ലോകത്തെ സുന്ദരമായ പത്തു സ്ഥലങ്ങളില്‍ ഒന്നിലാണ് നിങ്ങളുടെ വീടെങ്കില്‍ പോലും സംഭവിക്കാനിടയുള്ള ഒരു കാര്യം ഞാന്‍ പറയാം. വീടിനപ്പുറമുള്ള ഒന്നും നിങ്ങള്‍ കാണാന്‍ സാധ്യതയില്ല. ഒരു പക്ഷെ, വീട്ടിലെ കളിചിരികളില്‍ മുഴുകിപ്പോകാം. അല്ലെങ്കില്‍ ചുറ്റുമുള്ള സുന്ദര ദൃശ്യങ്ങളെപ്പോലും അസുന്ദരമാക്കുന്ന കുടുംബ വഴക്കുകളിലോ പരദൂഷണങ്ങളിലോ കുടുങ്ങിപ്പോവാം. അതുമല്ലെങ്കില്‍, അന്തമില്ലാത്ത നാട്ടുകാരുടെ ആലോചനകളില്‍: മുടി മെടഞ്ഞിടണോ വേണ്ടയോ? ജോസ്‌കോയില്‍ പോകണമോ അതോ കല്യാണ്‍ ജുവലേഴ്‌സിലോ?...

സുഹൃത്തുക്കളൊക്കെ കേരളത്തെക്കുറിച്ച് വാ തോരാതെ സ്തുതിക്കുമ്പോള്‍ എന്റെ മുഖത്ത് ഒരു പുച്ഛരസം അറിയാതെ വരാറുണ്ട്. കേരളം സുന്ദരമല്ല എന്നു കരുതുന്നതു കൊണ്ടല്ല. ഒരു പക്ഷെ ഏറ്റവും സുന്ദരമായത് എന്ന ബോധ്യമുള്ളതു കൊണ്ടു തന്നെ. പക്ഷെ എന്റെ പ്രശ്‌നം അതെന്റെ നാടാണ് എന്നതാണ്. പുതിയ മറ്റേതെങ്കിലും സ്ഥലത്തെക്കുറിച്ചു പറയൂ എന്നായിരിക്കാം എന്റെയുള്ളില്‍...
അതു തന്നെയാണ് നിളാ നദിയുടെ കാര്യവും. 240 കിലോ മീറ്റര്‍ നീളത്തിലൊഴുകുന്ന അതിന്റെ കരയിലെ ഒരു കഷണമാണ് എന്റെ ജന്മദേശമായ ഷൊര്‍ണൂരും. എന്നാല്‍ കുട്ടിക്കാലത്തു പോലും അതെന്റെ കളിത്തട്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തുടര്‍ച്ചയുടെ പ്രതീകമാണ്, അത്ര മാത്രം. അതിന്റെ കരകളിലും ആഴം കുറഞ്ഞ കയങ്ങളിലും ഞാന്‍ കണ്ടത് ഒരു നൈരന്തര്യം മാത്രമാണ്. എന്തൊക്കെ മാറ്റങ്ങളുണ്ടാവട്ടെ, വേനലില്‍ നീര്‍ച്ചാലാവുകയോ വര്‍ഷത്തില്‍ കൂലം കുത്തുകയോ ചെയ്യട്ടെ, നിള അവിടെത്തന്നെ ഉണ്ടാവും എന്ന ഒരു ഉറപ്പ്. സെയ്ന്‍ നദിയോ തെംസോ കാളിയോ കാവേരിയോ കാണുമ്പോള്‍ ഉണ്ടാവുന്നതു പോലെ ഒരു കണ്ടെത്തലിന്റെ മാന്ത്രികാനുഭവം അതെനിക്കു തന്നിരുന്നില്ല! വീടാണെന്ന തോന്നല്‍ തന്നെയാവാം ഒരു പക്ഷെ ഇതും.

അങ്ങിനെയിരിക്കെ ഒരു സായാഹ്നത്തില്‍ ഫോണ്‍ ശബ്ദിക്കുന്നു. അങ്ങേത്തലയ്ക്കല്‍ മധ്യവയസ്സന്റേതെന്നു തോന്നിക്കുന്ന ഒരാളുടെ ശബ്ദം. ഒരു റിവര്‍ പ്രൊജക്റ്റിന്റെ ഭാഗമാവാന്‍ താല്‍പ്പര്യമുണ്ടോ എന്നാണ് അന്വേഷണം. ഞാനെന്തോ അല്‍പ്പം അസ്വസ്ഥയായി. എഴുത്തുകാരുടെ സാമൂഹ്യ ഇടപെടല്‍ എന്ന വാക്ക് ജനങ്ങള്‍ക്കു മടുത്തു തുടങ്ങിയ ഒരു ക്ലീഷേയാണെന്നു ഞാന്‍ ഈയിടെയായി ഭയപ്പെടുന്നു. ഏതു സാമൂഹ്യ പ്രശ്‌നത്തിലും കയറി ഇടപെടുന്നവരാണ് എഴുത്തുകാര്‍ എന്ന് ജനങ്ങള്‍ ചിന്തിക്കുന്നുണ്ടാവില്ലേ? എന്നെ കൂടുതല്‍ അസ്വസ്ഥയാക്കിയത് ഇതാണ്: ഒരു നദി എന്നു കേട്ടാല്‍ ചാടിയിറങ്ങുന്ന ആളാണു ഞാനെന്ന് എങ്ങിനെയാണാവോ ഈ വിളിച്ചയാള്‍ക്ക് തോന്നിയത്? മലകളോ മരുഭൂമിയോ അല്ല എന്റെ താല്‍പ്പര്യമുള്ള മേഖലയെന്ന് അയാള്‍ക്ക് എങ്ങിനെ അറിയാം?
ഏതു നദി? ഞാന്‍ ചോദിച്ചു. എന്റെ ശബ്ദം അല്‍പ്പം കടുത്തിരുന്നു. ആവശ്യമില്ലാത്ത ഒരു ലോണ്‍ ഓഫറുമായി വിളിക്കുന്ന ടെലിമാര്‍ക്കറ്റിങ് ഏജന്റിനോടു സംസാരിക്കും പോലെയാണു ഞാനത് ചോദിച്ചത്.
നിള -അങ്ങേത്തലയ്ക്കല്‍ നിന്നു മറുപടി.
ഉള്ളില്‍ പെട്ടെന്ന് എന്തോ പൊട്ടിവിരിഞ്ഞതു പോലെ ഞാനൊരു ഞൊടി നിശ്ശബ്ദയായി. നിള എന്റെ സ്വന്തം നദിയാണ്്. എന്റെ ജീവിതത്തിലെ സ്ഥിരതയുടെ പ്രതിരൂപം. ഓര്‍മകളില്‍ നിന്ന് അതിന്റെ യാഥാര്‍ഥ്യത്തിലേയ്ക്കടു—ക്കാന്‍ ഇതാ, ഒരവസരം. എനിക്കറിയില്ലായിരുന്നുവല്ലോ, നിള കാത്തിരിക്കുകയാണെന്ന്. അടക്കിപ്പിടിച്ചുള്ള ചിരി പോലെയാണ് എനിക്കാ നദി. എന്റെ ജീവിതത്തില്‍ ഇനിയും എന്തു മധുരമാണാവോ അതു നിറയ്ക്കാനിരിക്കുന്നത്?

ആദ്യം തോന്നിയ അമ്പരപ്പ് മധ്യവയസ്സുള്ള ആ ശബ്ദം ഗോപി എന്ന ഒരു യുവാവിന്റേതായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒന്നുകൂടി വര്‍ധിച്ചു. സുവിശേഷകനെക്കാള്‍ സമര്‍പ്പണത്തോടെയും കാഥികനേക്കാള്‍ വാഗ്‌ധോരണിയോടെയും നിളയ്ക്കു വേണ്ടി വാദിക്കുന്ന ഒരാള്‍! ഒരു നദിയ്ക്കു ജീവിതം സമ്മാനിക്കാന്‍ നീക്കിവെച്ച ജീവിതം -അക്ഷരാര്‍ഥത്തിലും ആലങ്കാരികാര്‍ഥത്തിലും.
മറ്റൊരു തിരിച്ചറിവ് എന്നെ ഒന്നുകൂടി ഉലക്കുന്നതായിരുന്നു. കണക്കുകള്‍ കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നിള എന്ന നദിയെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയില്ല എന്ന തിരിച്ചറിവ്. അതിനാല്‍ അതിന്റെ ആഴമളക്കാനാവാത്ത ഒരു കയത്തിലേക്ക് എടുത്തു ചാടുക തന്നെ എന്നു തീരുമാനിക്കേണ്ടി വന്നു. അങ്ങിനെ ഒരു വാരാന്ത്യത്തില്‍ നിളയെത്തേടി ഞാന്‍ പുറപ്പെട്ടു.
നിളയുടെ കരയില്‍ സൂര്യനും ഞാനും ഏതാണ്ട് ഒരുമിച്ചാണ് എത്തിയത്. പാലക്കാട് മുതല്‍ പട്ടാമ്പി വരെയുള്ള തീരങ്ങള്‍ എനിക്കു സുപരിചിതമായതു കൊണ്ട് കുറ്റിപ്പുറം തൊട്ടുള്ള ഭാഗമാണ് ഞാന്‍ തിരഞ്ഞെടുത്തത്.ജാലകത്തിനപ്പുറം പ്രഭാതത്തിലെ വെള്ളിവെയിലില്‍ വെട്ടിത്തിളങ്ങുന്ന തിരകളിലേക്കു നോക്കി നദിക്കരയിലെ കോട്ടേജില്‍ ഞാന്‍ അല്‍പ്പനേരം നിന്നു. അകലെയല്ലാതെ ഒരു മയിലിന്റെ കരച്ചില്‍ ഞാന്‍ കേട്ടു. സ്വന്തം മണ്ണില്‍ ഒരവധിക്കാലം ചിലവഴിക്കുന്നതിനേക്കാള്‍ സറിയലായി മറ്റൊന്നുമില്ലെന്നു ഞാനപ്പോള്‍ തിരിച്ചറിഞ്ഞു.

ടൂറിസത്തിന്റെ ചില മാമൂല്‍ ഭീകരതകളെ ഈ യാത്രയില്‍ പാടേ വര്‍ജിക്കുമെന്ന് ഞാന്‍ ആദ്യമേ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഉള്‍വിളികളെ മാത്രം പിന്തുടര്‍ന്നുള്ള ഒരു യാത്ര വേണം. കുറെ നേരം ഉറക്കം. നേരം തെറ്റി പുഴയിലിറങ്ങി ചാടിമറിഞ്ഞൊരു കുളി. മന്ദതാളത്തിലൊഴുകുന്ന ഒരു നദിയാണ് നിള. വെറുതെ അവിടെയുമിവിടെയും പാഞ്ഞുനടക്കാതെ, അലസമായി, പുഴയോരത്തു കൂടെയുള്ള സഞ്ചാരം. നദി ഒരു വെളിപാടെങ്കിലും തരും എന്ന ഉറച്ച വിശ്വാസത്തോടെ ആദ്യ പകല്‍ മുഴുവന്‍ ഞാന്‍ പുഴക്കരയില്‍ തന്നെ ചിലവഴിച്ചു.
ഇന്നില്‍ മാത്രം ജീവിക്കുക, ആഘോഷിക്കുക എന്നു പറയുന്ന നദിയല്ല നിള. അതാവശ്യപ്പെടുക ഇങ്ങിനെയാണ്. നിങ്ങളുടെ നിമിഷങ്ങളെ നിശ്ചലമാക്കൂക. എന്നിട്ട് ആസ്വദിക്കുക..
ആ നിമിഷങ്ങള്‍ ഓരോന്നായി വരിക തന്നെ ചെയ്തു.

ഭക്ഷണമായിരുന്നു ആദ്യം. കുറെക്കാലത്തിനിടെ കഴിച്ചിട്ടില്ലാത്തത്രയും ഗംഭീരമായിട്ടുള്ള വിഭവങ്ങള്‍. റിസോര്‍ട്ടുകളുടെ മെനുമാമൂലുകളുടെയും ബുഫെ സ്‌പ്രെഡിന്റെയും ബോറടികളില്‍ നിന്നു കെട്ടുപൊട്ടിച്ചതു പോലെയുള്ള തീറ്റ. തുടര്‍ന്നു വരാനിരിക്കുന്ന പലതിന്റെയും തുടക്കമെന്ന പോലെ സമൃദ്ധമായിരുന്നു ആ പ്രാതല്‍.

അടുത്തത് ഒരു കളരി സന്ദര്‍ശനം. ശേഖരിക്കപ്പെടണമെന്നും കാത്തുസൂക്ഷിക്കപ്പെടണമെന്നും തോന്നിക്കുന്ന ചില പഴമകളെക്കുറിച്ചുള്ള വിചാരം അതെന്നില്‍ ഉണര്‍ത്തി. തറവാടുകളോ ആനകളോ കലാരൂപങ്ങളോ മാത്രമല്ല സംരക്ഷിക്കപ്പെടേണ്ടതെന്ന തിരിച്ചറിവ്. അതു പകര്‍ന്നത് പുഴക്കരയിലെ റിസോര്‍ട്ടില്‍ നിന്ന് ഏറെ ദൂരെയല്ലാതെ കണ്ട വല്ലഭട്ട കളരി പാഠശാലയാണ്. പഴയ ചിട്ടയിലുള്ള ഒരു കുഴിക്കളരിയായിരുന്നു അത്. വെട്ടത്ത് രാജാവിന്റെ പട്ടാളത്തലവനായിരുന്ന മുതുവങ്ങാട്ട് തറവാട്ടിലെ ഏതോ കാരണവര്‍ സ്ഥാപിച്ചത്. പത്തു നൂറ്റാണ്ടു നീണ്ട ഒരു മഹാപൈതൃകത്തിന്റെ പരമ്പരയിലെ ഇങ്ങേയറ്റത്തെ ഇളംതലമുറക്കാരനാണ് ഇപ്പോള്‍ കളരി നടത്തുന്നത്. വാണിജ്യവല്‍ക്കരണത്തിന്റെ പ്രലോഭനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അതു നൂറ്റാണ്ടുകളെ എങ്ങിനെയോ അതിജീവിച്ചിരിക്കുന്നു.

കളരിയിലേക്കു കാലെടുത്തു വെച്ചപ്പോള്‍ കാലത്തിലൂടെ ഒരു പാടു പുറകോട്ടു സഞ്ചരിച്ചതായി പൊടുന്നനെ എനിക്കു തോന്നി. മണ്‍ഗുഹ പോലെയുള്ള അറ. ഓല മേഞ്ഞ മേല്‍ക്കൂര. മണ്ണു തേച്ച നിലം. നിരത്തി വെച്ച പ്രാചീനമായ ആയുധങ്ങള്‍... മെല്ലെ എന്റെ കണ്ണുകള്‍ കന്നിമൂലയിലേക്കു തിരിഞ്ഞു. കത്തുന്ന വിളക്കുകള്‍ക്കു മുന്നില്‍ പുഷ്പാഭരണ വിഭൂഷിതയായി അവിടെയിരിക്കുന്നുണ്ട് കളരിയുടെ പരദേവത. ഭദ്രകാളി. നിശബ്ദയായ കാഴ്ചക്കാരിയായി, എല്ലാം വിലയിരുത്തി വിധി കല്‍പ്പിക്കുന്നവളായി. പാരമ്പര്യത്തില്‍ നിന്നുള്ള ഒരു വ്യതിചലനവും അനുവദിക്കാത്തവളായി. കളരി മെല്ലെ സജീവമാവാന്‍ തുടങ്ങിയപ്പോള്‍ തികച്ചും പരമ്പരാഗതമായ രീതിയിലുള്ള അതിന്റെ രീതികള്‍ എനിക്കു ബോധ്യപ്പെട്ടു. കുറുവടികളും ദണ്ഡുകളും ഉപയോഗിച്ചുള്ള പയറ്റ്, കഠാരയും കുന്തവും കൊണ്ടുള്ള യുദ്ധം, കൈയങ്കം.. ഒടുവില്‍ കണ്ണുകെട്ടിയുള്ള ചില അഭ്യാസപ്രകടനങ്ങളും. പരവതാനിക്കടിയില്‍ ഒളിപ്പിച്ചു വെച്ച കഠാര കണ്ണു മൂടിക്കെട്ടിയ ഒരു കുട്ടി കണ്ടെത്തുന്നതും അതുപയോഗിച്ച് മറ്റൊരു കുട്ടിയുടെ ദേഹത്തു വെച്ച വെള്ളരിക്ക മുറിക്കുന്നതും അവര്‍ കാണിച്ചു. വെള്ളരിക്ക മുറിഞ്ഞു രണ്ടായി വീണപ്പോഴാണ് തിരിച്ചറിഞ്ഞത്, അതുവരെ ഞാനും ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുകയായിരുന്നു എന്ന്! ഒരുപക്ഷെ പരദേവതയും അങ്ങിനെ വീര്‍പ്പടക്കിയാവാം നിന്നിരുന്നത്. എത്ര തവണ ആവര്‍ത്തിച്ചതായാലും മനുഷ്യന്റെ കൈപ്പിഴയ്ക്കുള്ള സാധ്യതയെ ദൈവങ്ങള്‍ക്കും വില കുറച്ചു കാണാനാവില്ലല്ലോ..

കളരിയില്‍ കടന്നു പോയത് ഗതിവേഗമാര്‍ന്ന നിമിഷങ്ങളാണെങ്കില്‍ പിന്നെ വന്നത് മന്ദചലനങ്ങളുടെ അലസമാത്രകളായിരുന്നു. തീരെ പതിഞ്ഞ താളത്തിലുള്ള ഒരു തോണിയാത്ര. തിരൂര്‍ പുഴയിലൂടെ, സ്ലോ മോഷനിലെന്ന പോലെ ഒരു സഞ്ചാരം.

അറബിക്കടലിലെ വേലിയേറ്റത്തിരകള്‍ കായല്‍രൂപമാക്കിയ നദിയിലൂടെയായിരുന്നു ഈ യാത്ര. ചുറ്റുപാടുകളുടെ സൗന്ദര്യത്തില്‍ മുഴുകിയുള്ള അലസമായ ഒരു പ്രയാണം. കര മുഴുക്കെ കണ്ടലുകള്‍ വെച്ചു പിടിപ്പിച്ച് മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന അന്‍വര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. അവിടത്തെ സസ്യ-ജൈവ സമ്പത്തിനെക്കുറിച്ച് അഗാധമായ ജ്ഞാനമുള്ള ആളായിരുന്നു അന്‍ വര്‍. ഇടയ്‌ക്കൊരു ദ്വീപില്‍ അന്‍വര്‍ ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. അപ്പോള്‍ ചെത്തിയിറക്കി യ മധുരക്കള്ളും മോന്തി, ഗോപിയുടെ നിളാഖ്യാനങ്ങളും കേട്ട് കടന്നു പോയ കുറെ നിമിഷങ്ങള്‍...രാത്രിയായി. നിലവിളക്കുകള്‍ തെളിഞ്ഞു. മനോഹരമായ ഒരു നാഗക്കളത്തിന്റെ നിഗൂഢമായ മാന്ത്രികചതുരങ്ങളിലേക്ക് കുടവും വീണയുമായി പുള്ളുവന്മാരെത്തി. വീണയില്‍ പുള്ളുവന്‍ തന്റെ ആദ്യസ്വരം ഉതിര്‍ത്തു. കുടത്തില്‍ പുള്ളുവത്തി അനുസ്വരം മീട്ടി. ഒരു പാട്ടിന്റെ തുടക്കം. കുട്ടികാലത്ത് മുത്തശ്ശിയുടെ വീട്ടില്‍ വരുമ്പോള്‍ പുള്ളുവന്‍ പാട്ട് കേട്ടതാണ്.ഏതോ ഒരു മറന്നു പോയ ഓര്‍മയ്ക്ക് പിന്നെയും ജീവസ്സ് വെച്ചതു പോലെ..

ഇതൊരു റിസോര്‍ട് എക്‌സ്പീരിയന്‍സായിട്ടു കാണാം. പക്ഷെ ആ പ്രത്യേകാന്തരീക്ഷത്തില്‍ അതൊക്കെ മനസ്സില്‍ നിന്നു മാഞ്ഞു പോയി. ഒന്നൊന്നായി ചുമലിലെ കെട്ടുകളെല്ലാം അഴിഞ്ഞു പോകുന്നതു പോലെ എനിക്കു തോന്നി. വിശ്രാന്തിയുടെ ഒരിളംകാറ്റ് ചുറ്റും നിറയുന്നതു പോലെ. എന്തു കൊണ്ട് ഇങ്ങിനെ ഒരു യാത്രയെക്കുറിച്ച് ഇന്നു വരെ എനിക്കു തോന്നിയില്ല എന്ന് ഞാനെന്നോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു.

ഉത്തരമെന്നോണം നിള പിന്നെയും മന്ദഹസിച്ചു. ഞാന്‍ പറഞ്ഞതല്ലേ എന്നു ചോദിക്കും പോലെ. ഇതൊരു തുടക്കം മാത്രമല്ലേ ആയുള്ളൂ എന്നു പറയുന്നതു പോലെ..