കുടുംബവുമൊന്നിച്ചുള്ള ദീര്‍ഘമായ അവധിക്കാല യാത്ര പലപ്പോഴും എനിക്കൊരു കിനാവു മാത്രമാണ്. ഊരിപ്പോരാന്‍ സാധിക്കാത്ത തിരക്കുകള്‍ കെട്ടിവരിയുമ്പോഴെല്ലാം ഞാനീ യാത്ര സ്വപ്‌നം കാണും. മിക്കപ്പോഴും നടക്കില്ല. എന്നാല്‍ ഇത്തവണ അത്തരമൊരു യാത്ര കൂടിയേ തീരൂ എന്ന് എന്റെ മനസും ശരീരവും പറഞ്ഞു. മറ്റെല്ലാ തിരക്കുകളും ഉപേക്ഷിച്ച് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സ്വസ്ഥമായ കുറച്ചുദിവസങ്ങള്‍. കാസനോവ എന്ന സിനിമ കഴിഞ്ഞ് മൂന്നുമാസത്തോളം ഞാനതിന് മാറ്റിവെച്ചു. ഓസ്‌ട്രേലിയയില്‍ നിന്നും മകന്‍ അപ്പുവും(പ്രണവ്) ഊട്ടിയില്‍ പഠിക്കുന്ന മകള്‍ മായയും (വിസ്മയ) വന്നു. സുചി ഒരു കുട്ടിയെപോലെ സന്തോഷിച്ചു. 

എല്ലാവരും എത്തി. എങ്ങോട്ട് പോകണം എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. എങ്ങോട്ടെങ്കിലും പോകുന്നത് യാത്രയല്ല; അലച്ചില്‍ മാത്രമാണ്. യാത്രയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം വേണം. പ്രത്യേകിച്ചും കുടുംബയാത്രയില്‍. കാണാന്‍ സവിശേഷമായ എന്തെങ്കിലും വേണം, കുട്ടികള്‍ക്ക് പഠിക്കാന്‍ എന്തെങ്കിലുമുണ്ടാകണം. അച്ഛന്‍ എന്ന നിലയില്‍ അത് ഞാന്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. 

അങ്ങനെ സ്വയം ആലോചിക്കുകയും സുചിയുമായി ചര്‍ച്ചചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നോര്‍വ്വെ തിരഞ്ഞെടുത്തു. ഭൂമിയിലെ സവിശേഷമായ ഒരു കാഴ്ചയ്ക്കു വേണ്ടി മാത്രമായിരുന്നു നോര്‍വ്വെയിലേക്ക് പോകാനുറച്ചത്. ധ്രുവദീപ്തി എന്ന മലയാളത്തിലും Northern Lights എന്ന് ഇംഗ്‌ളീഷിലും Ayrora Borealis എന്ന് ശാസ്ത്രഭാഷയിലും പറയുന്ന ദൃശ്യം. കാത്തുകാത്തിരുന്നാലും കാണാന്‍ സാധിക്കാത്തത്, കണ്ടാലോ കണ്‍ നിറയുന്നത്. 

ദുബായില്‍ നിന്നും കോപ്പന്‍ഹേഗന്‍ വഴിയാണ് ഞങ്ങള്‍ നോര്‍വേയില്‍ എത്തിയത്. തണുപ്പുകാലത്തിന്റെ വിശ്വരൂപമായിരുന്നു ചുറ്റും. മഞ്ഞില്‍ മുങ്ങിയ ഭൂമി, ഉറഞ്ഞ ജലാശയങ്ങള്‍, ഇലകള്‍ കൊഴിഞ്ഞ് ശോഷിച്ച ശിഖരങ്ങളുമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍. എപ്പോഴും ഇരുട്ട്. ചുറ്റുപാടിനെപ്പോലെ തന്നെ മങ്ങിമങ്ങിപ്പോകുന്ന മനസ്. എങ്കിലും ഞങ്ങള്‍ ചിരിച്ചു. ഞാനിപ്പോള്‍ സൂപ്പര്‍സ്റ്റാറോ നടനോ ഒന്നുമല്ല. അപരിചിതമായ ഒരു ദേശത്ത്, എന്റെ മക്കളുടെ അച്ഛനും ഭാര്യയുടെ ഭര്‍ത്താവും മാത്രമായി, തികച്ചും അജ്ഞാതനായി.

mohanlal

വടക്കന്‍ നഗരമായ ബെര്‍ഗനില്‍ നിന്ന്, ഹൂര്‍ട്ടിഗ്രൂട്ടന്‍ (Hurtigruten) എന്ന വിനോദക്കപ്പലിലാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഈ കപ്പല്‍യാത്ര ലോകത്തിലെ ഏറ്റവും അപൂര്‍വ്വമായ സഞ്ചാരാനുഭവമായി പറയപ്പെടുന്നു. പാറക്കൂട്ടങ്ങള്‍ക്കും ചെങ്കുത്തായ ഇറക്കങ്ങള്‍ക്കുമിടയിലൂടെ ഒഴുകിനീങ്ങുന്ന കടല്‍ക്കൈവഴികളായ ളഷീൃറ ലൂടെയാണ് കപ്പലിന്റെ സഞ്ചാരം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേശങ്ങള്‍ കടന്നും, മറക്കാത്ത കാഴ്ചകള്‍ കണ്ടും, യുനസ്‌കോയുടെ പട്ടികയില്‍ പ്രത്യേകമായ ഇടംപിടിച്ച അപൂര്‍വ്വമായ ചില ദ്വീപുകളിലിറങ്ങിയും തുടരുന്ന യാത്ര ഒടുവില്‍ റഷ്യന്‍ അതിര്‍ത്തിയായ കിര്‍കിനെസില്‍ (Kirkenes) അവസാനിക്കും. ഇതിനിടെ പ്രസിദ്ധമായ നോര്‍ത്ത് കേപ് കാണും. ഭൂമിയില്‍ ഇങ്ങിനെ കുറച്ചുപേര്‍ ഉണ്ട് എന്നു പോലും അറിയിക്കാതെ ജീവിക്കുന്ന, മൂവായിരമോ നാലായിരമോ പേര്‍ മാത്രം താമസിക്കുന്ന കൊച്ചു ജനപദങ്ങള്‍ കടന്നുപോകും. മഞ്ഞിലൂടെ നായ്ക്കള്‍ വലിയ്ക്കുന്ന വണ്ടികളില്‍ സഞ്ചരിക്കും. ഒടുവില്‍ ഒഴുകിയൊഴുകി ധ്രുവദീപ്തിയുടെ ഉമ്മറത്തെത്തും.

mohanlal

mohanlal

mohanlal

mohanlal

എവിടെയൊക്കെയോ കൊച്ചുകൊച്ച് വിളക്കിന്‍കൂട്ടങ്ങള്‍ തെളിയുന്ന തണുത്തുറഞ്ഞ രാത്രിയില്‍, കപ്പലിലെ മുറിയിലിരുന്ന് ആരംഭിച്ച ഈ യാത്രയെക്കുറിച്ച് ഞാന്‍ വെറുതെ മനസില്‍ ഇങ്ങിനെ കുറിച്ചിട്ടു: Cape to Cape. ഇന്ത്യയുടെ തെക്കേമുനമ്പായ കന്യാകുമാരി(Cape comerin)യുടെ തൊട്ടദേശക്കാരനായ ഞാന്‍ മറ്റൊരു മുനമ്പിനേയും അവിടെ തെളിയുന്ന വെളിച്ചത്തേയും തേടി നടത്തുന്ന ഈ യാത്രയ്ക്ക് മറ്റെന്തു പേര് വിളിക്കും?

ഹൂര്‍ട്ടിഗ്രൂട്ടന്‍ ദീര്‍ഘമായ രാത്രിയിലൂടെ ഒഴുകുകയാണ്. ഞങ്ങളെ പുതിയ കാഴ്ചകളിലേക്കടുപ്പിക്കാന്‍. ഞാനും സുചിയും അപ്പുവും മായയും ചേര്‍ന്നു കണ്ട കാഴ്ചകളാണ് ഇനിപ്പറയുന്നത്. 

mohanlal

mohanlal

മുന്‍പ് മാതൃഭൂമിയില്‍ മൂന്നാറിനെ കുറിച്ച് എഴുതിയപ്പോള്‍ തണുപ്പുള്ള സ്ഥലങ്ങളോടുള്ള എന്റെ മമതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍ എനിക്കെപ്പോഴും സഞ്ചരിക്കേണ്ടിവന്നിട്ടുള്ളത് ചൂടേറിയ സമതലങ്ങളിലൂടെയാണ്. ഈ വൈരുധ്യത്തെ ഒന്ന് മറികടക്കാന്‍ വേണ്ടിയാവണം യാദൃശ്ചികമായി ഇത്തവണ യാത്ര നോര്‍വെയിലെ മഞ്ഞുനിറയുന്ന തീരങ്ങളിലേക്കാക്കിയത്. എല്ലാം സുചിയാണ് ഒരുക്കിയത്. ഞാന്‍ എന്റെ തിരക്കുകളില്‍ നിന്നും ഏറ്റവും ഒടുവിലത്തെ നിമിഷം ഓടിയെത്തി കുടുംബത്തിന്റെ സുഖകരമായ കൂട്ടിലേക്ക് വീഴുകയായിരുന്നു. ബാഗ്ലൂരിലെ കാസനോവയുടെ സെറ്റില്‍ നിന്നും. 

mohanlal

നോര്‍വെയുടെ വടക്കന്‍ നഗരമായ ബെര്‍ഗനില്‍ നിന്നാണ് ഞങ്ങളുടെ കപ്പല്‍ ഹെര്‍ട്ടിഗ്രൂട്ടന്‍ യാത്ര പുറപ്പെട്ടത്. ജലത്തിലെ കൊട്ടാരമായിരുന്നു ഹെര്‍ട്ടിഗ്രൂട്ടന്‍. പലതട്ടുകളുള്ള കപ്പലില്‍ ഇല്ലാത്തതൊന്നുമില്ല. ഒരു ആധുനിക മഹാനഗരത്തില്‍ ലഭിക്കുന്ന ആനന്ദങ്ങളെല്ലാം ഈ കപ്പലിലും കാത്തുവെച്ചിട്ടുണ്ട്. വന്‍ ഹോട്ടലുകളിലെ പോലുള്ള ലോഞ്ചുകള്‍, റിസപ്ഷനുകള്‍, റസ്റ്റോറന്റുകള്‍, കോഫിഷോപ്പുകള്‍, ബാര്‍, കടകള്‍, ലൈബ്രറി, ജിം, ജാക്കുസി, സമ്മേളന മുറികള്‍, കുഞ്ഞുങ്ങളെ നോക്കാനുള്ള ക്രഷുകള്‍ എന്നു വേണ്ട വികലാംഗര്‍ക്കുള്ള ടോയ്‌ലറ്റ് വരെ ഈ ആനന്ദനൗകയ്ക്കകത്തുണ്ട്. ഒപ്പം എന്നെ സംബന്ധിച്ചിടത്തോളം മറ്റെവിടെയും കിട്ടാത്ത അമൂല്യമായ ഒരു വസ്തുവും: സ്വകാര്യത.

അപൂര്‍വ്വമായ ഭൂപ്രകൃതിയിലൂടെയും കാഴ്ച്ചകളിലൂടെയുമാണ് ഹെര്‍ട്ടിഗ്രൂട്ടന്‍ കടന്നു പോകുന്നത്. നോര്‍വെയുടെ തീരങ്ങളിലെ അപൂര്‍വ്വമായ തീരങ്ങളെത്തൊട്ട്, പലയിടങ്ങളിലും നിര്‍ത്തി കാഴ്ച്ചകള്‍ കണ്ട് മെല്ലെ മെല്ലെ... ഒരുപക്ഷെ ഈ യാത്ര ഏറ്റവുമധികം ആസ്വദിച്ചത് എന്റെ മകന്‍ അപ്പുവായിരിക്കും. എന്നെക്കാള്‍ വലിയ യാത്രാ ഭ്രാന്തനാണവന്‍. ഇരുപത് വയസ്സ് കഴിയും മുമ്പേ ഹിമാലയത്തിലെ ഉള്‍പ്രദേശങ്ങളില്‍ വരെ അവന്‍ സഞ്ചരിച്ചു കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അലഞ്ഞു പോവും പോലെ തന്നെ. എന്താണ് അവന്‍ അന്വേഷിക്കുന്നത് എന്ന്  ഇതുവരെ എനിക്ക് പിടികിട്ടിയിട്ടില്ല. 

mohanlal

mohanlal

ഒരുപാട് ഒഴുകിക്കഴിഞ്ഞാല്‍ കപ്പല്‍ മുന്‍കുട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ നിര്‍ത്തും. ഏകാന്തമായ ചെറുജനപദമായിരിക്കും അത്. മഞ്ഞിന്റെ സാമ്രാജ്യത്തില്‍ വെറും മൂവായിരമോ നാലായിരമോ മനുഷ്യര്‍. 

mohanlal

mohanlal

കിട്ടുന്ന സമയം കൊണ്ട് അപ്പു ആ ദേശങ്ങളില്‍ മുഴുവന്‍ അലഞ്ഞു നടക്കും. മനുഷ്യരുമായി ഇടപഴകും. തിരിച്ചു വന്ന് കഥകള്‍ പറയും. ഏതോ ഒരിടത്ത് കപ്പലടുത്തപ്പോള്‍ ഒരു രാത്രി അവനെ കാണാതായി. ഞാനും സുചിയും പേടിച്ചതിന് ഒരതിരില്ല. ഒടുവില്‍ പാതിരാത്രി കഴിഞ്ഞ് അവന്‍ വന്നു. അവിടെ വെച്ച് പരിചയപ്പെട്ട വൃദ്ധനായ ഒരു മനുഷ്യന്‍ അവനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അവന് ഭക്ഷണം നല്‍കി. അയാള്‍ മദ്യം കഴിച്ച് പാട്ടുകള്‍ പാടി. അയാളുടെ ഭാഷ അപ്പുവിന് അറിയില്ലായിരുന്നു, അയാള്‍ക്ക് അപ്പുവിന്റെയും. പക്ഷെ രണ്ടുപേരും ഒരുപാട് 'സംസാരിച്ചു'!

പിറ്റേന്ന് പകല്‍, അതേ സ്ഥലത്തെ പള്ളിയില്‍ വെച്ച് അപ്പുവും മായയും കൂടി അയാളെ കണ്ടു. എത്രയൊക്കെപ്പറഞ്ഞിട്ടും അയാള്‍ക്ക് അപ്പുവിനെ മനസ്സിലായില്ല. തലേന്ന് രാത്രിയുടെ ഓര്‍മ്മ തന്നെ അയാളില്‍ ഉണ്ടായിരുന്നില്ല. അത് പറഞ്ഞ് അപ്പു അന്തംവിട്ട് നില്‍ക്കുന്ന ദൃശ്യം ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. 

ലോഫണ്‍ എന്ന സ്ഥലത്തെ യുദ്ധ മ്യൂസിയം ഇങ്ങനെ ഇറങ്ങിക്കണ്ട കാഴ്ച്ചയില്‍ പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മകളാണ് ഈ മ്യൂസിയത്തില്‍ നിറയെ. 1939 മുതല്‍  1945 വരെയുള്ള സംഭവബഹുലമായ കാലത്തിന്റെ സമഗ്രമായ പ്രതിപാദനം ഈ ചുവരുകള്‍ക്കുള്ളിലുണ്ട്. പട്ടാളക്കാരുടെ വസ്ത്രങ്ങളും ആയുധങ്ങളും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചിത്രങ്ങളും എല്ലാം ചേര്‍ന്ന് വികാര നിര്‍ഭരമായ അനുഭൂതി. ഒരു ജര്‍മ്മന്‍ പട്ടാളക്കാരന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് ഈ മ്യൂസിയം തരുന്നുണ്ട്. അവരില്‍ മിക്കവരും ചെറുപ്പക്കാരായിരുന്നു. ഒരുപാട് കാലമായി വീട് വിട്ട് നില്‍ക്കുന്നവര്‍. കടുത്ത ശൈത്യവും മങ്ങിയ പകലുകളും ഒരിക്കലും തീരില്ല എന്ന് തോന്നു വിധമുള്ള രാത്രികളും ചേര്‍ന്ന് അവരുടെ മനോഘടനകളെ താറുമാറാക്കി. പക്ഷെ പട്ടാളത്തിലെ ചിട്ട അതു പോലെ തുടര്‍ന്നു, യാതൊരുവിധ കനിവുമില്ലാതെ. പലരും ഭ്രാന്തരായി. ഇന്നും ഈ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി മനോവിഭ്രാന്തികള്‍ ഉണ്ടാവാറുണ്ട്. പ്രകൃതി അത്രമേല്‍ മ്ലാനമാണ്. അതു പോലെ മനസ്സും. ഇരുട്ടിലേക്ക് പോകുമ്പോള്‍ ആളുകള്‍ ഉന്‍മാദികളാകുന്നു. 

mohanlal

1941 മാര്‍ച്ച് നാലിന് ഇവിടെ വലിയ ഒരു സൈനീക റെയ്ഡ് നടന്നു. എം.എസ്. ഹാംബര്‍ഗ് എന്ന കൂറ്റന്‍ ആധുനിക മത്സ്യഫാക്ടറി കപ്പലാണ് റെയ്ഡ് ചെയ്യപ്പെട്ടത്. 'ലോഫണ്‍ റെയ്ഡ്' എന്നാണ് ഇത് അറിയപ്പെടുന്നത്. മ്യൂസിയത്തില്‍ ഈ റെയ്ഡിന്റെ ഓര്‍മ്മകള്‍ക്കായി ഒരു പ്രത്യേക ഇടമുണ്ട്. 

ട്രോന്‍ഡം (Trondheim) എന്ന തുറമുഖ പട്ടണത്തിലിറങ്ങിയാല്‍ ഒറ്റയടിക്ക് ആയിരം കൊല്ലം മുന്‍പുള്ള ചരിത്രം വന്ന് വലയം ചെയ്യും. അത്രയും പുരാതനമാണ് ഈ സ്ഥലം. ചുരുങ്ങിയത് ആയിരം കൊല്ലത്തെ പഴക്കം. നടന്നു കാണേണ്ട സ്ഥലമാണിത്. രാജകൊട്ടാരവും തണുത്തുകുതിര്‍ന്ന ചന്തകളും പട്ടണ സ്ഥാപകനായ Olavtrygg Vajon ന്റെ  പ്രതിമയും കടന്ന് എത്തുന്നത് നോര്‍വെയുടെ ദേശീയ സ്മാരകമായ നിദറോസ് പള്ളിക്ക് മുന്നിലാണ്. മഞ്ഞു പുതച്ച് കിടക്കുന്ന പള്ളി. നനഞ്ഞ കാറ്റില്‍ മണിനാദം. ഇലകൊഴിഞ്ഞ മരങ്ങള്‍.  എന്തൊരു സ്വസ്ഥമായ ഇടം.

mohanlal

പഴയ നഗരത്തിലെ മരപ്പാലം മറ്റെങ്ങും കാണാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്. മരവും കമാനങ്ങളും പല്‍ച്ചക്രങ്ങളും ചേര്‍ന്ന്, നൂറ്റാണ്ടുകള്‍ വരികയും പോവുകയും ചെയ്ത പാലം. താഴെ തെളിഞ്ഞ പുഴ. 
യാത്രക്കിടയില്‍ത്തന്നെയായിരുന്നു നവവത്സരവും. മണ്ണില്‍ നടക്കുന്ന ക്രിസ്തുമസ് അപ്പൂപ്പനെ മാത്രമേ ഞാനിതുവരെ കണ്ടിരുന്നുള്ളു. എന്നാല്‍ ഇത്തവണ അക്വേറിയത്തില്‍ മത്സ്യത്തെ പോലെ ഒഴുകി നടക്കുന്ന സാന്താക്ലോസിനെ കണ്ടു. നീലജലത്തിലൂടെ ഒഴുകുമ്പോള്‍ അവര്‍ സ്‌നേഹത്തിന്റെ പവിഴപ്പുറ്റുകള്‍ തേടുന്നതു പോലെ.

ദിവസങ്ങളിലൂടെയും കാഴ്ച്ചകളിലൂടെയും ഞങ്ങളുടെ നൗക യാത്ര തുടരുകയാണ്. ഒരോ ദിവസം കഴിയുന്തോറും തണുപ്പ് വര്‍ധിച്ചുവര്‍ധിച്ചു വരുന്നു. അന്തരീക്ഷത്തിലെ വെളിച്ചമെല്ലാം ഇല്ലാതായി. എങ്ങും മ്ലാനതയോടെയുള്ള മങ്ങല്‍. നമ്മുടെ ചുറ്റുപാടുകളാണ് പലപ്പോഴും നമ്മുടെ മനസ്സിനേയും പാകപ്പെടുത്തുന്നത് എന്ന് ഈ യാത്രയിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ വ്യക്തമായത്. വിഷാദമാണ് ഇവിടെ സ്ഥായിയായ ഭാവം. ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പലപ്പോഴും കഠിനമായ വിഷാദ രോഗവും അതെതുടര്‍ന്നുള്ള ഉന്‍മാദവും ഉണ്ടാവാറുണ്ട് എന്നതില്‍ ഒട്ടും അത്ഭുതമില്ല. 

mohanlal

തീയതികള്‍ക്കും ദിവസങ്ങള്‍ക്കുമെല്ലാമപ്പുറത്തേക്ക് നമ്മള്‍ എത്തിച്ചേരുന്നു എന്നതാണ് നോര്‍വേയിലൂടെ കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മാനസിക മാറ്റം. നമുക്ക് പരിചിതമായ കലണ്ടര്‍ ഒന്നും ഉള്ളില്‍ ഇല്ല. സമയരേഖകള്‍ മാഞ്ഞു. കാലം ഇല്ലാതേയും അറിയാതേയും നാം നമ്മില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന അവസ്ഥ. രസകരമായ ഒരനുഭൂതിയാണത്.

യാത്രയിലെ ഈ പാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം നോര്‍ത്ത് കേപ്പ് ആയിരുന്നു. അവിടേക്ക് എത്താറാവുന്നതിന്റെ അറിയിപ്പുകള്‍ ലഭിച്ചു കൊണ്ടിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഏതോ ചേതോവികാരമായിരുന്നു ഉള്ളില്‍ നിറയെ.  ഈ കുറിപ്പിന്റെ ആദ്യം ഞാന്‍ സൂചിപ്പിച്ചതു തന്നെ കാരണങ്ങള്‍. ഇന്ത്യയുടെ തെക്കെ മുമ്പായ കന്യാകുമാരിയോട് ചേര്‍ന്ന നഗരത്തില്‍ നിന്നും വരുന്ന ഞാന്‍ കടലുകളും കാടുകളും കുന്നുകളും നഗരങ്ങളും താണ്ടി യൂറോപ്പിന്റെ വടക്കന്‍ മുനമ്പില്‍ ചെന്നു നില്‍ക്കുന്നു. കുട്ടിക്കാലത്തും യൗവ്വനത്തിലും കന്യാകുമാരിയില്‍ ചെന്നപ്പോഴും ഇതേ അനുഭൂതി തന്നെയായിരുന്നു. വിവേകാന്ദപ്പാറയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ തെക്കേമുനമ്പിലാണ് നില്‍ക്കുന്നത് എന്ന അറിവ് വലിയ ആഹ്ലാദമായിരുന്നു.. അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ പോയി, പ്രായം അമ്പതു കഴിഞ്ഞു. പക്ഷെ ഉള്ളിലെ ഇത്തരം കൗതുകങ്ങള്‍ കെട്ടുപോകുന്നില്ല. അപൂര്‍വമായത് അനുഭവിക്കുമ്പോഴും കാണാത്തത് കാണുമ്പോഴുള്ള വിസ്മയം.

ആയിരത്തിലധികം അടി ഉയരത്തിലുള്ള കുത്തനെയുള്ള ഒരു പാറക്കെട്ട്. അവിടെയാണ് യൂറോപ്പിന്റെ പൂര്‍വ്വദിശ പൂര്‍ണ്ണമാകുന്നത്. അങ്ങോട്ട് എത്തിച്ചേരുന്നതിന്റെ അവസാന നിമിഷങ്ങള്‍ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ ദൃശ്യങ്ങളും മങ്ങിയിരിക്കുന്നു. ചുറ്റിനും വെളുത്ത കുന്നുകള്‍ മാത്രം. അവക്കിടയിലൂടെ വളഞ്ഞു പോകുന്ന കടല്‍. നിര്‍ത്താതെ അലമുറയിടുന്ന കാറ്റ്. വളരെ അപൂര്‍വമായി ചിലയിടങ്ങളില്‍ വിളക്കുകള്‍ കാണാം. അപ്പോള്‍ അതെവിടുന്നാകാം എന്നാലോചിച്ച് ഞാന്‍ വെറുതെ  അത്ഭുതപ്പെട്ടു.

mohanlal

പാറക്കൂട്ടത്തിന് മുകളില്‍ ഒരു ഗ്ലോബിന്റെ രൂപം. താണ് നോര്‍ത്ത് കേപ്. അവിടേക്കെത്തണമെങ്കില്‍ പാറയിടുക്കിന്റെ അരികിലൂടെ, കമ്പിവേലിയില്‍ പിടിച്ച് നടന്നെത്തണം. കുറച്ചു ദൂരമേയുള്ളൂ. പക്ഷെ കാറ്റ് കാലനെപ്പോലെ ചീറി വരും. ഞാനതില്‍ ആകെ ഉലഞ്ഞു പോയി. കമ്പിയിലെ പിടുത്തം വിട്ടു. കാലുകള്‍ തെന്നി. മുഖമടച്ച് വീഴുന്നതിനു മുമ്പെ മുന്നില്‍ നടന്നിരുന്ന ഒരു സ്ത്രീ തന്ന കൈ പിടിച്ചു. ദൈവത്തിന്റെ കരങ്ങളായിരുന്നു അത്. അവര്‍ പിടിച്ചില്ലായിരുന്നെങ്കില്‍ ആ കമ്പിവേലിയില്‍ നിന്നും തെന്നി ഞാന്‍ താഴെ പാറക്കെട്ടില്‍ നിശ്ചയമായും പതിക്കുമായിരുന്നു. അടുത്ത നിമിഷം ഇരുട്ടിലൂടെ കടല്‍ വന്ന് എന്റെ ശരീരത്തെ കൊണ്ടു പോകുമായിരുന്നു. 

ബ്രിട്ടീഷ് പര്യവേഷകനായ റിച്ചാര്‍ഡ് ചാന്‍സലര്‍ ആണ് നോര്‍ത്ത കേപ് എന്ന പേര് ഈ സ്ഥലത്തിനു സമ്മാനിച്ചത്. വടക്കു കിഴക്കന്‍ വഴിതേടി ഈ വഴി വരികയായിരുന്നു അദ്ദേഹം. 1553ല്‍. അതിനു ശേഷം പ്രശസ്തരായ രാജാക്കന്‍മാര്‍ മുതല്‍ അജ്ഞാതരായ മനുഷ്യര്‍വരെ ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. ഭൂമിയുടെ അപൂര്‍വമായ ഈ ബിന്ദുവില്‍ വന്നു നിന്നു. ഇപ്പോഴിതാ ഞാനും അതിലൊരാളായിരിക്കുന്നു.

ഞാനും സുചിയും ആ ഗ്ലോബിന്റെ ചുവട്ടില്‍ നിന്നു. ചുറ്റും ഇരുട്ടും നിലക്കാത്ത മഞ്ഞു മഴയും. ദൂരെ അലറുന്ന കടല്‍. ഒപ്പം പാറക്കെട്ടുകളില്‍ കാറ്റ് വന്ന് തലതല്ലുന്നതിന്റെ ശബ്ദം.
അപ്പോള്‍ എന്റെ മനസ്സില്‍ കന്യാകുമാരിയിലെ കടലും കാറ്റും ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരുന്നു.

നോര്‍വേയുടെ അതിരില്‍, യൂറോപ്പിന്റെ വിഷാദഭരിതമായ മുനമ്പില്‍

mohanlal

ദിവസങ്ങളിലൂടെയും കാഴ്ച്ചകളിലൂടെയും ഞങ്ങളുടെ നൗക യാത്ര തുടരുകയാണ്. ഒരോ ദിവസം കഴിയുന്തോറും തണുപ്പ് വര്‍ധിച്ചുവര്‍ധിച്ചു വരുന്നു. അന്തരീക്ഷത്തിലെ വെളിച്ചമെല്ലാം ഇല്ലാതായി. എങ്ങും മ്ലാനതയോടെയുള്ള മങ്ങല്‍. നമ്മുടെ ചുറ്റുപാടുകളാണ് പലപ്പോഴും നമ്മുടെ മനസ്സിനേയും പാകപ്പെടുത്തുന്നത് എന്ന് ഈ യാത്രയിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ വ്യക്തമായത്. വിഷാദമാണ് ഇവിടെ സ്ഥായിയായ ഭാവം. ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പലപ്പോഴും കഠിനമായ വിഷാദ രോഗവും അതെതുടര്‍ന്നുള്ള ഉന്‍മാദവും ഉണ്ടാവാറുണ്ട് എന്നതില്‍ ഒട്ടും അത്ഭുതമില്ല. 

തീയതികള്‍ക്കും ദിവസങ്ങള്‍ക്കുമെല്ലാമപ്പുറത്തേക്ക് നമ്മള്‍ എത്തിച്ചേരുന്നു എന്നതാണ് നോര്‍വേയിലൂടെ കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മാനസിക മാറ്റം. നമുക്ക് പരിചിതമായ കലണ്ടര്‍ ഒന്നും ഉള്ളില്‍ ഇല്ല. സമയരേഖകള്‍ മാഞ്ഞു. കാലം ഇല്ലാതേയും അറിയാതേയും നാം നമ്മില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന അവസ്ഥ. രസകരമായ ഒരനുഭൂതിയാണത്.

യാത്രയിലെ ഈ പാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം നോര്‍ത്ത് കേപ്പ് ആയിരുന്നു. അവിടേക്ക് എത്താറാവുന്നതിന്റെ അറിയിപ്പുകള്‍ ലഭിച്ചു കൊണ്ടിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഏതോ ചേതോവികാരമായിരുന്നു ഉള്ളില്‍ നിറയെ.  ഈ കുറിപ്പിന്റെ ആദ്യം ഞാന്‍ സൂചിപ്പിച്ചതു തന്നെ കാരണങ്ങള്‍. ഇന്ത്യയുടെ തെക്കെ മുമ്പായ കന്യാകുമാരിയോട് ചേര്‍ന്ന നഗരത്തില്‍ നിന്നും വരുന്ന ഞാന്‍ കടലുകളും കാടുകളും കുന്നുകളും നഗരങ്ങളും താണ്ടി യൂറോപ്പിന്റെ വടക്കന്‍ മുനമ്പില്‍ ചെന്നു നില്‍ക്കുന്നു. കുട്ടിക്കാലത്തും യൗവ്വനത്തിലും കന്യാകുമാരിയില്‍ ചെന്നപ്പോഴും ഇതേ അനുഭൂതി തന്നെയായിരുന്നു. വിവേകാന്ദപ്പാറയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ തെക്കേമുനമ്പിലാണ് നില്‍ക്കുന്നത് എന്ന അറിവ് വലിയ ആഹ്ലാദമായിരുന്നു.. അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ പോയി, പ്രായം അമ്പതു കഴിഞ്ഞു. പക്ഷെ ഉള്ളിലെ ഇത്തരം കൗതുകങ്ങള്‍ കെട്ടുപോകുന്നില്ല. അപൂര്‍വമായത് അനുഭവിക്കുമ്പോഴും കാണാത്തത് കാണുമ്പോഴുള്ള വിസ്മയം.

mohanlal

ആയിരത്തിലധികം അടി ഉയരത്തിലുള്ള കുത്തനെയുള്ള ഒരു പാറക്കെട്ട്. അവിടെയാണ് യൂറോപ്പിന്റെ പൂര്‍വ്വദിശ പൂര്‍ണ്ണമാകുന്നത്. അങ്ങോട്ട് എത്തിച്ചേരുന്നതിന്റെ അവസാന നിമിഷങ്ങള്‍ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ ദൃശ്യങ്ങളും മങ്ങിയിരിക്കുന്നു. ചുറ്റിനും വെളുത്ത കുന്നുകള്‍ മാത്രം. അവക്കിടയിലൂടെ വളഞ്ഞു പോകുന്ന കടല്‍. നിര്‍ത്താതെ അലമുറയിടുന്ന കാറ്റ്. വളരെ അപൂര്‍വമായി ചിലയിടങ്ങളില്‍ വിളക്കുകള്‍ കാണാം. അപ്പോള്‍ അതെവിടുന്നാകാം എന്നാലോചിച്ച് ഞാന്‍ വെറുതെ  അത്ഭുതപ്പെട്ടു.

mohanlal

പാറക്കൂട്ടത്തിന് മുകളില്‍ ഒരു ഗ്ലോബിന്റെ രൂപം. താണ് നോര്‍ത്ത് കേപ്. അവിടേക്കെത്തണമെങ്കില്‍ പാറയിടുക്കിന്റെ അരികിലൂടെ, കമ്പിവേലിയില്‍ പിടിച്ച് നടന്നെത്തണം. കുറച്ചു ദൂരമേയുള്ളൂ. പക്ഷെ കാറ്റ് കാലനെപ്പോലെ ചീറി വരും. ഞാനതില്‍ ആകെ ഉലഞ്ഞു പോയി. കമ്പിയിലെ പിടുത്തം വിട്ടു. കാലുകള്‍ തെന്നി. മുഖമടച്ച് വീഴുന്നതിനു മുമ്പെ മുന്നില്‍ നടന്നിരുന്ന ഒരു സ്ത്രീ തന്ന കൈ പിടിച്ചു. ദൈവത്തിന്റെ കരങ്ങളായിരുന്നു അത്. അവര്‍ പിടിച്ചില്ലായിരുന്നെങ്കില്‍ ആ കമ്പിവേലിയില്‍ നിന്നും തെന്നി ഞാന്‍ താഴെ പാറക്കെട്ടില്‍ നിശ്ചയമായും പതിക്കുമായിരുന്നു. അടുത്ത നിമിഷം ഇരുട്ടിലൂടെ കടല്‍ വന്ന് എന്റെ ശരീരത്തെ കൊണ്ടു പോകുമായിരുന്നു. 

ബ്രിട്ടീഷ് പര്യവേഷകനായ റിച്ചാര്‍ഡ് ചാന്‍സലര്‍ ആണ് നോര്‍ത്ത കേപ് എന്ന പേര് ഈ സ്ഥലത്തിനു സമ്മാനിച്ചത്. വടക്കു കിഴക്കന്‍ വഴിതേടി ഈ വഴി വരികയായിരുന്നു അദ്ദേഹം. 1553ല്‍. അതിനു ശേഷം പ്രശസ്തരായ രാജാക്കന്‍മാര്‍ മുതല്‍ അജ്ഞാതരായ മനുഷ്യര്‍വരെ ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. ഭൂമിയുടെ അപൂര്‍വമായ ഈ ബിന്ദുവില്‍ വന്നു നിന്നു. ഇപ്പോഴിതാ ഞാനും അതിലൊരാളായിരിക്കുന്നു.
ഞാനും സുചിയും ആ ഗ്ലോബിന്റെ ചുവട്ടില്‍ നിന്നു. ചുറ്റും ഇരുട്ടും നിലക്കാത്ത മഞ്ഞു മഴയും. ദൂരെ അലറുന്ന കടല്‍. ഒപ്പം പാറക്കെട്ടുകളില്‍ കാറ്റ് വന്ന് തലതല്ലുന്നതിന്റെ ശബ്ദം. അപ്പോള്‍ എന്റെ മനസ്സില്‍ കന്യാകുമാരിയിലെ കടലും കാറ്റും ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരുന്നു.