ഒരു മലേഷ്യന്‍ യാത്രയുടെ ഓര്‍മ്മകള്‍......ഇവിടെ കുടുംബക്കാരുണ്ടോ?
'ഇല്ല'.
'സുഹൃത്തുക്കള്‍?'
'ഇല്ല'
'ബിസിനസ്സിനായിരിക്കും, ല!'
'അല്ല. ഇവിടെ ഹോളിഡേയ്ക്കു വന്നതാണ്..'
'ഹോളിഡേയോ?' മിസ്റ്റര്‍ നാന്‍ മൂക്കുചീറ്റി. ക്വാന്‍ടണിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ഞങ്ങള്‍ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് അര്‍ഥം വരുന്ന ഒരു മൂക്കുചീറ്റല്‍. അതും ഭീമന്‍ ലെതര്‍ബാക്ക് കടലാമകള്‍ തീരത്തെത്തി മുട്ടയിട്ട് പോയിക്കഴിഞ്ഞ ശേഷം. പോരെങ്കില്‍, കാലവര്‍ഷം തുടങ്ങിയ സമയം.

ഒരു നൂറ്റാണ്ട് മുമ്പ് ഭാഗ്യം തേടി മലേഷ്യയ്ക്കു പോയ ഇന്ത്യാക്കാരെ കാത്തിരുന്നത് ദീര്‍ഘവും ക്ലേശകരവുമായ കടല്‍യാത്രയായിരുന്നു. അന്ന് ഇത് മലയ ആയിരുന്നു. അവര്‍ക്ക് കിട്ടിയ ഭാഗ്യമാകട്ടെ, സ്വന്തം ഗ്രാമത്തില്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത കൂലിയും മൂന്നു നേരത്തെ ആഹാരവും മാത്രം. ഇന്ന് ഇന്ത്യാക്കാരെ ആകര്‍ഷിക്കുന്നത് കൊലാലംപൂരിലെ പ്രശസ്തമായ ഷോപ്പിങ് മാളുകളാണ്. മലേഷ്യയിലെ എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കാലെടുത്തു വയ്ക്കാന്‍ അവര്‍ക്ക് വേണ്ടത് ഒരു നീണ്ട വാരാന്തവും വിമാനടിക്കറ്റും മാത്രം. അതു തന്നെ സ്ഥിരം യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ നല്‍കുന്ന ഫ്രീക്വന്റ് ഫ്ലായര്‍ പോയന്റു കൊണ്ട് സൗജന്യമായി നേടാവുന്നതേയുള്ളൂ.

ക്വാന്‍ടണ്‍ പക്ഷേ ഈ വിഭാഗത്തിലൊന്നും പെടുന്നില്ല. മലേഷ്യയിലെ പഹാങ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണെന്നതൊഴികെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നും അവിടെയില്ല. കൊലാലംപൂരിലേക്ക് നേരിട്ടൊരു റോഡും ഒരു വിമാനത്താവളവും ഉള്ളതു കൊണ്ടും പടിഞ്ഞാറേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ട്രാന്‍സ്ഫര്‍ കേന്ദ്രമാണ് എന്നതു കൊണ്ടും മാത്രമായിരിക്കും ആരെങ്കിലുമൊക്കെ ആ വഴി കടന്നു പോവുന്നത്. എന്നിട്ടുമിതാ, ഞാന്‍ ഇവിടെ ക്വാന്‍ടണില്‍..

സംഭവം ഇങ്ങിനെയാണ്: ഇത്ര കാലത്തിനു ശേഷവും എന്നില്‍ മായാജാലം കാട്ടാന്‍ കഴിയുന്ന ഒരു നോവലില്‍ നിന്നും ഏതെങ്കിലും ഒരു ലക്ഷ്യസ്ഥാനം ഞാന്‍ തിരഞ്ഞെടുക്കും. എന്റെ യാത്രകള്‍ ആ സ്ഥലങ്ങളിലേക്കായിരിക്കും. റെട്ട് ബട്‌ലറും സ്‌കാര്‍ലറ്റ് ഒ'ഹാരയും മധുവിധു ആഘോഷിച്ച സ്ഥലമായതു കൊണ്ടാണ് കുറച്ചു വര്‍ഷം മുമ്പ് ഞാന്‍ ന്യൂ ഓര്‍ലിയന്‍സില്‍ പോയത്. ആ തടിയന്‍ പുസ്തകത്തില്‍ ബട്‌ലറും ഒ'ഹാരയും പൂര്‍ണ്ണവും അകളങ്കിതവുമായ ആനന്ദം അനുഭവിച്ചത് ആ ചെറിയ കാലയളവില്‍ മാത്രമായിരുന്നു. മറ്റൊരിക്കല്‍ ഞാന്‍ ഒരു പകല്‍ മുഴുവന്‍ ലണ്ടനിലെ ചാരിങ് ക്രോസിലെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകളിലൂടെ ചുറ്റി നടന്നു. കാരണം '84, ചാരിങ് ക്രോസ്' എന്ന പുസ്തകമായിരുന്നു. അതു തുടങ്ങുന്നത് ന്യൂയോര്‍ക്കിലെ ഹെലന്‍ ഹാന്‍ഫ് ലണ്ടനിലെ 84, ചാരിങ് ക്രോസ് റോഡിലെ ഒരു പുസ്തകക്കടയിലേക്ക് ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകം അന്വേഷിച്ചെത്തുന്ന ഒരു കത്തിലൂടെയാണ്.

ഇത്തവണ നെവില്‍ ഷൂട്ടിന്റെ 'എ ടൗണ്‍ ലൈക്ക് ആലീസി'ല്‍ ജോ ഹാര്‍മാന്റെ കുരിശേറ്റവും ഉയിര്‍ത്തെഴുന്നേല്‍പ്പുമായിരുന്നു പ്രചോദനം. ഇതൊക്കെ ഒരു അപരിചിതനോട്, അയാള്‍ എത്ര സൗഹൃദമുള്ളവനായാലും, എങ്ങനെ വിശദീകരിച്ചു കൊടുക്കും? അതുകൊണ്ട് ഞാന്‍ സീറ്റിലേക്ക് അമര്‍ന്നിരുന്നു. മൂക്കുചീറ്റലിന്റെ ഒരു തുടരന്‍പ്രകടനത്തിനിടയിലൂടെ പാഞ്ഞുപോകുന്ന നാട്ടിന്‍പുറത്തേക്ക് കണ്ണുനട്ടു.

ക്വാന്‍ടണ്‍ പട്ടണത്തിന്റെ വടക്കു ഭാഗത്താണ് ചെറാടിങ് ബീച്ച്. Mobil 4 Star റേറ്റിങ് ഉള്ള ലെജന്‍ഡ് ബീച്ച് സൈഡ് റിസോര്‍ട്ടിലാണ് ഞങ്ങളുടെ താമസം. കടലിന് അഭിമുഖമായുള്ള മുറികളും കിടക്കകള്‍ക്കു മേലെ മേലാപ്പും ആകാശവും കടലും കാട്ടിത്തരുന്ന പ്ലേറ്റ്ഗ്ലാസ്സ് ജനാലകളും മേല്‍ത്തട്ടില്‍ ക്വിബ്ലാട്ട് സ്റ്റിക്കറുകളുമുള്ള അവിടുത്തെ മുറികളില്‍ ഒന്നില്‍പ്പോലും ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ താമസിക്കുന്നുണ്ടായിരുന്നില്ല. അത്യാധുനിക സിനിമാ സെറ്റിനെ അനുസ്മരിപ്പിക്കുന്ന വിമാനത്താവളമുള്ള കൊലാലംപൂരും ലോകത്തിലേറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ഇരട്ടഗോപുരമുള്ള പെട്രോണാസ് ടവറും വിശാലമായ ഹൈവേകളും കൂറ്റന്‍ മന്ദിരങ്ങളും ഒക്കെയുണ്ടെങ്കിലും മലേഷ്യ ഇസ്ലാമിക തത്വങ്ങളില്‍ അടിത്തറയുറപ്പിച്ച ഒരു രാജ്യമാണെന്ന് ഞങ്ങള്‍ അറിഞ്ഞു തുടങ്ങിയത് അപ്പോഴാണ്. മേല്‍ത്തട്ടില്‍ മെക്കയിലേക്കുള്ള ദിശ സൂചിപ്പിച്ചുകൊണ്ട് പച്ചയും വെള്ളയും നിറത്തിലുള്ള ഒരു അമ്പടയാളം. ദിവസത്തില്‍ അഞ്ചു നേരവും മുടങ്ങാതെ വിശ്വാസികള്‍ നിസക്കരിക്കുന്നു എന്നുറപ്പു വരുത്താനാണ് ഈ അടയാളം.

ഹോട്ടലില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസത്തിന്റെ ദൂരമേയുള്ളു കടല്‍ത്തീരത്തേക്ക്. സായാഹ്നത്തില്‍ കടല്‍ ശാന്തമായി ഒരു മരതകക്കല്ലു പോലെ തിളങ്ങുന്നു. ദക്ഷിണ ചൈനാ സമുദ്രം ഏതാണ്ട് നിശ്ചലമാണ്. അതു നിങ്ങളെ ആഴങ്ങളിലേക്ക് മാടിവിളിക്കുന്നു. എന്നിട്ട് ഒരു കുട്ടിക്കളി പോലെ ബീച്ചിലേക്കു തൂക്കിയിടുന്നു.

തികച്ചും അപ്രതീക്ഷിതമായ ഇടങ്ങളില്‍ തലപൊക്കാന്‍ മതത്തിന് ഒരു കഴിവുണ്ട്. അതറിഞ്ഞത് പ്രഭാത ഭക്ഷണ സമയത്താണ്. എല്ലാം കൊണ്ടും സമ്പന്നമായിരുന്നു അത്. എന്നാല്‍, പന്നിയിറച്ചി മാത്രം കാണാനില്ല. പന്നിയിറച്ചി കൊണ്ടുണ്ടാക്കേണ്ട ബേക്കണ്‍, ഹാം, സോസേജ് എല്ലാമുണ്ട്. പകരം ബീഫ് ബേക്കണ്‍, ചിക്കണ്‍ ഹാം, ചിക്കണ്‍ സോസേജ്... ബീഫ് ബേക്കണ്‍ പരീക്ഷിച്ചു നോക്കിയെങ്കിലും അതത്ര പോര. (ദിവസങ്ങള്‍ക്കു ശേഷം കൊലാലംപൂരിലെ ഒരു വന്‍കിട മാളില്‍ ഞാനൊരു ബോര്‍ഡ് കണ്ടു, നോണ്‍ ഹലാല്‍ കാഷ്യര്‍!)
++++++++++ഹോട്ടലില്‍ നീന്തല്‍ക്കുളങ്ങളുമുണ്ട് രണ്ടെണ്ണം. വിദേശ വിനോദസഞ്ചാരികളെ മാത്രമല്ല, മലേഷ്യക്കാരെയും ആകര്‍ഷിക്കാവുന്ന വിധമാണ് ലെജന്‍ഡ് റിസോര്‍ട്ടിന്റെ രൂപകല്‍പ്പന. അതുകൊണ്ട് ഒരു നീന്തല്‍ക്കുളം മുസ്ലീം സ്്ത്രീകള്‍ക്ക് എല്ലാ വസ്ത്രങ്ങളും അണിഞ്ഞ് കുളിക്കാനുള്ളത്. മറ്റൊന്ന് കൂടുതല്‍ ആഴവും വീതിയുമുള്ളത്. അതിലിറങ്ങാന്‍ പക്ഷെ, നീന്തല്‍ വേഷം തന്നെ വേണം!

ബീച്ചിന്റെ ഓരത്ത് നിരനിരയായി മരങ്ങള്‍. പകല്‍ മുഴുവന്‍ ആ തണലില്‍ കിടന്ന് ഞാന്‍ ആളുകളെ കണ്ടു. ഒരു കൂട്ടം ഉക്രൈനികള്‍ ഓടിക്കളിക്കുന്നു. പ്രായം ചെന്ന വിദേശ ടൂറിസ്റ്റുകള്‍ കൗതുകകരമായ കാഴ്ച തന്നെയാണ്. പരസ്പരം എണ്ണ തേപ്പിക്കുന്ന ഒരു വൃദ്ധ ദമ്പതിമാരെ ഞാന്‍ കണ്ടു. ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്നതു പോലെ ഒരു പട-പട താളത്തില്‍ ആ സ്ത്രീ ഭര്‍ത്താവിന്റെ ദേഹത്ത്് സണ്‍ബ്ലോക്ക് തേച്ചു പിടിപ്പിക്കുകയാണ്. പിന്നെ അവര്‍ ആ ട്യൂബ് ഭര്‍ത്താവിന് കൈമാറി. ഞാന്‍ നോക്കുന്നുണ്ടോ എന്നറിയാന്‍ അയാള്‍ ഇടയ്ക്കിടെ ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്. ഞാന്‍ ഉറങ്ങുകയാണെന്ന് അഭിനയിച്ചു. ഭാര്യയുടെ കാലില്‍ അതു പുരട്ടണമെങ്കില്‍ അയാള്‍ മണ്ണില്‍ കുത്തിയിരുന്നാലെ പറ്റൂ. അയാള്‍ ട്യൂബിന്റെ അടപ്പ് താഴെയിടുന്നു. എന്നിട്ടത് എടുക്കാനെന്ന മട്ടില്‍ കുനിയുന്നു. ആ ഇരിപ്പില്‍ അവരുടെ കാലുകളില്‍ പുരട്ടിക്കൊടുക്കാന്‍ എളുപ്പമാണ്. അവരാണെങ്കില്‍ അയാളുടെ ചമ്മലോ അസ്വസ്ഥതയോ ഒന്നും ശ്രദ്ധിക്കാതെ നിര്‍ത്താതെ ചറപറാ സംസാരിക്കുകയാണ്!

വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ മലേഷ്യന്‍ പാചകം പരീക്ഷിക്കുന്നു. പക്ഷേ, ലക്ഷ്വറി ഹോട്ടലുകള്‍ക്ക് എല്ലാ വിഭവങ്ങളെയും നിര്‍ഗുണ പരബ്രഹ്മങ്ങളാക്കുന്നതിന് ഒരു പ്രത്യേക കഴിവുണ്ട്. അപ്പോഴാണ് ഹോട്ടല്‍ കവാടത്തിന് പുറത്ത് ഹൈവേയുടെ ഓരത്ത് നിരന്നു നില്‍ക്കുന്ന തട്ടുകടകള്‍ പോലത്തെ റെസ്‌റ്റോറന്റുകളെക്കുറിച്ച് ഞാന്‍ ഓര്‍ത്തത്.

ജെറി ലിം ചൈനീസ് വംശജനാണ്. സുന്ദരന്‍, സൗമ്യന്‍. വെയ്റ്ററും പരസ്യബോര്‍ഡും സരസനായ ആതിഥേയനും ഒക്കെ അയാള്‍ തന്നെ. റെസ്‌റ്റോറന്റിലേക്ക് അതിഥികളേയും ഹൈവേയിലെ യാത്രക്കാരെയും ആകര്‍ഷിക്കുന്നതില്‍ സമര്‍ഥന്‍. അയാളുടെ മനംമയക്കുന്ന പെരുമാറ്റത്തിലും റോക്ക് ലോബ്സ്റ്ററും (ഒരിനം വലിയ ചെമ്മീന്‍) വറുത്തെടുക്കുന്ന നത്തെലിയയെും കുറിച്ചുള്ള വിവരണത്തിലും വീണിരിക്കുകയാണ് എന്റെ കുടുംബത്തിലെ ആണുങ്ങള്‍. ഒന്നു രണ്ടു ബിയറിനു ശേഷം ഞാനവരെ ഉന്തിത്തള്ളി അടുത്തുള്ള മാക് ലോങ് കോര്‍ണര്‍ റെസ്റ്റോറന്റിലേക്കു കൊണ്ടുപോയി.

ജെറിയുടെ റെസ്‌റ്റോറന്റിലേതു പോലെ കടലോരകൂടാരത്തിന്റെ അന്തരീക്ഷമൊന്നും ഇവിടെയില്ല. വൃത്തിയുള്ള മേശകള്‍, പ്ലാസ്റ്റിക് കസേരകള്‍, സിമന്റിട്ട നിലം. മൂന്നു വശവും തുറന്നതാണ്. പക്ഷേ, രാവിലെ ഞാന്‍ ചായ കുടിക്കാന്‍ വന്നപ്പോഴേ റെസ്‌റ്റോറന്റിന്റെ ഉടമയും ഷെഫുമായ ആള്‍ എനിക്കൊരു വാഗ്ദാനം തന്നിരുന്നു. ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ഭക്ഷണത്തിനു പകരം നല്ല ഒറിജിനല്‍ മലേഷ്യന്‍ ഭക്ഷണം ഉണ്ടാക്കിത്തരാമെന്ന്.

വയറിനു മീതേ ഒരു വലിയ ഏപ്രണും കെട്ടി ഷെഫ് ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. എന്താണ് കഴിക്കാന്‍ വേണ്ടതെന്നും എത്ര പണം ചെലവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ചോദിച്ചറിയുന്നു. എന്നിട്ട് മലേഷ്യയില്‍ ഞങ്ങള്‍ ചെലവിട്ട രണ്ടാഴ്ചയ്ക്കിടെ ഞങ്ങള്‍ കഴിച്ചതില്‍ വച്ച് ഒരു പക്ഷേ ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കിത്തരുന്നു. ബീഫ് റെന്‍ഡാങ് (നല്ല എരിവുള്ള മാട്ടിറച്ചിയുടെ മൃദുവായ കഷ്ണങ്ങള്‍), കറി ലക്‌സാ (റൈസ് നൂഡില്‍സ് ചേര്‍ത്ത് രുചിയുള്ള മത്സ്യസൂപ്പ്), കലമാരി സാംബല്‍ (ചുവന്ന മുളകും ഉള്ളി സോസും ചേര്‍ത്ത് തയ്യാറാക്കിയ കൂന്തള്‍ കഷ്ണങ്ങള്‍), ഒപ്പം ചോറും. മധുരത്തിന് എ.ബി.സി. (എയര്‍ ബാത്തൂര്‍ കാംപൂര്‍). മലേഷ്യയുടെ സ്വന്തം മധുരപലഹാരമാണിത്. കരുപ്പട്ടിയും റോസ് സിറപ്പും പാലും ചേര്‍ത്ത് റെഡ് ബീന്‍സും സ്വീറ്റ് കോണും ജെല്ലി ക്യൂബുകളും കൊണ്ട അലങ്കരിച്ച് ഒരു കുന്ന് ഐസും ചേര്‍ത്ത സാധനം. ഒരു കുട്ടി സ്വപ്‌നത്തില്‍ കണ്ട മധുരപലഹാരം കണ്‍മുന്നില്‍ വന്നതു പോലെയുള്ള എ.ബി.സിയെക്കാളും ആസ്വാദ്യമായിരുന്നു ടാറിക് ചായ. ദക്ഷിണേന്ത്യയില്‍ കാകന്‍ ടീ എന്നു വിളിക്കപ്പെടുന്ന ചായയോളം രുചികരമായിരുന്നു ഇത്. പാകത്തിന് പാലും പഞ്ചസാരയും ചേര്‍ത്ത് രണ്ടു കപ്പുകളില്‍ നിന്ന് ഉയര്‍ത്തി ഒഴിച്ച് രണ്ട് ഇഞ്ച് കനത്തില്‍ പതയുമായി ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ള ചായ. പതയൂതി ചായ മൊത്തുമ്പോള്‍ അതിന്റെ സുഗന്ധം നിങ്ങളുടെ നാസാരന്ധ്രങ്ങളേയും രുചി നിങ്ങളുടെ രസനേന്ദ്രിയങ്ങളേയും നിറയ്ക്കുന്നു. പരമാനന്ദം.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ ക്വാന്‍ടണില്‍ നിന്ന് ഏതാണ്ട് 250 കിലോമീറ്റര്‍ അകലെയുള്ള മെര്‍സിങിലേക്ക് യാത്രയാവുന്നു. പരിചയമുള്ള മി. നാന്‍ തന്നെയാണ് ഡ്രൈവര്‍. പക്ഷെ അയാളുടെ മൂക്കുചീറ്റലും ഇന്തോനേഷ്യനില്‍ ആലപിച്ച 'മെയ്ഡ് ഇന്‍ ഇന്ത്യ' മുതല്‍ പി.രാംലീയുടെ (മുഹമ്മദ് റാഫിക്കു സമാനനായ മലേഷ്യന്‍ ഗായകന്‍) വിലാപഗാനങ്ങള്‍ വരെയുള്ള അദ്ദേഹത്തിന്റെ പ്രിയ ഗാനങ്ങളും സഹിക്കണമെന്ന് മാത്രം.

മെര്‍സിങ്, ചന്തമുള്ള ഒരു കടലോര പട്ടണമാണ്. അവിടെ നിന്ന് ഞങ്ങള്‍ സ്പീഡ് ബോട്ടില്‍ പുലാ വോ ടിയോമാനിലേക്ക് പോയി. മലേഷ്യയുടെ കിഴക്കന്‍ തീരത്ത് കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയിലുള്ള ഒരു ദ്വീപാണത്. അവിടത്തെ ആദിമ നിവാസികളില്‍ ഒരാളുടെ അരുമയായ ടിയോങ് പക്ഷിയില്‍ (മൈന) നിന്നാണ് ദ്വീപിന് ആ പേര് കിട്ടിയതെന്നാണ് ഒരു കഥ. മറ്റൊരു കഥ ഇങ്ങിനെ: ചൈനയില്‍ നിന്നുള്ള ഒരു മാന്ത്രിക വ്യാളി രാജകുമാരി സിംഗപ്പൂരിലെ തന്റെ രാജകുമാരനെ കാണാന്‍ പോവുകയായിരുന്നു. ടിയോമാന്‍ ദ്വീപിലെത്തിയ രാജകുമാരി അതിന്റെ മാസ്മരിക ഭംഗിയില്‍ ആകൃഷ്ടയായി തുടര്‍ന്നുള്ള യാത്ര തന്നെ വേണ്ടെന്നു വച്ചത്രേ!

സ്പീഡ് ബോട്ട് ജെട്ടിയോട് അടുക്കുമ്പോള്‍ ആ കഥയിലെ സത്യം എനിക്കും ബോധ്യമായി. ടിയോമാന്‍ അതിശയകരമാം വിധം ആകര്‍ഷകമായിരുന്നു. സ്ഫടികം പോലെ തിളങ്ങുന്ന വെള്ളം. വെളുത്ത പഞ്ചാരമണല്‍ വിരിച്ച തീരം. മലഞ്ചെരിവുകളിലെ കാടുകള്‍ കണ്ടാല്‍ അവ ഈ തീരത്തേക്ക് ഓടിയിറങ്ങാന്‍ മോഹിച്ച് നില്‍ക്കുകയാണെന്നു തോന്നും. ഒപ്പം ഇരട്ട കൊടുമുടികളായ ബാടു സിരാവു, നെനെല്‍ സി-മുകുട് എന്നിവയുടെ ശ്രദ്ധേയമായ ആകാരം.
++++++++++


ഞങ്ങളുടെ താമസം ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ്. ഒരു അടുക്കള, രണ്ട് കിടപ്പുമുറികള്‍, ടി.വി - ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഇവിടെയുണ്ട്. ഒരാഴ്ചയായി മലേഷ്യന്‍ ഭക്ഷണം മാത്രം കഴിച്ചതോര്‍ത്ത് എന്റെ പാചകസാമര്‍ത്ഥ്യം ഉപയോഗിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള ഡ്രൈ ഗുഡ്‌സ് സ്‌റ്റോറില്‍ കിട്ടാവുന്നതൊക്കെ വാങ്ങി. ഫലം, ചിക്കന്‍ ടിയോമാന്‍. ചേരുവകളെക്കാളേറെ നൈപുണ്യത്തെ ആശ്രയിച്ചായിരുന്നു അതിന്റെ നിര്‍മ്മിതി. നാസി ഗോരെങ് പേസ്റ്റ്, ഇഞ്ചി, ചുവന്ന മുളക്, ഉണക്കമുന്തിരി, ആപ്പിള്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് നല്‍കിയ ഒരു പാക്കറ്റ് ഫ്രൂട്ടി എന്നിവയൊക്കെയായിരുന്നു ചേരുവകള്‍. മണമുള്ള പച്ചരിച്ചോറും ഒരു ട്യൂബ് പ്രിംഗിള്‍സും ഒരു സ്വിസ് റോളും കൂടിയായപ്പോള്‍ വിശപ്പാണ് എല്ലാം എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ആ ഭക്ഷണം പൂര്‍ത്തിയായി.

പൂഴിമണ്ണില്‍ കാലുപൂഴ്ത്തുന്നതൊഴികെ മറ്റൊന്നും ചെയ്യേണ്ടതില്ലാത്ത സ്ഥലമാണ് ടിയോമാന്‍ എന്നാണ് ഗൈഡ് ബുക്കുകള്‍ പറയുന്നത്. ഞങ്ങള്‍ ചെയ്തതും അതുതന്നെ. കുരങ്ങന്മാരുടെ വന്‍സംഘം ഊഞ്ഞാലാടുകയും ഒച്ചയിടുകയും ചെയ്യുന്ന അതിമനോഹരമായ മഴക്കാടുകളിലൂടെയും കളിക്കാരെക്കാളേറെ കൂറ്റന്‍ മോണിറ്റര്‍ ലിസാഡുകള്‍ വിഹരിക്കുന്ന ഗോള്‍ഫ് കോഴ്‌സിലൂടെയും പ്രഭാതത്തി ല്‍ ഞങ്ങള്‍ ഏറെനേരം നടന്നു. ചൂടുകൂടിയപ്പോള്‍ നീന്തല്‍ക്കുളത്തിലേക്കിറങ്ങി. ഭീകരമാം വിധം ചെലവേറിയ കോക്‌ടെയില്‍ ആസ്വദിച്ചു. നീണ്ട ഉച്ചയുറക്കങ്ങളില്‍ മുഴുകി. വൈകുന്നേരമായാല്‍ വീണ്ടും ബീച്ചിലേക്ക്. തിര അടങ്ങിയിരിക്കുന്നു. കണ്ണാടി പോലത്തെ വെള്ളം. ആകാശത്തിലേക്ക് കണ്ണുംനട്ട് ഞാന്‍ ഓളപ്പരപ്പില്‍ മലര്‍ന്നു കിടന്നു. ഈ നിമിഷം ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കൂ, ഞാന്‍ എന്നോടു തന്നെ പറഞ്ഞു.

മലേഷ്യയുടെ പടിഞ്ഞാറേ തീരത്തുള്ള മലാക്കയിലേക്ക് സിംഗപ്പൂര്‍ വഴി ഞങ്ങള്‍ യാത്രയായി. ടിയോമാനില്‍ വിമാനത്താവളമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് വേണമെങ്കില്‍ വിമാനമാര്‍ഗ്ഗം പോകാം. പക്ഷേ, മറ്റൊരു രാജ്യത്തേക്ക് കപ്പലില്‍ പോകുന്നതില്‍ പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന എന്തൊക്കയോ ഉണ്ട്.
മലേഷ്യയുടെ ചരിത്ര നഗരമാണ് മലാക്ക. 15-ാം നൂറ്റാണ്ടില്‍ പ്രമുഖ തുറമുഖമായിരുന്നു അത്. അവിടുത്തെ ചന്തകളില്‍ അന്ന് 84 ഭാഷകള്‍ വരെ സംസാരിച്ചിരുന്നത്രേ. തുറമുഖത്ത് നൂറുകണക്കിന് കപ്പലുകള്‍ നങ്കൂരമിട്ടിരുന്നു. മലാക്കയ്ക്ക് ആധുനിക നഗരത്തിന്റെ എല്ലാ വേഷഭൂഷാദികളുമുണ്ട്. പക്ഷേ, അതിനു പുറകിലുള്ള ചരിത്രം ചികഞ്ഞു നോക്കൂ. നാടോടിക്കഥകളുടെ പ്രവാഹമാണ്.

സംസ്‌കാരകുതുകികള്‍ക്ക് മലാക്കയില്‍ പലതും കണ്ടെത്താനുണ്ട്. അതുകൊണ്ടുതന്നെ ഏറെ ആവേശത്തോടെയാണ് ഞങ്ങള്‍ എംപറര്‍ ഹോട്ടലില്‍ എത്തിയത്. ചെറുനഗരങ്ങളില്‍ വലിയ പേരുള്ള ഹോട്ടലുകളെ ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി ഞാന്‍ മനസ്സിലാക്കിയത് അവിടെയാണ്. പേരില്‍ എത്ര കാപട്യമുണ്ടോ അത്രയും അസംബന്ധമായിരിക്കും അവിടെ കാര്യങ്ങള്‍. കിടക്കവിരികളും തലയിണയുറകളും ഫ്രാന്‍സിസ് പുണ്യവാളന്റെ കാലത്തിനു ശേഷം കഴുകിയിട്ടുണ്ടെന്ന് തോന്നുന്നില്ല. കെട്ട ഭക്ഷണത്തിന്റെ മണം തങ്ങിനില്‍ക്കുന്ന മുറികള്‍. രാത്രിയില്‍ ചരിത്രം തുടിച്ചു നില്‍ക്കുന്ന കൂറകള്‍ മരപ്പണികള്‍ക്കിടയില്‍ നിന്ന് നുഴഞ്ഞെത്തി. നേരം വെളുത്താലുടന്‍ സ്ഥലം വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

മലാക്കയിലെ ഞങ്ങളുടെ ആദ്യ സായാഹ്നത്തില്‍ ചൈനാ ടൗണിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടന്ന് ഞങ്ങള്‍ ജോങ്കര്‍ തെരുവിലെത്തി. പുരാവസ്തുക്കളുടെയും ഇമിറ്റേഷനുകളുടെയും ഏറ്റവും മികച്ച കേന്ദ്രമായി കരുതപ്പെടുന്ന സ്ഥലമാണിവിടം. ബാബാ ഹൗസ് എന്നു പേരുള്ള ഒരു കൊച്ചു ഹോട്ടലിന്റെ മുന്നിലാണ് ഞങ്ങള്‍. മലിനമായ എംപററില്‍ നിന്നും ലാളിത്യമാര്‍ന്ന ബാബയിലേക്ക് താമസം മാറ്റി. ബാബാ ഹൗസില്‍ ആഡംബരമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, വൃത്തിയുണ്ടായിരുന്നു. നിരക്കുകള്‍ ന്യായമായിരുന്നു. സുന്ദരമായി കാത്തുസൂക്ഷിക്കപ്പെട്ട ഒരു പൈതൃക ഗൃഹമായിരുന്നു അത്.

മലാക്കയില്‍ കാണാന്‍ പലതുമുണ്ടായിരുന്നു. പക്ഷേ, ചൈനീസ് സംസ്‌കാരത്തില്‍ മാത്രം ശ്രദ്ധയൂന്നാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ ചെങ് ഹൂന്‍ ടെങിന്റെ അമ്പലത്തിലേക്ക് നടന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന് ചൈനീസ് ദേവാലയമാണത്. ചൈനയില്‍ നിന്ന് കൊണ്ടുവന്ന വസ്തുക്കള്‍ ഉപയോഗിച്ച് 1646-ല്‍ ആണ് ദേവാലയം പണിതത്. അനുപമസുന്ദരമായ കൊത്തുപണികളും മരപ്പണികളും കൊണ്ട് അലംകൃതമായിരുന്നു അത്. ചൈനീസ് അമ്പലങ്ങള്‍ക്ക് ചില കാര്യങ്ങളിലൊക്കെ ഹിന്ദു ക്ഷേത്രങ്ങളുടെ ഛായയുണ്ട്. അകത്തേക്ക് കടക്കുമ്പോള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ചന്ദനത്തിരിയുടെ അതേ സുഗന്ധം. പലതരം വഴിപാടുകള്‍. ഒരു പ്രധാന വ്യത്യാസം ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്നതാണ്. ശ്രീകോവിലില്ല, ദൈവവും ഭക്തരും തമ്മില്‍ ദൂരവുമില്ല. നീണ്ടു നീണ്ടു പോകുന്ന ക്യൂവും അവിടെയില്ല.

അമ്പലത്തിന്റെ സൂക്ഷിപ്പുകാരനായ പ്രായം ചെന്ന മനുഷ്യന്‍ ഞങ്ങളോട് സംസാരിച്ചു. 'നിങ്ങളുടെ കാളിയെപ്പോലെ' നിരവധി കൈകളുള്ള ദേവതമാര്‍ ചൈനയിലും ഉണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കാളിയെപ്പോലുള്ള ആ ദേവിക്കുമുന്നില്‍ ചന്ദനത്തിരികള്‍ കൊളുത്തിയ ശേഷം ഞങ്ങള്‍ തലേ രാത്രി കണ്ടു വച്ച ചൈനീസ് പലചരക്കുകടയുടെ നേര്‍ക്ക്‌നടന്നു.
കടന്നു ചെല്ലുമ്പോള്‍ ആദ്യ ദൃശ്യം ട്രേകളില്‍ നിരത്തിയിട്ട പലതരം ഉണക്ക കൂണുകളാണ്. അകത്തേക്ക് കടന്നാല്‍ കടലിന്റെ അടിത്തട്ടില്‍ എത്തിയതു പോലെയുണ്ട്. ഉണങ്ങിയ മത്സ്യവും പലതരം സമുദ്രജീവികളും. വൈറ്റ് ബെയിറ്റ് മുതല്‍ (മലയയില്‍ ഇകാന്‍ബിലിസ് എന്നു വിളിക്കുന്ന ഇത് ഭക്ഷണം മോടിപിടിപ്പിക്കുന്നതില്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവാണെന്നു തോന്നുന്നു) കൂറ്റന്‍ കടല്‍ വെള്ളരിക്കകളുടെ കൂമ്പാരം വരെ. ആയിരം വര്‍ഷം പഴക്കമുള്ള മുട്ടകള്‍, ഹോ കഷണങ്ങള്‍ (ഒരു തരം ചൈനീസ് പ്ലം), പഞ്ചസാരപ്പാവിലിട്ട ലീച്ചീസ്, പലതരം നൂഡില്‍സ്, ചെമ്മീന്‍ കുഴമ്പ്, സോയ സോസിന്റെ കുപ്പികള്‍, പിന്നെ വിചിത്ര രൂപികളായ കേക്കുകളും മധുരപലഹാരങ്ങളും. ഒരു സ്റ്റൂളിലിരുന്ന് നിലക്കടല പൊളിക്കുന്ന മുത്തശ്ശിയാണ് എല്ലാത്തിന്റെയും കേന്ദ്രത്തില്‍. അവരുടെ ചെറുമകന്‍ കച്ചവടത്തിന് മേല്‍നോട്ടം വഹിച്ചുകൊണ്ട് ഓടിനടക്കുന്നു.

തിരിച്ചു പോകാന്‍ സമയമായി. കാര്‍ വരാന്‍ കാത്തിരിക്കുന്നതിനിടെ ജനാലയിലൂടെ പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുകയാണ് ഞാന്‍. തൊട്ടടുത്തുള്ള വീടിന്റെ പിന്നിലെ പച്ചപ്പു നിറഞ്ഞ തോട്ടത്തില്‍ വരിയായി വട്ടത്തിലുള്ള കല്ലുകള്‍ പതിച്ചിരിക്കുന്നു. സൂര്യപ്രകാശം ചിത്രം വരയ്ക്കുന്ന അവയ്ക്കിടയിലൂടെ ഒരു മോണിറ്റര്‍ ലിസാര്‍ഡ് ഇഴഞ്ഞു നടക്കുന്നു. വീടിന്റെ ഉടമസ്ഥനായ ചൈനക്കാരന്‍ ഷോട്‌സും ബനിയനുമണിഞ്ഞ് പുറത്തേക്ക് വരുന്നു. എനിക്ക് നേരെ അയാള്‍ കൈവീശി കാണിക്കുന്നുണ്ട്. ആ ലിസാര്‍ഡ് അയാളുടെ വളര്‍ത്തുമൃഗമാണെന്നാണ് അയാള്‍ ആംഗ്യം കാണിക്കുന്നത്. നുണ അടിക്കുകയല്ലെന്ന് കാണിക്കാന്‍ അയാള്‍ അതിന്റെ കഴുത്ത് തടവി കാണിക്കുന്നു. 'വെരി ഫ്രണ്ട്‌ലി', അയാള്‍ പറയുന്നു.

ഞങ്ങളുടെ യാത്രയുടെ അവസാന ഘട്ടമായി. കൊലാലംപൂരിലേക്ക് പോവുകയാണ് ഞങ്ങള്‍. മിസ്റ്റര്‍ നാനിനെപ്പോലെയല്ല ഇത്തവണത്തെ ടാക്‌സി ഡ്രൈവര്‍. വിഡ്ഢിത്തങ്ങളൊന്നുമില്ല, അധികം ഉരിയാട്ടവുമില്ല. ഞങ്ങളെല്ലാവരും വണ്ടിയില്‍ കയറിക്കഴിഞ്ഞപാടെ അയാള്‍ ഒരു പാക്കറ്റ ച്യൂയിങ് ഗം എടുക്കുന്നു. എല്ലാവര്‍ക്കും ഓരോന്ന് നല്‍കുന്നു. പിന്നെ 120 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടി കുതിക്കുമ്പോള്‍ ആകെയുള്ള ശബ്ദം നാലു വായകള്‍ നിര്‍ത്താതെ ചവയ്ക്കുന്നതിന്റേത് മാത്രം.

കൊലാലംപൂരിലെ സുവര്‍ണ്ണത്രികോണ മേഖലയില്‍ ചെറുതെങ്കിലും ആകര്‍ഷകമായ പസഫിക് റീജന്‍സി എന്ന ഹോട്ടലിലാണ് ഞങ്ങളുടെ താമസം. 34-ാമത്തെ നിലയിലെ ഞങ്ങളുടെ മുറി ലളിതസുന്ദരമാണ് -ചാരനിറത്തിലുള്ള സില്‍ക്ക ചുവരുകള്‍, പട്ടുപുതച്ച കുഷനുകള്‍, ഏതു സുഖലോലുപനും മോഹിച്ചു പോകുന്ന ബാത്‌റൂം. പോരാത്തതിന് പെട്രോണാസ് ടവര്‍ സുന്ദരമായി കാണുകയും ചെയ്യാം.

അവസാന ദിനം. അവസാന രാത്രി. വെള്ളിയാഴ്ചയാണ്. പെട്രോണാസ് ടവര്‍ ദീപാലംകൃതമായിരിക്കുന്നു. ഇതിലും നല്ലതൊന്നുണ്ടാക്കി കാട്ടിത്തരൂ എന്ന് ലോകത്തെ വെല്ലുവിളിക്കുകയാണ് ആ ദീപസ്തംഭം. 2020 ആകുമ്പോഴേക്കും പൂര്‍ണ്ണ വ്യവസായവല്‍കൃത രാഷ്ട്രമാകാന്‍ ശ്രമിക്കുന്ന ഒരു പ്രദേശത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ട് ചെലവിട്ട രണ്ടാഴ്ചകളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. അതേ രാജ്യത്ത് റംസാന് വ്രതം അനുഷ്ഠിക്കാത്തവരുടെ പേരുകള്‍ റേഡിയോയിലൂടെ അനൗണ്‍സ് ചെയ്യുന്നു. ഇടയ്ക്കിടെ കരഞ്ഞു എന്ന കുറ്റത്തിന് കണ്‍മുന്നില്‍ വച്ച് സ്വന്തം കുഞ്ഞിനെക്കൊന്ന ഇന്ത്യന്‍ വംശജനും മയക്കുമരുന്നിന് അടിമയുമായ ഭര്‍ത്താവിനെ കോടതിയില്‍ വച്ച് എല്ലാം ക്ഷമിച്ച് സ്വീകരിച്ച ഇന്ത്യന്‍ വംശജയായ സ്ത്രീയും അടങ്ങുന്ന സമൂഹം. സ്‌കൂള്‍ അധ്യാപകര്‍ക്ക് വിദേശയാത്ര നടത്തുന്നതിന് അവിടെ വിലക്കാണത്രേ. ഇംഗ്ലീഷ് ലിപിയില്‍ എഴുതപ്പെടുന്ന ഒരു ഭാഷ. തങ്ങളുടെ എല്ലാ പ്രശ്‌നത്തിനും പരിഹാരം ഇതാണെന്ന മട്ടില്‍ മുതിര്‍ന്നവര്‍ മിലോ (ബൂസ്റ്റ് പോലെയുള്ള ഒരു ബീവറേജ്) കുടിക്കുന്ന ഒരു സംസ്‌കാരം.
ചുറ്റുമുള്ളതെല്ലാം സുന്ദരവും മൃദുലവും ആയിരിക്കുമ്പോള്‍ ഇത്തരം ദ്രോഹചിന്തകള്‍ക്കൊന്നും സ്ഥാനമില്ല. അതുകൊണ്ട് മറ്റു ചില ദൃശ്യങ്ങളെ ഞാന്‍ മനസ്സിലേക്ക് ആവാഹിക്കുകയാണ്. അതിഗംഭീരമായ കാടുകളും മനംമയക്കുന്ന കടലോരങ്ങളും കൊണ്ട് അനുഗ്രഹീതമായ ഒരു നാട്. ലാളിത്യവും സൗഹാര്‍ദ്ദവും സ്‌നേഹവും കൈമുതലായുള്ള മനുഷ്യരുടെ നാട്.


(Anitha Nair, the best selling author of The Better Man, Ladies Coupe and Mistress. Her books have been translated into over 30 languages around the world. Her new novel is
Lessons in Forgetting)