കാര്‍ത്തഹീനയിലേക്കുള്ള വഴി വരണ്ടതും ശൂന്യവുമായിരുന്നു. മുന്നോട്ടു പോകും തോറും വഴി വിജനമായി വന്നു. എന്നാല്‍, കുറെ കാലത്തിനിടയ്ക്ക് ആദ്യമായി ഒരു വ്യത്യസ്തമായ യാത്ര നടത്തിയതു പോലെ എനിക്കു തോന്നി.....

വിങ്ങിപ്പുകയുന്ന ചൂട്്. വായു കനത്തു കിടന്നു. കാറ്റിനെ ഒഴുകി നടക്കാനനുവദിക്കാതെ.
ചിമ്മിയടഞ്ഞ കണ്ണുകളോടെ ഞാന്‍ ചുറ്റും നോക്കി. നീണ്ടു പോകുന്ന, വീതി കുറഞ്ഞ തെരുവ് മുന്നില്‍ തെളിഞ്ഞു വന്നു. കോബിള്‍സ്‌റ്റോണ്‍സ് പതിച്ച നടപ്പാതയും. കടകളെല്ലാം ഷട്ടര്‍ താഴ്ത്തിയിരിക്കുന്നു. ചുമരിലെ കൊച്ചു ജനവാതിലുകളും കണ്ണടച്ചു. എങ്ങും നിശ്ശബ്ദത. ഇതാണ് സ്പാനിഷ് സിയെസ്റ്റ -ഇല പോലും അനങ്ങാത്ത ഉച്ചമയക്കം!

ഒരേയൊരു ശബ്ദം മാത്രം ചെവിയില്‍ മുഴങ്ങി. അത് എന്റെ വയറ്റില്‍ നിന്നു തന്നെയായിരുന്നു. മണിക്കൂറുകളായി ഒന്നും കിട്ടാത്തതിന്റെ പ്രതിഷേധം. ഈ ഉറങ്ങുന്ന തെരുവില്‍ എവിടെ നിന്നാണാവോ ഞാന്‍ ഇനി ഭക്ഷണം കണ്ടെത്താന്‍ പോകുന്നത്? ഒപ്പം മറ്റൊരു ചോദ്യവും എന്നെ വേട്ടയാടി. എന്തിനാണ് ഞാനിവിടെ വന്നത്? എന്തിന്?

ഒരു വളവിനപ്പുറം കണ്ടു, തൂങ്ങിയാടുന്ന റെസ്‌റ്റോറന്റ് ബോര്‍ഡും താഴെ കുറച്ചു കസേരകളും. വലിയ ഒരു കുടയ്ക്കു കീഴെ അവ അടുക്കിയിട്ടിരിക്കുകയാണ്. മേശകളുടെ ഒരട്ടി മറ്റൊരു കുടയ്ക്കു കീഴെയുമുണ്ട്. കട അടച്ചു എന്നു പ്രത്യേകം എഴുതിവെയ്‌ക്കേണ്ട ആവശ്യമില്ല! ടാവേണിന്റെ ഒരു വാതില്‍ മാത്രം തുറന്നിട്ടുണ്ട്. അതിലേക്കു തന്നെ തുറിച്ചു നോക്കി ഞാന്‍ നിന്നു. മീസോണ്‍ പകൂകോയുടെ വാതിലിനു പിന്നിലെ ഇരുണ്ട ആ പ്രലോഭനലോകത്തിലേക്ക് എടുത്തു ചാടണോ എന്നു ശങ്കിച്ചുകൊണ്ട്. അപ്പോള്‍ വയറിന്റെ ഇരമ്പല്‍ വീണ്ടും. രണ്ടു പോലീസുകാര്‍ ഒരു മേശയ്ക്കരികിലിരുന്ന് വീഞ്ഞു കുടിക്കുന്നു. ബാറില്‍ വേറെയും ചിലരുണ്ട്. വട്ടമിട്ടിരുന്ന് എന്തോ കഴിക്കുകയാണ്. ഒരു സ്റ്റൂള്‍ ഒഴിവുണ്ട്. ഉള്ളില്‍ പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇതെങ്കില്‍ ഇത്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പോലീസുകാര്‍ അടുത്തുതന്നെ ഉണ്ടല്ലോ!

ബ്ലീച്ച് ചെയ്ത മുടിയും ലാബിലിടുന്ന കോട്ടും ധരിച്ച ഒരാളാണ് ബാര്‍ മാന്‍. അയാള്‍ക്ക് ഇംഗ്ലീഷറിഞ്ഞുകൂടാ. എനിക്ക് സ്പാനിഷും. മച്ചില്‍ തൂക്കിയിട്ടിരിക്കുന്ന ഹാം, ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു, 'ഹമോണ്‍'! ചുവന്ന വീഞ്ഞിന്റെ കുപ്പിയില്‍ തൊട്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു: 'വീനോ'. അപ്പോള്‍ എന്റെ കാതില്‍ ഒരു ശബ്ദം വന്നു പതിച്ചു. മൃദുവായി ആരോ മന്ത്രിക്കുന്നതു പോലെ: ഫ്രഞ്ച് അറിയുമോ?

ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരന്‍. എന്റെ തൊട്ടടുത്ത് അയാള്‍. വെറുതെ ചിരിക്കുന്ന ഒരുത്തന്‍. ചിരി സാധകം ചെയ്യുന്നതു പോലെ. 'നിങ്ങള്‍ക്ക് ഇവിടെ കിട്ടാവുന്ന ഏറ്റവും അനുയോജ്യനായ ആള്‍ ഇതാ.. വരൂ, എന്നെ അറിയൂ' എന്ന മുഖഭാവം. വിശപ്പും യാത്രാക്ഷീണത്തിന്റെയും ഇടയില്‍ ഒരു ശൃംഗാരം! ശൃംഗരിക്കാന്‍ പറ്റിയ നേരം തന്നെ! ഞാന്‍ മുരണ്ടു: നോ ഫ്രഞ്ച്! അയാള്‍ വിടാനുള്ള ഭാവമില്ല. ചോദ്യഭാവത്തില്‍ പുരികം വളച്ച് അടുത്ത ചോദ്യം: ഇറ്റാലിയന്‍?

ഞാന്‍ ഒരു ദീര്‍ഘശ്വാസമെടുത്ത് പറഞ്ഞു: ഇല്ല! എന്നിട്ട് ഒറ്റ ശ്വാസത്തില്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു. നോ സ്പാനിഷ്, നോ ഫ്രഞ്ച്, നോ ഇറ്റാലിയന്‍, നോ ജര്‍മന്‍.. ഒണ്‍ലി ഇംഗ്ലീഷ്. വേണമെങ്കില്‍ മലയാളം, തമിഴ്, ഹിന്ദി... അല്‍പ്പം കന്നഡയുമാവാം.

ഇത്തവണ അയാള്‍ ചിരിച്ചത് ജയിച്ചേ എന്ന മട്ടിലാണ്. ഒരു പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞല്ലോ എന്നാവണം. തട്ടില്‍ തൂക്കിയിട്ടിരിക്കുന്ന ഉണക്കമാംസം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു: ഹമോണ്‍. എന്നിട്ട് തന്റെ വിരല്‍ത്തുമ്പുകള്‍ ചുംബിക്കുകയും അതു പൂവിടരും പോലെ വിടര്‍ത്തിക്കാട്ടുകയും ചെയ്തു. എനിക്കാ മുദ്ര പിടികിട്ടി. ഒന്നാംതരം എന്നേ അതിനര്‍ഥമുള്ളൂ.

ഇപ്പോള്‍ എനിക്കും ഉള്ളില്‍ ചിരി വരുന്നുണ്ട്. ചെന്നുപെട്ടിരിക്കുന്ന അവസ്ഥയോര്‍ത്ത്. ഇതെല്ലാം സത്യമോ മിഥ്യയോ എന്നറിയാതെ. ഞാനിവിടെ എന്തിനു വന്നു? എന്തു ചെയ്യുകയാണ്?

ഭക്ഷണം എത്തി. ഞാനതെടുത്തു. മേശക്കു മുന്നിലിരുന്നു. വേഗം കഴിച്ചു. നിശ്ശബ്ദമായി. എല്ലാം തീര്‍ന്ന് തലയുയര്‍ത്തുമ്പോള്‍ ക്ഷമയോടെ അയാള്‍ കാത്തുനില്‍ക്കുന്നു! എതിര്‍വശത്തുള്ള ബഞ്ച് ചൂണ്ടിക്കാട്ടി അയാള്‍ ചോദിക്കുന്നു: ഇരുന്നോട്ടെ? മറുപടിക്കു കാക്കാതെ കാപ്പിക്കപ്പെടുത്ത് അരികില്‍ വന്നിരിക്കുന്നു. കാപ്പി വേണോ എന്നു ചോദ്യം. നിര്‍ബന്ധം കൂടിയപ്പോള്‍ ഞാന്‍ സ്പാനിഷില്‍ പറഞ്ഞു. സീ.. ഗ്രാസ്യാസ്.. (എങ്കില്‍ ആവട്ടെ. നന്ദി).

കഫേ നീഗ്രോ? വേണ്ട, കഫേ ലാറ്റെ -ഞാന്‍ നിര്‍ദ്ദേശിച്ചു. അയാള്‍ക്കു പിടികിട്ടിയില്ല. മേശപ്പുറത്തു നിന്ന് ടിഷ്യു പേപ്പറെടുത്ത് ഞാനൊരു പശുവിനെ വരച്ചു. അതിന്റെ അകിടില്‍ നിന്നും പാല്‍ ചുരത്തുന്നതു കാണിച്ചു. മനസ്സിലായി എന്നയാള്‍ പുഞ്ചിരിയിട്ടു. ഇതു കൊള്ളാമല്ലോ എന്ന് അപ്പോള്‍ എനിക്കും തോന്നി. ആംഗ്യങ്ങളും ചിത്രലിപിയുമുപയോഗിച്ചുള്ള ഈ സംഭാഷണം...

എഡ്വാര്‍ഡോ ഒരു ഭാഷാധ്യാപകനാണ്. ഇറ്റാലിയനും ഫ്രഞ്ചും സ്പാനിഷിലേക്കു വിവര്‍ത്തനം ചെയ്യുന്നു. ഇംഗ്ലീഷ് അറിയില്ല. ഭക്ഷണത്തിന്റെയും കാപ്പിയുടെയും പൈസ താന്‍ തന്നെ കൊടുക്കുമെന്ന് അയാള്‍ക്കു വാശി. എങ്കിലാവട്ടെ എന്നു ഞാനും. ഈ ധീരതയെ എന്തിനു തടസ്സപ്പെടുത്തണം? എല്ലാം കഴിഞ്ഞപ്പോള്‍ തന്റെ ടെലിഫോണ്‍ നമ്പര്‍ ഒരു തുണ്ടു പേപ്പറിലെഴുതി അയാളെനിക്കു നീട്ടി. വിളിക്കണം, നമുക്കു ചുറ്റി നടക്കാന്‍ പോകാം. അയാള്‍ ആംഗ്യം കാണിച്ചു. ഞാന്‍ ശരി, ശരി എന്നു പറഞ്ഞു. അല്‍പ്പം ഉച്ചത്തിലായിപ്പോയോ എന്നു സംശയം. സമയം നീട്ടിക്കിട്ടാന്‍ വേണ്ടി രാവിലെ, രാവിലെ എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപ്പോള്‍ അയാളെന്റെ തലമുടി ചൂണ്ടിക്കാട്ടി പറഞ്ഞു: എന്തു ഭംഗി!
കാര്യങ്ങളുടെ പോക്ക് എനിക്കു പിടികിട്ടിത്തുടങ്ങി...

കാര്‍ത്തഹീന (Cartagena) യുമായുള്ള എന്റെ ആദ്യ മുഖാമുഖമായിരുന്നു അത്. തെക്കന്‍ സ്‌പെയിനില്‍ മെഡിറ്ററേനിയന്‍ കടലോരത്തു കിടക്കുന്ന ഒരു നഗരം. 37º36' N, 0º59' ണ. കാര്‍ത്തഹീനയില്‍ ചെന്നാല്‍ ആദ്യം പഠിക്കേണ്ടത് ഇതാണ്: ഴ എന്ന ഖരാക്ഷരത്തെ വ കൊണ്ട് പകരം വെയ്ക്കണം. രണ്ടാമത്തെ കാര്യം, ആരും കാര്‍ത്തഹീനയിലേക്കു പോകാറില്ല!

അതാവണം, വടക്കന്‍ യൂറോപ്പിലുള്ളവരെല്ലാം അലികാന്തെയിലേക്കാണ് പോകുന്നത്. കാര്‍ത്തഹീനയില്‍ നിന്ന് ഒരു മണിക്കൂര്‍ ഡ്രൈവേ ഉള്ളൂ അലികാന്തെ എന്ന മനോഹരമായ കടല്‍ത്തീരത്തിലേക്ക്. ധാരാളം വിമാനങ്ങളും അതിവേഗത്തീവണ്ടികളുമുള്ള അലികാന്തെയാണ് സ്‌പെയിന്റെ ഈ ഭൂഭാഗത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നത്. കാര്‍ത്തഹീനയില്‍ നിന്നു വരുന്ന ടാക്‌സി കാത്ത് നില്‍ക്കുമ്പോള്‍ അലികാന്തെ എയര്‍പോര്‍ട്ട് നിറയെ വെള്ളക്കാരായ ടൂറിസ്റ്റുകളുണ്ടായിരുന്നു. ബീച്ച് വസ്ത്രം ധരിച്ച്, സര്‍ഫ് ബോര്‍ഡുകളും വലിയ സ്‌പോര്‍ട്‌സ് ബാഗുകളും പേറി, അലികാന്തെ ബീച്ച് തേടി വരുന്നവര്‍. മലയ്ക്കും കടലിനുമിടയിലുള്ള അലികാന്തെയുടെ കിടപ്പാവണം ആ നഗരത്തിനിത്ര ഭംഗി നല്‍കിയത്. ഏതു സഞ്ചാരിയേയും വ്യാമോഹിപ്പിക്കുന്ന സൗന്ദര്യം.

കാര്‍ത്തഹീനയിലേക്കുള്ള വഴി പക്ഷെ വരണ്ടതും ശൂന്യവുമായിരുന്നു. അപരിചിതമായ ഭൂപ്രകൃതികളിലൂടെയായിരുന്നു. മുന്നോട്ടു പോകും തോറും വഴി വിജനമായി വന്നു. കുറെ കാലത്തിനിടയ്ക്ക് ആദ്യമായി ഒരു വ്യത്യസ്തമായ യാത്ര നടത്തിയതു പോലെ എനിക്കു തോന്നി. നിങ്ങളുടെ സുഖജീവിതത്തിന് ഈ ബ്രാന്‍ഡ് ഉല്‍പ്പന്നം അനിവാര്യം എന്നു വിളിച്ചു പറയുന്ന പരസ്യപ്പലകകളോ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളോ ആള്‍ക്കൂട്ടങ്ങളോ ഒന്നും എവിടെയും ഉണ്ടായിരുന്നില്ല. ഇടയ്‌ക്കൊരു കാര്‍ ചൂളംകുത്തി കടന്നു പോകുന്നതോ കാഴ്ചയുടെ അതിര്‍ത്തിയില്‍ പൊടുന്നനെ ഒരു ട്രക്ക് പ്രത്യക്ഷപ്പെടുന്നതോ പോയ്മറയുന്നതോ അല്ലാതെ, ഒന്നും...

ടാക്‌സി ഡ്രൈവര്‍ പാബ്ലോ തനിക്കറിയുന്ന ഇംഗ്ലീഷില്‍ എന്നോടു പലവട്ടം പറഞ്ഞു: കാര്‍ത്തഹീന അത്ര നല്ല സ്ഥലമല്ല. നിങ്ങള്‍ക്ക് അലികാന്തെയ്‌ക്കോ മൂര്‍സിയയ്‌ക്കോ പോകാമായിരുന്നു. അല്ലെങ്കില്‍ ലെ മാംഗയിലേക്ക്. എത്ര നല്ല ബീച്ചാണ്...! കാര്‍ത്തഹീനയോടുള്ള ഈ അനിഷ്ടത്തിന് അവിടെ താമസിച്ച ഒരാഴ്ചയ്ക്കിടെ പിന്നീട് പലപ്പോഴും ഞാന്‍ സാക്ഷിയായി. നേരത്തേ ഈ സന്ദര്‍ശനത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ തന്നെ, എന്റെ കൊളംബിയന്‍ സുഹൃത്ത് അല്‍വാരോയും എന്നെ രൂക്ഷമായി നോക്കിയിട്ട് ചോദിച്ചിരുന്നു: കാര്‍ത്തഹീനയ്‌ക്കോ? ഒരാഴ്ച? എന്തു ചെയ്യും നീ? അവിടെ ഒന്നുമില്ലല്ലോ..

എന്നിട്ടും എങ്ങിനെയാണ് ഇവിടെത്തന്നെ എത്തിപ്പെട്ടതെന്നോര്‍ത്ത് സ്വയം ആശ്ചര്യപ്പെട്ടുകൊണ്ട് ഞാന്‍ നിശ്ശബ്ദയായി ഇരുന്നു. കാര്‍ത്തഹീനയിലേക്കുള്ള ക്ഷണം ആദ്യമായി മെയില്‍ ബോക്‌സില്‍ കണ്ട നിമിഷം ഞാനോര്‍ത്തു. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ Love in the time of Cholera യിലെ വിഖ്യാതമായ ദേശം, കാര്‍ത്തഹീന. ആ പേര് വായിച്ച് ഞാന്‍ പിടഞ്ഞെഴുനേറ്റു. പക്ഷെ ഇത് മറ്റൊന്നായിരുന്നു, സ്‌പെയിനിലെ കാര്‍ത്തഹീന. സ്പാനിഷ് അധിനിവേശസേന പുന:സൃഷ്ടിച്ച ലാറ്റിനമേരിക്കന്‍ നഗരത്തിന്റെ രണ്ടാംപതിപ്പ്.

ഹോട്ടല്‍ മുറിയില്‍ കയറി കതകടച്ച് ഞാന്‍ ചുരുണ്ടുകിടന്നു. എയര്‍ കണ്ടീഷനര്‍ പരമാവധി കൂട്ടിവെച്ച്, പുതപ്പില്‍ മൂടി. എന്റെ ആതിഥേയരില്‍ നിന്ന് വിവരമൊന്നുമില്ല. ഇനി അവര്‍ വന്നില്ലെങ്കിലോ? ഒരാഴ്ച എന്തു ചെയ്യും? എന്നും മീസോണ്‍ പകൂകോവില്‍ പോയി ചിത്രലിപിയും ആംഗ്യവും കാട്ടി ഭക്ഷണം കഴിക്കേണ്ടി വരുമോ? എഡ്വാര്‍ഡോവിനെ വീണ്ടും കാണേണ്ടി വരുമോ? അയാള്‍ എന്താണ് നോട്ടമിട്ടിരിക്കുന്നത് ആവോ?

ഇനിയെന്ത്? എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കാര്‍ത്തഹീനയിലേക്കുള്ള ഈ യാത്ര ഒരാഴ്ചത്തെ ഇടവേള അനുവദിക്കപ്പെട്ടതു പോലെയായിരുന്നു. സാധാരണയായി ഇത്തരം ക്ഷണിക്കപ്പെട്ട യാത്രകളില്‍ 'എഴുത്തുകാരി' എന്ന വേഷംകെട്ടി അഭിനയിക്കേണ്ടി വരാറുണ്ട്. ആ ബാധ്യത ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ കൊച്ചുപട്ടണത്തില്‍, സ്വന്തമായി വാക്കുകള്‍ ഇല്ലാത്ത, നിഗൂഢത പുലര്‍ത്തുന്ന അപരിചിതയായ ഒരു സഞ്ചാരിയുടെ വേഷം കെട്ടിയാടേണ്ടി വരികയാണോ?

അപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. ക്ഷമാപണവും കുറ്റബോധവും നിറഞ്ഞ, പിറുപിറുക്കും പോലുള്ള ഒരു സ്വരം കാതില്‍ മുഴങ്ങി. നതാലിയ കാര്‍ബഹോസ പാല്‍മീറോ. അടുത്ത ഒരാഴ്ചക്കുള്ള എന്റെ പരിഭാഷക. കാര്‍ത്തഹീന സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടറുമാണ്. ഇനി എപ്പോഴും കൂടെത്തന്നെയുണ്ടാവും എന്നവര്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ഗുഡ് ബൈ എഡ്വാര്‍ഡോ..

നതാലിയ ചെറുപ്പമാണ്. നേരില്‍ കണ്ടപ്പോഴാണ് മനസ്സിലായത്. ഒഴുകുന്ന മുടി. മുപ്പതുകളിലെത്തി നില്‍ക്കുന്ന പ്രായം. ആശ്ചര്യം തോന്നിപ്പിക്കുന്ന സമചിത്തത. മുഖത്ത് സദാ അലസമായ ഒരു പുഞ്ചിരി. പതിഞ്ഞ സംസാരം. അവരുമൊത്ത് പിന്നീട് ചിലവഴിച്ച എത്രയോ മണിക്കൂറുകളില്‍ ഒരിക്കല്‍ പോലും, പ്രകോപിപ്പിച്ചിട്ടു പോലും, അവര്‍ ശബ്ദമുയര്‍ത്തുന്നത് ഞാന്‍ കേട്ടില്ല. കലുഷമായ ചരിത്രമുള്ള കാര്‍ത്തഹീന എന്നില്‍ ക്രമേണ സൗന്ദര്യമായി വന്നു നിറഞ്ഞത് ഈ നതാലിയയിലൂടെയാണ്.

ആഫ്രിക്കയിലെ യഥാര്‍ഥ കാര്‍ത്തേജിനു ബദലായിട്ടാണത്രെ കാര്‍ത്തഹീനക്കാര്‍ ഈ നഗരം പണിതുയര്‍ത്തിയത്. എന്നാല്‍ അവരിവിടെ ഏറെക്കാലം വാണില്ല. ബി.സി. 209ല്‍ റോമന്‍ പ്യൂബ്ലിയോ കൊര്‍ണീലിയോ എസ്പിയാന്‍ നഗരം ആക്രമിച്ചു കീഴടക്കി. അതോടെ ഹ്രസ്വമായ ആ പ്യൂണിക് ആധിപത്യം അവസാനിച്ചു. ബി.സി. രണ്ടാം നൂറ്റാണ്ടു വരെ പിന്നെ റോമന്‍ ഭരണമായിരുന്നു. അതിനു ശേഷമുള്ള കാലം കാര്‍ത്തഹീനയുടെ ചരിത്രത്തിലെ അന്തരാളഘട്ടമാണ്. ഭരണമില്ലാത്ത നഗരം അക്രമികളുടെ പിടിയിലായി. കൊള്ളയും കൊലയും പതിവായി. അരാജകത്വം നടമാടി. അഞ്ചാം നൂറ്റാണ്ടില്‍ ഹുസ്റ്റിനാനോ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ബൈസാന്റീന്‍ പട ഭരണം പിടിച്ചെടുക്കുന്നതു വരെ അതു തുടര്‍ന്നു. എ.ഡി. 624ല്‍ കൂടുതല്‍ പ്രാകൃതരായ വിസിഗോത്തുകള്‍ നഗരം പിടിച്ചു. 734ല്‍ നഗരം അറബികളുടെ അധീനതയിലായി. പിന്നീട് ഫെര്‍ണാണ്ടോ മൂന്നാമന്‍ അതിനെ കാസ്റ്റൈല്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ത്തു. കാര്‍ത്തഹീനക്ക് സമാധാനം വിധിച്ചിട്ടുണ്ടായിരുന്നില്ല.അടുത്ത കാലം വരെ ജനറല്‍ ഫ്രാങ്കോയുടെ കൈകളിലായിരുന്നു കാര്‍ത്തഹീന. അലികാന്തെക്കൊപ്പം കാര്‍ത്തഹീനയും ഫ്രാങ്കോ പിടിച്ചുവെച്ചു. 1936 -39 കാലത്തെ ആഭ്യന്തരയുദ്ധത്തില്‍ നാവികപ്പടയുടെ മുഖ്യതാവളം കാര്‍ത്തഹീനയായിരുന്നു.

വൈവിധ്യമാര്‍ന്ന ഈ ചരിത്രത്തിന്റെ തെളിവുകള്‍ കാര്‍ത്തഹീനയില്‍ എവിടെയും കാണാം. നതാലിയയുടെ ഭര്‍ത്താവ് എമിലിയോയുടെ അറബ് സ്പര്‍ശമുള്ള വളഞ്ഞ മൂക്കു മുതല്‍ കാര്‍ത്തഹീനയുടെ പതാകവരെ എല്ലാത്തിലും. 1869ലെ ഫെഡറലിസ്റ്റ് പ്രസ്ഥാനക്കാരുടെ കൊടിയാണ് പിന്നീട് കാര്‍ത്തഹീനക്കാര്‍ പതാകയായി സ്വാംശീകരിച്ചത്. അതു ചുവന്ന കൊടിയാണ്. കാര്‍ത്തഹീനയില്‍ അന്നുവരെ ചെങ്കൊടി ഉണ്ടായിരുന്നില്ലത്രെ. തുര്‍ക്കിയുടെ പതാക എടുത്ത് അതിലെ ചന്ദ്രക്കലയും നക്ഷത്രവും തന്റെ സ്വന്തം രക്തത്താല്‍ മായ്ച്ച് ഒരു ഫെഡറലിസ്റ്റ് പോരാളി ഉണ്ടാക്കിയതാണ് ആ പതാക. കടുംചോരയുടെ നിറമുള്ള പതാക.

കാര്‍ത്തഹീനയില്‍ ഒരാഴ്ചക്കാലം ഞങ്ങള്‍ അലഞ്ഞു നടന്നു. കടലോരങ്ങളിലൂടെയും ചരിത്രസ്മാരകങ്ങളിലൂടെയും. ഒന്നല്ല, പല തവണ. 1854ല്‍ പണിത കാളപ്പോര് സ്‌റ്റേഡിയത്തിന്റെ അടിയില്‍ പുരാതനകാലത്തെ ആംഫിതിയേറ്ററിന്റെ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ കണ്ടു. എ.ഡി. 70ല്‍ പണിതത്. 11000ത്തോളം കാണികളെ ഉള്‍ക്കൊള്ളുമായിരുന്നത്രെ അതില്‍. അവിടെയെത്തിയപ്പോള്‍ ഞാന്‍ തെല്ലിട നിന്നു. ചരിത്രത്തിന്റെ ചില യാദൃശ്ചികതകള്‍! അല്ലെങ്കില്‍ കാളപ്പോരിന്റെ സ്‌റ്റേഡിയം പണിയാന്‍ ഈ പ്രദേശം തന്നെ എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു? ചോരയില്‍ കുതിര്‍ന്ന മണ്ണിന്റെ ഗന്ധമാവുമോ അതിന്റെ പ്രേരണ? അതോ സഹജീവിയോട് കൈക്കരുത്ത് കാട്ടാനുള്ള മനുഷ്യന്റെ ജന്മവാസനകളോ?

ചരിത്രം എനിയ്ക്കിഷ്ടമുള്ള വിഷയമാണ്. പക്ഷെ, ചരിത്രസ്മാരകങ്ങളോട് പ്രത്യേകിച്ച് ഒരിഷ്ടവുമില്ല. ഒരു ചരിത്ര നഗരത്തില്‍ വിനോദസഞ്ചാരിയായി വന്നുപെട്ടതിന്റെ കുറ്റബോധം കൊണ്ടു മാത്രമാണ് ഇത്രയെങ്കിലും ചെയ്യുന്നതെന്ന് ഞാന്‍ നതാലിയയോടും എമിലിയോവിനോടും വിശദീകരിച്ചു. എന്റെ ഏറ്റവും വലിയ ആശ്വാസം ഇതായിരുന്നു: കാര്‍ത്തഹീനയില്‍ ടൂറിസമെന്ന പേരില്‍ മ്യൂസിയങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടില്ല. ശില്‍പ്പകലാവിസ്മയങ്ങളെക്കുറിച്ചുള്ള ഗൈഡുകളുടെ ഗീര്‍വാണങ്ങളും സഹിക്കണ്ട. വൈകുന്നേരങ്ങളില്‍ സൂര്യന്‍ കടലിലേയ്ക്കു ചായുമ്പോള്‍ ഞാനവരോടു പറയും: നമുക്കീ തെരുവുകളിലൂടെ വെറുതെ നടക്കാം.

കടലോര നഗരമാണെങ്കിലും കാര്‍ത്തഹീനയില്‍ നല്ല ബീച്ചുകള്‍ ഇല്ല. ആകെയുള്ളത് കടലിലേക്കു നീട്ടിക്കെട്ടിയ വലിയൊരു നടപ്പാത മാത്രം. അതിലൂടെ കടലിലേക്കു നടക്കാം. ബെഞ്ചുകളില്‍ കാറ്റേറ്റിരിക്കാം. കണ്ണടച്ചു നിന്നാല്‍ കടല്‍ഭിത്തികളില്‍ നക്കുന്ന തിരമാലകളുടെ ദുര്‍ബലസംഗീതം കാതുകളില്‍ അലയടിക്കുന്നതു കേള്‍ക്കാം.

ബീച്ചുകളില്ലാത്തതു കൊണ്ടാവാം, സൂര്യാരാധകര്‍ക്ക് ഈ നഗരത്തോട് വലിയ മമതയില്ല. ഇവിടെ വരുന്നവരെല്ലാം സമുദ്രപ്രേമികളാണ്. വെട്ടിത്തിളങ്ങുന്ന കടലില്‍ പല വലുപ്പത്തിലുള്ള ധാരാളം നൗകകള്‍ വെയില്‍ കാഞ്ഞലയുന്നതു കാണാം. കടല്‍പ്പാലത്തിന്റെ അങ്ങേയറ്റത്തു ചെന്ന് ഞാനവയെ നോക്കിനില്‍ക്കും. മിക്കതിന്റെയും പായകള്‍ ചുരുട്ടി വെച്ചിരിക്കും. ഡെക്കുകള്‍ തിരകള്‍ നക്കി വൃത്തിയാക്കിയിട്ടുണ്ടാവും. ഒരു ദിവസം അങ്ങിനെയൊരു ബോട്ടിനെ സൂക്ഷിച്ചുനോക്കി ഞാന്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരച്ഛനും രണ്ടു മക്കളും അരികില്‍ വന്നു നിന്നു. കൊച്ചുകുട്ടികളിലൊരാള്‍ അച്ഛനോട് സ്പാനിഷില്‍ എന്തോ ചോദിച്ചു. നതാലിയ പുഞ്ചിരിച്ചു. ഞാനാ ഡെക്കിലേക്കു ചാടിക്കേറി തുഴഞ്ഞു പൊയ്‌ക്കോട്ടെ എന്നാണവന്‍ ചോദിക്കുന്നത് -നതാലിയ പരിഭാഷപ്പെടുത്തി. ചെറിയ ആണ്‍കുട്ടികള്‍ക്കു മാത്രമേ ഇത്തരം സാഹസികമായ പകല്‍സ്വപ്‌നങ്ങള്‍ കാണാനാവൂ, ഞാന്‍ വിചാരിച്ചു. ഞാനാണെങ്കില്‍, ഒരു ഹോര്‍ച്ചെറ്റ (സ്പാനിഷ് വേനല്‍ക്കാല പാനീയം)യും മൊത്തിക്കുടിച്ച്, കടല്‍പ്പക്ഷികളുടെ പാട്ടും കേട്ടുകൊണ്ട്, തീരമില്ലാത്ത ഈ തീരത്ത് എത്രനേരം വേണമെങ്കിലും സന്തോഷത്തോടെ വെറുതെയിരുന്നു കൊള്ളാമെന്നേ പറയൂ.

എന്നാലും, മെഡിറ്ററേനിയനല്ലേ മുന്നില്‍? അതില്‍ ഒന്നു നീന്തിക്കുളിക്കാതിരിക്കുന്നതെങ്ങിനെ? ഞായറാഴ്ച രാവിലെ അതിനു മുമ്പേ നതാലിയയുടെ വീട്ടില്‍ ബ്രേക്ക്ഫാസ്റ്റുണ്ട്. നതാലിയയുടെ അമ്മായിയമ്മ, പെപ്പിറ്റ, ചൂടുള്ള ചൂറോസും (സ്പാനിഷ് സ്‌നാക്ക്) ചോക്കളേറ്റും റെഡിയാക്കിവെച്ചിട്ടുണ്ട്. എനിക്കാണെങ്കില്‍ ചോക്കളേറ്റ് കണ്ണിനു നേരെ കണ്ടുകൂടാ. പതുക്കെ ചൂറോസിനെ ഞാന്‍ ചോക്കളേറ്റില്‍ മുക്കി, വേണോ വേണ്ടയോ എന്ന മട്ടില്‍ ഒന്നു കടിച്ചു... എന്തൊരു സ്വാദ്!

എന്റെ യാത്രകള്‍ ഞാനടയാളപ്പെടുത്തുന്നത് പലപ്പോഴും രുചികളിലൂടെയാണ്. ഓരോ ദേശത്തും കണ്ടെത്തിയ ഓരോ രുചികള്‍ ഓര്‍ത്തുവെച്ചുകൊണ്ട്. സ്പാനിഷ് രുചികളില്‍ ഞാന്‍ എല്ലാം മറന്ന് അഭിരമിക്കുക തന്നെ ചെയ്തു. ടാപസ് റെസ്റ്റോറന്റില്‍ ഞാന്‍ തിന്നു മദിച്ചു നടന്നു. നേര്‍ത്ത ടോസ്റ്റും കടലുപ്പും പുരട്ടി ഒലീവെണ്ണയില്‍ പൊരിച്ചെടുത്ത ബ്രെഡിലാവും മിക്ക ദിവസവും തുടക്കം. ചുവന്ന മുളകു കൂട്ടി പാകപ്പെടുത്തിയ ചൊരീസോ കരുമുരാ കടിച്ചുതിന്നു കൊണ്ട് അതു മുന്നേറും. ഹമോണ്‍ ഇബെരീകോയുടെ സുഗന്ധവും രുചിയും ആസ്വദിച്ചു കൊണ്ടാവും അത് അവസാനിക്കുക. ഓക്ക് മരത്തിന്റെ പഴങ്ങള്‍ തീറ്റയായി നല്‍കി പ്രത്യേകം വളര്‍ത്തുന്ന പന്നിയുടെ മാംസമാണ് ഇത്. മുറിച്ചെടുത്ത മാംസം ഒരു ഗുഹയില്‍ വെച്ച്് ഉണക്കിയാണ് ഹമോണ്‍ ഇബെരീകോ ഉണ്ടാക്കുന്നതെന്ന് ഒരു ഭക്ഷണപ്രിയന്‍ എന്നോടു പറഞ്ഞു. സ്പാനിഷ് ഭക്ഷണം എന്റെ രുചികളെ ലഹരിപിടിപ്പിക്കുക തന്നെ ചെയ്തു.

കാര്‍ത്തഹീനയില്‍ മത്സ്യമായിരുന്നു പ്രധാന വിഭവം. ഉപ്പിട്ട മീന്‍, സ്റ്റൂ, ഞണ്ടും കോഴിയും ചേര്‍ത്ത് വേവിച്ച കുങ്കുമരുചിയുള്ള പയേയ (Paella) എന്നിവയാണ് ഭക്ഷണം. മീന്‍ വിഭവങ്ങളില്‍ മെഡിറ്ററേനിയന്‍ ഉപ്പ് വന്‍തോതില്‍ ഉപയോഗിക്കും. മീന്‍ സ്റ്റൂവാകട്ടെ അതേ ചാറില്‍ത്തന്നെ വേവിച്ച ചോറിനൊപ്പമാണ് ഉപയോഗിക്കുക. വെളുത്തുള്ളിയും മഞ്ഞക്കരുവും എണ്ണയും വിനിഗറും ഒപ്പം ചേര്‍ക്കും. ഫിഗ് പഴം കൊണ്ടുണ്ടാക്കുന്ന ബ്രെഡ് രുചികരമായ മറ്റൊരു വിഭവം. കാര്‍ത്തഹീനക്കാരുടെ സ്വന്തം 'അസിയാറ്റിക്കോ'യാണ് അതിലും കേമം. കട്ടിപ്പാലും ബ്രാണ്ടിയും കറുവപ്പട്ടയും ചേര്‍ത്തുണ്ടാക്കുന്ന ലഹരി നുരയുന്ന കാപ്പി!

പെപ്പീറ്റ ഉണ്ടാക്കിയ കനം കുറഞ്ഞ 'തൊര്‍തീയ' (ഓംലറ്റിന്റെ ഒരു വകഭേദം) മറക്കാനാവില്ല. എന്നാല്‍ കാര്‍ത്തഹീനയുടെ പ്രഥമരുചിയായി എന്നിലവശേഷിക്കുന്നത് ചൂറോസ് തന്നെയാണ്. സുഖകരമായ ഒരു സ്വാസ്ഥ്യം പോലെ. ഉയര്‍ന്ന കൊളസ്‌ട്രോളും ആലസ്യവുമാണ് ബാക്കിപത്രമെങ്കിലും കഴിക്കുമ്പോള്‍ അതിന്റെ അടിവേരു ചികഞ്ഞു പോകാനൊന്നും ഞാന്‍ മിനക്കെട്ടില്ല.

കാര്‍ത്തഹീനയില്‍ വരുന്നവരെല്ലാം ലാ മാംഗാ ഡെല്‍ മാര്‍ മെനോറിലും പോകും. 20 കിലോമീറ്റര്‍ ദൂരെ, ഉള്‍ക്കടലിലുള്ള ഒരു തുരുത്താണ് ഇത്. 160 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കൊച്ചു ദ്വീപ്. ചുറ്റും തിരമാലകളില്ലാത്ത ശാന്തമായ സമുദ്രം. കാര്‍ത്തഹീനയേക്കാള്‍ അധികം പേരും ഇഷ്ടപ്പെടുന്നത് റിസോര്‍ട്ടുകള്‍ നിറഞ്ഞ ഈ തുരുത്താണ്. വേനല്‍ക്കാല സഞ്ചാരികളുടെ സ്വര്‍ഗതീരം. അതിനാല്‍ ഞങ്ങള്‍ അവിടം ഉപേക്ഷിച്ചു. ദൂരെയുള്ള കാബോ ഡി പയോസിലേക്കു (Cabo de Palos) പോകാന്‍ തീരുമാനിച്ചു. കല്‍ബ്ലാങ്ക്യുവിലുള്ള ഒരു സംരക്ഷിതമേഖലയാണ് ഇത്. വൈവിധ്യമേറിയ ഒരു ആവാസവ്യവസ്ഥ. കുറ്റിക്കാടുകളും വലിയ കാടുകളും ഉപ്പുഖനികളും മണലും കടല്‍ത്തീരവും മലകളും എല്ലാം ചേര്‍ന്ന ഒരു പ്രദേശം. അപൂര്‍വമായ ഒരു പാരസ്പര്യത്തില്‍ അവയെല്ലാം ആലിംഗനം ചെയ്തു നില്‍ക്കുന്നതു പോലെ തോന്നും.

യാത്രയില്‍ നിരവധി കാറുകള്‍ ഞങ്ങളെ കടന്നുപോയി. അപ്പോഴാണ് നതാലിയ റോഡ്രിഗസ് സിന്‍ഡ്രോമിനെക്കിറിച്ച് വിവരിച്ചത്. വേനല്‍ക്കാലത്ത് ഭാര്യയും മക്കളും ബീച്ച്ഹൗസില്‍ തങ്ങും. ഭര്‍ത്താവ് സിറ്റിയിലും. വീക്കെന്‍ഡ് ആയാല്‍ അയാള്‍ കുടുംബത്തിന്റെ അടുത്തു ചെല്ലും. എന്നാല്‍ ബാക്കിയുള്ള ദിവസങ്ങളില്‍ ഈ മിസ്റ്ററിന് ഒരു ഗേള്‍ ഫ്രന്‍ഡ് ഉണ്ടാവും. അവര്‍ പോകുന്ന റെസ്‌റ്റോറന്റ്, ഹോട്ടലുകളിലെല്ലാം അയാള്‍ കൊടുക്കു്ന്ന പേര് സെനോര്‍ റോഡ്രിഗസ് എന്നാണ്. ഇംഗ്ലണ്ടിലെ മിസ്റ്റര്‍ സ്മിത്ത് പോലെ. ഇത് വെറുമൊരു കാരിക്കേച്ചര്‍ ആണോ? യഥാര്‍ഥത്തില്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്? ആര്‍ക്കറിയാം? പക്ഷെ കേള്‍ക്കാന്‍ നല്ല രസമുള്ള കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ പോകുന്ന വഴിയെല്ലാം ഞാന്‍ റോഡ്രിഗസുമാരെ എണ്ണിക്കൊണ്ടു പോയി.

കാബോയില്‍ ഒട്ടും ആള്‍ത്തിരക്കില്ല. തീരെ ആക്രമിക്കപ്പെടാത്ത ഒരു തീരം. വെയില്‍ നാളങ്ങളെ ചെറുക്കാനുള്ള ലോഷന്‍ ദേഹം മുഴുവന്‍ പുരട്ടി നതാലിയ സൂര്യസ്‌നാനം ചെയ്തു. തീരത്ത് തിരകള്‍ വരച്ചുമായ്ക്കുന്ന ചിത്രപടങ്ങളെ നോക്കി എമിലിയോ ദൂരെ മാറി നിന്നു. തിരകള്‍ക്കു മേലേ മലര്‍ന്നു കിടന്ന് ഞാന്‍ നീന്തിക്കൊണ്ടേയിരുന്നു...
എന്നില്‍ നിന്നു തന്നെയുള്ള ഒരിടവേള. കാര്‍ത്തഹീന തന്നത് അതാണ്. ഇനി കയറാം. കാലുകള്‍ കരയില്‍ തൊട്ടപ്പോള്‍ എന്തോ വിരലില്‍ തടഞ്ഞു. ചെറിയ ഒരു ഉരുളന്‍ കല്ല്. തവിട്ടു നിറമുള്ള അരികുകളും നീലയും ചാരവും കലര്‍ന്ന ഒരു കല്ല്്്. കടലും കരയും ഒന്നുചേര്‍ന്ന സ്മാരകശില. ഒരു ഖരാക്ഷരം മാറ്റിയെഴുതിയാല്‍ കിട്ടുന്ന, കാലം നിശ്ചലമായ, ചരിത്രം അപ്രസക്തമായ, പുരാതനമായ ആ ഭൂപ്രദേശത്തിന്റെ ഓര്‍മ്മയ്ക്കായി ഞാനതിനെ കൈവെള്ളയില്‍ കോരിയെടുത്തു...