ദൃശ്യം എന്ന ഒറ്റ ചിത്രം മതി എസ്തര്‍ അനിലിനെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയുടെ ഇളയ മകളായാണ് എസ്തര്‍ ദൃശ്യത്തിലും ദൃശ്യം 2 വിലും എത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമായ എസ്തര്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

കുമരകത്തിന്റെ ഭംഗിയേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളും കുമരകത്തിന്റെ മനോഹരമായ ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. കുമരകത്ത് ഫോട്ടോഷൂട്ടിനെത്തിയ എസ്തര്‍ കുമരകം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായി എന്നാണ് വീഡിയോയില്‍ പറയുന്നത്. ജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കുമരകം ആസ്വദിച്ചപ്പോള്‍, തികച്ചും പുതിയൊരു ലോകത്ത് ചെന്നെത്തിയപോലെ തോന്നി എനിക്ക്. ആകാശവും, ഭൂമിയും, മനുഷ്യരും മുന്‍പ് കാണാത്തവിധം സുന്ദരമായത് പോലെ! എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം എസ്തര്‍ കുറിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

കേരളം കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടെങ്കില്‍ താന്‍ ജനിച്ചു വളര്‍ന്ന വയനാടാണ് ആദ്യം മനസിലേക്കോടിവരികയെന്ന് എസ്തര്‍ പറയുന്നു.കേരളത്തില്‍ എപ്പോഴും പോവാന്‍ തോന്നുന്ന സ്ഥലവും വയനാടാണ്. ഒരുദിവസം വണ്ടിയെടുത്ത് ഏതെങ്കിലും ബീച്ചോ മലയോ കാണുക എന്നതിനപ്പുറം ഒരിടത്തുപോയി രണ്ടുദിവസം തങ്ങി അവിടത്തെ ആളുകളേയും ഭക്ഷണവും അറിയുക എന്നതാണ് കേരളം കാണാം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്നും എസ്തര്‍ പറഞ്ഞു. 

ഫോട്ടോഷൂട്ടില്‍ നിന്നുള്ള വിവിധരംഗങ്ങളും വീഡിയോയിലുണ്ട്. കേരളം കാണാം എന്ന ഹാഷ്ടാഗില്‍ കേരളാ ടൂറിസം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആറുലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

Content Highlights: Esther Anil, kumarakom travel, Esther Anil photoshoot, kerala tourism, celebrity travel