Mammootty

മുന്നില്‍ നോക്കെത്താദൂരത്തേക്ക് പരന്നു കിടക്കുന്ന ഗ്രാമവിശാലത.
അപ്പുറം നേര്‍ത്ത നിഴലുപോലെ മലനിരകള്‍.
തെല്ലുമുമ്പു പെയ്ത വേനല്‍ മഴയില്‍ തസ്രാക്ക് നനഞ്ഞു കിടന്നു....


-

ഖസാക്കിന്റെ ഇതിഹാസമുദ്രകള്‍ തേടി, കാലം തളംകെട്ടി നില്‍ക്കുന്ന
നാട്ടുവഴികളിലൂടെ, തസ്രാക്കിലേക്ക് മമ്മുട്ടിയുടെ യാത്ര.


പൂട്ടിയടഞ്ഞ വാതിലില്‍ രവി ഇത്തിരി നേരം നോക്കി. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് രവി കണ്ണുകള്‍ ചിമ്മി. സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്...''

മനസില്‍ കൊത്തിവെച്ചതുപോലെ ഇപ്പോഴുമുണ്ട് ആ വരികള്‍. പഠിക്കുന്ന കാലത്താണ് ആദ്യം 'ഖസാക്കിന്റെ ഇതിഹാസം' വായിച്ചത്, പടിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വന്നു വീഴുന്ന ആ പുലരികളായിരുന്നു വായനയില്‍ എന്റെ സൂര്യോദയങ്ങള്‍. പുനര്‍വായനകളില്‍ ഖസാക്ക് പിന്നെയും പിന്നെയും എന്നെ വിസ്മയിപ്പിച്ചു. ഇതിഹാസത്തിന്റെ മണ്ണിലേക്ക് ഒരിക്കലെങ്കിലും ഒന്നു പോവണമെന്ന് അന്നേ മോഹിച്ചതാണ്. കിഴക്കന്‍ കാറ്റും പെരുമഴയും കന്നിനിലമൊരുക്കിയ കഥയിലേക്ക് കഥാപാത്രങ്ങള്‍ കയറിവന്നത് അവിടെ നിന്നാണ് -തസ്രാക്ക്.

പാലക്കാട് 'വണ്‍വേ ടിക്കറ്റ്' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ ഒ.വി. വിജയനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. വാക്കുകളും വരകളും കൊണ്ട് തലമുറകളുടെ മനസില്‍ തന്റെ കയ്യൊപ്പിട്ട ഒരാള്‍. ദുര മുഴുത്ത രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിലേയ്ക്ക് കറുത്ത ഫലിതത്തിന്റെ ശരമാരി. സാഹിത്യത്തില്‍ പുതിയൊരു വഴി തെളിച്ച സര്‍ഗശോഭ. അപൂര്‍വ്വതകളുള്ള ആ ജീനിയസിനു മുന്നില്‍ കാലദേശങ്ങള്‍ ഭ്രമിച്ചു നിന്നു. അദ്ദേഹത്തെ കാണാന്‍ മോഹിച്ച് ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. കോട്ടയത്തെ വീട്ടില്‍ സംസാരിക്കാന്‍ വയ്യാതെ വിശ്രമിക്കുകയായിരുന്നു. സൗമ്യമായ ഒരു പുഞ്ചിരി മാത്രം ചുണ്ടില്‍. ആ മൗനസാന്നിധ്യം തന്നെ ഒരു ഭാഗ്യമായി ഞാന്‍ കണ്ടു. രണ്ടു പുസ്തകങ്ങള്‍ ഒപ്പിട്ട് നല്‍കി എന്നെ സ്‌നേഹപൂര്‍വ്വം യാത്രയാക്കി.

എന്റെ അഭിനയയാത്രയിലെ പതിരുകള്‍ പേറ്റിക്കൊഴിക്കുമ്പോള്‍ മനസില്‍ ചേര്‍ത്തു പിടിക്കുന്ന ചില കഥാപാത്രങ്ങളെ സമ്മാനിച്ചത് നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാരാണ്. വൈക്കം മുഹമ്മദ് ബഷീറും എംടിയും ഉള്‍പ്പെടെയുള്ളവര്‍. കരുത്തും കാതലുമുള്ള ആ വേഷങ്ങള്‍ എനിക്ക് അത്രമേല്‍ ഇഷ്ടമാണ്. അതെന്റെ സുകൃതം.

കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ ആ താളുകളില്‍ എന്നെ തിരഞ്ഞു. ചിലപ്പോള്‍ ഞാന്‍ കഥയില്‍ ഒരാളായി. 'കാലം' വായിക്കുമ്പോള്‍ സേതുവായി സ്വയം സങ്കല്‍പിച്ചു. ഖസാക്കില്‍ രവിയായും. ശമിക്കാത്ത ജീവിതാസക്തികളിലും നിരാസത്തിലും ചാഞ്ചാടുന്ന രവിയെ എന്റെ മനസിന്റെ അടരുകളിലെവിടെയോ ഞാന്‍ കണ്ടു. അതിലെ പേരുകള്‍ പോലും അത്ര അടുപ്പമുള്ളതായിരുന്നു. നാട്ടിലെ അപ്പു എന്ന ചങ്ങാതിക്ക് അപ്പുക്കിളിയെന്ന് അന്നൊരിക്കല്‍ ഞാന്‍ പേരിട്ടു.

തസ്രാക്കിലേക്ക് 10 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പാലക്കാടു നിന്ന് പുതുനഗരത്തേക്കുള്ള വഴി. കനാല്‍പ്പാലം ബസ്‌സ്റ്റോപ്പിന് അരികില്‍ വിളര്‍ത്ത നിറത്തില്‍ ബോര്‍ഡ് - ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം. തസ്രാക്ക് സാഹിത്യ പ്രണയികള്‍ക്ക് ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. എത്രയോ വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും അവര്‍ വന്നു കൊണ്ടേയിരിക്കുന്നു. മലയാളികള്‍ മാത്രമല്ല മറുനാട്ടുകാരും വിദേശികളും. ഇപ്പോള്‍ അവരില്‍ ഒരാളായി ഞാനും. തസ്രാക്കിന് ഇതൊക്കെ പഴക്കമായിക്കഴിഞ്ഞു. വിസ്മയം തേടുന്ന കണ്ണുകളുമായി എത്തുന്ന സഞ്ചാരികള്‍ക്ക് എല്ലാം പറഞ്ഞുകൊടുക്കാന്‍ നാട്ടുകാര്‍ക്കറിയാം.

മുന്നില്‍ നോക്കെത്താദൂരത്തേക്ക് പരന്നു കിടക്കുന്ന ഗ്രാമവിശാലത. അപ്പുറം നേര്‍ത്ത നിഴലുപോലെ മലനിരകള്‍. തെല്ലുമുമ്പു പെയ്ത വേനല്‍ മഴയില്‍ തസ്രാക്ക് നനഞ്ഞു കിടന്നു. പെയ്യാന്‍ വെമ്പുന്ന മേഘക്കീറുകള്‍ക്കിടയില്‍ സൂര്യന്‍ ചുവന്നു കലങ്ങുന്നു. ഓര്‍മ്മകള്‍ ഞാന്‍ ഒന്നുകൂടി ചേര്‍ത്തു വെച്ചു. ഗ്രാമത്തി ന്റെ സ്ഥലരാശിയില്‍ കാലത്തിന്റെ കുസൃതികള്‍. വര്‍ഷം കുളിര്‍പ്പിച്ച, കിഴക്കന്‍ കാറ്റ് വീശുന്ന കരിമ്പനക്കൂട്ടങ്ങള്‍ ഇന്ന് ഏറെയില്ല. തെങ്ങുകളുടെ അധിനിവേശമാണ്. ഉഴുതുമറിച്ച നിലങ്ങളില്‍ നിന്ന് ചേറുപുരണ്ട് കയറിവരുന്ന ട്രാക്ടറുകള്‍, കാറ്റിന് കാതോര്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളിലേക്ക് പറന്നിറങ്ങുന്ന വയല്‍ക്കൊറ്റികള്‍, പുരകളുടെ ഉമ്മറക്കോലായില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞ് മുടിവിടര്‍ത്തുന്ന സ്ത്രീകള്‍...

കാലത്തിന്റെ മിടിപ്പുകള്‍ എവിടെയോ പതറിത്തെറിച്ച് നില്‍ക്കുംപോലെ. നീല ഞരമ്പോടിയ അരക്കെട്ടിലെ രതിയും സര്‍പ്പദംശനംകാത്തുകിടക്കുന്ന ജീവിതവിരക്തിയും ഭാവനയുടെ ജീവബിന്ദുക്കളായി ഉണര്‍ന്നതിവിടെയാണ്.

ഇരുള്‍ മൂടിയ രാജാവിന്റെ പള്ളിയില്‍ പുക ചുറ്റിയ കണ്ണുകളുമായി നൈസാമലി നില്‍ക്കുന്നുണ്ടോ? കുളപ്പടവുകള്‍ കയറി ഈറനുടുത്ത് മൈമൂന വരുന്നുണ്ടോ? ആകാശങ്ങള്‍ക്കപ്പുറത്തുനിന്ന് അള്ളാപ്പിച്ച മൊല്ലാക്കയുടെ ബാങ്കുവിളി കേള്‍ക്കുന്നുണ്ടോ?

കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍ക്കിടയിലൂടെ ഒരു സ്വപ്നാടകനെപ്പോലെ ഞാന്‍ നടന്നു. മണ്ണിന്റെ വാത്സല്യം നനുത്ത പുല്‍നാമ്പുകളായി എന്നെ തൊട്ടു. തലയുയര്‍ത്തിനില്‍ക്കുന്ന ഒറ്റയാന്‍ കരിമ്പനകള്‍ക്കു പിന്നില്‍ സൂര്യന്‍ പതിയെ മറയുകയാണ്. ക്യാമറ കൈയിലെടുത്തപ്പോള്‍ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റങ്ങള്‍ കൗതുകത്തോടെ തലപൊക്കി. കുളക്കരയിലേക്ക് നടക്കുമ്പോള്‍ വൈക്കോല്‍ കൂനയുടെ മറവില്‍ നിന്നും അരയന്നങ്ങള്‍ കുശലത്തിനെന്നവണ്ണം അരികിലെത്തി.

വെള്ളം നിറഞ്ഞ് കുണ്ടും കുഴിയുമായിക്കിടക്കുന്ന ചെറിയ നാട്ടുവഴിയിലൂടെ വണ്ടി നീങ്ങുമ്പോള്‍ മാഞ്ചുവട്ടില്‍ കളിക്കുന്ന കുട്ടികള്‍ കൈവീശി ഓടിയെത്തുന്നു. വഴിയരികില്‍ത്തന്നെയാണ് അള്ളാപ്പിച്ച മൊല്ലാക്കയുടെ വീട്. എല്ലാം പഴയതുപോലെ. മേല്‍ക്കൂര മാത്രം മാറി. പനമ്പട്ടക്ക് പകരം ഓട്. നാട്ടുപൂക്കള്‍ പടര്‍ന്ന മുള്ളുവേലി കടന്നെത്തിയപ്പോള്‍ സ്വീകരിക്കാന്‍ എല്ലാവരും തിരക്കുകൂട്ടി. അകത്ത് മൊല്ലാക്കയുടെ മകള്‍ പാത്തുമ്മ വണ്ടിയിടിച്ച് സുഖമില്ലാതെ കിടക്കുകയാണ്. ''ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ് അദ്ദേഹം തസ്രാക്കില്‍ വന്നത്. പുസ്തകം ഇറങ്ങിയതോടെ ഞങ്ങളുടെ ഗ്രാമത്തിനും വലിയ പേരായി. ധാരാളം പേര്‍ വരുന്നുണ്ട്. ഇപ്പോള്‍ നിങ്ങളും...'' വാക്കുകള്‍ ഇടറുന്നു.

പിന്നില്‍ ജനാലയ്ക്കരികില്‍ കുട്ടികള്‍ അമ്പരപ്പോടെ അടക്കം പറയുന്നത് ഞാന്‍ കേട്ടു ''ന്റെ റബ്ബേ, ഇത് 'കഥ പറയുമ്പോള്‍' പോലെയുണ്ടല്ലോ, ഈ ചെറിയ വീട്ടിലേക്ക്...''

ഉടലഴകിന്റെ ധാരാളിത്തത്തിന് പൊന്നു വേണ്ടാത്ത മൈമൂനയെ കാണാന്‍, നിലാവില്‍ കബന്ധങ്ങള്‍ നീരാടാനെത്തുന്ന അറബിക്കുളത്തിന്റെ കരയിലൊന്നിരിക്കാന്‍... വായനക്കാര്‍ വരുന്നത് അങ്ങനെയൊക്കെ ആശിച്ചാണ്. താനാണ് മൈമൂനയെന്നും അപ്പുക്കിളിയെന്നും കരുതുന്നവര്‍ ഗ്രാമത്തില്‍ ഏറെയുണ്ടെന്ന് എവിടെയോ ഞാനും വായിച്ചിട്ടുണ്ട്. നോവലില്‍ സത്യത്തിന്റെയും ഭാവനയുടെയും നേര്‍ത്ത അതിരുകള്‍ എവിടെയാണ് മാഞ്ഞു പോവുന്നത്!

കഥയില്‍ കുഞ്ഞാമിനയെയും അപ്പുക്കിളിയെയും കുരുവിനെയുമൊക്കെ രവി പഠിപ്പിച്ചിരുന്ന ഏകാധ്യാപകവിദ്യാലയം ഇന്നില്ല. കെട്ടിടം പൊളിച്ച ആ ഒഴിഞ്ഞ സ്ഥലത്തിന് അടുത്തുതന്നെയാണ് ഓത്തു പള്ളി. പൗര്‍ണ്ണമിരാത്രിയില്‍ ആയിരത്തിയൊന്ന് കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്ന കഥ മൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് ഈ തണുത്ത നിലത്തിരുന്നാണ്. പള്ളി ഇപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത് പുതുക്കിയിട്ടുണ്ട്.

പക്ഷേ, വര്‍ഷങ്ങളുടെ പ്രകാശവേഗം ഖസാക്ക് അറിയാത്തതുപോലെ. ഇതിഹാസത്തിന് ഈറ്റുനിലമൊരുക്കിയ ഞാറ്റുപുര ഇന്നും അതേപടിയുണ്ട്. പുല്ലു നിറഞ്ഞ തൊടിയുടെ നടുവില്‍ അതൊരു പുരാതന സ്മാരകംപോലെ തോന്നിച്ചു. നരച്ച മരത്തൂണുകള്‍ക്കപ്പുറം കുമ്മായച്ചുമരില്‍ കുട്ടികള്‍ കളര്‍ ചോക്കിലെഴുതിയ കളിവാക്കുകള്‍. ഇവിടെ താമസിച്ചിരുന്ന സഹോദരി ശാന്തയ്ക്ക് കൂട്ടായി എത്തിയ മിതഭാഷിയായ അനുജന്‍ കഥാകൃത്താണെന്ന് ആരും അന്ന് അറിഞ്ഞിരുന്നില്ല. ഗ്രാമത്തിന്റെ സ്വച്ഛതയിലൂടെ ഒരിളംകാറ്റുപോലെ സന്ദേഹിയായി വിജയന്‍ അലഞ്ഞു നടന്നു. മനുഷ്യരുടെ നോവും കിനാവും ഉള്ളില്‍ നിറഞ്ഞു...

മുറവും ചൂലുമൊക്കെ അടുക്കി വെച്ച ഉമ്മറത്തേക്ക് കയറുമ്പോള്‍ വാതില്‍പ്പഴുതില്‍ നിന്ന് ഗൗളികള്‍ പിടച്ചോടി. മാറാല നീക്കുമ്പോള്‍ പ്രാചീനമായ ഒരു ഗന്ധം വന്നു പൊതിയുന്നു. തുരുമ്പിച്ച ആ വാതില്‍പ്പൂട്ടില്‍ പതിയെ ഞാന്‍ തൊട്ടു. ധ്യാനപൂര്‍ണമായ ഒരു മഹാമൗനത്തിനൊടുവില്‍ ഇവിടെവെച്ചാണല്ലോ ആ മനസ്സില്‍ ഖസാക്ക് പിറന്നത്...

സന്ധ്യയായിരിക്കുന്നു. തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ കാറില്‍ കയറുമ്പോള്‍ ചിലര്‍ സ്‌നേഹത്തോടെ വന്ന് കൈയില്‍ അമര്‍ത്തിപ്പിടിച്ചു. ചുറ്റും ഗ്രാമവിശുദ്ധിയുടെ നിറവോടെ പുഞ്ചിരിക്കുന്ന ഒരുപാട് മുഖങ്ങള്‍. കാര്‍ പതിയെ നീങ്ങി. പിന്നില്‍ ഖസാക്ക് മഴയ്ക്കായി കാത്തു കിടന്നു.


സ്വപ്നം പോലെ ആ യാത്രകള്‍നാടു കാണാന്‍ എനിക്ക് ഇഷ്ടമാണ്. അതെക്കാള്‍ ഇഷ്ടം അവിടുത്തെ ജനങ്ങളെ കാണാനാണ്. എത്രയോ തരം മനുഷ്യര്‍, വേഷം, ഭാഷ, സംസ്‌കാരം...

സ്വയം കാറോടിച്ച് വേഗത്തില്‍ പോവുക എന്റെ ഹരമാണ്. ആ യാത്രയുടെ രസം വിമാനത്തിലും ട്രെയിനിലും പോയാല്‍ കിട്ടില്ല. ജര്‍മ്മനിയിലെ ഓട്ടോ ബാന്‍ എക്‌സ്​പ്രസ് വേ, അമേരിക്കയിലെയും ബ്രിട്ടനിലെയും എക്‌സ്​പ്രസ് വേ... അതുവഴി കാറോടിച്ചു പോയിട്ടുണ്ട്. കാര്‍ വേഗത്തില്‍ ഒഴുകും പോലെ...

എന്റെ സ്വപ്നങ്ങളിലും ഞാന്‍ പറക്കുന്നത് കാണാറുണ്ട്. അതിവേഗം ഓടിയിട്ട് കൈകള്‍ വിടര്‍ത്തി വായുവില്‍ തുഴഞ്ഞ് പതിയെ പതിയെ പൊങ്ങി... ഒന്നോര്‍ത്താല്‍ സ്വപ്നങ്ങള്‍ തന്നെയല്ലേ ജീവിതത്തിന്റെ പ്രാണവായു... മഞ്ചേരിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍ മാസാവസാനം കൊച്ചിയിലേക്ക് വന്നിരുന്ന അവധിക്കാലത്ത് സിനിമയായിരുന്നു സ്വപ്നം. ആ ലോകത്തെത്തിയപ്പോള്‍ യാത്രകള്‍ ജീവിതത്തിന്റെ താളം തന്നെയായി.

ഏകാന്തയാത്രകള്‍ എനിക്ക് മുഷിയും. ആരെങ്കിലും ഒപ്പം വേണം. നമ്മെ സ്‌നേഹിക്കുന്ന, ഒരു സുന്ദരദൃശ്യം പരസ്​പരം കാട്ടിക്കൊടുക്കാവുന്ന ഒരാള്‍. മിക്കപ്പോഴും അത് ഭാര്യ സുലുവായിരിക്കും. കുട്ടികള്‍ വലുതായതോടെ സകുടുംബമുള്ള യാത്രകള്‍ കുറഞ്ഞു.

ക്യാമറ യാത്രയില്‍ മറക്കില്ല. ഒരു ചിത്രം മതി ആ യാത്രയുടെ രസം മുഴുവന്‍ ഓര്‍ത്തെടുക്കാന്‍. ഏറ്റവും മനോഹരം സ്‌കോട്ട്‌ലന്റ്. സുന്ദരമായ തെരുവുകള്‍, ഭൂപ്രകൃതി... പക്ഷേ ഗ്രീസ് മറ്റൊരു കാഴ്ചയാണ്. ആക്രമണങ്ങള്‍ ഉടച്ചു കളഞ്ഞ ഒരു മഹാസംസ്‌കൃതി...

ഇടയ്ക്ക് ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ എന്റെ നാട് ഓര്‍മ്മവരും. നാട്ടിടവഴികളും പച്ചപ്പു നിറഞ്ഞ തൊടികളുമൊക്കെയായി എന്റെ ഗ്രാമമായ ചെമ്പ്. അന്നൊക്കെ നിറനിലാവുതൂവുന്ന രാത്രിയില്‍ കായല്‍പ്പരപ്പിലൂടെ വഞ്ചിയില്‍ പോവുക എന്റെ രസമായിരുന്നു. ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ നാട്ടു കവലകളിലെ ഓരോ തിരിവും ഒരു ദേശത്തിന്റെ മനസ്സിലേക്കുള്ള വഴിയാണ്. ഭാഷപോലും ഒരു അനുഭവമാണ്. വള്ളുവനാടിന്റെ ഈണം ദൂരങ്ങള്‍ താണ്ടുമ്പോള്‍ മാറുന്നു, ഓണാട്ടുകരയ്ക്കും ഏറനാടിനും കടത്തനാടിനുമൊക്കെ തനതായ താളങ്ങള്‍.

അമേരിക്കയിലും അങ്ങനെയാണ്. 50 സ്റ്റേറ്റുകളെങ്കില്‍ 50 തരം ഇംഗ്ലീഷ്. അവിടെയുള്ള കുഗ്രാമങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ഫോണും പെട്രോള്‍ ബങ്കും കറന്‍സിയുമില്ലാത്ത ഉള്‍നാടുകള്‍! കുതിരവണ്ടിയിലാണ് സഞ്ചാരം. പണമിടപാടിന് ബാര്‍ട്ടര്‍ സമ്പ്രദായവും.

പക്ഷേ, താജ്മഹലും കുത്തബ് മീനാറുമൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നെങ്കിലും പോവണം. യാത്രയുടെ രസം കൂട്ടുന്നത് ആ കാത്തിരിപ്പാണല്ലോ.