നിലമ്പൂരെത്തിയിട്ട് നീ എന്തു ചെയ്യും?'
ഒരാവശ്യവുമില്ലാതെ നിലമ്പൂരിലേക്കു യാത്ര പുറപ്പെടുന്നതു കണ്ട് അതിശയിച്ചാവണം അച്ഛനും അമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചത്.
'എനിക്കറിയില്ല' ഞാന്‍ പറഞ്ഞു. സത്യമായും എനിക്കറിയില്ലായിരുന്നു.

ഒരു ലോക്കല്‍ ബസ്സില്‍ കയറി അതവസാനിക്കുന്നിടം വരെ പോവുക, വെറുതെ തിരിച്ചു പോരുക- അതായിരുന്നു എന്റെ ലഹരി. എന്റെ ഏറ്റവും ഭ്രാന്തമായ ആശയങ്ങളിലൊന്ന്. ഏതാണ്ട് 90 മിനുട്ടു നേരം ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെയും മുഖത്തു വന്നു തലോടുന്ന കുളിര്‍കാറ്റിലൂടെയുമുള്ള അലസമായ സഞ്ചാരം. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇത്തരം യാത്രകള്‍ എനിക്കാവശ്യമായിരുന്നു. അതിലൊന്നായിരുന്നു നിലമ്പൂരിലേക്കുള്ള ഈ തീവണ്ടി യാത്രയും. അവിടെ എനിക്ക് ഒന്നും കാണാനോ ചെയ്യാനോ പ്രത്യേകമായി ഉണ്ടായിരുന്നില്ല. അടുത്ത വണ്ടിക്ക് മടങ്ങുക എന്നല്ലാതെ. എന്നാല്‍ അപ്പോഴാണ് വിധി ഇടപെട്ടത്. വിശപ്പിന്റെ രൂപത്തില്‍.

ഉച്ചയ്ക്കാണ് നിലമ്പൂരെത്തിയത്. വിശപ്പു തുടങ്ങി. ഊണു വേണം. അതു തേടിയുള്ള നടപ്പായിരുന്നു പിന്നത്തെ പണി.
സര്‍ക്കാരിന് ഇത്തരം കാര്യങ്ങള്‍ക്ക് ഒരു ഗസറ്റ് ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും 'പൊറോട്ടയും മട്ടന്‍കറിയും' നിലമ്പൂരിന്റെ ഒഫീഷ്യല്‍ ഭക്ഷണമായി പ്രഖ്യാപിക്കപ്പെട്ടേനെ. നിലമ്പൂരില്‍ വേറെ എന്തെങ്കിലും കിട്ടുമെന്നു കരുതുന്നതോ അതിനായി ശ്രമിക്കുന്നതോ വിഡ്ഢിത്തരമാവും. അതിനാല്‍ നിലവിലെ വ്യവസ്ഥിതിയെ വെല്ലുവിളിക്കാതെ തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഏക പോംവഴി.

ലോകത്തെ പല രാജ്യങ്ങളിലെയും ഭക്ഷണങ്ങള്‍ രുചിച്ചിട്ടുള്ള എനിക്ക് കേരളത്തിലെ ചെറുപട്ടണങ്ങളിലുള്ള റെസ്റ്റോറന്റുകളോട് പ്രത്യേകമായ ഒരു മമതയുണ്ട്. ഏതു സാധാരണ കടയിലും അതീവ രുചികരമായ ഭക്ഷണം കിട്ടും. ഇത്തരം സ്ഥലങ്ങളില്‍ പോയാല്‍ കഴിവതും ചൈനീസോ തന്തൂരിയോ നോര്‍ത്തിന്ത്യനോ പോലുള്ള ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്. കിട്ടുന്നതു മിക്കവാറും അതൊന്നുമായിരിക്കില്ല എന്നതു തന്നെ കാരണം. പകരം നല്ല നാടന്‍ ഭക്ഷണം ചോദിക്കുക. എല്ലാ ചേരുവകളും തികഞ്ഞ നല്ല സ്വാദുള്ള ഭക്ഷണം ഉറപ്പ്.

മിനുസമുള്ള പൊറോട്ടയും നല്ല ചൊടിയുള്ള മീന്‍കറിയും വയര്‍ നിറയെ കഴിച്ചതോടെ ഉടനെ മടക്കത്തീവണ്ടി കയറണമെന്ന ചിന്ത ഇല്ലാതായി. എങ്കില്‍ ഇവിടെ ഒന്നു കൂടി കറങ്ങിനോക്കാം. ഓര്‍മകളില്‍ സൂക്ഷിക്കാന്‍, കൂടെ കൊണ്ടുപോകാന്‍ എന്തെങ്കിലും ഒന്നു കിട്ടുമെന്ന കാര്യം ഉറപ്പ്.

ഒരു കാലത്ത് കളിമണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ട വിദഗ്ധരായ കുംഭാരന്മാരുടെ ഗ്രാമമായിരുന്നു അരുവാക്കോട്. വര്‍ഷങ്ങള്‍ കടന്നു പോകെ വിധിയുടെ കരുനീക്കങ്ങളോരോന്നും അവര്‍ക്കെതിരായി. കളിമണ്ണു കിട്ടാതായി. ചകിരിയും വിറകും ലഭിക്കാതായി. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരും ഇല്ലാതായി. കൊടിയ ദാരിദ്ര്യം അവരെ വേട്ടയാടി. 1990കളോടെ അവരില്‍ പലരും വാറ്റുചാരായം വില്‍പ്പനയിലേക്കും മറ്റും തിരിഞ്ഞു. 1993ലാണ് കെ.ബി. ജിനന്റെ നേതൃത്വത്തിലുള്ള ദസ്താകരി ഹാഥ് സമിതി എന്ന സന്നദ്ധസംഘടന രംഗപ്രവേശം ചെയ്യുന്നതും കുംഭാരന്മാരുടെ അഭിമാനവും ജീവിതവും വീണ്ടെടുക്കാനുള്ള ബൃഹദ് പദ്ധതിക്കു തുടക്കം കുറിക്കുന്നതും.രണ്ടു പതിറ്റാണ്ടുകള്‍ കടന്നു പോയിരിക്കുന്നു. ഇക്കാലം കൊണ്ട് അരുവാക്കോട്ടെ കളിമണ്‍ പാത്രങ്ങള്‍ പ്രശസ്തിയുടെ ഉയരങ്ങളിലെത്തി. ടെറാകോട്ട ചുവര്‍ചിത്രങ്ങള്‍ മുതല്‍ ഡിസൈനര്‍ ടേബിള്‍വെയറും കരകൗശലവസ്തുക്കളും വരെ അവരുടെ വൈദഗ്ധ്യത്തിന്റെ നിദര്‍ശനമായി ലോകത്തിനു മുന്നില്‍ നിരന്നു. എണ്ണമില്ലാത്ത ഡിസൈനുകളില്‍ അവര്‍ കളിമണ്ണില്‍ നിര്‍മിതികള്‍ തീര്‍ത്തു. പ്രൊജക്റ്റ് കഴിഞ്ഞു തിരിച്ചെത്തിയ ജിനന്‍ കുംഭം എന്ന പദ്ധതിക്കു നേതൃത്വം നല്‍കി. ഇന്ന് അവരുടെ വെബ്‌സൈറ്റ് പറയുന്നത് 500ലേറെ ഡിസൈനുകളില്‍ അവര്‍ കളിമണ്‍ വസ്തുക്കള്‍ തയ്യാറാക്കുന്നുണ്ടെന്നാണ്. എണ്‍പതിലധികം കുടുംബങ്ങള്‍ ഈ സംരംഭത്തില്‍ പങ്കാളികളാണെന്നും.

അരുവാക്കോട്ടു കണ്ടുമുട്ടിയ സുരേഷിന് 'കുംഭം' പ്രൊജക്റ്റുമായി ബന്ധമുണ്ടോ എന്ന കാര്യം എനിക്കറിയില്ല. ഞാനിവിടെ വന്നത് എന്തെങ്കിലും സംരംഭത്തെക്കുറിച്ചു പഠിക്കാനല്ല എന്നതു കൊണ്ട് ഞാനതു ചോദിച്ചുമില്ല. എനിക്കറിയേണ്ടത് ഇതായിരുന്നു: ഈ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് കളിമണ്‍ പാത്രങ്ങള്‍ എങ്ങിനെയാണ് ഉത്തരമാകുന്നത്? ആ കോംപൗണ്ടിലേക്കു കടക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ചോദ്യം ജ്വലിച്ചു നിന്നു. ഇത് അയാളുടെ ജീവിതത്തിന് ഉത്തരമാകുമോ? അഥവാ മറ്റൊന്നാവാന്‍ വിധിക്കപ്പെടുകയാണെങ്കില്‍ അയാള്‍ എന്താവാനാണ് ഇഷ്ടപ്പെടുന്നുണ്ടാവുക?

ഓടിട്ട ഒരു കൊച്ചുകൂര. പകുതിയേ തേച്ചിട്ടുള്ളൂ. മരത്തിന്റെ അഴികളുള്ള ചെറിയ ജനലുകള്‍. മുറ്റം നിറയെ ചിക്കിപ്പരത്തിയും കൊക്കിയും പാഞ്ഞുനടക്കുന്ന കോഴികള്‍. മുന്‍വശത്ത് വൃദ്ധയായ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. ഒരു കൊച്ചു പയ്യന്‍ അവരുടെ അരികിലും. ഓണ്‍ ചെയ്തു വെച്ച ഒരു റേഡിയോ തൊട്ടടുത്ത്. അതില്‍ നിന്ന് അനൗണ്‍സറുടെ ചിലമ്പുന്ന ശബ്ദം ഒഴുകിവരുന്നു. പൊടുന്നനെ എന്നോ നിശ്ചലമായിപ്പോയ ഒരു കാലത്തിലേക്കു പ്രവേശിക്കുന്നതു പോലെ എനിക്കു തോന്നി. 30 വയസ്സു കവിയാത്ത ഒരു യുവാവാണ് സുരേഷ്. നല്ല ചിരിക്കുന്ന മുഖം. അധ്വാനം സമ്മാനിക്കുന്ന സൗഷ്ഠവങ്ങളെല്ലാം തികഞ്ഞ ശരീരം. ഒരു ബുദ്ധിജീവിയുടെ മേദസ്സ് അല്‍പ്പം പോലും അയാളിലില്ല.

വീടിനു പിന്നിലെ ഷെഡ്ഡിലേക്ക് അയാള്‍ ഞങ്ങളെ നയിച്ചു. അവിടെയാണ് ചക്രം. ചക്രത്തില്‍ വിരിഞ്ഞ നിരവധി പാത്രങ്ങള്‍ അവിടെ ഉണക്കാന്‍ വെച്ചിരിക്കുന്നു. അതൊരു താല്‍ക്കാലിക ഷെഡ്ഡാണ്. പട്ടയും പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ടു മേഞ്ഞ മേല്‍ക്കൂര. ചവിട്ടിക്കുഴച്ച മണ്ണു കൊണ്ടാണ് തറ.

വീട്ടിലെ പെണ്ണുങ്ങള്‍ പിന്‍മുറ്റത്തേക്കു വന്ന് അവിടെ ഇരുന്നു. ഷെഡ്ഡില്‍ സുരേഷ് ചക്രം ശരിയാക്കുകയാണ്. ഒരു പാത്രം ജനിക്കുന്നതെങ്ങിനെ എന്നും അവശേഷിക്കുന്ന കളിമണ്ണില്‍ നിന്ന് എന്തൊക്കെ രൂപങ്ങള്‍ പിറവിയെടുക്കുമെന്നും വിവരിക്കാനുള്ള തയ്യാറെടുപ്പിലാണ് അയാള്‍. കുംഭാരന്മാര്‍ ജോലി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ലാത്ത കാര്യമൊന്നുമല്ല. മറിച്ചാണ്, എത്രയോ വട്ടം ഞാനതു കണ്ടിട്ടുണ്ട്. എന്നാല്‍ എത്ര വട്ടം കണ്ടാലും മടുക്കില്ല എന്നതാണ് ഇതിലെ കൗതുകം. കടലിലെ തിരകളോ ആകാശത്തിലെ മേഘങ്ങളോ പോലെ ഓരോ നിമിഷവും ഓരോ അനുഭവം.

70കൡ ഞാനൊരു കന്നഡ സിനിമ കണ്ടിരുന്നു. 'ഭക്ത കുംഭാര'. സബ് ടൈറ്റിലുകളൊന്നും ഉണ്ടായിരുന്നില്ല. കന്നഡയിലുള്ള അറിവ് പരിമിതവുമായിരുന്നു. എങ്കിലും അതിലെ വികാരതീവ്രമായ ഒരു രംഗം ഇന്നും മനസ്സിലുണ്ട്. കുംഭാരന്‍ പാത്രങ്ങളുടെ രൂപകല്‍പ്പനക്കായി കളിമണ്ണ് പാകപ്പെടുത്തുകയാണ്. പാണ്ഡുരംഗ ഭക്തനാണ് അയാള്‍. കാലുകള്‍ കൊണ്ട് മണ്ണു ചവുട്ടിക്കുഴച്ചു കൊണ്ടിരിക്കെ അയാള്‍ ഒരു ധ്യാനാവസ്ഥയിലേക്കു വീണു പോകുന്നു. കാലുകളുടെ ചലനവും ഹൃദയത്തിലെ മൂര്‍ത്തിയുമൊഴികെ മറ്റെല്ലാം അയാള്‍ മറന്നു പോകുന്നു. തന്റെ കുഞ്ഞിനെപ്പോലും ആ മണ്ണില്‍ ചവുട്ടിക്കൊലപ്പെടുത്തുന്നിടം വരെ അതെത്തുന്നു..

ചക്രം തിരിയാനാരംഭിച്ചതോടെ ആ സിനിമ ഒറ്റയടിക്ക് എന്റെ കണ്മുന്നില്‍ വീണ്ടും തെളിഞ്ഞു. ഭക്തിപൂര്‍ണമായ ഏകാഗ്രതയുടെ പാരമ്യമാണ് ആ ജോലി. അതെ, എത്ര വട്ടം ചെയ്തതാണെങ്കിലും പൂര്‍ണതയേക്കാള്‍ പിഴവുകള്‍ക്ക് എപ്പോഴും സാധ്യത അവശേഷിപ്പിക്കുന്ന പ്രക്രിയ.

പലരെയും പോലെ പകുതി സമയം മാത്രം മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന തരക്കാരനല്ല സുരേഷ്. അയാള്‍ ആ ജോലി മാത്രമേ ചെയ്യുന്നുള്ളൂ. അയാളുടെ അച്ഛനും മുഴുവന്‍ സമയം പാത്രനിര്‍മാണക്കാരനായിരുന്നു. താനുണ്ടാക്കിയ പാത്രങ്ങള്‍ കൊണ്ടു മാത്രം അയാളും കുടുംബവും ജീവിച്ചു. മറ്റു ജോലികള്‍ ചെയ്ത് അയാള്‍ വരുമാനത്തിനായി ശ്രമിച്ചില്ല. രാവിലെ സ്‌കൂളില്‍ പോകും മുമ്പ് മണ്ണു കുഴയ്ക്കാന്‍ അച്ഛനെ സഹായിച്ചിരുന്നതും വൈകുന്നേരങ്ങളില്‍ മണ്ണിനും മണ്‍പാത്രങ്ങള്‍ക്കുമിടയിലേക്കു തന്നെ മടങ്ങിയെത്തിയിരുന്നതും ഔപചാരിക പരിശീലനമൊന്നുമില്ലാതെ തന്നെ കണ്ടും കേട്ടും എല്ലാം പഠിച്ചതും രക്തത്തിലലിഞ്ഞു ചേര്‍ന്നതു പോലെ ആ വിദ്യ സ്വായത്തമാക്കിയതുമൊക്കെ അയാള്‍ വിവരിച്ചു. അപ്പോള്‍ അയാളുടെ സ്വരത്തില്‍ അഭിമാനം നിറഞ്ഞു നിന്നിരുന്നതായി എനിക്കു തോന്നി.

അതിനിടെ സ്ത്രീകളില്‍ ഒരാള്‍ എന്തോ പറഞ്ഞു. ആ കേട്ടത് തെലുങ്കാണോ എന്നു ഞാന്‍ സംശയിച്ചു. കുംഭാരന്മാരുടെ ഭാഷ തെലുങ്കും തമിഴും മേമ്പൊടിക്കു മലയാളവും കലര്‍ന്ന ഒന്നാണ്. 'നൂറ്റാണ്ടുകള്‍ക്കു മുമ്പെ സാമൂതിരി കൊണ്ടുവന്നതാണ് ഞങ്ങളെ ഇവിടെ.' സുരേഷ് പറഞ്ഞു. 'അന്നു കൂടെക്കൊണ്ടു വന്നതില്‍ ചിലത് ഞങ്ങളിപ്പോഴും കൈവിടാതെ സൂക്ഷിക്കുന്നു എന്നു മാത്രം!'

ഷൊറണൂരും ഉണ്ടായിരുന്നു ഒരു കുംഭാര കോളനി. ഇടയ്ക്കിടെ അമ്മമ്മ അവരില്‍ നിന്നു കലം വാങ്ങിക്കാറുണ്ടായിരുന്നു. അന്നു കലം വില്‍ക്കാന്‍ വരുന്ന കുംഭാര സ്ത്രീകള്‍ ഇതേ ഭാഷയാണ് സംസാരിച്ചിരുന്നത്. അവരുടെ കഴുത്തില്‍ തൂങ്ങിയിരുന്ന താലി ഇതു പോലെത്തന്നെ. മലയാളിയുടെ ഒറ്റയിലത്താലി പോലെയല്ല, മൂന്നു നാണയങ്ങള്‍ ഒരു ചരടില്‍ കോര്‍ത്തിട്ടതു പോലെ ഒന്ന്. അത് ഒരേ സമയം വളരെ പരിചിതവും എന്നാല്‍ അന്യവുമായി എനിക്കു തോന്നി. യാത്രകള്‍ നമ്മെ ഓരോന്ന് ഓര്‍മ്മിപ്പിക്കുന്നതാവാം. ആവര്‍ത്തനങ്ങളിലൂടെ വെളിപ്പെടുത്തുന്നതാവാം. നാമോരോരുത്തരും ഒരേ സമയം ഒരു പോലെയും വ്യത്യസ്തരായും ഇരിക്കുന്നതു പോലെ ഒരദ്ഭുതം. എത്ര വര്‍ഷങ്ങള്‍ കടന്നു പോയാലും നമ്മുടെ ചുറ്റുപാടുകള്‍ എത്ര മാറിയാലും വീടിന്റെ ഒരംശം, അതിന്റെ ജൈവികതയോടെ നമ്മില്‍ ജീവിക്കുന്നുണ്ട്. ഒരു വാക്കോ ആചാരമോ രുചിയോ എന്തും അതിലേക്കു നമ്മെ വീണ്ടും ഉണര്‍ത്തും. എവിടെ പോയി പുലര്‍ന്നാലും നമ്മെ മുന്നോട്ടു ചലിപ്പിക്കുന്നത് അതാണ്. നാമാരാണ് എന്ന ആ തിരിച്ചറിവ്.സുരേഷിനും കുടുംബത്തിനും ജീവിതം ഒട്ടും സുഖകരമല്ല. പാരമ്പര്യവും എണ്ണമില്ലാത്ത ആചാരങ്ങളും നിര്‍ണയിക്കുന്ന ജീവിതമാണ് അത്. അവന്റെ കലയാകട്ടെ അവന്റെ ജീവിതം തന്നെ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ അതൊന്നും അയാള്‍ക്കു അത്രമാത്രം തിരിച്ചു നല്‍കുന്നുമില്ല.

ശാസ്ത്ര ലേഖനങ്ങള്‍ എഴുതുന്ന എന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നയാളുമാണ്. ബെര്‍ക്‌ലിയിലാണ് അദ്ദേഹത്തിന്റെ സ്റ്റുഡിയോയും ചൂളയും. അതിമനോഹരമായി അദ്ദേഹം പാത്രങ്ങളുണ്ടാക്കും. ആത്മസംതൃപ്തിയാണ് അദ്ദേഹത്തെ നയിക്കുന്നത്. അതിനപ്പുറം ആ ജീവിതത്തില്‍ പാത്രനിര്‍മാണത്തിനു സ്ഥാനമില്ല. അതിനാല്‍ കവിത എഴുതാന്‍ വിഷയങ്ങള്‍ സ്വീകരിക്കും പോലെ ഇഷ്ടമുള്ള പാത്രം തിരഞ്ഞെടുക്കാനും നിര്‍മിക്കാനും അദ്ദേഹത്തിനു സാധിക്കും. സുരേഷിന് ആ ധാരാളിത്തം സ്വപ്‌നം കാണാനേ കഴിയൂ.

ഒരു കരകൗശലവിദഗ്ധനും കലാകാരനും വേര്‍തിരിയുന്നത് ഇവിടെ വെച്ചാണ്. സൃഷ്ടി എന്ന കര്‍മത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് കലാകാരന്‍ ആകുലനല്ല. അത് ജീവിത മാര്‍ഗമാവുന്നിടത്താണ് മറ്റേയാള്‍ വ്യത്യസ്തനാവുന്നത്. ഡെമോക്ലിസിന്റെ വാളു പോലെ അതിന്റെ വില്‍പ്പന എന്ന വശം അയാളുടെ തലക്കു മുകളില്‍ സദാ തൂങ്ങിനില്‍ക്കും. മണ്‍കലം പോലെയാണ് ആ ജീവിതവും, എപ്പോഴും പൊട്ടാവുന്ന ഒന്ന്. ആര്‍ക്കും പ്രവചിക്കാനാവാത്തത്. ചൂളയില്‍ നിന്ന് പാത്രമായി രൂപമെടുക്കും വരെ എന്തായിത്തീരുമെന്ന് യാതൊരുറപ്പുമില്ലാത്തത്. മണ്ണിന്റെ കൃത്യമായ കുഴച്ചില്‍, പാത്രത്തിനു ലഭിക്കുന്ന അവസാന രൂപം, ചൂളയുടെ ഊഷ്മാവ്, ചുട്ടെടുക്കാന്‍ വെക്കുന്ന സ്ഥലം തുടങ്ങി ഒരു പാടു ബാഹ്യശക്തികള്‍ക്കു വിധേയം. ഇനി എല്ലാം ശരിയായാലോ കേടുപാടു കൂടാതെ ചന്തയിലെത്തണം. അതിന്റെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അയാളനുഭവിക്കുന്ന ഹൃദയത്തുടിപ്പുകള്‍ കലാകാരന്റേതു തന്നെ. പക്ഷെ സൃഷ്ടിപ്രക്രിയക്കു ശേഷം കലാകാരന്‍ അനുഭവിക്കുന്ന ആനന്ദമൂര്‍ഛയും ആഘോഷവേളയും ഇവിടെയില്ല. ഒരു നേരിയ ആശ്വാസത്തിന്റെ ഇടവേള ഉണ്ടായേക്കാമെന്നു മാത്രം.

ഒരു കുംഭാരന്റെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെല്ലാം അറിയാമെങ്കിലും തന്റെ മക്കളെയും പാത്രനിര്‍മാണമെന്ന കല പഠിപ്പിക്കുമെന്ന് സുരേഷ് പറയുന്നു. അവര്‍ ഇത് എങ്ങിനെ മുന്നോട്ടു കൊണ്ടു പോകുമെന്നേ ഇനി അറിയാനുള്ളൂ. ജീവിതമെന്ന കച്ചവടം കൂടുതല്‍ ലാഭകരമായ രൂപങ്ങള്‍ അതിനു സമ്മാനിക്കില്ലെന്ന് ആരു കണ്ടു? കല മാത്രമായി ഇതു പിന്‍തുടരാനുള്ള പ്രേരണകളും ആന്തരികമായ ഊര്‍ജവും കണ്ടെത്താന്‍ ഒരു കലാകാരനേ സാധിക്കൂ. മറ്റുള്ളവര്‍ക്ക് കഴിയില്ല. അവര്‍ക്കു മുന്നില്‍ കൂടുതല്‍ സൗകര്യപ്രദമായ ജോലികളിലേക്കുള്ള വാതിലുകള്‍ പ്രലോഭനം പോലെ തുറന്നു കിടപ്പുണ്ട്.

നിലമ്പൂരില്‍ നിന്നു മടങ്ങുമ്പോള്‍ തീവണ്ടി ഉപേക്ഷിച്ച് റോഡു മാര്‍ഗം പോകാമെന്നു തോന്നിയത് നന്നായി. കുലുക്കല്ലൂരില്‍ പുതിയൊരു പാലം വന്നിട്ടുണ്ട്. കുന്തിപ്പുഴക്കു കുറുകെ. സമയം വൈകുന്നേരം മൂന്നരയായി. വരാന്‍ പോകുന്ന വേനലിന്റെ കാഠിന്യം വിളംബരം ചെയ്തു കൊണ്ട് സൂര്യന്‍ അപ്പോഴും ഉരുകിത്തിളച്ചു നിന്നു.

ആ പാലത്തിനു മുകളില്‍ നിന്നുള്ള കൂന്തിപ്പുഴയുടെ ദൃശ്യം മനോഹരമായിരുന്നു. പുഴ ഇവിടെ പുലാമന്തോള്‍ ലക്ഷ്യമാക്കി ഒഴുകുകയാണ്. കിഴക്കോട്ട്. പുഴക്കരയില്‍ ഒരു തോണി കിടക്കുന്നുണ്ട്. മണലില്‍ കയറ്റിയിട്ടിരിക്കുകയാണ്. മൂന്നു പേര്‍ അതില്‍ എന്തോ പണിയെടുക്കുന്നു. പാലത്തിനരികിലൂടെ പുഴയിലേക്കിറങ്ങാന്‍ ഒരു ചെറിയ വഴിയുണ്ട്. പല കനത്തിലും വലുപ്പത്തിലുമുള്ള ചരടുകള്‍ കൊണ്ട് കെട്ടുവള്ളം റിപ്പയര്‍ ചെയ്യുകയാണ് സുദര്‍ശനും അപ്പുവും സഹായിയും. വിചിത്രമായ ഒരു വികാരം എന്നെ ഗ്രസിച്ചു. രാവിലെ യാത്ര പുറപ്പെടുമ്പോള്‍ വല്ലപ്പുഴ സ്റ്റേഷനടുത്തു വെച്ച് കര്‍ഷക സ്ത്രീകള്‍ നെല്ലു മെതിക്കുന്നതു കണ്ടപ്പോഴുണ്ടായ അതേ വികാരം. രണ്ടു സമയമേഖലകളില്‍ പെട്ടു പോയ പ്രതീതി. വിസ്മൃതമായ ഒരു കാലവും ഒരു തത്സമയാനുഭവവും തമ്മിലുള്ള കണ്ടുമുട്ടല്‍. സമയം എന്ന സങ്കല്‍പ്പം പുതിയ ഒരു മാനവും അര്‍ഥവും കൈവരിച്ചതു പോലെ.

ചരടു വരിഞ്ഞ തോണിയിലേക്കു നോക്കി നില്‍ക്കെ എന്റെ മൊബൈല്‍ ചിലച്ചു. ഒരു ഇ-മെയില്‍ അലര്‍ട്ടാണ്. പുഴയില്‍ പ്രതിബിംബിക്കുന്നത് ഈ സമയവൈരുദ്ധ്യമാവണം. നിലക്കാതെ കുതിക്കുന്ന സമയവും നിശ്ചലമായ കാലവും തമ്മിലുള്ള വൈരുദ്ധ്യം. നോക്കി നില്‍ക്കെ, ഒരു സ്വപ്‌നത്തിലെന്ന പോലെ മറ്റൊരു തോണി, പുഴവെള്ളത്തിനു മേലേക്കൂടി നൃത്തം വെച്ചു കൊണ്ട് കടന്നു വന്നു.
പുരാവൃത്തങ്ങളില്‍ തോണിക്കാര്‍ക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. രാമായണത്തിലെ അയോധ്യാ കാണ്ഡത്തില്‍ രാമലക്ഷ്മണന്മാരെയും സീതയെയും ഗംഗ താണ്ടാന്‍ സഹായിച്ച ഗുഹന്‍. ഗ്രീക്ക് പുരാണത്തിലെ കെയ്‌റൊണ്‍. മരിച്ചവരുടെയും ജീവിച്ചരിക്കുന്നവരുടെയും ലോകങ്ങളെ വേര്‍തിരിക്കുന്ന നദികളായ സ്‌റ്റൈക്‌സും എയ്ക്കിറോണും കടക്കാന്‍ ആത്മാക്കളെ സഹായിക്കുന്നവന്‍. സംസ്‌കരിക്കുമ്പോള്‍ മൃതദേഹത്തിന്റെ നാവില്‍ വെക്കുന്ന വെള്ളിനാണയം കെയ്‌റൊണിനുള്ള കടത്തുകൂലിയാണത്രെ. വീരനായകരായ ഹെറാക്ലിസും ഓര്‍ഫ്യൂസും ഈനിയസും ദാന്റെയും സൈക്കീയും ദേവനാ യ ഡൈനേഷ്യസുമൊക്കെ നരകത്തിലേക്കു സഞ്ചരിച്ചതും ജീവനോടെ തിരിച്ചെത്തിയതും കെയ്‌റൊണിന്റെ തോണിയിലായിരുന്നു.

ഏതു രാജ്യത്തു നിന്നു വരുന്ന കഥയായാലും ഒരു കടവില്‍ നിന്ന് മറ്റേ കടവിലേക്കു ആളെയെത്തിക്കുന്ന വെറും വ്യക്തിയല്ല തോണിക്കാരന്‍. അവര്‍ നിങ്ങളെ മറ്റൊരു കാലത്തിലേക്കു നയിക്കുന്നവരാണ്. ഈ തോണിക്കാരന്റെ കൈയിലെ ഊന്നിപ്പിടിച്ച കഴുക്കോലും പുഴയിലെ ഒഴുക്കും കിഴക്കന്‍ ചക്രവാളം ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ പ്രയാണവും ഇപ്പോള്‍ എന്നെ അതാണ് ഓര്‍മിപ്പിച്ചത്. വഴിക്കു കണ്ട ഒരു പുഴയില്‍, തുടക്കമോ ഒടുക്കമോ ലക്ഷ്യസ്ഥാനമോ ഇല്ലാതെ, നിശ്ചലകാലത്തിലൂടെ ഒരു യാത്ര അല്ലെങ്കില്‍ എങ്ങിനെ സംഭവിച്ചു?തോണിക്കാരന്‍ ഒരു രസികനായിരുന്നു. തോണി തുഴഞ്ഞു കൊണ്ടിരിക്കെ അയാള്‍ ഒന്നിനു പുറകെ ഒന്നായി തമാശകള്‍ പൊട്ടിച്ചു കൊണ്ടിരുന്നു. പുഴയില്‍ വല വിരിക്കുന്ന ഏതാനും പേര്‍ക്കരികിലൂടെ കടന്നു പോകുമ്പോള്‍ അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. 'ഇവിടെ മീനിനേക്കാള്‍ കൂടുതലാ മീന്‍പിടുത്തക്കാര്.. !'

എനിക്ക് അയാളെ ഇഷ്ടമായി. ഒരു പാടു കഴിവുകളുള്ള ഒരാള്‍. 'കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവിയുടെ പേര് പറയാന്‍ എന്റെ കുട്ടിയുടെ ക്ലാസ്സില്‍ പറഞ്ഞു. അപ്പോള്‍ കുട്ടി പറഞ്ഞു, എന്റെ അച്ഛന്‍! പിറ്റേദിവസം അച്ഛനെ കൂട്ടി വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു. സ്‌കൂളില്‍ ചെന്നപ്പോള്‍ ടീച്ചര്‍ ചോദിച്ചു, എന്താണ് കുട്ടി ഇങ്ങിനെ പറയുന്നത്? അതു കാര്യമാണ് ടീച്ചര്‍ എന്നു ഞാന്‍ പറഞ്ഞു. ഓട്ടോറിക്ഷ ഓടിക്കലാണ് എന്റെ പ്രധാന പണി. അത് വര്‍ക് ഷോപ്പില്‍ കയറിയാല്‍ ഞാന്‍ തോണിക്കാരനാകും'
ഞാന്‍ കുറെ ചിരിച്ചു.

'ഇവിടെ എന്തൊക്കെയാ നിങ്ങള്‍ കടത്തുന്നത്'? ഞാന്‍ ചോദിച്ചു.
'മണല്‍!' അയാള്‍ സങ്കോചമില്ലാതെ മറുപടി പറഞ്ഞു.

പൊടുന്നനെ, വികാരക്ഷോഭങ്ങളുടെ ഒരു തിര എന്നെ പൊതിഞ്ഞു. ഞാന്‍ വല്ലാതായി. ഇരുന്ന ഇരിപ്പില്‍ ഇല്ലാതായി. മണലുറ്റലിന്റെ കെടുതികള്‍ വര്‍ഷങ്ങളായി ഞാന്‍ നേരില്‍ കാണുന്നതാണ്. എനിക്കവരോടുള്ള വിരോധം തീവ്രമാണ്. മണല്‍ കടത്തുന്ന ലോറികളിലൊന്നാണ് കലാമണ്ഡലം ഹൈദരലിയുടെ ജീവനെടുത്തത്. അവരോടുള്ള വെറുപ്പിന്റെ പാരമ്യത്തിലാണ് ഞാന്‍. ഇവിടെയിതാ, മണല്‍ കടത്തുന്ന ഒരു തോണിയില്‍ ഞാനിരിക്കുന്നു!

പ്രശസ്തരുടെ സാക്ഷ്യങ്ങളും പങ്കാളിത്തവും കൊണ്ട് സാമൂഹിക മന്നേറ്റങ്ങള്‍ പരാജയപ്പെടുന്നതെങ്ങിനെ എന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്. തുടക്കത്തില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ അതു സഹായിച്ചേക്കും. നേരത്തേ നിശ്ശബ്ദരായി നിന്നിരുന്നവരെ ആകര്‍ഷിക്കാനും അതിലൂടെ കഴിഞ്ഞേക്കും. വൈകാതെ മീഡിയ ആ പ്രശസ്തനു വേണ്ടി ലക്ഷ്യത്തെ ബലി കഴിക്കും. മതം മാറിയെത്തിയവരൊക്കെ വൈകാതെ മടങ്ങുകയും ചെയ്യും.

മറ്റൊന്നു കൂടി പറയാതെ വയ്യ. കഥയെഴുത്തുകാരാണ് ഇതില്‍ പ്രധാന പ്രതികള്‍. അത് എഴുത്തിലായാലും സിനിമയിലായാലും. ഒരു പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ മുഴുകും. മറ്റൊന്ന് ഏറ്റെടുക്കുന്നതോടെ ആദ്യത്തേതു മറക്കും. കൂടുതല്‍ കുറ്റകരമായ കാര്യം, എത്ര അപകടകരമായതോ നിയമവിരുദ്ധമായതോ ആവട്ടെ, അതിനെക്കുറിച്ചും കഥകള്‍ മെനയും. പൊതുനന്മയേക്കാള്‍ എഴുത്തുകാരന്റെ ആദ്യലക്ഷ്യം അതായിത്തീരുന്നു. കഥ കണ്ടെത്തല്‍! ഒരു മണല്‍കടത്തുകാരനാണ് എന്റെ തോണിക്കാരനെങ്കിലും ഞാന്‍ നല്ല പൗരബോധത്തോടെ അയാളെ എതിര്‍ക്കുകയോ പോലീസിനെ വിളിക്കുകയോ ചെയ്യുന്നില്ല. പകരം അയാളില്‍ നിന്നു കൂടുതല്‍ കഥകള്‍ കിട്ടാനുള്ള താല്‍പ്പര്യത്തോടെ നിര്‍ലജ്ജം ഇരുന്നുകൊടുക്കുന്നൂ.

'നിങ്ങള്‍ ചെയ്യുന്നത് നിയമത്തിനും പ്രകൃതിക്കും എതിരായ കാര്യങ്ങളാണ് എന്ന് അറിയില്ലേ'-ഞാന്‍ ചോദിച്ചു.
അയാളും ചൂളി. അയാള്‍ക്കതറിയാം. പക്ഷെ അയാള്‍ക്ക് സ്വന്തം ന്യായങ്ങളണ്ട്. ഒരു കുടുംബത്തെ പോറ്റണം. ദിവസം 800 രൂപ കിട്ടും. വേറെ മുതല്‍മുടക്കൊന്നും വേണ്ട. സ്വന്തം അധ്വാനമല്ലാതെ.

ഇനി എന്തു പറയും? ഉള്ളില്‍ നിറഞ്ഞ രോഷം തല്‍ക്കാലം അമര്‍ത്തിവെച്ച്, പുഴയുമായുള്ള ഈ അനുഭവത്തില്‍ മുഴുകാന്‍ ശ്രമിച്ചു. പുഴയിലെ നീരൊഴുക്ക്, നീല മേഘങ്ങള്‍, മരച്ഛായകള്‍ അതിരിട്ട തീരങ്ങള്‍, ചളിയും പായലും നിറഞ്ഞ പുഴവെള്ളത്തിന്റെ ഗന്ധം, വെള്ളം തെറിപ്പിച്ചു കളിക്കുന്ന കുട്ടികളും പക്ഷികളും, മാനത്തേക്കുയരുന്ന ഒരു പട്ടം, ഒറ്റക്കൊരു കടവില്‍ തുണിയലക്കുന്ന സ്ത്രീ, ആരെയോ കാത്ത് നിശ്ശബ്ദം നില്‍ക്കുന്ന മണല്‍പ്പരപ്പിലെ ഗോള്‍പോസ്റ്റ്, ചെവിയില്‍ മൂളുന്ന ഇളംകാറ്റിന്റെ മര്‍മരം... ഈ വൈകുന്നേരത്തിന്റെ ആനന്ദങ്ങള്‍! കുറ്റബോധം വീണ്ടും വേട്ടയാടാന്‍ വരുമെന്ന് എനിക്കറിയാം. പക്ഷെ ഇപ്പോള്‍ ഈ പുഴയും ഞാനും മാത്രമേ ഇവിടെ ഉള്ളൂ. അതു മതിയല്ലോ!