പ്രശസ്ത ഇന്‍ഡോ-ആംഗ്ലിയന്‍ എഴുത്തുകാരി അനിതാ നായരുടെ പംക്തി.
ഓര്‍മ്മകളില്‍ കൂകിപ്പായുന്ന തീവണ്ടികളിലേറി അനിതയുടെ ആദ്യയാത്ര.


Photo: NMPradeep

ഓര്‍മ്മകളുടെ അങ്ങേയറ്റം വരെ, ഒരു തീവണ്ടി എന്നോടൊപ്പമുണ്ട്. റെയില്‍വേയിലായിരുന്നു രണ്ടു മുത്തച്ഛന്മാര്‍ക്കും ജോലി. തീവണ്ടിക്കഥകളും അതിനെ മെരുക്കി കൊണ്ടുനടക്കുന്ന അദ്ഭുതമനുഷ്യരുടെ കഥകളും കേട്ട്് കൂകിപ്പാഞ്ഞ കുട്ടിക്കാലം.
പ്രണയം പോലെയായിരുന്നു തീവണ്ടിയാത്രകള്‍. തീരുമാനിക്കപ്പെടുന്ന നിമിഷം മുതല്‍ അടിവയറ്റില്‍ ചിത്രശലഭങ്ങളുടെ ഇളക്കം തുടങ്ങും. കുട്ടിക്കാലത്ത് യാത്രയുടെ ആലോചന തുടങ്ങുന്നതു തന്നെ ആധി പിടിച്ചുള്ള ചര്‍ച്ചകളോടെയാണ്. കലണ്ടറും സ്‌കൂള്‍ ഡയറിയുമെടുത്തു വെച്ച്, അച്ഛനമ്മമാരും ചേട്ടനും ഞാനും നിരന്നിരുന്നു നടത്തുന്ന അവസാനിക്കാത്ത ചര്‍ച്ചകള്‍. എപ്പോള്‍ പുറപ്പെടണം, എന്ന് മടങ്ങണം, അഥവാ അന്നു പോവാന്‍ പറ്റിയില്ലെങ്കിലോ... പകരം തീയതികള്‍ കണ്ടുവെയ്ക്കണ്ടേ.. അങ്ങിനെ പോകും ചര്‍ച്ചകള്‍. ഇന്റര്‍നെറ്റൊന്നുമില്ലാത്ത കാലമാണ്. അച്ഛന്‍ ഒരു പണിക്കാരനെ സ്റ്റേഷനിലേക്കു പറഞ്ഞയക്കും -ടിക്കറ്റെടുക്കാന്‍. ഒക്കെ വിശദമായി കുറിച്ചു കൊടുത്തിട്ടുണ്ടാവും. ജനലിനടുത്തുള്ള സീറ്റ് ഇത്ര, ലോവര്‍ ബര്‍ത്ത് ഇത്ര, അപ്പര്‍ ബര്‍ത്ത് ഇത്ര...

യാത്രക്ക് ദിവസങ്ങള്‍ മുമ്പേ തന്നെ കൊണ്ടുപോകേണ്ടതെല്ലാം എടുത്തു വെക്കാന്‍ തുടങ്ങും. ചര്‍ച്ചകള്‍ക്ക് എരിവേറ്റുന്നത് ഈ പാക്കിങ്ങ് വേളയാണ്. അട്ടത്തുള്ള സ്യൂട്ട്‌കേസുകള്‍ ഓരോന്നായി പുറത്തെടുത്ത് തുടച്ചു മിനുക്കണം. നമ്പര്‍ പൂട്ടുള്ള പെട്ടിയാണ് എപ്പോഴും പ്രശ്‌നക്കാരന്‍. അതിന്റെ നമ്പര്‍ എല്ലാവരും മറന്നു പോയിട്ടുണ്ടാവും. പിറന്നാള്‍ തീയതിയാണോ, വാര്‍ഷികമാണോ? അതോ.. അച്ഛന്റെ ലാംബ്രട്ട സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പറാണോ? ആരെങ്കിലും ഒടുവില്‍ അത് ഓര്‍ത്തെടുക്കും. അപ്പോള്‍ വേവലാതി അതാവും. ഇത്ര എളുപ്പത്തില്‍ ഓര്‍മ്മിച്ചെടുക്കാവുന്നതാണ് നമ്പറെങ്കില്‍ ലോകത്തെ ആര്‍ക്കും അതു ചെയ്യാലോ.. നമുക്കാ നമ്പറൊന്നു മാറ്റിയാലോ..

എന്തൊക്കെ കൊണ്ടു പോകണം എന്നതാണ് അവസാനിക്കാത്ത ചര്‍ച്ച. തുണികള്‍ എത്ര. പുസ്തകങ്ങള്‍ വേണോ. പേപ്പറും പെന്നും വേണ്ടേ. കളിപ്പാട്ടങ്ങള്‍ ഒന്നോ രണ്ടോ പോരേ. ബന്ധുക്കള്‍ക്ക് കൊടുക്കാന്‍ വിലകുറഞ്ഞ ചില ഫാന്‍സി ഐറ്റംസ്. വളകള്‍. അതില്ലാതെങ്ങന്യാ? പിന്നെ അമ്മമ്മയ്ക്ക് മണമുള്ള പുകയില.... അതു മറക്കണ്ടാട്ടോ!

യാത്രകള്‍ എനിക്ക് ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം മാത്രമായിട്ട് കുറച്ചു വര്‍ഷങ്ങളായി. അപ്പോഴും എനിക്ക് അച്ഛനമ്മമാര്‍ പഠിപ്പിച്ച ആ ഒരുക്കങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ലിസ്റ്റ് വിട്ടുള്ള കളിയില്ല. ആദ്യം ലിസ്റ്റ്. പിന്നെ ആവശ്യമുള്ളത് ഒരോന്നും ചെറിയ അടുക്കുകളായി തരം തിരിച്ചുള്ള വെപ്പ്. ചിട്ടയായുള്ള പാക്കിങ്. എല്ലാം അതുപോലെത്തന്നെ.
എന്റെ രീതികള്‍ കണ്ട് ഭര്‍ത്താവ് എപ്പോഴും ചിരിക്കും. അവസാന മിനുട്ടില്‍ കിട്ടിയതെല്ലാം വാരിവലിച്ചു കുത്തിനിറച്ച് ബാഗിന്റെ സിബ്ബിടുക മാത്രം ചെയ്യുന്നവരുടെ കൂട്ടത്തിലാണ് കക്ഷി. ആലോചനയും അടുക്കലും വെക്കലുമൊക്കെ ഓര്‍ത്താലേ അദ്ദേഹത്തിനു വിളര്‍ച്ച വരും. പക്ഷെ നമുക്ക് നമ്മളാവാതെ വയ്യ. യാത്ര നാഡീഞരമ്പുകളിലാകെ ചുറ്റിപ്പടരുന്ന മടുപ്പാണെങ്കില്‍ തയ്യാറെടുപ്പിന്റെ ദിവസങ്ങളാണ് എനിക്ക് യഥാര്‍ഥ ആഹ്ലാദത്തിന്റെ വേള. ആ ദിവസങ്ങളില്‍ ഞാന്‍ വീണ്ടും പഴയ തീവണ്ടി യാത്രകളുടെ മാന്ത്രികലോകത്തേക്ക് തിരിച്ചെത്തും. കാലത്തിലൂടെ പുറകോട്ടുള്ള ഒരു തീവണ്ടി യാത്ര.

നമുക്കില്ലാത്ത ഏതൊക്കെയോ ഇന്ദ്രിയങ്ങള്‍ ആ തീവണ്ടിദിനങ്ങള്‍ തുറന്നു തന്നിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അപൂര്‍വമായ ഗന്ധങ്ങള്‍, രുചികള്‍, നിറങ്ങള്‍, സ്​പര്‍ശങ്ങള്‍... തീറ്റയും ഉറക്കവുമെല്ലാം ഉന്മാദത്തിലെന്ന പോലെ ചെയ്യുന്ന ദിവസങ്ങള്‍. പതിവു ഭക്ഷണത്തിന് തീവണ്ടിയിലിരുന്നു കഴിക്കുമ്പോള്‍ ഒരു പ്രത്യേകരുചി - നളന്റെയോ അല്ലെങ്കില്‍ ഭീമന്റെയോ കൈപ്പുണ്യമുള്ള സദ്യവട്ടം പോലെ. ഉറക്കമാണ് അതിലും ആനന്ദം. കണ്‍പോളകള്‍ കനംവെക്കുമ്പോഴാണ് കിടക്കുക. ജനലുകള്‍ താഴ്ത്തല്‍, വീട്ടില്‍ നിന്നു കൊണ്ടു വന്ന അലക്കിത്തേച്ച വിരിപ്പുകള്‍ എടുക്കല്‍, കുടഞ്ഞും നീര്‍ത്തിയുമുള്ള വിരിയ്ക്കല്‍... എല്ലാം ആഘോഷമാണ്. ഒടുവില്‍ ഓരോ ബര്‍ത്തില്‍ ചുരുണ്ടു കൂടിയുള്ള കിടത്തം. മെല്ലെ മെല്ലെ ഉറക്കത്തിലേക്കുള്ള വഴുതല്‍. അതിനു മുമ്പ് അവ്യക്തമായ പിറുപിറുപ്പു പോലെ ഒരു പ്രാര്‍ഥനയുണ്ട്. തീവണ്ടിസഞ്ചാരിയായ ഏതെങ്കിലും ദൈവം കേട്ടെങ്കിലോ എന്ന പ്രതീക്ഷയില്‍ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ഥന. അതു മിക്കപ്പോഴും ഇങ്ങിനെയാവും: ദൈവമേ, ഈ യാത്ര അവസാനിക്കരുതേ...

വര്‍ഷങ്ങള്‍ക്കു ശേഷം, എനിക്കു മുന്നില്‍ ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാക്കിക്കൊണ്ട് രണ്ടു യാത്രകള്‍ വന്നു നിന്നു. അമേരിക്കയെ ആകാശത്തു കൂടി ചുറ്റിക്കാണാം. അല്ലെങ്കില്‍ നേര്‍ക്കുനേര്‍ കണ്ണുയരത്തില്‍ കണ്ടുകൊണ്ട് അമേരിക്ക മുഴുവന്‍ തീവണ്ടിയില്‍ (ആംട്രാക്കില്‍) സഞ്ചരിക്കാം. എനിക്ക് ഒരു സംശയവും ഉണ്ടായില്ല, അതു തീവണ്ടിയാത്ര തന്നെ. യാത്രക്ക് പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നുമില്ല. ഒരു തീവണ്ടിയില്‍ കയറുക, നല്ല ഒരു സീറ്റ് കാണുക, ബാക്കിയെല്ലാം സംഭവിക്കേണ്ടതു പോലെ സംഭവിക്കും.

ഏതായാലും തീവണ്ടിയാണല്ലോ, പഴയ കൂട്ടുകാരന്‍. ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. മഞ്ഞു കട്ടപിടിച്ചു വൃത്തികേടായിക്കിടക്കുന്ന പഌറ്റ്‌ഫോമില്‍ നിന്ന് 'All aboard!' എന്ന നിര്‍ദ്ദേശം മുഴങ്ങി. തുടര്‍ന്നുള്ള ആഴ്ചകളില്‍ എത്രയോ വട്ടം ഞാനാ അനൗണ്‍സ്‌മെന്റ് ആവര്‍ത്തിച്ചു കേട്ടു.

ഇടനാഴിയ്ക്കരികിലെ സീറ്റ് ജേക്കബ് ഓഹിയോനുള്ളതായിരുന്നു. സംഗീത സംവിധായകന്‍, ഗായകന്‍, കലാരസികന്‍, മഹാപ്രതിഭ... അഥവാ, അങ്ങിനെയൊക്കെ വിശേഷിപ്പിക്കപ്പെടുന്നയാള്‍. അദ്ദേഹം തന്നെ തന്ന ലീഫ്‌ലെറ്റില്‍ ഉള്ളതാണ്. എന്നെപ്പോലെ അയാളും ഷിക്കാഗോയിലേക്കായിരുന്നു. രണ്ടു കെട്ട് ഓഡിയോ ടേപ്പുകള്‍ അയാളെനിക്കു തന്നു. പ്രശസ്തമായ കുറെ പാട്ടുകള്‍ പാടി റെക്കോഡ് ചെയ്തത്. 'ഫിഡ്‌ലര്‍ ഓണ്‍ ദ റൂഫ്്', 'ഗ്രീന്‍ സ്ലീവ്‌സ്', 'ഡോണ്‍ട് ക്രൈ ഫോര്‍ മീ അര്‍ജന്റീനാ..' പോലുള്ള പ്രശസ്ത ഗാനങ്ങള്‍. ആ പാട്ടുകളല്ല, അയാളുടെ സംഭാഷണമാണ് എനിക്കിഷ്ടപ്പെട്ടത്്. നിറുത്താതെ അയാള്‍ സംസാരിച്ചു. കിബൂറ്റ്‌സില്‍ ചിലവിട്ട ബാല്യത്തെക്കുറിച്ച്. വെസ്റ്റ് ബാങ്കില്‍ റൈഫിളുമായി നില്‍ക്കെ വെടിയേറ്റു മരിച്ചവരെക്കുറിച്ച്, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച്. 25 വര്‍ഷമായിട്ടും വേരുറപ്പിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച്. അങ്ങിനെ പലതും. തന്റെ അത്താഴത്തില്‍ നിന്നു പകുതി അയാള്‍ എനിക്കു തന്നു. ട്യൂനാ ഫിഷ് സാന്‍ഡ്‌വിച്ചും ചീസും ചന്ദ്രക്കല പോലെ മുറിച്ച പെര്‍ പഴവും. ഒടുവില്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. എന്നെ കല്യാണം കഴിക്കാമോ?
++++++++++

Photo: Madhuraj
തീവണ്ടി അങ്ങിനെയാണ്. അതില്‍ എന്തും നടക്കാം. ഒരു കച്ചവടം, പണ്ടെന്നോ കൈവിട്ടു പോയ ഒരു ചങ്ങാതിയെ വീണ്ടുകിട്ടല്‍, നല്ലൊരു ഭക്ഷണം, എല്ലാം മറന്നൊ രു മയക്കം, ഒരു കൊലപാതകം, കുമ്പസാരം, ഏറ്റുമുട്ടല്‍, ഒരു പ്രേമത്തിന്റെ തുടക്കം, ഇതുപോലെ ഒരു കല്യാണാലോചന പോലും! ഏതായാലും അതോടെ ഞാന്‍ തീവണ്ടി യാത്രകളില്‍ കൂടുതല്‍ ശ്രദ്ധാലു വായി. സംഭാഷണത്തില്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ പരാമര്‍ശിക്കാനും കല്യാണമോതിരം ശ്രദ്ധയില്‍ പെടും വിധം ആംഗ്യങ്ങള്‍ കാട്ടാനുമൊക്കെ ഞാന്‍ ശ്രദ്ധിച്ചു. യാത്രകള്‍ നിറുത്താതെ തുടരുകയും ചെയ്തു...

സ്റ്റേഷനുകളില്‍ നിന്ന് സ്‌റ്റേഷനുകളിലേക്ക് ഞാന്‍ ഒഴുകി നടന്നു. ഗാംഭീര്യമാര്‍ന്നതും സ്തംഭിപ്പിക്കുന്നതുമായിരുന്നു ചില സ്‌റ്റേഷനു കള്‍. വീതിയേറിയ ഗോവണികള്‍, പടുകൂറ്റന്‍ തൂണുകള്‍, വിശ്രമമുറികള്‍, ഭക്ഷണശാലകള്‍, കുളിമുറികള്‍, ലോക്കറുകള്‍.. ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള ബദ്ധപ്പാ ടൊന്നും വേണ്ട. ഒരു രാത്രി സുഖമായി താമസിക്കാന്‍ ഈ സ്‌റ്റേഷനുകള്‍ ധാരാളം. ചില സ്റ്റേഷനുകള്‍ പൗരാണികമായ രൂപവും സൗന്ദര്യവും തികഞ്ഞവയായിരുന്നു.

സന്ധ്യക്കു മുമ്പേ നടയടയ്ക്കുന്നവ! പിറ്റേന്നു രാവിലെ ആദ്യത്തെ തീവണ്ടി വരുമ്പോഴേ പിന്നീടതു തുറക്കൂ!

രണ്ടോ മൂന്നോ യാത്ര കഴിഞ്ഞപ്പോഴേക്കും തീവണ്ടികളില്‍ പരിചിതത്വം നിറഞ്ഞു. എല്ലാ ചെയര്‍ കാറിലും ജീവിതം ഒരു പോലെത്തന്നെ. രാത്രിയാവുമ്പോള്‍ സീറ്റ് പുറകോട്ടു താഴ്ത്തുന്നു, ചവിട്ടുപടി ഉയര്‍ത്തി വെക്കുന്നു, സീറ്റുകള്‍ക്കിടയില്‍ ബാഗ് തിരുകിക്കയറ്റുന്നു, തൊട്ടടുത്ത ഒഴിഞ്ഞ സീറ്റില്‍ ആരും വരരുതേ എന്നു പ്രാര്‍ഥിക്കുന്നു, കസേരക്കൈ ഉയര്‍ത്തുന്നു, ഒരു പന്തു പോലെ ചുരുളുന്നു... സുദീര്‍ഘമായ മണിക്കൂറുകള്‍ ഇങ്ങിനെ ചുരുണ്ടു കൂടിക്കിടന്ന ശേഷം പഴയ രൂപത്തിലേ ക്കെത്താനും ചെറുപ്പത്തിന്റെ തിളപ്പ് ആവശ്യമാണ്.

ഇത്രയും കഷ്ടം സഹിച്ചതിനുള്ള പ്രതിഫലം പോലെ ഓരോ പ്രഭാതവും ഓരോ അദ്ഭുതങ്ങളുമായി നമ്മെ കാത്തു നില്‍ക്കുന്നുണ്ടാവും. ചിലപ്പോള്‍ അത് ഡൈനിങ് കാറിലെ പ്രാതലായിരിക്കും. ഓറഞ്ച് ജ്യൂസ്, കോണ്‍ഫ്‌ലേക്‌സ്, ടോസ്റ്റ്, വെണ്ണ, ജാം, മുട്ട (പല മാതിരി), കുടിക്കാവുന്നത്ര കാപ്പി, പുഷ്പാലംകൃതമായ തീന്‍ മേശ. മറ്റു ചിലപ്പോള്‍ അതൊരു ഡോം കാര്‍ കാഴ്ചയായിരിക്കും. താഴെ അതി വേഗം ചലിക്കുന്ന അമേരിക്കയെ നോക്കിക്കൊണ്ട് ഡോം കാറിലുള്ള ആ ഇരിപ്പ്. പ്ലാസ്റ്റിക്ക് ഗ്ലാസ്സില്‍ നിന്ന് ഐസോ, ഇഞ്ചിരസമുള്ള ബീറോ, വെളുത്ത വീഞ്ഞോ രുചിച്ചു കൊണ്ട്.. അങ്ങനെ..
പിന്നെ പലതരം സഹയാത്രികര്‍! വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വേണ്ടി ഒരു ഗോള്‍ഡ് ഫിഷിനെയും കൊണ്ടു വന്ന സ്ത്രീ. തൊലി മുഴുവന്‍ അലര്‍ജി ബാ ധിച്ച സൗന്ദര്യവിദഗ്ധ ജാക്കി. കണ്ണിന്റെ സ്ഥാനത്ത് രണ്ടു കാരമല്‍ ചോക്ലേറ്റും മുത്തശ്ശിയായി ഒരു വായാടിത്തള്ളയുമുള്ള ഡേവിഡ് എന്ന ബാലന്‍. കമ്പിളിപ്പുഴു പോലത്തെ പുരികമുള്ള ഛായാചിത്രകാരന്‍ ബാസില്‍... അങ്ങിനെ എത്രയോ പേര്‍! സ്വപ്‌നാടകര്‍, വൃദ്ധന്മാര്‍, മൗനികള്‍, പാതിരികള്‍, നാടോടികള്‍, വെറും സഞ്ചാരികള്‍.. എല്ലാവരെയും കൂട്ടിക്കെട്ടി യിരിക്കുന്നത് പക്ഷെ, ഒരേ ഞരമ്പുകള്‍ കൊണ്ടാണ് എന്നെനിക്കു തോന്നി -ഏകാന്തത കൊണ്ട്!

യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. തീവണ്ടികളില്‍ നിന്നു തീവണ്ടികളിലേക്ക്. ടെക്‌സന്‍ ഈഗിള്‍, സണ്‍സെറ്റ് ബൂള്‍വാഡ്, ബ്രോഡ് വേ ലിമിറ്റഡ്, ഡെസര്‍ട്ട് വിന്‍ഡ്, ഡബിള്‍ ഡക്കര്‍ വണ്ടികള്‍, ചെറിയ തീവണ്ടികള്‍, ദീര്‍ഘദൂര വണ്ടികള്‍.. തിരഞ്ഞെടുക്കാന്‍ 500ലധികം ലക്ഷ്യസ്ഥാനങ്ങളും! എന്റെ നാല്‍പ്പത്തഞ്ചാമത്തെ യാത്ര നാള്‍ അടുക്കുകയായിരുന്നു. അവസാനത്തെ യാത്ര അവിസ്മരണീയമാക്കണം എന്നെനിക്കു തോന്നി. അങ്ങിനെ ഞാന്‍ ക്രെസന്റ് എക്‌സ്​പ്രസ്സില്‍ കയറി. ഫസ്റ്റ് ക്ലാസ്സില്‍, ന്യൂ ഓര്‍ലീന്‍സില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റി വരെ. ആഡംബരങ്ങളുടെ പാരമ്യമായ ഒരു യാത്ര! ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും 31 മണിക്കൂറുകള്‍. ബാത്ത് റൂം അറ്റാച്ച്ഡ് സ്വീറ്റും സ്വകാര്യ ബെഡ് റൂമും വീഞ്ഞു പകരാന്‍ പരിചാരകരും, ഡിന്നറിനു മുമ്പു കോക്ക്‌ടെയിലുമുള്ള യാത്ര. വെളിച്ചം കടക്കാത്ത ഗ്ലാസ്സ് ജനലുകള്‍ താഴ്ത്താം, അങ്ങേയറ്റത്തെ സ്വകാര്യതയാവാം, സമയാതീതമായ ശലഭനിദ്ര പോലെ.. ഒരു സ്വപ്‌നസഞ്ചാരം!

യാത്രയുടെ അവസാനം, ആ അനൗണ്‍സ്‌മെന്റ് ഞാന്‍ വീണ്ടും കേട്ടു. 'All aboard!' ഞാന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു. ചക്രങ്ങള്‍ ചലിച്ചു തുടങ്ങി. ക്ഷോഭിച്ച വ്യാളിയെപ്പോലെ അഭിനയിക്കുന്ന ലോഹപ്പുഴുവല്ല ഈ തീവണ്ടിയെന്ന് എനിക്കു തോന്നി. അങ്ങിനെ ഒരു തീവണ്ടി അവസാനമായി ഞാന്‍ കണ്ടത് അവിടെവെച്ചാവണം.

സ്വപ്‌നം കൊണ്ടു നിര്‍മ്മിക്കപ്പെട്ട ലോകങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു തീവണ്ടിയെ ഇനി എന്നെങ്കിലും ഞാന്‍ കാണുമോ ആവോ?


(Anita Nair:
The best selling author of The Better Man, Ladies Coupe and Mistress. Her books have been translated into over 30 languages around the world. Her new novel is Lessons in Forgetting)