കോഴിക്കോട് നിന്നും കാറില്‍ കയറുമ്പോള്‍ സമയം രാവിലെ ആറര. ചെറിയ തണുപ്പുണ്ടായിരുന്നു. പയ്യോളിയിലേക്കാണ് യാത്ര. എലത്തൂര്‍ വഴിയാണ് റൂട്ട്. പയ്യോളിയിലേക്കെന്ന് പറയുമ്പോള്‍ ബീച്ചിലേക്കാണോ എന്ന ചോദ്യം വരും. ബീച്ചിലേക്ക് തന്നെയാണ്. പക്ഷേ എല്ലാവരും പോകുന്ന ആ കടല്‍ത്തീരത്തേക്കല്ല. കോഴിക്കോട് നിന്നും അല്പം ഉള്ളിലേക്ക് മാറിയുള്ള കൊളാവി ബീച്ചിലേക്കാണ് നേരം പരപരാ വെളുത്തപ്പോഴുള്ള ഈ യാത്ര.

മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പയ്യോളി ടൗണെത്തി. നേരെ മുന്നോട്ട് വടകര റൂട്ടില്‍ വച്ചുപിടിച്ചു. അല്പദൂരം പോയപ്പോള്‍ ഇടതുവശത്തേക്കൊരു ബോര്‍ഡ് കണ്ടു. ഇരിങ്ങല്‍ സര്‍ഗാലയയിലേക്കും കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിലേക്കുമുള്ള വഴിയാണ്. കോട്ടയ്ക്കല്‍ അങ്ങാടിയും കടന്നപ്പോള്‍ വഴി തെറ്റുമോ എന്നൊരു സംശയം വന്നതുകൊണ്ട് കൊളാവിയിലേക്കുള്ള വഴി ഒന്ന് രണ്ടുപേരോട് ചോദിക്കേണ്ടിവന്നു. ചെറിയ റോഡിലൂടെ വണ്ടി വീണ്ടും കുതിച്ചു. ഏതൊരു ഉള്‍നാടന്‍ റോഡും എന്നപോലെ അവിടവിടെയായി പരിക്കുകള്‍ വീണിട്ടുണ്ട് പഴയ റോഡിന്.

Mini Goa 2

ലക്ഷ്യസ്ഥാനമെത്തുന്ന കണക്കേ പ്രകൃതിയുടെ രൂപം മാറുന്നതുപോലെ തോന്നി. അല്പദൂരം ചെന്നപ്പോള്‍ റോഡ് ഇടത്തേക്കും വലത്തേക്കും രണ്ടായി തിരിയുകയാണ്. ഇടതുവശത്ത് ചെറിയ ഒരു ചായക്കടയുണ്ട്. അവിടെ നിന്നുള്ള ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ പാകിയ റോഡ് പയ്യോളിയിലേക്കാണ്. വലത്തേക്കുള്ളത് കൊളാവിപ്പാലം ബീച്ചിലേക്കും. വാഹനം നിര്‍ത്തി ഇറങ്ങി. കയ്യിലെ ക്യാമറയും അനുബന്ധസംവിധാനങ്ങളും കണ്ടപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കൗതുകത്തോടെ അടുത്തുവന്നു കാര്യമന്വേഷിച്ചു. മാതൃഭൂമി ഡോട്ട് കോമില്‍ നിന്നാണെന്നുപറഞ്ഞപ്പോള്‍ ഒരു ചോദ്യം. 'മിനി ഗോവയിലേക്ക് ആയിരിക്കുമല്ലേ?' അങ്ങനെയൊരു സ്ഥലപ്പേര് കേട്ടപ്പോള്‍ ഒരതിശയം. ' ഇവിടെയെന്താ ഇങ്ങനെയൊരു പേര്' എന്ന് സംശയം ചോദിച്ചു. 'പോയിനോക്കൂ, അങ്ങോട്ടെത്തുമ്പോള്‍ മനസിലാവും' എന്നായിരുന്നു മറുപടി. 

'മിനി ഗോവയിലേക്ക് പോകുന്നതിന് മുമ്പ് ഈ ജംഗ്ഷനേക്കുറിച്ച് ചില കാര്യങ്ങളറിയാനുണ്ട്. കോട്ടക്കടപ്പുറം ബീച്ചെന്നാണ് ഇവിടം അറിയപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാറിന്റെ കോട്ടയുടെ പരിസരമായതിനാലാണ് ഈ പേര് വരാന്‍ കാരണം. ബീച്ചിലേക്ക് വെറുതേ നോക്കി നില്‍ക്കുമ്പോള്‍ നാട്ടുകാരനായ ഒരു ചേട്ടന്‍ വന്ന് ദൂരേയ്ക്ക് കൈ ചൂണ്ടി. കടലിന്റെ സീമയോടു ചേര്‍ന്ന് പായ് വഞ്ചി പോലൊരു രൂപം. വെള്ളിയാങ്കല്ല്! അങ്ങനെയൊരു കാഴ്ച അവിടെ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. ഒരു പടയോട്ടകാലം ഉള്ളിലൂടെ തിരയടിച്ച് കടന്നുപോയപോലെ. അല്പനേരംകൂടി അവിടെ നിന്ന് കടലിലേക്ക് കണ്ണുപായിച്ചശേഷം തിരികെ കാറിലേക്ക്. കാരണം നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനം മറ്റൊന്നാണല്ലോ.

Mini Goa 3

ലക്ഷ്യസ്ഥാനം അടുക്കുന്തോറും പ്രകൃതി പതിയെ രൂപം മാറുന്നതുപോലെ തോന്നി. ഉള്ളിലൊളിപ്പിച്ച പച്ചപ്പ് യാതൊരുമടിയുമില്ലാതെ കാട്ടിത്തന്നു കൊളാവി. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും തെങ്ങിന്‍തോപ്പാണ്. നിലമാകെ പച്ചപ്പ് നിറഞ്ഞിരിക്കുന്നു. ഒരുവശത്തുനിന്ന് കടലിരമ്പം കേള്‍ക്കാം. അല്പദൂരം ഈ കാഴ്ച കണ്ടപ്പോഴാണ് 'മിനി ഗോവ' എന്ന ചെല്ലപ്പേരിന്റെ ഗുട്ടന്‍സ് മനസിലായത്. ഗോവ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ആ പ്രകൃതിയുടെ മിനിയേച്ചര്‍ പതിപ്പാണ് കോട്ടക്കടപ്പുറം ബീച്ചില്‍ നിന്ന് കൊളാവിപ്പാലം ബീച്ചിലേക്കുള്ള യാത്രാമധ്യേ കാണാനാവുക. ഏകദേശം പത്ത് മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ റോഡവസാനിച്ചിടത്ത് വണ്ടിയൊതുക്കി. മിനി ഗോവയിലെത്തുന്നവര്‍ക്കായുള്ള പാര്‍ക്കിങ് ഗ്രൗണ്ടാണ്. ബോര്‍ഡൊന്നും വച്ചിട്ടില്ല. 

വണ്ടിയിറങ്ങിയപ്പോള്‍ ചെറിയ ഒരാശയക്കുഴപ്പം. കടലിരമ്പം കേള്‍ക്കുന്നുണ്ട്, പക്ഷേ വഴിയൊന്നും കാണുന്നില്ല.വെറുതേ ചുറ്റും നോക്കിയപ്പോള്‍ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള വീടിന്റെ ഓരം ചേര്‍ന്ന് വഴിച്ചാല്‍ കണ്ടു. കൂടെ വന്ന ഫോട്ടോഗ്രാഫര്‍ ശംഭുവിനെ വണ്ടിക്ക് സമീപം നിര്‍ത്തി ഒന്ന് നടന്നിട്ട് വരാമെന്ന് പറഞ്ഞ് വഴിച്ചാലിലൂടെ മണലില്‍ച്ചവിട്ടി നടന്നു. നേരെ ചെന്നപ്പോള്‍ കടല്‍ഭിത്തിയും അപ്പുറം കടലും കണ്ടു. പക്ഷേ മിനി ഗോവ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന ഒന്നും തന്നെ അവിടെ ഇല്ലായിരുന്നു. പതിറ്റാണ്ടുകളായി ഉപ്പുകാറ്റും മഞ്ഞും മഴയും വെയിലുമേറ്റ് ഒരു പടുകൂറ്റന്‍ ലോഹക്കഷണം കടല്‍ഭിത്തിയോടുചേര്‍ന്ന് നിദ്രകൊള്ളുന്നുണ്ടായിരുന്നു. ദേഹമാസകലം തുരുമ്പ് ബാധിച്ചിരുന്നു. മുന്നിലെ വെളുത്ത ഫാനിന്റെ ലീഫുകള്‍ പൊട്ടിത്തുടങ്ങിയിരുന്നു ബോട്ടിന്റെയോ മറ്റോ എഞ്ചിനായിരിക്കാം. നിരാശയോടെ തിരികെ കാറിനടുത്തേക്ക് നടന്നു.

Boat Engine

കാറിനടുത്തെത്തിയപ്പോള്‍ ശംഭുവുണ്ട് രണ്ടുപേരോട് സംസാരിക്കുന്നു. ബീച്ചിനടുത്തേക്കുള്ള വഴി അവര്‍ കാട്ടിത്തരാമെന്നാണ് പറയുന്നത്. അങ്ങനെത്തന്നെയായിക്കോട്ടെ എന്ന് ഞങ്ങളും. നാട്ടുകാര്‍ മുന്നിലും ഞങ്ങള്‍ പിന്നിലുമായി നടന്നു. നേരത്തെ ഞാന്‍ പോയ വഴി നേരെ അവസാനിക്കുന്നത് മിനി ഗോവയില്‍ത്തന്നെയാണെന്ന് വഴികാട്ടികള്‍ പറഞ്ഞപ്പോള്‍ നേരത്തേ തോന്നിയ നിരാശയുടെ ഭാരം ഇല്ലാതായി. കുറ്റിച്ചെടികള്‍ മുട്ടോളമെത്തി തൊടുന്നുണ്ടായിരുന്നു. പത്തടി വെച്ചപ്പോഴേക്കും കാഴ്ചയുടെ നീലിമ തുടങ്ങുകയായി. വലതുഭാഗത്ത് കോടപ്പുഴയുടെ ഒരു ഭാഗം ശാന്തമായി കിടക്കുകയാണ്. തെല്ലകലെയായി ചെറുകാറ്റില്‍ തലയിളക്കി കണ്ടല്‍ച്ചെടികള്‍ സ്വാഗതമോതി. പുഴയില്‍ പച്ചപ്പിന്റെ നിഴലിനെ അലോസരപ്പെടുത്തി ഒരു മത്സ്യബന്ധനവള്ളം പതിയെ ഒഴുകിയകന്നു.

പിന്നീടങ്ങോട്ട് വലതുഭാഗം തിങ്ങിനിറഞ്ഞ കണ്ടല്‍ച്ചെടികളാണ്. നീളമുള്ള കാലുകള്‍ മണ്ണിലാഴ്ത്തി അര്‍ധമയക്കത്തില്‍ അമര്‍ന്നിരിക്കുകയാണവ. അവയ്ക്കുള്ള താരാട്ടുപാട്ടായിരിക്കാം വഴിയിലെ കിളികളുടെ പാട്ടും കടലിന്റെ ഇരമ്പവും. ഒരുപക്ഷേ കാടിനുള്ളിലൂടെ നടന്ന് പോകാവുന്ന, അല്ലെങ്കില്‍ കാടിന്റെ മറവില്‍ അമര്‍ന്നിരിക്കുന്ന ബീച്ചുകള്‍ കേരളത്തില്‍ കുറവായിരിക്കും. എന്തായാലും കോഴിക്കോട് ഇങ്ങനെയൊരു യാത്രാനുഭവം ഇതാദ്യം.

ബീച്ചിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ഗേറ്റൊന്നുമില്ല. എങ്കിലും അതിര്‍ത്തിപോലെ തീര്‍ത്തിരിക്കുന്ന കല്‍ക്കെട്ടിന് മുകളില്‍ അരയാള്‍ പൊക്കത്തില്‍ തടിച്ച വടം കെട്ടിയിരിക്കുന്നു. കാരണമുണ്ട്. കോഴിക്കോട്ടെ മറ്റു ബീച്ചുകളെപ്പോലെ അത്ര സുരക്ഷിതമല്ല ഇവിടം. ഒരു പ്രത്യേകതയുണ്ട് ഇവിടത്തെ തിരയ്ക്ക്. കയറിവരുന്ന തിര തീരത്ത് ഒരു പ്രത്യേകസ്ഥലത്തെത്തുമ്പോള്‍ ഒന്ന് വട്ടം തിരിയും. മുന്‍പരിചയമില്ലാത്തവര്‍ ഇവിടെ ഇറങ്ങുകയാണെങ്കില്‍ അടിതെറ്റി വെള്ളത്തിലേക്ക് വീഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് കുട്ടികളുമായി വരുമ്പോള്‍ ഒന്ന് കരുതുന്നത് നല്ലതാണ്. എല്ലാ ബീച്ചിലേക്കും വരുന്ന ലാഘവത്തില്‍ നേരെ ഓടിയിറങ്ങാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗമാണീ വടം. ശ്രദ്ധയോടെ ബീച്ചിലേക്കിറങ്ങാം.

Mini Goa 4

തുറസ്സാണ് കടല്‍ത്തീരം. താഴെ സ്വര്‍ണനിറമാര്‍ന്ന മണല്‍ത്തരികള്‍. നീലനിറം പൂണ്ട് കടലും ആകാശവും. നീലാകാശത്തില്‍ മഞ്ഞുകൂട്ടങ്ങള്‍ പോലെ മേഘങ്ങള്‍ ഒഴുകിനടക്കുന്നു. കടല്‍ത്തീരത്തിന്റെ ഒരുഭാഗത്തുകൂടി തിര അരിച്ചുചെന്ന് കോടപ്പുഴയുമായി കൈകോര്‍ക്കുന്നു. കടലിലേക്കിറങ്ങാവുന്ന ഭാഗത്ത് മുമ്പ് കോടപ്പുഴയായിരുന്നു. മണല്‍ വന്നടിഞ്ഞ് കരയുണ്ടായതാണ്. നേരെ എതിര്‍വശത്തേക്ക് നോക്കിയാല്‍ വടകര സാന്‍ഡ് ബാങ്ക്‌സ് കാണാം. കടലും കോടപ്പുഴയും ചേരുന്നതിന്റെ അതിരില്‍ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അവര്‍ നില്‍ക്കുന്ന ഭാഗത്ത് അധികം ആഴമില്ല. മണലടിഞ്ഞ് പുഴയുടെ നീരൊഴുക്ക് തടസ്സപ്പെട്ടപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് നീര്‍ച്ചാല്‍ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. 

കടല്‍ത്തീരത്ത് പരിചയപ്പെട്ട ഒരു നാട്ടുകാരന്‍ കണ്ടല്‍ച്ചെടികള്‍ക്കുള്ളിലൂടെ നടക്കാന്‍ ക്ഷണിച്ചു. ഒപ്പം ചെന്നപ്പോള്‍ കണ്ടല്‍ച്ചെടികളേക്കുറിച്ച് ചെറുവിവരണം തന്നു അദ്ദേഹം. മുമ്പിവിടെ ഇത്രയും ചെടികളില്ലായിരുന്നു. ആദ്യം കുറച്ച് നട്ടുപിടിപ്പിച്ചു. ബാക്കിയുള്ളവയെല്ലാം അവയില്‍ നിന്ന് ജന്മമെടുത്തതാണ്. ഇപ്പോളത് വളര്‍ന്ന് കോടപ്പുഴയുടെ കാവല്‍ക്കാരായി തലയെടുപ്പോടെ നില്‍ക്കുന്നു. കണ്ടല്‍ക്കാടിന്റെ ഏറ്റവും ഉള്ളിലേക്ക് കയറാവുന്ന ഒരുഭാഗം കൂടെ വന്ന നാട്ടുകാരന്‍ കാട്ടിത്തന്നു. ഉള്ളിലേക്ക് കയറിയപ്പോള്‍ കണ്ടല്‍ച്ചെടികളുടെ വേരുകള്‍ തീര്‍ത്ത കോട്ടയാണ്. തവിട്ട് നിറത്തിലുള്ള മതിലിന് പച്ച നിറത്തിലുള്ള മേല്‍ക്കൂര. ശംഭുവിനെക്കൊണ്ട് രണ്ട് പടം എടുപ്പിക്കണമെന്ന് കരുതി കോട്ടയ്ക്കുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങി. വീണ്ടും കടല്‍ത്തീരത്തേക്ക്. നാട്ടുകാരന്‍ സുഹൃത്ത് വീട്ടിലേക്ക് മടങ്ങി.

ഉഗ്രനൊരു കാഴ്ചയുണ്ട്, നല്ല ഫോട്ടോയെടുക്കാം എന്നുപറഞ്ഞ് ഫോട്ടോഗ്രാഫറെ വിളിച്ച് കണ്ടല്‍ക്കാടിനടുത്തേക്കെത്തി. നേരത്തെ കയറിയ കോട്ടയ്ക്കകം കാണിക്കാന്‍ ഉത്സാഹത്തോടെ മുന്നില്‍ നടന്നു. ദൗര്‍ഭാഗ്യമെന്നോ അദ്ഭുതമെന്നോ പറയട്ടേ, ഇതേ ഞാന്‍ നേരത്തെ കയറിയിറങ്ങിയ വഴി ആ സമയത്ത് എനിക്ക് കണ്ടെത്താനായില്ല. ഇതെന്ത് മറിമായം എന്ന മട്ടില്‍ പുഴയോരത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നിരാശയായിരുന്നു ഫലം. ആ വഴി എനിക്കുമുന്നില്‍ തെളിഞ്ഞതേയില്ല.

mangroves kolavi

ഉദയവും അസ്തമയവും കാണാന്‍ പറ്റിയ സ്ഥലമാണെന്നതൊക്കെ ശരിതന്നെ. നല്ല വശങ്ങള്‍ പറയുമ്പോള്‍ കുറവുകള്‍ കൂടി പറയണമല്ലോ. അസ്തമയം കാണാന്‍ വരുന്നവര്‍ അധികം വൈകിക്കാതെ വന്ന് കണ്ടുപോവുന്നതായിരിക്കും നല്ലത്. ഒന്നാമത്തെ കാരണം കടല്‍ത്തീരത്ത് പേരിനുപോലും തെരുവുവിളക്കുകളില്ല. ഭക്ഷണമോ വെള്ളമോ വേണമെങ്കില്‍ കോട്ടക്കടപ്പുറത്ത് പോകണം. സുരക്ഷാ സംവിധാനമൊന്നുമില്ലാത്തതുകൊണ്ട് കുട്ടികളുമായി വരുന്നവര്‍ അവരെ മുറുകെ പിടിച്ച് ഒപ്പം തന്നെയുണ്ടാവണം.

കണ്ടല്‍ക്കാടിന്റെ പരിസരത്ത് പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുതന്നെയാണ് പ്രകൃതിയോടും ഇത്തരം കേന്ദ്രങ്ങളോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആരാധനയും.

Content Highlights: kolavi beach, mini goa in kozhikode, secret beach in kozhikode