Bhavana
നിത്യപ്രണയത്തിന്റെ അനശ്വരസ്മാരകം തേടി,
ആഗ്രയിലേക്ക്,
താജ്മഹലിന്റെ വെണ്ണക്കല്‍ സൗന്ദര്യത്തിലേക്ക്,
നടി ഭാവനയുടെ യാത്ര.ജീവിതത്തിലെന്നെങ്കിലും കാണണം എന്ന് മനസ്സിലുറപ്പിച്ച ചില സ്ഥലങ്ങളുണ്ടായിരുന്നു. താജ് മഹല്‍, ഈജിപ്തിലെ പിരമിഡ്, ബക്കിങ്ഹാം പാലസ്.. പട്ടിക അങ്ങിനെയായിരുന്നു. സിനിമാതാരമായി രാജ്യാന്തര യാത്രകള്‍ക്ക് അവസരം വന്നപ്പോള്‍ കണ്ടത് ഇതൊന്നും ആയിരുന്നില്ല. വിയന്ന, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, പോണ്ടിച്ചേരി, ലേ. അങ്ങിനെയൊക്കെയായിരുന്നു യാത്രകള്‍. അതുകൊണ്ടുതന്നെ 'മാതൃഭൂമി യാത്ര' താജ്മഹലിലേക്ക് ക്ഷണിച്ചപ്പോള്‍ എനിക്കതൊരു ആഗ്രഹ സാക്ഷാത്കാരം കൂടിയായിരുന്നു.

ക്രിസ്മസ് പിറ്റേന്ന് കൊച്ചിവിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ യാദൃശ്ചികമായി ഞാന്‍ ഷീലാമ്മയെ കണ്ടു. അടുത്തുചെല്ലാന്‍ ആദ്യമൊരു മടിയുണ്ടായിരുന്നു. പക്ഷേ ചെന്നപ്പോള്‍ സന്തോഷമായി. 'ഹായ്, ഭാവന.. ഞാന്‍ കാണാറുണ്ട് കേട്ടോ. നന്നായി ഇംപ്രൂവ് ചെയ്യുന്നുണ്ട്'. ആ കോംപഌമെന്റ് എനിക്കൊരു ഊര്‍ജ്ജമായിരുന്നു. മലയാളത്തിന്റെ സ്വപ്നനായികയില്‍ നിന്ന് കിട്ടിയ സമ്മാനം. ഷീലാമ്മ ചെന്നൈയ്ക്കായിരുന്നു. വിമാനം പുറപ്പെടാറായതുകൊണ്ട് ഷീലാമ്മയ്ക്ക് ബൈ പറഞ്ഞ് ഞങ്ങള്‍ വിമാനത്തിലേക്ക്...

വിമാനം ഇടത്താവളമായി മൂംബൈയിലിറങ്ങിയപ്പോള്‍ മനസ്സിലോടിയെത്തിയത് ഭീകരാക്രമണത്തിന്റെ നാളുകളായിരുന്നു. മുംബൈ പുറത്തേക്ക് ശാന്തമാണെങ്കിലും ഉള്ളിലെവിടെയോ ഒരു നെരിപ്പോട് എരിയുന്നുണ്ടാവും. വിമാനം താഴ്ന്നുപറക്കാന്‍ തുടങ്ങിയതു മുതല്‍ നഗരജീവിതം ഒരു നിശ്ചലദൃശ്യം പോലെ കാണാം. മുംബൈയലേ്‌ള്‌ള ജീവിതം സാധാരണ നിലയിലായികാണുമായിരിക്കും. പക്ഷേ നഷ്ടപ്പെട്ട ജീവിതങ്ങളുടെ കണക്ക് ആരു തീര്‍ക്കും? രാജ്യത്തിന്റെ മനസ്സിലേറ്റ മുറിവ് എന്ന് കരിയും? ഓരോ തീവ്രവാദിയേയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാമാണ്? ജയരാജ് സാറിന്റെ 'ദൈവനാമത്തില്‍' ഞാനവതരിപ്പിച്ച സമീറയേയാണ് ഞാനോര്‍ത്തത്. ജീവിതം കൊണ്ട് ഒരു തീവ്രവാദിയുടെയെങ്കിലും കണ്ണു തുറപ്പിച്ചവളാണ് സമീറ. അങ്ങിനെയുള്ള സമീറമാര്‍ ഉണ്ടായിരുന്നെങ്കില്‍... ചിന്തകള്‍ക്ക് വിമാനവേഗം..

താജിനുമുന്നില്‍
ഡല്‍ഹിയില്‍ വിമാനമിറങ്ങുമ്പോള്‍ സമയം അഞ്ചു മണി. അസ്തമയസൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞുകഴിഞ്ഞു. അഞ്ചു മണിക്ക് അസ്തമയസൂര്യനോ എന്ന് നെറ്റി ചുളിക്കണ്ട. ഡല്‍ഹിയില്‍ ഇപ്പോള്‍ അങ്ങിനെയാണ്. നേരത്തേ ഇരുള്‍ പരക്കും.

പിറ്റേ ദിവസം രാവിലെ നാലുമണിക്ക് തന്നെ എഴുന്നേറ്റ് തയ്യാറായി. കോടമഞ്ഞ് പുതച്ച് കിടക്കുന്ന നഗരപാതയിലൂടെ പകലാണെങ്കിലും ലൈറ്റിട്ട് വണ്ടി കുതിക്കുമ്പോള്‍ പരിസരങ്ങള്‍ മെല്ലെ ഉണര്‍ന്ന് തുടങ്ങുന്നേയുള്ളു. ആഗ്രയിലേക്ക് 180 കിലോമീറ്റര്‍. ബോര്‍ഡ് കണ്ടെടുത്തു, ഒരു ചായക്കട. ഒന്നു ചൂടുപിടിപ്പിച്ച് യാത്ര തുടരാമെന്നു കരുതിയാണ് വണ്ടി നിര്‍ത്തിയത്. ഇഞ്ചിയിട്ട നല്ല ചൂടുചായ ഒരു ഗഌസ് ചെന്നപ്പോള്‍ മനസ്സിലെ കോട നീങ്ങി. യാത്ര ഉഷാറായി. വഴിയോരങ്ങളും ഉണര്‍ന്നു തുടങ്ങി. തീ കായുന്ന ഗ്രാമീണര്‍. റോഡിനിരുവശവും കടുക്പാടങ്ങള്‍ പൂത്തു നില്‍ക്കുന്നു.
++++++++++ഇന്ദ്രപ്രസ്ഥത്തില്‍ തണുത്തവെളുപ്പാന്‍ കാലത്ത്


കണ്ണന്‍ കാരാഗൃഹത്തിലാണ്

ശ്രീകൃഷ്ണ ജന്‍മസ്ഥലമായ മഥുരയായിരുന്നു ആദ്യ ലക്ഷ്യം. വണ്ടിയിറങ്ങുമ്പോള്‍ തന്നെ മുന്നറിയിപ്പുമായി ഒരു സംഘം. ക്യാമറ കൊണ്ടുപോകാന്‍ പറ്റില്ല, മൊബൈല്‍ ഫോണ്‍ പാടില്ല, അങ്ങിനെ അരുതായ്മകളുടെ ഒരു നീണ്ട നിര. ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ സോപാനത്തില്‍ കര്‍ശന പരിശോധനകള്‍. മൊബൈല്‍ അടക്കം എല്ലാ ഇലനേക്ട്രാണിക്ക് ഉപകരണങ്ങളും പുറത്ത്. പിന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥകളുടെ വക ഒരു മസാജിങ് തന്നെയാണ്. എല്ലാം കഴിഞ്ഞ് അകത്തുകടന്നാലും ഒരു സമാധാനമില്ല. ചുറ്റും പോലീസ് കണ്ണുകള്‍. തോക്കിന്‍മുനകള്‍. കാരാഗൃഹത്തില്‍ ജനിച്ച കണ്ണന്‍ വീണ്ടും കാരാഗ്രഹത്തിലായ അവസ്ഥ.

കണ്ണന്റെ ജന്‍മസ്ഥലം കണ്ട് പെട്ടെന്ന് പുറത്ത് കടന്നു. വണ്ടി ആഗ്രയിലേക്ക്. പെട്ടെന്നാണ് ഞാനത് കണ്ടത്, ഒരു കടയുടെ മുകളില്‍ എന്റെ ചിത്രം. 'അതാ ഞാന്‍'. അറിയാതെ വിളിച്ചു കൂവി. അലര്‍ച്ച കേട്ടതുകൊണ്ടാവാം, ഹിന്ദിക്കാരനായ ഡ്രൈവര്‍ രമേശ് വണ്ടി നിര്‍ത്തി. 'ഇതാ ആ കടയുടെ ബോര്‍ഡില്‍ മോഡലായ് എന്റെ ചിത്രമാണ്'. ഞാനെന്റെ ആവേശം പങ്കൂവെച്ചപ്പോള്‍ രമേശ് വണ്ടി പുറകോട്ടെടുത്തു. പ്രവീണ്‍ ചേട്ടന്‍ അതു ക്യാമറയിലാക്കി. 'ഓ, വെറുതെയല്ല കട പൂട്ടിപ്പോയത'്, ചേട്ടന്റെ കമന്റ്്. 'ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോ ഐശ്വര്യാറായിയെ പോലൊരു സുന്ദരിയെ കണ്ടു, അങ്ങിനെ ബോര്‍ഡിലാക്കിയതായിരിക്കും', ഞാന്‍ വിട്ടു കൊടുത്തില്ല. 'കണ്ണു തട്ടാതിരിക്കാന്‍ വെച്ചതായിരിക്കുമെടി..' അടുത്ത കമന്റ് അച്ഛന്റെ വക. അല്ലെങ്കിലും ഇവര്‍ക്ക് എന്നോട് പണ്ടേ അസൂയയാ. അതിന് മരുന്നില്ലല്ലോ. ഇങ്ങ് മഥുരയില്‍ മറ്റൊരു മലയാൡനടിയുടെയും ഫോട്ടോയില്ലല്ലോ. ഞാന്‍ ഒന്നഭിമാനിച്ചോട്ടെ.


കോണ്ടിനെന്റല്‍ അനുഭവം


സകുടുംബം
വഴിക്ക് റോഡരികിലെ ഒരു ഹോട്ടലിലേക്ക്. പ്രഭാത ഭക്ഷണം. എല്ലാവരും പൂരിക്കും ദോശയ്ക്കും ഓര്‍ഡര്‍ ചെയ്തപ്പോള്‍ പ്രവീണ്‍ചേട്ടന്‍ മാത്രം കോണ്ടിനെന്റല്‍ ബ്രേക്ക്് ഫാസ്റ്റിന് ഓര്‍ഡര്‍ കൊടുത്തു. എല്ലാവര്‍ക്കും ഭക്ഷണം വന്നിട്ടും കോണ്ടിനെന്റല്‍ മാത്രം വരുന്നില്ല. ഓ, ഇത് തകര്‍പ്പന്‍ തന്നെ. വന്നിട്ടുവേണം അതൊന്ന് ടേസ്റ്റ് ചെയ്ത് നോക്കാന്‍. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടും കോണ്ടിനെന്റല്‍ പിന്നെയും നീളുന്നു. വെയിറ്ററെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ ഇതാ എത്തിപ്പോയെന്ന് മറുപടി. ഒടുക്കം അതെത്തി. നാലു കഷണം ബ്രെഡ്, അമൂല്‍ ബട്ടര്‍, ഒരു തുണ്ട് ജാം. കോണ്ടിനെന്റലിന്റ തകര്‍പ്പന്‍ പ്രകടനം കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. വിഷണ്ണനായിരുന്ന പ്രവീണ്‍ ചേട്ടന്‍ പിന്നൊരിടത്തും ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തിട്ടില്ല. നിങ്ങള്‍ കഴിക്കുന്നതെന്തോ അതെനിക്കും എന്ന നിലപാടിലായിരുന്നു. യാത്രയില്‍ പറഞ്ഞു ചിരിക്കാന്‍ ഇതു പോലെന്തെങ്കിലുമൊക്കെ വേണമല്ലോ.

ഇന്ത്യാഗേറ്റിനു മുന്നില്‍
അക്ബറുടെ ശവകുടീരം നിലകൊള്ളുന്ന സിക്കന്ദ്രയിലാണ് ഞാനിപ്പോള്‍. ചരിത്രം പഠിക്കുമ്പോള്‍ കുറേ വെള്ളം കുടിപ്പിച്ചിട്ടുള്ളതാണ് അക്ബര്‍. അക്ബറുടെ ഭരണപരിഷ്‌കാരം കാണാപാഠം പഠിച്ചത് ഇന്നലെയെന്നപോലെ ഓര്‍മ്മയിലെത്തുന്നു. നീണ്ട ഗൂഹ പോലുള്ള ഇടനാഴിയിലൂടെ വേണം അക്ബറിന്റെ അന്ത്യകുടീരത്തിലെത്താന്‍. അവിടെയൊരു കാവല്‍ക്കാരനിരിപ്പുണ്ട്. പണം വെച്ച് വണങ്ങാന്‍ അയാള്‍ പറഞ്ഞു. പത്തു രൂപ വെച്ചപ്പോള്‍ അയാള്‍ 'അള്ളാഹു അക്ബര്‍' എന്ന് ഉച്ചത്തില്‍ ചൊല്ലി. പ്രതിധ്വനികളായി അത് അവിടെ അലയടിച്ചു. മനസ്സ അറിയാത്ത കാലത്തിന്റെ അറിയുന്ന ചരിത്ര വിശേഷങ്ങളിലുടെ.. ഒരു നിമിഷം.
++++++++++

തെരുവോരത്ത് താരമല്ലാതെ.. യാത്രികയായി


'ക്യൂജ്മഹല്‍'

ആഗ്രയിലെത്തണം, താജ്മഹല്‍ കാണണം, മനസ്സ് അപ്പോഴും വെമ്പിയത് അതിനുവേണ്ടിയാണ്. താജിന് ആറു കിലോമീറ്റര്‍ ഇപ്പുറം വരെ മാത്രമേ കാര്‍ പോകൂ. തൂടര്‍ന്ന് ബാറ്ററി കാര്‍, ഒട്ടകവണ്ടി, കുതിരവണ്ടി അങ്ങിനെ പരിസ്ഥിതിക്കിണങ്ങുന്ന വാഹനങ്ങളേ കടത്തിവിടു. ബാറ്ററിക്കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അവിടെയെത്തിയപ്പോ ആകെ ജഗപൊക. കോട്ട വാതിലിനപ്പുറത്ത്് താജ് മഹല്‍. പുറത്ത് 'ക്യൂജ് മഹല്‍'. നീണ്ട് കിടക്കുകയാണ്, കിലോമീറ്ററുകളോളം. ക്യൂവില്‍ നിന്നാല്‍ ഇന്നൊന്നും അകത്ത് കടക്കാന്‍ പറ്റില്ല. ഒരു പൂരത്തിനുള്ള ആളുണ്ട്. എന്തുചെയ്യും.

താജിനൊപ്പം ഒരു പോസ്‌
അച്ഛനും ചേട്ടനുമെല്ലാം തല പുകഞ്ഞാലോചിക്കുമ്പോള്‍ ദേവദൂതനെ പോലെ ഒരാള്‍. പേര് രാംസിംഗ്. ഞങ്ങളോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. താജ് മഹലിന് മറ്റൊരു ഗേറ്റുണ്ട്. അതു വഴി പോകാം. ഞാന്‍ അകത്തെത്തിച്ചു തരാം, അയാള്‍ ഉറപ്പു പറഞ്ഞു. കൂടെ നടക്കുമ്പോള്‍ ചെറിയൊരു ഭയം തോന്നാതിരുന്നില്ല. പിന്നെ സംഘത്തില്‍ ആറു പേരുണ്ടല്ലോ എന്ന ധൈര്യം. ഞങ്ങള്‍ നടന്നു. ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ ഉള്ളിലൂടെ ഒരു കോണിപ്പടി. ഇരുണ്ട വഴി. അതു കണ്ടപ്പോള്‍ വീണ്ടും സംശയം. കാലൊന്ന് പിന്നോട്ട് വെച്ചു. 'ജല്‍ദി ആവോ ജല്‍ദി ആവോ', അയാള്‍ തിടുക്കപ്പെടുത്തുക കൂടി ചെയ്തതോടെ സംശയം ഇരട്ടിച്ചു. ഒടുക്കം രണ്ടും കല്‍പ്പിച്ച് കോണിപ്പടിയിലൂടെ മുകളിലേക്ക്. കയറിചെല്ലുന്നത് ഒരു ഇടുങ്ങിയ തെരുവിലേക്ക്. മൊത്തത്തില്‍ ഹിന്ദി സിനിമയില്‍ കാണുന്ന വില്ലന്‍ സെറ്റപ്പ്. കൂളിംഗ് ഗ്‌ളാസ്സിട്ട, മുടി നീട്ടിവളര്‍ത്തിയ ഒരാള്‍ കൈയില്‍ ക്രിക്കറ്റ് ബോള്‍ അമ്മാനമാടുന്നു. ക്രുദ്ധമായൊരു നോട്ടത്തോടെ മറുവശത്ത് മറ്റൊരാള്‍. എന്തിനും തയ്യാറായെന്ന പോലെ കുറച്ചു പേര്‍ അവിടവിടെയായി. ഞാന്‍ ഒരു നിമിഷം വിജയശാന്തിയെ മനസ്സില്‍ ധ്യാനിച്ചു. എന്നെയൊരു ആക്ഷന്‍ നായികയാക്കല്ലേ. 'ജല്‍ദി ആവോ', രാംസിംഗ് ആവര്‍ത്തിച്ചു കൊണ്ട് നടക്കുകയാണ്. ഓ, ആശ്വാസം. തെരുവിലൊരു വീടിന് മുകളില്‍ ഒരു സ്ത്രീയെ കണ്ടു. അവര്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയാണ്.

കുത്തബ്മീനാറിനു മുന്നില്‍
മുന്നോട്ട് നീങ്ങി. ആ ഗേറ്റിനു മുമ്പിലെത്തിയപ്പോഴും ക്യൂ തന്നെ. അതും കിലോമീറ്ററുകള്‍ വരും. ഈശ്വരാ, ഇവിടെയും കുടുങ്ങിയോ? രാംസിംങ് ഒരു നിമിഷം അപ്രത്യക്ഷനായി. പിന്നെ പൊങ്ങിയത് ടിക്കറ്റുമായാണ്. രാം സിങ്ങിന്റെ ശിങ്കിടികള്‍ ക്യൂവിലുണ്ട്. അവരെ ഒരോരുത്തരെയായി മാറ്റി ഞങ്ങളെ ക്യൂവിന്റെ മുന്നില്‍ പ്രതിഷ്ഠിച്ചാണയാള്‍ തന്റെ കൈമടക്ക് വാങ്ങിയത്. ഇത്രയും ദൂരം വന്ന് താജ് കാണാന്‍ പറ്റാതെ പോകുന്നതിന്റെ സങ്കടം കൊണ്ടാണ് ആദര്‍ശങ്ങള്‍ തല്‍ക്കാലം മറന്നത്. അവിടെയുമുണ്ട് കനത്ത പരിശോധനകള്‍. മെറ്റല്‍ ഡിറ്റക്ടര്‍, മസാജിംഗ് എല്ലാം. അതുകൊണ്ട് കൂടിയാണ് ക്യൂ വല്ലാതെ നീളുന്നത്.


ഷാജഹാന്‍, ഞാനിതാ വന്നു


താജിനകത്ത് കടന്നപ്പോള്‍ പക്ഷേ എല്ലാ കാര്‍ക്കശ്യവും അലിഞ്ഞുപോയി. താജിന്റെ മനോഹാരിതയില്‍ ഭീകരവാദത്തിന്റെ ഭീഷണസ്വരങ്ങള്‍ക്ക് തല്‍ക്കാലം വിട. അല്ലെങ്കില്‍ അതെല്ലാം നമുക്ക് മറന്നേക്കാം. ഈ സൗന്ദര്യത്തിനു മുന്നില്‍ പേടിയോടെ നിന്നിട്ട് എന്തു കാര്യം? ചാഞ്ഞും ചരിഞ്ഞും പല പോസുകളില്‍ പടം എടുക്കുമ്പോഴും മനസ്സില്‍ മുംതാസ് ആണ് നിറയുന്നത്. ഷാജഹാന്റെ പ്രണയമാണ് ഒഴുകുന്നത്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് താജ് മഹലിന്റെ പണി പൂര്‍ത്തിയായതിന്റെ പിറ്റേന്ന് തന്റെ പ്രേയസിയുടെ നഷ്ടത്തിന്റെ ഓര്‍മ്മകളുമായി മകള്‍ ഗൗരാര ബീഗത്തിന്റെ കൈ പിടിച്ച് നിറകണ്ണുകളോടെ നിന്ന ഷാജഹാന്റെ ചിത്രം മനസ്സില്‍ തെളിയുന്നു.

ഇവിടെ ഇങ്ങിനെയൊരു സഞ്ചാരിയുടെ വേഷത്തില്‍ നില്‍ക്കുമ്പോള്‍ ഞാനോര്‍ത്തത് പൂര്‍വജന്മത്തില്‍ മുംതാസ് ഞാനായിരുന്നോ എന്നാണ്. ആയിരുന്നിരിക്കാം. എന്നെ ക്യൂ വെട്ടിച്ച് അകത്തു കടക്കാന്‍ സഹായിച്ചത് അന്നത്തെ കൊട്ടാരം സേവകരിലാരെങ്കിലും ആയിരിക്കും. എന്റെ ഷാജഹാന്‍, ഞാനിതാ വന്നു. എനിക്ക് വിളിച്ചു പറയണമെന്നുണ്ടായിരുന്നു. അനശ്വര പ്രണയത്തിന്റെ സന്നിധിയില്‍ അങ്ങി
നെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
++++++++++


താജ് : കഥയും യാഥാര്‍ഥ്യങ്ങളും


താജ് ആഗ്രകോട്ടയില്‍ നിന്നുള്ള കാഴ്ച
താജ് മഹല്‍ ഇന്ന് പരിസ്ഥിതി ഭീഷണിയുടെ നിഴലിലാണ്, സമീപത്തുള്ള ഫാക്ടറികളില്‍ നിന്ന് പുറംതള്ളുന്ന സള്‍ഫര്‍ ഡയോക്‌സൈഡും വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡും ഏറ്റ് നിറം മങ്ങുകയും മാര്‍ബിള്‍ കാന്‍സര്‍ ബാധിച്ച് നാശോന്‍മുഖമാവുകയും ചെയ്യുന്നു. മിനാരങ്ങള്‍ ചരിഞ്ഞിട്ടുണ്ട് എന്നതും മറ്റൊരു ഭീഷണിയാണ്. പൊടിക്കാറ്റും പ്രശ്‌നമാണ്.

ചേട്ടനെവിടെപോയി. ആളെ പെട്ടെന്ന് കാണാതായി. ഫോട്ടോഗ്രാഫി ഭ്രാന്ത് പിടിച്ച് പടമെടുക്കാനുള്ള ആവേശത്തില്‍ ഓടിനടന്ന കൂട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍ എവിടെയോ മുങ്ങിയതാണ്. 'ബേജാറാവണ്ട, നമുക്ക് കണ്ടുപിടിക്കാം'. 'എയ് ടെന്‍ഷനോ, എനിക്കോ?' ഞാന്‍ ആളാവാന്‍ നോക്കുന്നുണ്ടെങ്കിലും എന്റെ ടെന്‍ഷന്‍ അമ്മയ്ക്ക് മനസ്സിലാവുന്നുണ്ട്. ഫോണ്‍ ഓഫ് ചെയ്തിടാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും തല്‍ക്കാലം നിയമം തെറ്റിക്കാതെ നിവൃത്തിയില്ല. ഫോണ്‍ ഓണ്‍ ചെയ്തതും ചേട്ടന്റെ കോളാണ് വന്നത്. കക്ഷിയും ഞങ്ങളെ കാണാതെ ടെന്‍ഷനിലാണ്. 'ഞാനിതാ താജിന് തൊട്ടടുത്താണുള്ളത്'. എല്ലാ കണ്ണുകളും അങ്ങോട്ട്. ദൂരെ ആള്‍ക്കൂട്ടത്തില്‍ ഒരു പൊട്ടായ് അവനെ കാണാം. അവന്‍ ഞങ്ങളേയും കണ്ടു. ആശ്വാസം.

ഞങ്ങള്‍ അകത്തു കടന്നു. അഷ്ടകോണാകൃതിയിലുള്ള തറയില്‍ മുംതാസും ഷാജഹാനും ഉറങ്ങുന്നു. പുണ്യസ്ഥലമായ മെക്കയിലെക്ക് നോക്കിയാണത്രെ അവരുടെ വിശ്രമം. രത്‌നങ്ങളും ചിത്രപ്പണികളും കൊണ്ട് അലംകൃതമായ മറയ്ക്കപ്പുറത്താണ് ഈ കുടീരങ്ങള്‍. ഖുര്‍ ആന്‍ പാരായണത്തിന്റെ ഈണങ്ങള്‍ അന്തരീക്ഷത്തിലൊഴുകുന്നു. നേര്‍ത്ത ഗദ്ഗദം അവിടെ തളം കെട്ടി നില്‍ക്കുന്നുവോ?

ഷാജഹാനിന്‍ പൈങ്കിളി....
'ഖുറം രാജകുമാരനാണ് ലോകത്തിന്റെ ചക്രവര്‍ത്തി എന്ന അര്‍ഥത്തില്‍ പിന്നീട് ഷാജഹാനായത്. അര്‍ജുമാന്‍സ് ബാനുവാണ് കൊട്ടാരത്തിന്റെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ഥത്തില്‍ മുംതാസ് മഹലായത്. അന്തപുരത്തില്‍ ഒതുങ്ങിയവളായിരുന്നില്ല മുംതാസ്. രാജാവിനൊപ്പം നിന്നവളായിരുന്നു. മുംതാസ് മരിക്കുമ്പോള്‍ ആവശ്യപ്പെട്ടതാണത്രെ മനോഹരമായ ശവകുടീര മന്ദിരം. മുംതാസ് മരിച്ചപ്പോള്‍ ഒരാഴ്ചയോളം ജലപാനമില്ലാതെയാണ് ഷാജഹാന്‍ കഴിച്ചു കൂട്ടിയത്'. ചരിത്രം പഠിച്ച ചേട്ടന്‍ താജിനു മുന്നില്‍ ഗൈഡാവാന്‍ തുടങ്ങി. ഇനി കത്തി തന്നെ. കേള്‍ക്കാന്‍ ഞാനുണ്ടല്ലോ. 20000 തൊഴിലാളികള്‍ 22 വര്‍ഷം രാപകല്‍ പണിയെടുത്താണീ ലോകാത്ഭുതങ്ങളിലൊന്ന് പൂര്‍ത്തിയാക്കിയത്. 1632 ല്‍ പണിതുടങ്ങി. പൂര്‍ത്തിയാവുന്നത് 1653 ലാണ്. 19 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം തന്റെ 14 ാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് മുംതാസ് മരിക്കുന്നത്. തന്റെ പ്രേയസിക്കായി മനുഷ്യസാധ്യമായതില്‍ വെച്ച് ഏറ്റവും മനോഹരമായ ശവകുടീര മന്ദിരം പണിയാന്‍ തീര്‍ച്ചപ്പെടുത്തിയ ഷാജഹാന്‍ ഇന്ത്യ, പേര്‍ഷ്യ, മധ്യേഷ്യ എന്നിവടങ്ങളിലെ ശില്‍പ്പികളെ വരുത്തിയാണ് പഌന്‍ തയ്യാറാക്കുന്നത്. ഇസ അഫാന്റി എന്ന പേര്‍ഷ്യക്കാരനാണ് ഇതിന്റെ മുഖ്യ ശില്‍പ്പി. അന്ന് 4 കോടി 18ലക്ഷത്തില്‍പ്പരം രൂപയാണ് ചെലവായത്. 40000 തോല അഥവാ 466.55 കിലോ സ്വര്‍ണ്ണം ഖജനാവില്‍ നിന്ന് എടുത്തു.

കുടുംബസമേതം താജിനരികെ.
ഒരു സൂഫി ഫക്കീറിന്റെ സ്വപ്നമായിരുന്നു താജ്മഹലിന്റെ ആദ്യരൂപം. ഇന്നും എല്ലാ വര്‍ഷവും മുംതാസിന്റെ ശവ കുടീരത്തിനൂ മുകളില്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴാറുണ്ട്. ഒട്ടേറെ കഥകള്‍ താജിനെ ചുറ്റിപ്പറ്റിയുണ്ട്. തൊഴിലാളികളെ കൊണ്ട് അടിമകളെ പ്പോലെ പണിയെടുപ്പിക്കുമായിരുന്നു. പണിപൂര്‍ത്തിയായതും മുഖ്യശില്‍പ്പിയെ കൊന്നുകളഞ്ഞു. ഇനി ഇതുപോലൊരെണ്ണം മറ്റെങ്ങും പണിയരുത് എന്ന ഉദ്ദേശത്തോടെ. യമുനയുടെ മറുകരയില്‍ കറുത്ത മാര്‍ബിള്‍ കൊണ്ട് മറ്റൊരു താജ് മഹല്‍ പണിയണം, അതില്‍ എന്റെ ശവകുടീരം സ്ഥാപിക്കണം എന്ന് ഷാജഹാന്‍ പറഞ്ഞിരുന്നു. അതിന്റെ പണിക്കായി അടിത്തറ പാകിയതാണ്. പക്ഷേ ഔറംഗസേബ് അധികാരത്തിലേറുകയും ഷാജഹാന്‍ തടവിലാക്കപ്പെടുകയും ചെയ്തതോടെ കറുത്ത താജ്മഹല്‍ ഒരു സ്വപ്നമായിത്തീരുകയും ചെയ്തു. -അവന്‍ താജിനെക്കുറിച്ചുള്ള കെട്ടുകഥകളും പറയാന്‍ തുടങ്ങി.

പിന്നില്‍ കുത്തബ്മീനാര്‍
ഒരു നിമിഷം ഞാന്‍ കണ്ണടച്ചു. നിറഞ്ഞൊഴുകുന്ന യമുന. ഒരു കരയില്‍ വെളുത്ത താജ് മഹല്‍. മരുകരയില്‍ കറുത്ത താജ്. പൗര്‍ണ്ണമി നാള്‍ ആഗ്ര കോട്ടയിലിരുന്ന് ആ മനോഹര ദ്യശ്യം എത്ര നോക്കിയിരുന്നാലും മതിയാവുമോ? 'ഏയ് കണ്ണുതുറക്ക്, ഇതാ യമുന'. എല്ലാ സ്വപ്നങ്ങളും നിമിഷ നേരം കൊണ്ട് തകര്‍ന്നു. കറുത്ത് കുറുകിയൊഴുകുന്ന യമുന മനുഷ്യദുരയുടെ സാക്ഷ്യപത്രമായി മുന്നില്‍. വറ്റിവരണ്ടു കൊണ്ടിരിക്കുന്നിടത്ത് പഌസ്റ്റിക്ക് അടക്കം മനുഷ്യന്‍ കൊണ്ടുതള്ളുന്ന മാലിന്യങ്ങള്‍.

ചരിത്രവും കെട്ടുകഥകളും ഉറങ്ങുന്ന ഈ വെണ്ണക്കല്‍ പാളികളിലൂടെ നടക്കുമ്പോള്‍ ഞാനോര്‍ത്തത് മറ്റൊന്നാണ്. പണിപൂര്‍ത്തിയായതിന്റെ പിറ്റേ ദിവസം ഇതിന്റെ കാഴ്ച എന്തായിരിക്കും? വൗ.. ഒരോരുത്തര്‍ക്കും സങ്കല്‍പ്പിക്കാന്‍ ഒരോ കാഴ്ചകള്‍. . Taj mahal means many things to many people... എന്നെവിടെയോ വായിച്ചതും ഓര്‍ത്തു പോയി.

എത്ര എഴുതിയാലും എത്ര വര്‍ണ്ണിച്ചാലും മതി വരാതെ താജ് നിലനില്‍ക്കുന്നു. സപ്താത്ഭുതങ്ങളിലൊന്നായി. പുതിയ സപ്താത്ഭുതങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ 100 മില്യണ്‍ വോട്ടാണ് താജിനു കിട്ടിയത്. അതിലൊരു വോട്ട് എന്റേതുമായിരുന്നു. പ്രിയപ്പെട്ട താജ്, ഞാനിനിയും വരും. എന്റെ ഷാജഹാനൊപ്പം...
++++++++++


ചരിത്രം കഥ പറയുന്നു


ചരിത്രം കഥ പറയുന്ന ഇടനാഴികളിലൂടെയാണ് ഞാനിപ്പോള്‍ നടക്കുന്നത്. ആഗ്ര കോട്ടയിലൂടെ. മുഗള്‍ രാജവംശത്തിന്റെ പ്രതാപം ഇവിടെ അനുഭവിച്ചറിയാം. അനിവാര്യമായ തകര്‍ച്ചയുടെ മര്‍മരങ്ങളും കാറ്റില്‍ അലയടിക്കുന്നുണ്ട്. താജിന്റെ മനോഹാരിതകളും അത്ഭുതങ്ങളും കണ്ട് ഇവിടെയെത്തുമ്പോള്‍ ഷാജഹാന്റെ അവസാന നാളുകളാണ് നമ്മെ നൊമ്പരപ്പെടുത്തുക. മകന്റെ തടവുകാരനായി കോട്ടയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട ഒരച്ഛന്റെ നൊമ്പരം. കോട്ടയ്ക്കുള്ളിലിരുന്നും തന്റെ പ്രണയിനിയുടെ ഓര്‍മ്മക്കുടീരം കാണാന്‍ അനുവാദം ചോദിക്കുന്നൊരു അച്ഛന്‍. ഒരു കിളിവാതിലൂടെ താജ് കാണാന്‍ അനുമതി നല്‍കുന്ന മകന്‍. ചരിത്രം ഒരു ഇതിഹാസ കഥയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. പിതാവിന്റെ അന്ത്യാഭിലാഷ പ്രകാരം മുംതാസിന്റെ അടുത്തു തന്നെ ഷാജഹാനെ അടക്കാന്‍ തോന്നിയ മനസ്സിന് നന്ദി പറയാം.

ചക്രവര്‍ത്തി പ്രജകളുടെ പരാതി കേട്ടിരുന്ന ഇടം കണ്ടു. അങ്ങോട്ടുള്ള വഴി പുരാവസ്തുവകുപ്പ് അടച്ചിരിക്കുകയാണ്. സര്‍വപ്രതാപങ്ങളുമായി സിംഹാസനത്തിലിരിക്കുന്ന അക്ബറിനെ ഞാനൊന്ന് സങ്കല്‍പ്പിച്ചു നോക്കി. മനസ്സില്‍ തെളിയുന്നത് ഋത്വിക് റോഷന്റെ രൂപം. ജോധാ അക്ബര്‍ കണ്ടതിന്റെ കുഴപ്പമായിരിക്കും.

ആരാധകരെ പേടിക്കാതെ, സാധാരണ യാത്രക്കാരിയായി നടക്കുമ്പോഴാണ് ഒരു തമിഴ് സംഘമെത്തിയത്. അവര്‍ക്ക് ഓട്ടോഗ്രാഫ് വേണം, ഒപ്പം നിന്നു ഫോട്ടോ വേണം.. അവരെ നിരാശരാക്കിയില്ല. ഇന്ത്യയിലെവിടെ ചെന്നാലും എനിക്ക് ആരാധകരും എന്റെ ചിത്രമുള്ള ബോര്‍ഡുകളുമുണ്ടെന്നത് നിസ്സാര കാര്യമാണോ? അച്ഛന്റെയും ചേട്ടന്റെയും അസൂയ ഒന്നുകൂടി തിളയ്ക്കട്ടെ..

അഞ്ചു മണിയായപ്പോള്‍ ഇരുള്‍ പരന്നു. തിരികെ ഡല്‍ഹിയിലേക്ക്. വഴിക്ക് പഞ്ചാബി ദാബയില്‍ നിന്ന് അത്താഴം. മൂടല്‍ മഞ്ഞിന്റെ കുളിരില്‍ നഗരം വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. ദാബയ്ക്കടുത്ത് തീ കായുന്നവര്‍ക്കൊപ്പം ഞാനും കൂടി. അന്നത്തെ ക്യാംപ് ഫയര്‍. നാളെ ഡല്‍ഹിയില്‍ കറങ്ങണം. ഈ ചരിത്രത്തിന്റെ കൂറേ തുടര്‍ച്ചകള്‍ അവിടെയുമുണ്ട്.


ഡല്‍ഹിയില്‍


ലോട്ടസ് ടെംപിളിനുമുന്നില്‍
പിറ്റേ ദിവസം കുത്തബ് മീനാറിലേക്കാണ് ആദ്യം പോയത്. യുദ്ധ വിജയത്തിന്റെ സ്മാരകസ്തംഭം കുത്തബുദീന്‍ ഐബക്കിന്റെ കാലത്താണ് പണിതത്. ഇല്‍ത്തുത് മിഷും ഫിറോസ്ഷായും അത് പൂര്‍ത്തിയാക്കി. മുമ്പ് ഇതിനു മുകളില്‍ കയറാമായിരുന്നു. ഒരു ദുരന്തത്തിനു ശേഷമാണ് അത് അടച്ചത്.

ബഹായി മതക്കാരുടെ ആരാധനാലയം, ലോട്ടസ് ടെമ്പിളില്‍ പോയപ്പോഴാണ് ഞാന്‍ കുടുങ്ങിപ്പോയത്. അവിടെ അകത്തു കയറിയാല്‍ ഒരക്ഷരം ഉരിയാടാന്‍ പാടില്ല. മൗനത്തിന്റെ വാചാലതയാണവിടുത്തെ പ്രാര്‍ഥന. ധ്യാനിക്കാനെത്തുന്നവര്‍ക്ക് മഹാക്ഷേത്രം. 'ഉറക്കത്തില്‍ പോലും സംസാരിക്കുന്ന ഈ പെണ്ണ് കുറച്ച് നേരമെങ്കിലും മിണ്ടാതിരിക്കുന്നത് കണ്ടല്ലോ'. അമ്മയുടെ കമന്റ്. ശരിയാണ് എന്റെ ഉള്ള് മിണ്ടാന്‍ പിടയ്ക്കുന്നുണ്ടായിരുന്നു. എല്ലാവരും മിണ്ടാതെ ശ്വാസം പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ ഒന്നു പൊട്ടിച്ചിരിക്കണമെന്നെങ്കിലും തോന്നുന്നുണ്ടായിരുന്നു.

സഞ്ചാരി ഞാനൊരു സഞ്ചാരി
ചെങ്കോട്ട, ഇന്ത്യ സ്വതന്ത്രയായെന്ന നമ്മുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ച ചരിത്രവേദി. ഭീഷണിയുടെ നിഴലിലാണ് അവിടം. യന്ത്ര തോക്കുമായി റോന്തു ചുറ്റുന്ന സുരക്ഷാസൈന്യത്തിന്റെ ജാഗ്രതാപൂര്‍ണ്ണമായ കണ്ണുകള്‍ ചെങ്കോട്ടയ്ക്ക് ചുറ്റുമുണ്ട്. അക്ഷര്‍ധാമായിരുന്നു മറ്റൊരു കാഴ്ച. ഇത്തരം ശില്‍പ്പകലാ ചാതുരി ഇന്നും സാധ്യമാണെന്നതിന് തെളിവാണീ സ്വാമി നാരായണ്‍ ക്ഷേത്രം. രാവിലെ അകത്തുകയറിയാല്‍ വൈകുന്നേരത്തോടെയേ കണ്ടു പൂര്‍ത്തിയാവൂ. അകത്ത് കയറാന്‍ വമ്പന്‍ ക്യൂവും. കാറുകളുടെ നീണ്ട നിര കാരണം അടുത്തെത്താനും കുറേ സമയമെടുക്കും. തൊട്ടടുത്തായി 2010 ല്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങുന്ന ഗെയിംസ് വില്ലേജ്. ഇന്ത്യയ്ക്കു വേണ്ടി വീരമൃത്യു വരിച്ച യോദ്ധാക്കളുടെ സ്മരണകള്‍ കെടാവിളക്കായ് എരിയുന്ന ഇന്ത്യാഗേറ്റ്, രാഷ്ട്രപതിഭവന്‍, നെഹ്‌റുവിന്റെ കുടുംബവീടായ തീന്‍മൂര്‍ത്തി ഭവന്‍, മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട്, ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ കുടീരം ശക്തിസ്ഥല്‍, രാജീവ് ഗാന്ധിയുടെ വീര്‍ഭൂമി തുടങ്ങിയ സ്ഥലങ്ങളും കൂടെ കണ്ടാണ് അന്നത്തെ യാത്ര അവസാനിച്ചത്. ഇനിയും എത്രയോ കാഴ്ചകള്‍ ബാക്കി... അടുത്ത തവണ വരുമ്പോഴും കാണാന്‍ എന്തെങ്കിലും വേണ്ടേ?