ലണ്ടന്‍ നഗരത്തില്‍  ചിത്രീകരിച്ച മോഹന്‍ലാല്‍-രഞ്ജിത്ത്  സിനിമയുടെ ഷൂട്ടിങ്ങ്   വിശേഷങ്ങളും വിദേശയാത്രയിലെ കാഴ്ചകളും സിനിമ പി.ആര്‍.ഒ.  വാഴൂര്‍ ജോസ് പങ്കുവെയ്ക്കുന്നു

 

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ലണ്ടനിലേക്ക് ആദ്യമായി പറന്നിറങ്ങിയത് ഒരു സിനിമയ്ക്കുവേണ്ടിയായിരുന്നു, യൂറോപ്യന്‍ രാജ്യത്തേക്കുള്ള എന്റെ കന്നിയാത്ര.മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഡ്രാമ' ഭൂരിഭാഗവും ചിത്രീകരിച്ചത് ലണ്ടനിലാണ്. നാട്ടില്‍നിന്നെത്തിയ വലിയൊരു കൂട്ടം സഹപ്രവര്‍ത്തകരും സിനിമയുമായി സഹകരിക്കാനെത്തിയ ലണ്ടന്‍ മലയാളികളും ലൊക്കേഷനില്‍ നിറഞ്ഞപ്പോള്‍ ചിത്രീകരണം മലയാളിക്കൂട്ടത്തിന്റെ നടുവിലായി.

Mohanlal
മോഹന്‍ലാലിനൊപ്പം വാഴൂര്‍ജോസ്‌

യു.കെ. വിസ അടിച്ചുകിട്ടാന്‍ വൈകിയതിനാല്‍ ഷൂട്ടിങ്ങ് തുടങ്ങി അല്‍പ്പദിവസം കഴിഞ്ഞാണ് സെറ്റിലെത്താന്‍ പറ്റിയത്. തിരുവനന്തപുരത്തുനിന്നും മുംബൈ വഴിയാണ് തിരിച്ചത്, മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ട ഖത്തര്‍ എയര്‍വേയ്സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നീ എയര്‍ലൈനുകളിലൂടെയെല്ലാം പറന്നായിരുന്നു യാത്ര. ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലണ്ടന്‍സമയം വൈകീട്ട് അഞ്ചുമണിയോടെ  എത്തുമ്പോള്‍ വര്‍ണചിത്രയുടെ ടോമിവര്‍ഗീസും ലണ്ടനില്‍ ടാക്സി സര്‍വീസ് നടത്തുന്ന ഫ്രാങ്ക്ളിനും പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. മുംബൈയില്‍നിന്നും എട്ടരമണിക്കൂറോളം സമയം ഫ്ളൈ ചെയ്തെത്തിയിട്ടും പുറത്ത് നല്ല വെളിച്ചം, ലണ്ടനില്‍ പകല്‍ അവസാനിച്ചിരുന്നില്ല, ഇന്ത്യന്‍ സമയത്തെക്കാള്‍ നാലര മണിക്കൂര്‍ പിറകിലാണിവിടെ.

അത്യാവശ്യത്തിനുവേണ്ട കറന്‍സികള്‍ മാറ്റിയെടുത്തശേഷമാണ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ഡ്രാമ ടീം താമസിക്കുന്ന ഹീത്രുവിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കായിരുന്നു ആദ്യയാത്ര. റോഡിനിരുവശവും ഉയര്‍ന്നുനിന്നിരുന്ന ബ്രിട്ടീഷ് വില്ലകളെല്ലാം കാഴ്ചയില്‍ ഏതാണ്ട് ഒരുപോലെ തോന്നി. താരതമ്യേന തിരക്കുകുറഞ്ഞ റോഡിനിരുവശവും പച്ചപ്പ് നിറഞ്ഞുനിന്നു. മൊബൈല്‍ സിം എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ ഫ്രാങ്ക്ളിന്‍ യാത്രവഴിയില്‍ ചെറിയൊരുമാറ്റം വരുത്തി.കാര്‍ നിര്‍ത്തിയത് ലണ്ടന്‍ നഗരത്തിലെ ഒരു മിനി ടൗണ്‍ഷിപ്പിലാണ്, കുറച്ചു കടകളും ഒരു ഗ്യാസ് സ്റ്റേഷനും മാത്രമുള്ള സ്ഥലം. അതില്‍ത്തന്നെ ബഹുഭൂരിഭാഗം വരുന്ന കടകളും അടഞ്ഞുകിടക്കുന്നു. കാരണം അന്വേഷിച്ചപ്പോള്‍ ഇവിടങ്ങളില്‍ അഞ്ചുമണിയോടെ മിക്ക കടകളും അടയ്ക്കുമെന്ന മറുപടിയാണ് ലഭിച്ചത്. പബ്ബുകളും വൈന്‍ഷോപ്പ് ഉള്‍പ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും മാത്രമാണ് രാത്രി പതിനൊന്നുവരെ തുറന്നുപ്രവര്‍ത്തിക്കുക. അവിടെയുള്ള ഒരു കടയില്‍നിന്നും 25 പൗണ്ട് നല്കി 'ലൈക്ക' എന്ന മൊബൈല്‍ കണക്ഷനെടുത്തു. ഫോണ്‍വിളി ഇവിടെ ചിലവുകുറഞ്ഞ ഏര്‍പ്പാടാണ്, ഒരു മാസം ഇന്ത്യയിലേക്ക് നാന്നൂറ് മിനിറ്റ് ഫ്രീ. ലോക്കലിനും മിതമായ ചാര്‍ജ് മാത്രം.

Drama
സംവിധായകന്‍ രഞ്ജിത്‌

പിന്നീടുള്ള യാത്രയില്‍ റോഡിനിരുവശവും മരക്കൂട്ടങ്ങളായിരുന്നു, കാടിനെ അനുസ്മരിപ്പിക്കുന്ന പച്ചപ്പ് പലതവണ വാഹനത്തെ വന്നുമൂടി. നാനൂറിലധികം മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയ്ക്കു മുന്നിലെത്തിയപ്പോള്‍ കെട്ടിടത്തിനു മുന്‍വശത്തുള്ള റോഡില്‍ ചിത്രീകരണം നടക്കുകയായിരുന്നു. മോഹന്‍ലാലും ആശാ ശരത്തും തുറന്ന കാറില്‍ സഞ്ചരിക്കുന്ന സീനാണ് അഴകപ്പന്‍ ക്യാമറയിലേക്ക് പകര്‍ത്തിയിരുന്നത്. പാസിങ്ങ് ഷോട്ട് ആയതിനാല്‍ ഹോട്ടല്‍ ജീവനക്കാരില്‍ പലരും സെറ്റിന്റെ പലയിടങ്ങളിലായി തമ്പടിച്ചിരുന്നു.സുരേഷ്‌കൃഷ്ണ, ദിലീഷ് പോത്തന്‍, നിരഞ്ജ്, ജോണി ആന്റണി മറ്റ് യൂണിറ്റംഗങ്ങള്‍, അന്യനാട്ടില്‍ വെച്ച് കാണുന്ന സന്തോഷമായിരുന്നു എല്ലാവരുടേയും മുഖത്ത്. യാത്രാവിശേഷങ്ങള്‍ പറഞ്ഞുതീരുമ്പോഴേക്കും പുറത്തുപോയ ചിത്രീകരണസംഘവും അസംബ്ലി പോയന്റിലേക്ക് വന്നുചേര്‍ന്നിരുന്നു.

Mohanlal Drama
ക്യാമറാമാന്‍ അഴകപ്പന്‍, മോഹന്‍ലാല്‍, ശ്യാമപ്രസാദ്, രഞ്ജിത്, മുരളിമേനോന്‍

'നിങ്ങള്‍ വരുന്നു വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അങ്ങനെ ഒടുവിലത് സംഭവിച്ചു അല്ലേ..? ''-അഭിവാദ്യം ചെയ്തുകൊണ്ടുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി നല്‍കിയും സംവിധായകന്‍ രഞ്ജിത്തിനോടും ആശാശരത്തിനോടും ചില കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അന്നത്തെ ചിത്രീകരണം അവസാനിപ്പിക്കാനുള്ള വിസില്‍ മുഴങ്ങി. ലണ്ടനില്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതലുള്ള മാസങ്ങളായിരുന്നു അത്. രാത്രി പത്തുമണിവരെ പകല്‍ അവസാനിക്കാതെ പുറത്ത് വെളിച്ചം നില്‍ക്കും. പുലര്‍ച്ചേ നാലരയോടെ നേരം പുലര്‍ന്ന് വെട്ടം നിറയും. അല്‍പ്പദിവസംകൂടികഴിഞ്ഞാല്‍ കാര്യങ്ങള്‍ നേരെ മറിച്ചാകും. പുലരാന്‍ വൈകുകയും മൂന്നര നാലുമണിയോടെ ഇരുട്ടുകയും ചെയ്യുമത്രേ, പകലിന്റെ ദൈര്‍ഘ്യം കൂടിയ നിലവിലെ അവസ്ഥ എന്തായാലും ചിത്രീകരണത്തിന് അനൂകൂലമായിരുന്നു. ലണ്ടനിലെ കാഴ്ചകള്‍ക്ക് വഴികാട്ടിയായത്, മാഞ്ചെസ്റ്ററില്‍ താമസിക്കുന്ന ബന്ധുവായ ബോബിയായിരുന്നു. ബോബിയാണ് ലണ്ടനില്‍ സൗകര്യംപോലെ യാത്രചെയ്യാനും സ്ഥലംകാണാനുമുള്ള അവസരം ഒരുക്കിയത്.

Drama 1
ദിലീഷ് പോത്തന്‍, മോഹന്‍ലാല്‍

Mohanlal and Asha Sarathആസ്റ്റഡിലെ മസ്ഡാമൗണ്ട് എന്ന സ്ഥലത്തായിരുന്നു ഡ്രാമയുടെ പ്രധാന ചിത്രീകരണം. ഓസ്ട്രേലിയയില്‍ സ്റ്റേജ് പരിപാടിക്ക് പോയി മടങ്ങിയെത്തിയ മോഹന്‍ലാല്‍ ഭാര്യ സുചിത്രക്കൊപ്പം പിന്നീട് താമസിച്ചത് സെന്‍ട്രല്‍ ലണ്ടനിലെ ഹോളിഡേ ഇന്‍ ഹോട്ടലിലായിരുന്നു. ഒരു ടി.വി. അവാര്‍ഡ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായിരുന്നു സുചിത്രയുടെ വരവ്.  സുഹൃത്തും ഓഡിറ്ററുമായ സനല്‍കുമാറുമൊത്ത് രാവിലെ ഏഴരയ്ക്കുതന്നെ ലാല്‍ ക്രൗണ്‍പ്ലാസയിലേക്ക് എത്തി, അവിടെയിരുന്ന് മേക്കപ്പ് പൂര്‍ത്തിയാക്കി ലൊക്കേഷനിലേക്ക് തിരിക്കുന്നതായിരുന്നു രീതി. ലണ്ടനിലെ സ്ഥിരതാമസക്കാരനും കട്ടപ്പന സ്വദേശിയുമായ ബോബിയാണ് ചിത്രീകരണത്തിനായെത്തിയ മോഹന്‍ലാലിന് സഹായിയായി കൂട്ടുണ്ടായിരുന്നത്. ലില്ലി ഷാട് മോഷന്‍ പിക്ചേഴ്സ് എന്നാണ് ബോബിയുടെ കമ്പനിപ്പേര്. ഈ ചിത്രത്തിന്റെ നിര്‍മാണത്തിലും ബോബി പങ്കാളിയാണ്. ആസ്റ്റഡിലെ, മസ്ഡാമൗണ്ടിലെ മിസ്സിസ് ആന്‍ വ ഫാഡിരിസിന്റെ സ്ഥലത്തെ ബംഗ്ലാവിലായിരുന്നു അടുത്തദിവസം ചിത്രീകരണം നടന്നത്. മോഹന്‍ലാലും ആശാശരത്തും ഒന്നിച്ചുള്ള രംഗങ്ങളാണ് തുടക്കത്തില്‍ ഇവിടെവച്ച് പകര്‍ത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രാജു എന്ന് വിളിക്കപ്പെടുന്ന രാജഗോപാലിന്റെ വസതിയായിട്ടാണ് ഇവിടം അവതരിപ്പിക്കുന്നത്.
 
ബംഗ്ലാവില്‍ പ്രായമായ ഒരു സ്ത്രീയും ബന്ധുവും മാത്രമാണ് താമസിച്ചിരുന്നത്. അവര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് ചിത്രീകരണം മുന്നോട്ടുപോയത്. മോഹന്‍ലാല്‍ ക്യാമറക്കുമുന്നില്‍ തകര്‍ത്താടുമ്പോഴെല്ലാം കാണാനായി വീട്ടുകാര്‍ ഇറങ്ങിവന്നു. ലാലിന്റെ രസകരമായ അഭിനയം കണ്ട് അവര്‍  പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു, അഭിനയത്തിന്റെ താളമാണ് കാഴ്ച്ചകണ്ട് നില്‍ക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അവര്‍ പിന്നീട് പറഞ്ഞു. ലഞ്ച് ബ്രേക്കിനുശേഷമാണ് നിര്‍ണ്ണായകരംഗങ്ങള്‍ ചിത്രീകരിക്കുന്ന പ്രധാന ബംഗ്ലാവിലേക്ക് സെറ്റ് ഷിഫ്റ്റ് ചെയ്തത്. ഈ സമയത്ത് അഭിനേതാക്കള്‍ക്ക് വിശ്രമിക്കുവാനും കോസ്റ്റ്യൂം ചെയ്ഞ്ചിനും മേക്കപ്പിനുമൊക്കെയായി മലയാളിയായ ഹരീഷ് നായരുടെ വീടാണുപയോഗിച്ചത്. ഹരീഷിന്റെ മകള്‍ ലാറ ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. ശ്യാമപ്രസാദും കനിഹയും അവതരിപ്പിക്കുന്ന ഡോ. മുകുന്ദനുണ്ണി, മെഴ്സി ദമ്പതികളുടെ വീടായിട്ടാണ് ഇവിടം ഒരുക്കിയിരുന്നത് സുരേഷ് കൃഷ്ണ, ജോണി ആന്റണി, സുബി സുരേഷ്, ടിനി ടോം, നിരഞ്ജ് (മണിയന്‍പിള്ള രാജുവിന്റെ മകന്‍), ദിലീഷ് പോത്തന്‍, ബൈജു, സോയ ശാലു തുടങ്ങിയ താരങ്ങളൊക്കെ ക്യാമറക്കുമുന്നിലെത്തിയ ദിവസംകൂടിയായിരുന്നത്.

Drama 2
സുരേഷ് കൃഷ്ണ, കനിഹ, ജോണി ആന്റണി, സുബി സുരേഷ്, ടിനിടോം

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മൂന്ന് സഹപാഠികള്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നൊരു പ്രത്യേകത കൂടി ഡ്രാമയ്ക്കുണ്ട്. രഞ്ജിത്തും, അദ്ദേഹത്തിന്റെ സഹപാഠികളായ ശ്യാമപ്രസാദും, മുരളീമേനോനുമാണ് ഇവര്‍. സംവിധായകന്‍ ശ്യാമപ്രസാദ് ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നു, നടനും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മുരളീമേനോന്‍ ഡ്രാമയുടെ അണിയറയില്‍ സജീവമാണ്. രഞ്ജിത്ത് ചിത്രത്തിന് സംവിധാന സഹായിയായെത്തിയ എം. പത്മകുമാര്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും  പുതിയ ചിത്രത്തിന്റെ തിരക്കില്‍ നാട്ടിലേക്ക് മടങ്ങി. ആ സമയത്ത് ജോണി ആന്റണിയാണ് രഞ്ജിത്തിനൊപ്പം നിന്നത്.രഞ്ജിത്തിന്റെ മകന്‍ അഗ്നിവേശും ,അഭിനേതാവുകൂടിയായ അരുണ്‍നാരായണനും സംവിധാനസഹായത്തിന് രഞ്ജിത്തിനൊപ്പമുണ്ടണ്ടായിരുന്നു. ലണ്ടനില്‍ ജീവിക്കുന്ന മലയാളികളുടെ നഗരജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഡ്രാമപറയുന്നത്. പല ബിസിനസ്സുകളും ചെയ്ത് പൊളിഞ്ഞ രാജു എന്ന രാജഗോപാലായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Drama Location

മരണാനാന്തരചടങ്ങുകളുമായി (ഫ്യൂണറല്‍ ഡയറക്ടര്‍)ബന്ധപ്പെട്ട ജോലിചെയ്തുവരുന്ന രാജുവിന്റെ ജീവിതത്തിലൂടെയാണ് കഥകടന്നുപോകുന്നത്. വര്‍ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാസുബൈറും എം.കെ. നാസറുമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

( മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌ )