'ചെത്തിയിറക്കിയ കള്ള് റെഡി'വഞ്ചിക്കാരനും ഗൈഡുമായ ദിനേശ് പറഞ്ഞത് കേട്ടപ്പോഴേ ഒരു തുടം കുളിര്‍ തൊണ്ടവഴി ഇറങ്ങി. എങ്ങനെ കുളിര്കോരാതിരിക്കും? മണ്‍റോതുരുത്തിലെ എസ് വളവില്‍ നിന്ന് നട്ടുച്ചയ്ക്ക് വഞ്ചിയില്‍ യാത്ര തിരിച്ചതാണ്. തൊണ്ടവരണ്ടിരിക്കുന്നു. വഞ്ചി അടുപ്പിച്ച് ഓടിച്ചെന്നപ്പോള്‍ കപ്പില്‍  പതഞ്ഞ കള്ള്. കുടുകുടുന്നനേ കുടിച്ചു. നല്ല മധുരം. ഒരു കുപ്പി പകര്‍ന്നെടുത്തു. പിന്നീട് ഉള്‍നാടന്‍ജലാശയത്തിലൂടെ മേഘസവാരിയായിരുന്നു.

Munroethuruth 2  

വിയര്‍പ്പാറ്റി പൊതിഞ്ഞുപിടിക്കുന്ന ഇളംകാറ്റ്. തോരണങ്ങള്‍ പോലെ തെങ്ങോലകളാടി കളിക്കുന്നു, കുരവയിട്ട് വരുന്ന താറാവിന്‍കൂട്ടം.. തണലുമായി ചാഞ്ഞ് പൂവരശ്.. പച്ചവള്ളികളാല്‍ ഇഴനെയ്ത കണ്ടല്‍കാടുകള്‍.. ഒരിടത്ത് കണ്ടല്‍മരങ്ങള്‍ കോര്‍ത്ത് നില്‍ക്കുന്ന ഇലക്കൂടാരം. അതിന് നടുവിലൂടെ വഞ്ചി. സുതാര്യമായ കുഞ്ഞ് വര്‍ണക്കുട നീര്‍ത്തിയ ജെല്ലിഫിഷ്.. അതിന്റെ ഞാന്നുകിടക്കുന്ന ലോലമായ നൂലുകളില്‍ പലനിറങ്ങള്‍ കുത്തിട്ടിരിക്കുന്നു. 

മണ്‍റോ തുരുത്ത്.. നമ്മളെ പ്രകൃതിയില്‍ ലയിപ്പിക്കുന്ന ഇടം. അധികം ഒച്ചയും ബഹളവുമില്ലാതെ ശാന്തമായി നമ്മള്‍ പ്രകൃതിയുമായി ഇടപഴകുന്നു. നമുക്ക് വേറിട്ട അസ്തിത്വം നഷ്ടമാകുന്നു. ചോലയില്‍ വീണ ഒരില..അത് കാറ്റിന്റെ കൈകളില്‍ അതിന്റെ ഇഷ്ടവഴി തിരഞ്ഞെടുക്കുന്നു. 

എന്തുണ്ട് കാണാന്‍? 

എന്താണ് മണ്‍റോതുരുത്തില്‍ കാണാന്‍ എന്ന പരമ്പരാഗതചോദ്യം മുട്ടിനില്‍ക്കുന്നുണ്ടോ? സോറി.  നിങ്ങള്‍ക്കുള്ളതല്ല   ഈ ഇടം. വെള്ളച്ചാലുകളും കായലും ആറും ഇഴചേര്‍ന്ന് കിടക്കുന്ന നാട്ടിന്‍പുറം.Munroethuruth 3 പച്ചമനുഷ്യര്‍..ഇതൊക്കെ  അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇഷ്ടമാകും. ഓടിനടന്ന് കാണാന്‍ ഒന്നുമില്ല. അലസ സഞ്ചാരത്തില്‍ ഊര്‍ജത്തിന്റെ പലകൈവഴികള്‍ തുറന്ന് വരും. യാത്ര കഴിയുമ്പോള്‍ വലിയൊരു ഉറവയായി നമ്മില്‍ ഒഴുകാനും തുടങ്ങും. 

തമ്മില്‍ തൊട്ട്, കണ്ണില്‍ നോക്കി 

എട്ടു ചെറുദ്വീപുകള്‍, പതിമൂന്ന് വാര്‍ഡുകള്‍.. തമ്മില്‍ തൊടാതെ കണ്ണില്‍ നോക്കികിടക്കുന്ന കുഞ്ഞിടങ്ങളായിരുന്നു. ഇപ്പോള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കാന്‍ ചെറുപാലങ്ങളെത്തി. പെരിങ്ങാലം മാത്രം  ഇപ്പോഴും ഒറ്റപ്പെട്ട ദ്വീപായി തുടരുന്നു

തിരുവിതാംകൂര്‍ റസിഡന്റ് കേണല്‍ ജോണ്‍ മണ്‍റോയുടെ ഓര്‍മയ്ക്ക് ഇട്ട പേരാണ് മണ്‍റോതുരുത്ത്.  കല്ലടയാറിലേക്ക് എളുപ്പം വെള്ളമെത്താനും ഉള്‍നാടന്‍ ജലഗതാഗതത്തിനും പുള്ളിതന്നെയാണ് പുത്തനാറ് വെട്ടിയതെന്ന് ഗൈഡ് ദിനേശ് പറയുന്നു. 

തെക്കും പടിഞ്ഞാറും അഷ്ടമുടിക്കായല്‍, വടക്ക് കല്ലടയാര്‍, കിഴിക്കേ അതിര് തിരിച്ച് പുത്തനാര്‍, എങ്ങും വെള്ളത്തിന്റെ താളംതുള്ളല്‍. ബലംപിടിച്ച പട്ടണമനസ്സുകള്‍ ഇവിടെയെത്തിയാല്‍ നനഞ്ഞ് കുതിര്‍ന്നുപോകും. സഹജീവികളോടും കര, കായല്‍ എന്നിവയോടും അലിവ് ശേഷിക്കും.

Munroethuruth 4

കരിമീന്‍, കണമ്പ്, കൊഞ്ച്, കൂശവാലി, ചക്കപോന്തന്‍, കണ്ണാന്‍പള്ളാത്തി

Munroethuruth 5കണ്ടല്‍ച്ചെടികളുടെ അടുത്ത് കൂടെ പോകുമ്പോള്‍ ധാരാളം കിളികളെ കാണാന്‍ കഴിയും. ദേശാടനകിളികള്‍, കൊക്കുകള്‍. മീനുകളും ധാരാളം. കരിമീന്‍, കണമ്പ്, കൊഞ്ച്, കൂശവാലി, ചക്കപോന്തന്‍, കണ്ണാന്‍പള്ളാത്തി, തിലോപ്പിയ  തുടങ്ങിയ മീനുകള്‍. അതിനെ കോര്‍ത്തെടുക്കാന്‍ കൊമ്പുകളില്‍ തഞ്ചം പാര്‍ത്തിരിക്കുന്ന നീര്‍കാക്കകള്‍. ജൈവശൃംഖലയുടെ കണ്ണികളോരോന്നും കണ്ണില്‍പെടും. 

ഏഴ് പേര്‍ക്ക് വരെ ഇരിക്കാവുന്ന വഞ്ചി. മണിക്കൂറിന് അഞ്ഞൂറ് രൂപയാണ് നിരക്ക്. എസ് വളവില്‍ നിന്ന് പട്ടം തുരുത്ത്, കണ്ട്രന്‍കാണി വാര്‍ഡ് വഴി ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഉണ്ടെങ്കില്‍ നല്ല യാത്രയായി. വളരെ ആഴമുള്ള ഭാഗം കുറച്ച് ദൂരം മാത്രമേയുള്ളൂ. ഇടയ്ക്ക് കനാലിലൂടെയാണ് യാത്ര. ചെറിയപാലങ്ങളുണ്ട്. അത് കടക്കുമ്പോള്‍ തലതാഴ്ത്തിയിരിക്കണം. തെക്കേനെന്മേനിയില്‍ പഴയപുഞ്ചപാടങ്ങള്‍ ഇപ്പോള്‍ ചെമ്മീന്‍ കെട്ടുകളാണ്. മറ്റ് മീനുകളും വളര്‍ത്തുന്നുണ്ട്.  ഇടയ്ക്ക് വഞ്ചി അടുപ്പിച്ച് ചെറിയ കടയില്‍ നിന്ന് ബിസ്‌കറ്റ് വാങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേക്കും തെക്കേ നെന്മേനിയിലെത്തി.  മീന്‍ വളര്‍ത്ത് കേന്ദ്രത്തില്‍ ബിസ്‌കറ്റ് പൊട്ടിച്ച് ഇടുമ്പോഴേക്കും ഓളമിളക്കി വന്‍മീനുകളുടെ വരവ്. 

Munroethuruth 8പലതരം മീനുകളും ഞണ്ടും വിഭവങ്ങള്‍ കൂട്ടി ഊണ് കഴിക്കാന്‍ സൗകര്യമുള്ള ഇടങ്ങളുണ്ട്. മുന്‍കൂട്ടി പറയണം, എന്നാലേ ഊണ് കാലമാക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. കല്ലില്‍ പറ്റി ജീവിക്കുന്ന മുരിങ്ങ കക്ക കൊണ്ടുള്ള വിഭവമുണ്ട്. ഇവിടുത്തെ കരിമീനും പ്രസിദ്ധം. ഞണ്ടും കൊഞ്ചും വെച്ചും പൊരിച്ചും തരും. നാടന്‍ എന്ന പേര് മാത്രമല്ല, വിഭവങ്ങള്‍ക്ക് തനിനാടന്റെ രുചിയുണ്ട്. 

ഉച്ചയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പൊരിവെയിലാണെങ്കിലും അസഹ്യമായ ചൂടില്ല. എങ്കിലും രാവിലെ വഞ്ചിയാത്രയിലാണ് കുളിര്‍മ.   മൂന്നുവാര്‍ഡുകളിലൂടെയുള്ള ചെറുയാത്രയ്ക്ക് തന്നെ രണ്ടുമണിക്കൂറെടുക്കും. മണ്‍റോതുരുത്തിന്റെ പഠിഞ്ഞാറേ അറ്റത്തുള്ള പെരിങ്ങാലം ദ്വീപ് കറങ്ങി വരുന്ന നീണ്ട യാത്രയുമുണ്ട്. സഞ്ചാരികളുടെ ഇഷ്ടമനുസരിച്ച് പലവിധറൂട്ടുകള്‍ തിരഞ്ഞെടുക്കാം. ഇനി ഉണ്ടുറങ്ങി പോകാനും തുരുത്തില്‍ സൗകര്യമുണ്ട്. ദിവസം പതിനാലായിരം രൂപവരെയുള്ള  റിസോര്‍ട്ട് ഉണ്ട്. പെരിങ്ങാലം ദ്വീപിലെ മാര്‍ത്തോമ ധ്യാനതീരം സെന്ററില്‍ വിളിച്ച് ബുക്ക് ചെയ്യുകയാണെങ്കില്‍ താമസസൗകര്യവും ഭക്ഷണവും ലഭിക്കും.

Munroethuruth 7

കീശയില്‍ അധികം മണികിലുക്കം ഇല്ലെങ്കിലും യാത്ര ചെയ്യാന്‍ പറ്റിയ ഇടമാണ് മണ്‍റോതുരുത്ത്. സ്വദേശി വിദേശി സഞ്ചാരികള്‍ ധാരാളമായി ഇപ്പോള്‍ എത്തിതുടങ്ങിയിരിക്കുന്നു. കച്ചവടകേന്ദ്രമായി ഇതുവരെ മാറിയിട്ടില്ല. ഭാഗ്യം. 

എങ്ങനെയെത്താം?

കൊല്ലത്ത് നിന്ന് 27 കിലോമീറ്റര്‍ സമീപമാണ് മണ്‍റോതുരുത്ത്. മണ്‍റോതുരുത്ത് റെയില്‍വേസ്റ്റേഷനുണ്ട്. ചുരുക്കം ട്രെയിനുകള്‍ക്ക് ഹാള്‍ട്ടുമുണ്ട്. 
ബസിലാണെങ്കില്‍ കൊല്ലം കെ എസ് ആര്‍ടിസി സ്റ്റാന്റിനരികെ പെരുമണ്‍ ബസ് കിട്ടും. പെരുമണില്‍ ബസിറങ്ങി അല്‍പ്പദൂരം നടന്നാല്‍ കടവ്. അവിടെ നിന്ന് ജങ്കാര്‍ കിട്ടും. അഞ്ചുരൂപയില്‍ താഴെയാണ് ടിക്കറ്റ്നിരക്ക്. രാവിലെ ആറരമുതല്‍ രാത്രി എട്ടരവരെ ജങ്കാര്‍ സര്‍വീസുണ്ട്. ജങ്കാര്‍ ഇറങ്ങിയാല്‍ ഓട്ടോപിടിച്ച് എസ് വളവിലേക്ക്. അമ്പത് രൂപ കൊടുത്താല്‍ മതി. എസ് വളവില്‍  വഞ്ചി സൗകര്യം ലഭിക്കും. 

ട്രെയിനുകള്‍ ഏതൊക്കെ

തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കൊല്ലം -  ആലപ്പുഴ പാസഞ്ചര്‍, കൊല്ലം - എറണാകുളം പാസഞ്ചര്‍, കോട്ടയം - കൊല്ലം പാസഞ്ചര്‍, നാഗര്‍കോവില്‍ - കോട്ടയം പാസഞ്ചര്‍, കൊല്ലം - എറണാകുളം മെമു, കോട്ടയം - കൊല്ലം പാസഞ്ചര്‍, കൊല്ലം - എറണാകുളം മെമു, ഗുരുവായൂര്‍ - പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയ്ക്ക് മണ്‍റോതുരുത്തില്‍ ഹാള്‍ട്ട്  ഉണ്ട്.

(ക്ലബ് എഫ്.എം കൊച്ചി സീനിയര്‍ കോപ്പി റൈറ്ററാണ് ലേഖകന്‍)

Content Highlights: Munroethuruth, Munroe Islands, Kollam Tourism, Kerala Tourism