ണ്ടിയോടിക്കുകയായിരുന്നു ഞാന്‍. കൊച്ചിയില്‍ തിരക്കുള്ള ട്രാഫിക്കിലൂടെ. മുന്‍സീറ്റില്‍ സുഹൃത്ത് സുനില്‍ ഏലിയാസുണ്ട്. പിറകില്‍ സിബിയും. ട്രാഫിക് ഐലന്റില്‍ ചുവപ്പു കണ്ട് നിര്‍ത്തിയ സമയം. ഒരു ബോര്‍ഡ്. 'ദൈവം ആറു ദിവസം ജോ ലി ചെയ്ത് ഏഴാം നാള്‍ വിശ്രമിച്ചു. നിങ്ങള്‍ വിശ്രമിച്ചിട്ടെത്ര കാലമായി.' മൂന്നു പേരും ഒരു പോലത് വായിച്ചു. കുറച്ചുസമയത്തെ നിശബ്ദത ഭഞ്ജിച്ചത് ഞാന്‍ തന്നെ. 'ശരിയാ, നമ്മള്‍ ദൈവത്തെക്കാള്‍ വല്യ ആളാവരുത്.'

ഉടനെ സുനില്‍ ഏറ്റുപിടിച്ചു. നിന്റെ കയ്യിലെത്ര ദിവസമുണ്ട്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ലീവെടുക്കാം. 
'എന്റെ കാര്യം ഇപ്പ പറയാനൊക്കത്തില്ല. എന്തായാലും വൈകീട്ട് പറയാം.'

ആ പരസ്യം ഒരു സ്പാര്‍ക്കായി മനസില്‍ കിടന്നു. ഞാന്‍ പലരേയും വിളിച്ചു അഡ്ജസ്റ്റ് ചെയ്ത് ഒരു നാലു ദിവസം ഒപ്പിച്ചു.

''അങ്ങിനെയെങ്കില്‍ ശ്രീലങ്ക'. സിബി പറഞ്ഞു ഓണ്‍ എറൈവല്‍ വിസയാണ്. യാത്രയ്ക്കു വേണ്ട ഏര്‍പ്പാടുകളെല്ലാം സിബി ഏറ്റു.

അങ്ങിനെ മറ്റന്നാളാണ് യാത്രയെങ്കില്‍ ഇന്നുണ്ട് ജയപ്രകാശ് അവിചാരിതമായി വിളിക്കുന്നു. മസ്‌കറ്റിലെ ഞങ്ങളുടെ കോമണ്‍ഫ്രണ്ടാണ്.

'ഓ, നീ ഇന്നു വിളിച്ചത് നന്നായി. മറ്റന്നാളായിരുന്നെങ്കില്‍ ഞങ്ങള്‍ ലങ്കയിലായേനെ. ഇപ്പോ കാണണ്ട സ്ഥലമല്ലേ ലങ്ക. യുദ്ധം കഴിഞ്ഞ് സമാധാനം വന്ന് ടൂറിസ്റ്റുകളുടെ പറുദീസയായിരി ക്കുകയല്ലേ അവിടം. കാശിനാണെങ്കില്‍ ഒരു വിലയുമില്ല. നമ്മുടെ നൂറു രൂപ അവിടെ ഇരുനൂറു രൂപയാണ്.' ഞാനല്‍പ്പം കേറ്റി അടിച്ചു.

'ഞാന്‍ ഒരു പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാം. കേട്ടോ'. ജയന്‍ പറഞ്ഞു. 10 മിനിട്ട് ആയാ എന്നറിയില്ല. ജയപ്രകാശിന്റ കോള്‍. 'നിങ്ങള്‍ മൂന്നും ശ്രീലങ്കയിലേക്ക് പോകുന്നു. ഞാനിവിടെ ബിസിനസ് തിരക്കുമായി മസ്‌കറ്റിലും. എനിക്കത് ഓര്‍ത്തിട്ട് സഹിക്കുന്നില്ലെടേ. നിങ്ങള്‍ മൂന്നും ചേരുമ്പോഴുണ്ടാകുന്ന തമാശകളും സന്തോഷവും അതു നല്‍കുന്ന എനര്‍ജിയും ഇനി അടുത്ത കാലത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല. ഞാന്‍ നാളെ അവിടെയെത്തും. മറ്റന്നാളത്തേക്ക് എനിക്കുമൊരു ടിക്കറ്റ് പറഞ്ഞത്. ഇത്രയുമൊരു ഷോര്‍ട്ട് നോട്ടീസില്‍ ജയപ്രകാശ് ഒരു യാത്രയും ചെയ്തു കാണത്തില്ല. പുള്ളിക്കാരന്റെ ഭാര്യ ഞെട്ടി.

ശ്രീലങ്കയില്‍ കൊളൊംബോ വിമാനത്താവളത്തില്‍ ഇറങ്ങി. പുറത്തുകടന്നു. എന്ത് ഈസിയാണ് കാര്യങ്ങള്‍. ഇവിടെ കേരളത്തിലാണെങ്കില്‍ പോലും എന്തെങ്കിലും കുനുഷ്ടുണ്ടാവും. ടൂറിസ്റ്റുകളെ അടിമുടി പ്രോത്സാഹിപ്പിക്കുകയാണവര്‍. നിങ്ങളെല്ലാം കൂടെ മനസ് വെച്ചിട്ടു വേണം നാടൊന്നു പച്ചപിടിക്കാന്‍ എന്ന മനോഭാവം...

ട്രാവല്‍ ഏജന്‍സി വണ്ടി ഏര്‍പ്പാടാക്കിയിരുന്നു. ടെയോട്ടാ, ഹോണ്ടാ തുടങ്ങി വിദേശ നിര്‍മ്മിത കാറുകളാണ് റോഡിലെങ്ങും. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് ഒന്നര മണിക്കൂര്‍ യാത്ര യുണ്ടാവും. വഴിയോരകാഴ്ചകളില്‍ തെളിയുന്നത് നമ്മുടെ കേരളം തന്നെ. ആള്‍ക്കാരും കടകളും റോഡുകളുമെല്ലാം ഇവിടുത്തെ പോലെ. ചില സ്ഥലങ്ങള്‍ കാണുമ്പോള്‍ തമിഴ് നാടിന്റെ ചെറിയ ഛായയും. 'എടേ, ഇതിവന്‍മാര് നമ്മ പറ്റിച്ചതാണോ? തിരുവന്തപുരത്തു നിന്ന് പുറപ്പെട്ട് ചുറ്റിക്കറങ്ങി നാഗര്‍കോവിലിലോ വല്ലോം കൊണ്ടിറക്കിയതാണോ'. ഞാന്‍ തമാശയ്ക്ക് പറഞ്ഞു. അതു കേട്ട്  ഡ്രൈവറും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. മനസിലായിട്ടായിരിക്കില്ല. അയാള്‍ അങ്ങിനെയാണ്. എന്തെങ്കിലും പറഞ്ഞ് ചിരിച്ചോണ്ടിരിക്കും. മുറി ഇംഗ്ലീഷും സിംഹളയുമെല്ലാം കോര്‍ത്തിണക്കിയാ ണ് സംസാരം. എന്തു പറഞ്ഞാലും ചിരിക്കും. 

കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ശ്രീലങ്കയുടെ മറ്റൊരു മുഖം കാണുന്നത്. ബങ്കറുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന പട്ടാളക്കാര്‍. ജാഗരൂകരായിരിക്കുന്ന പട്ടാളക്കാരില്‍ ഭൂരിഭാഗവും മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്‍മാര്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടികളെ കണ്ടപ്പോള്‍ സത്യത്തില്‍ വേദന തോന്നി. കാറ് തടഞ്ഞു നിര്‍ത്തി ഉള്ള് പരിശോധിക്കാന്‍ തുടങ്ങി. ഇന്ത്യ എന്ന് ഡ്രൈവര്‍ പറഞ്ഞതും ഉടനെ വിടുകയും ചെയ്തു. അതിലൊരു അടയാളമുണ്ട്. നമ്മുടെ പിന്തുണയും സൗഹൃദവും ആഗ്രഹിക്കുന്ന ശ്രീലങ്കയുടെ മുഖം. 

''ഏതെങ്കിലും അലുക്കുലുത്ത് ഹോട്ടലായിരുക്കുമോടെ ഇവന്‍മാര് ബുക്ക് ചെയ്തത്?' എന്റെ അടുത്ത സംശയം അതായിരുന്നു. 'ഏയ് ഫൈവ്സ്റ്റാര്‍ ഹോട്ടലാ.' ''ഓ.. ഇവിടുത്തെ സ്റ്റാര്‍ ഹോട്ടലൊക്കെ എന്തായിരിക്കുമോ എന്തോ.' എന്തായാലും നഗരം വൃത്തിയുള്ളതാണ്. തിക്കും തിരക്കും അധികമില്ല. ഹോട്ടലിലെത്തി. കൊള്ളാം, സംശയിച്ച പോലെയല്ലെന്നു മാത്രമല്ല. തിരുവനന്തപുരത്താന്നും ഇത്രയും നല്ല ഹോട്ടലില്ല.

ലങ്കയില്‍ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. അളിയന്‍ രാജേന്ദ്രന്റെ ഒരു ബന്ധു ഉണ്ടല്ലോ എന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. അദ്ദേഹം ശ്രീലങ്കന്‍ നയതന്ത്രജ്ഞനായി ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാര്യം അറിയാം. ഞാനുടനെ പെങ്ങള്‍ സന്ധ്യയെ വിളിച്ചു. 'അയ്യോ.. അദ്ദേഹത്തെ കാണാതെ വരരുത്. നല്ല മനുഷ്യനാ. നിങ്ങള്‍ക്ക് ഒ രുപാട് ഗുണമുണ്ടാവും.' സന്ധ്യ നമ്പറും തന്നു.

ഞങ്ങള്‍ക്ക് ഡൗട്ടടിക്കാന്‍ തുടങ്ങി. നയതന്ത്രജ്ഞനെന്നൊക്കെ പറയുമ്പാ ഗൗരവക്കാരനായിരിക്കുമോ. നമ്മുടെ നയവും തന്ത്രവുമൊന്നും അവിടെ വിലപ്പോവാതാവുമോ. രാവിലെ ഞങ്ങളേയും കൂട്ടി. ഇതാണ് ഇവിടുത്തെ ബീച്ച്. ഇതാണ് മ്യൂസിയം എ ന്നൊക്കെ പറഞ്ഞ് യാത്ര കുട്ടികളുടെ എക്‌സ്‌കര്‍ഷന്‍ മോഡലാക്കി കളയുമോ. അടിച്ചുപൊളിക്കാന്‍ വന്നവര്‍ നയതന്ത്രത്തിന്റെ ഇ രകളാവുമോ. സംശയം പെരുകുമ്പോള്‍ സുഹൃത്തുക്കളെന്നെ കയ്യൊഴിയാന്‍ തുടങ്ങി. ''ആ ടൈപ്പ് സാധനം വല്ലോം ആണങ്കില്‍ നീയായി നിന്റെ പാടായി. ഞങ്ങളെ വിട്ടേക്കണം.' അവന്‍മാര് ഒ റ്റക്കെട്ടായി പറഞ്ഞു. ''ഏതായാലും ഇന്ന് നമുക്ക് ഒറ്റയ്ക്ക് കറങ്ങാം. നാളെ വിളിച്ചു നോക്കാം.' അവസാനം തീരുമാനത്തിലെത്തി.

ഹോട്ടലിലെ ജിമ്മും നീന്തല്‍ക്കുളവും എല്ലാം ആസ്വദിച്ചു. വൈകീട്ട് ബീച്ചിലേക്കിറങ്ങി. ടാക്‌സിയിലായിരുന്നു യാത്ര. പ്രായം ചെന്ന ഒരാളാണ് വണ്ടിയോടിക്കുന്നത്. വിരമിച്ച് വിശ്രമജീവിതം തുടങ്ങണ്ട കാലത്ത് ഇയാളെന്തിനാ വണ്ടിയോടിക്കുന്നത് എന്ന സംശയം തീര്‍ക്കാന്‍ ഞാനയാളോട് ജീവിതത്തെ പറ്റി ചോദിച്ചു. ''എനിക്ക് മൂന്നുമക്കളുണ്ട്. എല്ലാവരും നല്ല നിലയിലെത്തി. ഇപ്പം ഞാനും എന്റെ കിഴവിയും മാത്രമേയുള്ളൂ. വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഈ ജോലിക്ക് വരുന്നു.''

'ദിവസം എന്ത് കിട്ടും.' '300 രൂപ കിട്ടും.' നമ്മുടെ 150. സിബി ഇടയ്ക്ക് കയറി പറഞ്ഞു. '24മണിക്കൂറാണ് ജോലി. ഒന്നരാടന്‍ പോവണം.'' ''എത്ര വയസായി.' ''കണ്ടിട്ടെന്ത് തോന്നുന്നു. ''ഒരമ്പത്തെട്ട്.' 'തെറ്റി. 72 വയസുണ്ടെനിക്ക്.' ഈ 72-ാം വയസിലും 24 മണിക്കൂര്‍ നമ്മുടെ 150 രൂപയ്ക്ക് വേണ്ടി ഒരാള്‍ സന്തോഷകരമായി ജോലി ചെയ്യുന്നു...!

അയാള്‍ ഞങ്ങളെ ബീച്ചിലെത്തിച്ചു. മനോഹരമായ ബീച്ച്. അവിടെയൊരു കല്യാണ ആഘോഷം പൊടിപൊടിക്കുന്നു. ചോര വീണ മണ്ണിലും ജീവിതം തളിര്‍ക്കുകയാണ്. ഞങ്ങളും കല്യാണത്തിനൊപ്പം കൂടി. വരന്‍ പാര്‍ട്ടിക്കാരായിരിക്കുമെന്ന് വധുവും വധുവിന്റെ പാര്‍ട്ടിക്കാരായിരിക്കുമെന്ന് വരനും കരുതിക്കാണണം. എതായാലും ഭക്ഷണം കഴിക്കാന്‍ നിന്നില്ല. അവിടന്ന് വല്ലോം പിടിക്കപ്പെട്ടാലോ. നാണം കെടാന്‍ ശ്രീലങ്കയില്‍ വരണ്ടല്ലോ. എന്തായാലും ഗംഭീര സ്വീകരണം തന്നെയായിരുന്നു അവിടെ. ഹസ്തദാനം ചെയ്തും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തും ശ്രീലങ്കന്‍ കല്യാണം ഞങ്ങളും ആഘോഷിച്ചു. 

സന്ധ്യയായപ്പോള്‍ ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു. ഇനി വൈകണ്ട. രാത്രിയായാല്‍ ചെക്കിങ് കൂടും. എന്തെങ്കിലും സംശയം തോന്നി തടഞ്ഞുനിര്‍ത്തിയാല്‍ പിന്നെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ വരേണ്ടിവരും. അതൊക്കെ പൊല്ലാപ്പാ. ഞങ്ങള്‍ ഹോട്ടലിലേക്ക് വിട്ടു. വഴിക്കിറങ്ങി ഫോട്ടോകള്‍ എടുക്കണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അതും ഉപേക്ഷിച്ചു. ഫ് ളാഷ് മിന്നുന്നത് കണ്ട് പട്ടാളക്കാര്‍ ഓടിയെത്തി പിടിച്ചാലോ? ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞാലല്ലേ നമ്മള്‍ മുകേഷാണെങ്കിലും ഇന്നസെന്റാണെന്ന് അറിയൂ. 

പിറ്റേ ദിവസം 11 മണിയായപ്പോ വല്‍സന്‍ ഞങ്ങളെ കാണാന്‍ വന്നു. നമ്മുടെ നയതന്ത്ര വിദഗ്ധന്‍. 'നീ പോയി കണ്ടാല്‍ മതി. കുഴപ്പക്കാരനല്ലെങ്കില്‍ ഞങ്ങളെ പരിചയപ്പെടുത്തിയാല്‍ മതി'. ഞാന്‍ കോഫി ഹൗസിലേക്ക് ചെന്നു. പരിചയപ്പെട്ടു. വല്‍സന്റെ അച്ഛന് 13 വയസുള്ളപ്പോള്‍ ശ്രീലങ്കയിലെത്തിയതാണ്. അവിടെ ബിസിനസിലൂടെ ജീവിതം കെട്ടിപ്പടുത്തു. ഐ.എഫ്.എസ് ഇല്ലെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളതുകൊണ്ട് സ്വീഡനില്‍ അംബാസഡറായതാണ്. നല്ല ആതിഥേയന്‍. മിനിട്ടുകള്‍ കൊണ്ടാണ് സംശയങ്ങളുടെ മഞ്ഞുമുരുകി ഞങ്ങള്‍ സുഹൃത്തുക്കളായത്.

'ഭാര്യയും മകനും നാട്ടില്‍ പോയിരിക്കുകയാണ്. നിങ്ങള്‍ വി ട്ടിലേക്ക് വരണം. അവിടെ താമസിക്കാം'. എന്റെ കൂടെ മൂന്നു സുഹൃത്തുക്കള്‍ കൂടിയുള്ള കാര്യം ഞാന്‍ പറഞ്ഞു. 'ഓ.കെ സന്തോഷം. അപ്പം വൈകീട്ട് വീട്ടിലെത്തുന്നു. നിങ്ങളെ ഞാന്‍ വളരെ മനോഹരമായൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അദ്ദേഹം യാത്ര പറഞ്ഞിറങ്ങാന്‍ ഭാവിക്കവെ കോഫീഹൗസില്‍ കടന്നു വന്ന ഒരാള്‍ പരിചയ ഭാവത്തോടെ എന്റെ അരികിലേക്ക് വന്നു. 

'മുകേഷ്. എന്താ ഇവിടെ.' 'ഞാനൊരു പേഴ്‌സണല്‍ ടൂറുമായി വന്നതാണ്.' ഒരു മലയാളികുടുംബത്തെ കണ്ടതിന്റെ സന്താഷത്തോടെ ഞാന്‍ പറഞ്ഞു. പറഞ്ഞുവന്നപ്പോഴാണ് മനസിലായത്. മരടില്‍ എന്റെ വില്ല നില്‍ക്കുന്ന അത കോംപൗണ്ടിലാണ് അദ്ദേഹത്തിന്റെ വീടും. ഒരാഴ്ചയേ അദ്ദേഹമവിടെ താമസിച്ചി ട്ടുള്ളൂ. ക്രിക്കറ്റ് താരം ശ്രീശാന്ത് താമസിച്ചത് ആ വീട്ടിലായിരുന്നു. അവിടെവെച്ച് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. അദ്ദേഹമിവിടെ ഗ്ലാസ്‌കോ കമ്പനിയുടെ മേധാവിയാണ്. ഞാനദ്ദേഹത്ത വല്‍സന് പരിചയപ്പെടുത്തി.

ഞാന്‍ മുറിയിലേക്ക് കയറാന്‍ ലിഫ്റ്റിനടുത്തെത്തി. സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ട് ഓടി വരുന്നു. ''സാര്‍ ഒരു ഫോട്ടോ യെടുത്തോട്ടെ.' ശെടാ.. മലയാളികളെ കാണുമ്പോള്‍ കൂട്ടത്തോടെയാണോ കാണുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പെണ്ണും ഇങ്ങിനെ ഒറ്റയ്ക്ക് വന്ന് ഒരു ഫോട്ടോയ്ക്ക് ചോദിക്കില്ല. രണ്ട് മൂന്നു പേര്‍ ചേര്‍ന്നേ വരൂ. ഇവള് കൊള്ളാം. മനസില്‍ ചിന്തകളുടെ വേലിയേറ്റം. അവളെന്നെ ലിഫ്റ്റിന്റെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുത്തു. താങ്ക് യൂ മൊഴിയാനും മറന്നില്ല. 'ലുക്ക്, നിങ്ങളിങ്ങനെ ഫോട്ടോയെടുത്തിട്ടെന്താ, ക്യാമറ വേറെ വല്ലവരിടവും കൊടുത്ത് കൂടെ നിന്നൊരു പടമെടുത്തോളൂ.'
''അത് വേണ്ട സാര്‍.'' 

'എന്റെ പടം ഇങ്ങിനെ എടുത്തിട്ട് എന്തു കിട്ടാനാ. അതിന് വല്ല മാഗസിനില്‍ നിന്നും എടുത്താല്‍ പോരേ.' ഞാന്‍ ചോദിച്ചു.
'സാര്‍, ഞാനിവിടുത്തെ ഗസ്റ്റ് റിലേഷന്‍ ഓഫീസറാണ്. സെക്യൂരിറ്റി നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഇവിടെ വരുന്നവരുടെയെല്ലാം ഫോട്ടോ എടുത്തു വെക്കാറുണ്ട്. അതിനു വേണ്ടിയാണിത്.'

അവന്‍മാര് കൂടെയില്ലാത്തത് ഭാഗ്യം. ഞാന്‍ നീറ്റായി ചമ്മി.

വൈകിട്ട് വല്‍സന്റെ വീട്ടിലെത്തി. സത്യത്തില്‍ അതൊരു മ്യൂസിയം തന്നെ. അദ്ദേഹം ഏതൊക്കെ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ അവിടുത്തെ ക്ലോക്കുകള്‍, പുരാവസ്തുക്കള്‍ എന്നു വേ
ണ്ട വിപുലമായൊരു ശേഖരം തന്നെ. ''ഇത് ഗ്രീസില്‍ നിന്ന്, ഇത് വെനീസില്‍ നിന്ന്' എന്ന് ഓരോന്നും പരിചയപ്പെടുത്താനും അദ്ദേഹം മറന്നില്ല. 

അദ്ദേഹം ഞങ്ങളെ മനോഹരമായൊരു ഹോട്ടലിലേക്കാണ് കൊണ്ടു പോയത്. ശാന്തമായ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ഇത്തിരി തുണ്ട് ഭൂമിയില്‍ ഒരു ഹോട്ടല്‍. ലോകത്തിലെ എല്ലാ തരം വൈനും കിട്ടുന്നയിടം. ഡ്രിങ്ക് നിങ്ങള്‍ക്കെവിടെ നിന്നും കഴിക്കാം, ഇവിടെ വന്നാല്‍ വൈന്‍ തന്നെ കഴിക്കണം. വല്‍സന്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ സായാഹ്നത്തിന് വൈനിന്റെ മധുരമായിരുന്നു.

വൈനിന്റെ ഇത്തിരി ലഹരിയില്‍ ശാന്തമായ കടലില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ഞാനോര്‍ത്തു പോയത്. ശ്രീലങ്കയുടെ ഭൂതകാലമാണ്. എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ്. ഒരു നാശത്തിന്റെ വക്കില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാത്തിരിക്കുന്നത്. 

പ്രഭാകരന്‍ മരിച്ചു. പുലികള്‍ ഇല്ലാതായി. വിഷയം പ്രഭാകരനിലേക്ക് കടന്നപ്പോള്‍ പുലിപ്പേടിയടെ ലങ്കയില്‍ ജീവിച്ച വല്‍സന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പറയാന്‍ തുടങ്ങി. പ്രഭാകരനെ വെറുക്കുന്ന ഒരു ജനതയൊന്നുമായിരുന്നില്ല ഇവിടുത്തേത്. പ്രഭാകരന്റെ ചില മണ്ടന്‍ തീരുമാനങ്ങളാണ് പുലികള്‍ക്കും അദ്ദേഹത്തിനും തന്നെ വിനയായത്. അവസാനം കീഴടങ്ങാന്‍ വന്നതായിരുന്ന പ്രഭാകരന്‍, വെടിവെച്ചു കഥ കഴിക്കുകയായിരുന്നത്രേ. ഇങ്ങനെ ശ്രീലങ്കയില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. കഥയും യാഥാര്‍ഥ്യവും കലര്‍ന്ന വാമൊഴി വാര്‍ത്തകള്‍. 

സിനിമക്കാരനായതുകൊണ്ടാവാം ശ്രീലങ്കന്‍ സിനിമയെ കുറിച്ചാരായാനും ഞാന്‍ മറന്നില്ല. സിനിമയുണ്ട്. പക്ഷെ അതുകൊണ്ട് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമൊന്നുമല്ല താരങ്ങള്‍ക്ക്. അവി ടുത്തെ സൂപ്പര്‍സ്റ്റാറിനു പോലും വേറെ തൊഴിലുണ്ട്. പക്ഷേ നാടകം ഇപ്പോഴും സജീവമാണ്. അതു കാണാന്‍ ആളുമുണ്ട്.

തിരിക്കുന്നതിന് മുമ്പാണ് ഓര്‍ത്തത്. ശ്രീലങ്കയുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങണ്ടേ. അവിടെ ചെന്നാല്‍ വാങ്ങേണ്ടത് ക്രോക്കറി ഐറ്റംസാണ്. ലോകോത്തര ക്രോക്കറി ഐറ്റംസാണ് ലങ്കയിലുണ്ടാക്കുന്നത്. നോറിടെക് എന്ന കമ്പനി ജപ്പാനീസ് ആണങ്കിലും ശ്രീലങ്കയിലാണതിന്റ ഫാക്ടറി. ഞങ്ങളൊരു ഷോപ്പില്‍ ചെന്നു. സത്യമാണ്, ഗംഭീര സാധനങ്ങള്‍. സ്വര്‍ണ്ണനിറത്തിലുള്ള കപ്പും സോസറും കണ്ട് ഞാന്‍ അതിശയിച്ചുപോയി.

'ഇതിന്റെ കളറ് പോകുമോ?' 
മനസിലെ സംശയം വാസു പിന്നെയും.
'നോറിടെക്കിന്റേതോ, എന്നാ പിന്നെ എന്ന ഈ കമ്പനി പൂട്ടിപ്പോയേനെ.'

പാക്കിങ്ങ് ആരംഭിച്ചപ്പോ ഞാന്‍ അല്‍പ്പം ധൃതി വെച്ചു. ഫ്‌ളാറ്റിന്റെ സമയമടുത്തു. 'ഒന്ന് വേഗം.' 'വേഗം ചെയ്തുതരാം, പക്ഷെ പൊട്ടും.' 'അയ്യോ പൊട്ടരുത്.'
'ആ... എന്നാ അല്‍പ്പം താമസിക്കും.'

പക്ഷേ ആ പാക്കിങ്ങിനെ പറ്റിയും പറയാതിരിക്കാന്‍ വയ്യ. എടുത്തറിഞ്ഞാല്‍ പോലും പൊട്ടത്തില്ലെന്ന് പറയാം. ഇത് കൊല്ലത്ത് കൊണ്ടുപോയി എനിക്കൊരു പണിയുണ്ട്. വീട്ടിനുമുമ്പില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഒരു ഏറുമാടം കെട്ടും. വൈകീട്ട് അതിന്‍മേല്‍ കയറിയിരുന്ന് സ്വര്‍ണ്ണക്കപ്പില്‍ ചായ കുടിക്കും. അതു വഴി പോകുന്നവരൊക്കെ അതു കാണുമ്പം പറയണം. 'ഓ മുകേഷ് ഇപ്പം പഴയ ആളാന്നുമല്ലെടെ.. അവനിപ്പം സ്വര്‍ണ്ണക്കപ്പിലല്ലിയോ ചായ കുടിക്കുന്നേ' എന്ന്. സന്ധ്യ പറയാറുമുണ്ടായിരുന്നു ഈ വീട്ടിലിപ്പം ഏറ്റവും കുറവുളളത് കപ്പും സോസറുമാണെന്ന്. ആ ഒരോര്‍മ്മ വെച്ചു കൂടിയാണ് ഞാനത് വാങ്ങിയത്. 

അവള്‍ക്കൊരു സര്‍പ്രൈസായിക്കോട്ടെന്ന് കരുതി സംഗതി പറഞ്ഞില്ല. നിനക്ക് ഗംഭീരമായൊരു സമ്മാനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട് എന്നു മാത്രം പറഞ്ഞു. മാലയാണോ വളയാണോ എന്നവള്‍. അത് നേരില്‍ കാണാം. എന്തായാലും കണ്ടു കഴിഞ്ഞാല്‍, 'ഓ ഞാനാഗ്രഹിച്ചിരുന്ന സാധനം' എന്നു നീ പറയു
മെന്ന് മാത്രം പറഞ്ഞു. അത് പോലെ തന്നെ പാക്കിങ് പൊളിച്ചുകഴിഞ്ഞതും എല്ലാ കണ്ണുകളിലും അത്ഭുതം വിടരുന്നത് ഞാന്‍ കണ്ടു. ശ്രീലങ്കയില്‍ പോകുന്ന സഞ്ചാരികളോട് എനിക്കു പറയാനുള്ളത് അതാണ്. don't miss it.

Yathra Cover September 2020
യാത്ര വാങ്ങാം

തിരിച്ചെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തുള്ള എന്റെയൊരു സുഹൃത്തിനെ കണ്ടു. ശ്രീലങ്കന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ പറയുകയാണ്. ''സംഗതിയൊക്കെ ശരി തന്നെ. അവിടെ എല്‍. - ടി.ടി.ഇ. പോയി, സമാധാനം വരും. പക്ഷെ ഭീഷണി മുഴുക്കെ കേരളത്തിനാണ്.'' ''ങ്‌ഹേ.. അതെന്തുപറ്റി? വല്ല നുഴഞ്ഞു കയറ്റവും?'' ''ഹേയ് അതല്ല. നീ കൊളംബോയല്ലേ കണ്ടിട്ടുള്ളു. ജാഫ്‌നയിലും ട്രിങ്കോമാലിയിലും എലിഫന്റ് പാസിലുമൊന്നും പോയിട്ടില്ലല്ലോ. അതിമനോഹരമാണാ സ്ഥലങ്ങള്‍. പുലികളുടെ കയ്യിലായതുകൊണ്ട് കുറേക്കാലമായി ആരും എത്തുന്നില്ലവിടെ. ഇനിയിപ്പോ അധികം വൈകാതെ അങ്ങോട്ടായിരിക്കും സഞ്ചാരികളുടെ ഒഴുക്ക്. അതോടെ നമ്മള്‍ കോവളത്തും വര്‍ക്കലയുമെല്ലാം ഈച്ചയാട്ടിയിരിക്കേണ്ടി വരും. അതാണ് ഭീഷണി.' നോക്കണേ.. ഓരോരുത്തര്‍ക്ക് ഓരോ താത്പര്യങ്ങള്‍.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Mukesh, Srilanka Travel, Srilanka Tourism, Celebrity Travel, Mathrubhumi Yathra