കേശവൻപാറയിൽ കോടമഞ്ഞ് നിറഞ്ഞപ്പോൾ
കേരളത്തിന്റെ സൗന്ദര്യം അതിന്റെ സമ്പൂർണതയിൽ സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നവയിൽ എന്നും മുന്നിലുണ്ട് ഹിൽ സ്റ്റേഷനുകൾ. പച്ചപ്പും മഞ്ഞും വെയിലും മഴയുമായി അവ ഓരോ യാത്രാപ്രേമിയേയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിലേക്ക് ആകർഷിക്കപ്പെടുന്നത് അങ്ങനെയാണ്.
പൂർണമായും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള യാത്ര. അതായിരുന്നു ഇത്തവണത്തെ പ്രത്യേകത. തീവണ്ടിയിൽ കയറി പാലക്കാടെത്തി. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നേരത്തേതന്നെ മുറി ബുക്ക് ചെയ്തിരുന്നു. പിന്നെ നമ്മുടെ സ്വന്തം കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രാ സർവീസ്. മൂന്ന് നേരത്തെ ഭക്ഷണമടക്കം 650 രൂപയാണ് ഒരാൾക്ക് ചാർജ്. ഒരാഴ്ച മുമ്പ് തന്നെ സീറ്റ് ബുക്ക് ചെയ്തിരുന്നു. ശനിയും ഞായറുമാണ് സർവീസുള്ളത്. ശനിയാഴ്ചത്തെ സർവീസായിരുന്നു തിരഞ്ഞെടുത്തത്.
രാവിലെ ആറരയ്ക്ക് ഡിപ്പോയിലെത്തണമെന്ന് ബുക്ക് ചെയ്യുമ്പോൾത്തന്നെ പറഞ്ഞിരുന്നു. അതനുസരിച്ച് കൃത്യസമയത്തുതന്നെ സ്ഥലത്തെത്തി. യാത്രക്കാരായി വേറെ കുറച്ചുപേരെ കണ്ടു. ആറേ മുക്കാലായപ്പോൾത്തന്നെ ബസ് വന്നു, ഒന്നല്ല, മൂന്നെണ്ണം. ബുക്ക് ചെയ്തതനുസരിച്ച് ഓരോരുത്തരേയും ഓരോ ബസിലായി കയറ്റി. കൃത്യം ഏഴു മണിക്ക് തന്നെ ബസുകൾ പുറപ്പെട്ടു. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ചായ കുടിക്കാനായി വണ്ടി നിർത്തി. അഞ്ച് ഇഡ്ഡലിയും വടയും കറിയും ചായയും. കറി അൺലിമിറ്റഡാണ്.
ചായ കുടിച്ച ശേഷം ഒന്നിന് പിറകെ ഒന്നെന്ന രീതിയിൽ ബസുകൾ പുറപ്പെട്ടു. നഗരത്തിരക്കുകൾ കഴിഞ്ഞാൽ പിന്നീടങ്ങോട്ട് കാടിന്റെ കാഴ്ചകളാണ്. അതിന്റെ തുടക്കം പോത്തുണ്ടിയിലാണ്. ചെക്ക് പോസ്റ്റ് കടന്നുവേണം യാത്ര തുടരാൻ. ഇടതുവശത്ത് ഭീമാകാരനായ ഒരു കാട്ടുപോത്തിന്റെ ശില്പം. യഥാർത്ഥ കാട്ടുപോത്തിന്റെ വലിപ്പം തന്നെയുണ്ടതിന്. വനംവകുപ്പിന്റെ കെട്ടിടത്തിന് മുകളിൽ കുരങ്ങന്മാർ വിലസുന്നു. വനംവകുപ്പുദ്യോഗസ്ഥരുമായി ബസിലെ ജീവനക്കാരുടെ ചെറിയ കുശലാന്വേഷണം.
യാത്ര തുടരുന്നു. മുകളിലേക്ക് പോകുന്തോറും കാടിന്റെ കാഴ്ചകൾ കൂടിവന്നു. ഒരു ഭാഗത്ത് കാടിന്റെ പച്ചനിറം. സൂര്യപ്രകാശം താഴേക്കിറങ്ങിവരാൻ ബുദ്ധിമുട്ടുന്ന പോലെ. മറുഭാഗത്ത് പോത്തുണ്ടി ഡാമിന്റെ ആകാശദൃശ്യം. ഓരോ ഘട്ടം പിന്നിടുമ്പോഴും പല നിറത്തിൽ, പല ആംഗിളുകളിൽ പോത്തുണ്ടി ഡാം കൺമുന്നിൽ തെളിഞ്ഞു.

ഇടയ്ക്ക് റോഡരികിൽ ചെറിയ ഒരു വെള്ളച്ചാട്ടം. പിന്നാലെ വരുന്ന മറ്റുവാഹനങ്ങൾക്ക് ശല്യമുണ്ടാവാത്ത രീതിയിൽ ബസ് നിർത്തി. വെള്ളം ബസ് നിർത്തിയിരിക്കുന്ന കലുങ്കിനടിയിലൂടെ എതിർഭാഗത്തേക്കാണൊഴുകുന്നത്. കൂറ്റൻ മരങ്ങളുടെ വേരുകളെ തഴുകിത്തണുപ്പിച്ച് എങ്ങോട്ടാവും ഈ ചെറുജലപാതം പോകുന്നതെന്ന് വെറുതേ ആലോചിച്ചു. ബസിൽ നിന്നുള്ള ഹോണടി കേട്ടു. തിരികെ കയറാനുള്ള നിർദേശമാണ്. തിരികെ കയറി പഴയ സീറ്റിൽ ഇരിപ്പുറപ്പിക്കവേ വാഹനം മുന്നോട്ടെടുത്തു.
പുറംകാഴ്ചകളിൽ ലയിച്ചിരിക്കേ ബസിന്റെ വേഗം പതിയെ കുറയുന്നു. എന്താണെന്ന് ആദ്യം മനസിലായില്ല. നോക്കുമ്പോഴുണ്ട് ഒന്ന് രണ്ട് സിംഹവാലൻ കുരങ്ങന്മാർ. ചിത്രങ്ങളിലും വീഡിയോകളിലും മാത്രം കണ്ടിട്ടുള്ള ഈ ജിവി വർഗത്തെ ആദ്യമായാണ് ഇത്രയുമടുത്ത് കാണുന്നത്. അതിലൊരെണ്ണം ബസിലിരുന്ന് ക്യാമറയെടുത്തവർക്കെല്ലാം ഓടി നടന്ന് പോസ് ചെയ്യുകയാണ്. ഞാൻ എത്രയോ യാത്രക്കാരെ കണ്ടിരിക്കുന്നു എന്ന മട്ടിൽ. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. തൊട്ടടുത്തുള്ള മരങ്ങളിലെല്ലാം സിംഹവാലൻ കുരങ്ങുകളുണ്ട്. ആദ്യം തോന്നിയ കൗതുകം അദ്ഭുതമായി മാറിയ നിമിഷം.

വരയാടുമലയിലെ പ്രകൃതി സംരക്ഷണ പാഠം
ഈ യാത്രയിലെ ആദ്യപ്രധാന ഡെസ്റ്റിനേഷൻ വരയാടുമലയാണ്. വ്യൂ പോയിന്റാണിത്. ആകാശം മുട്ടുന്ന മലനിരകളാണ് ഒരു ഭാഗത്ത്. പോത്തുണ്ടി ഡാമിന്റെ കാഴ്ചകൾക്കൊപ്പം ഈ മലനിരകളുടെ ദൃശ്യവും ഒളിഞ്ഞും തെളിഞ്ഞും ബസിലിരുന്ന് കാണാം. പോത്തുണ്ടി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയാണ് വരയാടുമല വ്യൂ പോയിന്റിന്റെ ആകർഷണം. ഒരു ഹെലി ക്യാം ചിത്രം പോലെ പോത്തുണ്ടി ദർശനമരുളി. നേരത്തെ ഇലച്ചാർത്തുകളുടെ മറവിൽ വ്യക്തമായി കാണാനാവാതിരുന്ന മലനിരകൾ കണ്മുന്നിൽ വിശ്വരൂപം പൂണ്ടു.

കാഴ്ചകൾ കാണുന്നതിനിടയിലാണ് ഒരാളെ പരിചയപ്പെട്ടത്. നെല്ലിയാമ്പതിയുടെ കാവൽക്കാരൻ എന്നാണ് കക്ഷി അറിയപ്പെടുന്നത്. സാത്വികനായ മനുഷ്യൻ. പുള്ളിയുടെ കയ്യിൽ രണ്ട് വസ്തുക്കളുണ്ട്, ഒന്ന് ഒരു ഓടക്കുഴൽ. ആവശ്യപ്പെട്ടാൽ ഒരു പാട്ടൊക്കെ പാടിത്തരും. രണ്ടാമത്തേത് ഒരു നീണ്ട വടിയാണ്. ചില അലങ്കാരപ്പണികളൊക്കെയുണ്ട് വടിയിൽ. സഞ്ചാരികൾ വലിച്ചെറിയുന്നവയിൽ കൈ കൊണ്ട് എടുക്കാൻ പറ്റാത്ത മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഈ വടി ഉപയോഗിക്കുന്നത്. സഞ്ചാരികൾക്ക് പരിസര ശുചീകരണത്തിന്റെ മഹത്തായ ഒരു പാഠം പകർന്നുനൽകുന്ന ഈ കാവൽക്കാരന് ഒരു സലാം പറഞ്ഞ് അടുത്തസ്ഥലത്തേക്ക് പോകുകയാണ്.

മനോഹരം, വിസ്മയം സീതാർകുണ്ട്
കാടിന്റെ കാഴ്ചകൾ പിന്നിട്ട് തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയായി യാത്ര. സീതാർകുണ്ടാണ് അടുത്ത ലക്ഷ്യം. ഇങ്ങനെയൊരു പേര് കേട്ടിട്ടുണ്ടെന്നല്ലാതെ എന്താണ് അവിടെയുള്ളത് എന്ന് ധാരണയില്ലായിരുന്നു. വഴിയിലൊരിടത്തെത്തിയപ്പോൾ സീതാർകുണ്ടിലേക്കുള്ള ട്രെക്കിങ് പാത സൂചിപ്പിക്കുന്ന ബോർഡ് കണ്ടു. പക്ഷേ നമ്മൾ പോകുന്നത് ആ വഴിയല്ല. എസ്റ്റേറ്റ് ഭൂമിയാണ്. വളഞ്ഞുപുളഞ്ഞ വീതികുറഞ്ഞ റോഡിലൂടെ പതുക്കെയാണ് യാത്ര. പാർക്കിങ് ഗ്രൗണ്ടിലേക്കാണ് നേരെയെത്തുന്നത്. ഇവിടെനിന്നു കുറച്ച് ദൂരം നടക്കണം. ചുറ്റും തേയിലത്തോട്ടമാണ്. തേയിലത്തോട്ടങ്ങൾക്ക് നടുവിൽ സിൽവർ റോക്ക് മരങ്ങൾ കാണാം. അതിനിടയിലൂടെ വേണം നടക്കാൻ. ഉരുളൻ കല്ലുകൾ പുറത്തേക്കുന്തി നിൽക്കുന്ന വഴിയിലൂടെ നടന്നെത്തുമ്പോൾ ആദ്യം കാണുന്നത് ഒരു കമ്പിവേലിയാണ്. കമ്പിവേലിക്കപ്പുറത്ത് കാഴ്ചയുടെ വിശാലമായ ലോകമാണ്.

പച്ചപ്പുകൊണ്ട് പ്രകൃതി വരച്ച ചിത്രം! സീതാർകുണ്ടിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പച്ചയും നീലയും നിറഞ്ഞ ഭൂമികയിൽ അവിടവിടെയായി വെളുത്തപൊട്ടുകൾ കാണാം. കെട്ടിടങ്ങളാണെന്ന് തോന്നുന്നു. അങ്ങിങ്ങായി മേഘപാളികൾ നിഴലുകൾ തീർത്തിരിക്കുന്നു. ഈ കാഴ്ചയ്ക്ക് അതിരില്ലേ എന്ന് മനസിൽ വെറുതേ ചോദിച്ചു.

നടപ്പാതയിൽ ചെറുതും വലുതുമായ പാറക്കല്ലുകളുണ്ട്. അധികം അപ്പുറത്തേക്ക് പോകാതിരിക്കാനായി തടിവേലിയാണ് തീർത്തിരിക്കുന്നത്. പക്ഷേ, അതിസാഹസിക പ്രവർത്തനങ്ങൾക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. വേലിയുടെ തകർന്നുകിടക്കുന്ന ഭാഗങ്ങളിലൂടെ അപ്പുറം കടന്ന് ചിത്രങ്ങൾ പകർത്തുകയാണ് ഒരുപറ്റം യുവാക്കൾ. വാട്ട്സാപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റാഗ്രാം റീലുകളായും അവയ്ക്ക് രൂപാന്തരം സംഭവിച്ചിരിക്കാം.

മധുരനാരങ്ങച്ചെടികളും തേയിലത്തോട്ടത്തിലെ പുകമഞ്ഞും
നെല്ലിയാമ്പതിയിലെ സർക്കാർ വക ഓറഞ്ച് ഫാമാണ് അടുത്തത്. പ്രധാന കവാടം കഴിഞ്ഞപ്പോൾത്തന്നെ മനസിലായി ഓറഞ്ച് മാത്രമല്ല ഇവിടെയുള്ളതെന്ന്. പലതരം ചെടികളുടെ വൻശേഖരമാണ് ഇവിടെയുള്ളത്. പോകുന്ന വഴിയിൽ പലയിടങ്ങളിലായി ഓറഞ്ച് ചെടികൾ കായ്ച്ചിരിക്കുന്നത് കണ്ടു. അതിൽ പച്ചയുമുണ്ട് പഴുത്തതുമുണ്ട്. സഹയാത്രികരിൽ പലരും ഓറഞ്ച് ചെടികൾക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇവിടെ പലതരം പൂച്ചെടികളുമുണ്ട്. ആവശ്യക്കാർക്ക് വേണമെങ്കിൽ പൈസകൊടുത്ത് വാങ്ങുകയും ചെയ്യാം. കുറച്ചുനേരം അവിടെ ചുറ്റിയടിച്ചപ്പോഴേക്കും വിശപ്പിന്റെ വിളിയെത്തി. നേരെ ബസിലേക്ക് കയറി. അടുത്ത ലക്ഷ്യം ഭക്ഷണം കഴിക്കലാണ്.

നെല്ലിയാമ്പതിയിൽനിന്ന് വന്ന വഴിയേ തിരിച്ചിറങ്ങുകയാണ്. അതിനിടയിലൊരിടത്താണ് ഭക്ഷണം. ചൂടുള്ള നല്ല ചിക്കൻ ബിരിയാണിയായിരുന്നു. ബസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ ഉച്ചയ്ക്കെന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിക്കും. അങ്ങനെ ഓർഡർ ചെയ്ത ഭക്ഷണമാണിത്. ചിക്കൻ ബിരിയാണിയേക്കൂടാതെ വെജിറ്റബിൾ ബിരിയാണ്, മീൻ കറി കൂട്ടിയുള്ള ഊണ് എന്നിവയും പാക്കേജിലുണ്ട്. സീറ്റ് ബുക്ക് ചെയ്യുമ്പോൾ അതും പറയണം.
ഭക്ഷണം കഴിച്ച് ഒരഞ്ച് മിനിറ്റ് വിശ്രമം. ശേഷം നേരെ പോത്തുപാറയിലേക്കാണ്. പാലക്കാട്ടെ ഏറ്റവും മനോഹരമായ തേയിലത്തോട്ടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ബസ് ചലിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു കാര്യത്തിൽ നോട്ടമെത്തി. പുറത്ത് പുകപോലെ കോടമഞ്ഞിറങ്ങുകയാണ്. വണ്ടി പോകുന്നതിനൊപ്പം, അല്ലെങ്കിൽ അതിനേക്കാൾ വേഗത്തിൽ കണ്മുന്നിലൂടെ മഞ്ഞ് ഒഴുകി സഞ്ചരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടുമണി സമയത്താണീ കാഴ്ചയെന്ന് കയ്യിലെ വാച്ച് ഓർമിപ്പിച്ചു. അപ്രതീക്ഷിതമായി ഇത്തരം കാഴ്ചകൾ സമ്മാനിക്കുന്നതു കൊണ്ടാവാം നെല്ലിയാമ്പതിക്ക് പാവങ്ങളുടെ ഊട്ടി എന്ന പേരു വന്നത്. പോത്തുപാറയിൽ വണ്ടിനി ർത്തി. മഞ്ഞിലേക്കാണ് ഇറങ്ങുന്നത്. തേയിലച്ചെടികൾ പൂത്തിട്ടുണ്ട്. സൂക്ഷിച്ച് നോക്കിയാൽ കൂടിയ പച്ചനിറത്തിലുള്ള തേയിലക്കായ്കൾ കാണാം. മഞ്ഞിനെ തുളച്ച് പുറത്തെത്താനുള്ള സൂര്യന്റെ ശ്രമം ഫലം കണ്ടു. തേയിലകൊണ്ടുള്ള പച്ചക്കടലിനുമേലെ നീലാകാശം വെള്ള മേഘങ്ങളെ നെഞ്ചേറ്റിനിന്നു.

വാറുണ്ണി പുലിയെക്കൊന്ന കേശവൻപാറ
മഞ്ഞിന്റെ കാഴ്ചകൾ അവസാനിച്ചിരുന്നില്ല കേശവൻപാറയിലെത്തുമ്പോൾ. പ്രധാന റോഡിൽനിന്നു കാട്ടുവഴിയിലൂടെ അല്പം നടക്കാനുണ്ട്. നടത്തം അവസാനിക്കുന്നത് വലിയ ഒരു പാറക്കെട്ടിന് മുന്നിലാണ്. മഞ്ഞ് വീണ്ടും വാശി കാണിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും. ഒരാൾക്ക് മറ്റൊരാളെ കാണാൻ പ്രയാസം തോന്നുന്ന രീതിയിൽ ആ പാറക്കെട്ട് മുഴുവൻ മഞ്ഞു പൊതിഞ്ഞു. പാറക്കെട്ടുകൾക്കപ്പുറം എന്തായിരിക്കുമെന്ന ആകാംക്ഷ മനസിൽ തിങ്ങിനിറഞ്ഞു. പാറപ്പുറത്തേക്ക് കയറി നടക്കാൻ തുടങ്ങി. എന്തിലോ ഒന്നിലേക്ക് കാൽ വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് വെറുതേ താഴേക്ക് നോക്കിയത്. വലിയൊരു പാമ്പിൻതോൽ! ചെറുതായൊന്ന് ഞെട്ടി.

കാലാവസ്ഥ പതിയെ മാറുന്ന ലക്ഷണം കണ്ടുതുടങ്ങി. ദൂരെ വ്യൂപോയിന്റിന്റെ ഓരത്ത് ഒരു മിന്നായം. പതിയെ ആ കാഴ്ച തെളിഞ്ഞു വന്നു. ഭീമാകാരനായ പാറക്കെട്ടിൽ മഞ്ഞും സൂര്യനും ചേർന്ന് നിറം പകർന്നിരിക്കുകയാണ്. പാറയുടെ വിലക്ഷണമായ അരികുകളിൽ സൂര്യപ്രകാശത്തിന്റെ തിളക്കം. താഴെ മറ്റൊരു ഭാവത്തിൽ, നിറത്തിൽ പോത്തുണ്ടി ഡാമിന്റെ വിദൂരദൃശ്യം. മഞ്ഞു മാറി കാഴ്ച തെളിഞ്ഞപ്പോഴാണ് ഇവിടം എപ്പോഴോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നിയത്. എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാൻ പറ്റിയില്ല.
ഇവിടേയും സുരക്ഷയ്ക്കായി സ്ഥാപിച്ച മരവേലി മറി കടന്നുകൊണ്ട് ആളുകൾ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. പാറപ്പുറത്തുകൂടി തിരിഞ്ഞ് നടക്കുമ്പോൾ ആനപ്പിണ്ടം കിടക്കുന്നതുകണ്ടു. തിരികെ റോഡിലേക്ക് മടങ്ങുമ്പോൾ ദൂരെ മരത്തിൽ സിംഹവാലൻ കുരങ്ങുകളുടെ കൂട്ടത്തേയും കണ്ടു. എല്ലാം പിന്നിലാക്കി പതിയെ തിരികെ നടന്നുവന്ന് ബസിൽ കയറി. വാഹനം വിട്ടപ്പോഴാണ് മനസിൽ ഒരു പുലിയും തോക്കുമായി വേട്ടക്കാരനേയും കണ്ടത്. അതെ, അതുതന്നെ. ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ പുള്ളിപ്പുലിയെ വേട്ടക്കാരൻ വാറുണ്ണി വെടിവെച്ചിട്ടയിടമായിരുന്നു കേശവൻപാറ. വാഹനം മുന്നോട്ടുപോകേ മൃഗയയും മമ്മൂട്ടിയും എ.കെ. ലോഹിതദാസും ഐ.വി. ശശിയും ഉള്ളിലൂടെ കടന്നുപോയി.

യാത്ര അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പോത്തുണ്ടി ഡാമാണ് അത്. നാലു മണി ചായ ഇവിടെ നിന്നാണ്. ചായ കുടിക്കാൻ പുറത്തിറങ്ങണമെന്നില്ല, ബസിലിരുന്നാൽ മതി. ചായകുടിയും കഴിഞ്ഞ് നേരെ ഡാം കാണാനിറങ്ങി. ആദ്യം കാണുന്നത് ഒരു പൂന്തോട്ടമാണ്. പൂന്തോട്ടത്തിന് നടുവിലൂടെയുള്ള വഴിയിലൂടെ ചെന്നാൽ മുകളിലേക്ക് പടികൾ കാണാം. പടികൾ കയറിയെത്തുന്നത് ഡാമിന് മുകളിലേക്കാണ്. ഇന്ത്യയിലെ മണ്ണു കൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ് പോത്തുണ്ടി.

തിരിച്ചുള്ള യാത്രയ്ക്കിടെ ചെറുതായി മഴ പെയ്തിരുന്നു. അകമ്പടിയായി വെയിലുമെത്തി. വീണ്ടും കാണാമെന്ന് പ്രകൃതി ഉറപ്പു നൽകുന്നതുപോലെ ദൂരെ ഒരു മഴവില്ല് ഉദിച്ചു നിന്നു.
Content Highlights: Anjay's wanderings, nelliyampathy travel, seethargund view point, kesavanpara, ksrtc tourism package
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..