ക്രിക്കറ്റിലെ ഹോട്ട് സെന്‍സേഷന്‍ ശ്രീശാന്തും
വെള്ളിത്തിരയിലെ സൗന്ദര്യത്തിടമ്പ് ലക്ഷ്മിറായിയും
കൊച്ചിക്കായലില്‍ ഒരു ഉല്ലാസനൗകയില്‍..
മറൈന്‍ ഡ്രൈവിലെ ബോട്ട്‌ജെട്ടിയില്‍ നിന്ന് ഒരു യാത്ര തുടങ്ങുകയാണ്. കൊച്ചികായലിന്റെ ഓളങ്ങളിലേക്ക് ഞങ്ങളുടെ ഹൗസ് ബോട്ടിന് ജീവന്‍ വെച്ചു. പതുക്കെ മുന്നോട്ട് നീങ്ങുമ്പോള്‍ കറുത്ത മേഘക്കീറുകള്‍ ഓടിക്കളിക്കുന്ന മാനത്തേക്ക് നോക്കി ബോട്ടിന്റെ ഡ്രൈവര്‍ അച്യുതന്‍ കുട്ടി (അതോ ലാസറോ അല്ല പങ്കജനോ? ശരിയായി ഓര്‍ക്കുന്നില്ല. തല്‍ക്കാലം അച്യുതന്‍ കുട്ടി തന്നെയാവട്ടെ) പറഞ്ഞു- മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ നമ്മുടെ ട്രിപ്പിന്റെ രസം പോവും.....

അങ്ങനെ രസം പോവേണ്ട ഒരു ട്രിപ്പല്ലിത്. ചെറിയ പ്രായത്തിലേ ലോകം ചുറ്റിക്കാണാന്‍ ഭാഗ്യം ലഭിച്ച രണ്ട് സെലിബ്രിറ്റി യാത്രക്കാരുണ്ടിതില്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ യങ്മാന്‍ ശ്രീശാന്തും തെന്നിന്ത്യന്‍ സിനിമയില്‍ ഇന്‍സ്റ്റന്റ് ഹിറ്റായ ലക്ഷ്മി റായിയും. ഇങ്ങനെയൊരു യാത്രയായാലോ എന്ന് ചോദിച്ചപ്പോള്‍ ശ്രീയുടെ ചോദ്യം, ''ഇപ്പോള്‍ തന്നെ എന്നെ പലരുമായും ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ആവശ്യത്തിനുണ്ട്. ഇനി ഒന്നു കൂടി വേണോ ?'' ബോളിവുഡിലെ ഡ്രീംഗേള്‍ പ്രിയങ്ക ചോപ്രയേയും ശ്രീയേയും ബന്ധപ്പെടുത്തിയുള്ള വാര്‍ത്ത അന്നെത്തെ പത്രത്തിലുമുണ്ട്. സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ ശ്രീ വഴങ്ങി. ''നമ്മുടെ കൊച്ചിയേയും ഇവിടുത്തെ കായല്‍ യാത്രകളേയും കുറിച്ചല്ലേ നിങ്ങളുടെ ഫീച്ചര്‍. നമ്മുടെ നാടിന്റെ പെരുമ ലോകമിനിയും അറിയട്ടെ. ആളുകള്‍ എന്തും പറയട്ടെ, ഞാന്‍ റെഡി. ഒരു ഗോസിപ്പ് കൂടിയാവട്ടെ.''

ശ്രീശാന്തിനൊപ്പമൊരു കായല്‍ യാത്രയെന്ന് പറഞ്ഞപ്പോള്‍ ലക്ഷ്മിക്ക് പൂര്‍ണ സമ്മതം. ''ബാംഗ്ലൂരില്‍ ഒരു ചടങ്ങിനിടെ ശ്രീയെ കണ്ടിരുന്നു, സംസാരിച്ചിട്ടുമുണ്ട്. കൂടുതല്‍ പരിചയപ്പെടാമല്ലോ.'' യാത്രയുടെ തുടക്കത്തില്‍ ഹൗസ് ബോട്ടില്‍ കടുത്ത മൗനം. ബോട്ടില്‍ നിന്ന് നോക്കുമ്പോള്‍ കൊച്ചിയിലെ കാഴ്ചകള്‍ക്ക് ഭംഗി കൂടും. ബോട്ട് കുറേ മുന്നോട്ട് പോയപ്പോള്‍ കരയില്‍ കാണുന്ന കെട്ടിടങ്ങള്‍ ചൂണ്ടി ശ്രീയുടെ ചോദ്യം. ''ശ്ശെടാ ഇതൊക്കെ കൊച്ചിയിലേത് തന്നെയോ?''

അതു കേട്ടപ്പോള്‍ ലക്ഷ്മിക്ക് ചിരിപൊട്ടി. ലക്ഷ്മിക്ക് മലയാളം മനസ്സിലാവുമെന്ന് ശ്രീ കരുതിയതല്ല. ശ്രീക്കും ചിരി. ബോട്ടില്‍ കൂട്ടചിരി- മഞ്ഞുരുകി. ബാംഗ്ലൂരുകാരിയാണെങ്കിലും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം ഓരോ മലയാളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞതോടെ ലക്ഷ്മിക്ക് മലയാളം അല്‍പം വഴങ്ങുമെന്നായിട്ടുണ്ട്.

''ലാലേട്ടനൊപ്പമുള്ള 'റോക്ക് ന്‍ റോള്‍' കണ്ടിരുന്നു. പിന്നെയും മലയാളത്തില്‍ അഭിനയിച്ചോ?'', ശ്രീയുടെ ചോദ്യം. ''അതെ മമ്മൂട്ടിക്കൊപ്പം നായികയായി-അണ്ണന്‍ തമ്പി. ഉടന്‍ റിലീസാവും.''

ശ്രീ: അപ്പോള്‍ കേരളത്തില്‍ തന്നെ അങ്ങ് താമസമാക്കുമോ?

ലക്ഷ്മി: ഏയ് അതില്ല. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഞാന്‍ അഭിനയിക്കുന്നുണ്ട്. പക്ഷെ കേരളം എനിക്ക് വല്ലാതിഷ്ടമാണ്. ഇതുപോലുള്ള കാഴ്ചകളും സ്ഥലങ്ങളും... നിങ്ങളുടെ നാട് അതി സുന്ദരം തന്നെ.

യാത്രകളെക്കുറിച്ചായി സംസാരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം നിരന്തര യാത്രയിലാണ് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ശ്രീ. സിനിമകളുടേയും പരസ്യങ്ങളുടേയും ഷൂട്ടിന്റ ഭാഗമായി ലക്ഷ്മിയും യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. കായല്‍ യാത്രയിലെ സുന്ദര ദൃശ്യങ്ങളും എതിരെ കടന്നു പോവുന്ന ബോട്ടുകളില്‍ നിന്ന് ശ്രീയെ കണ്ട് ആവേശത്തോടെ കൈയുയര്‍ത്തികാണിക്കുന്ന യാത്രികരും സംഭാഷണം തടസ്സപ്പെടുത്തുന്നു. ശ്രീക്കൊപ്പമുള്ള പെണ്‍കുട്ടിയേതാണെന്ന് പലര്‍ക്കും മനസിലാവുന്നില്ല. ഇടക്കൊരു ബോട്ടില്‍ നിന്ന് കൈ വീശി കാണിച്ച അമ്മാവന്റെ ചോദ്യം.

'ഇത് നമ്മുടെ ലാലേട്ടന് ഒപ്പം അഭിനയിച്ച കുട്ടിയല്ലേ?' 'അതേയതേ...' മറ്റുള്ളവര്‍ ഏറ്റു പിടിച്ചു. ലക്ഷ്മിക്ക് സന്തോഷമായി.

ബോട്ട് ബോള്‍ഗാട്ടി പാലസിനടുത്തെത്തിയപ്പോള്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദേശം: ഇവിടെയിറങ്ങിക്കൂടേ, ചെറിയൊരു ഫോട്ടോഷൂട്ട്.... ബോട്ട് നിര്‍ത്തി എല്ലാവരും കരക്കിറങ്ങി. ലക്ഷ്മിക്കൊപ്പം പോസ് ചെയ്യാന്‍ ശ്രീ ആദ്യമല്‍പം മടിച്ചു. ലക്ഷ്മിയാണ് മുന്‍കൈയെടുക്കുന്നത്. പതുക്കെ ശ്രീയുടെ ചമ്മല്‍ മാറി. ഇരുത്തം വന്ന ഒരു മോഡലിനെ പോലെ പോസ് ചെയ്യുന്നു. ശ്രീശാന്തിനെ കണ്ട് പാലസിന്റെ കോമ്പൗണ്ടിലുണ്ടായിരുന്നവര്‍ മുഴുവന്‍ അങ്ങോട്ടു വരുന്നു. അര മണിക്കൂറിനകം ചെറിയൊരാള്‍ക്കൂട്ടം. ഇനി ഇവിടെ ഫോട്ടോഷൂട്ട് തുടരാനാവില്ല. വീണ്ടും ബോട്ടിനകത്തേക്ക്.

യാത്ര തുടരുകയാണ്. കാഴ്ചകള്‍ മാറുന്നു. നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്കടുത്തുകൂടെ, നഗരത്തിന് പുറത്തേക്ക്. കാഴ്ചകള്‍ കാണുന്നതിനിടയില്‍ സംഭാഷണം തുടര്‍ന്നു, വിദേശ യാത്രകളെ കുറിച്ചാണ്. 19 വയസ്സു തൊട്ടേ ലക്ഷ്മി മോഡലിങ്ങിനു വേണ്ടിയുള്ള വിദേശ യാത്രകള്‍ ആരംഭിച്ചിരുന്നു. റഷ്യ, ജര്‍മനി, സ്‌പെയിന്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും സിങ്കപ്പൂരുമെല്ലാം സിനിമയുടേയും പരസ്യങ്ങളുടേയും ഷൂട്ടിങ്ങിന് വേണ്ടി ലക്ഷ്മി പോയിട്ടുണ്ട്.

''യാത്രകള്‍ എനിക്ക് വല്ലാതെയിഷ്ടമാണ്. സിനിമയ്ക്ക് വേണ്ടി പോവുമ്പോഴായാലും പരമാവധി സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ ഞാന്‍ ശ്രമിക്കും. യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ എല്ലാം മറക്കും. ഞാന്‍ ഒരു കൊച്ചുകുട്ടിയായത് പോലെ തോന്നും. ഭംഗിയുള്ള സ്ഥലങ്ങള്‍, കാഴ്ചകള്‍ കണ്ട് അങ്ങനെ ആടിപ്പാടി നടക്കുന്നതിന് അപ്പുറം സന്തോഷം മറ്റെന്തുണ്ട്?''

ശ്രീയുടെ കാര്യവും ഭിന്നമല്ല. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ പോവുന്ന രാജ്യങ്ങളിലെല്ലാം കൂട്ടുകാര്‍ക്കൊപ്പം ചുറ്റിയടിക്കും. ടീം അംഗങ്ങളില്‍ പലരും നല്ല യാത്രക്കാരാണ്. ''പഠാനും ആര്‍.പി.സിങ്ങുമെല്ലാം ഇക്കാര്യത്തില്‍ നല്ല കൂട്ടാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോയപ്പോള്‍ മിക്കദിവസവും കടല്‍ തീരത്ത് ചെല്ലും. അവിടുത്തെ കടല്‍ തുലോം ശാന്തമാണ്. വലിയ റിസ്‌ക്കില്ലാതെ വെള്ളത്തിനടിയിലൂടെ ഊളിയിടാം. തെളിഞ്ഞ വെള്ളത്തിനടിയിലെ വിസ്മയ കാഴ്ചകള്‍. അങ്ങനെ ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയുമെല്ലാം അനുഭവങ്ങള്‍ വെച്ച് വലിയൊരു യാത്രാ വിവരണം തന്നെയെഴുതാം. ഇനി പോവാനാഗ്രഹമുള്ള സ്ഥലം സ്വിറ്റ്‌സര്‍ലന്‍ഡാണ്. കുറേ കേട്ടിട്ടുണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെ കുറിച്ച്. പോവണം എന്ന് ആഗ്രഹിക്കാഞ്ഞിട്ടല്ല. സമയം കിട്ടേണ്ടേ?''

അപ്പോള്‍ ലക്ഷ്മി ഇടപെട്ടു: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോവണം. എനിക്കേറ്റവും ഇഷ്ടമുള്ള രണ്ട് സ്ഥലങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഓസ്ട്രിയയുമാണ്. പിന്നെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. ഇന്ത്യയില്‍ ഗോവ, കേരളവും. ശ്രീക്കോ?

ശ്രീ: സംശയമെന്ത്. എന്റെ ഈ കൊച്ചി തന്നെ. എവിടെയൊക്കെ പോയിട്ടുണ്ടെങ്കിലും കൊച്ചിയുടെ സൗന്ദര്യം അവിടെയൊന്നും അനുഭവപ്പെട്ടിട്ടില്ല. ഒന്ന് കണ്ണു തുറന്ന് നോക്ക്. ഇത്ര ഭംഗിയുള്ള സ്ഥലം വേറെയില്ല. പിന്നെ യാത്ര. ഇതു പോലുള്ള ചെറിയ ട്രിപ്പുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കായല്‍ പരപ്പിലൂടെ ഇങ്ങനെ ബോട്ടില്‍ കൂട്ടുകാര്‍ക്കൊത്തുള്ള യാത്ര. പിന്നെ മറ്റൊരു ഇഷ്ടം കൂടി പറയാം, ചാറ്റല്‍ മഴയുള്ളപ്പോള്‍ ഒറ്റക്ക് നല്ല വേഗത്തില്‍ കാറോടിച്ച് പോവുക. കാറിനകത്ത് നല്ല ശബ്ദത്തില്‍ ഫാസ്റ്റായ മ്യൂസിക്കും വേണം. മുന്നില്‍ പോവുന്ന വണ്ടികളെ ചെയ്‌സ് ചെയ്യാനും അവരെയൊന്ന് പ്രകോപിപ്പിച്ച് മല്‍സരിപ്പിക്കാനും ഇഷ്ടമാണ്.

ലക്ഷ്മി: കായല്‍ യാത്രകള്‍ എനിക്കും ഇഷ്ടമാണ്. അതു കൊണ്ടല്ലേ നിങ്ങള്‍ വിളിച്ച ഉടന്‍ ചാടി പുറപ്പെട്ടത്. മുമ്പ് രണ്ടു തവണ ആലപ്പുഴയിലൂടെ ഇതുപോലെ കായല്‍ യാത്രകള്‍ നടത്തിയിരുന്നു. പിന്നെ, ചാലക്കുടിഎനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. അവിടെ ഒരുപാട് കറങ്ങിയിട്ടുണ്ട്, റിയലി ബ്യൂട്ടിഫുള്‍. അതു പോട്ടെ, യാത്രയില്‍ ശ്രീ എന്തൊക്കെയാണ് സാധാരണ ചെയ്യാറ്?

ശ്രീ: കറങ്ങി നടക്കുക. അതിനിടയില്‍ വ്യത്യസ്തരായ ആളുകളുമായി ബന്ധമുണ്ടാക്കുക, അവരെ പഠിക്കുക - എല്ലാം രസമുള്ള ഏര്‍പ്പാടല്ലേ. പിന്നെ എവിടെ പോയാലും അവിടുത്തെ ഷോപ്പിങ് സെന്ററിലേക്കിറങ്ങും. ഹെവി ഷോപ്പറാണ് ഞാനെന്ന് പറയാം. വളരെ സെലക്റ്റീവാണ്. ബ്രാന്റഡ് സാധനങ്ങളാണ് വാങ്ങുക. ചില പ്രത്യേക ബ്രാന്റുകളോട് ഇഷ്ടം ഉണ്ട്. അങ്ങനെ ഇന്ന ബ്രാന്റ് വേണമെന്ന് ഉറപ്പിച്ച് പോയാല്‍ ആ ബ്രാന്റേ വാങ്ങൂ. അര്‍മാനി വാങ്ങണമെന്ന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അതേ വാങ്ങൂ. ബോസ് ആണെങ്ങില്‍ അത്- അതാണ് എന്റെ ഷോപ്പിങ്ങിന്റെ രീതി.

ലക്ഷ്മി: ഞാന്‍ അങ്ങിനെ ബ്രാന്റിന്റെ കാര്യത്തില്‍ അത്ര കണിശക്കാരിയല്ല. ഒരു സാധനം നല്ലതാണെന്ന് തോന്നിയാല്‍ അത് വാങ്ങും. അപ്പോള്‍ ബ്രാന്റ് നോക്കില്ല. ബ്രാന്റഡ് ഐറ്റംസ് വാങ്ങില്ലെന്നല്ല. ഗസ്സ് ആണ് എന്റെ ഇഷ്ട ബ്രാന്റ്. വസ്ത്രങ്ങളും പെര്‍ഫ്യൂമുകളുമാണ് കൂടുതല്‍ വാങ്ങുക. മോഡേണ്‍ ഫാഷനിലുള്ള ഡ്രസ്സുകള്‍ എത്ര വാങ്ങിയാലും ധരിച്ചാലും മതിയാവില്ല. ഷോപ്പിങ് നടത്താന്‍ കൂടിയാണ് എന്റെ യാത്രകള്‍. പിന്നെ ഭക്ഷണവും.

ശ്രീ: ഭക്ഷണത്തിന്റെ കാര്യവും പ്രധാനമാണ്. ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടുത്തെ രുചി തേടി അലയും. നമ്മുടെ ഭക്ഷണം ദിവസവും കഴിക്കുന്നതാണ്. പിന്നെ യാത്രകള്‍ക്കിടയില്‍ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ തേടേണ്ടതില്ലല്ലോ? ഓരോ നാട്ടിലേയും രുചിഭേദങ്ങള്‍ അറിയുന്നത് ആ നാടിനെ അറിയുന്നതിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു.

ലക്ഷ്മി: അങ്ങനെ ഓരോ നാട്ടിലേയും എല്ലാ ഭക്ഷണവും പരീക്ഷിച്ചു നോക്കാന്‍ എനിക്ക് ധൈര്യമുണ്ടാവാറില്ല. പക്ഷെ ചിക്കന്‍ ഏത് തരത്തില്‍ പാകം ചെയ്താലും കഴിച്ചുനോക്കും. പലതരം ചിക്കന്‍ ഐറ്റങ്ങള്‍ എന്റെ ക്രെയ്‌സാണ്.

പെട്ടെന്ന് ബോധോധയമുണ്ടായ പോലെ ശ്രീ ഇടപെട്ടു- യാത്രയെന്നാല്‍ സംസാരമല്ല. ബോട്ടിലെ മ്യൂസിക്ക് സിസ്റ്റം ഓണാക്കി. വലിയ ശബ്ദത്തില്‍ വെസ്‌റ്റേണ്‍ മ്യൂസിക്ക്. പാട്ടിനൊത്ത് ശ്രീ ചുവടുകള്‍ വെക്കുന്നു. യാത്ര തുടരുകയാണ്...