കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്. നിരവധി സഞ്ചാരികളെത്തുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഇപ്പോഴിതാ ഇവിടെ നിന്നുള്ള ഒരു ഫോട്ടോഷൂട്ട് ശ്രദ്ധയാകർഷിക്കുകയാണ്. നടി നിഖിലാ വിമലാണ് ചിത്രത്തിലെ താരം. തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലാണ് നിഖില മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിലെ മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ടൈല്‍ പാകിയതുപോലെ ഉറച്ചതാണ് ഇവിടുത്തെ കടല്‍തീരം. ഇന്ത്യയില്‍ ഈ പ്രത്യേകതകള്‍ സൂക്ഷിക്കുന്ന ഏക ബീച്ചും ഇതുതന്നെയാണ്. ബീച്ച് റൈഡിങ്ങ് അനുഭവത്തിന് മാത്രമായി ഉത്തരേന്ത്യയില്‍ നിന്നും വരെ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. 2016 ല്‍ ബി.ബി.സി പരിചയപ്പെടുത്തിയ ലോകത്തിലെ ആറ് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഏഷ്യയില്‍ നിന്നുമുള്ള ഏക ബീച്ചാണ് മുഴപ്പിലങ്ങാട്. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ കൊറോള ബീച്ച്, ആസ്‌ട്രേലിയ ക്യൂന്‍സ് ലാന്‍ഡിലെ ഫ്രേസര്‍ കോസ്റ്റ്, ടെക്‌സാസിലെ പെഡ്രേ അയലന്‍ഡ്, ബ്രസീലിലെ നാറ്റാല്‍ ഫ്രെട്ടലേസ, ഐസ് ലാന്‍ഡിലെ സോള്‍മാസിന്‍ഡര്‍ ബീച്ചുകള്‍ക്കൊപ്പമാണ് ബി.ബി.സി ഈ ബീച്ചിനെയും അന്ന് ഉള്‍പ്പെടുത്തിയത്.

സത്യന്‍ അന്തിക്കാടിന്‍റെ 'ഭാഗ്യദേവത'യിലൂടെയാണ് നിഖില വിമല്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട്, ലവ് 24X7 എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായെത്തി. ഈ ചിത്രത്തിലെ കബനി എന് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെട്രിവേൽ, കിടാരി, അരവിന്ദന്‍റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാനാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ നിഖില സാന്നിധ്യമറിയിച്ചു.  അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ജോ ആൻഡ് ജോ, സിബി മലയിൽ- ആസിഫ് അലി ടീമിന്റെ കൊത്ത് എന്നിവയാണ് നിഖിലയുടേതായി ഇനി വരുന്ന ചിത്രം.

Content Highlights: Nikhila Vimal, Muzhappilangad beach, drive in beach kerala, celebrity photoshoot