ഴ പെയ്തുകൊണ്ടേയിരുന്ന ഒരു മധ്യാഹ്നത്തിലാണ് ഞാൻ ശ്രാവണബലഗോളയിൽ എത്തുന്നത്. രണ്ട് കുന്നുകൾക്കിടയിൽ നനഞ്ഞ് കിടക്കുന്ന ഒരു കൊച്ചു നഗരം. അതിനിടയിലൂടെ നീളുന്ന തീർത്ഥാടനപാത. മധ്യത്തിൽ ഒരു ശുദ്ധജലതീർത്ഥം. നഗരത്തിൽ, തെരുവോരത്തു നിന്ന് ഞാൻ വിന്ധ്യഗിരി എന്ന കുന്നിൻ മുകളിലേക്ക് നോക്കിയത് സ്കൂൾ പാഠപുസ്തകം മുതൽ കണ്ടു പരിചയിച്ച ആ കൂറ്റൻ ശിൽപ്പം കാണാനായിരുന്നു: അതിശാന്തമായ മുഖവും കടഞ്ഞെടുത്ത ശരീരവും അതിലേക്ക് പടർന്ന് കയറിയ വള്ളിച്ചുറ്റുകളുമായി പൂർണ നഗ്നനായി നിൽക്കുന്ന ഗോമടേശ്വരൻ അഥവാ ബാഹുബലിയുടെ പൂർണ്ണകായ പ്രതിമ. പക്ഷേ അത് കാഴ്ചക്കുമപ്പുറത്തായിരുന്നു. കാണണമെങ്കിൽ 650 കൽപ്പടവുകൾ കയറി വിന്ധ്യഗിരിയുടെ മുകളിലെത്തണം.

ഞാൻ വിശദമായ ഒരു ആയുർവേദ ചികിത്സ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. സത്യം പറഞ്ഞാൽ കർശന പഥ്യങ്ങളോടെ വീട്ടിൽ വിശ്രമിക്കേണ്ട കാലം. ഇതറിയാവുന്നത് കൊണ്ട് ഭാര്യ സുചിത്ര വിളിച്ചു ചോദിച്ചു:
"ചേട്ടൻ ആ പടവുകൾ മുഴുവൻ കയറാൻ പോവുകയാണോ..?' "അതെ' ഞാൻ പറഞ്ഞു. 
സങ്കടത്തോടെ സുചി ഫോൺ വെച്ചു. എനിക്കീ പടവുകൾ കയറാതിരിക്കാൻ കഴിയില്ല. എത്രയോ കാലമായി ഉള്ളിൽ തളിർത്ത മോഹമാണ്. വായിച്ചറിഞ്ഞും നെടുമുടി വേണുവടക്കമുള്ള സഹൃദയരായ സുഹൃത്തുക്കളുടെ സന്ദർശന വിവരണങ്ങൾ കേട്ടും എത്രയോ മുമ്പ് ഞാനീ ആരോഹണം ഉള്ളിൽ കുറിച്ചിട്ടിരുന്നു. മഴയായാലും വെയിലായാലും ചികിത്സയിലാണെങ്കിലും എനിക്കിതു കയറിയേ പറ്റൂ.

Mohanlal 1
കാഴ്ചയില്‍ നിറയുന്ന ഗോമടേശ്വരന്‍

വിന്ധ്യഗിരി കയറുമ്പോൾ പാദരക്ഷ പാടില്ല. നഗ്നമായ പാദങ്ങൾ നനഞ്ഞ കരിങ്കൽപ്പടവുകളിൽ അമർത്തിച്ചവിട്ടി കയറുമ്പോൾ ശരീരപീഡയുടെ ആദ്യാനുഭവം. ശിലാപതലത്തിൽ ചെത്തിയുണ്ടാക്കിയ ആ പടവുകൾ പോലും അത്ഭുതമാണ്. കുന്നിന്റെ പള്ളയിലൂടെ ഒരു പിരിയൻ ഗോവണി പോലെ അത് കയറിപ്പോകുന്നു. കയറിക്കയറിക്കിതച്ചു. മുകളിലേക്ക് നോക്കുമ്പോൾ കയറാൻ പടവുകൾ ഇനിയും ബാക്കി. ശബരിമല, ശ്രാവണബലഗോള, തിരുവണ്ണാമല.. ധ്യാനത്തിന്റെയും തീർത്ഥാടനത്തിന്റെയും കേന്ദ്രങ്ങളെല്ലാം ഉയരങ്ങളിലാണ്. ആരോഹണവും ഏകാന്തതയും, തന്നിലേക്കുള്ള സഞ്ചാരത്തിനും ബോധോദയത്തിനും ആവശ്യമാണ്.

ബപ്പണ്ണ എഴുതിയ പുരാതനകന്നട കവിതയിൽ ബാഹുബലിയുടെ കഥ കാണാം. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായിരുന്ന ആദിനാഥന്റെ മകനായിരുന്നു ബാഹുബലി. അയോധ്യ ഭരിച്ചിരുന്ന ഭരതനായിരുന്നു ബാഹുബലിയുടെ സ്ഹോദരൻ. സാമ്രാജ്യത്തിന് വേണ്ടി ഭരതൻ സഹോദരനെ പോരിന് വിളിച്ചു. ബാഹുബലി ഭരതനെ തോൽപ്പിച്ചു. പക്ഷേ രാജ്യവും സാമ്രാജ്യവും ഭരതനു തന്നെ നൽകി. തുടർന്ന് ഒരു വർഷം അദ്ദേഹം നിന്നു കൊണ്ട് ധ്യാനിച്ചു. പക്ഷേ അന്യന്റെ ഭൂമിയിൽ ചവിട്ടി നിൽക്കുന്നതുകൊണ്ട് മനസ്സിന് ശാന്തി ലഭിച്ചില്ല. ഇതു മനസ്സിലാക്കിയ ഭരതൻ രാജ്യം ബാഹുബലിയെ തിരികെ ഏൽപ്പിച്ചു. ആ മണ്ണിൽ നിന്നു കൊണ്ട് അദ്ദേഹം ബോധോദയ പ്രാപ്തനായി.

Mohanlal 2
ശ്രാവണബലഗോളയിലെ പരിസരക്കാഴ്ചകള്‍

പടവുകൾ കയറുംതോറും ശ്വാസകോശത്തിൽ കിതപ്പ് കുരുങ്ങി. മഴ പൊഴിഞ്ഞു കൊണ്ടേയിരുന്നു. കയറ്റത്തിനിടെ കൊച്ചു കൊച്ചു കല്ലിൻ കവാടങ്ങൾ. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ, ദൂരെ, നഗരമധ്യത്തിലായി, "ബെലകോള' എന്നറിയപ്പെടുന്ന ജലാശയം. അതിനെ ചുറ്റിയുള്ള സ്ഥലമാവണം ശ്രാവണ ബലഗോള.

ആരോഹണം അവസാനഘട്ടത്തിലെത്തുമ്പോൾ കൂറ്റൻ കന്മതിലുകൾക്കും കവാടങ്ങൾക്കും ഇടയിലൂടെ നാം കടന്നു പോകുന്നു. അതിന്റെ ഏതോ ഘട്ടത്തിൽ ഞാൻ കണ്ടു: നിരാസക്തവും നിർമ്മമവുമായ ബാഹുബലിയുടെ മുഖം. ശരീരം മറ്റേതോ ആഴങ്ങളിൽ മറഞ്ഞിരിക്കുന്നു. ഒടുവിൽ പടവുകൾ തീർന്ന് ഒരു ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ ഞാനെത്തി. മുന്നിൽ മൗനപൂർണമായ ഒരു കാവ്യം പോലെ, സുന്ദരിയായ ഒരു യുവതിയുടെ ശിൽപ്പം നിൽക്കുന്നു. വെള്ള വസ്ത്രമണിഞ്ഞ്, ഒറ്റപ്പെട്ട വെൺമേഘം പോലെ, ഒരു ജൈന സന്യാസിനി എന്നെക്കടന്നു പോയി.

Mohanlal 3
തീര്‍ത്ഥാടകന്റെ വഴി

അകത്തേക്ക് നടക്കുമ്പോൾ ആദ്യം കാണുക അഴകൊത്ത ആ പാദങ്ങളാണ്. പിന്നെപ്പിന്നെ കാൽവണ്ണയും തുടയും അതിൽപ്പടർന്നു കയറുന്ന വള്ളികളും ബാഹുക്കളും ശരീരമാകെയും കാണുന്നു. ഈ നഗ്ന മേനി കണ്ട് കുട്ടിക്കാലത്ത് എത്രതവണ ഞങ്ങൾ കണ്ണിറുക്കിച്ചിരിച്ചിരിക്കുന്നു. ദിഗംബരധാരണത്തിന്റെ പൊരുളിനെക്കുറിച്ചൊന്നും അന്ന് പിടിയില്ലായിരുന്നു. അടുത്തു നിൽക്കുമ്പോൾ ആ കൂറ്റൻ ശിൽപ്പം എന്റെ കൊച്ചുകണ്ണുകളിൽ നിറഞ്ഞു കവിയുന്നത് പോലെ തോന്നി. ഒരു വിശ്വരൂപ ദർശനത്തിന്റെ വിഭ്രമാത്മകമായ അനുഭൂതി. സൂക്ഷ്മതയേക്കാളും വലിപ്പത്തിലാണ് ഇവിടെ ശിൽപ്പി ശ്രദ്ധിച്ചിരിക്കുന്നത്. എല്ലാ മഹാപുരുഷ ലക്ഷണങ്ങളും ബാഹുബലി പ്രതിമയിൽ ഞാൻ കണ്ടു. വിസ്തൃതമായ ചുമലുകൾ, നീണ്ട കാലുകൾ, ദീർഘ ബാഹുക്കൾ...

ഈ പ്രതിമ ചെയതത് ആരെന്ന് കൃത്യമായി അറിയില്ല. AD981ൽ രാജമല്ലയിലെ ഗംഗാ രാജാവിന്റെ മന്ത്രിയായ ചാമുണ്ഡ രാജയാണ് പ്രതിമയ്ക്ക് പുറകിലെ ബുദ്ധി കേന്ദ്രം. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. ബാഹുബലിയുടെ കാൽക്കൽ ആരോ അർപ്പിച്ച ഒരു പുഷ്പഹാരം. അടുത്ത് നിന്ന് നോക്കുമ്പോഴാണ് ആ വിരലുകളുടെ മനോഹാരിത മനസ്സിലാവുക. മനുഷ്യന്റെ കാൽപ്പാദങ്ങൾ ഇത്ര സുന്ദരമാണ് എന്ന് ബാഹുബലിയുടെ കാൽച്ചുവട്ടിൽ നിന്നപ്പോഴാണ് മനസ്സിലായത്.

Mohanlal 4
ബാഹുബലിയുടെ പാദങ്ങള്‍

പ്രതിമ നിൽക്കുന്ന തളത്തിനെച്ചുറ്റിയുള്ള ഇടനാഴിയിൽ കൊച്ചു കൊച്ച് അറകളിൽ 30 തീർത്ഥങ്കരൻമാരുടെ പ്രതിമകൾ. ഒറ്റയ്ക്ക് കണ്ടാൽ സാമാന്യം വലിപ്പം തോന്നിക്കുന്ന അവ ബാഹുബലി പ്രതിമ കണ്ട് കൺനിറഞ്ഞത് കൊണ്ടാവണം, ചെറുതായി തോന്നി. ആ ഇടനാഴിയിൽ, മങ്ങിയ വെളിച്ചത്തിൽ, ഞാൻ ഒരു പാട് നേരം മൗനമായിരുന്നു; ധ്യാനത്തിന്റെ പരകോടിയിൽ ബോധോദയത്തിന്റെ മന്ദഹാസത്തിലേക്ക് പരിവർത്തനപ്പെട്ട ആത്മാക്കൾക്കു നടുവിൽ, ഒരു പൂവിതൾ പോലെ, കനമില്ലാതെ..

Yathra Cover August 2020
യാത്ര വാങ്ങാം

ചുറ്റുവഴിയിലൂടെ നടക്കുമ്പോൾ ഞാൻ ചന്ദ്രഗുപ്ത മൗര്യനെ ഓർത്തു. യുദ്ധങ്ങളിൽ നിന്ന് യുദ്ധങ്ങളിലേക്ക് നീന്തി, സാമാജ്യങ്ങൾ കാൽക്കീഴിലാക്കി, ഒടുവിൽ "സല്ലേഖന'യ്ക്കായി (നിരാഹാരത്തിലൂടെയുള്ള മരണം വരിക്കൽ)അദ്ദേഹം എത്തിയത് ശ്രാവണബലഗോളയിലാണ്. രാജകീയ ഭോഗങ്ങൾ അനുഭവിച്ചിരുന്ന ചക്രവർത്തി ഭക്ഷണമുൾപ്പെടെ എല്ലാം ഉപേക്ഷിച്ച്, അസ്ഥിപഞ്ജരമായി, ഈ കുന്നിൻമുകളിൽ വെച്ച് അന്ത്യശ്വാസം വലിച്ചു! അദ്ദേഹത്തെ അതിലേക്ക് നയിച്ച മനോവിചാരങ്ങൾ എന്തായിരിക്കാം? ശരീരത്തെ പീഡിപ്പിക്കുന്നതിന് ഞാൻ എതിരാണെങ്കിലും, ആ ചക്രവർത്തിയുടെ അന്ത്യം എന്നെ ചിന്തിപ്പിക്കാറുണ്ട്.

തിരിച്ചിറങ്ങുമ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. കയറുന്നതിനേക്കാൾ വിഷമമാണ് ഇറങ്ങൽ. കാലുകൾ എവിടെയൊക്കയോ വഴുതി. മഴയിലും ഞാൻ വിയർത്തു. വെറുമൊരു സഞ്ചാരിമാത്രമായ ഞാൻ ഇത്ര ക്ലേശിക്കുന്നവെങ്കിൽ കുന്നിൻമുകളിൽ ഈ ലോകം സൃഷ്ടിച്ച ശിൽപ്പികളുടെ യത്നമെന്തായിരിക്കാം ?! ഒരുപക്ഷേ അവർക്ക് അധ്വാനമായിരിക്കാം ധ്യാനം, കലയായിരിക്കാം ആനന്ദം.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Mohanlal, Shravanabelagola, Spiritual Travel, Celebrity Travel, Incredible India