യാത്രാദൈവങ്ങള്‍ അങ്ങിനെയാണ്. ഭക്തരെ വെല്ലുവിളികളിലൂടെ മാത്രമേ അവര്‍ പരീക്ഷിക്കൂ. വാല്‍പ്പാറയിലെ അനുഭവങ്ങളിലൂടെ അനിതാ നായര്‍യാത്രകളുടെ ദൈവം തീര്‍ത്തും വ്യത്യസ്തനാണ്. ഒരാളുടെ യാത്രാഗ്രഹനില മാത്രമല്ല അയാളുടെ കുടുംബവും സുഹൃത്തുക്കളും താമസിക്കേണ്ടതെവിടെ എന്നുപോലും അദ്ദേഹം മുന്‍കൂട്ടി നിര്‍ണയിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏകാന്തവും സുന്ദരവുമായ എത്രയോ സ്ഥലങ്ങളില്‍ മാറി മാറി ജോലി ചെയ്യാന്‍ എന്റെ ഏട്ടന് നിയോഗമുണ്ടായതിന്റെ പൊരുള്‍ അതായിരിക്കണം. മറ്റൊരു കാരണവും എനിക്കു തോന്നുന്നില്ല.

എന്റെ മിക്ക കൂട്ടുകാരുടെയും സഹോദരങ്ങള്‍ മഹാനഗരങ്ങളിലാണ് താമസിക്കുന്നത്. മെല്‍ബണ്‍, പാരീസ്, ഡല്‍ഹി, മുംബൈ, ലണ്ടന്‍, ദുബായ്... എന്നാല്‍ ഈ സ്ഥലങ്ങളിലൊക്കെ അവരില്ലെങ്കിലും ഞാന്‍ പോകുമായിരുന്നു. എന്നാല്‍ എന്റെ ഏട്ടന്‍ സുനില്‍ ജോലി ചെയ്ത സ്ഥലങ്ങള്‍ അങ്ങിനെയായിരുന്നില്ല. മറ്റൊരു കാരണം കൊണ്ടും, അവിടെ അല്ലെങ്കില്‍ ഞാന്‍ പോവുമായിരുന്നില്ല. സ്വപ്‌നത്തില്‍ പോലും.

അതാവണം, വടക്കന്‍ കര്‍ണാടകത്തിലെ കൈഗയില്‍ നിന്ന് തുടങ്ങി വയനാട്ടിലെ വൈത്തിരി, പത്തനംതിട്ടയിലെ കുമ്പഴ, തൃശ്ശൂരിലെ മുപ്ലിയം മുതലായ നിരവധി വ്യത്യസ്തമായ സ്ഥലങ്ങളിലൂടെ യാത്രാദൈവം ഏട്ടനെ നടത്തിച്ചത്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആനമല ഹില്‍സിലുള്ള വാല്‍പ്പാറയിലെത്തി നില്‍ക്കുന്നു ആ സഞ്ചാരം.

കോയമ്പത്തൂരിലെ സ്‌പെന്‍സറില്‍ കയറി സുനിലും രജനിയും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതു കണ്ടപ്പോഴേ പോകുന്ന സ്ഥലം പരിമിതമായ വിഭവങ്ങളുള്ള ഒരു ഹില്‍സ്റ്റേഷനായിരിക്കും എന്ന കാര്യം ഞാനൂഹിച്ചു. നിരവധി ഷോപ്പിങ് മാളുകള്‍ക്കിടയില്‍ ജീവിക്കുന്ന നമുക്ക് ഇങ്ങിനെ സാധനങ്ങള്‍ സംഭരിക്കുന്ന കാര്യം വിചിത്രമായി തോന്നാം. എന്നാല്‍ വിദൂരസ്ഥമായ സ്ഥലങ്ങള്‍ നിങ്ങളെ ചിലപ്പോള്‍ വ്യത്യസ്തരായ മനുഷ്യരാക്കി മാറ്റിയേക്കാം. ജീവിതം എന്താവശ്യപ്പെടുന്നുവോ അതിനു പാകപ്പെടാന്‍ എത്ര വേഗമാണെന്നോ നിങ്ങള്‍ പഠിക്കുക!

ഞങ്ങള്‍ ആദ്യം പൊള്ളാച്ചിയിലേക്കാണ് പോകുന്നത്. പൊള്ളാച്ചിയെക്കുറിച്ച് എനിക്കുള്ള സങ്കല്‍പ്പം ആഹ്ലാദപൂര്‍ണമായ ഒരു നഗരം എന്നാണ്. മലയാള സിനിമകളില്‍ എത്രയോ വട്ടം കണ്ടിട്ടുള്ള പൊള്ളാച്ചിയുടെ മുഖം അതാണ്. പൊള്ളാച്ചിച്ചന്ത എന്ന പേര് കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്. കന്നുകാലികള്‍, പച്ചക്കറി, ശര്‍ക്കര എന്നിവക്ക് പേരുകേട്ടതാണാ ചന്ത. പൊള്ളാച്ചിയിലെ ശര്‍ക്കര മാര്‍ക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. കന്നുകാലിച്ചന്ത തെക്കെ ഇന്ത്യയിലെ ഒന്നാമത്തേതും. പൊള്ളാച്ചിച്ചന്തയില്‍ അച്ഛനും അമ്മയുമൊഴിച്ച് എന്തും വാങ്ങാം എന്നൊരു ചൊല്ലു തന്നെ ഉണ്ടായിരുന്നു ഒരു കാലത്ത്.
പൊള്ളാച്ചി എന്നാല്‍ 'പൊരുള്‍ ആച്ചി'. പ്രകൃതി സമ്പത്തിന്റെയും സമൃദ്ധിയുടെയും നാട്. പൊള്ളാച്ചിയിലെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഇതെഴുതി വെച്ചിരിക്കുന്നതു കാണാം. കുലോത്തുംഗ ചോളന്‍ മൂന്നാമന്റെ കാലത്ത് ഈ ചരിത്രനഗരത്തിന്റെ പേര് 'മുടി കൊണ്ട ചോളനല്ലൂര്‍' എന്നായിരുന്നു. അതെന്തായാലും സിനിമകളില്‍ കാണുന്ന പൊള്ളാച്ചിയുടെ സൗന്ദര്യം യഥാര്‍ഥത്തില്‍ ആ നഗരത്തിനില്ല.
ശക്തി എന്നു പേരുള്ള ചെറിയ ഒരു റെസ്റ്റാറന്റിനു മുന്നില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. ഹോട്ടല്‍ ചെറുതാണെങ്കിലും മെനു കാര്‍ഡ് വലുതാണ്. അവിടവിടെയായി നിറയെ സൈന്‍ ബോര്‍ഡുകളുമുണ്ട്.

ഉള്ളില്‍ ചിരിയടക്കി ഞാന്‍ സൈന്‍ ബോര്‍ഡുകള്‍ വായിച്ചു. എനിക്ക് ഏറെയൊന്നും ബോധ്യപ്പെടാന്‍ ഉണ്ടായിരുന്നില്ല. ഞാനുടനെ ഒരു മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടു. നത്തോലി ഫ്രൈയും. തമിഴരുടെ ബിരിയാണി നല്ല കനപ്പടിയാണ്. ഭയങ്കര ചൊടിയുള്ളതും. അത് കോഴിക്കോടന്‍ ബിരിയാണി പോലെ മൃദുലവും മസാലക്കൂട്ടുകള്‍ നിറഞ്ഞതുമല്ല. അതിന്റെ സുഗന്ധം മറ്റെവിടെയും ഞാന്‍ അനുഭവിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ ചിലവഴിച്ച കുട്ടിക്കാലം മുതലേ എനിക്കു പരിചിതമാണ് ആ ഗന്ധം. മധുരയിലെ മുനിയാണ്ടി വിലാസം പോലുള്ള കടകളില്‍ നിന്നു കഴിച്ച ഭക്ഷണത്തിന്റെ രുചി ഒരിക്കലും മറക്കാനാവില്ല. എന്നാല്‍ അവിടുത്തെ വൃത്തി, വെടുപ്പ്, പെരുമാറ്റം എന്നിവയെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഈ രുചി പിന്നെയും പിന്നെയും അവിടേക്കു പോകാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
നത്തോലി ഫ്രൈ വന്നു. നല്ല കരുമുരാ എന്നിരിക്കുന്നു. കൊതിപ്പിക്കുന്ന സ്വാദ്. തുടക്കം നന്നായി. എല്ലാത്തിലും ലക്ഷണം കണ്ടെത്തുന്ന ശീലമുള്ള എനിക്കു തോന്നി: ശക്തിയിലെ ഉച്ചയൂണോടു കൂടിയുള്ള ഈ തുടക്കം കൊള്ളാമല്ലോ. ഈ യാത്ര തകര്‍ക്കും!
വയര്‍ നിറച്ചുണ്ട് ഞങ്ങള്‍ റോഡിലേക്കിറങ്ങി.

++++++++++


ഏട്ടന്റെ വീട്ടിലേക്കെത്താന്‍ രണ്ടു വഴികളുണ്ട്. ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, മലക്കപ്പാറ വഴി വരാം. ഈ 80 കിലോമീറ്റര്‍ കാട്ടുപാതയാണ്. കാട്ടാനകളുടെ വിഹാരഭൂമി. എപ്പോഴും പൊട്ടിവീണ് വഴിതടസ്സമുണ്ടാക്കുന്ന മരങ്ങളും സമൃദ്ധം. പൊള്ളാച്ചി വഴിക്കാണെങ്കില്‍ 40 ഹെയര്‍പിന്‍ വളവുകളുള്ള വാല്‍പ്പാറ ചുരം കയറി വേണം അവിടേക്കെത്താന്‍. രണ്ടായാലും വഴി ദീര്‍ഘവും സാഹസികവുമാണ്.
ചൂരം യാത്രയില്‍ എന്റെ മരുമക്കള്‍ പ്ലാസ്റ്റിക്ക് ബാഗുകളിലേക്ക് ഛര്‍ദിച്ചു കൊണ്ടിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള ഷോപ്പിങ് പോലെ ഇതും അവരുടെ യാത്രയിലെ ചടങ്ങുകളില്‍ പെട്ടതാണ്. രണ്ടോ മൂന്നോ ഹെയര്‍പിന്‍ പിന്നിടുമ്പോള്‍ ഓരോ പ്ലാസ്റ്റിക് ബാഗ് വീതം അവര്‍ നിറച്ചു. വാല്‍പ്പാറ എത്തുമ്പോഴേക്കും അവര്‍ ക്ഷീണിച്ചും വിളറിയും കാണപ്പെട്ടു. 20ഉം 11ഉം വയസ്സുള്ള ആ രണ്ട് ആണ്‍കുട്ടികള്‍ അച്ഛനമ്മമാരെ കാണാന്‍ വേണ്ടി മാത്രം ഓരോ ആഴ്ചയും നടത്തുന്ന ഈ സാഹസിക യാത്രയെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്: സ്‌നേഹം നമ്മെക്കൊണ്ട് എന്തും ചെയ്യിക്കും. സാധാരണ ഗതിയില്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും.

ഹെയര്‍പിന്‍ വളവുകളിലൊന്നില്‍, ഞങ്ങള്‍ ചായ കുടിക്കാന്‍ നിര്‍ത്തി. കുന്നിന്‍ ചെരുവുകളൊക്കെ തോട്ടങ്ങളാണ്. മസൃണവും തണുപ്പാര്‍ന്നതുമായ ഒരു കാറ്റ് മലമുകളില്‍ നിന്നിറങ്ങി വന്ന് ഞങ്ങളെ വട്ടമിട്ടു നിന്നു. കാറിനു പുറത്തിറങ്ങിയ എന്നെ എന്തെന്നില്ലാത്ത ഒരു ആത്മസംതൃപ്തി വന്നു പൊതിഞ്ഞു. കുന്നിന്റെ പള്ളയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് ഞാന്‍ കണ്ടു. അതിന്റെ ചുമരില്‍ ഒരു മരപ്പെട്ടി തൂങ്ങിയാടുന്നുണ്ടായിരുന്നു. ഇലക്ട്രിക് മീറ്ററോ മറ്റോ വെക്കാന്‍ ഉദ്ദേശിച്ചുള്ളതാവണം. തൊട്ടടുത്ത് ചെറിയ ഒരരുവി. വീടിനെ പൊതിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍. യാഥാര്‍ഥ്യത്തിന്റെ ലോകത്തു നിന്ന് എത്രയോ അകലെയാണെന്നു തോന്നിക്കുന്ന ഒരേകാന്തമായ നില്‍പ്പ്. ആ വീട് പുതുക്കിപ്പണിത്, കുറെ പൂച്ചകളും പട്ടികളും ഒന്നോ രണ്ടോ ആടും പശുവുമൊക്കെയായി അതില്‍ ഞാന്‍ താമസം തുടങ്ങിയതായി എനിക്കപ്പോള്‍ തോന്നി. മുറ്റത്തൊക്കെ കോഴികള്‍ ചിക്കിപ്പരതി നടക്കുന്നു. പ്രാവുകള്‍ കുറുകുന്നു...

ഞാനെന്റെ സ്വപ്‌നത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സുനില്‍ ചിരിച്ചു. 'വീട് കിട്ടുമോ എന്നു ഞാന്‍ നോക്കാം. പക്ഷെ ഒരു മുന്നറിയിപ്പുണ്ട്. ഇവിടെ ധാരാളം പുള്ളിപ്പുലികളുണ്ട്. പട്ടിയിറച്ചിയാണ് അവന്റെ പ്രിയാഹാരം... അതിലും നല്ലത് എന്റെ കൂടെ താമസിക്കുന്നതല്ലേ?'
സുനില്‍ ഡോക്ടറായി ജോലി ചെയ്യുന്ന മുരുഗള്ളി എസ്റ്റേറ്റിലേക്ക് വാല്‍പ്പാറ നിന്ന് ചാലക്കുടി ദിശയില്‍ മുപ്പതു കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം. വാല്‍പ്പാറ വരെ നല്ല റോഡാണ്. അവിടം വിട്ടാല്‍ വഴിയുടെ സ്വഭാവം മാറും. മിനുസമാര്‍ന്ന പാത വലിയ കുഴികളും കുണ്ടുകളുമുള്ള വെട്ടുവഴിയാവും. വീതി കുറയും. ഒരു വശത്തു നിന്ന് മലഞ്ചെരിവുകള്‍ താഴേക്കു തള്ളും. മറുവശത്ത് കണ്ണെണ്ണാത്ത കൊക്കകള്‍ പേടിപ്പിക്കും.

'ഇന്നു രാവിലെ എയര്‍ പോര്‍ട്ടിലേക്കു വരുന്ന വഴി ഇതാ, ഇവിടെ വെച്ച് ഞാനൊരു പുള്ളിപ്പുലിയെ കണ്ടു. അവന്‍, ദാ അവിടെയാണ് നിന്നിരുന്നത്' -ഒരു മരക്കൂട്ടവും കുറ്റിക്കാടും ചൂണ്ടിക്കാട്ടി നിര്‍മമനായി സുനില്‍ പറഞ്ഞു.

3500 അടി ഉയരത്തിലുള്ള നിത്യഹരിതവനങ്ങളാണ് വാല്‍പ്പാറയിലുള്ളത്. '1846ല്‍ രാമസ്വാമി മുതലിയാര്‍ ഇവിടെ കോഫി പ്ലാന്റേഷന്‍ തുടങ്ങി' എന്നതാണ് ഇതിനെക്കുറിച്ചു കാണുന്ന ഏറ്റവും പഴക്കമുള്ള പരാമര്‍ശം. 1864ല്‍ കര്‍ണാട്ടിക് കോഫി കമ്പനി പ്രവര്‍ത്തനം തുടങ്ങി. 1875ല്‍ വെയില്‍സ് രാജകുമാരനായ എഡ്വേഡ് ഏഴാമന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പട്ടാളക്കാരാണ് ഇവിടേക്ക് ആദ്യമായി റോഡു വെട്ടിയത്. ഇതിനായി ആനകളെയും കുതിരകളെയും ഉപയോഗിക്കുകയും പട്ടാളക്കാരെ വന്‍തോതില്‍ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാദൃശ്ചികമായി ആ സന്ദര്‍ശനം റദ്ദാക്കപ്പെട്ടു. 1890ല്‍ ഡബ്ല്യു. വിന്റിലും നോര്‍ദാനും ചേര്‍ന്ന് മദ്രാസ് സ്‌റ്റേറ്റ് ഗവണ്മെന്റില്‍ നിന്ന് വാല്‍പ്പാറയിലെ ഭൂമിയില്‍ വലിയൊരു പങ്കും വാങ്ങി. അവിടെ അവര്‍ കാടു വെട്ടി കാപ്പിത്തോട്ടം തീര്‍ത്തു. ക്രോവര്‍ മാര്‍ഷ് എന്ന പരിചയസമ്പന്നനായ ഒരു പ്ലാന്ററായിരുന്നു അവരുടെ സഹായി. (അക്കാലത്ത് അദ്ദേഹത്തിന്റെ ശമ്പളം 250 രൂപയായിരുന്നു!) നാട്ടുകാരുമായി ആത്മബന്ധം പുലര്‍ത്തിയ മനുഷ്യനായിരുന്നു ക്രോവര്‍. 'ആനമലയുടെ പിതാവ്' എന്നു പില്‍ക്കാലത്ത് അറിയപ്പെട്ടത് അദ്ദേഹമാണ്.

വാല്‍പ്പാറയില്‍ മനുഷ്യനും മൃഗങ്ങളുമായുള്ള സഹജീവനം സംഘര്‍ഷഭരിതമാണ് ഇപ്പോള്‍. തോട്ടങ്ങള്‍ പച്ച പിടിച്ചതോടെ ഉണങ്ങിപ്പോയത് മൃഗങ്ങളുടെ ജീവിതമാണ്. അവരുടെ ആവാസവ്യവസ്ഥ തകരാറിലായി. വംശനാശം നേരിടുന്ന വരയാടുകളുടെ -നീലഗിരി താര്‍- തറവാടായിരുന്നു ഒരു കാലത്ത് ആനമല. ഹൈറേഞ്ചുകളില്‍ മാത്രം ജീവിക്കുന്ന ഇവയ്ക്ക് 1200 -2600 മീറ്ററെങ്കിലും ഉയരമുള്ള മലഞ്ചെരിവുകളും പുല്‍മേടുകളുമാണ് വീട്. പണ്ട് ഈ പശ്ചിമഘട്ട മലനിരകളുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വ്യാപിച്ചു കിടന്നിരുന്നു അവയുടെ സാമ്രാജ്യം. വേട്ടയാടലും വ്യാപകമായ വനം വെളുപ്പിക്കലും കൊണ്ട് അതിന്നു ചുരുങ്ങി ആനമലയിലും രാജമലയിലും മാത്രമായി. ആന, കാട്ടു പന്നി, സിംഹവാലന്‍ കുരങ്ങ്, കലമാന്‍, പുള്ളിമാന്‍, മലയണ്ണാന്‍ തുടങ്ങി പല മൃഗങ്ങളുടെയും ആവാസകേന്ദ്രമാണ് ഇന്നും ആനമല. പലതരം പക്ഷികളും, പ്രത്യേകിച്ച് വേഴാമ്പലുകള്‍, ഈ മലഞ്ചെരിവുകളിലുണ്ട്. സമീപകാലത്ത് പക്ഷെ ഈ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായി. ആനയും മനുഷ്യനുമായി ഉരുത്തിരിഞ്ഞു വന്ന സംഘര്‍ഷമാണ് ഇതില്‍ ഏറ്റവും പ്രധാനം. വന്യജീവികളുടെ സൈ്വരവിഹാരത്തിന് തേയിലത്തോട്ടങ്ങള്‍ വലിയ തടസ്സമായി. പ്രത്യേകിച്ചും വെള്ളവും തീറ്റയും തേടി ദീര്‍ഘദൂരം സഞ്ചരിക്കുന്ന ആനകള്‍ക്ക്.

ഈ അസന്തുലിതാവസ്ഥയുടെ നേരിട്ടുള്ള ഇരകളില്‍ ഒരാളാണ് ഏട്ടന്‍. ആനത്താരയില്‍ വരുന്ന ഒരു കാട്ടിറമ്പിലായിരുന്നു ഏട്ടന്റെ ബംഗഌവ്. ഇവിടെ താമസം തുടങ്ങി ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഒരു രാത്രി കൂട്ടമായി അവ വന്നെത്തി. ഗാരേജ് വാതില്‍ പൊളിച്ച് അതിനകത്തിട്ടിരുന്ന കാര്‍ അവ തല്ലിത്തകര്‍ത്തു. ജനല്‍ക്കമ്പികള്‍ വളച്ച് അകത്തു കയറാന്‍ ശ്രമിച്ചു. ഒരു ബാത്‌റൂം ഡോര്‍ തകര്‍ത്തു. ടോയ്‌ലറ്റ് റോള്‍ എടുത്തു കൊണ്ടുപോയി. പിന്നെ എപ്പോഴോ അവ പിന്‍വാങ്ങി. ആദ്യമായി സുനിലും രജനിയും ശരിക്കും വിരണ്ടു. ഇപ്പോള്‍ മലഞ്ചെരിവില്‍ ആനക്കൂട്ടത്തെ കണ്ടാലുടനെ അവര്‍ ഫോറസ്റ്റ് വാച്ചര്‍മാരെ വിളിക്കും. അവര്‍ ചെണ്ടകള്‍ കൊട്ടിയും തീയിട്ടും പടക്കം പൊട്ടിച്ചും ആനകളെ ഓടിക്കും. ഇതൊക്കെയായിട്ടും കൃത്യമായ ഇടവേളകളില്‍ അവ വന്നു കൊണ്ടേയിരുന്നു. വാട്ടര്‍ ടാങ്കു തട്ടിമറിക്കുക, ചെടികള്‍ പിഴുതെറിയുക തുടങ്ങി തങ്ങളാലാവുന്നതെല്ലാം ചെയ്തു കൊണ്ടിരുന്നു.

ബംഗ്ലാവ് പഴയതും വലുതുമാണ്. മുറികള്‍ വളരെ വിശാലം. ക്രമീകരണങ്ങളൊക്കെ ചിത്രത്തിലെഴുതിയപോലെ സുന്ദരം. മുറിയില്‍ നിന്നാല്‍ കണ്ണെണ്ണാത്ത താഴ്‌വരയുടെ മനോഹരമായ ജാലകക്കാഴ്ച. ജനല്‍ വള്ളിച്ചെടികളാല്‍ മൂടിയിരിക്കുന്നു.
മലമുകളില്‍ രാത്രി പൊടുന്നനെയാണ് പൊട്ടിവീഴുക. ചുവന്ന വട്ടം പോലെ സൂര്യനെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഒരു മിനുട്ടേ കാണൂ. അടുത്ത നിമിഷം ആകാശത്തു നക്ഷത്രങ്ങള്‍ തിളങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. ഒരു തണുത്ത കാറ്റ് ദേഹത്താകെ പടരും. മേലാസകലം കുളിരിന്റെ മുകുളങ്ങള്‍ പൊട്ടിവിരിയും. ചുറ്റും ഇരുട്ടും അപരിചിതത്വവും നിറയും.

സുനിലും ഞാനും മുറ്റത്തു നിന്നു. രാത്രിയുടെ ആ പൊട്ടിവിരിയല്‍ ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍. അപരിചിതമായ ചില ശബ്ദങ്ങള്‍ അപ്പോള്‍ ചുറ്റുപാടു നിന്നും കേള്‍ക്കുന്നതു പോലെ തോന്നി.

ഒരു ചില്ല ഒടിയുന്നു. ഇലമെത്തയില്‍ കനത്ത കാല്‍പ്പാദം പതിയുന്നു. ഒരു കനത്ത നിശ്വാസം കേള്‍ക്കുന്നതു പോലെ. ഏതാനും മാസം മുമ്പാണ് സുനിലിന്റെ പ്രിയപ്പെട്ട ഡാഷ്ഹണ്ട്, മിലിയെ കാണാതായത്. അവളുടെ കറുത്തുമിനുത്ത രോമക്കുപ്പായത്തിന്റെ അവശിഷ്ടങ്ങള്‍ പിറ്റേന്നു കമ്പിവേലിയില്‍ കുരുങ്ങിക്കിടന്നിരുന്നു. ഒരു പുള്ളിപ്പുലി വന്ന് അവളെ കൊണ്ടുപോയി. പുറത്തെ ഇരുട്ടില്‍ എന്തോ ഇപ്പോഴും പതുങ്ങി നില്‍പ്പുണ്ടെന്ന് പൊടുന്നനെ ഒരു തോന്നല്‍. അതു കണ്ടു പിടിക്കാനുള്ള സാഹസത്തിനൊന്നും നില്‍ക്കാതെ ഞാനും ഏട്ടനും അകത്തേക്കു പാഞ്ഞു.

രാത്രി ഏറെ വൈകിയപ്പോള്‍ ഞാനെന്റെ ജനവാതില്‍ തുറന്നിട്ടു. ആനയോ പാമ്പോ ആരും കടന്നുവരട്ടെ. മലകളിലെ കാറ്റേറ്റ്, നക്ഷത്രങ്ങളുടെ വെളിച്ചം മുഖത്തെഴുതി ഈ രാത്രി ഞാനുറങ്ങും.

നേരം പുലര്‍ന്നപ്പോള്‍ എന്തൊക്കെ ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ആകാശം നോക്കി കുറെ സമയം കൂടി കിടക്കാം. അല്ലെങ്കില്‍ 30 അടി നടന്നാല്‍ കാടില്‍ ചെന്നവസാനിക്കുന്ന കൊച്ചുമുറ്റത്ത് വെറുതെ വട്ടംചുറ്റാം. അതുമല്ലെങ്കില്‍ തേയിലച്ചെടികള്‍ വളരുന്ന മലഞ്ചെരിവുകളിലൂടെ നടക്കാന്‍ പോകാം. ഒരു ചൂടുചായയും മൊത്തി മുന്നിലെ പുല്‍പ്പരപ്പുണരുന്നതും നോക്കി വെറുതെ ഇരിക്കുകയുമാവാം.

മൊബൈല്‍ ഫോണുകള്‍ക്കൊന്നും ഇവിടെ കവറേജില്ല. ഒരു ലാന്‍ഡ്‌ലൈനുള്ളത് ഇടയ്‌ക്കേ പ്രവര്‍ത്തിക്കൂ. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കിലും തോന്നിയ പോലെയാണ് അതു പെരുമാറുക. എന്നാല്‍ എല്ലാത്തില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം കലര്‍ന്ന തോന്നലാണ് എനിക്കുണ്ടായത്. എല്ലാം മറന്ന് ഇങ്ങിനെ ഇരിക്കാമല്ലോ.

അപ്പോഴാണ് കേശവന്‍ വന്നത്. ബോട്ടിങ്ങിനു കൊണ്ടുപോകാം എന്ന വാഗ്ദാനവുമായി. ഞാന്‍ ഉടനെ സമ്മതിച്ചു. ഒരു തോണിയില്‍ ചാഞ്ചാടിയിരുന്നു കൊണ്ട് മേഘങ്ങളെ കാണുന്നതിന്റെ രസം ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി.

കുട്ടിക്കാലം മുതലേ എന്റെ എല്ലാ സാഹസങ്ങളിലും പങ്കാളിയായിരുന്നു സുനില്‍. ഞാന്‍ ഇന്നു കാണുന്ന ഞാനായതിനു പിന്നില്‍ ഏട്ടന്റെ വലിയ പിന്തുണയും പ്രോത്സാഹനവുമുണ്ട്. എന്റെ ഓരോ യാത്രകളുടെയും തുടക്കം -ആദ്യത്തെ ബൈക്ക് യാത്ര, മുറിച്ചു വെച്ച മനുഷ്യശരീരം കാണാന്‍ അനാട്ടമി ലാബിലേക്ക് നടത്തിയ സാഹസികയാത്ര, കന്യാകുമാരിയിലേക്കു നടത്തിയ വിനോദയാത്ര, ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകശാലയിലേക്കുള്ള സന്ദര്‍ശനം, എല്ലാം- ഏട്ടനുമൊത്തായിരുന്നു. എത്രയോ കാര്യങ്ങള്‍ ഒരുമിച്ചു പോയി കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് ഞങ്ങള്‍. അതാവണം, രജനിയും മക്കളും കൊട്ടവഞ്ചി യാത്ര ഒഴിവാക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോഴും ഒരിക്കല്‍ക്കൂടി ചേട്ടന്‍ എന്റെ കൂടെ വരാന്‍ തയ്യാറായത്.

ഷോളയാര്‍ ഡാമില്‍ നിന്ന് ഒഴുകിവീണ് കേരളത്തെയും തമിഴ്‌നാടിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയായി പ്രവഹിക്കുന്ന ഒരു നദിയുണ്ട് തൊട്ടടുത്ത്. ആനകള്‍ വെള്ളം കുടിക്കാനും കുളിക്കാനും വരുന്ന നദി.

തേയിലക്കാട്ടിലൂടെ കുത്തനെ ഇറങ്ങിച്ചെന്നാല്‍ അതിലെത്താം. ഫോര്‍-വീല്‍ ഡ്രൈവ് ജീപ്പിനു മാത്രമേ ദൃഷ്ടിയില്‍ പോലും പെടാത്ത ആ വഴി താണ്ടാനാവൂ. അതും ഒരു പ്രത്യേക പരിധി വരെ മാത്രം. അവിടെ നിന്ന് നദിക്കര വരെ നടക്കുക തന്നെ വേണം. നടക്കുന്നതിനിടെ മനോഹരമായ പരിസരക്കാഴ്ചകളില്‍ മുഴുകി ഞാനൊരു നിമിഷം നിന്നുപോയി. വെയില്‍ പരന്നു തുടങ്ങിയിട്ടുണ്ടെങ്കിലും കുളിരുള്ള ഒരു കാറ്റ് പച്ചപ്പിനു മേല്‍ നൃത്തം വെച്ചു നടക്കുന്നുണ്ട്.

ബോട്ടു കണ്ടപ്പോഴാണ് എന്റെ തെറ്റിദ്ധാരണയുടെ ആഴം ആദ്യം എനിക്കു ബോധ്യപ്പെട്ടത്. ഞാന്‍ പ്രതീക്ഷിച്ച കൊട്ടവഞ്ചിയൊന്നുമായിരുന്നില്ല അത്. മൂന്നു മുളക്കഷ്ണങ്ങള്‍ കൂട്ടിക്കെട്ടിയ ഒരു മുറിച്ചങ്ങാടം! ബോട്ടെന്നു വിളിക്കുന്ന ആ സാധനത്തിലേക്കു കയറാന്‍ പറ്റിയ ഒരു കടവോ കാലൂന്നി നില്‍ക്കാന്‍ പോന്ന ഒരു കര പോലുമോ അവിടെ ഉണ്ടായിരുന്നില്ല. ഞാനൊന്നും മിണ്ടിയില്ല. കയറാന്‍ തന്നെ തീരുമാനിച്ച് അതിനടുത്തേക്കു നടന്നു. പക്ഷെ, എങ്ങിനെ കയറാന്‍?

ഒരു കാല്‍ ഒരു പാറപ്പുറത്തൂന്നി മറുകാല്‍ ഇളകിയാടുന്ന ആ ചങ്ങാടത്തിലേക്കു വെച്ച് ഞാന്‍ ഒരു ഞൊടി നിന്നു. കാല്‍ വെച്ചതോടെ ചങ്ങാടം നീങ്ങാന്‍ തുടങ്ങി. സ്ലോ മോഷന്‍ സിനിമയിലെന്ന പോലെ കാല്‍ അകന്നു വരാനും തുടങ്ങി. ഒടുവില്‍ രക്ഷയില്ലാത്ത സ്ഥിതിയില്‍ ക്യാമറ തലയ്ക്കു മേലേ ഉയര്‍ത്തിപ്പിടിച്ച് ഞാന്‍ വെള്ളത്തിലേക്കു ചാടി. പുഴക്കു കൊടും തണുപ്പായിരുന്നു. ക്യാമറ പിടിച്ച കൈയുടെ മണിബന്ധം വരെ എല്ലാം നനഞ്ഞു കുതിര്‍ന്നു. ക്യാമറ മാത്രം സുരക്ഷിതമായിരുന്നു. ഒരു കണക്കില്‍ നനഞ്ഞതു നന്നായി. നനഞ്ഞാലോ എന്നു പേടിക്കാതെ ഇനി യാത്ര ചെയ്യാം. മാത്രമല്ല, ചങ്ങാടം വെള്ളത്തില്‍ പകുതി പൊങ്ങിയാണ് കിടക്കുന്നത്. അല്ലെങ്കിലും ഞാന്‍ നനയുമായിരുന്നു എന്നര്‍ഥം. അങ്ങിനെ നനഞ്ഞു കുതിര്‍ന്ന് അന്ന് ഞാനാ നദിയെ പൂര്‍ണമായി അനുഭവിച്ചറിഞ്ഞു. കിളികളുടെ പാട്ടല്ലാതെ ജീവന്റെ മറ്റൊരു ശബ്ദവും കേള്‍പ്പിക്കാതെ, മേലേ നിറഞ്ഞ നീലാകാശമല്ലാതെ മറ്റൊന്നും സാക്ഷിയില്ലാതെ..
'നീന്താന്‍ പറ്റിയ സ്ഥലം' - ഞാന്‍ ഏട്ടനോടു പറഞ്ഞു.
ഉം.. തോണിക്കാരന്‍ മുരണ്ടു. 'പക്ഷെ ഇവിടെ മുതലകളുണ്ട്'
എന്റെ ചങ്കിടിപ്പു നിലച്ചുപോയി! തീരം (പുഴവക്കിലെ പാറക്കൂട്ടത്തെ അങ്ങിനെ വിളിക്കാമെങ്കില്‍) വളരെ വളരെ പുറകിലായിക്കഴിഞ്ഞിരുന്നു!
അപ്പോള്‍ അക്കരെ നിന്ന് ചില്ലകളൊടിയുന്ന ശബ്ദം. അതെന്താ? ഞാന്‍ തോണിക്കാരനോടു ചോദിച്ചു. 'അതു കാട്ടാനകളാ..' അയാളുടെ നിസ്സംഗമായ മറുപടി. ആ കരയാകട്ടെ അടുത്തുമായിരുന്നു. മുതലകള്‍ക്കും കാട്ടാനകള്‍ക്കുമിടയില്‍! ആരാക്രമിക്കാന്‍ തീരുമാനിച്ചാലും ഒരു തിരഞ്ഞെടുപ്പു സാധ്യമല്ലാത്ത സ്ഥിതി. വരുന്നതു വരട്ടെ. ഞാന്‍ തീരുമാനിച്ചു. അതു സംഭവിക്കുമ്പോള്‍ നേരിടാം. അതുവരെ വേവലാതിപ്പെടണ്ട. ഇപ്പോള്‍ ഇവിടെ ഈ മുളം ചങ്ങാടത്തില്‍, പ്രകൃതിയില്‍ അലിഞ്ഞ്, മുന്നിലും ചുറ്റിലും നിറയുന്ന അതിന്റെ സൗന്ദര്യം നുകര്‍ന്ന്, അങ്ങിനെ സഞ്ചരിക്കുക തന്നെ...

അതായിരുന്നു വാല്‍പ്പാറ പകര്‍ന്ന യഥാര്‍ഥ ആനന്ദം. അപകടങ്ങളെ പിന്‍തുടരുന്നതിന്റെ ആനന്ദം. ചില സമയങ്ങളില്‍ ജീവിതം അങ്ങിനെ ചിലത് നമ്മുടെ മുന്നിലേക്കെറിഞ്ഞു തരും. അതിനെ പൂര്‍ണമായും തിരിച്ചറിയുകയോ അവഗണിക്കുകയോ ചെയ്യാം. യാത്രയുടെ ദൈവം അങ്ങിനെയാണ്. ഭക്തരെ വെല്ലുവിളികളിലൂടെ മാത്രമേ അദ്ദേഹം പരീക്ഷിക്കൂ.

ആ സമ്മാനങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുക. സാധ്യമെന്നു നിങ്ങള്‍ കരുതിയിട്ടേയില്ലാത്ത രീതികളില്‍ ജീവിതം വഴിതിരിയുന്നതു പൊടുന്നനെ നിങ്ങള്‍ക്കു കാണാം. യാത്രാദൈവങ്ങള്‍ നല്‍കുന്ന വരം അതാണ്.