Prithviraj

സ്വര്‍ഗത്തേക്കാള്‍ സുന്ദരമായിരുന്നു ലേ,
മേഘസ്‌ഫോടനത്തില്‍ തകരും മുമ്പ്.
ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ലേയിലെ ഗ്രാമവഴികളിലൂടെ
നടന്‍ പൃഥ്വിരാജിന്റെ സഞ്ചാരം.

വീട്ടിലേക്കുള്ള വഴി എന്ന സിനിമയ്ക്കു വേണ്ടി ഡോ: ബിജു എഴുതിയ സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടിയപ്പോള്‍, അതിന്റെ വിഷ്വലുകളിലൂടെയും മുഹൂര്‍ത്തങ്ങളിലൂടെയും കടന്നു പോയപ്പോള്‍ മനസില്‍ തെളിഞ്ഞത് ഒരു യാത്രയുടെ സുഖദ സങ്കല്പങ്ങളാണ്. ചിത്രീകരണം ലഡാക്കിലായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞു. എന്റെ പ്രിയഭൂമികളിലൊന്നാണ് ഹിമാലയപ്രാന്തങ്ങള്‍. ലഡാക്കാവട്ടെ ബുദ്ധവിഹാരങ്ങളുടെ കേദാരവും. മാതൃഭൂമി യാത്ര ഒരു സഞ്ചാരത്തിന് ക്ഷണിച്ചപ്പോള്‍ ലഡാക്കില്‍ തന്നെയാവട്ടെയെന്ന് തീരുമാനിച്ചതും ഇതു കൊണ്ടെല്ലാമാണ്. 'വീട്ടിലേക്കുള്ള വഴി' ഒരു ഡോക്ടറുടെ അന്വേഷണ യാത്രയാണ്. തീവ്രവാദത്തിനെതിരെയുള്ള സ്‌നേഹത്തിന്റെ പോരാട്ടമാണതിന്റെ അന്തര്‍ധാര. അതു കൊണ്ടു തന്നെ ചിത്രീകരണത്തിന് മുമ്പ് ലഡാക്കിന്റെ ഗ്രാമഭംഗികളിലൂടെ, ബുദ്ധവിഹാരങ്ങളിലേക്കൊരു യാത്രയ്ക്ക് പ്രസക്തിയുണ്ടെന്നും തോന്നി.

ആത്മീയാന്വേഷണത്തിന്റെ പ്രായമായില്ലെങ്കിലും മനസില്‍ ഇതിഹാസ പുരുഷന്‍മാരും അവരുടെ രചനകളും തന്ന ചിന്തകള്‍ കൂട്ടായ് എന്നുമുണ്ടായിരുന്നു. ലോകദു:ഖം മാറ്റാന്‍ ചെറുപ്രായത്തിലേ വീടുവിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരന്റെ കഥ അച്ഛനാണെനിക്കാദ്യം പറഞ്ഞു തന്നത്. വായനക്കിടയില്‍ പിന്നീട് ബുദ്ധനും ബുദ്ധചിന്തകളും കടന്നു വരാറുമുണ്ടായിരുന്നു. ബുദ്ധദര്‍ശനങ്ങള്‍ ഇന്നും കെടാതെ കാക്കുന്നവരാണ് ലഡാക്കിലെ ഭൂരിഭാഗവും. ആ സംസ്‌കാരവും ഗ്രാമ ജീവിതവുമെല്ലാം തൊട്ടറിഞ്ഞൊരു യാത്രയായിരുന്നു മനസില്‍. കാരുണ്യത്തിന്റെ ബുദ്ധപഥങ്ങളിലൂടെ ഒരു യാത്ര.

ലേ എനിക്ക് അപരിചിതമായ ഇടമല്ല. പണ്ട് കുളു-മണാലി വഴി ഹിമാലയത്തിലൂടെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ യാത്ര അന്ന് ലേ വരെ നീണ്ടിരുന്നു. ലേ ഹിമാലയത്തിലെ മഞ്ഞു മരുഭൂമികളിലൊന്നാണ്. എന്നാല്‍ ഏത് കൊടും മഞ്ഞിലും ജീവിതത്തുടിപ്പിന്റെ ചൂടുണ്ട്. പ്രകൃതി ഒരുക്കി വെച്ച വിസ്മയങ്ങളുണ്ട്.

ഡല്‍ഹിയില്‍ നിന്ന് ലേ ലക്ഷ്യമാക്കി പറന്നുയരുമ്പോള്‍ ഒരു കോണ്‍ക്രീറ്റ് കാടില്‍ നിന്ന് പര്‍വ്വതവനങ്ങളിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു. പച്ച പുതച്ച കേരളം കടന്ന്, നഗരമാലിന്യത്തിന്റെ മേലാപ്പ് ചൂടി, കോണ്‍ക്രീറ്റ് കാടായി മാറിയ ഇന്ദ്രപ്രസ്ഥത്തിലൂടെ... ഇന്ത്യയുടെ കിരീടമായ കാശ്മീരത്തിന്റെ വജ്രാലങ്കാരത്തിലേക്ക്... വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ഒരു ആകാശ കാഴ്ച കൂടിയായിരുന്നു ആ യാത്ര.

ലേ അടുക്കുമ്പോള്‍ വിമാനത്തിലെ ജാലക കാഴ്ച വിവരണാതീതമാണ്. പാലൊഴിച്ചതു പോലെ മലയടിവാരങ്ങള്‍. ചിലയിടത്ത് ഇലയില്‍ സിരകളെന്ന പോലെ പടര്‍ന്നു കയറുന്ന മഞ്ഞ്. ഇടയ്ക്കിടെ മലമ്പാതകളും ഗ്രാമങ്ങളുടെ ഇത്തിരി പച്ചപ്പുകളും. ഇലകള്‍ മഞ്ഞളിപ്പിലേക്ക് പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയത് മുഴുവന്‍ കൊഴിയും. ശിഖരങ്ങളും മഞ്ഞ് മൂടും. അങ്ങിനെയൊരു ഡിസംബറിലായിരുന്നു അന്നത്തെ എന്റെ ഹിമാലയന്‍ ബൈക്ക് യാത്ര.


++++++++++


ഇപ്പോള്‍ തണുപ്പുകാലത്തിന്റെ തുടക്കമാണ്. ലേയിലെ ഒരു വിഭാഗം കച്ചവടക്കാരും ഹോട്ടലുടമകളുമെല്ലാം തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ച് ഗോവയിലേക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പലായനം തുടങ്ങിക്കാണും. പട്ടാളക്കാരും ഏതാനും ഗ്രാമവാസികളും അപൂര്‍വ്വം സഞ്ചാരികളും മാത്രമായിരിക്കും പിന്നെ ലേയിലുണ്ടാവുക. മഞ്ഞ് മൂടി റോഡ് മാര്‍ഗം അടയും.
ലേയിലെ ലേസര്‍മോ ഹോട്ടലിലായിരുന്നു താമസം. 36 മണിക്കൂര്‍ വിശ്രമിക്കണമെന്നാണ് വിമാന യാത്രികര്‍ക്കുള്ള ആദ്യ നിര്‍ദ്ദേശം. സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശമായതിനാലും ഓക്‌സിജന്‍ കുറവായതിനാലും സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നിര്‍ദ്ദേശം. എക്ലൈമറ്റൈസേഷന്‍. ഒരേ സമയം സൂര്യഘാതം വന്ന് തളര്‍ന്നു വീഴാനും മഞ്ഞുകടിയേറ്റ് കാല്‍വിരലുകള്‍ നഷ്ടപ്പെടാനും സാധ്യതയുള്ള പ്രദേശം. ജൂണ്‍, ജൂലായ്, ആഗസ്ത് സപ്തംബര്‍ മാസങ്ങളാണ് ലഡാക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. സപ്തംബറിലെ ലഡാക്ക് ഫെസ്റ്റിവല്‍ കാലം വര്‍ണ്ണാഭമായിരിക്കും. പക്ഷെ ഞാന്‍ മുന്‍ യാത്രയ്ക്ക് തിരഞ്ഞെടുത്തത് തിരക്കു കുറഞ്ഞ ഒരു ഡിസംബറായിരുന്നു. സ്വകാര്യത ഇഷ്ടപ്പെടുന്ന എനിക്ക് ഏറെ സൗകര്യവും അതായിരുന്നു. അന്ന് ബൈക്കില്‍ ചണ്ഡിഗഢില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ലേ വരെ ബൈക്കില്‍ വന്നു. മഞ്ഞില്‍ വഴുതുന്ന റോഡില്‍ യാത്ര സാഹസികമായിരുന്നു. ഔദ്യോഗികമായി റോഡടച്ചിരുന്നുവെങ്കിലും പ്രത്യേക അനുമതിയോടെയായിരുന്നു യാത്ര. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ യാത്രാ തടസങ്ങള്‍ നീക്കി പട്ടാളവണ്ടികള്‍ക്ക് വഴിയൊരുക്കും. ബൈക്കോടിക്കാന്‍ പറ്റുന്നതും അതുകൊണ്ട് മാത്രം.

ഇത്തവണ ലേയ്ക്കടുത്തുള്ള ബുദ്ധവിഹാരങ്ങളിലൊന്നായ തിക്‌സേ മൊണാസ്ട്രിയായിരുന്നു പ്രധാന ലക്ഷ്യം. ലേയില്‍ നിന്ന് ഗോംപെയിലേക്ക് വണ്ടി നീങ്ങുമ്പോള്‍ തൊട്ടടുത്തെ ഗുലാം ജിലാനിയുടെ കടയില്‍ നിന്ന് ജ്യൂസ് വാങ്ങി കഴിച്ചു. തണുപ്പില്‍ ദാഹം തോന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശരീരം അതാവശ്യപ്പെടുന്നു. വഴിയരികിലെ ഒരു വീട്ടുമുറ്റത്ത് മഞ്ഞ് അടിച്ചുവാരി കൂട്ടിയിട്ടിരിക്കുന്നു. മുറ്റത്തെ കാബേജ് തോട്ടത്തിലും പൂന്തോട്ടത്തിലുമെല്ലാം മഞ്ഞിന്റെ ധവള പുഷ്പങ്ങള്‍ വിരിഞ്ഞിരിക്കുന്നു. ഉരുളക്കിഴങ്ങും ബാര്‍ലിയും കാരറ്റുമെല്ലാം കൃഷി ചെയ്യുന്ന അധ്വാനശീലരായ ജനത. മഞ്ഞുരുകുമ്പോള്‍ കിട്ടുന്ന വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്ന ഇവര്‍ക്ക്് അടുത്ത മാര്‍ച്ച് വരെ കാര്യമായ പണിയുണ്ടാവില്ല. ഉറുമ്പിനെ പോലെ ശേഖരിച്ചു വെച്ച ഭക്ഷ്യധാന്യങ്ങളും മാട്ടിറച്ചിയുമായി അവര്‍ ശിഷ്ടകാലം തള്ളി നീക്കും.

വണ്ടി ലേ മാര്‍ക്കറ്റ് പിന്നിട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ ഡ്രൈവര്‍ നോര്‍ബു പ്രാര്‍ഥനാ ചക്രത്തിനു മുമ്പില്‍ വണ്ടി നിര്‍ത്തി. ഒരു നിമിഷം അനുവാദം ചോദിച്ചയാള്‍ പുറത്തുപോയി. പ്രാര്‍ഥനാ ചക്രം പിടിച്ച് മുന്നു തവണ വലംവെച്ചു തിരിച്ചു വന്നു. എന്താണീ ചക്രം തിരിക്കല്‍? ലക്ഷക്കണക്കിന് പ്രാര്‍ഥനകള്‍ അടക്കം ചെയ്തതാണ് ആ മണി. ഒരു തവണ അതിനെ കറക്കി വിടുമ്പോള്‍ അത്രയും പ്രാര്‍ഥനകള്‍ ദൈവസന്നിധിയിലെത്തുന്നു എന്നാണ് വിശ്വാസം. ജപമാലകള്‍ എണ്ണിയെണ്ണി തീര്‍ക്കുന്നതിനേക്കാള്‍ എത്രയെളുപ്പമാണ് കാര്യങ്ങള്‍.

ലഡാക്കിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡിലേക്കാണ് നോര്‍ബു വണ്ടി വിട്ടത്. കാര്‍ഥുങ്‌ലാ പാസിലേക്കുള്ള വഴി. കാരക്കോറം മലനിരകളിലെ തന്ത്ര പ്രധാനമായ യുദ്ധഭൂമി എന്നു പേരു കേട്ട സിയാച്ചിനിലെ മഞ്ഞുമലകളില്‍ കാവലിരിക്കുന്ന പട്ടാളക്കാര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത് ഈ വഴിയാണ്.

ഗോംപെ വ്യൂ പോയിന്റില്‍ വണ്ടി നിര്‍ത്തി. സമുദ്രനിരപ്പില്‍ നിന്ന് 13000 അടി ഉയരത്തില്‍. ഒരു വശത്ത് മഞ്ഞ്മൂടിയ മലകള്‍, താഴ് വരയില്‍ കൊയ്‌തൊഴിഞ്ഞ പാടങ്ങളും സ്തൂപികാഗ്രിത മരങ്ങളും. വിശാലമായ തരിശിടങ്ങള്‍, വരണ്ട ചാരനിറം പൂണ്ട മലകള്‍, മഞ്ഞുമുടിയ മലനിരകളില്‍ വെയിലിന്റെ നിറഭേദങ്ങള്‍ പ്രതിഫലിക്കുമ്പോള്‍ ആ പര്‍വ്വാതാരണ്യത്തിനു മുന്നില്‍ ഏത് ഫോട്ടോഗ്രാഫറും നമിച്ചു പോകും.
''ആ മരം ഏതാണ്?'' സ്തൂപികാഗ്രിത മരങ്ങള്‍ ചൂണ്ടി ചോദിച്ചു. ലഡാക്കിലതിന് യുലാത് മരം എന്നാണ് പറയാറ്. വീട് നിര്‍മ്മിക്കുമ്പോള്‍ ഈ മരങ്ങളാണ് മേല്‍ത്തട്ടില്‍ കുറുകെ പാവുക. അതിനുമുകളില്‍ മാല്‍ചാംഗ് മരങ്ങളുടെ കമ്പുകള്‍ വിലങ്ങനെ നിരത്തും. അതിനു മുകളിലാണ് വാര്‍പ്പ്. മഞ്ഞുകാലമാവുമ്പോള്‍ അതിനും മുകളില്‍ യത്സിസ് പുല്ലുകള്‍ കെട്ടു കെട്ടായി അടുക്കി വെക്കും. മഞ്ഞു വീഴ്ചയും തണുപ്പും വീടിനെ ബാധിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍. വ്യൂ പോയിന്റിന്റെ റോഡരികിലെ മലകളെല്ലാം മഞ്ഞുമൂടിയിരിക്കുന്നു. ദലൈലാമ വന്ന സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുക്കിയ ധൂപസ്തംഭങ്ങള്‍ വഴിനീളെ.

ശാന്തി സ്തൂപത്തിലേക്കാണ് നോര്‍ബു വണ്ടി വിട്ടത്. ജപ്പാന്‍കാരനായ ജ്യോമ്യോ നകമുറയാണ് ഇതിന്റെ സ്ഥാപകന്‍. ലോകത്തിനുമുന്നില്‍ ശാന്തിയുടെ സന്ദേശങ്ങളെത്തിക്കാനുള്ള ഒരെളിയ ശ്രമം. അവിടെ ഇളം വെയിലിന്റെ സുഖകിരണങ്ങളേറ്റ് നില്‍ക്കുമ്പോള്‍ മുകളില്‍ ഒരു ഹെലികോപ്റ്റര്‍ വട്ടം ചുറ്റി പറക്കുന്നു. നിരീക്ഷിക്കുകയാവാം. കണ്ണു ചിമ്മാതെ രാജ്യം കാക്കുന്ന കാവല്‍ഭടന്‍മാരുടെ നിതാന്ത ജാഗ്രത കാണുമ്പോഴാണ് അതിരുകളെ കുറിച്ചുള്ള അശാന്ത ചിന്തകള്‍ ഈ ശാന്തി സ്തൂപത്തിനരികിലും അറിയാതെ എത്തുന്നത്. നുറു കണക്കിന് ജീവന്‍ പൊലിഞ്ഞ കാര്‍ഗില്‍ യുദ്ധം ഓര്‍മ്മയിലൊരു നൊമ്പരമായെത്തുന്നത്.


++++++++++


ശാന്തി സ്തൂപത്തില്‍ നിന്ന് ലേയിലൂടെ, കുളു-മണാലി ഹൈവേയിലൂടെ, ഇന്ത്യാ-ചൈന സൗഹൃദപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ലഡാക്കിന്റെ സത്യസന്ധതയായിരുന്നു ഞങ്ങളുടെ ചര്‍ച്ചാ വിഷയം. വണ്ടിയില്‍ വീണു പോയ മൊബൈല്‍ ഫോണ്‍ അതേപടി കിടന്നതു കണ്ടപ്പോഴേ എനിക്കത്ഭുതം തോന്നിയതാണ്. ''ലഡാക്കികള്‍ സത്യസന്ധതയ്ക്ക് പേരു കേട്ടവരാണ്. കാറിന്റെ ഡോര്‍ തുറന്നിട്ട് ധൈര്യമായി പുറത്തു പോവാം''. നോര്‍ബു വാചാലനാവുമ്പോഴാണ് വഴിയരികിലെ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. 'ലേ ജില്ലാ ജയില്‍'. അതു ശരി കള്ളന്മാരും കുറ്റവാളികളും ഇല്ലാത്ത സത്യസന്ധരുടെ നാട്ടില്‍ എന്തിനാണൊരു ജയില്‍? 'അവിടെ മൂന്നോ നാലോ പേരേയുള്ളു സാര്‍? അത് മുഴുവന്‍ നേപ്പാളികളും കാശ്മീരികളുമാണ്. ഒരു ലഡാക്കി പോലും ഉണ്ടാവില്ല'' അയാള്‍ ഉറപ്പിച്ചു പറഞ്ഞു.

ചൊക്കംസഌഗറില്‍ എത്തി. നോര്‍ബു വണ്ടി വലത്തോട്ടു തിരിച്ചു. ഒരു പാലം കടന്നു. അടിയില്‍ സിന്ധു ശാന്തമായൊഴുകുന്നു. മഞ്ഞുരുകിയെത്തുന്ന വെള്ളത്തിന് തെളിമയുടെ വിശുദ്ധി. സ്‌തോക്ക് ഗ്രാമത്തിലേക്കാണ് യാത്ര. വഴിക്ക് പലരും കൈകാണിക്കുന്നുണ്ട്. ഇത് ഇവിടുത്തെയൊരു രീതി. വണ്ടിയില്‍ ഇടമുണ്ടെങ്കില്‍ വഴിയാത്രക്കാര്‍ക്കൊരു സീറ്റ് നല്‍കിയിരിക്കും. വണ്ടിയിലെ യാത്രികര്‍ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നു കരുതിയാവാം അയാള്‍ നിര്‍ത്താതെ വിട്ടു. ''ഇനിയൊരാളെ കയറ്റുന്നതില്‍ ഞങ്ങള്‍ക്കു വിരോധമില്ല'' ഞാനയാളോട് പറഞ്ഞു.

സ്‌തോക്ക് ഗ്രാമത്തില്‍ മ്യൂസിയം കാണിക്കാം. ലേ ജീവിതപ്പകര്‍ച്ചയുടെ കുറേ ചിത്രങ്ങള്‍ അവിടെ കാണാം എന്നൊക്കെ പറഞ്ഞാണ് നോര്‍ബു ഞങ്ങളെ അവിടേക്ക് കൂട്ടി കൊണ്ടു പോയത്. വഴികാണിച്ചു തന്ന് അവന്‍ കാറില്‍ തന്നെയിരുന്നു. പൗരാണികതയുടെ ഗന്ധം പേറി ഒരു മ്യൂസിയം. കുളിരു കളയാന്‍ കിഴക്കന്‍ വെയിലു കാഞ്ഞിരിക്കുന്ന ഒരാള്‍. ടിക്കറ്റ് ചാര്‍ജ് എഴുതി വെച്ചിട്ടുണ്ടെങ്കിലും അത് കൊടുക്കാന്‍ ആരേയും കാണുന്നില്ല. അകത്ത് ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലെന്ന് വെണ്ടക്ക വലിപ്പത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഞങ്ങള്‍ അകത്തു കടന്നു. മുകളിലേക്ക് കയറിയപ്പോള്‍ ഒരു വാതില്‍, അകത്ത് ആള്‍പ്പെരുമാറ്റം. മെല്ലെ വാതിലില്‍ മുട്ടി. തുറന്നതൊരു ലഡാക്കി പെണ്‍കുട്ടി. ''ഇവിടെ ടിക്കറ്റ് കിട്ടില്ലേ?'' ''സോറി സാര്‍ ഇപ്പോള്‍ വിന്റര്‍ ആയതു കൊണ്ട് മ്യൂസിയം അടച്ചിരിക്കുകയാണ്''-ഓ ഇനി മാര്‍ച്ച് കഴിഞ്ഞ് നോക്കിയാല്‍ മതി.

ഷുഷുത് ഗ്രാമവും കണ്ട് അവിടെ നിന്ന് പാലും വെണ്ണയും ഉപ്പും ചേര്‍ത്ത ഒരു ലഡാക്കി ചായയും കുടിച്ച ഞങ്ങള്‍ സിന്ധുദര്‍ശന്‍ പോയന്റിലെത്തി. തിബത്തില്‍ നിന്ന് ഉത്ഭവിക്കുന്ന സിന്ധുവിനെ റോഡരികില്‍ കാണാന്‍ സൗകര്യമുള്ള ഇടമാണ് സിന്ധു ദര്‍ശന്‍ പോയിന്റ്. ഭാരതപ്പുഴയുടെ തീരത്ത് കാണും പോലെ ആറ്റുവഞ്ചി പൂക്കള്‍ ഈ കരകളിലും വിരിഞ്ഞു നില്‍പ്പുണ്ടെന്നത് കൗതുകമായി തോന്നി. സിന്ധുവിനെ ഞാനുമൊന്ന് തൊട്ടു. ഗ്ലൗസഴിഞ്ഞ കൈകള്‍ കുളിരില്‍ കൂമ്പി.

ഷേ പാലസായിരുന്നു അടുത്ത ലക്ഷ്യം. പാലസ് തികച്ചും ഒരു ബുദ്ധവിഹാരം പോലെ തോന്നിച്ചു. കാഴ്ചകള്‍ക്കെല്ലാം ഒരു ബുദ്ധ സ്പര്‍ശം. ചെമ്പില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൊതിഞ്ഞ കൂറ്റന്‍ ബുദ്ധപ്രതിമയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ലേ പാലസിലെ രാജാവിന്റെ സമ്മര്‍ പാലസായിരുന്നു ഷേ. കുന്നിനു മുകളില്‍ അള്ളി പിടിച്ചിരിക്കുന്ന കൊട്ടാരം. തൊട്ടു മുമ്പില്‍ ഒരു കൊച്ചു തടാകം. അടുത്ത മാസമാവുമ്പോഴേക്കും തടാകം മഞ്ഞുകട്ടിയാല്‍ നിറയും. അപ്പോള്‍ ഇത്തരം തടാകങ്ങള്‍ ഐസ് ഹോക്കിക്ക് വേദികളായി മാറും. നോര്‍ബു പറഞ്ഞു.

മധ്യ ലഡാക്കിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ ബുദ്ധവിഹാരങ്ങളിലൊന്നാണ് തിക്‌സേ. ഹിമനിരകള്‍ അതിരുന്ന പശ്ചാത്തലത്തില്‍ ഒരു കുന്നിനു മുകളില്‍ തട്ടുതട്ടായി അള്ളിപ്പിടിച്ചിരിക്കുന്ന മട്ടിലൊരു 12 നില കെട്ടിടം. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന വഴികളിലൂടെ മുകളിലെത്തുമ്പോള്‍ പിന്നിട്ട വഴികളുടെ ഉയര കാഴ്ച നമ്മെ മോഹിപ്പിക്കും. മോഹങ്ങള്‍ക്കപ്പുറം മുക്തിമാര്‍ഗത്തിലുള്ള ബുദ്ധവിഹാരങ്ങളിലാണ് നില്‍ക്കുന്നതെങ്കിലും കാഴ്ചകള്‍ നുകരാതെ വയ്യ. അകലെ കാണുന്നത് സിന്ധുനദി, നദിയെ ചുറ്റിപറ്റിയുള്ള ഗ്രാമങ്ങളും വയലേലകളും. ഒരു ചിത്രപടം പോലെ മുന്നില്‍.

ബുദ്ധവിഹാരത്തിനകത്തും കാഴ്ചകളുടെ വിരുന്ന്. മൈത്രേയ ബുദ്ധ ക്ഷേത്രം, ബൂദ്ധന്റെ ജീവിതകഥ കണ്‍മുന്നില്‍ കാണിക്കുന്ന ചുവര്‍ചിത്രങ്ങള്‍, പ്രാര്‍ഥനാ പതാകകള്‍. ദലൈലാമയുടെ ഔദ്യോഗിക വസതിയായിരുന്ന ലാസയിലെ പൊട്ടാല പാലസിന്റെ മാതൃകയിലാണീ കെട്ടിടം. ലേയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയും ഇവിടെയാണ്. തിബത്തന്‍ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം.

അവിടെ ചെല്ലുമ്പോള്‍ ലാമമാരുടെ വേഷത്തിലൊരു ഫോട്ടോയെടുക്കണമെന്നതും ഒരു മോഹമായിരുന്നു. (ആരാധികമാര്‍ സംശയിക്കണ്ട. ഞാന്‍ ആഗ്രഹങ്ങളറ്റ ഒരു ലാമയായി മാറിയിട്ടൊന്നുമില്ല.) വേഷം കയ്യിലുണ്ടായിരുന്നെങ്കിലും അതെങ്ങിനെ ഉടുക്കുമെന്നറിയില്ലായിരുന്നു. മൊണാസ്ട്രിയിലെ യുവ ലാമയുടെ സഹായം തേടി. അയാള്‍ക്കാദ്യം മടിയായിരുന്നു. കൂടെയുള്ളവര്‍ ഫിലിം സ്റ്റാറാണെന്നു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ അയാള്‍ അയഞ്ഞു.


++++++++++'വീട്ടിലേക്കുള്ള വഴി'യുടെ ലൊക്കേഷനു പറ്റിയ ഇടമെന്ന് തോന്നിയാണ് വിജനമായ വഴിയരികില്‍ വണ്ടി നിര്‍ത്താന്‍ ഞാന്‍ പറഞ്ഞത്. ''എടാ അളിയാ, ദാ പൃഥീരാജ്'' തൊട്ടുപിന്നില്‍ മലയാളം മുഴങ്ങിയപ്പോള്‍ ഒന്നമ്പരന്നു. മലയാളികളായ പട്ടാളക്കാരാണ്. ബുള്ളറ്റിലാണ് വരവ്. കായംകുളം സ്വദേശിയായ ബിജുവും പാലക്കാട്ടുകാരനായ ശബരിനാഥും. ഈ റോഡും ഭൂപ്രകൃതിയും കണ്ടപ്പോള്‍ ബുള്ളറ്റൊന്ന് ഓടിച്ചു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതിലങ്ങനെ പോകുമ്പോള്‍ നിര്‍ത്താനും തോന്നുന്നില്ല. പഴയ ബൈക്ക് യാത്രയുടെ ഓര്‍മ്മകള്‍ കൂട്ടായെത്തി.

തിരിച്ചെത്തുമ്പോഴേക്കും മലയാളികളുടെ എണ്ണം കൂടി കഴിഞ്ഞിരുന്നു. എല്ലാം തൊട്ടടുത്തുള്ള ആര്‍മി ക്യാമ്പിലുള്ളവരാണ്. രാജ്യം കാക്കുന്ന ആ ധീര ജവാന്‍മാര്‍ക്കൊപ്പം വീണു കിട്ടിയ ഇത്തിരി നിമിഷങ്ങള്‍ വിലപ്പെട്ടതായിരുന്നു. ഷൂട്ടിങ്ങിന് വരുമ്പോള്‍ ഞങ്ങളുടെ ബാരക്കിലേക്ക് വരണമെന്നു ക്ഷണിക്കാന്‍ അവരും അതു സ്വീകരിക്കാന്‍ ഞാനും മറന്നില്ല. ഒരു പക്ഷെ സൈനിക സ്‌കൂളിലെ പഠനം തുടര്‍ന്നിരുന്നെങ്കില്‍ ഞാനും ഇവരിലൊരാളായി ഏതെങ്കിലും പട്ടാള കേന്ദ്രങ്ങളില്‍ സേവനം അനുഷ്ഠിച്ചേനെ.

വഴിക്ക് ബാര്‍ലി വയലിലൊന്നില്‍ ഒരു ഷാമിയാന പന്തല്‍ കണ്ടിരുന്നു. തിരിച്ചു വരുമ്പോഴും അവിടെ ആള്‍ക്കൂട്ടം. ''എന്താണിവിടെ''? കല്യാണം. ''ഒരു കല്യാണം കാണാനുള്ള ചാന്‍സല്ലേ. നമുക്കവിടെ കയറാം'' ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. നോര്‍ബു തയ്യാര്‍. അവിടെ വധുവിനെ ആനയിക്കുന്ന ചടങ്ങായിരുന്നു. ഞങ്ങളെ അവര്‍ ഹാര്‍ദ്ദവമായി സ്വീകരിച്ചു. കല്യാണത്തിനിടയില്‍ ചാംഗ് എന്ന മദ്യം വിളമ്പും. അതിവിടെ പ്രധാനമാണ്. ബാര്‍ലിയില്‍ നിന്നുണ്ടാക്കുന്ന മദ്യത്തിന് ബീര്‍ കുടിച്ചാലുള്ള ഇഫക്ടാണ്. ഒന്നു ടേസ്റ്റ് ചെയ്ത് നോക്കാന്‍ ചോദിച്ചപ്പോള്‍ രണ്ടു കുപ്പി തന്നു. കള്ളിന്റെ രുചിയാണതിന്. കല്യാണത്തിന് ഇവിടെ സ്ത്രീധനമല്ല. വധുവിന് വേണ്ട ആഭരണങ്ങളും വസ്ത്രവുമെല്ലാം പുരുഷനാണ് കൊടുക്കേണ്ടത്. വധൂവരന്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ച്് ഞങ്ങള്‍ ഇറങ്ങി.
''അടുത്ത മാസമാവുന്നതോടെ റോഡെല്ലാം മഞ്ഞുകൊണ്ട് നിറയും. പിന്നെ വണ്ടി റോഡിലിറക്കിയാല്‍ പ്രശ്‌നമാവും. ഡീസലും ഓയിലുമെല്ലാം ഉറഞ്ഞ് വണ്ടി വഴിയില്‍ കിടക്കും. ഡീസല്‍ ടാങ്കിനടിയില്‍ തീ കാണിച്ച് ചൂടാക്കിയാണ് വണ്ടി സ്റ്റാര്‍ട്ടു ചെയ്യുക.ചിലര്‍ ടാങ്ക് ഊരി വെച്ച് വണ്ടിക്ക് വിന്റര്‍ വിശ്രമം നല്‍കും. അത്യാവശ്യത്തിന് വണ്ടിയെടുക്കുകയാണെങ്കില്‍ തന്നെ ടയറില്‍ സൈക്കിള്‍ ചെയിന്‍ ചുറ്റും. മഞ്ഞില്‍ പാളാതിരിക്കാന്‍ ഒരു ലോക്കല്‍ ടാങ്കര്‍ സംവിധാനം.''വഴിയരികില്‍ വീണു കിടക്കുന്ന മഞ്ഞുകട്ടകള്‍ ചൂണ്ടികാണിച്ചപ്പോള്‍ നോര്‍ബു വാചാലനായി.

വഴിക്ക് ഒരാള്‍ കൈ കാണിച്ചു. നോര്‍ബുവിന് പരിചയമുള്ളയാളാണ്. ലഡാക്കിലെ സിനിമാ സംവിധായകനാണ്. പേര് റിഗ്‌സിന്‍ അതു കൊണ്ടു കൂടിയാവാം അയാളെ നോര്‍ബെ വണ്ടിയിലേക്ക് ക്ഷണിച്ചു. ഞങ്ങളെ പരിചയപ്പെടുത്തി. ഒരു സിനിമാക്കാരനെ പരിചയപ്പെടാന്‍ കഴിഞ്ഞതിന്റെ സന്തോഷം എനിക്കും തോന്നി. അയാള്‍ അടുത്തിടെ സംവിധാനം ചെയ്ത കാഷ്മീര്‍ എന്ന മ്യൂസിക് ആല്‍ബം ലാപ്‌ടോപ്പിലിട്ടു. മനോഹരമായ വിഷ്വലുകള്‍. പ്രസക്തമായ ആശയങ്ങള്‍.

സ്വര്‍ഗഭൂമിയെ കലാപകലുഷിതമാക്കുന്ന മനുഷ്യര്‍. രാജ്യത്തിന്റെ പേരില്‍ നാം യുദ്ധം ചെയ്യുന്നു. സ്വാതന്ത്രത്തിന്റെ പേരില്‍ നാം മരിക്കുന്നു. സഹിക്കാന്‍ തുടങ്ങിയിട്ട എത്ര കാലമായി. നാളെകള്‍ നഷ്ടപ്പെട്ട് എത്രയേറെ പേരാണ് മരിച്ചു ജീവിക്കുന്നത്. ഇതിനൊന്നും ശാശ്വത പരിഹാരമില്ലേ? ഉത്തരമില്ലേ? നമുക്ക് മനോഹരമായ പര്‍വ്വതങ്ങളുണ്ട്, തടാകങ്ങള്‍ ഉണ്ട്. എന്നിട്ടും..
ആല്‍ബം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. അതിനെ മനസില്‍ തട്ടുന്ന വിഷ്വലുകളിലൂടെ റിഗ്‌സിന്‍ ചിത്രീകരിച്ചിട്ടുണ്ട്. ജപ്പാന്‍കാരനായ ഗുരുജി ജിയോമ്യോ നകമുറയാണ് ആല്‍ബത്തിന്റെ വരികളും സംഗീതവും നിര്‍വ്വഹിച്ചത്. 20-ാമത്തെ വയസില്‍ ഇന്ത്യയിലേക്ക് വന്ന നകമുറ ആത്മീയ ജീവിതത്തിലേക്ക് മാറുകയായിരുന്നു. ഗിത്താറിസ്റ്റായ എഞ്ചിനിയര്‍. അതെല്ലാം ഉപേക്ഷിച്ച് ബുദ്ധഭിക്ഷുവായതാണ്. ലഡാക്കിലും ഹിമാചല്‍ പ്രദേശിലും ശാന്തി സ്തൂപങ്ങള്‍ പണിതതും അദ്ദേഹമാണ്. കാശ്മീറിലെ ഭീകരവാദം കൊണ്ട് നരകയാതന അനുഭവിക്കുന്നവരെ കണ്ടപ്പോഴാണ് താന്‍ ഉപേക്ഷിച്ച ഗിത്താര്‍ വീണ്ടും എടുക്കാന്‍ അദ്ദേഹത്തിന് പ്രേരണ തോന്നിയത്്. സംഗീതത്തിലൂടെ മനസ് നവീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന പ്രതീക്ഷയില്‍ രചനയും സംഗീതവും നിര്‍വ്വഹിച്ചൊരു സംഗീത ആല്‍ബം. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെയും പുണ്യം-റിഗ്‌സിന്‍ പറഞ്ഞു.

ചായ കുടിച്ച് റിഗ്‌സിന്‍ പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആല്‍ബത്തിലെ ആശയങ്ങള്‍ കൂടെ തന്നെയുണ്ടായിരുന്നു. അതിന്റെ അന്തര്‍ധാരകളിലായിരുന്നു മനസ്. ഇവിടെ കാശ്മീരിന്റെ പേരില്‍ യുദ്ധം. അരുണാചല്‍ പ്രദേശിന്റെ പേരില്‍ സംഘര്‍ഷം. ഇതൊന്നുമറിയാതെ തിബത്തില്‍ നിന്നുത്ഭവിച്ച് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മണ്ണിനെ ആര്‍ദ്രമാക്കി. പാക്കിസ്ഥാനിലൂടെ അറബിക്കടലിലേക്കൊഴുകുന്ന സിന്ധു. ഒരു മഹാ സംസ്‌കാരത്തിന്റെ തടങ്ങള്‍ തന്നെ സംഘര്‍ഷഭൂമിയായതിലെ വൈരുധ്യം. യുദ്ധം മതിയാക്കി അതിനു ചെലവഴിക്കുന്ന കോടികള്‍ മനുഷ്യനന്മക്ക് ഉതകും വിധം ചെലവഴിക്കുന്ന വിവേകത്തിന്റെ നാളുകള്‍ എന്നാണ് വരിക. ചൈന മുതല്‍ മെഡിറ്ററേനിയന്‍ വരെ നീണ്ടു കിടക്കുന്ന പഴയ സില്‍ക്ക് റൂട്ടിലൂടെ എല്ലാ വ്യത്യാസങ്ങളും മറന്ന് മനുഷ്യര്‍ തോളോട് തോള്‍ ചേര്‍ന്ന് യാത്ര ചെയ്യുന്ന കാലം ഉണ്ടാവുമോ..തഥാഗതന്‍ നയിച്ച പാതകള്‍ ഇനി തെളിയുമോ? ബുദ്ധം ശരണം..ശാന്തി പുലരുന്ന അക്കാലത്തിലൊരിക്കല്‍ ചൈനയ്ക്കുള്ളിലേക്ക് ബൈക്കില്‍ യാത്ര ചെയ്യണം.. അതാണെന്റെ സ്വപ്നയാത്ര. തത്കാലം വിട. ജൂലൈ ലഡാക്ക്് (ഗുഡ്‌ബൈ ലഡാക്ക്).