കടലിലെ കാഴ്ചകളും അനുഭവങ്ങളും തേടി
ജനനേതാക്കളുടെ സാഹസയാത്ര.
മുന്‍മന്ത്രി എം.കെ. മുനീര്‍, എം.എല്‍.എമാരായ
വി.ഡി. സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍
എന്നിവര്‍ ഒരു മീന്‍വള്ളത്തില്‍ നടത്തിയ കടല്‍യാത്ര.


വി.ഡി.സതീശന്‍, എം.കെ.മുനീര്‍, ടി. എന്‍. പ്രതാപന്‍ എന്നിവര്‍ കടല്‍യാത്രയില്‍. ചിത്രങ്ങള്‍: മധുരാജ്‌

ചേറ്റുവാ പാലത്തിന്റെ തെക്കെ കരയില്‍, അഴിമുഖത്തേക്ക് നീളുന്ന ജലപാതയില്‍, കടല്‍ യാത്രക്കു കാത്ത് നിരന്നു നില്‍ക്കുന്ന മീന്‍വള്ളങ്ങള്‍. ക്ഷമ കെട്ട്, പേശികള്‍ വിറപ്പിച്ച് അസ്വസ്ഥതയോടെ അവ ഓളപ്പരപ്പില്‍ ഇളകിക്കളിക്കുന്നു. അഴിമുഖത്തെ കാറ്റില്‍ അവയ്ക്കു മേലേ കൊടിക്കൂറകളുടെ പക്ഷിക്കൂട്ടങ്ങള്‍ പാറിക്കളിച്ചു. മീന്‍വല പോലെ പുലര്‍വെട്ടം കായലില്‍ ഒഴുകിപ്പരന്നു.

വള്ളങ്ങള്‍ കിടക്കുന്നതിനടുത്ത് കരയില്‍ ഒരു കള്ളുഷാപ്പുണ്ട്. അതിനു മുന്നില്‍ ഒരു സര്‍വേക്കല്ലില്‍ അതിരാവിലെ മുതല്‍ ആരെയോ കാത്തിരിക്കുകയാണ് ഡോ. എം. കെ. മുനീര്‍. ഓളത്തിലെടുത്തിട്ട വള്ളം പോലെ അദ്ദേഹവും അസ്വസ്ഥനായി ഇളകുന്നുണ്ട്. വഴിപോക്കരും കുടിക്കാന്‍ വരുന്നവരും മീന്‍പിടുത്തക്കാരുമെല്ലാം മുന്‍മന്ത്രിയെ കാണാന്‍ പാടില്ലാത്തിടത്തു കണ്ടെന്ന പോലെ, അദ്ഭുതത്തോടെ നോക്കുന്നു. ചിലര്‍ അഭിവാദ്യം ചെയ്യുന്നു.

കോഴിക്കോട്ടു നിന്ന് പുലര്‍ച്ചെ എത്തിയതാണ് മുനീര്‍. കള്ളു കുടിക്കാനല്ല, കടലില്‍ പോകാന്‍. ഇതു വരെ മുനീര്‍ കടലില്‍ പോയിട്ടില്ല. ഒരിക്കല്‍ ദുബായില്‍ ഒരു വിനോദയാത്രാ കപ്പലില്‍ കയറി നോക്കിയിട്ടുണ്ട്. അത്ര മാത്രം. ഇന്ന്് അങ്ങിനെയല്ല. മീന്‍പിടുത്തക്കാര്‍ക്കൊപ്പം ബോട്ടില്‍ ഇന്നു മുനീര്‍ കടലില്‍ പോകും. മീന്‍ പിടിക്കും. ഒരു പകല്‍ മുഴുവന്‍ കടല്‍ യാത്ര നടത്തും.എവിടെയാണീ മീനുകളൊക്കെ ഒളിച്ചിരിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടിരുന്ന കുട്ടിക്കാലം മുതലേ കടല്‍ മുനീറിനു പ്രലോഭനമായിരുന്നു. മീനുകളുടെ കൊട്ടാരം തേടിയുള്ള യാത്ര സ്വപ്നം കണ്ടിരുന്നു. മാതൃഭൂമി യാത്ര ഒരു കടല്‍യാത്രക്കു വിളിച്ചപ്പോള്‍ ഉള്ളിലെ മീന്‍കൊതിയന്‍ കുട്ടി വീണ്ടും ഉണര്‍ന്നു. കടലിന്നടിയിലെ കൊട്ടാരം മാടിവിളിച്ചു. അതിന്റെ ത്രില്ലിലാണ് മുനീര്‍ ഇത്ര ദൂരം വന്നത്. ആതിഥേയര്‍ പക്ഷെ എത്തിയിട്ടില്ല.

വെയില്‍ മൂക്കും മുമ്പ് യാത്ര തുടങ്ങാമെന്നു പ്രതാപന്‍ ഏറ്റതാണ്. അതുകൊണ്ടാണ് നേരത്തേ പോന്നത്. ചേറ്റുവായിലെത്തുമ്പോള്‍ ലീഗ് നേതാവ് റസാക്ക് മാത്രമെത്തിയിട്ടുണ്ട്. ഇനി കാത്തിരിക്കുക തന്നെ. കായല്‍ക്കാറ്റേറ്റ് തെങ്ങിന്‍ തോപ്പിലെ വഴിയരികില്‍ മുനീര്‍ ഇരുന്നു. എം. എല്‍. എയായും മന്ത്രിയായും പലരെയും ഇതുപോലെ കാത്തിരിക്കാന്‍ വിധിച്ചിട്ടുണ്ട്. അതിന്റെ ശിക്ഷയാവാം. മുനീറിന്റെ ആത്മഗതം.

അല്‍പ്പനേരത്തിനകം പ്രതാപന്‍ ഓടിക്കിതച്ചെത്തി. നാട്ടികക്കാരനായ ടി. എന്‍. പ്രതാപന്‍ എംഎല്‍എ. യാത്രയുടെ മുഖ്യസംഘാടകന്‍. നേരം വൈകിയതിന് ക്ഷമാപണം പറയുന്നതിനു പകരം വലിയൊരു ചുമട് പ്രതാപന്‍ മുനീറിനു മുന്നിലിറക്കി വെച്ചു. ഇതാ, ഇതൊക്കെ മുനീര്‍ സാഹിബിനു കഴിക്കാന്‍ വേണ്ടി രാവിലെ മുതല്‍ മിനക്കെട്ട് ഉണ്ടാക്കുകയായിരുന്നു എന്ന ഒരു വാക്കും. അതോടെ എല്ലാം പരിഹരിച്ചു. അത്രയേറെ പലഹാരങ്ങളും കറിപ്പാത്രങ്ങളും ചുമടായെടുത്തായിരുന്നു പ്രതാപന്റെ വരവ്. പല തരം കേക്കുകള്‍, അലുവകള്‍, വറവുകള്‍, ബോണ്ട, അട, വട, ജിലേബി, എന്നു വേണ്ട അപൂര്‍വമായ പലയിനം മീന്‍ വിഭവങ്ങളും ചിക്കന്‍ വറൈറ്റികളും വരെ പല പല പാത്രങ്ങളിലായി ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്. തൊപ്പികള്‍, ബര്‍മുഡകള്‍, മരുന്നുകള്‍, സണ്‍ക്രീമുകള്‍, കൂള്‍ ഡ്രിങ്കുകള്‍ തുടങ്ങി യാത്രക്കു വേണ്ട അനുബന്ധ സാമഗ്രികള്‍ വേറെയും.

ഇനിയും ഒരാള്‍ കൂടി എത്താനുണ്ട്. പറവൂര്‍ എം. എല്‍. എ, വി.ഡി. സതീശന്‍. റസാക്കിന്റെ ഫോണില്‍ ഒരു മണിക്കൂറെങ്കിലുമായി ഇതാ, എത്തിപ്പോയി എന്ന സതീശന്റെ വായ്ത്താരി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എതിര്‍ദിശയിലാണോ സതീശന്‍ പോകുന്നതെന്ന് മുനീറിനു സംശയം. ഇന്നസെന്റ് പറഞ്ഞതു പോലെ, അര മണിക്കൂര്‍ മുമ്പെ പുറപ്പെട്ടു, വേണമെങ്കില്‍ അത് ഒരു മണിക്കൂറാക്കാം എന്ന തമാശയും ആരോ പൊട്ടിച്ചു. വൈകാതെ, ആ തമാശ താനവിടെ നിന്നേ കേട്ടു എന്ന മട്ടില്‍ വെള്ള ഖദറും തൂവെള്ള ചിരിയുമായി സതീശന്‍ എത്തി. വന്ന പാടെ ബാഗ് തുറന്ന് ബര്‍മുഡയും ടീഷര്‍ട്ടും സണ്‍ഗ്ലാസ്സും ഉയര്‍ത്തിക്കാട്ടി താനെന്തിനും റെഡിയെന്ന് സതീശന്‍ പ്രഖ്യാപിച്ചതോടെ കാത്തിരിപ്പിന്റെ മുഷിപ്പും മടുപ്പും മാറ്റിയ കൂട്ടച്ചിരിയില്‍ യാത്രക്ക് വിസില്‍ മുഴങ്ങി.
++++++++++
കൈകോര്‍ത്തു കിടക്കുന്ന വള്ളങ്ങള്‍ക്കു മേലേക്കൂടി യാത്രാസംഘം ബോട്ടിലേക്കു തിരിച്ചു. അങ്ങേയറ്റത്ത് കിടക്കുന്ന പൊന്നാനിക്കാരന്‍ റസാക്കിന്റെ തക്ബീര്‍ ബോട്ടിലാണ് യാത്ര. കടുംനിറത്തിലുള്ള ഷാമിയാന കൊണ്ട് ബോട്ടിനു മേലേ പന്തല്‍ വിരിച്ചിട്ടുണ്ട്. ഡെക്കില്‍ നിറയെ ചുവന്ന കസേരകള്‍ നിരത്തിയിരിക്കുന്നു. അടുപ്പുകള്‍, ഭക്ഷണപ്പാത്രങ്ങള്‍, കുടിവെള്ള ക്യാനുകള്‍, പലതരം വിഭവങ്ങള്‍ നിരത്തിയ തീന്‍മേശകള്‍.. ആകെക്കൂടി ഒരു ഫൈവ്സ്റ്റാര്‍ ലുക്ക്.

കടും ചുവപ്പു ഷര്‍ട്ടിട്ട മുനീറും പച്ച ടീ ഷര്‍ട്ടിട്ട പ്രതാപനും ഖദറിട്ട സതീശനും രാഷ്ട്രീയ വേഷമഴിച്ച് യാത്രയുടെ മൂഡിലേക്കു പ്രവേശിച്ചു. മുണ്ടു മാറ്റി ബര്‍മൂഡയിലേക്കു കയറുമ്പോള്‍ മുനീര്‍ പറഞ്ഞു. ആദ്യമായാണ് ഈ വേഷത്തില്‍. അണികള്‍ കാണും മുമ്പെ കടലിലേക്കു പോകാം. സതീശന് അതിലും സംശയമില്ല. ഈ ബര്‍മുഡയും കൂളിങ് ഗ്ലാസ്സും ടീഷര്‍ട്ടുമിട്ടാല്‍ എന്റെ മണ്ഡലത്തില്‍ പോലും എന്നെ ആരും തിരിച്ചറിയില്ല. ഞാന്‍ സതീശനാണ് എന്നു പറഞ്ഞാലാണ് എനിക്ക് അടി കിട്ടുക. അതൊന്നും കാര്യമാക്കേണ്ടെന്നു പ്രതാപന്‍. ഇത് നമ്മുടെ മാത്രം ദിവസമാണ്. ഇന്ന് എല്ലാം മറന്നുള്ള യാത്രയാണ്. നേതാവും അണികളുമൊക്കെ കരയില്‍ മാത്രം. സാധാരണ നമുക്ക് സ്വന്തമായ നിമിഷങ്ങളോ സമയമോ ഇല്ല. എപ്പോഴും ജനക്കൂട്ടത്തിനു നടുവിലായിരിക്കും. ഇന്ന് നാം വെറും വിനോദ സഞ്ചാരികള്‍. ആരും നമ്മെ അന്വേഷിച്ചു വരില്ല.

എല്ലാവരും തയ്യാറായപ്പോള്‍ പ്രതാപന്‍ പറഞ്ഞു, ആദ്യം ഒരു കൊച്ചു വള്ളത്തില്‍ നമുക്കീ കണ്ടല്‍ വനങ്ങള്‍ ഒന്നു ചുറ്റിയിട്ടു വരാം. എന്നിട്ടാവാം കടല്‍ യാത്ര. മൊബൈലില്‍ വിളിച്ച് കായല്‍ നടുവിലെ രാജാസ് റിസോര്‍ട്ടിന്റെ സവാരി ബോട്ട് വരുത്തിച്ച് പ്രതാപന്‍ എല്ലാവരെയും അതിലേക്കു കയറ്റി. സി. ജി. ശാന്തകുമാറിന്റെ ശിഷ്യനായി ശാസ്ത്രസാഹിത്യ പരിഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഈ കണ്ടല്‍വനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ നീണ്ട സമരം നടത്തിയ ആളാണ് പ്രതാപന്‍.

വെയിലിന്റെ വലകള്‍ മുറിച്ച്, ആകാംക്ഷയുടെ തിരപ്പുറത്തേറി ടീം കണ്ടല്‍ക്കാട്ടിലേക്കു നീങ്ങി. കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെ ബോട്ട് ഒഴുകിനടന്നു. പലയിനം പക്ഷികളുടെ കൂടാരമായ കാടുകള്‍. കാടിനരികില്‍ കായല്‍ നടുവില്‍ മനോഹരമായ ഒരു തുരുത്ത്. ചുറ്റും നീലജലാശയം. തുരുത്തിനു നടുക്ക് സുന്ദരമായ ഒരു റിസോര്‍ട്ട്. ദേശീയപാത 17ലൂടെ കടന്നു പോകുന്ന സഞ്ചാരികളുടെ വലിയ ആകര്‍ഷണമാണ് രാജാസ് റിസോര്‍ട്ട് . അര മണിക്കൂര്‍ കൊണ്ട് കണ്ടല്‍ക്കാടുകള്‍ ചുറ്റി സംഘം ബോട്ടില്‍ തിരിച്ചെത്തി.

ഇനി കടലിലേക്ക്. തക്ബീറിലെ റസാക്കിന്റെ ആറംഗ സംഘം റെഡി. ഭക്ഷണം തയ്യാറാക്കാന്‍ വലപ്പാട് സ്‌നേഹതീരം റിസോര്‍ട്ടിന്റെ ഹുസൈനും നാലംഗ സംഘവും. നേതാക്കളുടെ അടുത്ത അനുയായികളായി രണ്ടോ മൂന്നോ പേര്‍. ഏതാണ്ട് പതിനഞ്ചോളം പേരുള്ള യാത്രാസംഘം ബോട്ടിലേക്കു കയറി. സണ്‍ക്രീം പുരട്ടി, തൊപ്പിയും കൂളിങ് ഗ്ലാസ്സും ധരിച്ച്, ബൈനോക്കുലേഴ്‌സും ക്യാമറയും ഉയര്‍ത്തിക്കാട്ടി യുവനേതാക്കള്‍ കടല്‍യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇതാണ് അന്ധകാരനഴി. ചേറ്റുവാ അഴിമുഖം. ഇരുള്‍ ഗുഹയിലൂടെ വെളിച്ചത്തിന്റെ തിരപ്പുറത്തേക്കു കടക്കുന്ന ഇടനാഴി. കടലിലേക്ക് കടക്കുന്നിടത്ത് ആനയെ മറിക്കുന്ന തിരമാലകളാണ്. ബോട്ട് കടലുമായി മുഖാമുഖം വന്നപ്പോള്‍ പ്രതാപന്‍ മുന്നറിയിപ്പു നല്‍കി. പിടുത്തം വിടരുത്. തെറിച്ചു പോകും.

കൊടിമരത്തില്‍ നിന്നു മുന്നറ്റത്തേക്കു വലിച്ചു കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ചു തൂങ്ങി നേതാക്കള്‍ നിന്നു. വലിയ ഒരു തിരയ്ക്കു മേലേ ബോട്ട് എടുത്തെറിഞ്ഞപ്പോള്‍ അറിയാതെ ഒരാരവം ഉയര്‍ന്നു. മുനീര്‍ ഒന്നു വിറച്ചു എന്നു സതീശന്‍. ഇതല്ലേ ഇതിന്റെ രസം എന്നു ചിരപരിചിതനെപ്പോലെ പ്രതാപന്‍. പിന്നെന്താ, പ്രതാപന്‍ ചുവന്നിരിക്കുന്നതെന്നു മുനീര്‍. അപ്പോഴേക്കും തോണി പിന്നെയും എടുത്തെറിഞ്ഞു. ഒന്നിനു പിറകെ ഒന്നായി ഏറു തന്നെ. ചാഞ്ഞും ഉലഞ്ഞും കേറിയും ഇറങ്ങിയും തോണി കുത്തിമറിഞ്ഞപ്പോള്‍ മുനീര്‍ ചോദിച്ചു, കൊച്ചി വരെ ഇതു തന്നെയാവുമോ സ്ഥിതി? അല്ല, അഴി കടക്കും വരെ മാത്രം. പ്രതാപന്‍ ആശ്വസിപ്പിച്ചു.

വെയില്‍ പരന്നു വരുന്നു. പ്രഭാതത്തിലെ കാറ്റും തിരകളും മേലേയും താഴേയും നിറയുന്ന നീലനിറവും അകന്നകന്നു പോകുന്ന കരയുടെ പച്ച അതിര്‍രേഖയും പുതിയ അനുഭവങ്ങളുടെ കടലായി അവരെ ചൂഴ്ന്നു. കരയിലിരിക്കുന്നവര്‍ക്കു കിട്ടാത്ത അനുഭവങ്ങളുടെ കടല്‍.

ഇതൊരു വെറും കടല്‍ യാത്രയല്ല. പ്രതാപന്‍ പറഞ്ഞു. പല യാത്രകള്‍ ചേര്‍ന്ന യാത്രയാണ്. കടലിലെ വൈവിധ്യമാര്‍ന്ന ജലജീവിലോകത്തിലൂടെ ഒരു യാത്ര. കടലിലെ മനുഷ്യരുടെ ജീവിതത്തിലൂടെ ഒരു യാത്ര. കാറ്റും തിരയും വെയിലും നിറങ്ങളും നിറഞ്ഞ പുറങ്കടല്‍ക്കാഴ്ചകളിലൂടെയുള്ള യാത്ര. ഇതിനൊക്കെ പുറമെ ചരിത്രത്തിലൂടെയും ഈ യാത്ര കടന്നു പോകുന്നു. ആദ്യത്തെ കൃസ്ത്യന്‍ സഞ്ചാരിയുടെ വഴികളിലൂടെ, ആദ്യത്തെ മുസ്ലിം പള്ളിയുടെ നടയിലൂടെ, ആദ്യത്തെ വാണിജ്യതുറമുഖമായ മുസിരിസിന്റെ കപ്പല്‍ച്ചാലുകളിലൂടെ, ചരിത്രത്തെയും കാലത്തെയും വലം വെച്ചു നീളുന്നു ഈ യാത്ര.

കടല്‍ ആരെയും കവിയാക്കുമെന്നാണ് ചൊല്ല്. അതിനടിവരയിട്ടു കൊണ്ടായിരുന്നു പ്രതാപന്റെ വിവരണം. ഇതാ, ഈ യാത്രാമാര്‍ഗം താണ്ടിയാണ് സെന്റ് തോമസ് കേരളത്തിലേക്കു കടന്നു വന്നത്. അഴീക്കോട്ട് 2000 ത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം വന്നിറങ്ങിയ സ്ഥലത്തേക്കാണ് നാമാദ്യം പോകുന്നത്. അതിനടുത്താണ് ചേരമാന്‍ പള്ളി. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി. മുസിരിസെന്ന പഴയ കൊടുങ്ങല്ലൂര്‍ തുറമുഖം ഈ വഴിയിലാണ്. ഇതിലേ സഞ്ചരിക്കുമ്പോള്‍ നാം വെറും കടല്‍യാത്ര നടത്തുകയല്ല. ചരിത്രത്തിലൂടെയും കാലത്തിലൂടെയും തീര്‍ഥാടനം നടത്തുകയാണ്. പ്രതാപന്‍ കത്തിക്കയറി.
++++++++++
അതിനിടെ ബോട്ട് മെല്ലെ മെല്ലെ അഴിമുഖം താണ്ടി കടലിലേക്കു കയറി. തിരകളില്‍ ഊഞ്ഞാലാടി, കാറ്റിന്റെ തലോടലേറ്റ്, ജലകന്യകമാരുടെ പാട്ടുകേട്ട്, നീലനിറത്തിന്റെ തുരങ്കങ്ങള്‍ താണ്ടി, അനുഭവങ്ങളുടെ അപാരതയിലൂടെ അതു യാത്ര തുടര്‍ന്നു.

നീലയുടെ പല പല അടരുകളാണ് കടലിലേക്കു പ്രവേശിക്കുമ്പോള്‍ നാം കാണുക. തുടക്കം ഇളം നീല. പിന്നെ കടും നീല. പുറങ്കടലില്‍ പളുങ്കുനീല. അര മണിക്കൂര്‍ കൊണ്ട് ബോട്ട് അവിടെയെത്തി. ഇപ്പോള്‍ ബോട്ടിന് ഇളക്കം കുറഞ്ഞിട്ടുണ്ട്. തിരകളില്‍ വെയിലിന്റെ ചെമ്പുതകിടുകള്‍ മിന്നുന്നു. അലകള്‍ക്കു മേലേ കടല്‍ക്കാക്കകള്‍ തെന്നിത്തെന്നി നീങ്ങുന്നു.

ഇതൊരു വലിയ അനുഭവം തന്നെ. കടലും മേഘങ്ങളും കൂട്ടിമുട്ടുന്ന അപാരതയെ നോക്കി മുനീര്‍ വിസ്മയപ്പെട്ടു. 500 കിലോമീറ്റര്‍ നീളത്തില്‍ കടലോരമുള്ള നാടാണ് കേരളം. ഏറെക്കുറെ എല്ലാവരും മത്സ്യാഹാരികളും. എന്നിട്ടും കടല്‍ നാം ശരിക്കു കണ്ടിട്ടില്ല. കടലില്‍ പോയിട്ടില്ല. കടല്‍ നമ്മുടെ ടൂറിസത്തിന്റെ ഭാഗമല്ല. അതെന്താ അങ്ങിനെ? കടല്‍ യാത്രയുടെ ത്രില്ലും ആനന്ദവും മറ്റെന്തിനാണുള്ളത്? എന്നിട്ടും എന്താണ് മലയാളി കടലില്‍ സഞ്ചരിക്കാത്തത്?

ഞാനും അതോര്‍ത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്. സതീശന്‍ പറഞ്ഞു. മലയാളിയുടെ വീടിന് കടലാണതിര്. പക്ഷെ കടലിനെ അവനു പേടിയാണ്. കാട്ടില്‍ പോകാം, കടലില്‍ പോവില്ല. കടലില്‍ പോകുന്നതിന്റെ ത്രില്‍ അവനറിയില്ല.

ശരിയാണ്. കടല്‍ വലിയൊരു കാടാണ്. പ്രതാപന്‍ പറഞ്ഞു. സത്യത്തില്‍ കാടിനുള്ളതിനേക്കാള്‍ സൗന്ദര്യവും വശ്യതയും കടലിനുണ്ട്. കാട്ടിലുള്ളതിനേക്കാള്‍ ജീവജാലങ്ങള്‍ കടലിലുണ്ടെന്ന് എത്ര പേര്‍ക്കറിയാം? എല്ലാ രാജ്യങ്ങളും കടല്‍ ടൂറിസത്തിന്റെ സാധ്യതകളില്‍ അഭിരമിക്കുമ്പോള്‍ മലയാളി മാത്രം കടല്‍ക്കരയില്‍ പുറകോട്ടു തിരിഞ്ഞു നിന്ന് സഹ്യപര്‍വതത്തെ നോക്കുന്നു. അതു മാറണം. ആ ബോധവല്‍ക്കരണത്തിനാണ് നമ്മുടെ ഈ യാത്ര.

പ്രതാപന് കടല്‍ തന്റെ രണ്ടാം വീടു പോലെയാണ്. ദിവസങ്ങളോളം പൊങ്ങുതടി പോലെ തിരകള്‍ക്കു മേലേ അലഞ്ഞു നടക്കാന്‍ ഒരു വിഷമവുമില്ല. നാട്ടികയില്‍ നടത്താറുള്ള ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം പ്രതാപനും കൂട്ടുകാരും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കടല്‍ സവാരി സംഘടിപ്പിച്ചു. ഒരാള്‍ക്ക് 250 രൂപ. അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു അതിന്. ജനം ഇടിച്ചുകയറി. 192000 രൂപയായിരുന്നു കളക്ഷന്‍. കുട്ടികളും സ്ത്രീകളുമടക്കം നൂറു കണക്കിനാളുകള്‍ അന്നു കടല്‍ യാത്രക്കു വന്നു. ഒടുവില്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തേണ്ടി വന്നു.

പങ്കെടുത്തവര്‍ക്കെല്ലാം ലഘുഭക്ഷണവും ഛര്‍ദ്ദിക്കാതിരിക്കാനുള്ള മരുന്നും കൊടുത്തു. മീന്‍ പിടിക്കാന്‍ അവസരം നല്‍കും എന്ന വാഗ്ദാനമായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. കടലിനെക്കുറിച്ചു ക്ലാസെടുക്കും, കരയിലെ കാഴ്ചകള്‍ വിശദീകരിച്ചു കാണിക്കും എന്നീ പ്രലോഭനങ്ങള്‍ കൂടിയായപ്പോള്‍ യാത്രികര്‍ ഇരമ്പിയെത്തി. മീന്‍പിടുത്തക്കാരെ ഗൈഡുകളാക്കി ഒപ്പം കൊണ്ടുപോയി.

ആ യാത്ര വിജയിച്ചപ്പോള്‍ ഞങ്ങള്‍ വലപ്പാടു മുതല്‍ കൊച്ചി വരെ മറ്റൊരു യാത്ര സംഘടിപ്പിച്ചു. പുറങ്കടലിലെ മീന്‍പിടുത്തവും മറ്റുമായി തകര്‍പ്പന്‍ ഒരു പകല്‍. അതിനു ശേഷം കുടുംബാംഗങ്ങളെ കൂട്ടി ഒന്നു കൂടി പോയി, അവര്‍ക്കിഷ്ടപ്പെടുന്നുണ്ടോ എന്നറിയണമല്ലോ. അതും വന്‍വിജയമായിരുന്നു. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടപ്പെട്ടു. അപ്പോള്‍ തോന്നി ഇതൊരു പ്രൊജക്റ്റാക്കിയാലോ എന്ന്. അങ്ങിനെയാണ് ഫിഷിങ് ടൂറിസം എന്ന പ്രൊജക്റ്റ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും ഗവണ്മെന്റിനും കൊടുക്കുന്നത്. ടൂറിസം മിനിസ്റ്റര്‍ കോടിയേരിയെ കണ്ടു. അതിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്തി. അദ്ദേഹം അതംഗീകരിച്ചു. കഴിഞ്ഞ നിയമസഭയില്‍ പ്രഖ്യാപനവും നടത്തി. ഇപ്പോള്‍ അതിന്റെ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തിരക്കിലാണ് പ്രതാപന്‍.

കടലില്‍ വഴി കണ്ടെത്തുന്നതെങ്ങിനെയാണ്? ബോട്ടിന്റെ സ്രാങ്ക് ചേറ്റുവാക്കാരന്‍ റസാക്കിനോടാണ് സതീശന്റെ ചോദ്യം. യുവ എം. എല്‍. എക്ക് സ്റ്റിയറിങ് കൈമാറും മുമ്പ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം കാണിച്ചു കൊടുത്ത് റസാക്ക് വിശദീകരിച്ചു. ഇതാ, ഈ യന്ത്രം അതിനുള്ളതാണ്. ഓരോ റൂട്ടിനും ഓരോ നമ്പര്‍ ഉണ്ട്. അക്ഷാംശരേഖയും രേഖാംശരേഖയും ദിശയും ദൂരവും എല്ലാം ചേരുന്ന ഒരു റൂട്ട്‌കോഡ്. ജി. പി. എസ്സില്‍ ഒരു റൂട്ട് കോഡ് സെറ്റ് ചെയ്താല്‍ മതി, ബോട്ട് ആ വഴിക്കു പൊയ്‌ക്കോളും.

എത്ര എളുപ്പം എന്നാരോ പറഞ്ഞപ്പോള്‍ റസാക്ക് ചിരിച്ചു. പണ്ടൊക്കെ നക്ഷത്രങ്ങളെ നോക്കിയായിരുന്നു സാറെ, വഴി നിര്‍ണയിച്ചിരുന്നത്. നക്ഷത്രങ്ങളില്ലാത്ത രാത്രി കര ഏതു ദിശയിലാണെന്നു മനസ്സിലാക്കാന്‍ പോലും കഴിയില്ല. അപ്പോള്‍ മീന്‍വള്ളത്തിന്റെ തിണ്ടില്‍ കമിഴ്ന്നു കിടക്കും. കണ്ണും കാതും കൂര്‍പ്പിച്ച്, മൂക്കു വെള്ളത്തില്‍ മുട്ടും വിധം, തിരകളെ നോക്കിയുള്ള കിടപ്പ്. എങ്ങോട്ടാണോ തിരയടിക്കുന്നത്, ആ ദിശയിലായിരിക്കും കര. ചിലപ്പോള്‍ തിരയുടെ ഗതിനിര്‍ണയം പിഴക്കും. പുലരുമ്പോള്‍ എതിര്‍ദിശയിലായിരിക്കും പോകുന്നത്. അതൊക്കെ ഒരു കാലം. ജി.പി.എസ്സും വയര്‍ലെസ്സും യമഹ എഞ്ചിനുമില്ലാതെ കടലില്‍ പോയിരുന്ന കാലം ഇന്നത്തെ തലമുറക്ക് പഴങ്കഥ പോലെ തോന്നും. അന്നൊക്കെ കടലിലെ യാത്ര ഒരു സാഹസമായിരുന്നു. ഇപ്പോള്‍ വിനോദസഞ്ചാരം പോലെയായി. നിങ്ങളെപ്പോലെ കടലേ കണ്ടിട്ടില്ലാത്ത സഞ്ചാരികളല്ലേ ഇപ്പോള്‍ കടലില്‍ നിറയെ.

ഇടക്കൊരു ചായകുടിയായാലോ? തീന്‍ മേശകളില്‍ രുചിയുള്ള പലതരം സ്‌നാക്‌സ് നിരത്തി പ്രതാപന്‍ ക്ഷണിച്ചു. വറവുകള്‍, അലുവകള്‍, പത്തിരികള്‍, മധുരപലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍.. എല്ലാമുണ്ട്. സ്‌നേഹതീരത്തിലെ ഹുസൈന്റെ കൈപ്പുണ്യമാണ്. വിശപ്പ് കത്തിക്കാളാന്‍ തുടങ്ങിയിരിക്കുന്നു. ഭക്ഷണമേശയില്‍ പൊടുന്നനെ നല്ല തിരക്ക്.

ഇനി മീന്‍പിടുത്തമായാലോ? പ്രതാപന്‍ പുതിയ പരിപാടിയിലേക്കു കടന്നു. റസാക്കിന്റെ സംഘം വലയെറിയാന്‍ തയ്യാറെടുത്തു. വലിയ സ്റ്റീല്‍ വടങ്ങള്‍ റോളറില്‍ ചുറ്റി ബോട്ടില്‍ വെച്ചിട്ടുണ്ട്. അതിന്റെ തലക്കല്‍ വല കെട്ടി കപ്പിയില്‍ കുരുക്കി കടലിലേക്കിട്ടു. മീന്‍ നിറയും വരെ ഇനി കാത്തിരിക്കണം. എംഎല്‍എമാര്‍ ഉത്സാഹത്തോടെ മീന്‍ വലയെറിയാന്‍ കൂടി.

ഒരു മണിക്കൂര്‍ വേണം വല കോരാന്‍. ഇടവേളയില്‍ പാട്ടായാലോ? വെറുതെ ഇരിയ്ക്കാനറിയാത്ത പ്രതാപന്‍ പുതിയ പരിപാടിയുമായി എത്തി. മുനീര്‍ പാടട്ടെ. സതീശന്‍ നിര്‍ദ്ദേശിച്ചു. യാതൊരു സങ്കോചവുമില്ലാതെ മുന്‍മന്ത്രി വെല്ലുവിളി ഏറ്റെടുത്തു. സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍... വയലാര്‍ ഗാനം കടലലകള്‍ക്കു മേലേ മുഴങ്ങി. കൂട്ടുകാരുടെ താളമേളം പാട്ടിനു കൊഴുപ്പേറ്റി. പാട്ടില്‍ നിന്നു പാട്ടിലേക്കു പകര്‍ന്ന് മുനീര്‍ കടല്‍ യാത്രയെ സംഗീതയാത്രയാക്കി. അപൂര്‍വമായൊരു സൗഹൃദത്തിന്റെ സൗരഭ്യം യാത്രയെ പൊതിഞ്ഞു.

സൂര്യന്‍ തലക്കു മുകളിലാണിപ്പോള്‍. വല വലിക്കാറായി. കടലില്‍ നിന്നു വലയും മീനും മെല്ലെ മെല്ലെ ഉയര്‍ന്നു വന്നു. പാട്ടും കൂത്തും നിര്‍ത്തി എല്ലാവരും ഓടി വന്നു. വല നിറയെ പല തരം മീനുകള്‍. പിടക്കുന്ന ആവോലികള്‍, പറക്കുന്ന കവണകള്‍, കൊതിപ്പിക്കുന്ന നെയ്മീനുകള്‍, തുള്ളിക്കളിക്കുന്ന തിരുതകള്‍, പൊടിമീനുകള്‍. ബോട്ടിന്റെ പടി കുട്ടികള്‍ കളിച്ചു തിമിര്‍ക്കുന്ന കളിമുറ്റം പോലെയായി. കൗതുകവും വാത്സല്യവും കൊണ്ട് മീനുകളെ വാരിയെടുത്തും ലാളിച്ചും നേതാക്കള്‍ തോണിത്തിണ്ടിലിരുന്നു. അടുപ്പു കത്തിക്കാന്‍ നിര്‍ദ്ദേശിച്ച് മുനീറും പ്രതാപനും മീന്‍ നേരെയാക്കാനിരുന്നു. ഇരുവര്‍ക്കും നല്ല ശീലം. മീന്‍ വൃത്തിയാക്കി വരിഞ്ഞ് ഉപ്പും മുളകും മസാലയും ചേര്‍ത്ത് അവര്‍ പ്ലേറ്റില്‍ വെച്ചപ്പോഴേക്കും ഹുസൈന്റെ പാചകക്കാര്‍ വെളിച്ചെണ്ണ ചൂടാക്കിക്കഴിഞ്ഞു.

ഉച്ച മൂത്തു. ബോട്ട് മുനമ്പത്തിനും അഴീക്കോടിനുമിടക്കുള്ള കപ്പല്‍ച്ചാലില്‍ എത്തിക്കഴിഞ്ഞു. സമയം രണ്ടു മണി. ഇനി ഉച്ചഭക്ഷണം. ടീം ലീഡറുടെ പ്രഖ്യാപനം. നടുക്കായലില്‍ തോണി നിര്‍ത്തി. പലതരം മീനുകള്‍ പല രുചികളില്‍ പൊരിച്ച് ഹുസൈന്‍ മേശപ്പുറത്തെത്തിച്ചുകൊണ്ടിരുന്നു. ചട്ടിയില്‍ നിന്നു കോരിയെടുക്കുമ്പോള്‍ തന്നെ കൈയിട്ടു വാരി കരുമുരാ കടിച്ചു തിന്നു കൊണ്ട് യാത്രാസംഘം മീന്‍തീറ്റ മത്സരം തന്നെ നടത്തി. വല്ലപ്പോഴും മാത്രം കിട്ടുന്ന ഈ യാത്രാദിനം ഓരോ മിനുട്ടും ആസ്വദിക്കുക എന്നതായിരുന്നു അവരുടെ ശരീരഭാഷ. ആ സമയത്ത് കുട്ടികളെപ്പോലെ അവര്‍ ആഹ്ലാദിക്കുന്നുണ്ടായിരുന്നു.

ചേറ്റുവാ മുതല്‍ കൊച്ചി വരെ കടലിലൂടെ ഒരു ടൂറിസ്റ്റ് ബോട്ട് സര്‍വീസ് തുടങ്ങണം. പ്രതാപന്റെ സ്വപ്നമാണ്. വെറുതെ സ്വപ്നം കാണുന്നയാളല്ല പ്രതാപന്‍. അതിന്റെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മുനീറിനും സതീശനും തന്റെ പദ്ധതിയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു കൊടുക്കുന്നു. ഇതു പോലെ മീന്‍ബോട്ടൊന്നുമല്ല. ഇരിക്കാന്‍ സീറ്റുകള്‍, കിച്ചന്‍, ബെഡ്‌റൂം, മെഡിക്കല്‍ റൂം, വാഷ്‌ബേസിന്‍, ടോയ്‌ലറ്റ്, കുട്ടികള്‍ക്കു പോലും വീശാവുന്ന ഫിഷിങ് നെറ്റ്, വശങ്ങളില്‍ ഹാന്‍ഡ് റെയിലുകള്‍ ഒക്കെയുള്ള പക്കാ ടൂറിസ്റ്റ് ബോട്ട്.

ഒരു ദിവസം നീളുന്ന യാത്രയാണ് നടത്തുക. ലൈഫ് ജാക്കറ്റുകള്‍, പരിചയ സമ്പന്നരായ ഗൈഡുകള്‍, ഭക്ഷണം, ഫിഷിങ്, സൈറ്റ് സീയിങ് എല്ലാമുള്‍പ്പെടുന്ന പാക്കേജായിരിക്കും അത്. ഈ ഓണക്കാലത്ത് പദ്ധതി ആരംഭിക്കും. ഗവണ്മെന്റ് സഹായത്തോടെയുള്ള പദ്ധതിയാണ്. കാടുകളില്‍ വനവികസന സമിതികളുടെ സഹായത്തോടെ വനം വകുപ്പ് നടപ്പാക്കിയ കാടു കാണുക പദ്ധതിക്കു സമാനമായി, കടലിലെ ഫിഷര്‍മാന്‍മാരുടെ സഹായത്തോടെ നടപ്പാക്കുന്ന ഒരു കടല്‍ കാണുക പദ്ധതി. മീന്‍ പിടുത്തത്തിനു വയ്യാതായ ഫിഷര്‍മാന്‍മാര്‍ക്ക് മാന്യമായ ഒരു ജോലിക്കും വഴി തെളിയും. കടലിനെക്കുറിച്ച് അവര്‍ക്കുള്ള അറിവ് ഇതില്‍ പ്രയോജനപ്പെടും.

പ്രതാപനൊറ്റക്കല്ല ഈ പ്രൊജക്റ്റില്‍. ഒരു സംഘവുമുണ്ട്. ആലപ്പുഴയിലെ പ്രശസ്ത ഡിസൈനര്‍ ജിനന്‍ ബോട്ടിന്റെ രൂപരേഖ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വൈകാതെ ബോട്ട് കടലിലിറങ്ങും. പ്രൊജക്റ്റിനെക്കുറിച്ചു കേട്ടപ്പോള്‍ മുനീറിനും സതീശനും ആവേശം. അതൊരു സംഭവമായിരിക്കും, തീര്‍ച്ച. കടല്‍ യാത്രയുടെ ത്രില്‍ ഇപ്പോഴാണ് അറിയുന്നത്. ഇത് എല്ലാവരും അറിയണം. അനുഭവിക്കണം. അറിഞ്ഞാല്‍ ഈ പ്രൊജക്റ്റ് വിജയിക്കും.

പാട്ടും ആഘോഷവുമായി പകല്‍ മൂത്തു മുതിര്‍ന്നു. വെയില്‍ ചായുന്നു. സ്വര്‍ണവെളിച്ചത്തില്‍ മുങ്ങി, തിരകളില്‍ ചാഞ്ചാടി ബോട്ട് യാത്ര തുടര്‍ന്നു. ഇപ്പോള്‍ വലിയ കാറ്റില്ല, തിരമാലകളുമില്ല. സ്വച്ഛശാന്തമായ നീലവിരിപ്പില്‍ കാറ്റു നെയ്യുന്ന കുഞ്ഞലകള്‍ മാത്രം. രാവിലെ കണ്ട കടലല്ല ഇത്. കടലിന് ഓരോ നേരം ഓരോ ഭാവമാണ്. രാവിലെ കലിയിളകിയ പെണ്ണായിരുന്നു, വൈകീട്ട് പ്രണയാതുരയായ യുവതി. പുലര്‍വെയിലില്‍ വെള്ളിത്തളകളണിഞ്ഞു നിന്ന പെണ്‍കുട്ടി, സന്ധ്യക്ക്് സ്വര്‍ണസിന്ദൂരം ചാര്‍ത്തിയ സുമംഗലി. രാവിലെ മുടിയഴിച്ചിട്ടു മുഖം മിനുക്കാതെ വന്നവള്‍, വൈകീട്ട് കവിളില്‍ കുങ്കുമം പൂശിയ സുന്ദരി.

രാത്രി. ഓരോ തിരകളുടെയും ഉള്‍മടക്കില്‍ നിന്ന് ഇരുട്ട് പുറപ്പെടാന്‍ തുടങ്ങി. കൊച്ചിയുടെ അതിര്‍രേഖ വെള്ളിവിളക്കുകളായി അകലെ തെളിഞ്ഞപ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. മീനുകള്‍ പാര്‍ക്കുന്ന കൊട്ടാരത്തില്‍ നിന്നു പുറപ്പെട്ട ഒരു കാറ്റ് അപ്പോള്‍ ഞങ്ങളുടെ ബോട്ടിനെ ഊക്കോടെ കരയിലേക്കു തള്ളി...