പാകിസ്താനിൽ ഇന്ത്യൻ സംഘത്തിന്റെ സംരക്ഷണ ചുമലതയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ലേഖകൻ. ഫോട്ടോ പി മുസ്തഫ
ഇസ്ലാമാബാദിൽ ഞങ്ങളെ സ്വീകരിച്ചത് യൂണിഫോം ധരിക്കാത്ത ഒരു പട്ടാള ഓഫീസറായിരുന്നു. അദ്ദേഹം ചോദിച്ചു, ' നിങ്ങൾ സത്യം പറയണം ഇക്കൂട്ടത്തിൽ ഇന്ത്യൻ ആർമയിൽ നിന്നുള്ള ആരെങ്കിലുമുണ്ടോ? ' ചോദ്യത്തിന്റെ മുന മനസ്സിലാവാതെ ഞങ്ങൾ പരസ്പരം നോക്കി. ഇന്ത്യൻ പട്ടാളക്കാർ മാധ്യമ പ്രവർത്തകരെന്ന വ്യാജേന നുഴഞ്ഞു കയറിയിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്കയെന്ന് മനസ്സിലാക്കിയതോടെ എല്ലാവരും ചിരിക്കാൻ തുടങ്ങി. അതു കണ്ടപ്പോൾ അദ്ദേഹം പ്ലേറ്റ് മാറ്റി. ' ഒരു തമാശ പറഞ്ഞതാണ് .'
ഒരേ ജൈവിക സ്വഭാവമുള്ള ജനത അധിവസിക്കുന്ന അയൽ രാജ്യങ്ങളെ നമുക്കു വേണമെങ്കിൽ സഹോദര രാഷ്ട്രങ്ങളായി കണക്കാക്കാം.പക്ഷെ ലോകമെമ്പാടും അവസ്ഥ മറിച്ചാണ്. ഇരുകൊറിയകൾ തമ്മിൽ നിലനിൽക്കുന്ന ശത്രുത തന്നെ വലിയ ഉദാഹരണം. രാഷ്ട്രീയമോ സാമ്പത്തികമോ മതപരമോ ആയ കാരണങ്ങളാൽ മനുഷ്യർ പരസ്പരം സംശയിക്കുകയും വെറുക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു പാകിസ്താനിൽ കാലുകുത്തി മണിക്കൂറുകൾക്കകം ഞങ്ങൾ നേരിട്ട ആ ചോദ്യവും. ആ പട്ടാള ഓഫീസർക്ക് മാത്രമല്ല മറിച്ച് ഞങ്ങൾക്കുമുണ്ടായിരുന്നു അത്തരം ചില ആശങ്കകൾ. ഇസ്ലാമാബാദിൽ ഹോട്ടൽ ഡി പാപ്പ എന്നു പേരുള്ള നക്ഷത്ര ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ആദ്യരാത്രിയിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ റസ്റ്ററന്റിലിരുന്ന് ഭക്ഷണത്തിന് ഓഡർ ചെയ്തു. ഭക്ഷണം കൊണ്ടു വന്നപ്പോൾ പലർക്കും സംശയം. ഇന്ത്യക്കാരോടുള്ള ദേഷ്യം കാരണം പാചകക്കാരോ വിളമ്പുന്നവരോ അതിൽ തുപ്പുകയോ മറ്റെന്തെങ്കിലും വൃത്തികേടുകൾ വരുത്തിവെക്കുകയോ ചെയ്തിട്ടുണ്ടാവുമോ? വിളമ്പുന്ന സമയത്ത് ആരോ ഒരാൾ സപ്ലയറോട് ആ സംശയം വെളിപ്പെടുത്തുകയും ചെയ്തു. അറുപത് പിന്നിട്ട ഒരു വൃദ്ധനായിരുന്നു വിളമ്പുകാരൻ. അയാൾ കൈകൂപ്പി കൊണ്ടു പറഞ്ഞു. ' ഞങ്ങൾക്കാർക്കും നിങ്ങളോട് ദേഷ്യമൊന്നുമില്ല. അതൊക്കെ വലിയ ആളുകൾക്കല്ലേ. ഞങ്ങൾ പാവങ്ങളാണ് സാബ്. പിന്നെ ഭക്ഷണം ഒരിക്കലും ഞങ്ങൾ കേടു വരുത്തില്ല. അത് ഞങ്ങളുടെ വിശ്വാസത്തിന് എതിരാണ്. 'പട്ടാള ഓഫീസർ പറഞ്ഞ മറുപടി ഞങ്ങൾ ആവർത്തിച്ചു. ' ഒരു തമാശ പറഞ്ഞതാണ്.'
പാകിസ്താൻ എന്നുമെനിക്കൊരു ശത്രുവായിരുന്നു. പട്ടാളക്കാരനായിരുന്ന എന്റെ അച്ഛൻ പാകിസ്താനുമായുള്ള രണ്ടു യുദ്ധങ്ങളിൽ പങ്കാളിയായിരുന്നു. യുദ്ധം കാരണം എന്റെ ജനന സമയത്തും അച്ഛൻ നാട്ടിലുണ്ടായിരുന്നില്ല. പാകിസ്താൻ പട്ടാളം തൊടുത്തുവിട്ട ഷെൽ അച്ഛനും മറ്റു രണ്ടു പട്ടാളക്കാരും ഒളിച്ചിരുന്ന ബങ്കറിനു മുകളിൽ പതിച്ച് സ്ഫോടനത്തിൽ തൃശ്ശൂരുകാരനായ സൈനികന്റെ കാലറ്റു പോയത് മുതൽ തടവുകാരായി പിടിച്ച ഇന്ത്യൻ പട്ടാളക്കാരുടെ മലദ്വാരത്തിൽ മുളകരച്ചു കയറ്റിയതു വരെയുള്ള പട്ടാളക്കഥകൾ കേട്ട് കേട്ട് ഞാൻ കൊടിയ പാക് വിരോധിയായി മാറി.

പിന്നീട് ഞാൻ ക്രിക്കറ്റ് കാഴ്ച്ചകളുടെ ആരാധകനായി മാറിയതോടെ ഈ ശത്രുത ഇരട്ടിച്ചു. പാകിസ്താൻ ഒരു മൽസരത്തിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പ്രതികാരദാഹം കാരണം രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. മിയാൻദാദിനെയും അബ്ദുൾ ഖാദിറിനേയും സങ്കൽപ്പിച്ച് തലയണയിൽ ആഞ്ഞിടിക്കും. തീവ്രവാദിയായി അതിർത്തിയിലൂടെ നുഴഞ്ഞുകയറി ബോംബിട്ട് കഴിയുന്നത്ര പാകിസ്താൻകാരെ കൊന്നുകളയാനും കൊതിച്ചു.
അങ്ങനെ കടുത്ത പാക് വിരോധിയായ എനിക്കാണ് അപ്രതീക്ഷിതമായി പാകിസ്താനിലേക്ക് പോവാനുള്ള അവസരം കൈവരുന്നത്. 2004 മാർച്ച് മാസത്തിന്റെ അവസാനദിവസങ്ങളിലായിരുന്നു എന്റെ ആ പാക് യാത്ര. ഇസ്ലാമാബാദിൽ നടക്കുന്ന ദക്ഷിണേഷ്യൻ കായിക മേള മാതൃഭൂമിക്ക് വേണ്ടി കവർ ചെയ്യുന്നതിന് ഞാൻ നിയോഗിക്കപ്പെട്ടു. ശത്രുരാജ്യത്തേക്കുള്ള ആ യാത്രയ്ക്ക് വിസ പോലും വേണ്ടിയിരുന്നില്ല. കാരണം ഗെയിംസിനെത്തുന്ന കായിക താരങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വിസാചട്ടങ്ങളിൽ ഇളവുണ്ടായിരുന്നു. ഗെയിംസിനുള്ള അക്രഡിറ്റേഷൻ കാർഡു തന്നെയായിരുന്നു വിസ.
ഡൽഹിയിൽ നിന്ന് ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ ലാഹോർ എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ സ്വാഭാവികമായും കടുത്ത ആശങ്കയുണ്ടായിരുന്നു. പക്ഷെ ഗെയിംസിനെത്തുന്ന അതിഥികളെ കാത്തിരുന്ന പ്രത്യേകസംഘം വളരെ വേഗത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി, പുറത്ത് ഞങ്ങൾക്കായി ഒരുക്കിയിരുന്ന ബസ്സിനകത്തെത്തിച്ചു. മുന്നിലും പിന്നിലും എ കെ 47 തോക്കുകളേന്തിയ കമോന്റോ സംഘങ്ങളുടെ അകമ്പടിയോടെ രാജകീയമായിട്ടായിരുന്നു പാകിസ്താനിൽ ഞങ്ങളുടെ കന്നിയാത്ര.
ശത്രുജനതയെ കുറിച്ചുണ്ടായിരുന്ന സങ്കൽപ്പങ്ങൾ പാടെ തിരുത്തുന്ന അനുഭവങ്ങളായിരുന്നു ഒരു മാസത്തോളം നീണ്ട പാക്വാസത്തിനിടെ എനിക്കുണ്ടായത്. ഇസ്ലാമാബാദിലെത്തി രണ്ടാം ദിവസം സിഗരറ്റ് വാങ്ങുന്നതിനായി ഹോട്ടലിന് എതിർവശത്തുള്ള കടയിൽ ചെന്നു. ഇന്ത്യക്കാരനാണെന്ന കാര്യം കടയിലുള്ളവരെ അറിയിക്കാതെ കഴിക്കണമെന്ന് കരുതിയിരുന്നെങ്കിലും എന്റെ സംസാരത്തിൽ നിന്ന് അയാൾ കാര്യം ഗണിച്ചെടുത്തു. അയാൾ പറഞ്ഞതു കേട്ട് ഞാൻ തരിച്ചുനിന്നു. 'ഇന്ത്യക്കാരനല്ലേ, നമ്മൾ സഹോദരങ്ങളാണ്. കാശ് വേണ്ട.' അങ്ങനെയും പാകിസ്താനികളുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞു.
പാകിസ്താനിലൂടെ എന്റെ യാത്രകൾ മിക്കതും കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ഞങ്ങളുടെ സംരക്ഷണ ചുമതലയുള്ള പട്ടാള ഓഫീസർമാർ എപ്പോഴും തോക്കുകളുമായി ഞങ്ങളെ പിന്തുടർന്നു കൊണ്ടിരുന്നു. പുറത്ത് ഷോപ്പിങ്ങിന് പോവുമ്പോഴും അവർ ഒപ്പമുണ്ടായിരുന്നു. പാകിസ്താനിൽ നെയ്തെടുക്കുന്ന കോട്ടൺ സാരികളുടെ മഹത്വത്തെ കുറിച്ച് പറഞ്ഞു തന്നതും അതിലൊരാളാണ്. അങ്ങനെ പാക് കോട്ടൺ സാരികൾ വാങ്ങണമെന്ന മോഹം ഉടലെടുത്തപ്പോൾ ഇസ്ലാമാബാദിലെ പ്രസിദ്ധമായ ഷോപ്പിങ് കോംപ്ലക്സിലേക്ക് അവർ തന്നെ ഞങ്ങളെ കൊണ്ടു പോയി. സാരികൾക്ക് വലിയ വില. വങ്ങാൻ മടിച്ചു നിന്ന എന്നോട് ഒരു പട്ടാളക്കാരൻ ചോദിച്ചു, നിങ്ങൾ എത്ര വില കൊടുക്കും? ഞാനൊരു വില പറഞ്ഞു. പക്ഷെ വിൽപ്പനക്കാരന് സമ്മതമായില്ല. അയാൾ മടിച്ചു നിന്നപ്പോൾ പട്ടാളക്കാരൻ അയാളെ ഒന്നു നോക്കി. ഓകെ സാബ് എന്നു മാത്രം പറഞ്ഞ് കടക്കാരൻ അതു പാക്ക് ചെയ്തു തന്നു. കടക്കാരന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി. പട്ടാളക്കാരെ പൊതുവെ മറ്റുള്ളവർക്ക് ഭയമാണ്. തോക്കുമായി മിലട്ടറി വേഷത്തിൽ നടക്കുന്ന അവർക്ക് ലഭിക്കുന്ന ബഹുമാനത്തിൽ നിന്നു തന്നെ അതു പ്രകടവുമാണ്. താരതമ്യേന മികച്ച വേതനം ലഭിക്കുന്നവരാണ് പട്ടാളക്കാർ. അവർക്കും കുടുംബാംഗങ്ങൾക്കും സമൂഹത്തിൽ നല്ല സ്ഥാനവുമുണ്ട്.
ആ മാളിലെ തന്നെ ഒരു കടയക്ക് മുന്നിൽ ആമിർഖാന്റേയും ഷാറൂഖ്ഖാന്റേയും സിനിമകളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. സിനിമകളുടെ വീഡിയോ കാസറ്റുകളും സി ഡികളും വിൽക്കുന്ന കടയാണ്. ഇന്ത്യൻ സിനിമകൾക്ക് വിലക്കുള്ള സമയമായിരുന്നു. പക്ഷെ പാകിസ്താനികൾ ഹിന്ദി സിനിമകളുടെ കാസറ്റുകൾ ഇഷ്ടം പോലെ വാങ്ങുന്നുണ്ട്. കലയ്ക്ക് ദേശ, ഭാഷ ഭേദങ്ങളില്ലല്ലോ?
ശരാബ് കേ ബിനാ പാർട്ടി ഘരാബ് ഹേ
ആതിഥേയ മര്യാദ കൊണ്ട് പാകിസ്താൻകാർ അതിഥികളെ വീർപ്പുമുട്ടിക്കുമ്പോഴും മദ്യം മിക്കവർക്കും ഒരു പ്രശ്നമായിരുന്നു. വിപണിയിൽ കിട്ടാനില്ല. കൈവശം വെക്കുന്നതും കുറ്റകരം. പക്ഷെ വിദേശത്ത് നിന്നു വന്നവരുടെ കൈയിൽ ഒന്നോ രണ്ടോ കുപ്പികളുണ്ടെങ്കിൽ അധികൃതർ കണ്ണടയ്ക്കും. ചില പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുസ്ലീങ്ങളല്ലാത്തവർക്ക് കിട്ടും. ഇന്ത്യയിൽ നിന്നെത്തിയ പത്രക്കാർക്ക് വേണെമെങ്കിൽ ഇന്ത്യൻ എംബസിയിൽ പോയി സംഘടിപ്പിക്കാം. അവിടെയുള്ളവർക്ക് പെർമിറ്റുണ്ട്. നാട്ടിൽ നിന്ന് കൊണ്ടു വന്ന സ്റ്റോക്ക് തീർന്നപ്പോൾ ഒരു സുഹൃത്ത് (തൽക്കാലം പേരു പറയാൻ നിർവാഹമില്ല) ടാക്സി വിളിച്ച് എംബസിയിൽ പോയി രണ്ട് ബോട്ടിൽ സംഘടിപ്പിച്ചു. തിരിച്ചു വരുമ്പോൾ പിന്തുടർന്നെത്തിയ പോലീസ് സംഘം ഇന്ത്യൻ എംബസിയിൽ പോയതെന്തിനാണെന്ന് അയാളോട് ചോദിച്ചു. മദ്യം കൈയിൽ കണ്ടപ്പോൾ അതിനെ കുറിച്ചായി അന്വേഷണം. ഒടുവിൽ ഞങ്ങളുടെ ഹോട്ടലിൽ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന മിലട്ടറി ഓഫീസർ ഇടപെട്ട് പ്രശ്നം സബൂറാക്കി. എല്ലാം കഴിഞ്ഞ് മുറിയിലേക്ക് പോവുമ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു, 'ഒരു പെഗ്ഗ് തന്നാൽ ഞാനും കഴിക്കും. പണ്ട് അതിർത്തിയിൽ ജോലി ചെയ്ത കാലത്ത് ഇന്ത്യൻ പട്ടാളക്കാർ എന്നെ സത്കരിക്കാറുണ്ടായിരുന്നു.'

ഒരു ദിവസം പുറത്തു നിന്നെത്തിയ മാധ്യമ പ്രവർത്തകർക്ക് പാകിസ്താൻ റോഡിയോ സന്ദർശിക്കാൻ ക്ഷണം ലഭിച്ചു. എല്ലാവരും ഉൽസാഹത്തോടെ പുറപ്പെട്ടു. നേപ്പാളിൽ നിന്നുള്ള സംഘം സംഘാടകരോട് ചോദിച്ചു. ' പാർട്ടിയുണ്ടാവും അല്ലേ ? 'നല്ലഡിന്നർ ഒരുക്കിയിട്ടുണ്ടെന്ന് ഉത്തരം ലഭിച്ചു. അപ്പോൾ ഇന്നെങ്കിലും മതിവരോളം മദ്യപിക്കാമല്ലോ എന്നായി നേപ്പാളികൾ. പക്ഷെ അപ്പോൾ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു. 'സോറി പാർട്ടിയിലും മദ്യം അനുവദനീയമല്ല.' അതുകേൾക്കേണ്ട താമസം നേപ്പാളികൾ ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. അപ്പോൾ അവർ വിളിച്ചു പറഞ്ഞ വാക്കുകൾ എല്ലാവരിലും ചിരി പടർത്തി. ' ശരാബ് കേ ബിനാ പാർട്ടി ഘരാബ് ഹേ... ' മദ്യമില്ലെങ്കിൽ പാർട്ടി മോശമാണെന്ന് അർത്ഥം.
മറ്റുള്ളവരെല്ലാം ബസ്സിൽ റേഡിയോ നിലയത്തിലേക്ക് പുറപ്പെട്ടു. അവിടെ ഹാർദ്ദമായ സ്വീകരണം, ഭംഗിയായി ക്രമീകരിച്ച നിലയത്തിനകത്തെ റെക്കോഡിങ്ങ് സ്റ്റുഡിയോക്കകത്ത് മുഹമദ് റാഫിയുടേയും പാകിസ്താൻകാരിയായിരുന്ന ഗായിക നൂർജഹാന്റേയും വലിയ ചിത്രങ്ങൾ. പ്രസിദ്ധ ഗസൽ ഗായകനായിരുന്ന മെഹ്ദി ഹസൻ ഖാന് ജൻമം നൽകിയ പാകിസ്താൻ ഇന്നും സംഗീത പ്രേമികളുടെ സ്വന്തം നാടാണ്. ഇസ്ലാമാബാദിലെ തെരുവുകളിലൂടെ വൈകുന്നേരങ്ങളിൽ നടക്കുമ്പോൾ കടകളിലും വീടുകളിലും നിന്ന് ഉറുദു, ഹിന്ദി പാട്ടുകൾ പതിഞ്ഞ ശബ്ദത്തിൽ കേൾക്കാം. വറുതിയും ദു:ഖവും പാകിസ്താനികൾ അതിജീവിക്കുന്നത് പാട്ടു കൊണ്ടാണെന്ന് റേഡിയോ നിലയം കാണിച്ചു തരാൻ ഞങ്ങൾക്കൊപ്പം വന്ന മസൂദ് അടക്കം പറഞ്ഞു. മെഹ്ദി ഹസന് പാകിസ്താനിലേക്കാൾ ആരാധകർ ഇന്ത്യയിലാണെന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. രാത്രി വിരുന്ന് കഴിഞ്ഞ് തിരിച്ചു പോവുമ്പോൾ മെഹ്ദി ഹസന്റെ പാട്ടുകളുടെ രണ്ട് ഓഡിയോ കാസറ്റുകൾ മസൂദ് സ്നേഹത്തോടെ സമ്മാനിച്ചു. സ്നേഹത്തോടെ ആലിംഗനം ചെയ്താണ് മസൂദ് എന്നെ യാത്രയാക്കിയത്.
മദ്യത്തിനെന്ന പോലെ ലൈംഗികതക്കും കടുത്ത നിയന്ത്രണങ്ങളുള്ള നാടാണ് പാകിസ്താൻ. വ്യഭിചാരം വലിയ കുറ്റമാണ്. പക്ഷെ ഞങ്ങൾ താമസിക്കുന്ന ഡി പാപ്പ ഹോട്ടലിന് മുന്നിൽ വെച്ച് ഒരു രാത്രിയിൽ നിറഞ്ഞ ചിരിയുമായി ഒരു മനുഷ്യൻ മുന്നിൽ വന്നു നിന്നു. ഇന്ത്യക്കാരനാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അയാളുടെ ക്ഷണം. ' രാത്രിയിൽ ഒപ്പമുറങ്ങാൻ ഒരു പാക്സുന്ദരിയെ ഏർപ്പാടു ചെയ്തു തരാം. എന്റെയൊപ്പം പോന്നോളൂ. സുരക്ഷിതമായി തിരിച്ചെത്തിക്കാം, ആയിരം രൂപ മതി. ' വേണ്ടെന്ന് തലയാട്ടി കാണിച്ചപ്പോൾ അയാൾക്ക് എന്റെ അഭിരുചിയെ കുറിച്ച് സംശയമായി. 'പാകിസ്താനികളായ തടിച്ച ആൺകുട്ടികളേയും കിട്ടും സാബ്.' ശത്രു രാജ്യത്തോടുള്ള വൈരാഗ്യം ആ നാട്ടുകാരുമായി സെക്സ് ചെയ്ത് തീർക്കുക എന്ന 'ലൈംഗിക നയതന്ത്ര'ത്തിന്റെ വക്താവാണ് അയാളെന്ന് തോന്നിപ്പോയി.
ബുദ്ധന്റെ ചിരി
ഞങ്ങൾക്ക് അധികം ജോലിത്തിരക്കില്ലാതിരുന്ന ഒരു ദിവസം ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകരുടെ സംരക്ഷണ ചുമതല ഉണ്ടായിരുന്ന പട്ടാള ഉദ്യോഗസ്ഥൻ അഹ്മദ് സന്തോഷത്തോടെ വന്നുപറഞ്ഞു. ' നിങ്ങൾ ഇന്ത്യക്കാർ കാണാനാഗ്രഹിക്കുന്ന ചില ഇടങ്ങളിൽ ഇന്നു നിങ്ങളെ കൊണ്ടു പോവാം. എത്ര നിർബന്ധിച്ചിട്ടും അഹമദ് രഹസ്യത്തിന്റെ കെട്ടുപൊട്ടിക്കുന്നില്ല. ഒടുവിൽ അയാളുടെ ക്ഷണം സ്വീകരിച്ച് ബസ്സിൽ കയറിയ ശേഷമാണ് എവിടേക്കാണ് യാത്രയെന്ന് വിളിപ്പെടുത്തിയത്. സത്യത്തിൽ പാകിസ്താനിൽ കാണണമെന്ന് ഞാനേറെ ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആ യാത്ര. പ്രാചീന ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യതന്ത്രജ്ഞനായിരുന്ന ചാണക്യന്റെ ജൻമദേശമായ തക്ഷശിലയിലേക്ക്.

ഇസ്ലാമാബാദിൽ നിന്ന് നാല്പതിൽത്താഴെ മാത്രം കിലോമീറ്ററേയുള്ളൂ ചരിത്രമുറങ്ങുന്ന ആ പ്രദേശത്തേക്ക്. പാകിസ്താനികൾക്ക് പക്ഷെ തക്ഷശില എന്നു പറഞ്ഞാൽ മാനസ്സിലായെന്നു വരില്ല. അവർക്കത് ടക്സിലയാണ്. പഴയ പേര് അവർ മറന്നിരിക്കുന്നു. എങ്കിലും ആ പൗരാണികസംസ്കാരത്തിന്റെ ശേഷിപ്പുകൾ അവർ കരുതലോടെ സൂക്ഷിക്കുന്നു.
അലക്സാണ്ടർ ചക്രവർത്തി മലകളും പുഴകളും താണ്ടിയെത്തി പട നയിച്ച മണ്ണ്. ഗ്രീക്കുകാരും മൗര്യന്മാരും റോമക്കാരും കനിഷ്കരും ഹൂണരും മാറിമാറി ചോരപ്പുഴയൊഴുക്കി അവകാശം സ്ഥാപിച്ചയിടം. അങ്ങനെ ചരിത്രപുസ്തകത്തിന്റെ ഏടുകളിൽ പടർന്നുകിടക്കുന്ന തക്ഷശില! സിന്ധുവിനും ഝലത്തിനും ഇടയിൽ വ്യാപിച്ചുകിടന്നിരുന്ന പൂർവഗാന്ധാരത്തിന്റെ പ്രാചീനതലസ്ഥാനം. എല്ലാത്തിന്റേയും ശേഷിപ്പുകൾ കരുതി വെച്ചിരിക്കുന്ന മ്യൂസിയംതന്നെയാണ് അവിടത്തെ പ്രധാന ആകർഷണം. പൂന്തോട്ടവും വലിയ മരങ്ങളുമുള്ള വിശാലമായ കോമ്പൗണ്ടിനകത്താണ് മ്യൂസിയം ഹാൾ. അകത്ത് കയറാൻ ടിക്കറ്റെടുക്കണം. പ്രാചീനഭാരതത്തിലെ പ്രബല രാജവംശമായിരുന്ന മൗര്യന്മാർ സ്ഥാപിച്ച ഗുരുകുലം, ഒരുപക്ഷെ ലോകത്തെ തന്നെ ആദ്യ സർവകലാശാല.- അതാണ് ചരിത്രത്തിൽ തക്ഷശിലയുടെ പ്രസക്തി.
ടക്സില എന്നു ആദ്യം വിളിച്ചത് ഗ്രീക്കുകാരും റോമക്കാരുമാണ്. പാകിസ്താനികൾ അതു തുടരുന്നു എന്നു മാത്രം. ഗാന്ധാരശില്പകലയുടെ ചാരുത വെളിവാക്കുന്ന ബുദ്ധരൂപങ്ങൾ, കാലപ്പഴക്കം തീണ്ടാത്ത ആഭരണങ്ങൾ, ശില്പങ്ങൾ, ടക്സില മ്യൂസിയത്തിലെ ദൃശ്യങ്ങൾ, കാലദേശങ്ങൾ മറികടന്ന് കുതിരക്കുളമ്പടികളും ഖഡ്ഗസ്വരങ്ങളും മുഴങ്ങുന്ന പഴയൊരു ലോകത്തേക്ക് നമ്മെ പറിച്ചുനട്ടെന്നുവരും. സിദ്ധാർഥ രാജകുമാരന്റെ ബാല്യം, കൗമാരം, വിവാഹം, സ്ഥാനാരോഹണം, ബോധോദയം ഇങ്ങനെ മഹായാനത്തിന്റെ വിവിധ ഘട്ടങ്ങൾ ഭാവപ്പൊലിമയോടെ കല്ലിൽ പ്രകാശിപ്പിച്ച ശില്പികൾക്ക് നൂറുവട്ടം മനസ്സിൽ പ്രണാമങ്ങൾ അർപ്പിക്കണം. പത്തടിയിലധികം ഉയരമുള്ള ധ്യാനനിരതനായ ബുദ്ധന്റെ പ്രതിമയ്ക്ക് തല നഷ്ടമായിരിക്കുന്നു. മൂക്കും കൈയും കാലും ഛേദിക്കപ്പെട്ട ശില്പങ്ങൾ വേറെയും. തക്ഷശിലയിലേക്ക് പല രാജാക്കന്മാർ നടത്തിയ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട സംസ്കൃതികളുടെ സ്മാരകങ്ങളാണ് ഇതെല്ലാം. ക്രിസ്തുവിന് മുൻപ് ആറാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട നഗരമാണ്ത്. മണ്ണും കല്ലും മരങ്ങളും കൊണ്ട് നിർമിച്ചിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ദിർ മലമുകളിൽ ചിതറിക്കിടക്കുന്നു. ഇവിടെനിന്ന് ലഭിച്ച പാത്രങ്ങളും നാണയങ്ങളും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ബി.സി. 326ലാണ് അലക്സാണ്ടർ ചക്രവർത്തി തക്ഷശിലയിലെത്തുന്നത്. അന്ന് ഇവിടെ ഭരിച്ചിരുന്ന ആംഭിരാജാവ് അയൽരാജാവായ പുരുഷോത്തമനെ കീഴടക്കാൻ അലക്സാണ്ടറെ ക്ഷണിച്ചുവരുത്തുകയായിരുന്നു. അലക്സാണ്ടർ യുദ്ധത്തിൽ പുരുഷോത്തമനെ (പോറസ്) കീഴടക്കിയതും പിന്നീട് പുരുഷോത്തമന്റെ വ്യക്തിത്വത്തിലും പോരാട്ടവീര്യത്തിലും ആകൃഷ്ടനായി രാജ്യം അദ്ദേഹത്തിനുതന്നെ വിട്ടുകൊടുത്തതുമെല്ലാം ചരിത്രം.
തക്ഷശിലയിൽ ബി.സി. രണ്ടാം നൂറ്റാണ്ടിൽ ഗ്രീക്കുകാർ സ്ഥാപിച്ച സിർകാപ്പ് നഗരം കുറെക്കൂടി ആസൂത്രിതവും മനോഹരവുമായിരുന്നു. ഇന്നത്തെ മ്യൂസിയത്തിന് തൊട്ടടുത്തുതന്നെയുണ്ട് ഈ നഗരത്തിന്റെ അവശിഷ്ടങ്ങൾ. രണ്ടായിരം ചതുരശ്ര അടിയിലധികം വ്യാപിച്ചുകിടക്കുന്ന ഈ സ്ഥലത്ത് ഇഷ്ടികയിൽ കെട്ടിപ്പടുത്ത വീടുകളുടെയും ആരാധനാലയങ്ങളുടെയും അസ്തിവാരങ്ങൾ ഇന്നും അവശേഷിക്കുന്നു.
മൗര്യസാമ്രാജ്യത്തിന്റെ കാലത്ത് ബുദ്ധമതാശയങ്ങൾ പഠിപ്പിക്കുന്ന വിദ്യാപീഠങ്ങൾ തക്ഷശിലയിൽ ഉടലെടുത്തു. പ്രാചീനഭാരതത്തിന്റെ 'ആദ്യ സർവകലാശാല' എന്ന ഖ്യാതി ലഭിച്ചതും അങ്ങനെയാണ്. വിദേശത്തുനിന്നുപോലും വിദ്യാർഥികൾ അന്ന് തക്ഷശിലയിലെത്തി ദീർഘകാലം താമസിച്ചു പഠിച്ചിരുന്നു. ഗ്രീക്കുകാർവരെ ബുദ്ധമതം സ്വീകരിച്ച് ഇവിടെ താമസമാക്കിയെന്ന് ചരിത്രരേഖകളിൽ കാണുന്നു. ഹുയാൻസാങ്ങും ഫാഹിയാനും തക്ഷശിലയിലെ പഠിതാക്കളായിരുന്നു.ഏതായാലും ദിനേന ആയിരക്കണക്കിന് സന്ദർശകർ മ്യൂസിയവും നഗരാവശിഷ്ടങ്ങളും കാണാനെത്തുന്നുണ്ട് .തക്ഷശലിയിൽ നിന്ന് തിരിച്ചു പോരുമ്പോൾ മയൂസിയത്തിലെ ഗൈഡായ ഗുൽസാർ പറഞ്ഞു. ' ഇത് ഇന്ത്യൻ സംസ്കൃതിയുടെ അടയാളങ്ങളാണ്. നിങ്ങൾ ഇന്ത്യക്കാർക്കു കൂടി വേണ്ടിയാണ് ഞങ്ങളിതിങ്ങനെ കാത്തുസൂക്ഷിച്ചിരിക്കുന്നത്.' വെളുത്ത താടിയുള്ള ആ വൃദ്ധനായ മനുഷ്യനോട് വലിയ ആദരവ് തോന്നി.
മ്യൂസിയം സന്ദർശിച്ചശേഷം തൊട്ടടുത്തുള്ള ഗിഫ്റ്റ്ഷോപ്പിൽനിന്ന് മ്യൂസിയത്തിലെ ബുദ്ധവിഗ്രഹത്തിന്റെ മാതൃകയിലുള്ള ചെറിയൊരു ശില്പവും വാങ്ങിയാണ് മടങ്ങിയത്. ആ ബുദ്ധശിരസ്സ് (തക്ഷശില) ഹോട്ടൽമുറിയിലെ മേശപ്പുറത്തു വെച്ചു. അന്നു രാത്രി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനെ പിടിച്ചുകുലുക്കിയ ഒരു ഭൂചലനമുണ്ടായി. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ലൈറ്റിട്ടപ്പോൾ മുന്നിൽക്കണ്ടത് ബുദ്ധന്റെ ശിരസ്സ്. ബുദ്ധൻ ചിരിച്ചതാവുമോ? സംശയം ബാക്കിയായി.
ബാദഷാഹിയിലെ കവാലി
പാകിസ്താനിൽ തങ്ങുന്നതിനുള്ള അനുമതി അവസാനിക്കുന്നതിന് നാല് ദിവസം മുമ്പ് ലാഹോറിലേക്ക് പോവാൻ തീരുമാനിച്ചു. ഇന്ത്യക്ക് മുംബൈയെന്ന പോലെ പാകിസ്താന്റെ വ്യവസായ തലസ്ഥാനമാണ് ലാഹോർ. നമ്മുടെ പാഞ്ചാബുമായി ചേർന്നു കിടക്കുന്ന പട്ടണമാണ് ലാഹോർ. പഞ്ചാബികളുടെ വസ്ത്രധാരണത്തോടും ഭക്ഷണ ശീലങ്ങളോടും ചാർച്ചയുണ്ട് ലാഹോർ നിവാസികൾക്കെന്ന് അവിടെ ചെന്നിറങ്ങിയപ്പോഴേ തോന്നി. അമൃത്സറിൽ നിന്ന് മുമ്പെങ്ങോ ഞാൻ കഴിച്ചിരുന്ന ബട്ടർ ചിക്കന്റെ അതേ രുചിയുള്ള ഇറച്ചിക്കറിയാണ് ലാഹോറിൽ എത്തിയ ഉടൻ ഹോട്ടലിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തോടൊപ്പം കിട്ടിയത്. പഞ്ചാബികളെ പോലെ കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നവരാണ് ലാഹോറികളും. പക്ഷെ വിഭജന കാലത്തെ ആക്രമണങ്ങളും കൊള്ളിവെപ്പുമെല്ലാം എത്ര തലമുറ കഴിഞ്ഞിട്ടും മനസ്സിൽ തികട്ടിവരുന്നതു കൊണ്ടാവാണം ലാഹോറികൾ ഇസ്ലാമാബാദുകാരെ പോലെ ഇന്ത്യക്കാരെ അത്ര സ്നേഹത്തോടെ സ്വീകരിക്കുന്നവരല്ല. അതു നേരത്തെ തന്നെ മനസ്സിലാക്കിയതു കൊണ്ട് ഇന്ത്യക്കാരനാണെന്ന് കഴിവതും ആരോടും വെളിപ്പെടുത്തേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ, ഹോട്ടലിൽ മുറിയെടുക്കുമ്പോൾ പക്ഷെ പാസ്പോർട്ട് കാണിക്കാതെ നിർവാഹമില്ലല്ലോ? ഇന്ത്യൻ പാസ്പോർട്ട് കണ്ടപ്പോൾ അവരൽപ്പം അങ്കലാപ്പിലായെന്ന് തോന്നുന്നു. പക്ഷെ അത് പുറത്തു കാണിക്കാതെ ആതിഥേയ മര്യദയോടെ റിസപ്ഷനിസ്റ്റ് പെരുമാറി. ലഭ്യമായതിൽ മികച്ച മുറികൾ തന്നെ ഞങ്ങൾക്കനുവദിച്ചു തന്നു. അതിനിടയിൽ ഇന്ത്യയിൽ നിന്നെത്തിയ അതിഥികൾക്ക് മുറി നൽകുന്ന കാര്യം അയാൾ ആരെയോ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ലാഹോറിൽ വന്നത് സിഖ് ഗുരു രഞ്ജിത് സിങ്ങിന്റെ ശവകുടീരം കാണാനായിരിക്കുമല്ലേയെന്ന് അയാൾ ചോദിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ളവർ സാധാരണയായി അവിടെയെത്താറ് അതിനു വേണ്ടിയാണത്രെ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം പഞ്ചാബും ലാഹോറുമെല്ലാം ഉൾപ്പെട്ടിരുന്ന സിഖ് സാമ്രാജ്യം ഭരിച്ചിരുന്ന രഞ്ജിത്ത് സിങ്ങിന്റെ ഭൗതികാവശിഷ്ടം സൂഷിച്ചിരിക്കുന്നത് ലാഹോറിൽ നിർമിച്ചിരിക്കുന്ന സ്മാരകത്തിലാണ്. പാകിസ്താനിലെ പ്രാധാന സിഖ് ആരാധനാ കേന്ദ്രമാണ് രഞ്ജിത്ത് സിങ്ങിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന കെട്ടിടം. പാകിസ്താൻ സർക്കാർ വളരെ കരുതയോടെ തന്നെ ഈ സമാധി സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നെത്തിയ സിഖുകാർ സമാധി കാണുന്നതിനും പ്രാർത്ഥനക്കുമായി അവിടെ എത്തുന്നു. ഈ സമാധിക്ക് തൊട്ടടുത്താണ് പ്രസിദ്ധമായ ബാദ്ഷാഹി പള്ളി. 1671-ൽ മുഗൾ ചക്രവർത്തിയായിരുന്ന ഓറംഗസീബാണ് ഈ പള്ളി നിർമ്മിച്ചത്. താജ് മഹലും ചെങ്കോട്ടയുമെല്ലാം പോലെ മുഗൾ കാലത്തെ വാസ്തുവിദ്യാ ചാതുരി പ്രകടമാക്കുന്നതാണ് ഇതും. ചുവന്ന കല്ലിൽ തീർത്ത ബാദ്ഷാഹിയുടെ മകുടങ്ങൾ മാർബിളിലാണ്. അവ താജ്മഹലിന്റെ മകുടങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. രഞ്ജിത്ത് സിങ്ങിന്റെ സമാധി സന്ദർശിച്ച് വൈകുന്നേരം അഞ്ചു മണിയോടെയാണ് ഞങ്ങൾ ബാദ്ഷാഹിയിലെത്തിയത്. ആ സമയത്ത് ആ കൂറ്റൻ കെട്ടിട സമുച്ചയത്തിന്റെ മുന്നിലുള്ള വിശാലമായ മുറ്റത്ത് ഒരു പാർക്കിലെന്ന പോലെ വട്ടം കൂടി സംസാരിച്ചിരിക്കുന്ന കുറേയധികം പേരെ കണ്ടു.
പരമ്പരാഗത ശൈലിയിലുള്ള അയഞ്ഞ കുർത്തകളിണിഞ്ഞ ഒരു സംഘം പുരുഷൻമാർ വട്ടമിട്ടിരിക്കുന്നു. അതിൽ നാൽപതിനു മുകളിൽ വയസ്സു തോന്നിക്കുന്ന തൊപ്പി ധരിച്ച ഒരാൾ ഉറുദുവിൽ കവാലി പാടുന്നു. അതു കേട്ട് അരികിലേക്ക് ചെന്നപ്പോൾ കൂട്ടത്തിൽ മുതിർന്നയാൾ ഇരിക്കാൻ ആംഗ്യം കാണിച്ചു. ഗായകന്റെ മധുര ശബ്ദത്തിനൊപ്പിച്ച് കൈമുട്ടി താളം പിടിക്കുകയാണ് മറ്റുള്ളവർ. പ്രവാചകൻ മുഹമദ് നബിയുടെ പ്രകീർത്തനങ്ങളാണ് ആ വരികളിൽ. വൈകുന്നേരത്തെ സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന ബാദഷാഹി പള്ളിയുടെ അങ്കളത്തിൽ ഇമ്പമുള്ള ഉറുദു കീർത്തനങ്ങൾ കേട്ട് അവരിലൊരാളായി ലയിച്ചിരിക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു.- എന്റെ ശത്രുരാജ്യത്തേയും ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. സത്യത്തിൽ യാത്രകൾ നമ്മളിൽ സൃഷ്ടിക്കുന്ന വിസ്മയം അതാണ്. ജാതി,മത,ദേശ ഭേദങ്ങൾക്ക് അതീതമായി ഈ ലോകത്തെ ഒന്നായി കാണാനുള്ള മനസ്സ് അത് യാത്രികരുടെ മൂലധനമാണ്.
സൂര്യൻ താണുതുടങ്ങി. ചടലമായ ഒരു ഗാനത്തോടെ ഗായകൻ അവസാനിപ്പിച്ചു.അത്ര നേരം എന്റെ അടുത്തിരുന്ന ഒരു യുവാവുമായി ഞാൻ ചങ്ങാത്തം കൂടി. ഇന്ത്യയുടെ തെക്കേ അറ്റത്തെ ദേശമായ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു. ചെറുപ്പത്തിൽ അവന്റെ വീട്ടിനടുത്ത് താമസിച്ചിരുന്ന ചാച്ച കേരളത്തിൽ ജനിച്ചയാളായിരുന്നെന്ന് പറഞ്ഞു. വല്ലപ്പോഴും ഇന്ത്യയിൽ പോയി തിരിച്ചു വരുമ്പോൾ ചാച്ച കൊണ്ടു വന്നിരുന്ന മധുരമുള്ള പലഹാരത്തെ കുറിച്ച് അവൻ വാചാലനായി. ' ക്രിക്കറ്റ് ബോളിന്റെ നിറമുള്ള ചെറിയൊരു പലഹാരം. അവന്റെ വിവരണത്തിൽ നിന്ന് എന്താണതെന്ന് എനിക്ക് മനസ്സിലായി.- നമ്മുടെ ഉണ്ണിയപ്പം!ആവേശത്തോടെ ഞാൻ ചോദിച്ചു. ' നിങ്ങളുടെ ആ ചാച്ചയെ ഒന്നു കാണാനാവുമോ ?'' എനിക്ക് പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾ ചാച്ച മരിച്ചു പോയി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പെഷവാറിലേക്ക് താമസം മാറി' - അവൻ പറഞ്ഞു. സ്വാതന്ത്ര്യലബ്ദിക്കു മുമ്പ് കച്ചവടത്തിനും ജോലിക്കും മറ്റുമായി ലാഹോറിലേക്ക് പോയി, വിഭജനത്തോടെ പാക്പൗരൻമാരായി മാറിപ്പോവുകയും ചെയ്ത അസംഖ്യം മലബാറുകാരിൽ ഒരാൾ.
ഖാദിറിന്റെ സ്നേഹം
ലാഹോറിൽ ഒരുകാര്യം കൂടി എനിക്കു ചെയ്യാനുണ്ടായിരുന്നു. ചെറുപ്പത്തിലേ എന്റെ ആരാധനാപാത്രമായിരുന്ന ലോകോത്തര ക്രിക്കറ്റർ അബ്ദുൾ ഖാദിറിനെ കാണണം. ലോഹോറിലെ പ്രസിദ്ധമായ ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചെന്ന് അവിടുത്തെ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോഴേ വലിയ സന്തോഷം. നഗരത്തിൽ ഖാദിർ നടത്തുന്ന, സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടയിലേക്കുള്ള വഴി പറഞ്ഞു തന്നു. അവിടെ ചെന്നു.
ക്രിക്കറ്റ് ബാറ്റുകളും പാഡുകളും ഹെൽമറ്റുകളുമെല്ലാം നിരത്തി വെച്ച കടയിൽ ഇരുന്നു കൊണ്ട് ഖാദിർ സംസാരിച്ചു. ഒരുപാടു കാലം ക്രിക്കറ്റ് ഫീൽഡിൽ തന്റെ പ്രതിയോഗികളായിരുന്ന കപിൽദേവും സച്ചിൻ തെണ്ടുൽക്കറുമുൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോടുള്ള വ്യക്തിബന്ധത്തെ കുറിച്ച്, ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യയിലെ കാണികളെ കുറിച്ച്, മുമ്പൊരിക്കൽ ഒരു ഹിന്ദിസിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതിനെ കുറിച്ച്... അടുത്തുള്ള ബേക്കറിയിൽ നിന്ന് മധുര പലഹാരം വരുത്തി നിർബന്ധ പൂർവം കഴിപ്പിച്ച് യാത്രയാക്കും മുമ്പ് അകത്തേക്ക് പോയി പലതരം വേഷങ്ങൾ ധരിച്ചു നിൽക്കുന്ന തന്റെ ഫോട്ടോകളുടെ കോപ്പികൾ ഖാദിർ കൊണ്ടു വന്നു തന്നു.' നിങ്ങൾക്ക് പരിചയമുള്ള സംവിധായകരുണ്ടെങ്കിൽ ഇതു കൊടുക്കണം. ഖാദിറിന് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കണം. '
ഖാദിറിന്റെ ആ സ്വപ്നം ഒരിക്കലും സഫലമായില്ല. 2019 സെപ്തംബർ മാസത്തിൽ ഹൃദയാഘാതം കാരണം ഖാദിർ ഇഹലോകവാസം വെടിഞ്ഞു.
ലാഹോറിലെ അവസാന ദിവസം അർദ്ധ രാത്രി നല്ല ഉറക്കത്തിലായിരുന്നപ്പോൾ ഹോട്ടൽ മുറിയുടെ വാതിലിൽ ആരോ നിർത്താതെ മുട്ടുന്ന ശബ്ദം. സത്യത്തിൽ ഭയന്നു പോയി തീവ്രവാദികളോ പട്ടാളക്കാരോ? - അതായിരുന്നു സംശയം. രണ്ടും കൽപ്പിച്ച് വാതിൽ തുറന്നു. ഒരു കിടക്കയുമായി രണ്ടു പേർ നിൽക്കുന്നു. ആ ഹോട്ടലിൽ താമസിക്കുന്നവരിൽ ആരോ എക്സ്ട്രാബെഡ് ആവശ്യപ്പെട്ടപ്പോൾ മുറി മാറി കൊണ്ടു വന്നതാണ്. അബദ്ധം മനസ്സിലായപ്പോൾ ക്ഷമ പറഞ്ഞ് അവർ മടങ്ങി. ലജ്ജ തോന്നി. അത്ര ദിവസം പാകിസ്താൻകാരുടെ ആതിഥേയത്വത്തിന്റെ ഊഷ്മളതയറിഞ്ഞിട്ടും അവരോടുള്ള സംശയവും ഭയവും അടങ്ങിയിട്ടില്ലല്ലോ എന്നോർത്ത്. പാകിസ്താനിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു. 'രണ്ടു മൂന്നു തവണ ഇന്റലിജൻസിൽ നിന്ന് വിളി വന്നിരുന്നു. പാകിസ്താനിൽ നിന്ന് നമ്മുടെ ലാൻഡ് ഫോണിലേക്ക് വിളി വന്നതാണ് കാരണം.' ഇല്ല, ശത്രു രാജ്യത്തോടുള്ള സംശയവും ഭയവും ഒരിക്കലും അവസാനിക്കുന്നില്ല.
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..