ഭൂമി ഇവിടെ ഈ ബീച്ചില്‍ വളരെ നിസ്സാരമായി കിടക്കുന്നു.  മണല്‍ത്തരികളായി. എത്രയോ അലകളുടെ കൈകളില്‍ പെട്ട് നേര്‍ത്ത് നേര്‍ത്ത് വന്ന മല. ഇനി ഉപേക്ഷിക്കാനൊന്നുമില്ലാത്തവിധം ഇപ്പോള്‍ നേരിയ തരിയായിരിക്കുന്നു. ഈഗോയുടെ കെട്ടുകളഴിഞ്ഞ് ഉരഞ്ഞ് പതം വന്ന് പലരുടെയും ചവിട്ടടികളില്‍ ഞെരിഞ്ഞമരുന്നു. ബീച്ചുകള്‍ ഓര്‍മിപ്പിക്കുന്നത് ഈ രൂപാന്തരമാണ്. ഓരോരുത്തരും ഒരിക്കല്‍, ഒറ്റയ്ക്ക് പോകേണ്ടുന്ന യാത്ര. അഹം ഇല്ലാതാകുന്ന യാത്ര.

Mareena Beach 1

ജീവിതം പല തുണ്ടുകളായി വീണ് കിടക്കുന്ന മറീനബീച്ച്. പുലരിയില്‍ മണല്‍പ്പുറം മഞ്ഞ് വീണ്  നനഞ്ഞിരിക്കുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ആ നനവ് കൂടെകൂടുന്നു. കുറച്ച് മുമ്പ് വരെ നരച്ച ആകാശമായിരുന്നു. ചുവപ്പില്‍ മുങ്ങികുളിച്ച് സൂര്യന്‍ മെല്ലെ തലനീട്ടി. ഒരുകാക്ക അടുത്തുള്ള കല്ലില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു.. അടുത്ത ക്ഷണം പതിനായിരങ്ങളിലൊന്നായി പറന്നുപൊന്തി. തിരിച്ചറിയാന്‍ സൂചന തരാതെ കൂട്ടത്തിലൊരു പൊട്ടായി. കടല്‍ത്തീരത്തെ ഗാന്ധിയുടെയും മറ്റനേകം മഹാത്മാക്കളുടെയും പ്രതിമകള്‍ തെളിഞ്ഞുവന്നു. ജീവിതത്തിന്റെ പലമുഖങ്ങള്‍ കടല്‍ത്തീരത്ത് ഒന്നൊന്നായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

Mareena Beach 2

നന്നേ ചെറിയ കുട്ടികള്‍ക്ക് ബോക്സിംഗ് ക്ലാസെടുക്കുന്ന വൃദ്ധന്‍.. സംഗീതം വഴങ്ങാത്ത കുരുന്നിനെ തല്ലി പഠിപ്പിക്കുന്ന അധ്യാപകന്‍, രാത്രി ഓട്ടത്തിനുശേഷം കടല്‍ക്കാറ്റേറ്റ് മയങ്ങുന്ന ഓട്ടോ ഡ്രൈവര്‍മാര്‍, കടലിന് ബൈബിള്‍ ഗീതങ്ങള്‍ ചൊല്ലികേള്‍പ്പിക്കുന്ന ദാനിയേല്‍ എന്ന അനാഥന്‍.. ..കണ്ടെടുക്കും വരെ കാഴ്ച്ചകള്‍ ഒളിച്ചുകിടന്നു.

Mareena Beach 3

ജോഡി പിരിഞ്ഞ കുട്ടിചെരിപ്പ്

ബീച്ചില്‍ ജോഡി പിരിഞ്ഞ ഇളം ചെമപ്പ്  ചെരിപ്പ് കണ്ടു. മണല്‍മെത്തയില്‍ അല്‍പ്പം മുമ്പ് വരെ ഓടിക്കളിച്ചിരുന്ന കുട്ടി മെല്ലെ എന്റെ മുന്നില്‍ തെളിഞ്ഞു.അവളുടെ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാം..പാപ്പ എന്ന് ഞാനവള്‍ക്ക് പേര് കൊടുത്തോട്ടെ? പാപ്പയുടെ ഈ ചെരിപ്പ് എങ്ങനെ അനാഥയായി? വീട്ടിലെത്തിയപ്പോള്‍ ചെരിപ്പ് കാണാതെ പാപ്പയെത്ര കരഞ്ഞിരിക്കും? മണലില്‍ പുതഞ്ഞ് ഒറ്റപ്പെട്ട് കിടക്കുന്ന ഈ ചെരിപ്പിന് പോലും എത്ര സങ്കടം കാണും?

Mareena Beach 4

Mareena Beach 5പൂനംമല്ലി ബസ്

മറീന ബീച്ചിലേക്ക് നടക്കുംവഴിയാണ് ഇളം പച്ച നിറം ബസില്‍ പൂനംമല്ലി എന്ന ബോര്‍ഡ് വായിച്ചത്.  സര്‍ക്കാര്‍ ബസാണെന്ന് തോന്നുന്നു. ബോര്‍ഡ് വായിക്കുമ്പോള്‍ തന്നെ ഇപ്പോള്‍ വിരിഞ്ഞ പൂകൊണ്ട് പേരെഴുതിയ പോലെ തോന്നി..എത്ര മനോഹരമായ പേര്. പൂനംമല്ലി  കൊട്ടക്കണക്കിന് പൂക്കളുടെ മണവുമായി ആ ബസ് കടന്നുപോയി. എങ്കിലും ആ പേര് കുലുക്കിയിട്ട സൗരഭം ഇന്നും  തങ്ങി നില്‍ക്കുന്നു. ബസിന്റെ അരിക് ജനലിലിരുന്ന് അകലങ്ങളിലേക്ക് കണ്ണുംനട്ടിരുന്ന ആ പച്ച ബ്ലൗസിട്ടവളാണോ പൂനംമല്ലി?

ക്വീന്‍ മേരീസിലെ ദാവണി കനവുകള്‍

ക്വീന്‍ മേരീസിന്റെ പഴക്കം ചെന്ന ബോര്‍ഡ്. നീലയില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ബോര്‍ഡ് ചെടിത്തലപ്പുകളില്‍ പാതി മറഞ്ഞിരിക്കുന്നു. ജ്വലിച്ച യൗവ്വനങ്ങളുടെ നടത്താര.  എത്രയെത്ര ദാവണിക്കനവുകള്‍ ഈ  സ്്റ്റോപ്പില്‍ നിന്ന് ബസ് കയറിയിരിക്കും? അവരറിയാതെ അവരെ തന്നെ എത്രയോപേര്‍ നോക്കിനിന്ന ഇടം. എത്ര പ്രണയലേഖനങ്ങള്‍ 600 004 എന്ന പിന്‍ കോഡില്‍ എത്തിയിരിക്കും?

Mareena Beach 6

ബോക്സിംഗ് ഗുരു

മറീന ബീച്ചിലെ വിദ്യാരംഭങ്ങളിലൊന്ന് കണ്ടു. ഒരു പറ്റം കുട്ടികളെ ബോക്സിംഗ് പഠിപ്പിക്കുന്ന പ്രായം ചെന്നയാള്‍. ആശാനിപ്പോഴും കരിങ്കല്ല് പച്ചവെള്ളമാക്കാനുള്ള ഊര്‍ജമുണ്ട്. പിള്ളേര്‍ക്കെന്തായാലും ആശാന്റെ ഉഷാറില്ല.  നഷ്ടപ്പെട്ട ഉറക്കം അവരുടെ ശരീരഭാഷയില്‍ വ്യക്തം. വായുവില്‍ അവരുടെ ഓരോ അലസ ഇടികളിലും നഷ്ടപെട്ട ഉറക്കം, കൂര്‍ക്കം വലിക്കുന്നത് കേള്‍ക്കാം.

Mareena Beach 7

ഉറക്കം പിടിച്ചവര്‍

കടല്‍കാറ്റില്‍ സ്വപ്നങ്ങളുടെ പായ നിവര്‍ത്തുകയാണിവന്‍. അന്‍പഴകനെന്നായിരിക്കാം പേര്. ഓട്ടോ ഡ്രൈവര്‍. രാത്രി വൈകി ഓട്ടോ ഓടിച്ചുവന്ന് പുലരിയില്‍ ഉറങ്ങാന്‍ കിടന്നവന്‍. വീട്ടില്‍ അപ്പയെ സ്വപ്നം കണ്ടു കിടന്ന അന്‍പഴകന്റെ പഞ്ചവര്‍ണമുണ്ട്. മൈനയുണ്ട്. അവര്‍ സ്വപ്നത്തില്‍ മുട്ടിവിളിക്കുന്നുണ്ടാകാം. അരൂപമായ് തൊട്ടരികെ വന്നു നില്‍ക്കുന്നുണ്ടാകാം.  കാറ്റില്‍ തണുത്തു വിറങ്ങലിച്ച അച്ഛന്റെ പാദങ്ങളെ പൊതിഞ്ഞു പിടിക്കുന്നുണ്ടാകാം.  ഒന്നല്ല..പലരാണ് ഇങ്ങനെ രാത്രിഓട്ടത്തിന് ശേഷം ബീച്ചിലെ കടപ്പുറത്ത് ഉറങ്ങാന്‍ കിടക്കുന്നത്. നേരം വെളുത്തിട്ടും പായയില്‍ നിന്ന് ഉണര്‍ന്നെണീല്‍ക്കാന്‍ മടിക്കുന്നവരെയും കണ്ടു. ചിലര്‍ക്ക് കൂട്ടുകിടക്കുന്നത് നായകളാണ്.

Mareena Beach 8

കടലിനോട് സങ്കീര്‍ത്തനം ചൊല്ലുന്ന ദാനിയേല്‍

'രാജകുമാരി, പാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം. സമര്‍ത്ഥനായ ശില്‍പി തീര്‍ത്ത കോമളമായ രത്നഭൂഷണം പോലെയാണ് നിന്റെ നിതംബം.  സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപൂക്കള്‍ അതിരിട്ട ഗോതമ്പ് കൂനയാണ് നിന്റെ ഉദരം. ഇരട്ടപ്പിറന്ന മാന്‍കുട്ടികളെപോലെയാണ് നിന്റെ സ്തനങ്ങള്‍'.

Mareena Beach 9

Mareena Beach 9മറീനബീച്ചില്‍ പുലര്‍ച്ചെ ദാനിയേല്‍ ബൈബിളിലെ ഉത്തമഗീതം വായിക്കാന്‍ തുടങ്ങും. കേള്‍വിക്കാര്‍ ആരുമില്ല. അതൊന്നും ദാനിയേലിനെ തളര്‍ത്തില്ല. കമ്പിവേലിയുടെ അടുത്ത് കടലിന് അഭിമുഖമായി ഇരുന്ന് ദാനിയേല്‍ എന്നും ഉത്തമഗീതം വായിക്കും. അനാഥനാണ്. പകല്‍ സമയം എവിടെയും പോകാനില്ല. മൈലാപൂരിലെ ഷെല്‍റ്റര്‍ ഹോമില്‍ രാത്രി തലചായ്ക്കാനേ അനുവാദമുള്ളൂ. പകല്‍ ഇങ്ങനെ ഉത്തമഗീതം വായിക്കും. ആരേലും എന്തേലും കൊടുത്താല്‍ വിശപ്പ് മാറ്റും. ബാംഗ്ലൂരില്‍ പാസ്റ്റര്‍ ആയിരുന്നു . യേശുവിനെ തന്നാല്‍ കഴിയുംവിധം വ്യാഖ്യാനിക്കാന്‍ പരിശ്രമിക്കുന്നു. കടല്‍ കുടിച്ചുവറ്റിക്കാനുള്ള ദാഹം ആ കണ്ണുകളില്‍. തോമാശ്ലീഹ രക്തസാക്ഷിയായെന്ന് പറയപ്പെടുന്ന മൈലാപ്പൂരിലേക്ക് ഇവിടെനിന്ന് അധികം ദൂരമില്ല.

Mareena Beach 11

തിരുത്ത്: വായനസുഖത്തിനാണ് ദാനിയേല്‍ വായിക്കുന്നത് ഉത്തമഗീതം എന്ന് എഴുതിയത്. സത്യത്തില്‍ ദാനിയേല്‍ വായിക്കാനെടുത്തത് ബൈബിളിലെ ഇയ്യോബിന്റെ പുസ്തകമാണ്. അതിലെ ഹൃദയം തകര്‍ന്നവന്റെ വിലാപങ്ങളാണ്. അതിപ്രകാരം: നെടുവീര്‍പ്പുകളാണ് എന്റെ ഭക്ഷണം. ജലപ്രവാഹം പോലെ ഞാന്‍ നിരന്തരം ഞരങ്ങുന്നു. എന്റെ അനര്‍ത്ഥങ്ങള്‍ തുലാസില്‍ വെച്ചിരുന്നുവെങ്കില്‍ അവ കടല്‍ത്തീരത്തെ മണലിനേക്കാള്‍ ഭാരമേറിയതായിരിക്കും.

Content Highlights: Mareena Beach Chennai, Purappettupokunna Yathrakal, Visuals in Mareena Beach