വാതിലുകള്‍ ഇല്ലാത്ത വീടുകള്‍ നിറഞ്ഞ ഒരു ഗ്രാമം മഹാരാഷ്ട്രയിലുണ്ട് എന്ന് പത്രത്തില്‍ വായിച്ചപ്പേള്‍ അമ്പിളി അമ്മാവനിലോ അമര്‍ച്ചിത്ര കഥയിലോ പണ്ടെങ്ങോ വായിച്ചു മറന്ന കാഴ്ച്ചകളാണ് ഓര്‍മ്മ വ ന്നത്. അതു കൊണ്ടു തന്നെ ഒരു യാഥാര്‍ഥ്യമായിട്ട ല്ല കഥയായിട്ടാണ് ആ വാര്‍ത്ത എന്റെ മനസ്സില്‍ കിടന്നത്. ഞാനതെക്കുറിച്ച് എന്റേതായ രീതിയില്‍ എന്തൊക്കെയോ സങ്കല്‍പ്പങ്ങള്‍ നെയ്തുകൂട്ടി. സംഭവ്യമല്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സുഖകരമായ സങ്കല്‍പ്പങ്ങള്‍.

എന്നാല്‍ പിന്നീട് ഗൗരവമായി അന്വേഷിച്ചപ്പോള്‍, പറഞ്ഞു കേട്ടതില്‍ ഒരു തരി പോലും അതി ശയോക്തിയില്ലാതെ അങ്ങിനെയൊരു ഗ്രാമം ഈ നൂറ്റാണ്ടിലും ജീവിക്കുന്നു എന്നറിഞ്ഞു. 'ശനിശിംഗ നാപുര്‍' എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര്. ഇളം ചൂടുള്ള മറാത്താ പ്രഭാതങ്ങളിലൊന്നില്‍ ഞാന്‍ ആ ഗ്രാമത്തിലേക്കു യാത്ര പോയി. ഒരേ സമയം ഒരു കുട്ടിയുടെ നിഷ്‌കളങ്ക കൗതുകത്തോടെയും മുതിര്‍ന്നയാളുടെ കലങ്ങിയ സംശയദൃഷ്ടിയോടെയും. 

നാസിക്കും ഷിര്‍ദ്ദിയും കടന്ന് ഔറംഗബാദിലേക്ക് നീളുന്ന പാതയിലൂടെയാണ് യാത്ര. വഴിക്കിരുവ ശവും നിത്യകന്യയായ ഗ്രാമങ്ങളാണ്. പലപല കൃഷികളും പശുത്തൊഴുത്തുകളും മങ്ങിയ നിറത്തിലുള്ള കൊച്ചു കൊച്ചു അങ്ങാടികളും തൂവെള്ളക്കുര്‍ത്തയും മുട്ടിന് തൊട്ടുതാഴെവരെയെത്തുന്ന പൈജാമയും ധരിച്ച ഗ്രാമീണരും വഴിക്കിരുവശവുമുള്ള കാഴ്ചകളില്‍ വരികയും പോകുകയും ചെയ്തു. ഗ്രാമങ്ങളും അവിടുത്തെ അതിലളിതമായ ജീവിതവും കാണാന്‍ കേരളത്തിന് പുറത്തുപോകണം. ദാരിദ്ര്യമുണ്ടെങ്കിലും വല്ലാത്തൊരു ശാന്തിയും മിതത്വത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ ഒരു താളവുമുണ്ട് ഈ ഗ്രാമ ജീവിതത്തിന്.

Mohanlal 3
വഴിയോരത്തെ ധാബയിൽ പ്രഭാതഭക്ഷണം

ഈ വഴിയിലൂടെ പോകുന്ന വാഹനങ്ങളധികവും ശനിശിംഗനാപുരിലേക്കു തന്നെയാണ്. മിക്കവയും മഹാരാഷ്ട്രയുടെ ദൂരദേശങ്ങളില്‍ നിന്നും ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവ. വാതിലുകളില്ലാത്ത വിശ്വ സുന്ദരമായ ഒരു ഗ്രാമം കാണാനല്ല ഈ വാഹനപ്രവാഹം. മറിച്ച്. ആ ഗ്രാമത്തിലെ അതിപ്രസിദ്ധമായ ശനീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ്. 

മഹാരാഷ്ട്രയില്‍ പലയിടത്തും ശനീശ്വരന്‍ കോവിലുകളും ശനിപൂജകളും കാണാം. ശനിദോഷത്തെ അത്രയും പേടിയാണ് ജനങ്ങള്‍ക്ക്. 'കണ്ടകശനി കൊണ്ടേ പോകൂ' എന്ന് നമ്മുടെ നാട്ടിലും പറയാറുണ്ടല്ലോ. ശനിദോഷങ്ങള അകറ്റാനുള്ള പൂജകള്‍ക്ക് ഇന്ത്യയില്‍ തന്നെ പ്രസിദ്ധമാണ് ഈ ശനിശിംഗനാപ്പൂര്‍.

Mohanlal 2
ശനീ കടാക്ഷം തേടി... ശനീശ്വരന് മുന്നിൽ

രണ്ടു മണിക്കൂറിലധികം യാത്രചെയ്തപ്പോള്‍ ഒരു ചെറിയ അങ്ങാടിയിലെത്തി. പൊട്ടിപ്പൊളിഞ്ഞ് പൊടിയുയരുന്ന റോഡും ഇരുവശവും കെട്ടിയുണ്ടാക്കിയ കടകളും അവയില്‍ നിന്നുയരുന്ന ഭക്തിഗാനങ്ങളും നനഞ്ഞ് വെള്ളമൂറുന്ന കാവിമുണ്ടുടുത്ത് തലപോലും തുവര്‍ത്താതെ നടന്നു നീങ്ങുന്ന അസംഖ്യം ഭക്തജനങ്ങളും പല പല കാര്യങ്ങള്‍ക്കുള്ള പ്രലോഭനങ്ങള്‍ ചൊരിയുന്ന ഇടത്തട്ടുകാരും നിറഞ്ഞ അവിടം ചോറ്റാനിക്കരയിലേയോ കൊടുങ്ങല്ലൂരിലേയോ ക്ഷേത്രവഴികളെ ഓര്‍മ്മിപ്പിച്ചു. നനഞ്ഞ തുണിയുടെ മണമായിരുന്നു ആ അങ്ങാടിക്ക്. 

കുളിച്ചതിനുശേഷം പിഴിയാത്ത മുണ്ടുടുത്തു വേണം ശനീശ്വര ദര്‍ശനത്തിന് എന്നാണ് പറയുക. അതുകൊണ്ടു തന്നെ കുളിമുറികളും കാവിമുണ്ടുമാണ് ഇവിടുത്തെ ഏറ്റവും വലിയ ബിസിനസ്സ്. ഒരോ കുളിമുറിക്കും ഇടനിലക്കാരുണ്ട്. കുളിക്കുക മാത്രമെ നിങ്ങള്‍ സ്വയം ചെയ്യേണ്ടതുളളു. മുണ്ടുടുപ്പിച്ച് ദര്‍ശനം കഴിച്ച് പ്രസാദം വാങ്ങി കയ്യില്‍ത്തരുന്നതു വരെ അവര്‍ ചെയ്തു കൊള്ളും. മടിക്കുത്തിലെ പേഴ്‌സ് കാലിയാവുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി.

കുളിമുറിയില്‍ കയറാതെ, കുളിച്ചീറനാകാതെയാണ് ഞാന്‍ ക്ഷേത്രത്തിലേക്ക് നടന്നത്. ഒന്നും പ്രാര്‍ഥിക്കാനല്ലല്ലോ ഞാന്‍ വന്നത്. മുന്‍വശത്തെ ക്യൂവിന് അധികം നീളമില്ല. മുന്നിലും പിന്നിലും നനഞ്ഞ ശരീരങ്ങള്‍. കവാടത്തില്‍ വലിയൊരു ഓട്ടുമണി കെട്ടിത്തൂക്കിയിട്ടുണ്ട്. അതടിച്ച്. വരിയില്‍ നിന്നും കുതറി ഞാന്‍ നടന്നു. 

ഇരുമ്പു കമ്പി കൊണ്ട് വിഭജിച്ച ഇടനാഴിയിലൂടെ നടന്നാല്‍ അകത്ത് ഒരു തുറസ്സായ സ്ഥലത്തെത്തും. അവിടെ മേല്‍ക്കൂരയോ ചുറ്റുചുമരുകളോ, ഒന്നുമില്ലാത്ത ഒരു കറുത്ത കല്ല്. അതിന് 5 അടി യോളം ഉയരമുണ്ടാകും. അതാണ് പ്രസിദ്ധമായ ശനീശ്വര പ്രതിഷ്ഠ. അത്രയേ ഉള്ളൂ. ഭക്തര്‍ കൊണ്ടു വരുന്ന എണ്ണ ഈ കല്ലില്‍ അഭിഷേകം ചെയ്യും. അതാണ് പ്രധാന വഴിപാട്. കാലങ്ങളായി ഈ കൃഷ്ണശില എണ്ണയില്‍ ആറാടിക്കൊണ്ടേയിരിക്കുന്നു. അഭിഷേകത്തിനു ശേഷം ഈ എണ്ണയത്രയും എങ്ങോട്ട് ഒഴുകിപ്പോകുന്നു എന്നു ഞാന്‍ ആലോചിച്ചു.

Mohanlal 4
വാതിലുകളില്ലാത്ത ഈ ​ഗ്രാമത്തിൽ ഒരപരിചിതനും അന്യനല്ല

ശനിപ്രതിഷ്ഠയുടെ അടുത്ത് ഒരു ശൂലവും തൊട്ടപ്പുറത്ത് ഒരു നന്ദിയുടെ വിഗ്രഹവുമുണ്ട്. മുന്‍വശത്ത് ശിവന്റെയും ഹനുമാന്റെയും രൂപങ്ങള്‍. വലിയ നാശനഷ്ടങ്ങള്‍ വരുത്തി വെച്ച ഒരു മഹാപ്രളയത്തിന്റെ ശേഷിപ്പില്‍ നിന്നാണ് ഈ കൃഷ്ണശില ലഭിച്ചത് എന്ന് ക്ഷേത്രത്തേക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ പറയുന്നു. അതിന്റെ രൂപം അ വരെ അത്ഭുതപ്പെടുത്തി. അതിലേറെ ഗ്രാമീണരെ വിസ്മയിപ്പിച്ചത് കമ്പ് കൊണ്ടു കോറി നോക്കിയപ്പോള്‍ കല്ലില്‍ നിന്നും ചോര പൊടിഞ്ഞതാണ്. പിന്നീട് ഗ്രാമീണരുടെ സ്വപ്നങ്ങളില്‍ ശനീശ്വരന്‍ നിറഞ്ഞു. അത്തരം സ്വപ്നങ്ങളിലൊന്നില്‍ മേല്‍ക്കൂരയില്ലാത്ത ക്ഷേത്രം പണിയാനുള്ള നിര്‍ദേശം അവര്‍ക്കു ലഭിച്ചു. അതാണ് ഇന്ന് കാണുന്നത്. അമാവാസി ദിവസങ്ങളിലാണ് ഇവിടേക്ക് ഏറ്റവുമധികം ഭക്തരെത്തുക. അത് ശനിയാഴ്ച്ച കൂടിയായാല്‍ ക്ഷേത്രം തീര്‍ഥാടകസാഗരമാവും,

ക്ഷേത്രദര്‍ശനത്തെക്കാള്‍ എനിക്കു താല്‍പ്പര്യം വാതിലുകളില്ലാത്ത ആ ഗ്രാമം കാണുക എന്നതാ യിരുന്നു. ക്ഷേത്രത്തിന്റെ പുറംമതിലിനു ചേര്‍ന്ന വഴിയിലൂടെ പോയാല്‍ ഗ്രാമ ഹൃദയത്തിലെത്താം. കൊച്ചുകൊച്ചു വീടുകളും കാലിത്തൊഴുത്തുകളും അവക്കപ്പുറം വിശാലമായ കൃഷിയിടങ്ങളുമായി ഒരു തനി മറാത്തി ഗ്രാമം. അവിടവിടെ വന്‍വൃക്ഷങ്ങളുടെ പച്ചപ്പുകള്‍. വലിയ ഉള്ളി അടുക്കിവച്ച കൃഷിപ്പുരകള്‍. കൂടിനിന്ന് സംസാരിക്കുന്ന സ്ത്രീകള്‍. അപരിചിതനായ യാത്രികനെ നോക്കി അവര്‍ ചിരിച്ചു. അജ്ഞാതനാവുന്നതിന്റെ സുഖം ഞാന്‍ അനുഭവിച്ചു.

Mohanlal 5
അജ്ഞാതയാത്രികനും ​ഗ്രാമവാസികളും

വാര്‍ത്തയില്‍ വായിച്ചത് കാല്‍പ്പനികമായ കാര്യമല്ല എന്ന് ആ ഗ്രാമത്തില്‍ ചുറ്റിനടന്നപ്പോള്‍ എനിക്ക് മനസ്സിലായി. ഒരു വീടിനും വാതിലില്ല. കടകള്‍ക്കോ ധാന്യപ്പുരകള്‍ക്കോ വാതിലില്ല. എല്ലാം എപ്പോഴും തുറന്നു കിടക്കുന്നു. ആര്‍ക്കും സ്വാഗതം. മേല്‍ക്കൂരയില്ലാത്ത ക്ഷേത്രത്തില്‍ നിന്നു തന്നെയാവണം വാതിലുകളില്ലാത്ത വീടുകള്‍ എന്ന തും വന്നത്. ഗ്രാമത്തിലെ ജനങ്ങളും അങ്ങിനെ തന്നെയാണ് വിശ്വസിക്കുന്നത്. കള്ളന്‍മാരില്‍ നിന്നും മോഷണത്തില്‍ നിന്നും ശനീശ്വരന്‍ സംരക്ഷിക്കും എന്നാണ് വിശ്വാസം. ആ വിശ്വാസത്തില്‍ മനസര്‍പ്പിച്ച് ശനിശിംഗനാപൂരില്‍ രാത്രിപോലും കടകള്‍ അടക്കുന്നില്ല. എല്ലാം തുറന്നിട്ടാണ് ആളുകള്‍ വീട്ടിലേക്ക് പോകുന്നത്. വീടുകളും തുറന്നിടുന്നു.

ഞാന്‍ ചില വീടുകള്‍ക്കകത്ത് കയറി നോക്കി. എല്ലാം കൊച്ചു കൊച്ചു വീടുകള്‍. ഒരു കുഞ്ഞു ജനവാതിലെങ്കിലും

Mohanlal 6
വാതിൽ അടയ്ക്കില്ലെന്നറിയാം.... വീണ്ടും വരാം

എവിടെയെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ചി ലയിടങ്ങളില്‍ വാതിലിന്റെ സ്ഥാനത്ത് നേരിയ കര്‍ട്ടനുകള്‍ തൂക്കിയിട്ടുണ്ട്. അത് ഉള്ളതും ഇല്ലാത്തതും കണക്കാണ്. ഒരു വാതിലിന്റെ മറപോലുമില്ലാതെ കുടുംബമായി എങ്ങിനെ ജീവിക്കും എന്ന ചോദ്യം ഇതു വായിക്കുന്നവരെ പ്പോലെ എനിക്കും ഉണ്ടായിരുന്നു. വ്യക്തിയുടെ രഹസ്യജീവിതത്തെക്കുറിച്ചുള്ള ഒരുപാട് സംശയ ങ്ങള്‍. ചില കുടുംബനാഥന്‍മാരോടും വീട്ടിലെ മുതിര്‍ന്നവരോടും ഞാനിതു ചോദിച്ചു. 'എല്ലാം നടന്നു പോകുന്നു' എന്ന് മാത്രമായിരുന്നു ഉത്തരം.

Yathra Cover September 2020
യാത്ര വാങ്ങാം

മറച്ചു വെക്കാനൊന്നുമില്ലാത്ത, തുറന്ന ഒരു മനസ്സു പോലെ തോന്നിച്ചു ആ ഗ്രാമം. വാതിലുകളില്ലാത്ത, വിഭജനങ്ങളില്ലാത്ത ഒരു ലോകം, അങ്ങനെയൊന്ന് സാധ്യമാണ് എന്ന് ഈ യാത്ര എനിക്ക് മനസ്സിലാക്കി തന്നു. അത്തരം ഇടങ്ങള്‍ ഇനിയുമുണ്ടാവട്ടെ, ഇനിയുമിനിയും അവിടങ്ങളിലേക്കുള്ള യാത്രകള്‍ ഞാന്‍ സ്വപ്നം കാണുന്നു.

(മാതൃഭൂമി യാത്ര 2010 ജനുവരിയിൽ പ്രസിദ്ധീകരിച്ചത് )

Content Highlights: Mohanlal, Shani Shingnapur, Houses Without Doors, Celebrity Travel, Mathrubhumi Yathra