'ചേട്ടാ, പുലിയൂരിലേക്ക് ഇനി എത്ര ദൂരമുണ്ട്?' പൂയംകുട്ടിയിലെ നാട്ടുകാര്‍ ഇപ്പോള്‍ പതിവായി കേള്‍ക്കുന്ന ചോദ്യമാണിത്. യാത്രക്കാരുടെ ആകാംക്ഷ അവിടെ തീരില്ല. 'വരയന്‍പുലി ഇറങ്ങുന്ന സ്ഥലമെവിടെയാ, ഡാമും വെള്ളച്ചാട്ടവുമെവിടെയാ? അവര്‍ ചോദ്യം തുടര്‍ന്നുകൊണ്ടേയിരിക്കും. പുലിമുരുകന്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഇപ്പോള്‍ പൂയംകുട്ടിയിലേക്ക് യാത്രക്കാരെ ആനയിക്കുകയാണ്.

pooyamkutty
പ്രാക്കുത്ത് വെള്ളച്ചാട്ടം
 

 പൂയംകുട്ടിയും മണികണ്ഠന്‍ചാലും പീണ്ടിമേടും പന്തപ്രയും ഉള്‍പ്പെടുന്ന പ്രദേശമാണ് പുലിമുരുകനിലെ 'പുലിയൂര്‍'. ഓരോ ഫ്രെയിമിലും കാടിന്റെ വശ്യത ആവോളം പകര്‍ത്തിയ സിനിമ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ അത്ഭുതമില്ല. സിനിമയില്‍ വരയന്‍പുലിയെന്ന് പറയുന്ന കടുവയും ആനയും പുലിയും കാട്ടുപോത്തും കരടിയുമെല്ലാം നിറഞ്ഞ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണിവിടം. ചൂടും കുളിരും കാറ്റും തണലും അനുഭവിച്ചറിഞ്ഞുള്ള യാത്ര. ആവേശവും ആസ്വാദനവും പകരുന്ന കാഴ്ചകള്‍. മണിക്കൂറുകള്‍ക്കിടയില്‍ മാറിമറയുന്ന കാലാവസ്ഥ. പച്ചപ്പ്, കുന്നുകള്‍, താഴ്‌വരകള്‍, പാറക്കെട്ടുകള്‍, പുഴ എല്ലാത്തിനും വ്യത്യസ്തമായ ഭാവങ്ങള്‍. നട്ടുച്ചയെ പ്രതിരോധിക്കുന്ന കാറ്റിന്റെ ഇരമ്പല്‍ പോലും സുഖകരം.

കാടണഞ്ഞ കാനന മൈനയെത്തേടി...

പീണ്ടിമേട് ഭാഗത്ത് പുലിമുരുകന്‍ സിനിമയുടെ ലൊക്കേഷന്‍ അവശിഷ്ടങ്ങള്‍ പാതി കാട് കയറിയ നിലയില്‍ കാണാം. മുരുകന്റെ ഈറ്റക്കുടിലും മുളയും ഈറ്റയും കൊണ്ടുണ്ടാക്കിയ പാലവും എല്ലാം കാണുമ്പോള്‍ മുരുകനും വരയന്‍പുലിയും സമീപത്ത് എവിടെയോ ഒളിഞ്ഞിരുപ്പുണ്ടെന്ന് തോന്നും. 

pooyamkutty
പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളിലെ പൂയംകുട്ടി പുഴയ്ക്ക് കുറുകെയാണ് പുലിമുരുകന്‍ സിനിമയ്ക്കുവേണ്ടി പാലം നിര്‍മിച്ചത്

'കാടണയും കാല്‍ച്ചിലമ്പെ കാനനമൈനേ...' എന്ന പാട്ട് ചെവിയില്‍ മൂളിപ്പാട്ട് പോലെ വന്നണയും. പാട്ടിലുടനീളം പൂയംകുട്ടി കാടിന്റെ മനോഹാരിതയെ ഭംഗിയായി ഒപ്പിയെടുത്ത് മലയാളികളുടെ മനം കവര്‍ന്ന ദൃശ്യാനുഭവമായിരുന്നു പുലിമുരുകന്‍ എന്ന സിനിമ. കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനമേഖലയാണ് മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ലൊക്കേഷനായത്. പുലിമുരുകന്‍ സിനിമയില്‍ കഥ അരങ്ങേറുന്നത് പുലിയൂര് എന്ന സാങ്കല്പിക കാനനഭൂമിയിലാണ്. പുലിമുരുകന്‍ സിനിമ കണ്ടവര്‍ ഇപ്പോള്‍ 'പുലിയൂര തേടി പൂയംകുട്ടിയിലേക്ക് എത്തുകയാണ്. ഷോട്ടുകളുടെ നേര്‍ക്കാഴ്ച തേടി...

എങ്ങനെ എത്തിച്ചേരാം

പീണ്ടിമേട്ടിലേക്ക് പൂയംകുട്ടിയില്‍ നിന്ന് രണ്ട് വഴിയുണ്ട്. ഒന്ന് ചപ്പാത്ത് കടന്ന് പുഴയോരത്ത് കൂടിയും മറ്റൊന്ന് പഴയ ആലുവ-മൂന്നാര്‍ റോഡിലൂടെയും. ചപ്പാത്ത് കടന്ന് കണ്ടംപാറയിലേക്ക് പ്രവേശിച്ചാല്‍ ഈറ്റക്കാടും പാറക്കെട്ടും പുഴയുമെല്ലാം കൈകോര്‍ക്കുന്ന കാഴ്ച കാണാം. (മലയാറ്റൂര്‍ ഡി.എഫ്.ഒയുടെ അനുവാദത്തോടെ മാത്രം പ്രവേശനം.)

 

പാറക്കെട്ടിലുടെ ശാന്തമായി ഒഴുകുന്ന പൂയംകുട്ടിപുഴ. വര്‍ഷത്തിലെ കലക്കിമറിച്ചിലോ കുത്തൊഴുക്കോ ഒന്നുമില്ല. ഓടിക്കളിക്കുവാന്‍ തോന്നിപ്പിക്കുംവിധം നീണ്ടുനിരന്ന പാറക്കെട്ടുകള്‍. പാറയിടുക്കിന്റെ ഓരത്തു കൂടി വഴിമാറി ഒഴുകുന്ന പുഴ. 

കാല്‍നനയ്ക്കാനുള്ളത്ര വെള്ളം. പാലരുവിയായി വെള്ളച്ചാട്ടം. പുഴയുടെ മുകളിലേക്ക് പോകുന്തോറും പാച്ചാം കുത്ത്, പ്രാക്കുത്ത്, പീണ്ടിമേട് തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍. ഏറ്റവും ഉയരത്തിലുള്ളത് പഈണ്ടി മേടും താഴെയുള്ളത് പാച്ചാംകുത്തുമാണ്. ഇതിന് രണ്ടിനും ഇടയിലുള്ള പ്രാക്കുത്ത് വെള്ളച്ചാട്ടം. ചെങ്കുത്തായ വാറക്കെട്ടുകളും വച്ചപ്പും വെള്ളച്ചാട്ടത്തിന് കൂടുതല്‍ സൗന്ദര്യം പകരും. കോ ട്ടകെട്ടി കാക്കുന്ന പോലെ തോന്നും വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറക്കെട്ടുകള്‍.

രാജവെമ്പാലയിറങ്ങുന്ന മുളങ്കാടുകളും ചോലകളും ആനച്ചാലുകളും പാറയിടുക്കുകളും കടന്ന് വേണം വെള്ളച്ചാട്ടത്തിന് സമീപമെത്താന്‍. കാഴ്ചയ്ക്ക് ഇമ്പമെങ്കിലും എട്ട് കിലോമീറ്ററോളം ദുര്‍ഘടമായ സഞ്ചാരപാത. പോകുന്ന വഴിയില്‍ ആനപ്പിണ്ടവും രാജവെമ്പാല പടംപൊഴിച്ചിട്ടിരിക്കുന്നതും മനസ്സിന് അല്‍പ്പം ഭീതിയുള്ള വാക്കും. വെള്ളച്ചാട്ടത്തിന് സമീപം എത്തുന്നതോടെ മനസ്സിലെ ഭീതിയെല്ലാം പമ്പകടക്കും.

pooyamkutty
പൂയംകുട്ടി ചപ്പാത്ത്

പാറമടക്കുകളില്‍ തട്ടി ചിന്നിച്ചിതറി പാല്‍നുരയില്‍ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. പാച്ചാംകുത്തിന് ഉദ്ദേശം അമ്പതടി ഉയരമേയുള്ളൂ. പ്രാക്കുത്തിന് ഇരുന്നൂറ് അടിയിലേറെ ഉയരമുണ്ട്. പീണ്ടിമേടിനാകട്ടെ അഞ്ഞൂറ് അടിയിലേറെ വരും ഉയരം.

pooyamkutty
പീണ്ടിമേട് വെള്ളച്ചാട്ടത്തിനരികെ സിനിമയ്ക്കായ് നിര്‍മിച്ച പുലിമുരുകന്റെ ഈറ്റക്കുടില്‍

കാട് കണ്ടോളൂ, പക്ഷേ നശിപ്പിക്കരുത്

പ്രാക്കുത്തിന് താഴെ അര്‍ദ്ധവൃത്താകൃതിയിലുള്ള തടാകം. വെള്ളച്ചാട്ടത്തിന് മുകളില്‍ പ്രാവുകള്‍ കൂട് കൂട്ടിയിട്ടുണ്ട്. അങ്ങനെയാണ് പ്രാക്കുത്ത് എന്ന പേര്‍ ഉണ്ടായത്. വെള്ളച്ചാട്ടത്തിന് അരികില്‍ ഇരിക്കുമ്പോള്‍ കുളിര്‍മ്മ പകരുന്ന നനുത്ത ജലകണങ്ങള്‍ സുഖം പകരും. താഴെ ഭാഗത്ത് കാഴ്ചയില്‍ താഴ്ച കുറവാണെന്ന് തോന്നും. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകുന്നത് അപകടകരമാണ്. അപകടം പതിയിരിക്കുന്ന കയവും പാറയിടുക്കുകളുമുണ്ട്. പൂയംകുട്ടിയും പഞ്ചായത്തിലെ വിവിധ വനപ്രദേശങ്ങളും ചേര്‍ത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പലരും ഉയര്‍ത്തുന്നുണ്ട്. 

കാടിനും വന്യജീവികള്‍ക്കും പുഴയ്ക്കും നാശം ഉണ്ടാക്കുംവിധം പ്ലാസ്റ്റിക്ക് കവറുകളും മദ്യക്കുപ്പികള്‍ എറിഞ്ഞ് ഉടച്ച കുപ്പിച്ചില്ലുകളും പല ഭാഗങ്ങളിലും കുമിഞ്ഞ് കൂടുകയാണ്. കാട് കാണാന്‍ എത്തുന്നവരുടെ കോപ്രായങ്ങള്‍. വന്യ ജീവികളുടെ സൈ്വരജീവിതം ഇല്ലാതാക്കുന്ന രീതിയിലാണ് ചില ടൂറിസ്റ്റുകളുടെ പെരുമാറ്റവും. സന്ദര്‍ശകരുടെ എണ്ണം വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. എന്നിട്ടും ഇതാണ് അവസ്ഥ.