ഫ്രിദയുടെ വിക്ഷോഭമറിഞ്ഞ് സൗത്ത് ഡൗണ്‍സില്‍ മുങ്ങിപ്പൊങ്ങി കുറെ സ്റ്റോറിങ്ടണ്‍ സ്മരണകള്‍

കുറച്ചു ദിവസമായി വല്ലാത്തൊരു മടുപ്പ്. നഗരദൃശ്യങ്ങളുടെ ചിരപരിചിതത്വമുണ്ടാക്കുന്ന മടുപ്പാവണം. ഇതുവരെ ഞാന്‍ പോയ മിക്ക സ്ഥലങ്ങളും ചെയ്ത കാര്യങ്ങളും നഗരപ്രകൃതിയുമായി ബന്ധപ്പെട്ടവയായിരുന്നു. കാരണം, നഗരങ്ങള്‍ എന്നും എന്നെ പ്രലോഭിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയം കൊണ്ട് ഇന്നും ഞാനൊരു നഗരവാസിയല്ല. വരിവരിയായി നില്‍ക്കുന്ന കടകളും തെരുവിലെ നിലയ്ക്കാത്ത തിരക്കും ഏറെ നേരം എന്നെ ആവേശഭരിതയാക്കാറില്ല. ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള അനുവാദം എനിക്കായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തേക്കാവും ഞാനെന്നെ അയയ്ക്കുക. ഗ്രാമങ്ങളാവും ലക്ഷ്യമിടുക. ഉറപ്പ്.

പത്തു വര്‍ഷം മുമ്പ്, യാദൃശ്ചികമായാണ് ഞാന്‍ സസ്സെക്‌സ് കണ്ടെത്തുന്നത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒരു വൈകുന്നേരം, ലണ്ടനിലെ വിക്ടോറിയാ സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ട് ഉള്‍നാടന്‍ ഇംഗ്ലണ്ടിലെ സസ്സെക്‌സിലേക്കു പോകുന്ന തീവണ്ടിയിലിരിക്കുകയായിരുന്നു ഞാന്‍. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് അല്‍പ്പം മുമ്പ് അമ്പരപ്പിക്കുന്ന വര്‍ണക്കൂട്ടുകളില്‍ നീരാടിനില്‍ക്കുന്ന ഒരു പ്രകൃതി ദൃശ്യത്തിലൂടെ ഞാന്‍ കടന്നു പോയി. അത്ഭുതത്തോടൊപ്പം വല്ലാത്ത ഒരു പരിചിതത്വവും എന്നിലുണര്‍ത്തിയ കാഴ്ചയായിരുന്നു അത്. തീവണ്ടി ഒറ്റപ്പാലം സ്റ്റേഷനോടടുക്കുന്ന സമയത്ത് എന്നും എന്നിലുണരാറുള്ള വികാരവായ്പ് പോലെ എന്തോ ഒന്ന് പൊടുന്നനെ ഉള്ളില്‍ നിറഞ്ഞു. ഒരാലിംഗനം പോലെ ചുറ്റും പൊതിയുന്ന വിശ്രാന്തി ഞാനറിഞ്ഞു. വീടിനോടടുക്കുന്നു എന്ന തോന്നല്‍ പോലെ. സൗമ്യവും ശാന്തവുമായ ഒരിടത്തിലേക്കു പ്രവേശിക്കുന്നതു പോലെ. ഘടികാരസൂചികളുടെ കൊളുത്തില്ലാത്ത ദിനരാത്രങ്ങളിലേക്കു സഞ്ചരിച്ചെത്തുന്നതു പോലെ. അച്ഛനമ്മമാരുടെ അടുത്തേക്കല്ല എന്ന ഒരു വ്യത്യാസം മാത്രം. ആ സ്ഥലം സ്റ്റോറിങ്ടണാ(ടീേൃൃശിഴീേി)യിരുന്നു. ഇംഗ്ലൂണ്ടിലെ പടിഞ്ഞാറന്‍ സസ്സെക്‌സിലുള്ള ഒരു ഗ്രാമപ്രദേശം. ഇത്തവണ ഞാന്‍ സ്റ്റോറിങ്ടണ്‍ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. വിശ്രാന്തിയിലേക്കൊരു മടക്കം. കുറച്ചു ദിവസം വെറുതെ, നിശ്ശബ്ദമായി പ്രകൃതിയില്‍ ചിലവഴിക്കണം.

സ്റ്റോറിങ്ടണ്‍. ഹൃദയം കവരുന്ന ഒരനുഭവമാണ് അത്. ഒരു ഗ്രാമത്തേക്കാള്‍ അല്‍പ്പം മാത്രം വലുത്. പട്ടണത്തിന്റെ എല്ലാ സൗകര്യങ്ങളും തികഞ്ഞ ഒരു ഗ്രാമം എന്നും പറയാം. കഫേ, റെസ്റ്റാറന്റ്, ബാങ്ക്, സൂപ്പര്‍ മാര്‍ക്കറ്റ് ഒക്കെയുണ്ട്. തൊട്ടടുത്തു തന്നെ പഴയ രീതിയിലുള്ള കടകളുമുണ്ട്. ഇറച്ചിവെട്ടുകാരും ബേക്കര്‍മാരും ഇരുമ്പു കച്ചവടക്കാരും തിങ്ങിനിറഞ്ഞ കടകള്‍. സകലമാന സാധനങ്ങളും കിട്ടുന്ന വേറെ ചില കടകളും കൂട്ടത്തിലുണ്ട്. ചൂടുവെള്ളം നിറച്ച ബാഗ് കൊണ്ടു പോകാനുള്ള വലസഞ്ചി പോലും ഞാനവിടെ കണ്ടു! സ്‌റ്റോറിങ്ടണിലെ ഒരു ചെറിയ റോഡില്‍ ഒരു ആന്റിക് ഷോപ്പ്. അതിന്റെ പേര്: സ്റ്റേബ്ള്‍ ആന്റിക്‌സ്!

നാലു സന്ദര്‍ശനങ്ങളായിട്ടാണ് എന്റെ സ്റ്റോറിങ്ടണ്‍ യാത്ര വിഭജിക്കപ്പെട്ടത്. ആദ്യത്തേത് ഈ സ്റ്റേബ്ള്‍ ആന്റീക്‌സിലേക്കായിരുന്നു. ഒരു പഴയ കോട്ടേജ്. കല്ലു പാകിയ നിരപ്പില്ലാത്ത തറ. വീതി കുറഞ്ഞ ഗോവണി. ഇരുണ്ട തടവറയെ ഓര്‍മ്മിപ്പിക്കുന്ന മുറികള്‍. അതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാക്കത്തൊള്ളായിരം വസ്തുക്കള്‍. കല്ലില്‍ കൊത്തിയ ലോക്കറ്റ്, പോര്‍സലീന്‍ പാത്രങ്ങള്‍, പലതരം കത്തികള്‍, പെട്ടികള്‍, ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍, പൂന്തോട്ടസാമഗ്രികള്‍, ഘടികാരങ്ങള്‍.. ആര്‍ക്കും വേണ്ടാത്തതും ആര്‍ക്കും വിലയില്ലാത്തതുമായ എന്തിനും ഇവിടെ സ്ഥലമുണ്ട്. വിലയുമുണ്ട്. ഓരോ തവണ പോയപ്പോഴും ഓരോ സാധനങ്ങളുമായാണ് ഞാന്‍ മടങ്ങിയത്. എന്റെ വീട്ടില്‍ ഒരു സ്ഥാനം ഉറപ്പുള്ള ഓരോ നിധികളുമായി.

ഇത്തവണ ഒരു റോയല്‍ ഡൂള്‍ട്ടണ്‍ വിവാഹത്തളികയും അതിമനോഹരമായ ഒരു ക്രീം ജഗ്ഗുമാണ് ഞാന്‍ കണ്ടെത്തിയത്. എന്റെ വീട്ടില്‍ അതിരിക്കുന്ന കാഴ്ച ഞാനപ്പോഴേ മനസ്സില്‍ കണ്ടുകഴിഞ്ഞു. രണ്ടാമതൊന്നാലോചിക്കാതെ ഞാനതിന്മേല്‍ ചാടിവീണു. അതോടെ എന്റെ ആന്റിക് തീര്‍ഥയാത്ര പൂര്‍ണമായി. സ്റ്റോറിങ്ടണ്‍ വെച്ചുനീട്ടുന്ന മറ്റാഹ്ലാദങ്ങള്‍ രുചിച്ചു നോക്കാന്‍ എനിക്കിനി മനസ്സമാധാനത്തോടെ പോകാം.

സ്റ്റോറിങ്ടണില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ് നഗരവും മലകളും കടലുമെല്ലാം. ചരിത്രഭൂമിയായ സസ്സെക്‌സ് പ്രവിശ്യയിലെ പടിഞ്ഞാറന്‍ സസ്സെക്‌സില്‍ ഒരു കത്തീഡ്രല്‍ നഗരമുണ്ട്. ചിച്ചസ്റ്റര്‍. രണ്ടാമത്തെ എന്റെ സന്ദര്‍ശനസ്ഥലം. ഒരു കുടിയേറ്റഭൂമിയുടെ സുദീര്‍ഘമായ ചരിത്രം പേറുന്ന മണ്ണ്. റോമന്‍ചരിത്രത്തോളമെത്തുന്ന ഭൂതകാലവും ആംഗ്ലോ-സാക്‌സണ്‍ കാലത്തെ പ്രാധാന്യവുമൊക്കെ അതിന്റെ ഗതകാലകഥകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

എന്നാല്‍ എന്നെ ചിച്ചസ്റ്ററിലേക്കാകര്‍ഷിച്ചത് അതൊന്നുമായിരുന്നില്ല. തീയേറ്ററും കലയും. അതായിരുന്നു ബ്രിട്ടനില്‍ പോകുമ്പോഴൊക്കെ എന്തു വന്നാലും ലണ്ടനില്‍ പോകണമെന്ന് എനിക്കുണ്ടായിരുന്ന നിര്‍ബന്ധത്തിനു പിന്നിലെ കാരണവും. എന്നാല്‍ ചിച്ചെസ്റ്റര്‍ കണ്ടെത്തിയതോടെ അതു മാറി. ഒന്നോ രണ്ടോ ദിവസം ലണ്ടനില്‍ ചിലവഴിക്കണമെന്നില്ലാതായി. എന്റെ ഈ രണ്ട് ഇഷ്ടങ്ങളും നിറവേറ്റാന്‍ ചിച്ചസ്റ്റര്‍ തന്നെ ധാരാളം. ഇത്തവണയും കൃത്യസമയത്തു തന്നെയാണ് ഞാനവിടെ എത്തിയത്. തീയേറ്റര്‍ ഫെസ്റ്റിവലുകള്‍ പൊടി പാറുന്ന കാലം.

പ്രകൃതിസുന്ദരമായ ഓക്ക്‌ലാന്‍ഡ് പാര്‍ക്‌സിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിച്ചെസ്റ്റര്‍ ഫെസ്റ്റിവല്‍ തീയേറ്റര്‍ ബ്രിട്ടനിലെ പുകള്‍പെറ്റ തീയേറ്ററുകളിലൊന്നാണ്. അന്താരാഷ്ട്ര കീര്‍ത്തിയാര്‍ജിച്ചതാണ് ഇവിടത്തെ വാര്‍ഷികാഘോഷം. 'ഫെസ്റ്റിവല്‍ ത്രസ്റ്റ്' വേദിയും 'മിനര്‍വ സ്റ്റുഡിയോ'യും കാണികള്‍ക്ക് വിഭിന്നവും വിരുദ്ധവുമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 1962ല്‍ ഇതാരംഭിച്ച കാലം മുതല്‍ ചിച്ചസ്റ്ററിനും പുറത്തുമുള്ള മുഴുവന്‍ ആസ്വാദകരുടെയും ഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളതാണ് ഈ ഫെസ്റ്റിവല്‍ അനുഭവങ്ങള്‍. എല്ലാം തികഞ്ഞ ഒരു വെള്ളിയാഴ്ച ആ കാണികള്‍ക്കിടയില്‍ ഒരാളായി ഞാനും ഇരുന്നു. മഴയില്‍ ഒരു പാട്ട് (ടശിഴശിഴ ശി വേല ഞമശി) എന്ന പേരിലുള്ള മ്യൂസിക്കല്‍ കോമഡി ഷോ ആയിരുന്നു അന്ന് അരങ്ങേറിയത്. നിശ്ശബ്ദ സിനിമകളില്‍ നിന്ന് ശബ്ദബഹളങ്ങളിലേക്കുള്ള ഹോളിവുഡ് സിനിമയുടെ യാത്രയെ ഹാസ്യാത്മകമായി അടയാളപ്പെടുത്തുന്ന നാടകമായിരുന്നു അത്.

പിറ്റേന്ന് മെക്‌സിക്കന്‍ ആര്‍ട്ടിസ്റ്റായ ഫ്രിദ കാലോയുടെ ഒരു ചിത്രപ്രദര്‍ശനം കാണാനും എനിക്കവസരം കിട്ടി. പാലന്റ് ഹൗസ് ഗ്യാലറിയിലെ തണുപ്പു പുതച്ചു നില്‍ക്കുന്ന മുറികളിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ലയം ഞാന്‍ അനുഭവിച്ചു. ചുട്ടുപൊള്ളുന്ന വികാരങ്ങളും തിളച്ചുപൊങ്ങുന്ന നിറങ്ങളും തണുത്തുറഞ്ഞ ചുമരുകളും കൂടിക്കലര്‍ന്ന ഒരു വിചിത്രാനുഭവം. ഞാനേറെ ആരാധിക്കുന്ന ഒരു കലാകാരിയുടെ ലോകത്തിലൂടെയുള്ള ആത്മസഞ്ചാരം. മെക്‌സിക്കോയില്‍ ഫ്രിദ കാലോയുടെ ചിത്രങ്ങള്‍ ദേശീയതയുടെയും ഗോത്രത്തനിമയുടെയും ആഘോഷപൂര്‍ണമായ പ്രതിരൂപങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. സ്‌ത്രൈണാനുഭവങ്ങളുടെയും രൂപങ്ങളുടെയും കര്‍ക്കശമായ ചിത്രണമായി ഫെമിനിസ്റ്റുകള്‍ ഫ്രിദയുടെ രചനകളെ വാഴ്ത്തുന്നു. മെക്‌സിക്കന്‍ സംസ്‌കാരവും അമേരിന്ത്യന്‍ പാരമ്പര്യവും അവരുടെ ചിത്രങ്ങളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ഏറെക്കുറെ പ്രാകൃതമെന്നോ അശിക്ഷിതമെന്നോ തോന്നിപ്പിക്കുന്ന നാടോടി ശൈലിയിലാണ് അവരുടെ രചന. സറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായ ആേ്രന്ദ ബ്രെറ്റന്‍ 1938ല്‍ തന്നെ മികച്ച സറിയലിസ്റ്റ് രചനകളടെ പട്ടികയില്‍ ഇതും രേഖപ്പെടുത്തിയിട്ടുണ്ട്. കാലോയുടെ രചനകളെ 'ബോംബില്‍ മെടഞ്ഞിട്ട റിബണ്‍' എന്നാണ് ബ്രെറ്റന്‍ വിശേഷിപ്പിച്ചത്.

മെക്‌സിക്കോയിലെ മറ്റൊരു പ്രസിദ്ധ കലാകരനായ ഡീഗോ റിവേറയെയാണ് ഫ്രിദ വിവാഹം കഴിച്ചിരുന്നത്. കൗമാരത്തില്‍ നേരിട്ട ഒരു വാഹനാപകടത്തെത്തുടര്‍ന്ന് അവര്‍ ജീവിതത്തിലുടനീളം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അവരുടെ ചിത്രങ്ങളില്‍ അതിന്റെ നിഴലടയാളങ്ങള്‍ വീണുകിടക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. മിക്കതും പല രൂപത്തിലും ഭാവത്തിലുമുള്ള സ്വന്തം ചിത്രങ്ങള്‍ തന്നെയാണ്. 'ഞാന്‍ എന്നെത്തന്നെ വരക്കുന്നത് ഞാനൊറ്റയ്ക്കായതു കൊണ്ടാണ്. എനിക്ക് ഏറ്റവും നന്നായറിയാവുന്ന വിഷയം ഞാനായതു കൊണ്ടുമാണ്' എന്ന് ഫ്രിദ തന്നെ പറഞ്ഞിട്ടുണ്ട്.

ഫ്രിദയുടെ ക്ഷോഭത്തിന്റെ നേര്‍രൂപം പോലെയാണ് ഫെറിങ്ങിലെ കടലോരം. ഇഷ്ടപ്പെട്ടു പോയിക്കാണാന്‍ മാത്രം ഒന്നുമില്ലാത്ത ഒരു ചെറിയ നഗരപ്രാന്തം. എന്റെ മൂന്നാമത്തെ സസ്സെക്‌സ് ഡെസ്റ്റിനേഷന്‍. കടലല്ല, അമ്പരപ്പിക്കുന്ന സൗന്ദര്യമുള്ള അതിന്റെ തീരമാണ് ആ കാഴ്ചയെ ഉദാത്തതയിലേക്കുയര്‍ത്തുന്നത്. വെള്ളാരങ്കല്ലുകള്‍ ചിതറിക്കിടക്കുന്ന മനോഹരമായ ആ ബീച്ചിലൂടെ നടക്കുമ്പോള്‍ കാറ്റ് നിങ്ങളെ വന്നു വട്ടംപിടിക്കും. തീരത്ത് കടല്‍ക്ഷോഭം നേരിടാന്‍ വെച്ചിട്ടുള്ള മരവേലിയുടെ കൈകളില്‍ മുറുക്കിപ്പിടിക്കണം. ഇവിടെ ആകാശത്തിനും മറ്റെങ്ങുമില്ലാത്ത സൗന്ദര്യമുണ്ട്. അപാരതയോളമെത്തുന്ന ഇത്രയും വിശാലമായ ആകാശം മറ്റൊരു കടല്‍ത്തീരത്തും ഞാന്‍ കണ്ടിട്ടില്ല. വന്യതയുടെ പശ്ചാത്തലദൃശ്യം പോലെ സസ്സെക്‌സിനെ ചൂഴ്ന്നു നില്‍ക്കുന്ന കുന്നുകള്‍ പോലും ആ നാടിന്റെ മെരുങ്ങാത്ത വൈകാരികതയെ ഇത്ര ശക്തമായി രേഖപ്പെടുത്തുന്നില്ല.

സൗത്ത് ഡൗണ്‍സ് എന്നറിയപ്പെടുന്ന പച്ചപ്പുല്‍ വിരിച്ച കുന്നിന്‍ ചെരിവുകളാണ് നാലാമത്തെ സസ്സെക്‌സ് അനുഭവം. 260 ചതുരശ്ര കിലോമീറ്ററില്‍ തെക്കുകിഴക്കന്‍ കടലോരത്തെ കൗണ്ടി സ്‌റ്റേറ്റുകളിലാകെ വ്യാപിച്ചു കിടക്കുന്നു, ഈ കുന്നുകളുടെ നിര. മലകളിലാകെ ഒരിനം പരുക്കന്‍ ചുണ്ണാമ്പുപാറകള്‍. വെട്ടിനിരത്തിയതു പോലെ തട്ടുകളായ ഭൂമിയും ഊഷരമായ താഴ്‌വരകളും ഉരുണ്ടു വീഴുന്ന പാറകളും നിറഞ്ഞ സൗത്ത് ഡൗണ്‍സ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചുണ്ണാമ്പു
മലയായിട്ടാണ് അറിയപ്പെടുന്നത്. സൗത്ത് ഡൗണ്‍സ് എന്ന വാക്കു കേട്ടാല്‍ പക്ഷെ ആദ്യം മനസ്സിലെത്തുന്ന ചിത്രം ഒരു വിശാലമായ പുല്‍മൈതാനത്തിന്റേതാണ്. നേര്‍ത്തതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ പ്രതലം. ഉയരം കുറഞ്ഞ് ദൃഢതയുള്ള പച്ചപ്പുല്ലുകള്‍ തീര്‍ക്കുന്ന പട്ടുമെത്ത വിരിച്ച താഴ്‌വര.

ഒരു വലിയ ആവാസവ്യവസ്ഥയായിരുന്നു അത്. നൂറ്റാണ്ടുകളായി ചെമ്മരിയാടുകളും മുയലുകളും മേയുന്ന പുല്‍മേട്. കണ്ണെത്താ ദൂരം ചോളവയലുകള്‍. 20-ാം നൂറ്റാണ്ടിന്റെ പകുതി വരെയും ഡൗണ്‍ലാന്‍ഡ് കര്‍ഷകര്‍ക്കിടയില്‍ 'ഷീപ് ആന്‍ഡ് കോണ്‍ ഫാമിങ്' എന്നറിയപ്പെട്ടിരുന്ന ഒരു പ്രത്യേക കൃഷിരീതി തന്നെ നിലനിന്നിരുന്നു. സൗത്ത്് ഡൗണില്‍ മാത്രം കാണുന്ന ഇനം ചെമ്മരിയാടുകളെ പ്രത്യേകം വേര്‍തിരിച്ച് ചോളവയലുകളില്‍ കെട്ടിയിട്ട് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുകയും പിന്നീട് മേയാന്‍ സമതലത്തിലേക്കഴിച്ചു വിടുകയും ചെയ്യുന്ന രീതിയായിരുന്നു അത്. 1940കള്‍ വരെ ഇതു നിലനിന്നിരുന്നുവത്രെ. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആഭ്യന്തര ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഗവണ്മെന്റ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തതോടെ ഇത്തരം കൃഷിരീതികള്‍ക്കും അന്ത്യമായി. 1950കളാവുമ്പോഴേക്കും കൃഷി എന്നാല്‍ കാര്‍ഷികവിളകള്‍ മാത്രമായി. ആടുമാടുകളും ഫലവര്‍ഗങ്ങളും അപ്രത്യക്ഷമായി. ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും അതോടെ അടിസ്ഥാനപരമായി ത്തന്നെ വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു.സര്‍ഗാത്മകമായ ഉല്ലാസം തേടുന്നവര്‍ക്ക് ഡൗണ്‍ലാന്‍ഡ് പോലെ അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമില്ല. ഇവിടത്തെ നീണ്ടുനീണ്ടു പോകുന്ന നാട്ടുപാതകളും അനന്തവിസ്തൃതമായ പുല്‍മേടുകളും വലിയ പ്രലോഭനമാണ്. പ്രത്യേകിച്ച് അലസസഞ്ചാരികള്‍ക്കും കുതിരസവാരിക്കാര്‍ക്കും മൗണ്ടന്‍ ബൈക്കേഴ്‌സിനും. ഇംഗ്ലണ്ടില്‍ സൗത്ത് ഡൗണ്‍സിന്റെ പ്രശസ്തി തന്നെ അതാണ്. വെറുതെ പ്രകൃതിയിലൂടെ അലഞ്ഞു നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സ്ഥലം. 3200 കിലോമീറ്ററോളം നീളത്തില്‍ ശൃംഖലയായി വ്യാപിച്ചു കിടക്കുന്നതും വൃത്തിയായി പരിപാലിക്കപ്പെടുന്നതുമായ ഗ്രാമീണ നടപ്പാതകളുണ്ട് ഇവിടെ.

അത്തരം പാതകളിലൊന്നിലൂടെ നടക്കുകയായിരുന്നു ഞാന്‍. പൊടുന്നനെ വിസ്മയിപ്പിക്കുന്ന ഒരു പ്രകൃതി ദൃശ്യം എനിക്കു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. ഒരറ്റത്ത് പര്‍പ്പിള്‍ നിറമുള്ള ഹെതര്‍ (ഒരു തരം പുല്‍മേട്). മറ്റേ അതിരിലെ ഉയര്‍ന്നു താഴ്ന്ന പ്രതലങ്ങളില്‍ കൂട്ടമായി മേയുന്ന ചെമ്മരിയാടുകള്‍. ഉയരെ മാനത്ത് ഒരു വാനമ്പാടി താരസ്ഥായിയിലുള്ള സംഗീതം മുഴക്കി നീലമേഘങ്ങളെ കീറിമുറിച്ച് കടന്നുപോകുന്നു!

ഞാന്‍ നിന്നു. പാറകളുടെ ഒരു കൂമ്പാരത്തില്‍ ചാരി അല്‍പ്പനേരം, അനങ്ങാതെ. അപ്പോള്‍ പൊടുന്നനെ എവിടെ നിന്നെന്നില്ലാതെ ഒരു ചാറ്റല്‍ മഴ പൊട്ടിവീണു. മേലോട്ടുയര്‍ത്തിയ എന്റെ മുഖത്തു നിറയെ മഴത്തുള്ളികള്‍ വീണു. കലര്‍പ്പില്ലാത്ത ആനന്ദത്തിനു തുല്യമായ എന്തോ ഒന്ന് എന്നിലൂടെ പ്രവഹിച്ചു. എനിക്കു തോന്നി, എത്ര തവണ നടന്നാലും ഈ വഴികള്‍ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇവിടെ ഓരോ ദിവസവും പുതിയതാണ്.