ഏകാന്തയാത്രകളില്‍ നിഴല്‍ പോലെ
നിന്നെ പിന്തുടരുന്നതെന്ത്?
സഞ്ചാരികളുടെ അനാദിയായ
കുലത്തില്‍ നിന്നു നിന്നെ
വേറിട്ടു നിറുത്തുന്നതെന്ത്?
ഒരു പെണ്‍സഞ്ചാരിയുടെ ആത്മഗതങ്ങള്‍...
എവിടെയോ ഒരു മണി മുഴങ്ങുന്നത് സ്വപ്‌നത്തിലെന്ന പോലെ കേട്ടു. ദീര്‍ഘനേരം മുഴങ്ങുന്ന ഒരു പള്ളിമണി. ഞാന്‍ ഞെട്ടിയുണര്‍ന്നു. എവിടെയാണ് ഞാനിപ്പോള്‍? ഏതെങ്കിലും കാത്തലിക് നഗരത്തിലാവും. കഴിഞ്ഞ ഒരു വര്‍ഷമായി ഞാനിങ്ങനെ പല നഗരങ്ങളിലായി കയറിയിറങ്ങുന്നു. എല്ലായിടത്തും പൊതുവായുള്ളത് ഈ പള്ളിമണിയാണ്. സ്വപ്‌നങ്ങളെ നുള്ളിയുണര്‍ത്തുന്ന അതിന്റെ മുഴക്കമാര്‍ന്ന ശബ്ദം. ഉണരുമ്പോള്‍ അതിനാല്‍ എന്നും ചോദിക്കേണ്ടി വരുന്നു: ഇന്ന് എവിടെയാണ്? അപ്പോള്‍ ഓര്‍മ്മ വരും, ഞാന്‍ വീണ്ടും മറ്റൊരിടത്തേക്കുള്ള വഴിയിലാണ്!

ഉണര്‍ന്നാലുടനെ അറിയാതെ മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുന്നത് ഇപ്പോള്‍ ശീലമായിരിക്കുന്നു. വെറുതെ ഒരന്വേഷണം. മെസേജുകളോ മിസ്ഡ് കോളുകളോ വല്ലതും? ശൂന്യമായ സ്‌ക്രീന്‍ കാണുമ്പോള്‍ ആശ്വാസമാകും. എങ്കിലും വെറുതെ വീട്ടിലേക്കൊന്നു വിളിക്കും.

അപ്പോള്‍ ഞാനോര്‍ക്കും, അറിയപ്പെടുന്ന യാത്രികരൊക്കെ ഇങ്ങിനെത്തന്നെ ആയിരുന്നുവോ, ആവോ? ഇത്തരം തോന്നലുകളെ എങ്ങിനെയാവും അവര്‍ നേരിട്ടിരിക്കുക? ഇബ്‌നു ബത്തൂത്തയും ഫാ ഹിയാനും ആര്‍.എല്‍. സ്റ്റീവന്‍സണും ടി.ഇ.ലോറന്‍സും തൊട്ട് പുതുതലമുറയിലെ എറിക് ന്യൂബിയും പോള്‍ തെറോയും ബ്രൂസ് ചാറ്റ്‌വിനും വില്യം ഡാല്‍റിംപഌം വരെയുള്ളവര്‍? എങ്ങിനെയാവും അവരൊക്കെ യാത്ര ചെയ്തിരിക്കുക? യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുക? എങ്ങിനെയായിരിക്കും ഇവരുടെ യാത്രയുടെ തുടക്കം? പെട്ടെന്നുണ്ടാവുന്ന ഒരു തോന്നലിന്റെ പുറത്ത് ഒരു ചെറിയ ബാഗില്‍ സാധനങ്ങള്‍ കുത്തിനിറച്ച്, വീടിന്റെ ജനലുകളും വാതിലുകളും കൊട്ടിയടച്ച് ഒരു പോക്ക് പോകുകയാണോ ചെയ്യുന്നത്? അതോ ആലോചനയില്‍ മുഴുകി സ്വന്തം മുറികളില്‍ തെക്കും വടക്കും നടക്കുകയാണോ? എന്തിനെക്കുറിച്ചൊക്കെ ആലോചിച്ചിരിക്കും? പുറപ്പെടും മുമ്പ് കണക്കുകളുടെയും ചിലവുകളുടെയും കോളങ്ങള്‍ വരച്ചു നോക്കിയിട്ടുണ്ടാവുമോ? അപകടസാധ്യതകളോര്‍ത്ത് വേവലാതിപ്പെട്ടിരിക്കുമോ? സ്വന്തം മരണത്തിന്റെ സാധ്യതാചിത്രങ്ങള്‍ സങ്കല്‍പ്പിച്ചു നോക്കുകയോ പിറകിലുപേക്ഷിച്ചു പോകുന്നവരെക്കുറിച്ച് ഒരു ഞൊടിയെങ്കിലും ആലോചിക്കുകയോ ചെയ്തിരിക്കുമോ? പാല്‍ക്കാരനും പത്രക്കാരന്‍ പയ്യനും വീട്ടുവേലക്കാരിക്കുമുള്ള കുറിപ്പുകള്‍ അവരും എഴുതി വെച്ചിട്ടുണ്ടാവുമോ? ആവശ്യം വന്നാല്‍ വിളിക്കാനുള്ള നമ്പറുകള്‍ ഫ്രിഡ്ജിന്റെ വാതിലിലോ കുളിമുറിയിലെ കണ്ണാടിയിന്മേലോ കുറിച്ചിടാറുണ്ടാവുമോ? അതോ മുന്നും പിന്നും നോക്കാതെ, വരുംവരായ്കകള്‍ ചിന്തിക്കാതെ, തടസ്സം പറയുന്ന ഉള്‍വിളികളെ ഗൗനിക്കാതെ, വെറുതെ അങ്ങോട്ട് ഇറങ്ങിത്തിരിക്കുകയാണോ അവരും ചെയ്യുക? ഒരു പക്ഷെ, ഒരിടത്തു തുടരുന്നതിനേക്കാള്‍ അനായാസമായ കാര്യം അവിടം വിട്ടു പോവുന്നതാണെന്ന മട്ടില്‍?
ഞാനും അലഞ്ഞു തിരിയുന്ന ഒരു സഞ്ചാരിയാണ്. ഏകാകിയായ യാത്രക്കാരി. ഒരു യാത്ര ചെയ്യാന്‍ എനിക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അങ്ങിനെയാണ്. എപ്പോഴും എവിടേയ്‌ക്കെങ്കിലും പോണം. ഇന്ന സ്ഥലത്തേക്കെന്നില്ല, ബോറടിക്കുന്ന ദൈനംദിന ജീവിതത്തില്‍ നിന്ന് മാറ്റം വേണമെന്ന ശാഠ്യം.

വലുതാവും തോറും യാത്രാസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വന്നു. യാത്രകളിലൂടെ ഏറെ അനുഭവങ്ങള്‍ ആര്‍ജിച്ചു. അപ്പോഴും ഒരെഴുത്തുകാരിയായി ഞാന്‍ സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ സഹജമായ അശാന്തികള്‍ക്കുള്ള മരുന്നു മാത്രമായിരുന്നു യാത്രകള്‍. എന്തിനെന്നില്ലാതെ ഞാനതു തുടര്‍ന്നു. ഓരോ യാത്രയും ഓരോ പാഠങ്ങളായിരുന്നു. എന്നാല്‍ അവ നാളേക്കുള്ള ധാന്യശേഖരമാണെന്നു കരുതി എടുത്തുവെക്കുകയോ കള്ളിതിരിച്ച് മുദ്രചാര്‍ത്തി സൂക്ഷിക്കുകയോ ചെയ്തില്ല. അതേ സമയം യാത്രകളെ തടസ്സപ്പെടുത്തുന്ന ഒന്നും എനിക്ക് സഹിക്കാനും കഴിഞ്ഞില്ല. ഒരു യാത്രക്കു വേണ്ടി മകള്‍, സഹോദരി, ഭാര്യ തുടങ്ങിയ വേഷങ്ങള്‍ താല്‍ക്കാലികമായി അഴിച്ചുവെക്കാന്‍ പോലും ഞാന്‍ തയ്യാറായി. പുതിയ അനുഭവങ്ങളിലും ചിന്തകളിലും വാക്കുകളിലും നീന്തിത്തുടിക്കുന്ന അജ്ഞാതയായ യാത്രികയായി ഞാന്‍ മാറി. മനസ്സ് മെല്ലെ വിശാലമായി വരുന്നതും ഇന്ദ്രിയങ്ങള്‍ പുതിയ അനുഭവങ്ങളില്‍ പൂത്തുലയുന്നതും ഞാന്‍ പോലും അറിഞ്ഞില്ല. വൈകാതെ, എന്നിലെ എഴുത്തുകാരി പുറത്തുവന്നു. അപ്പോഴേക്കും ഞാനൊരു കാര്യം മനസ്സിലാക്കി. യാത്ര ചെയ്യാതിരിക്കാന്‍ എനിക്കാവില്ല. സഞ്ചരിക്കാതിരിക്കുമ്പോള്‍ മനസ്സ് മ്ലാനമാവുന്നു. സര്‍ഗാത്മകത നഷ്ടപ്പെടുന്നു. ചിന്തകളെപ്പോലും ബാധിക്കുന്നു. മകന്‍ കൂടി ജനിച്ചതോടെ ഞാന്‍ വല്ലാതെ വീര്‍പ്പുമുട്ടി. മൈത്രേയന്‍ അവന്റെ കുഞ്ഞിക്കൈയാല്‍ പലപ്പോഴും എന്നെ പുറകോട്ടു പിടിച്ചുവലിച്ചു.
++++++++++അതോടെ കുടുംബയാത്രകളിലേക്കു ഞാന്‍ മാറി. ഓരോ യാത്രയ്ക്കു മുമ്പും ഒട്ടേറെ തയ്യാറെടുപ്പുകള്‍. ചെറിയ വിവരങ്ങള്‍ പോലും ശേഖരിച്ചുള്ള മുന്‍കൂര്‍ പ്ലാനിങ്ങ്, സന്ദിഗ്ധഘട്ടങ്ങളിലേക്കുള്ള ബദല്‍ പ്ലാനിങ്ങ്, അഡ്വാന്‍സ് ബുക്കിങ്ങ്, റീ-ബുക്കിങ്ങ്... ഒരു മിലിട്ടറി ഓപ്പറേഷന്‍ പോലെയായിരുന്നു അത്. സര്‍വസന്നാഹങ്ങളുമൊരുക്കിയുള്ള പുറപ്പാട്. ബാഗേജിന്റെ വലുപ്പം നോക്കി പലപ്പോഴും ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുക്കാറുണ്ട്. എന്റെ ആശ്വാസം അപ്പോഴൊക്കെ ഇതായിരുന്നു: ഇബ്‌നുബത്തൂത്തയുടെ ബാഗേജ് ഇതിലുമെത്ര വലുതായിരുന്നു! ഒരു തീവണ്ടിയില്‍പ്പോലും ഒതുങ്ങാത്തത്ര പരിചാരകരും സഹചാരികളും അത്രതന്നെ ഭാര്യമാരും വെപ്പാട്ടികളുമാണ് അയാളോടൊപ്പം സഞ്ചരിച്ചിരുന്നത്! ഭര്‍ത്താവും കൊച്ചുമകനും അല്‍പ്പം മാത്രം ലഗേജുമുള്ള ഞാനിങ്ങനെ വിഷമിക്കുന്നതെന്തിന്?

കാലം കടന്നു പോയി. നിനച്ചിരിക്കാതെ, സുദീര്‍ഘമായ ഒരേകാന്തയാത്രക്ക് വീണ്ടും അവസരം വന്നു. ഇപ്പോള്‍ മകന്‍ അത്ര ചെറുതല്ല. പോയാലോ? ഞാന്‍ ആലോചിച്ചു. പലരും നെറ്റി ചുളിച്ചു. നല്ല വിദ്യാഭ്യാസവും സംസ്‌കാരവും യാത്രാനുഭവങ്ങളുമുള്ള കൂട്ടുകാരികള്‍ പോലും അദ്ഭുതം പ്രകടിപ്പിച്ചു. 'മകനെ കൂട്ടാതെ പോകാനോ? ' അവര്‍ ഉപദേശിച്ചു: 'അരുത്, ഞങ്ങളൊന്നും അങ്ങിനെ ചെയ്യാറില്ല!' എന്നാല്‍ എന്റെ അച്ഛനും അമ്മയും എന്നെ പിന്തുണച്ചു. അവര്‍ പറഞ്ഞു: 'രണ്ടു മാസത്തെ കാര്യമല്ലേ, ധൈര്യമായിട്ടു പൊക്കോളൂ. അവസരം പാഴാക്കണ്ട. ഇപ്പോഴേ ഇതൊക്കെ സാധിക്കൂ. പ്രായമാവുമ്പോള്‍ യാത്രകളിലൊന്നും വലിയ ആനന്ദം തോന്നില്ല.'

വീണ്ടും തനിച്ചുള്ള യാത്രകളുടെ ലോകത്ത്. എല്ലാം മറന്നുള്ള സഞ്ചാരം. ഞാനെന്നെ വീണ്ടും കണ്ടെത്തി. ഏറെ ആഹ്ലാദവതിയായിട്ടാണ് ഞാന്‍ മടങ്ങിയെത്തിയത്. നിറഞ്ഞ മനസ്സോടെ, ഇനി വീട്ടിലിരിക്കാം എന്ന തീരുമാനത്തോടെ. പക്ഷെ, കുറച്ചു ദിവസത്തേക്കു മാത്രം. അതാണ് യാത്രയുടെ മറുവശം. അതിന്റെ മൂല്യം ഒരിക്കല്‍ തിരിച്ചറിഞ്ഞാല്‍ അതു നിങ്ങളെ വീണ്ടും വീണ്ടും പ്രലോഭിപ്പിക്കും.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് നോര്‍വേയില്‍ നിന്ന് ഒരു ഫോണ്‍കാള്‍. എന്റെ പ്രസാധകരാണ്. ഒരു സന്ദര്‍ശനത്തില്‍ താല്‍പ്പര്യമുണ്ടോ? 'ഓ.. തീര്‍ച്ചയായും!' നട്ടെല്ലിലൂടെ പായുന്ന യാത്രാജ്വരത്തിന്റെ മുള്‍മുനകള്‍ എന്നെ വീണ്ടും ഉണര്‍ത്തി. പതിവു പോലെ, പ്രതീക്ഷകളും ആശങ്കകളും കൊണ്ട് ഞാന്‍ അസ്വസ്ഥയായി.

ഒടുവില്‍ ഞാന്‍ പോവുക തന്നെ ചെയ്തു. തനിയെ. ഒരു തയ്യാറെടുപ്പുമില്ലാതെ. എത്രയോ കാലമായി ആഗ്രഹിച്ചതു പോലുള്ള ഒരു യാത്ര. താമസിക്കാനുള്ള ഹോട്ടലിന്റെ പേരല്ലാതെ കാര്യമായ മറ്റു വിവരങ്ങളൊന്നും എന്റെ കൈവശം ഉണ്ടായിരുന്നില്ല. നോര്‍വേയെക്കുറിച്ച് എനിക്കാന്നും അറിയില്ലായിരുന്നു. ചിത്രകാരനായ എഡ്വേഡ് മുംകിന്റെ ജന്മസ്ഥലമാണെന്നും റോള്‍ ഡാളിന് നോര്‍വീജിയന്‍ പിതൃത്വമുണ്ടെന്നും ലോര്‍ഡ് ഓഫ് റിങ്‌സിനെ തേടിയുള്ള വഴിയില്‍ ടോള്‍ക്കിയാന്‍ കടന്നുപോകുന്ന വേരു പിണഞ്ഞ മഹാവൃക്ഷങ്ങള്‍ നോര്‍വേയിലാണെന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയത്. താമസിക്കാന്‍ പോകുന്ന ഹോട്ടലിനെക്കുറിച്ചോ അവിടത്തെ സൗകര്യങ്ങളെക്കുറിച്ചോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൂരത്തെക്കുറിച്ചോ പോലും ഒരു വിവരവും അതില്‍ നിന്നു ലഭിച്ചില്ല.
++++++++++


എങ്കിലും ഞാന്‍ പോയി. അങ്ങിനെ ഒരു യാത്ര ഞാനാഗ്രഹിച്ചിരുന്നു. മുന്‍വിധികളില്ലാതെ, അജണ്ടയില്ലാതെ, വിശേഷിച്ചൊരു കാരണവും പറയാനില്ലാതെ ഒരു യാത്ര. അടക്കാനാവാത്ത മോഹമല്ലാതെ മറ്റൊന്നും അപ്പോള്‍ എന്നെ അലട്ടിയില്ല. എന്തിനു പോകുന്നു എന്നു പലവട്ടം ഞാന്‍ എന്നോടു തന്നെ ചോദിച്ചുവെങ്കിലും മുമ്പവിടെ പോയിട്ടില്ലാത്തതു കൊണ്ട് എന്നല്ലാതെ മറ്റൊരുത്തരവും കിട്ടിയില്ല. അതു മതിയായിരുന്നു എനിക്ക്. ഒരു ജോടി ചെരുപ്പും കുറച്ചു തുണിയുമെടുത്ത് ഞാന്‍ വീടു വിട്ടിറങ്ങി.

ആ യാത്രയില്‍ ഞാന്‍ വീണ്ടും ഞാനായി. വിസ്മയിപ്പിക്കുന്ന നോര്‍വീജിയന്‍ മലഞ്ചെരിവുകളില്‍ അലഞ്ഞു. മാന്ത്രികസൗന്ദര്യമുള്ള സര്‍പ്പസഞ്ചാരിണിയായ ഫിയോര്‍ദ് നദിയെ പിന്തുടര്‍ന്നു. ബ്രൂസ് സ്പ്രിങ്സ്റ്റീനിന്റെ ആരാധകനായ 55കാരനുമായി റോക്ക് സംഗീതത്തെക്കുറിച്ച് സംവദിച്ചു. നോര്‍വേയിലെ ഒരു പ്രശസ്തയായ വനിതാ എഴുത്തുകാരിയെ നേരില്‍ കണ്ടു. റെയിന്‍ ഡിയറിന്റെ മാംസം കഴിച്ചു. മഞ്ഞുമലകളിലൂടെയും കാടുകളിലൂടെയും അവസാനിക്കാത്ത കാല്‍നടയാത്രകള്‍ നടത്തി. തുടുത്ത ക്രാന്‍ബറിപ്പഴങ്ങള്‍ ഇഷ്ടമുള്ളപ്പോള്‍ പറിച്ചു തിന്നു. മിര്‍ട്ടില്‍ ചെടിയുടെ പൂക്കളുള്ള ശാഖകള്‍ ഒടിച്ചെടുത്ത് അതിന്റെ നീറ്റലാര്‍ന്ന സുഗന്ധം വിരല്‍ത്തുമ്പിലും മൂക്കിലും പുരട്ടുകയും ഇലകള്‍ പുസ്തകത്താളില്‍ സൂക്ഷിക്കുകയും ചെയ്തു. ഞാനായിരിക്കാന്‍ വേണ്ടി എനിക്കു ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്തു.

ഒരു രാത്രി. നോര്‍വീജിയന്‍ മലകള്‍ക്കു മുകളില്‍ ഒരു കൂടാരത്തില്‍ തീ കാഞ്ഞിരിക്കുകയായിരുന്നു ഞാന്‍. താഴെ, വര്‍ഷത്തില്‍ നാലു മാസം ഉറഞ്ഞു കിടക്കുന്ന തടാകത്തിലേക്കു നോക്കി, വെറുതെ. ഇതുവരെ വായിച്ചിട്ടുള്ള എല്ലാ സഞ്ചാരസാഹിത്യകാരന്മാരുടെയും പേരുകള്‍ അപ്പോള്‍ മനസ്സിലേക്കു കടന്നുവന്നു. അദ്ഭുതത്തോടെ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. അതില്‍ സ്ത്രീകള്‍ തീരെയില്ല! എല്ലാം പുരുഷന്മാര്‍! (യാന്‍ മോറിസിനെ മറക്കുന്നില്ല, അവനോ അവളോ എന്നുറപ്പില്ലെങ്കിലും).

ഞാന്‍ വിസ്മയിച്ചു. അവരൊക്കെ സ്ത്രീകളായിരുന്നെങ്കില്‍! ഈ അനുഭവം അവര്‍ക്ക് എങ്ങിനെയാവുമായിരുന്നു? ഇവിടെ, ഇപ്പോള്‍ അവരാണെങ്കില്‍ എന്തു ചെയ്യുകയാവും? ഉറങ്ങും മുമ്പും ഉണരുമ്പോഴും നടത്തുന്ന ഫോണ്‍ വിളികളിലൂടെ സ്വന്തം ജീവിതയാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ചുറപ്പിക്കേണ്ടതിന്റെ അസ്വസ്ഥത അവര്‍ക്കുണ്ടാവുമായിരുന്നോ? അതോ, ഓരോ യാത്രികന്റെയും ഹൃദയത്തില്‍ മുഴങ്ങുന്ന ഗാനം മൂളി, നെരിപ്പോടിലെ തീനാളങ്ങള്‍ കൂടാരത്തിലെ മരച്ചുമരില്‍ തീര്‍ക്കുന്ന നിഴലുകളെ നോക്കി, ബ്രാന്‍ഡി നിറച്ച ബലൂണ്‍ ആകൃതിയുള്ള ഗ്ലാസില്‍ അവശേഷിക്കുന്ന തീ പോലെ പടരുന്ന കൊണ്യാക്ക് ഇളക്കിച്ചുഴറ്റി ഒറ്റക്കമിഴ്ത്തിനു വിഴുങ്ങി, നിര്‍വികാരം പറയുമായിരുന്നോ: 'വീട്ടില്‍ എന്തുതന്നെയുമാവട്ടെ, യാത്ര തുടരട്ടെ'!