Jassie Gift

ഗോവയുടെ ഈണങ്ങളില്‍,
താളങ്ങളില്‍,
രാത്രിനൃത്തങ്ങളില്‍ 'യാത്ര'ക്കായി
ജാസി ഗിഫ്റ്റിന്റെ യാത്ര
മിഴിമുനയാല്‍ അവള്‍ ക്ഷണം തുടങ്ങിയിട്ട് നാളൊരുപാടായി. ആ ചിരി മഴയില്‍ നനയാന്‍ ഞാനും കൊതിച്ചിരുന്നു. ഗോവ....! അവളെന്നും എന്നെ മോഹിപ്പിച്ചു നിന്നു. പാട്ടുമായി ലോകം മുഴുവന്‍ ചുറ്റിയപ്പോഴും അവളുടെ സംഗീതം വഴിയുന്ന ചുണ്ടുകള്‍ എനിക്ക് അന്യമായിരുന്നു. 'മാതൃഭൂമി യാത്ര' ഗോവയിലേക്കെന്നെ ക്ഷണിക്കുമ്പോള്‍ ഞാന്‍ ബാംഗ്ലൂരില്‍ റിക്കാഡിങ് തിരക്കിലായിരുന്നു. ഒടുവിലിതാ ആദ്യ സമാഗമത്തിന്റെ സമയമായിരിക്കുന്നു! എന്റെ കരള്‍ തുടിച്ചു.

ഗോവന്‍ സംഗീതം വൈവിധ്യ സമൃദ്ധമാണെന്ന് കാമ്പസില്‍ വെച്ചേ അറിഞ്ഞിരുന്നു. ഹൃദ്യമായ താളവും ഈണവും ഇമ്പമേറ്റുന്ന കൊങ്കണി നടോടിഗാനങ്ങള്‍, പോര്‍ച്ചുഗീസ് രുചിയുളള പ്രൗഢമായ ലാറ്റിന്‍ സംഗീതം, ഹിപ്പികള്‍ പടര്‍ത്തിയ അതീന്ദ്രിയ സംഗീതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഗോവന്‍ ട്രാന്‍സ് (ം്്വമൃ റിമൃരവ)... ഫ്യൂഷന്‍ സംഗീതത്തെ പ്രണയിക്കുന്ന എന്റെ അഭിരുചിക്ക് ഏറെ ഇണങ്ങുന്ന ശൈലീവൈവിധ്യം.

പുതിയ രുചികളും പുതിയ ഗന്ധങ്ങളും. തൃഷ്ണകളെ ത്രസിപ്പിക്കുന്ന തീരഭൂമി. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത വര്‍ണ്ണ ചിത്രം. ചുരുക്കി പറഞ്ഞാല്‍ 'നെഞ്ചിലൊരു ബല്ലേ ബല്ലേ..'

ബാംഗ്ലൂരിലെ ജോലിതീര്‍ത്ത് ചെന്നൈയിലെ റിക്കാഡിങ് സ്റ്റുഡിയോവിലേക്ക്, മനസ്സ് അക്ഷമ കാണിച്ചു തുടങ്ങി. ചെന്നൈയില്‍ നിന്ന് ഗോവയ്ക്ക് നേരിട്ടുളള ഫ്ലൈറ്റ് കിട്ടിയില്ല... 'അടങ്ങൂ' മനസ്സിനെ ഞാന്‍ ശാസിച്ചു. വിനോദും അഭിറാമും എനിക്കൊപ്പം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വിനോദ് ഗിറ്റാറിസ്റ്റാണ്. എന്റെ താളത്തിന്റെ മിടിപ്പറിയുന്നവര്‍. അഭിറാം കൃഷണന്‍ എന്റെ ബാല്യകാല സഖാവാണ്. കലാലയവഴികളിലൂടെയും കാലവഴികളിലൂടെയും ഒന്നിച്ചു നടന്ന സുഹൃത്ത്. എന്റെ എല്ലാകാര്യങ്ങളും നോക്കിനടത്തുന്നത് അഭിറാമാണ്.

ചെന്നൈയില്‍ നിന്ന് ഒടുവില്‍ മുംബൈയിലേക്ക് ഫ്ലൈറ്റ്. മുംബൈയില്‍ നിന്ന് ഗോവ. കഷ്ടിച്ച് ഒരുമണിക്കൂര്‍ യാത്ര. ഗോവയിലെ ഡാബോളിം വിമാനത്താവളം ചെറുതും ആകര്‍ഷകവുമാണ്. ഒരു കൊച്ചു കൂട് പോലെ. മഴ പെയ്തു തീര്‍ന്ന് സ്വഛമായ ഗോവന്‍ മണ്ണില്‍, പ്രഭാതത്തിന്റെ തണുപ്പില്‍ ഞങ്ങള്‍ വിമാനമിങ്ങി.

നേരെ ടാക്‌സിയില്‍ പനാജിയിലേക്ക്. തലസ്ഥാനഗരിയെ 'പഞ്ചിം' എന്ന ചെല്ലപ്പേരില്‍ വിളിക്കാനാണ് ഗോവക്കാര്‍ക്കിഷ്ടം. മഴ ഗോവന്‍ പ്രകൃതിയെ ശാദ്വലമാക്കിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള റോഡുകള്‍. കേരളത്തെ ഓര്‍മിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍. പാടങ്ങളും തെങ്ങുകളും പച്ചമരങ്ങളും. ഇടക്കിടക്ക് വെള്ള പൂശിയ പള്ളികള്‍. അകലെ കടലിന്റെ ഇരമ്പം. കഷ്ടിച്ച് ഒരു മണിക്കുര്‍ ഓടിയപ്പോഴേക്കും പനാജിയായി.

ഗോവയിലെ ആദ്യത്തെ ഹെറിറ്റേജ് ഹോട്ടലാണ് ഞങ്ങള്‍ക്കായി 'മാതൃഭൂമി' തിരഞ്ഞെടുത്തത്. 'പഞ്ചിം ഇന്‍'. പോര്‍ച്ചുഗീസ് ശൈലിയില്‍ പണിത പഴയൊരു ബംഗ്ലാവ്. വിശാലമായ മുറിയില്‍ ചിത്രാലംകൃതമായ കട്ടിലുകള്‍. ഓക്കിലും ഈട്ടിയിലും തീര്‍ത്ത മേശകളും അലമാരകളും കസേരകളും. മുറിയോടു ചേര്‍ന്ന് ചെറിയൊരു വരാന്തയും അപ്പുറത്ത് മറ്റൊരു മുറിയും. ആകപ്പാടെ ഒരു വിക്ടോറിയന്‍ കാല്‍പ്പനികത.

ഏഷ്യയിലെ അവശേഷിക്കുന്ന ലാറ്റിന്‍ ക്വാര്‍ട്ടറായ ഫൊണ്ടെയിനാസിലാണ് പഞ്ചിം ഇന്‍. പാറ്റൊ പാലത്തിന് പടിഞ്ഞാറ്, ഓറം അരുവിയുടെ കരയില്‍ ഒരു മെഡിറ്ററേനിയന്‍ തെരുവ്. ചെറിയ തെരുവുകള്‍ക്ക് ഇരുപുറവും പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പ മാതൃകയിലുള്ള പ്രൗഢമായ മാളികകള്‍. ഓരോ വീടിന്റെയും നിറങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. അത്രയും വൈവിധ്യം.

ഗോവന്‍ വാചാലതയ്ക്ക് മഴ കടിഞ്ഞാണിട്ടപോലെ. കാര്‍ണ്ണിവല്‍ ചിത്രങ്ങളില്‍ കാണുന്ന പതഞ്ഞുയരല്‍ ഇല്ല. മഴ ഗോവക്കാര്‍ക്ക് സുഖാലസ്യത്തിന്റെ നിമിഷങ്ങളാണ്. 'സുസെഗാദ്' (സുഖിക്കു) എന്നതാണ് ഗോവന്‍ മുദ്രാവക്യം. കടകള്‍ തുറന്നുവരാന്‍ തന്നെ പത്തരയാകും. ഉച്ചയൂണിന് കടയടച്ചാല്‍ വിശ്രമം കഴിയുമ്പോഴേക്കും നാല് മണി. ഏഴരയായാല്‍ തെരുവുകള്‍ കാലിയായി തുടങ്ങും. നമ്മുടെ നാട്ടിലാണെങ്കില്‍ കള്ളമടിയന്‍മാര്‍ എന്നു പേരുവീണേനെ.

പഞ്ചിം ഇന്നില്‍ നിന്ന്് വടക്കോട്ട് അരമണിക്കുര്‍ യാത്രചെയ്താല്‍ അഗ്‌വാദ കോട്ടയായി. ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ പണിത ഏറ്റവും വലിയ കോട്ട. പ്രശ്‌സതമായ കലംഗൂത് തീരത്തിന്റെ (രമാമൃഷുറവ യവമരസ) ഒരറ്റത്താണ് കോട്ടയുടെ അവശിഷ്ടങ്ങള്‍. അപ്പുറത്ത് സിങ്ക്വറിം തീരം (ീഹൃൂുവിഹൗ യവമരസ). മാനം തെളിഞ്ഞ നേരത്ത്് പനാജിയും അപ്പുറം വാസ്‌കോയും വരെ അഗ്‌വാദയില്‍ നിന്നു കാണാം. മഴയായിട്ടും സന്ദര്‍ശകര്‍ക്ക് കുറവില്ല. ഹൈദ്രാബാദില്‍ നിന്നു വന്ന ഒരു സംഘം ചെറുപ്പക്കാര്‍ എന്നെ വട്ടമിട്ടു. 'ജാസി ഗിഫിറ്റ് ഗാരു!' എന്റെ തെലുങ്കു ഹിറ്റായ 'വികൃമക്കുഡുവിലെ' പാട്ട് ഞാനവര്‍ക്കായി പാടി. ആഘോഷങ്ങള്‍ക്കൊടുവില്‍ ഓട്ടോഗ്രഫുകളും, ഫോട്ടോകളും.

അഗ്‌വാദ എന്നാല്‍ ശുദ്ധജലത്തിന്റെ ഇടം എന്നാണര്‍ത്ഥം. ഒരുപാട് തെളിനീരുറവകള്‍ ഈ കോട്ടയെ ജലസമ്പുഷ്ടമാക്കി. ശുദ്ധജലത്തിനായി പോര്‍ച്ചുഗീസുകാര്‍ പണിത പടുകൂറ്റന്‍ നിലവറ കോട്ടക്കുള്ളില്‍ ഇപ്പോഴും കാണാം. കല്‍ക്കെട്ടുകളുടെ ഉയരങ്ങളില്‍ നിന്ന് ചക്രവാളത്തിലേക്ക് നോക്കിയാല്‍ മഴപെയ്തു ചാരനിറമാര്‍ന്ന കടല്‍ അതേ നിറമുള്ള അകാശത്തില്‍ ലയിച്ചു കിടക്കുന്ന കാഴ്ച്ച. അകലെ മഴ പെയ്യുന്നുണ്ടാവണം. കോട്ടക്കകത്തെ പുല്ലുകളില്‍ പച്ചയുടെ മായജാലം. കല്ലുകള്‍ക്കിടയില്‍ നിന്ന്് ഊറിവരുന്ന ജലം. മനസ്സില്‍ ഒരു പാട്ടിന്റെ ഉറവ പൊട്ടി. 'സാന്‍ഡ് പൈപ്പേഴ്‌സ് ബാന്‍ഡ്' അനശ്വരമാക്കിയ റിഥം ഓഫ് റെയിന്‍.

ചോറും മീന്‍കറിയുമാണ് ടിപ്പിക്കല്‍ ഗോവന്‍ ഉച്ചയൂണ്. മീന്‍കറിമിക്കവാറും മത്തിതന്നെ. എന്നാല്‍ കറിക്കൂട്ട് കേമം. തനത് ഗോവന്‍ മദ്യമായ ഫെനിയോ ബിയറോ കൂടിയുണ്ടെങ്കിലെ ഗോവന്‍ ശാപ്പാട് പൂര്‍ത്തിയാവു. മത്തിയും അയിലയുമാണ് ഇവിടെയും ജനകീയം. വറുക്കുന്നത് അരിപ്പൊടികൊണ്ട് പൊതിഞ്ഞാണെന്ന് മാത്രം. കശുമാങ്ങ വാറ്റിയതാണ് ശരിയായ ഫെനി. എന്നാല്‍ കോക്കനട്ടിനും ആവശ്യക്കാര്‍ ഏറും. സത്യത്തില്‍ നാടന്‍ മദ്യം എന്ന ഇനത്തില്‍ ഫെനിയെ ഉള്‍പ്പെടുത്തിയത് അതിന്റെ മാറ്റുകുറച്ചുകളഞ്ഞു. ആഗോള പ്രശസ്തമായ മെക്‌സിക്കന്‍ ടെക്വിലയേക്കാള്‍ എന്തുകൊണ്ടും മുമ്പനാണീ ഗോവന്‍ ഫെനി.

നഗ്‌നമായി നീണ്ടുകിടക്കുന്നവയാണ് പൊതുവില്‍ ഗോവന്‍ തീരങ്ങള്‍. വാഗത്തോര്‍ പക്ഷെ വിഭിന്നമാണ്. ചെങ്കല്‍ പാറക്കെട്ടുകളുടെ മടിത്തട്ടലാണ് വാഗത്തോര്‍ ബീച്ചുകള്‍. കടലിലേക്ക് തള്ളിനില്‍ക്കുന്ന കല്‍ക്കെട്ടുകളില്‍ നിന്നാല്‍ അസ്തമനം കാണാം. കറുത്ത മണ്ണും ചുവന്ന കല്ലും തീരത്തെ വന്യമനോഹരമാക്കുന്നു. ഇടയ്ക്ക് കനപ്പിച്ചു വീശുന്ന തെമ്മാടിക്കാറ്റ്. വാഗത്തൂര്‍ കവികള്‍ക്കും കാല്‍പ്പനികര്‍ക്കുമുള്ളതാണ്.

സീസണില്‍ ഇരമ്പുന്ന കടല്‍ തീരം ഇപ്പോള്‍ ശാന്തമാണ്. നിരക്കെ നാട്ടിയ തെങ്ങോലക്കുടകളും സണ്‍ബാത്ത് ഇരിപ്പിടങ്ങളുമില്ലാത്ത തനതായ സൗന്ദര്യം. ബാറുകളും റസ്റ്റോറന്റുകളും പകുതിയിലധികവും പൂട്ടികിടക്കുന്നു. ഉഴിച്ചിലുകാരും ഗൈഡുകളും കുറവ്. അങ്ങിങ്ങ് ചില പച്ചകുത്തുകാര്‍ മാത്രം. ചമയങ്ങളില്ലാത്ത ശാലീനമായ ഗോവയെ അനുഭവിക്കണമെങ്കില്‍ മഴക്കാലത്തു വരൂ.

പ്രശസ്തമായ കലംഗൂത് തീരത്തിന്റെ അറ്റമാണ് ബാഗാ ബീച്ച്. ചുറ്റിലും ഗോവന്‍ മുക്കുവഗ്രാമത്തിന്റെ കാഴ്ച്ചകള്‍. വലയില്‍ നിന്ന് മീന്‍ വേര്‍തിരിക്കുന്ന സ്ത്രീ പുരഷന്‍മാര്‍. ഉള്ളിലേക്ക് കടല്‍ കയറിക്കിടക്കുന്നു കോണില്‍ വലയെറിയുന്ന ഒരു മുക്കുവന്‍. സീസണില്‍ ഈ തീരം സഞ്ചാരികളുടെ ഒരു പറുദീസയാകും. ബാഗയില്‍ മഴ ഒളിച്ചുകളിക്കുമ്പോള്‍ തീരത്തുള്ള ഒരു ഭക്ഷണശാലയിലേക്ക്് ഞങ്ങള്‍ കയറി. 'ബോബ് മര്‍ലെയുടെ' ഒരു റെഗ്ഗെ ആലപിക്കാന്‍ തുടങ്ങിയപ്പോഴേക്കും ചെറുപ്പക്കാര്‍ ഓടിയെത്തി. കോഹിമയില്‍ നിന്നും വന്ന വെയിറ്ററായ യുവാവ് ഗിറ്റാര്‍ തൊട്ട് നിര്‍വൃതികൊണ്ടു. 'ഏഴു വര്‍ഷമായി ഒരു ഗിറ്റാര്‍ തൊട്ടിട്ട്. അയാള്‍ പറഞ്ഞു. ജീവിത സഞ്ചാരത്തിനായി സംഗീതത്തോട് വിടചൊല്ലിയതിന്റെ വേദന കണ്ണുകളില്‍ കണ്ടു. മഴ പിന്നെ കനത്തു.

ഗോവയുടെ രാത്രി ജീവിതം സജീവമാണെന്നു കേട്ടിരുന്നു. ഇരവിനെ പകലാക്കുന്ന ഡിസ്‌ക്കോ ഫ്്‌ളോറുകളും ബാന്‍ഡ്് സ്‌റ്റേജുകളും. പക്ഷെ ഗോവന്‍ നിശ പ്രായേണ വിജനം. സ്‌കാര്‍ലറ്റ് എന്ന കൗമാരക്കാരിയുടെ കൊലപാതകത്തിനു ശേഷം രാത്രി സഞ്ചാരികള്‍ പോലീസിന്റെ കര്‍ശനനിരീക്ഷണത്തിലാണ്. യാത്രക്കിടയില്‍ മൂന്നു തവണ പോലീസുകാര്‍ വാഹനം തടഞ്ഞു. എല്ലാവരും ഭീകരവാദികളെന്ന മട്ടിലാണ് തോക്കുധാരികളുടെ പെരുമാറ്റം. ഗിറ്റാറെടുത്ത് കുടഞ്ഞും കുലുക്കിയും നോക്കി. ഒരു പക്ഷെ പാട്ടുകാരനായതുകൊണ്ടാവും പെട്ടന്നു തന്നെ വിട്ടു. എന്തായാലും. അവര്‍ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ട്. കലംഗൂത് ബീച്ചിനടുത്തുള്ള പ്രശസ്തമായ ടിറ്റൊ ഡിസ്‌ക്കൊത്തെയിലും കര്‍ശന പരിശോധനയാണ്. അജാനുബാഹുക്കളായ ഗോവന്‍ യുവാക്കള്‍ ജാഗ്രതയോടെ നില്‍ക്കുന്നു. മംഗോളിയന്‍ ഭാവമുള്ള യുവാവും യുവതിയും കൈകളില്‍ ഡിസ്‌ക്കോ മുദ്രകുത്തി അകത്തേക്ക് വിടുന്നു. ബാഗ് പാടില്ല, ഫോട്ടോ പാടില്ല ഗിറ്റാര്‍ തീരെ പാടില്ല. നിയന്ത്രണങ്ങളില്ലാത്ത ഗോവന്‍ രാത്രികള്‍ക്ക് വിലങ്ങ് വീണുവോ?

കുറച്ചപ്പുറത്തുളള ബാര്‍ കം ഡാന്‍സില്‍ പോയി കുറച്ചു പാടി. 'ഗിറ്റാര്‍'! എന്നാശ്ചര്യം മുഴക്കി കുറെ വിദേശികള്‍ വന്നു. ഒരു ബില്ല്യാര്‍ഡ്‌സ് ടേബിളില്‍ പന്തുരുട്ടി രാത്രി അവസാനിപ്പിച്ച് ചെറിയ ഇച്ഛാഭംഗത്തോടെ ഞങ്ങള്‍ മടങ്ങി.

പഞ്ചിമിലെത്തിയാല്‍ മണ്ഡോവി നദിയിലൂടെയുള്ള രാത്രി സവാരിക്ക് പോകണമെന്ന് പലരും പറഞ്ഞിരുന്നു. മണ്ഡോവിയുടെ കരയില്‍ തെളിയുന്ന പനാജിയുടെ രാത്രി ദൃശ്യം മനോഹരമാണ്. ബോട്ടിങ്ങിനായി പോകുമ്പോള്‍ കൗമാരം വിടാത്ത ഒരു യുവാവ്. സന്തോഷത്തോടെയും അദ്ഭുതത്തോടെയും ഓടിവന്നു. ''ജാസി ചേട്ടാ....!'' കൊച്ചിക്കാരന്‍ നിധീഷ്. യെമന്‍കാരനായ ഒരു അറബിയുടെ പായ്‌വഞ്ചിയിലെ ജോലിക്കാരനാണ് നിധീഷ്. മണ്ഡോവിയില്‍ മത്സരത്തിനായി നിരത്തിയിട്ടിരിക്കുന്ന ആധുനിക പായ്‌വഞ്ചികള്‍. അവയിലൊന്നാണ് 'മിസ്ട്രാല്‍' എന്നു പേരുള്ള നിധീഷിന്റെ വഞ്ചി. മുതലാളി നാട്ടിലാണ്. വഞ്ചിയില്‍ നിധീഷും, പൂഡില്‍ ഇനത്തില്‍ പെട്ട ഒരു പട്ടിയും മാത്രം. 'വരൂ ചേട്ടാ, എല്ലാം കാണാം' നിധീഷ് ആവേശത്തോടെ എല്ലാം വിവരിച്ചുതന്നു. മണ്ഡോവി നദിയില്‍ ഫൈബറിന്റെ താത്ക്കാലിക പാലമിട്ടിരുന്നു. ചാഞ്ചാടുന്ന പാലത്തിലൂടെ ആധുനിക പായ്‌വഞ്ചികള്‍ കണ്ട് ഒരു നടത്തം.

മണ്ഡോവി നദിയിലൂടെയുള്ള ക്രൂയിസ് ഉല്ലാസതിമിര്‍പ്പിന്റേതാണ്. നിശാനഗരത്തിന്റെ ദീപവിതാനങ്ങള്‍ കണ്ട് ഒരു യാത്ര. മൂന്ന് ഡെക്കുള്ള വലിയ ക്രൂയിസ്. താഴെ ഡിസ്‌കോ, രണ്ടാം തട്ടില്‍ ഗോവന്‍ നൃത്തങ്ങളും പാട്ടും. 'ജാസി ചേട്ടാ ഞങ്ങള്‍ക്കു വേണ്ടി പാടണം' തൃശ്ശൂരില്‍ നിന്നു വന്ന ഒരു സംഘം ചെറുപ്പക്കാര്‍ എന്നെ പൊതിഞ്ഞു. വേദിയില്‍ നിന്ന് അവതാരകന്റെ ക്ഷണം. ''അന്നക്കിളി നീയെന്തിന്....'' വേദിയില്‍ നൃത്തം കൊഴുത്തു. 'ലജ്ജാവതിയേ' തുടങ്ങിയപ്പോള്‍ രാത്രി പെട്ടെന്ന് ആഘോഷമായി മാറി. ആണും പെണ്ണും മതിമറന്നാടി. ഗോവയുടെ രാത്രി ജീവിതം ഇതുപോലായിരിക്കാം.

തീരങ്ങളില്‍ പതയുന്ന ലാഘവത്വം പഴയ ഗോവയിലെത്തുമ്പോള്‍ അപ്രത്യക്ഷമാകുന്നു. ശാന്തഗംഭീരവും പ്രൗഢവുമാണ് ഓള്‍ഡ്‌ഗോവ. പഴയ കൊളോണിയല്‍ തലസ്ഥാനം. പാശ്ചാത്യ കലാനൈപുണ്യം വെളിവാക്കുന്ന അള്‍ത്താരകളുമായി കൂറ്റന്‍ പള്ളികള്‍, മൊണാസ്ട്രികള്‍, കോണ്‍വെന്റുകള്‍. അന്തരീക്ഷത്തില്‍ ശ്രദ്ധിച്ചാല്‍ നിറയുന്നത് ബീഥോവന്റെ ഏഴാം സിംഫണി. അതോ മഴ തീര്‍ക്കുന്ന ശബ്ദസഞ്ചയങ്ങളോ?

'വെല ഗോവ' എന്നറിയപ്പെടുന്ന പഴയ ഗോവയില്‍ ഏറ്റവും പ്രധാനം ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ബോം ജീസസ് ബസലിക്കയാണ്. ക്രിസ്ത്യന്‍ ആത്മീയലോകത്തെ ഏറ്റവും ബഹുമാനിതമായ ദേവാലയം. പതിവിനു വിപരീതമായി, ചുമര്‍തേപ്പുകളില്ലാതെ പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന പള്ളിയും പരിസരങ്ങളും ആത്മീയ മൗനത്തിന്റെ ഗാംഭീര്യത്തില്‍ മുഗ്ദമായി നില്‍ക്കുന്നു.

ജിം റീവ്‌സിന്റെ 'പാദ്രെ ഓഫ് ഓള്‍ഡ് സാന്‍ അന്തോണിസി'ലെ വരികള്‍ അറിയാതെ ചുണ്ടിലെത്തി. അള്‍ത്താരയ്ക്കു മുന്നില്‍ ഞാന്‍ മുട്ടുകുത്തി കണ്ണടച്ചിരുന്നു.

അള്‍ത്താരയ്ക്ക് ഇടതുവശം വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ഭൗതികാവശിഷ്ടം. യേശുവിന്റെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്ന ശേഷിപ്പുകള്‍. ഗോവയിലേക്ക് ക്രിസ്തുമതത്തെ ആനയിച്ച സ്‌പെയിന്‍കാരനായ പുണ്യാത്മാവ്.

തൊട്ടപ്പുറത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ സീ കത്തീഡ്രലിന്റെ കൊറിന്ത്യന്‍ ശില്പവൈഭവം. വിഖ്യാതമായ സുവര്‍ണ്ണമണി, സിനൊഡൊ ഒറൊയുടെ മുഴക്കം പഴയ ഗോവയുടെ പ്രധാന ചത്വരത്തില്‍ നിറയുന്നു...

ചത്വരത്തിനപ്പുറത്ത് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയും ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും, സെന്റ് കാതറീന്‍ ചാപ്പലും സെന്റ് കജീറ്റന്‍ കോണ്‍വെന്റും. ഈ പള്ളിസമുച്ചയങ്ങളെല്ലാം ലോകപൈതൃകസ്വത്തുക്കളില്‍ പെട്ടവയാണ്.

കുറച്ചിടമാറി നടന്നാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു കൂറ്റന്‍ പളളിയുടെ നിലം പൊത്താതെ നില്‍ക്കുന്ന ഗോപുരാവശിഷ്ടം. ചിതറിക്കിടക്കുന്ന പ്രാകാരങ്ങള്‍. സെന്റ് അഗസ്റ്റിന്‍ മൊണാസ്ട്രി. പ്രതാപകാലത്തുതന്നെ പോര്‍ച്ചുഗീസ് അധികാരികള്‍ ഉപേക്ഷിച്ചു പോയ സ്ഥലം. ഉപേക്ഷിക്കപ്പെടുന്ന ദേവാലയങ്ങള്‍ അനിര്‍വചനീയമായ വികാരങ്ങള്‍ നമ്മുടെ മനസ്സിലുണര്‍ത്തും. അങ്ങനെയൊരു തോന്നല്‍ ഒരുപക്ഷേ എന്നിലെ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയുടേതായിരിക്കാം.

ഇനി മങ്കേഷിയിലേക്ക്. ഇന്ത്യയുടെ പൂങ്കുയിലായ ലതാ മങ്കേഷ്‌കറുടെ വേരുകള്‍ ഈ പച്ച പുതച്ച കൊച്ചുഗ്രാമത്തിലാണ്. മങ്കേഷിയിലെ ഒരു കൊങ്കിണി കുടുംബത്തില്‍ നിന്നാണ് ലതയും ആശയും ഇന്ത്യയുടെ സംഗീത സാനമ്രാജ്യം വിലയ്ക്കുവാങ്ങിയത്. വേരുകളുമായി അഭേദ്യമായ ബന്ധം പാലിക്കാനാണ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍ തന്റെ കുടുംബപ്പേരായ ഹര്‍ദികറിനു പകരം മങ്കേഷ്‌ക്കര്‍ എന്ന പേരു സ്വീകരിച്ചതുതന്നെ. 'മങ്കേഷി' ഒരു തനി കേരള ന്രഗാമം തന്നെ. കുളങ്ങളും വയലുകളും തോപ്പുകളും. ഗ്രാമത്തിന്റെ മുഖ്യകേന്ദ്രം മങ്കേഷ് ശിവക്ഷേത്രമാണ്. ഗോവയിലെ ഏറ്റവും പ്രാധാന്യമേറിയ ക്ഷേത്രമാണ് ശ്രീമങ്കേഷ്. വൃത്തിയായി കെട്ടിയൊരുക്കിയ ക്ഷേത്രക്കുളമാണ് ഏറ്റവും പ്രാചീനം. വിശാലമാണ് ക്ഷേത്രമുറ്റത്ത് ഏഴുനിലകളുള്ള സവിശേഷമായ അലംകൃതദീപസ്തംഭം. മുറ്റത്ത് നിറയെ അരിപ്രാവുകള്‍. സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗര്‍ഭഗൃഹത്തില്‍ മങ്കേഷ് ദേവന് അര്‍ച്ചന നടത്തി. ലതാ മങ്കേഷ്‌ക്കറുടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ 'ചോരി ചോരി'യിലെ ആ പഴയ പാട്ട് ഓടിയെത്തി. ''ആജാ സനം മധുര്‍ ചാന്ദ്‌നി മെ ഹം..'' ഇനിയും വരാം. ഗായികയോട് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

ഇനിയും ഇവിടെ വന്നേക്കാം. ഒരു പരിരംഭണം കൊണ്ട് മാത്രം ഗോവയെ അടുത്തറിയാനാവില്ല. പക്ഷെ ഈ യാത്ര സമ്മാനിച്ച ആദ്യാനുഭവം ഇനിയെനിക്കുണ്ടാവില്ല. മഴ നനഞ്ഞ അഴകിന്റെ ഈ ഓര്‍മ്മ മനസില്‍ ഞാന്‍ കോറിയിടും. ജോണ്‍ ഡെന്‍വര്‍ ചുണ്ടുകളില്‍ തൊട്ടു.