Aswathi&Sreekanth


പ്രശസ്ത നര്‍ത്തക ദമ്പതികളായ
അശ്വതിയും ശ്രീകാന്തും
ചിദംബരത്തേക്കു നടത്തിയ
നൃത്തതീര്‍ഥാടനം.
നടരാജന്റെ നടയില്‍ ഒരാനന്ദനടനം.
ചിലങ്കയണിഞ്ഞ് ഒരു നാട്യാര്‍ച്ചന.

ചിദംബരത്തെ വിശാലമായ അങ്കണത്തില്‍ ഒരു നൃത്താര്‍ച്ചനമനസ്സും ശരീരവും ഉണര്‍വാഗ്രഹിച്ച സന്ദര്‍ഭത്തിലാണ് ചിദംബരത്തേക്കുള്ള യാത്രാക്ഷണവുമായി 'മാതൃഭൂമി യാത്ര' എത്തിയത്. നര്‍ത്തകദമ്പതികളായ ഞങ്ങളുടെ മനസ്സ് മുന്‍കൂട്ടി വായിച്ചപോലെ!

നടരാജസന്നിധിയിലേക്ക് ചിലങ്കയണിഞ്ഞ് ഒരു തീര്‍ഥയാത്ര. ഗുരുദക്ഷിണപോലെ പവിത്രമാണത്. മിക്ക വര്‍ഷങ്ങളിലും ചിദംബരത്തെ നാട്യാഞ്ജലി നൃത്തോത്സവത്തില്‍ ഞങ്ങള്‍ പങ്കെടുക്കാറുണ്ട്. ഈ വര്‍ഷം അതു നടന്നില്ലല്ലോ എന്ന ചിന്ത മനസ്സില്‍ ഭാരമാവുമ്പോഴാണ് 'യാത്ര' മുന്നിലെത്തിയത്. നിറഞ്ഞ മനസ്സോടെയാണ് ക്ഷണം ഞങ്ങള്‍ സ്വീകരിച്ചത്.

നൃത്ത ശില്‍പ്പങ്ങളുടെ
സമന്വയം

ചിദംബരത്തെത്താന്‍ മാര്‍ഗങ്ങള്‍ ഏറെയാണെങ്കിലും തീവണ്ടി യാത്രയാണ് സുഖം; ഇഷ്ടവും. മദ്രാസ് മെയിലില്‍ കയറിയാല്‍ ഈറോഡ് ജങ്ഷനിലിറങ്ങി മയിലാടുംതുറൈ എക്‌സ്പ്രസ് പിടിക്കാം. മദ്രാസ് മെയിലില്‍ പ്രശസ്ത നര്‍ത്തക ജോടികളായ ശാന്ത-ധനഞ്ജയന്മാരിലെ ശാന്തടീച്ചറുണ്ടായിരുന്നു. നടരാജന്റെ ഓരോ അനുഗ്രഹസൂചനകളാവാം!

ട്രെയിന്‍ ഈറോഡില്‍ രാത്രി പതിനൊന്നരയോടെ എത്തി. ഒരു മണിക്കാണ് മൈസൂരില്‍ നിന്നും മയിലാടുംതുറൈക്കുള്ള എക്‌സ്പ്രസ്. കുംഭകോണം, തഞ്ചാവൂര്‍ വഴി രാത്രി പുലര്‍ന്നപ്പോഴേക്കും മയിലാടുംതുറെ സ്റ്റേഷനായി. ചിദംബരത്തേക്ക് ഇനി റോഡു വഴി നാല്‍പതു കിലോമീറ്ററേയുള്ളൂ. ശീര്‍കാഴി വഴിക്കുള്ള യാത്രയില്‍ എങ്ങും കുളങ്ങളും കോവിലുകളും. വഴിയില്‍ ഈസ്റ്ററിന് വേളാങ്കണ്ണിയിലേക്ക് നടന്നുപോകുന്ന തീര്‍ഥാടകസംഘങ്ങള്‍. പ്രശസ്ത ക്ഷേത്രങ്ങളായ വൈത്തീശ്വരന്‍ കോവിലും ശട്ടനാഥര്‍ കോവിലും യാത്രാവഴിയിലാണ്. ഒമ്പതരയായപ്പോഴേക്കും ഞങ്ങള്‍ ക്ഷേത്രനഗരത്തിലെത്തി.
നൃത്തശാസ്ത്രത്തിലെ നനൂറ്റൊന്നു കരണങ്ങള്‍ കൊത്തിയ ഗോപുരവാതിലിനു മുന്നില്‍

ശ്രീകാന്തിന്റെ വീട് തഞ്ചാവൂരിനടുത്തുള്ള മേലാറ്റൂരാണ്. ചിദംബരം അതിനാല്‍ ഞങ്ങള്‍ക്ക് സ്വന്തംതട്ടകംപോലെ പരിചിതം. അച്ഛന്‍ എം.ടി. വാസുദേവന്‍ നായരോടൊപ്പം തഞ്ചാവൂരിലേക്ക് പണ്ട് കരിവണ്ടിയില്‍ നടത്തിയ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ ശ്രീകാന്തുമായി പങ്കിട്ടു.

പ്രപഞ്ചമധ്യമാണ് ചിദംബരം എന്ന് സങ്കല്പം. ജീവതാളത്തിനാധാരമായ താണ്ഡവം നടത്തുകയാണവിടെ നടരാജന്‍. പ്രപഞ്ചനടനമായ അത് ആനന്ദതാണ്ഡവമാണ്. ബോധമണ്ഡലത്തിന്റെ അതിരുകള്‍ അവിടമെത്തുമ്പോള്‍ അനന്തമായ നിത്യസത്യത്തിന്റെ അപാരതയില്‍ അ
പ്രസക്തമാവുന്നു. അതാണല്ലോ ചിത്അംബരമായ ചിദംബരം.

++++++++++


ചിദംബര ദര്‍ശനം

ശിവഗംഗാ പുഷ്‌കരണിയില്‍ ഒരു നാട്യാര്‍ച്ചന


നാല്‍പ്പതേക്കറില്‍ പരന്നുകിടക്കുന്ന കൃഷ്ണശിലാനിര്‍മിതികളുടെ വിസ്മയമാണ് ചിദംബരം. നാലു ദിശകളിലും ദ്രാവിഡ ശില്പകലയുടെ ഗാംഭീര്യം വഴിയുന്ന ഏഴു നിലകളുള്ള ഉത്തുംഗഗോപുരങ്ങളും അവയെ ബന്ധിപ്പിക്കുന്ന മതിലുകളും. കിഴക്കെ ഗോപുരമാണ് ക്ഷേത്രത്തിലേക്കുള്ള മുഖ്യപ്രവേശനമാര്‍ഗം. പ്രവേശനദ്വാരത്തിനു നാലുഭാഗത്തായി ഇരുവശത്തും നാട്യശാസ്ത്രത്തിലെ 108 കരണങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. കലയുടെ ആ കേദാരശൃംഗത്തിനു ചുവടെ ഞങ്ങളുടെ പാദങ്ങള്‍ അറിയാതെ ചുവടുവെച്ചുപോയി.

ഗോപുരം പിന്നിട്ടുകഴിഞ്ഞാല്‍ കരിങ്കല്ലു പതിച്ച വിശാലമായ തിരുമുറ്റം. സന്ധ്യാരാധനയ്ക്ക് എത്തിത്തുടങ്ങുന്ന ഭക്തര്‍. കണ്ണുകളില്‍ അത്ഭുതമടങ്ങാതെ വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍, താമരയും മല്ലിയും വട്ടിയില്‍ വില്ക്കാനെത്തുന്ന കൊച്ചുകുട്ടികള്‍, മുന്‍കുടുമ കെട്ടി തിരക്കിട്ട് മാത്രം നടക്കുന്ന പുരോഹിതരായ ദീക്ഷിതര്‍മാര്‍.

നടരാജന്റെ സ്വര്‍ണ്ണ വിമാനത്തിനു ചാരെ

അതിവിശാലമായ നടവഴിയുടെ വലതുഭാഗത്ത് കാണുന്നത് പുണ്യതീര്‍ഥമായ ശിവഗംഗ പുഷ്‌കരണി. വിസ്താരമേറിയ തീര്‍ഥച്ചിറയ്ക്ക് ചുറ്റിലും കരിങ്കല്‍ത്തൂണുകള്‍ തിങ്ങിയ ഇടനാഴിയും പടവുകളും. നീണ്ടു കിടന്ന ആ തീര്‍ഥത്തിന്റെ ഇടനാഴിയില്‍ ഞങ്ങള്‍ നൃത്തം ചെയ്തു.

തീര്‍ഥത്തിനപ്പുറം വലതുഭാഗത്തായി ശിവകാമസുന്ദരിയുടെ ക്ഷേത്രം. പ്രവേശനദ്വാരത്തിന്റെ പടവുകള്‍ ഇറങ്ങിച്ചെന്നാല്‍ വിശാലമായ തളം. നിലത്തും മച്ചിലുമായി ഭഗവദ്കഥകളുടെ വര്‍ണചിത്രങ്ങള്‍. ഉള്ളില്‍ നിശ്ശബ്ദതയുടെ വാചാലതയില്‍ കരിങ്കല്ലിന്റെ ഇളംതണുപ്പില്‍ ശക്തി അനുഗ്രഹം ചൊരിഞ്ഞു.
ചിദംബര ഗോപുര പശ്ചാത്തലത്തില്‍

തിരിച്ചു വന്നപ്പോള്‍ പ്രദക്ഷിണവഴിയില്‍ പുഷ്പവൃക്ഷങ്ങള്‍ സുഗന്ധം പകരുന്ന തെക്കേ ഗോപുരം. ചുവടുകള്‍ വീണ്ടും കഴിഞ്ഞാല്‍ പടിഞ്ഞാറെ ഗോപുരത്തിനെതിരെ ഒരു കൂറ്റന്‍ നന്ദികേശ്വര പ്രതിമ ശിവസന്നിധിയിലേക്ക് നോക്കി താണ്ഡവം ആസ്വദിക്കുന്ന കാഴ്ച.

ശിവഗംഗ തീര്‍ഥക്കരയില്‍ കിഴക്കെ ഗോപുരത്തിനടുത്താണ് രാജസഭ. ശില്‍പങ്ങള്‍ കൊത്തിയ ആയിരംകാല്‍മണ്ഡപം. കവാടത്തില്‍ കൊത്തിവെച്ച ഓടുന്ന ഒരു ഗജവീരനെ പശ്ചാത്തലമാക്കിയും ഞങ്ങള്‍ ചില ചുവടുകള്‍ വെച്ചു.

നടവഴികള്‍ക്കു നടുവില്‍ ഉയര്‍ന്ന, ആകാരഭംഗിയുള്ള മതിലുകള്‍ക്കുള്ളിലാണ് ക്ഷേത്രം. സന്ധ്യാപൂജയ്ക്കുള്ള നേരമായി. പതിവു ക്ഷേത്രപ്രവേശന രീതിക്കു വിപരീതമായി ഇവിടെ ശ്രീകോവിലിലേക്ക് നേരെ കടന്നുചെല്ലാന്‍ പറ്റില്ല. ചുറ്റമ്പലത്തിന്റെ വശത്തുകൂടി കയറിയാല്‍ മാത്രമേ ദര്‍ശനം സാധ്യമാവൂ.
ചിദംബരം

പ്രവേശനകവാടം കഴിഞ്ഞാല്‍ കര്‍മബന്ധങ്ങളുടെ 21 ജന്മങ്ങളെ ദ്യോതിപ്പിക്കുന്ന ഇരുപത്തിയൊന്ന് പടികള്‍. പടി ഇറങ്ങിയാല്‍ നടവഴിയായി. നടവഴിയെ ചിത്രത്തൂണുകളും ശില്‍പങ്ങളും അലംകൃതമാക്കുന്നു.

നടവഴി നേരെ അവസാനിക്കുന്നത് ചുറ്റമ്പലത്തിന്റെ വലതുവശത്താണ്. അവിടെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ശ്രീകോവിലിന്റെ വിമാനം പ്രഭ ചൊരിഞ്ഞുനില്‍ക്കുന്നു.

++++++++++


നടരാജസന്നിധിയില്‍


ചിദംബരത്തെ പ്രതിഷ്ഠാസങ്കല്‍പങ്ങള്‍ അപൂര്‍വമാണ്. രൂപവും അരൂപവും അര്‍ധരൂപവുമായ സങ്കല്‍പത്തില്‍ ഭഗവാന്‍ അവിടെ നിറയുന്നു. നടരാജഭാവത്തില്‍ രൂപത്തിലും സ്ഫടികലിംഗരൂപമായ ചന്ദ്രമൗലീശ്വരന്റെ രൂപത്തില്‍ അര്‍ധരൂപത്തിലും ലൗകികദൃഷ്ടിഗോചരമല്ലാത്ത ആകാശലിംഗരൂപത്തില്‍ അരൂപത്തിലും ഭക്തര്‍ക്ക് മഹാശിവന്‍ ദര്‍ശനം നല്‍കുന്ന ഗര്‍ഭഗൃഹത്തെ ചിത്‌സഭയെന്ന് വിശേഷിപ്പിക്കുന്നു. സ്വാഭാവികമായ ലിംഗപ്രതിഷ്ഠയ്ക്കു വിപരീതമായി ആനന്ദതാണ്ഡവമാടുന്ന നടരാജനാണ് ഇവിടുത്തെ പ്രധാന വിഗ്രഹം.

പിന്‍വലതുകൈയില്‍ നാദബ്രഹ്മത്തിന്റെയും ജീവതാളത്തിന്റെ യും പ്രതീകമായ ഉടുക്കും പിന്‍ഇടതുകൈയില്‍ സംഹാരദ്യോതകമായ അഗ്‌നിപാത്രവും. മുന്‍ ഇടതുകൈ വരദായകമായ ഗജഹസ്തമാക്കിയും മുന്‍വലതുകൈ അഭയഹസ്തമാക്കിയും ഇടതുകാല്‍ അജ്ഞാ നപ്രതീകമായ അസുരന്റെ മേല്‍ ഊന്നിയും വലതുകാല്‍ ഉയര്‍ത്തി ഇടതുവശത്തേക്കു നീട്ടി മന്ദഹസിച്ചും ആ മഹാനടന്‍ ആടുന്നു...


ചിദംബരരഹസ്യം

നൃത്തച്ചുവടുകളില്‍ കൗതുകം പൂണ്ട വിദേശികള്‍ക്കായി ഒരു പോസ്

നടരാജവിഗ്രഹത്തിനു വലതുവശത്താണ് പുകഴ്‌കൊണ്ട ചിദംബരരഹസ്യം. കറുത്ത യവനിക മാറ്റുമ്പോള്‍ സ്വര്‍ണനിര്‍മിതമായ വില്വപത്രങ്ങള്‍ തീര്‍ത്ത മാലേയങ്ങള്‍ മാത്രം... എല്ലാമടങ്ങുന്ന നിശ്ശൂന്യലിംഗം! ജ്ഞാനദൃഷ്ടിക്കു മാത്രം നമിക്കാവുന്നത്. ചിത്‌സഭയോടു ചേര്‍ന്ന് കനകസഭ. കനകസഭയില്‍ നിര്‍ന്നിമേഷരായി നിന്ന് ഞങ്ങള്‍ ചിത്‌സഭാദര്‍ശനം നടത്തി.

കനകസഭയ്ക്കപ്പുറമുള്ള പ്രാകാരം നൃത്തസഭയാണ്. അശ്വങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന രഥം പോലെയാണിതിന്റെ നിര്‍മാണം. ഇവിടെയാണ് നൃത്തമത്സരത്തില്‍ കാളിയെ പരമശിവന്‍ പരാജയപ്പെടുത്തിയത്.

പിച്ചാവരം

സന്ധ്യാപൂജക്കിടയില്‍ ആള്‍പൊക്കത്തിലുള്ള പടുകൂറ്റന്‍ വെള്ളോട്ട് മണികളുടെ ഓംകാരധ്വനി തീര്‍ത്ത ശ്രുതിയില്‍ നൃത്തസഭയില്‍ ഞങ്ങള്‍ എല്ലാം മറന്ന് നൃത്തമാടി. ആ നൃത്താര്‍ച്ചന നൃത്തസഭയുടെ ഇടതുഭാഗത്ത് അനന്തശായിയായി നിലകൊള്ളുന്ന ഗോവിന്ദരാജപെരുമാളും ആസ്വദിച്ചു കാണണം.

നൃത്തസഭയുടെ തൂണുകള്‍ നിറഞ്ഞ ഒന്നാം നിലയില്‍ കനകാങ്കിതമായ വിമാനത്തിന്റെ പശ്ചാത്തലത്തിലും ശ്രീകോവിലിന്റെ തിരുമുറ്റത്തും ഞങ്ങള്‍ വീണ്ടും നാട്യാര്‍ച്ചന നടത്തി.

മൂര്‍ത്തികളെ തൊഴുത്, ചിലങ്കകളഴിച്ച് പടികള്‍ കയറി ക്ഷേത്രമുറ്റത്തെത്തുമ്പോള്‍ സന്ധ്യയുടെ നിഴലുകള്‍ നൃത്തം തുടങ്ങിയിരുന്നു. നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയ കടുത്ത നീല നിറമാര്‍ന്ന ചിദംബരത്തെ ആകാശത്തിലേക്ക് ഗോപുരകവാടം ഊര്‍ധ്വതാണ്ഡവചിത്രം പോലെ എഴുന്നുനിന്നു. ,


ചിദംബരത്തെ കാഴ്ചകള്‍കില്ലൈ കാളി അമ്മന്‍ കോവില്‍

കില്ലൈ കാളിഅമ്മന്‍ കോവില്‍

നഗരത്തിന്റെ വടക്കുഭാഗത്താണ് ചോളരാജാക്കന്മാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം. നൃത്തമത്സരത്തില്‍ ശിവനോട് പരിഭവിച്ചുപോയ കാളിയുടെ ആരൂഢം. ദേവിയുടെ അപൂര്‍വ്വ ഭാവത്തിലുള്ള ആള്‍പ്പൊക്കത്തിലുള്ള കരിങ്കല്‍ വിഗ്രഹം ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നു.


ഇളമൈആക്കിയാര്‍ കോവില്‍


നഗരത്തിനു പടിഞ്ഞാറു ഭാഗത്താണ് കോവില്‍. ക്ഷേത്രത്തിനു മുന്നില്‍ വിശാലമായ വ്യാഘ്രപാദ തീര്‍ഥം. ശൈവ ഭക്തനായ മാണിക്കവാചര്‍ക്കും ഭാര്യക്കും നിത്യയൗവനം നല്‍കിയ ശിവനാണ് ഈ പുരാതന ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഇളമൈആക്കിയാര്‍ കോവില്‍

പിച്ചാവരം


ചിദംബരത്തുനിന്നു 16 കിലോമീറ്റര്‍ അകലെയാണ് ഈ ദൃശ്യവിസ്മയം. 3000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കായലും കണ്ടല്‍ക്കാടുകളും തുരുത്തുകളും. നിരവധി കൈവഴികളായി വ്യാപിച്ചു കിടക്കുന്ന കായലിന്റെ ഇരുവശത്തും ജലത്തില്‍നിന്നും ഊളിയിട്ടു പൊങ്ങിയതുപോലെ കണ്ടല്‍വൃക്ഷങ്ങള്‍, ചില കൈവഴികളെ പന്തല്‍കെട്ടി മറച്ചപോലെ ശാഖകള്‍. ജലത്തിന്റെ വിരിമാറിലൂടെയുള്ള ഒരു ബോട്ടുയാത്ര പിച്ചാവരത്തിന്റെ സൗന്ദര്യത്തെ അനാവരണം ചെയ്യും.

അണ്ണാമലൈ വാഴ്‌സിറ്റി

അണ്ണാമലൈ സര്‍വകലാശാല


ചിദംബരം നഗരത്തിന് രണ്ടര കിലോമീറ്റര്‍ കിഴക്ക്. തമിഴ് സാഹിത്യത്തിന്റെയും കര്‍ണാടക സംഗീതത്തിന്റെയും പഠന കേന്ദ്രം. 1000 ഏക്കറില്‍ പടരുന്ന പച്ചനിറഞ്ഞ കാമ്പസില്‍ പ്രൗഢമായ കെട്ടിട സമുച്ചയങ്ങള്‍