യാത്രകളെ അതിരറ്റ് സ്‌നേഹിക്കുന്ന താരമാണ് തെലുങ്ക്, ബോളിവുഡ് നടി ഇല്യാന ഡിക്രൂസ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. ഇപ്പോഴിതാ ഫിജിയില്‍ നിന്നുള്ള ഇല്യാനയുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
തലമുടി പകുതി കെട്ടഴിച്ച് സര്‍ഫിങ് ബോര്‍ഡില്‍ മുട്ടുകുത്തിയിരുന്ന് തുഴയുന്ന ഇല്യാനയാണ് വീഡിയോയിലുള്ളത്. 'എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഞാന്‍ ഓടി രക്ഷപ്പെടുകയാണെന്ന' തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ നിരവധി ത്രോബാക്ക് ചിത്രങ്ങളാണ് ഇല്യാന പങ്കുവെച്ചത്. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഫിജിയിലായിരുന്നു താരം. ഫിജിയിലെ ബീച്ചില്‍ സമയം ചെലവഴിക്കുന്നതിന്റേയും വെള്ളത്തിനടിയില്‍ വര്‍ണമത്സ്യങ്ങള്‍ക്കൊപ്പമുള്ളതുമായ ചിത്രങ്ങള്‍ അവര്‍ നേരത്തെ പങ്കുവെച്ചിരുന്നു.
2017 മുതല്‍ ഫിജിയുടെ ടൂറിസം ബോര്‍ഡിന്റെ ഇന്ത്യന്‍ അംബാസഡറാണ് ഇല്യാന. ഫിജിയന്‍ ടൂറിസം മന്ത്രി ഫിയാസ് കോയയ്‌ക്കൊപ്പം അവര്‍ അവിടത്തെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. തെക്കന്‍ പസഫിക്കില്‍ സ്ഥിതി ചെയ്യുന്ന ഫിജി 300 ലധികം ദ്വീപുകളുളള ഒരു ദ്വീപുസമൂഹമാണ്. ഈന്തപ്പനയുള്ള ബീച്ചുകള്‍, പവിഴപ്പുറ്റുകള്‍, തടാകങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി രാജ്യം വാഗ്ദാനം ചെയ്യുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 12.8 ദശലക്ഷം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. ജോണ്‍ എബ്രഹാമിനൊപ്പമുള്ള പാഗല്‍പന്തിയാണ് ഇല്യാന അഭിനയിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം. അഭിഷേക് ബച്ചനുമൊത്തുള്ള ദി ബിഗ് ബുള്‍ ആണ് വരാനിരിക്കുന്നത്.
Content Highlights: Ileana D’Cruz, Fiji Tourism, Celebrity Travel, Ileana Video