ ഫ്രെയിം ഓര്‍മയാകുന്നു. 

ക്ലബ് എഫ്.എമ്മിലെ സീനിയര്‍ കോപ്പി റൈറ്ററാണ് ലേഖകന്‍

Content Highlights: Purappettu Pokunna Yathrakal, Idukki Travel, Idukki Dam, Idukki Bus Travel