കോവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന ഈ അനിശ്ചിതാവസ്ഥകള്‍ മാറി എല്ലാം പഴയപടിയാവുമെന്ന പ്രത്യാശ പങ്കുവെച്ച് നടി മംമ്താ മോഹന്‍ദാസ്. ഇന്‍സ്റ്റാഗ്രാമില്‍ ബിഗ് സര്‍ ടണല്‍ യാത്രയുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇങ്ങനെ പറയുന്നത്.
ഈ വര്‍ഷം ജനുവരി ആദ്യവാരമാണ് ഈ ചിത്രമെടുത്തത് എന്നുപറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. നീണ്ട ഇരുട്ടുനിറഞ്ഞതും അനിശ്ചിതവുമായ ടണല്‍ പോലുള്ള ഒരു കാലമാണ് വരാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നു. എല്ലാത്തിന്റെയും അവസാനം ഒരു പ്രകാശം നമ്മളില്‍ തിളങ്ങാനായി കാത്തിരിപ്പുണ്ടെന്ന് ശുഭാപ്തി വിശ്വാസിയെന്ന നിലയില്‍ ഞാന്‍ കരുതുന്നു. പഴയപോലെ നമ്മള്‍ എല്ലാവരും ചിരിക്കും കണ്ടമുട്ടും അത്താഴം കഴിക്കും യാത്രകള്‍ക്ക് പോകും ആരാധനാലയങ്ങളിലും ഷോപ്പിങ്ങിനും പോകും. വേനലും മഞ്ഞും നമ്മുടെ എല്ലാ ഋതുഭേദങ്ങളും ഞാന്‍ മിസ് ചെയ്യുന്നുവെന്നും അവര്‍ കുറിച്ചു.
കാലിഫോര്‍ണിയയിലെ കാര്‍മല്‍ ഹൈലാന്‍ഡ്‌സിനും സാന്‍ സിമിയോണിനും ഇടയിലുള്ള മധ്യതീരപ്രദേശത്താണ് ബിഗ് സര്‍ സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ അവികസിത തീരപ്രദേശങ്ങളില്‍ ഏറ്റവും നീളം കൂടിയതും മനോഹരവുമായ ഭാഗമാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ 35 വിനോദസഞ്ചാരകേന്ദ്രങ്ങളെടുത്താല്‍ അതിലൊന്ന് ബിഗ് സര്‍ ആയിരിക്കും. റെഡ് വുഡ് വനങ്ങളും ബീച്ചുമെല്ലാം ബിഗ് സറിനെ വ്യത്യസ്തമാക്കുന്നു.
ഹൈക്കിങ്ങിനും ഇവിടം പേരുകേട്ടതാണ്. കാലിഫോര്‍ണിയയിലെ തന്നെ യോസ്മിറ്റ് നാഷണല്‍ പാര്‍ക്കിലെത്തുന്ന അത്രയും പേര്‍ ഇവിടെയും സന്ദര്‍ശിക്കാനെത്താറുണ്ട്.
Content Highlights: Mamta Mohandas, Big Sur Tunnel, Yosemite National Park, California Tourism, Celebrity Travel