1190 ദ്വീപുകള്‍. അതിലൊന്നില്‍ ഒറ്റയ്ക്ക് മാലിദ്വീപിന്റെ പ്രലോഭനങ്ങളിലൂടെ അനിതാനായര്‍....ഭൂമധ്യരേഖയില്‍ കോര്‍ത്തിട്ട മാലയാണ് 1190 ചെറു പവിഴദ്വീപുകള്‍ ചേര്‍ന്ന മാലി. രാത്രിയാവുമ്പോള്‍ ഓരോ തുണ്ട് കരയും ഒറ്റയ്ക്കാവുന്നു. ഏകാന്തതയാല്‍ തിങ്ങിനിറഞ്ഞ്. ഒറ്റപ്പെടലില്‍ കിടുങ്ങി വിറച്ച്..

ഇന്ത്യാ മഹാസമുദ്രത്തിലേക്ക് കണ്ണുംനട്ട്, മണലില്‍ തിരകള്‍ തീര്‍ക്കുന്ന ഇടതടവില്ലാത്ത ശബ്ദഘോഷങ്ങള്‍ക്കു കാതോര്‍ത്ത് 214-ാം നമ്പര്‍ കോട്ടേജിന്റെ വരാന്തയില്‍ ഞാനിരിക്കുന്നു. ബാഹ്യലോകവുമായി മിക്കവാറും ഒരു ബന്ധവുമില്ലാതെ. എന്നിട്ടും ഇതു വളരെ സ്വാഭാവികമാണെന്നതു പോലെ. ദിനപ്പത്രങ്ങള്‍ ഇവിടേയ്‌ക്കെത്തുന്നില്ല, ടി.വിയില്ല, ഫോണ്‍ റിങ് ചെയ്യുന്നില്ല, ആഗോളവലയില്‍ കുരുക്കാന്‍ കമ്പ്യൂട്ടറുമില്ല. Trochee എന്ന വാക്കിന്റെ അര്‍ഥം കണ്ടെത്തണമെന്ന് പെട്ടെന്നൊരു മോഹം എനിക്കുണ്ടായെന്നിരിക്കട്ടെ, ഒന്നു നോക്കാന്‍ ഒരു നിഘണ്ടു പോലും ഇവിടെയില്ല. അപ്പോഴും ഇതല്ല എന്റെ യഥാര്‍ഥ ലോകമെന്ന് സങ്കല്പിക്കാനും കഴിയുന്നില്ല.

നമ്മിലോരോരുത്തരിലും ഒരു സാങ്കല്‍പിക രേഖയുണ്ട്, നാം ആരാണെന്നതിനും ആരാകാന്‍ ആഗ്രഹിക്കുന്നു എന്നതിനും മധ്യത്തിലൂടെ കടന്നു പോകുന്ന ഒന്ന്. ഭൂമിയിലും ഉണ്ട് അങ്ങനെയൊന്ന്. അതിന് 24,902 മൈല്‍ നീളമുണ്ട്, അത് മൂന്നു സമുദ്രങ്ങളെ മുറിച്ചു കടക്കുന്നു, ഏതാണ്ട് ഒരു ഡസന്‍ രാജ്യങ്ങളിലൂടെ കടന്നു പോവുന്നു. മഴക്കാടുകളേയും സാവന്ന പുല്‍മേടുകളെയും അഗ്നിപര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും അറുത്തു മുറിക്കുന്നു. അതിനൊരു പേരുണ്ട് : ഭൂമധ്യരേഖ. അത് സാങ്കല്പികമാണ്. എന്നാല്‍ ഇല്ലാത്തതുമല്ല. നിങ്ങള്‍ക്കത് കാണാനോ തൊടാനോ രുചിച്ചു നോക്കാനോ മണത്തറിയാനോ അതില്‍ കൊക്കക്കോളയുടെ മുദ്ര വരച്ചിടാനോ സാധ്യമല്ല. എന്നാല്‍ അതവിടെ ഉണ്ട്; ഇല്ല.

സ്‌കൂള്‍ കാലം മുതല്‍ക്കേ ഈ ഭൂമധ്യരേഖയെ നാമറിയും. അതു മുറിച്ചു കടക്കുമ്പോള്‍ പകല്‍ രാത്രിയാവും, വേനല്‍ ശൈത്യമാവും, എല്ലാം നമുക്കറിയാം. പുരാവൃത്തങ്ങള്‍ക്കു പുറത്തുള്ള അറിവുകള്‍. ആ ഭൂമധ്യരേഖയ്ക്കു മുകളില്‍ ചെന്നു നില്‍ക്കുമ്പോഴോ? ഏതാണ്ട് പൂജ്യം ഡിഗ്രിയില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട്? നമ്മുടെ ഉള്ളിലുള്ള ആ രേഖയില്‍ കുടുങ്ങിപ്പോയാലത്തെ അവസ്ഥ തന്നെ. ഉണ്ടോ ഇല്ലയോ എന്നറിയാത്ത ഒരിടത്ത്, വെറുതെ.. അങ്ങിനെ..

ഇതാ, ഞാനിപ്പോള്‍ നില്‍ക്കുന്ന ഈ കൊച്ചുദ്വീപ് ഭൂമധ്യരേഖയിലാണ്. അക്ഷാംശം 3' 15'N, രേഖാംശം 73' 0'E. ദ്വീപിന്റെ ആകെ നീളം 500 വാര. വീതി 165 വാര. ഇവിടെയും ഞാന്‍ അതേ അവസ്ഥയിലാണ് - വെറുതെ, വെറുതെ നില്‍ക്കുന്നു. അവിടെയാണെന്നോ അല്ലെന്നോ ഉറപ്പില്ലാതെ..

മാലിയിലേക്കുള്ള വിമാനത്തില്‍ ഞാന്‍ ഒരു അധ്യാപികയുടെ അടുത്താണ് ഇരുന്നത്. ഇന്ത്യാക്കാരി. ദ്വീപിലെ ഒരു സകൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. അവരാണെന്റെ ഗൈഡ്ബുക്ക്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ കുഞ്ഞു ദ്വീപിലേക്കുള്ള യാത്രയ്ക്കു മുമ്പേ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ ഗൈഡ് ബുക്ക്.


മാലിയിലെ കുറുമാത്തി ദ്വീപില്‍ സണ്‍ബാത്ത് ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ afp

'നിങ്ങള്‍ക്കെന്തിനാണൊരു ഗൈഡ്ബുക്ക്' ട്രാവല്‍ ഏജന്‍സിയിലെ യുവസുന്ദരി ആദ്യമേ തര്‍ക്കിച്ചു. 'നിങ്ങള്‍ പോകുന്ന റിസോര്‍ട്ടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞു തന്നില്ലേ? അവിടെ അഞ്ചു റസ്റ്റാറന്റുകളുണ്ട്. രണ്ട് ബാറുകളും -നീന്താന്‍ സൗകര്യമുള്ളത് ഒന്ന്. ദിവസവും വിനോദത്തിനുള്ള സൗകര്യം അവര്‍ ഒരുക്കുന്നുണ്ട്. ഔട്ട്‌ഡോര്‍ കാര്യങ്ങളിലാണ് താത്പര്യമെങ്കില്‍ അവര്‍ക്ക് ഒരു ഡൈവിങ് സ്‌കൂളും വിന്‍ഡ് സെയിലിങും മീന്‍ പിടിക്കാനുള്ള സൗകര്യവുമുണ്ട്. ഇത്രയൊക്കെ പോരേ?' ഞാന്‍ കിതച്ചു. ഒരു ദീര്‍ഘശ്വാസമെടുത്തു.പക്ഷേ, ഇവിടെയിതാ ആ വിടവുകള്‍ പൂരിപ്പിക്കാന്‍ രജനി. എല്ലാം പറഞ്ഞേ അടങ്ങൂ എന്ന മട്ടില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
മാലി എന്നാല്‍ മാലിദ്വീപ് തന്നെ. ഇവിടത്തെ ഏറ്റവും പ്രസിദ്ധമായ കെട്ടിടം ഏതെന്നറിയാമോ? ഗ്രാന്‍ഡ് ഫ്രൈഡേ മോസ്‌ക്. തിളങ്ങുന്ന സ്വര്‍ണ്ണ താഴികക്കുടമുള്ള അതില്‍ 5000 വിശ്വാസികള്‍ക്ക് ഒരേ സമയം പ്രാര്‍ഥിക്കാം.

ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇത്. തെക്കുവടക്കായി 510 മൈലും (820 കി.മീ) കിഴക്കു പടിഞ്ഞാറായി 80 മൈലും (130 കി.മീ) വ്യാപിച്ചു കിടക്കുന്ന 1190 ദ്വീപുകള്‍. മിക്കവാറും എല്ലാം സമനിരപ്പിലുള്ളവ. കുന്നുകളോ പര്‍വ്വതങ്ങളോ ഇല്ലാത്തവ. ഓരോ ദ്വീപിനു ചുറ്റും പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ട ഒരു കടല്‍പ്പൊയ്ക കാണും. അതില്‍ നീന്തിക്കോളൂ. ഒരു കായലില്‍ നീന്തുന്നതു പോലെ തോന്നും. കാലവര്‍ഷത്തിന്റെ കൈകളില്‍ നിന്നു ദ്വീപുകളെ രക്ഷിക്കുന്നത് ഈ പവിഴപ്പുറ്റുകളാണ്.

മെയ് മുതല്‍ ഓഗസറ്റ് വരെ മഴക്കാലമാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ വടക്കു കിഴക്കന്‍ കാലവര്‍ഷവും. അപ്പോഴാണ് പ്രശ്‌നം. വരണ്ട, ശക്തി കുറഞ്ഞ കാറ്റടിക്കും. ശരാശരി ചൂട് 30-24 ഡിഗ്രി സെല്‍ഷ്യസാണ്. അസുഖങ്ങള്‍ വന്നാലാണ് പ്രശ്‌നം. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളേ ഉള്ളൂ. 65 വയസ്സാണ് ഇവരുടെ ഏതാണ്ട് ആയുസ്സ്.

മൂന്നു തരത്തിലുള്ള വിദ്യാഭ്യാസമുണ്ട് മാലിയില്‍. എന്നിട്ടെന്താ, ഉന്നതപഠനത്തിന് സൗകര്യമില്ല. വിദേശത്തു പോകണം. കുട്ടികളില്‍ മൂന്നില്‍ രണ്ടു പോലും സ്‌കൂളില്‍ എത്തുന്നുമില്ല.

പിന്നെ, ഇവിടെ കടലാമകളെ ഭക്ഷണത്തിനായി പിടികൂടാറുണ്ട് കേട്ടോ. എണ്ണയ്ക്കു വേണ്ടിയും. അത് മാലിക്കാരുടെ പരമ്പരാഗത ഔഷധമാണ്.

രജനി പറഞ്ഞുകൊണ്ടേയിരുന്നു. ഇനി എന്തിനാണ് വേറെ ഗൈഡ്ബുക്ക്?

ബാംഗ്ലൂര്‍ നിന്ന് തിരുവനന്തപുരം വഴിയായിരുന്നു യാത്ര. തിരുവനന്തപുരത്തു നിന്നു മാലിക്കുള്ളതിനെക്കാള്‍ ചാര്‍ജുണ്ട് ബാംഗ്ലൂരിലേക്ക്. തുടക്കത്തില്‍ യാത്ര ശാന്തമായിരുന്നു. തിരുവനന്തപുരം കഴിഞ്ഞപ്പോള്‍ എല്ലാം അലങ്കോലമായി. അസഹ്യമായ കോലാഹലം. അതിനിടെ വിമാനം ഒരു എയര്‍പോക്കറ്റില്‍ വീഴുകയും ചെയ്തു. ബഹളം അതോടെ പാരമ്യത്തിലെത്തി. എയര്‍ഹോസ്റ്റസ് തമിഴിലാണ് സംസാരിക്കുന്നത്. 'അധികം കുടിക്കരുത്. നിങ്ങള്‍ ഛര്‍ദ്ദിച്ച് അവശനാകും'. പറഞ്ഞാല്‍ കേള്‍ക്കാത്ത ചട്ടമ്പിക്കുട്ടികളുടെ ക്ലാസ്സിലെ അധ്യാപികയെപ്പോലെ അവര്‍ അപേക്ഷിച്ചു കൊണ്ടിരുന്നു. നാഗര്‍കോവിലില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ ഏറെയും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാലിക്കു പോയി കഴിയാവുന്നത്ര ഇലക്ട്രോണിക് സാമഗ്രികളുമായി മടങ്ങി വരുന്ന കാരിയര്‍മാര്‍. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഈ വിമാനയാത്ര മാത്രമായിരിക്കും അവര്‍ക്ക് ആസ്വദിക്കാനുള്ള അവസരം. അവര്‍ ഉറക്കെ ചിരിക്കുന്നു, തമാശകള്‍ പൊട്ടിക്കുന്നു, പരസ്പരം പുറത്തടിച്ച് ആഘോഷിക്കുന്നു. ഇടനാഴിയില്‍ ചുറ്റിനടക്കുന്നു, കൂടുതല്‍ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരെ വട്ടംകറക്കുന്നു.

എയര്‍ഹോസ്റ്റസിന്റെ കണ്ണുകള്‍ ഇടയ്ക്കിടെ എന്റേതുമായി ഇടയുന്നുണ്ട്. അപ്പോഴൊക്കെ അവരുടെ മുഖം വല്ലാതെ കോടുന്നതു പോലെ തോന്നി. 'എന്റെ അവസ്ഥ കണ്ടില്ലേ. ഇവറ്റകളോടും പുഞ്ചിരിക്കണം, സാറിന് ബിയറാണോ വിസ്‌കിയാണോ വേണ്ടത് എന്നു ചോദിക്കണം. യാത്ര തീരുമ്പോഴേക്കും എന്റെ ചിരി ഒരു പ്ലാസ്റ്റിക് പുഞ്ചിരിയായാല്‍ കുറ്റം പറയരുതേ' എന്നു പറയുന്നതു പോലെ. ആ മുഖം കോട്ടലിന്റെ അര്‍ഥം രജനിയ്ക്കും പിടികിട്ടുന്നുണ്ട്. 'ഇന്ത്യക്കാര്‍ക്കു തന്നെ ഇന്ത്യാക്കാരെ ഇഷ്ടമല്ല. പിന്നെങ്ങിനെ അവര്‍ക്ക്... ?
++++++++++

മാലി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം ലാന്‍ഡ് ചെയ്യുന്ന കാഴ്ച്ച afpമേലധികാരികളെ പ്രീതിപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്ന് രജനിയും പറയുന്നു. നന്മയും നീതിയുമില്ലാത്ത വര്‍ഗമാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ എല്ലാ സൗകര്യവും തരും. സ്പീഡ് ബോട്ടുകളും യാത്രാ ടിക്കറ്റുകളുമൊക്കെ ഇന്ദ്രജാലത്തിലെന്നതു പോലെ പ്രത്യക്ഷപ്പെടും. അല്ലെങ്കില്‍ ബോട്ട് പുറപ്പെടുന്നത് വരെ കാത്തിരിക്കുക തന്നെ. തോണിയാത്രയെ ആശ്രയിച്ചു വേണം അവള്‍ ജോലി ചെയ്യുന്ന ദ്വീപിലെത്താന്‍. ചിലപ്പോഴൊക്കെ കാത്തിരിപ്പ് ആറു മണിക്കൂര്‍ വരെ നീളും...

മാലിയിലെ വിമാനത്താവളം പ്രൗഢമാണ്, വൃത്തി കൊണ്ടും കാര്യക്ഷമത കൊണ്ടും. മുതിര്‍ന്ന ഒരു കസ്റ്റംസ് ഓഫീസറും അസിസ്റ്റന്റും കൂടി ഓരോ ബാഗേജും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുന്നുണ്ട്. വരിയില്‍ നില്‍ക്കുമ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. പൊടുന്നനെ മരണത്തെ മുന്നില്‍ കാണുന്നതു പോലെ ഞാന്‍ വിയര്‍ത്തു. അപമാനഭീതി എന്നെ പിടികൂടി. മാലിദ്വീപിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് വിസയൊന്നും വേണ്ട. ഓണ്‍-അറൈവല്‍ വിസയാണ്. അതല്ല പ്രശ്‌നം. ഇതൊരു ഇസ്ലാമിക രാജ്യമാണ്. ഇവിടേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ടുവരാമെന്നതു സംബന്ധിച്ച് വ്യക്തമായ ചില ചട്ടങ്ങളുണ്ട്. ചെടികള്‍, വിഗ്രഹങ്ങള്‍, പന്നിയിറച്ചി ഒന്നും പറ്റില്ല. ഇവയൊന്നും എന്റെ കയ്യിലില്ല. പക്ഷേ, എന്റെ സ്യൂട്ട്‌കേസ് എങ്ങാന്‍ തുറന്നാല്‍...! നാണക്കേട് ഉറപ്പ്, കൂട്ടച്ചിരിയും.

എന്റെ യാത്രാകിറ്റിലെ പുസ്തകത്തില്‍ ഒരു ഉപദേശമുണ്ടായിരുന്നു. അതാണ് വില്ലനായത്. സ്യൂട്ട്‌കേസില്‍ സാധനങ്ങള്‍ക്കു മുകളിലായി സാനിറ്ററി പാഡുകള്‍ നിരത്തി വയ്ക്കാമെന്ന ഒരു ഉപദേശം. പല പ്രയോജനങ്ങളും അതുകൊണ്ടുണ്ടായിട്ടുണ്ട്്. ഒരു സംരക്ഷണ കവചമായി അവ പ്രവര്‍ത്തിക്കും. എന്തെങ്കിലും തുളുമ്പിപ്പോയാലും കുഴപ്പമില്ല. ഇത്രയും കാലം ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഇതുവരെ ഒരു വിമാനത്താവളത്തിലും കസ്റ്റംസ് ഉദ്യോഗസ്ഥനു മുന്നില്‍ ബാഗ് തുറക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍..

കസ്റ്റംസ് ഓഫീസര്‍ കൈ വീശി കാണിച്ചു. പോകാം, ഞങ്ങളുടെ ബാഗ് തുറക്കേണ്ടെന്ന്! മുന്നിലും പിന്നിലും നില്‍ക്കുന്ന യാത്രക്കാര്‍ക്കാര്‍ക്കും ഈ ഒഴിവ് കിട്ടിയില്ല. ഞാന്‍ ആരും കേള്‍ക്കാതെ ചില നന്ദി വാക്കുകള്‍ ഉരുവിട്ടു. ഭൂമധ്യരേഖയുടെ മുകളില്‍ ആണെങ്കിലും എന്റെ യാത്രാ നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുകയാവണം.

പുറത്തേക്കുള്ള വാതില്‍ക്കല്‍ ഞങ്ങളെക്കാത്ത് മൂസ നിന്നിരുന്നു. അയാള്‍ ഞങ്ങളെ ഒരു സ്പീഡ് ബോട്ടിനടുത്തേക്ക് നയിച്ചു. പെട്ടികളൊക്കെ അതില്‍ അടുക്കി. ബോട്ട് ഓടിക്കുന്നയാള്‍ പുഞ്ചിരിച്ചു. 'നിങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണോ'? അയാള്‍ ചോദിച്ചു.

അതെ എന്നു പറഞ്ഞാലോ എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ അല്ല എന്നു പറഞ്ഞു. രണ്ടായാലും എന്തു വ്യത്യാസം?
ഉള്‍ക്കടലില്‍ ഒരു ബോട്ടില്‍ യാത്ര ചെയ്യുന്നത് മദിച്ചു നില്‍ക്കുന്ന ഒരു ആണ്‍കുതിരയുടെ പുറത്ത് കയറുന്നത് പോലെയാണ്. കടല്‍നുരകള്‍ എന്റെ ചുണ്ടില്‍ നക്കിക്കൊണ്ടിരുന്നു. ഞാന്‍ തിരിച്ചും. അതിന് ഉപ്പുരസമാണ്.

ഒരു റിസോര്‍ട്ടും കടന്ന് യാത്ര തുടര്‍ന്നു. ചക്രവാളത്തില്‍ ഒരു ദ്വീപ് പ്രത്യക്ഷപ്പെട്ടു. വെലസാരു എന്നായിരുന്നു മുമ്പ് അതിന്റെ പേര്. ഇപ്പോള്‍ അതൊരു റിസോര്‍ട്ടാണ്. ലഗൂണ. ആരും കൊതിച്ചുപോകുന്ന പേര്. ഉത്തരദേശത്തെ ശൈത്യത്തി ല്‍ നിന്നു വരുന്ന യാത്രികര്‍ തേടുന്ന എല്ലാ ആഡംബരങ്ങളും - സൂര്യന്‍, സമുദ്രം, നക്ഷത്രങ്ങള്‍, ഉച്ചമയക്കം - ഒത്തിണങ്ങിയ ദ്വീപ്. ലഗൂണ.

കടലില്‍ ആണ്ടുപോയ ഒരു പുരാതന അഗ്നിപര്‍വ്വതമാണ് മാലിദ്വീപ്. ആകെ ഭൂവിസ്തൃതി 298 ചതുരശ്ര കിലോമീറ്റര്‍. പൊടിമണല്‍ പുതച്ച കടല്‍ത്തീരങ്ങളും ചെറുകായലുകളും നിറഞ്ഞ ദ്വീപുകള്‍. തെങ്ങുകള്‍ തഴച്ചു വളരുന്നു. ഒപ്പം കടച്ചക്കമരങ്ങളും കുറ്റിച്ചെടികളും. പവിഴപ്പുറ്റുകളിലും കായലുകളിലും കടലിലും മീനുകളുടെ സമൃദ്ധി.

സ്വര്‍ഗ്ഗത്തിന് അതിന്റേതായ വിലയുണ്ട്. ഇതിനും ഇത്തിരി വിലയേറും. കടലിലേക്ക് നടക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി തോന്നി, അതൊരു നഷ്ടമല്ല. വര്‍ണനാതീതമായ വര്‍ണ്ണങ്ങളുടെ ഒരു കടലോരം മുന്നില്‍. ചക്രവാളത്തിന് കടുംനീല നിറം. നീലയുടെ ഇടയ്ക്ക് വയലറ്റിന്റെ കൂറ്റന്‍ പടലങ്ങള്‍. കൈയില്‍ പെയിന്റ് ഉണ്ടായിരുന്നെങ്കില്‍ അക്വാമറൈനും എസ്യൂറും ടര്‍കോയിസും ചേര്‍ത്ത് ഒരു ഹരിതനീലം നിര്‍മ്മിക്കാന്‍ ഞാന്‍ ശ്രമിച്ചേനെ.

ചരക്കിറക്കുന്ന ബോട്ടുജട്ടിയില്‍ റൊട്ടിപ്പൊടി വിതറിക്കൊണ്ട് ഒരു റിസോര്‍ട്ട് ജീവനക്കാരന്‍ നില്‍ക്കുന്നു. വെള്ളത്തില്‍ ഊളിയിട്ടു കളിക്കുന്ന മീനുകള്‍. കടവില്‍ തിരക്കുള്ള സമയമാണ്. തീരത്താകെ നട്ടു പിടിപ്പിച്ചിരിക്കുന്ന ഒരു തരം കുറ്റിച്ചെടിയുടെ കീഴില്‍ ഞാനിരുന്നു. ഗെരാഗൂ എന്നാണ് ഇവിടുത്തുകാര്‍ ഇതിനെ വിളിക്കുന്നത്. എന്നാല്‍, ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന റൊമാന്‍സ് നോവലില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലെ ഇത്തരം വൃക്ഷങ്ങളെ സീ ഗ്രേപ്പ് എന്നാണ് വിളിക്കുന്നത്. സീ ഗ്രേപ്പിന്റെ തണലില്‍ നല്ല സുഖമാണ്. മലര്‍ന്നു കിടന്ന് ആകാശം കാണാം. ദ്വീപിലേക്ക് ചൂട് താണിറങ്ങി വരുന്നു. അന്തരീക്ഷത്തില്‍ വല്ലാത്ത ഈര്‍പ്പം. ഭൂമധ്യരേഖയില്‍ ഋതുക്കള്‍ ഇല്ലെങ്കിലും മാലിദ്വീപ് സന്ദര്‍ശിക്കാന്‍ പറ്റിയത് ശീതകാലമാണ്. നവംബര്‍ മധ്യം മുതല്‍ ഫിബ്രവരി മധ്യം വരെ.

അതിഗംഭീരമായ പ്രാതലിന്റെ ആലസ്യവും സംതൃപ്തിയുമായി ഞാന്‍ സീ ഗ്രേപ്പിനു ചുവട്ടില്‍ ഇരുന്നു. പാക്കേജിന്റെ ഭാഗമായി കിട്ടുന്നതാണ് പ്രാതലും അത്താഴവും. പറ്റുന്നത്ര അകത്താക്കും. ഉച്ചഭക്ഷണം ഒഴിവാക്കാമല്ലോ.
++++++++++
ബൊദുഹിതി ബീച്ചിലേക്കുള്ള മരപ്പാലം afpലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. ടൂറിസം, മീന്‍പിടിത്തം, ബോട്ട് നിര്‍മ്മാണം, ബോട്ടുകളുടെ അറ്റകുറ്റപ്പണി -ഇത്രയുമാണ് ഇതിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. ആളോഹരി ജി.എന്‍.പി (മൊത്തം ദേശീയോല്പാദനം) ലോകത്തിലെ ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്ന്. ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം ധനകാര്യ-സമ്പദ്‌വ്യവസ്ഥയ്ക്കു പുറത്താണ്. ജീവിതം നിലനിര്‍ത്താന്‍ മീന്‍പിടിത്തം, നാളികേര സംഭരണം, പച്ചക്കറികളുടെയും മരച്ചീനി, മധുരക്കിഴങ്ങ്, ചേന തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും കൃഷി തുടങ്ങിയ വഴികള്‍ മാത്രം. കൃഷിയോഗ്യമായ ഭൂമി വളരെ കുറവ്. അതുതന്നെ പല ചെറു ദ്വീപുകളിലായി ചിതറിക്കിടക്കുന്നു. മുഖ്യ ഭക്ഷണ സാമഗ്രികള്‍ എല്ലാം തന്നെ ഇറക്കുമതി ചെയ്യണം. പക്ഷേ, പ്രാതലിന്റെ വിഭവങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ഇതൊന്നും തോന്നുകയേയില്ല. പഴച്ചാറുകള്‍, പഴങ്ങള്‍. ധാന്യങ്ങള്‍, ബ്രഡ്. ബിസ്‌കറ്റ്, കേക്ക്. ഖിച്ടി (അരി, മത്സ്യം, മുട്ട, വെണ്ണ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന വിഭവം), കോള്‍ഡ് കട്ട് (ഇറച്ചി കൊണ്ടുള്ള ഒരു വിഭവം), ബേക്കണ്‍, മുട്ട. ഐറിഷ് വെണ്ണ. തേന്‍, സ്വിസ് ജാം, ഫ്രെഞ്ച് മാര്‍മലേഡ് (പഴത്തിന്റെ സത്തില്‍ നിന്നുണ്ടാക്കുന്ന ഒരു പാനീയം).

ഞങ്ങളുടെ സഹായത്തിന് ഒരു സ്റ്റുവേഡ് ഉണ്ട് -മുഹമ്മദ്. അയാള്‍ ദ്വീപുകാരനല്ല. മാലിദ്വീപിലെ പുരുഷന്മാര്‍ക്ക് പരന്ന ദേഹപ്രകൃതിയാണ്. ഒപ്പം ആകര്‍ഷകമായ പെരുമാറ്റവും പുഞ്ചിരിയും. മുഹമ്മദിന് പക്ഷെ ക്‌ളേശിച്ച ഒരു മുഖമാണുള്ളത്, നിശ്ശബ്ദനും കര്‍ക്കശക്കാരനുമായ ഒരാള്‍. അയാളുടെ മുഖത്ത് ഒരു ചിരി വരുത്തിക്കാന്‍ തന്നെ വലിയ ഒരു ടിപ്പ് വേണ്ടി വന്നു.

ഞാന്‍ കോട്ടേജിലേക്കു നടന്നു. ഓരോ കോട്ടേജും ഇവിടെ കടലിന് അഭിമുഖമാണ്. ചുമരുകളില്‍ കൂറ്റന്‍ പ്ലേറ്റ് ഗ്ലാസ് ജനലുമുണ്ട്. അതുകൊണ്ട് മുറിക്കുള്ളിലും കടലുണ്ട്. എന്നാല്‍, ഇല്ല താനും.

ഒരാള്‍ക്ക് പാര്‍ക്കാന്‍ ഇത്രയൊക്കയേ വേണ്ടൂ എന്ന് ഓരോ തവണ അതിനുള്ളില്‍ കടക്കുമ്പോഴും ഞാന്‍ വിചാരിക്കും. മെടഞ്ഞുണ്ടാക്കിയ ഇരിപ്പിടങ്ങളോടു കൂടിയ ചെറിയ മുറി. ഒന്നു രണ്ട് കസേരകളും മേശകളും. മൂന്നു പടി ഉയരത്തിലുള്ള ഒരു ഭാഗത്തെ ഏതാണ്ട് പൂര്‍ണ്ണമായും മൂടുന്ന കട്ടില്‍. കട്ടിലില്‍ കിടന്നാലും ജനലിലൂടെ കടല്‍ കാണാം. ഒരു വശം ചുമരാണ്. ചുമരലമാര, ഇലക്ട്രിക് കെറ്റിലോടു കൂടിയ ഒരു ഊണുമേശ, മിനി ഫ്രിഡ്ജ്, ബാത്‌റൂം ടബ്, വെസ്റ്റേണ്‍ ക്ലോസറ്റ്, മാര്‍ബിള്‍ പതിച്ച വാഷ്‌ബേസിന്‍..

ജനലിലൂടെ ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടു വരുന്നത് കാണാം. ആകാശം ചാരനിറമാവുന്നുണ്ട്. വെള്ളത്തിന് നരച്ച നിറം. മഴ തുടങ്ങുമ്പോള്‍ ചക്രവാളം ഒരു നീര്‍മറയ്ക്കുള്ളില്‍ മങ്ങിപ്പോവുന്നു. ഞാന്‍ കടലിലേക്ക് തിരിച്ചു പോവുന്നു. മഴ തിരമാലകളിലേക്ക് പ്രവഹിക്കുന്നു. എന്റെ കാല്‍ച്ചുവട്ടില്‍ നൂറായിരം നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു.

ഞാന്‍ ചരക്കിറക്കുന്ന ജട്ടിയിലേക്ക് നടന്നു. ഗോഥിക് കല്പനകളിലും ചില പെയിന്റിങ്ങുകളിലും മാത്രം കാണുന്ന ഒരു കൂറ്റന്‍ മത്സ്യത്തെ അവിടെ കണ്ടു. പച്ച നിറത്തില്‍ മഞ്ഞ മുഖവുമായി. വലിയ ശരീരവും കുഞ്ഞു വാലും. പതിവുകാരായ നീലയും ഊതനിറവും കലര്‍ന്ന നീളന്‍ മീനുകള്‍ക്കും വരയന്മാരായ കുഞ്ഞുമീനുകള്‍ക്കും പരന്ന കറുപ്പന്മാര്‍ക്കും ഇടയില്‍ ഒറ്റപ്പെട്ട് അലയുന്ന ഒരു മീന്‍.

ഞാന്‍ നില്‍ക്കുന്ന ദ്വീപിന്റെ തീരത്തുടനീളം ഒരു മീന്‍കൂട്ടം നിരന്നു നില്‍ക്കുന്നുണ്ട്. പിന്നാലെ, അവയെ പിടികൂടാന്‍ വരുന്ന മറ്റൊരു കൂട്ടം. ഇവിടെയും മീന്‍ മീനിനെ തിന്നുന്നു. ഓരോ തവണ ഞാന്‍ വെള്ളത്തില്‍ നിന്ന് തിരികെ കയറുമ്പോഴും എന്റെ ശരീരം വേദനിക്കുന്നതെന്തു കൊണ്ടാണെന്ന് പൊടുന്നനെ ഞാന്‍ തിരിച്ചറിയുന്നു. ഒരു പഴകിയ റൊട്ടിക്കഷ്ണമാണെന്നു വിചാരിച്ചാവണം, ലക്ഷക്കണക്കിന് ചെറുമീനുകള്‍ എന്നെ കരണ്ടു തിന്നുന്നു.

തീരത്ത് ഒരു മീന്‍കൂട്ടം പൊന്തുന്നു. മീന്‍കൂട്ടത്തെ കാണുന്നതിനു മുമ്പ് അവയെ മണത്തറിയാന്‍ രണ്ടു ദിവസം കൊണ്ടു തന്നെ ഞാന്‍ പഠിച്ചു. ഒരിക്കലും സമുദ്ര പര്യവേക്ഷണത്തിനു പോകില്ലെന്ന് ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഒരു കൂട്ടം ചെറുമീനുകളുടെ ഇടയില്‍ അകപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഹോ ഭയങ്കരം. എന്റെ മുടിയില്‍, വായില്‍, കണ്ണില്‍, തൊലിയില്‍... എല്ലാം മീന്‍. ഒരു ഇഞ്ച് കനത്തില്‍ മസാല പുരട്ടി നന്നായി മൊരിയും വരെ വറുത്തെടുത്ത മീനിനെയാണ് എനിക്കിഷ്ടം. തോളില്‍ ഉരുമ്മുന്ന മീനിനെയല്ല.

ഞങ്ങളുടെ ബാര്‍ സ്റ്റുവേഡ് നസീര്‍ കാലാവസ്ഥാ പ്രവചനക്കാരന്‍ കൂടിയാണ്. ഓരോ തവണ ഞങ്ങള്‍ ഡ്രിങ്കിനു കയറുമ്പോഴും കാലാവസ്ഥ പറയേണ്ടത് സ്വന്തം കടമയാണെന്നാണ് അയാള്‍ ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു. 'സുന്ദരമായ ദിവസം. വളരെ നല്ല ദിവസം. ഇന്നലത്തെപ്പോലെയല്ല. നാളെ കുറെക്കൂടി നല്ലതായിരിക്കും.' ഭൂതകാലം നല്‍കിയതിനേക്കാള്‍ എത്രയോ നല്ലതായിരിക്കും ഭാവി കാത്തുവച്ചിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് നസീര്‍.

ഇസ്ലാമാണ് ഔദ്യോഗിക മതമെങ്കിലും മാലിദ്വീപിലെ ജനങ്ങള്‍ മിശ്രവിഭാഗക്കാരാണ്. ഇന്തോ-യൂറോപ്യന്‍ ഭാഷയായ ദിവേഹിയാണ് സംസാര ഭാഷയും ഔദ്യോഗിക ഭാഷയും. അറബി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുമുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ദ്രാവിഡ, സിംഹള ജനതയാണ് ഇവിടത്തെ ആദ്യ താമസക്കാരത്രെ.

ഞങ്ങള്‍ തങ്ങുന്ന ദ്വീപിനും തെക്കുള്ള മറ്റൊരു ദ്വീപില്‍ നിന്നാണ് നസീര്‍ വരുന്നത്. തലസ്ഥാനമായ മാലിയില്‍ താമസിക്കുന്നവരൊഴിച്ചുള്ള മാലിദ്വീപുകാരൊക്കെ ചിതറിക്കിടക്കുന്ന ചെറിയ ദ്വീപുഗ്രാമങ്ങളില്‍ വസിക്കുന്നവരാണ്. ഏതാണ്ട് 20 ദ്വീപുകളില്‍ മാത്രമാണ് ആയിരത്തിലേറെ ജനസംഖ്യയുള്ളത്. തെക്കുഭാഗത്തുള്ള ദ്വീപുകളിലാണ് ജനസാന്ദ്രത കൂടുതല്‍. ജനന നിരക്ക് താരതമ്യേന കൂടുതലാണിവിടെ. മരണ നിരക്ക് കുറവും. ജനസംഖ്യയുടെ അഞ്ചില്‍ രണ്ടു ഭാഗത്തിലേറെ 15 വയസ്സില്‍ താഴെയുള്ളവരാണ്. നസീറിന് ഏതാണ്ട് 18 വയസ്സുണ്ടാവും. ടൂറിസത്തിന്റെ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടാവണം, ഞങ്ങള്‍ കണ്ടുമുട്ടിയതില്‍ വിനോദസഞ്ചാര വ്യവസായത്തിന്റെ പതിവു ഭോഷത്തങ്ങള്‍ ഒന്നുമില്ലാത്ത ഏക വ്യക്തി അവനായിരുന്നു.

ഈ ദ്വീപിനെ വേണമെങ്കില്‍ ഒരു ഉട്ടോപ്പിയ എന്നു വിശേഷിപ്പിക്കാം. കുറ്റകൃത്യങ്ങളില്ല. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. പക്ഷേ, തീരത്തെല്ലാം സൂക്ഷ്മമായ ഓര്‍മ്മപ്പെടുത്തലുകളായി നിയമത്തിന്റെ കയ്യ് കാണാനുണ്ട്: നഗ്നത കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എന്തൊക്കെയായാലും ഇതൊരു ഇസ്ലാമിക രാജ്യമാണല്ലോ.
++++++++++


മാലിദ്വീപിലെ സസ്യങ്ങളുടെയും ജലത്തിന്റെയും വര്‍ണ്ണവൈവിധ്യത്തോട് സമാനമാണ് അതിന്റെ ചരിത്രവും. ദക്ഷിണേന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമാവണം, ബുദ്ധമത വിശ്വാസികളായ ജനത ബി.സി അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ദ്വീപില്‍ വാസം ഉറപ്പിച്ചിരുന്നു. എ.ഡി 1153-ല്‍ ഇസ്ലാം മതം വന്നു. 1558 മുതല്‍ 1573 വരെ പോര്‍ച്ചുഗീസുകാര്‍ ബലപ്രയോഗത്തിലൂടെ അധികാരം സ്ഥാപിച്ചു. 17-ാം നൂറ്റാണ്ടില്‍ സിലോണിലെ ഡച്ച് ഭരണാധികാരികളുടെ കീഴിലുള്ള ഒരു സുല്‍ത്താനേറ്റായി ഇത് മാറി. 1796-ല്‍ ബ്രിട്ടീഷുകാര്‍ സിലോണിനു മേല്‍ അധികാരം നേടിയപ്പോള്‍ അതൊരു ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റ് ആയി മാറി. 1932-ല്‍ സുല്‍ത്താനേറ്റിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ രാജ്യത്തെ ആദ്യ ജനാധിപത്യ ഭരണഘടന പ്രഖ്യാപിക്കപ്പെട്ടു. അതു വരെ ഭരണാധികാരം പ്രധാനമായും സുല്‍ത്താനോ സുല്‍ത്താനയ്‌ക്കോ ആയിരുന്നു. 1953-ല്‍ റിപ്പബ്ലിക് പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതേ വര്‍ഷം തന്നെ വീണ്ടും സുല്‍ത്താന്‍ ഭരണത്തിലേക്ക് തിരികെപ്പോയി. 1965-ല്‍ മാലിദ്വീപ് ബ്രിട്ടീഷുകാരില്‍ നിന്നും പൂര്‍ണ്ണ രാഷ്ട്രീയ സ്വാതന്ത്ര്യം നേടി. 1968-ല്‍ സുല്‍ത്താനേറ്റ് റദ്ദാക്കുകയും പുതിയ റിപ്പബ്ലിക് നിലവില്‍ വരികയും ചെയ്തു. 1976 മാര്‍ച്ച് 29-ന് ബ്രീട്ടീഷ് സേന പൂര്‍ണ്ണമായും ദ്വീപില്‍ നിന്ന് പിന്‍വാങ്ങി. ആ ദിവസമാണ് മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത.് 1982-ല്‍ രാജ്യം കോമണ്‍വെല്‍ത്തില്‍ അംഗമായി.

ദ്വീപ് ചുറ്റിക്കാണാന്‍ ഇറങ്ങിയതാണു ഞാന്‍. മണലില്‍ എന്നോടൊപ്പം നടക്കാന്‍ ചിപ്പികളുമുണ്ട്. മനുഷ്യസാന്നിധ്യം അറിയുമ്പോള്‍ കുഞ്ഞു ഞണ്ടുകള്‍ മാളത്തിലേക്ക് ഓടിയൊളിക്കുന്നു. അല്ലെങ്കില്‍ കടുത്ത സൂര്യാരാധകരെപ്പോലെ അവ തീരത്ത് നിരന്നുനില്‍ക്കുന്നു. പ്രസിദ്ധ ആഫ്രിക്കന്‍ സഞ്ചാരി ഇബന്‍ ബത്തൂത്ത ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് മാലിദ്വീപിനെ വിശേഷിപ്പിച്ചത്. അരഡസന്‍ ടൂറിസം കേന്ദ്രങ്ങളെങ്കിലും ഇപ്പോള്‍ ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്തായാലും ഇപ്പോഴത്തെ കാഴ്ചയില്‍ ഈ ദ്വീപ് സ്വര്‍ഗ്ഗം തന്നെ.

ഇതാദ്യമായി എന്റെ ലോകത്തിനു വലം വയ്ക്കാന്‍ കേവലം 12 മിനിട്ട് മാത്രം മതിയെന്നു വന്നിരിക്കുന്നു. അതെനിക്കിഷ്ടപ്പെട്ടു. പക്ഷേ, ഇതിവിടെ എന്റെ നാലാമത്തെ പ്രഭാതമാണ്. എന്റെ അശാന്തമായ ആത്മാവിന് ഈ നടത്തം, ഈ ദ്വീപ്, തീരെ ചെറുതാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.

അലറിപ്പൂവിന്റെ സുഗന്ധം വായുവില്‍ നിറയുന്നു. തീരത്തിനടുത്ത് സീഗ്രേപ്പിന്റെ വെളുത്തു മെഴുകുപോലുള്ള മൊട്ടുകളും ഉപ്പും ഇടകലര്‍ന്ന് കിടക്കുന്നു. എല്ലായിടത്തും പൂക്കള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ചുവന്ന ചെമ്പരത്തി, വെള്ളയും പിങ്കും നിറത്തില്‍ അലറി, വയലറ്റ്, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള വള്ളിക്കുടിലുകള്‍ തീര്‍ത്ത് ബോഗന്‍വില്ലകള്‍, പിങ്കും മഞ്ഞയും ഓലിയാന്‍ഡര്‍... പൂച്ചെടികളുമായി നില്‍ക്കുന്ന കൂറ്റന്‍ ടെറാകോട്ട ചട്ടികള്‍ സിമന്റിട്ട നിലത്തു നിന്നും ശ്രദ്ധ തിരിച്ചു വിടുന്നു. വെള്ളം നനഞ്ഞ് ഘനം തൂങ്ങിയ ചെടികള്‍ പ്രഭാതത്തിന്റെ നിശ്ചലമായ ചൂടില്‍ ഈറനായ മണം പുറത്തുവിടുന്നു. രാത്രി വൈകുമ്പോള്‍ പ്രമത്തമായ കാറ്റില്‍ അവയുടെ യഥാര്‍ഥ സുഗന്ധം വെളിവാക്കുന്നു. പുല്‍നാമ്പുകള്‍ നാണിച്ച് പിന്മാറുന്ന മട്ടിലുള്ളവയല്ല. വാശിയോടെ അതിജീവിക്കാന്‍ ശേഷിയുള്ളവ. സമുദ്രത്തിന്റെ വര്‍ണ്ണച്ചിമിഴിനോട് കിടപിടിക്കും വിധം ഉജ്വലമായ ഹരിതവര്‍ണ്ണം സ്ഫുരിക്കുന്നവ.

പല്ലികള്‍ പായുന്നു. ഓന്തുകള്‍ തലകുനിക്കുന്നു. തേനീച്ചകള്‍ മൂളിപ്പാട്ടു പാടുന്നു. മണല്‍ ഉടലിനെ പൊതിയുന്നു. വെളുത്ത പവിഴപ്പുറ്റിന്റെ പൊടി പൗഡര്‍ പോലെ മൃദുലം. എത്ര ഇറുകിപ്പിടിച്ച വസ്ത്രത്തിനുള്ളിലേക്കും നുഴഞ്ഞു കയറുന്നു. വീണ്ടും വീണ്ടും വെള്ളത്തെ തേടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സമുദ്രതീരത്ത് പോയി നില്‍ക്കുന്നു.

സൂര്യന്‍ ചക്രവാളത്തിലേക്ക് മറയുമ്പോള്‍ ദ്വീപിന് പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുകട്ടയുടെ ഛായയാണ്. സമുദ്രത്തിനു നടുവില്‍ ഒഴുകി നടക്കുന്നതു പോലെ. ഉത്തരാര്‍ധ ഗോളത്തില്‍ ഒരു വന്‍കരയുണ്ട്. തെക്കുഭാഗത്ത് ശൂന്യത മാത്രം, ദക്ഷിണ ധ്രുവം എത്തുന്നതു വരെയും. റിപ്പബ്ലിക് ഓഫ് മാല്‍ദീവ്‌സ് രൂപപ്പെടുന്നത് 1190 ചെറു പവിഴദ്വീപുകള്‍ ചേര്‍ന്നാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. രാത്രിയില്‍ ഓരോ തുണ്ട് കരയും ഒറ്റയ്ക്കാണ്. ഏകാന്തതയാല്‍ തിങ്ങിനിറഞ്ഞ്. ഒറ്റപ്പെടലില്‍ കിടുങ്ങി വിറച്ച്. സമാശ്വാസം ഉയരെയുള്ള നക്ഷത്രങ്ങളില്‍ നിന്നാണ് വരുന്നത്. നൂറായിരം ജീവജാലങ്ങള്‍ ഇതേ നക്ഷത്രങ്ങള്‍ക്കു കീഴില്‍ ഉറങ്ങുന്നുണ്ട്.

കുറച്ചു സമയത്തിനുള്ളില്‍ സീഗ്രേപ്പുകളുടെ ഈ ദ്വീപിനോട് ഞാന്‍ വിട പറയും. ഞാനെന്റെ പ്രിയപ്പെട്ട സ്ഥലത്തിരുന്ന് എന്നും രാവിലെ ഈ വഴി ഞെളിഞ്ഞുനടക്കുന്ന കൊറ്റിയെ നോക്കുകയാണ്.

കഴിഞ്ഞ രാത്രി ഞാന്‍ നസീറിനോട് യാത്ര പറഞ്ഞു. കൈകൊടുത്ത് പിരിയുമ്പോള്‍ എന്റെയുള്ളില്‍ വിചിത്രമായ ഒരു വേദന. ഈ ദ്വീപില്‍ എനിക്ക് ഏറ്റവും കൂടുതല്‍ മാനുഷികബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് അവനുമായിട്ടായിരുന്നു.

ആ കൂറ്റന്‍ മീനിനോടും യാത്ര പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ടൈറ്റന്‍ ട്രിഗര്‍ ഫിഷ് എന്നാണ് അതിന്റെ പേരെന്ന് ഞാ ന്‍ കണ്ടെത്തി. പക്ഷേ, അതിനെ വറുത്തെടുത്ത് ഒരു പ്ലേറ്റില്‍ വച്ചിരിക്കുന്നത് ഞാന്‍ കണ്ടെന്ന് തോന്നുന്നു. ഏത് മത്സ്യത്തിനും, അത് ജലത്തില്‍ എത്ര കണ്ട് തിളങ്ങുന്നതായാലും, വേവിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഉദാസീനമായ തവിട്ടുനിറമാണ്. ഇതും വ്യത്യസ്തമായിരുന്നില്ല.

കാലിലെ മണല്‍ കുടഞ്ഞുകളഞ്ഞ്, പുറത്തെ ടാപ്പില്‍ ഉപ്പൂറ്റി കഴുകി വൃത്തിയാക്കി യാഥാര്‍ഥ്യത്തിന്റെ ഷൂസിലേക്ക് ഞാന്‍ കാലെടുത്തു വയ്ക്കുകയാണ്.
ഞാന്‍ അവിടെയായിരുന്നു. അവിടെയല്ലായിരുന്നു...


TRAVEL INFO MALDIVES

Location: The Maldives lies in the Indian Ocean, just across the equator. The country is made up of 1,190 coral islands spread over 90,000 square kilometers, of which only 200 are inhabited. Ninety-nine percent of the Maldives is made up of sea. About 90 islands are developed as tourist resorts and the rest are uninhabited or used for agriculture and other livelihood purposes.Time: GMT+5hrs, Capital: Male', Total islands: 1,190, Inhabited islands: 200, Resort islands: 99, Currency: Rufiyaa (USD 1=MRF 15.42),

How to Reach: The Maldives, though isolated in location, is easily accessible from anywhere in South-East Asia, the Middle-East and Europe.
By Air: Air India operates regular flights from Thiruvananthapuram to Male. Duration 1 hour 10 mts. (Fare from Rs.4000 onwards -oneway. For details: https://book.airindia.in). Sri Lankan Airlines also operates flights from Thiruvananthapuram to Male with a short stopover at Colombo. The Airport is at Hulhule, a fifteen minutes journey from Male, and is accessible on a dhoni ferry. Boats run every few minutes between the two islands.

What to pack
Dress:
summer clothes in lightweight materials. T-shirts, cotton clothing, skirts and shorts would be the best option to stay cool. The ideal footwear would be sandals and flip-flops. Sunscreen, sun glass, insect repellent, and hats are also necessary for a comfortable holiday.

Immigration and Visa: Tourists are issued a 30-day visa on arrival. A valid travel document is necessary. You can obtain circumstantial visa grants through the Department of Immigration and Emigration in Male'.

Customs:It is prohibited to bring in firearms, drugs, pornography or idols of worship into the Maldives. Tourists also cannot bring in dogs, pigs and pork items. Alcohol and pork products under a special license are available in resort islands. Prohibited items (like alcohol) brought in by passengers are bonded and released at departure.

Health Requirements: Visitors to the Maldives, if arriving from infected countries, require an international certificate of inoculation against yellow fever and cholera to come into the country.

Info and Assistance at the Airport: The Maldives Tourism Promotion Board (MTPB) has a counter inside the Arrival Terminal to provide information and assistance to tourists.

Transfers: If you have a booking at a resort, the transfer would usually be arranged for you prior to your arrival into the country. The option of speedboat or seaplane (where available) will be left to you to choose from.Travelling in between inhabited islands are done through various ferry services.

Duty-Free shopping:Duty-free shopping is available at the departure terminal at the Male' International Airport. There are specialized shops with a wide variety of international brands selling well-known products and competitive prices.

Season:
Maldives has two distinct seasons; dry season (northeast monsoon) and wet season (southwest monsoon), with the former extending from January to March and the latter from mid-May to November.

For more details: www.visitmaldives.com/en/
www.maldivestourism.net/travel