പ്രണയകഥകള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാ മേഖലയാണ് ബോളിവുഡ്. എത്രയോ താരങ്ങളുടെ പ്രണയ-വിവാഹ കഥകള്‍ ആരാധകര്‍ കൊണ്ടാടിയിരിക്കുന്നു. യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് ഇപ്പോള്‍ ഏവരും ആഘോഷിക്കുന്ന പ്രണയജോടികള്‍. തിരക്കുകള്‍ക്കെല്ലാം അവധി നല്‍കി യാത്രയിലാണ് ഇരുവരും. 

കെനിയയിലെ മസായ് മാര നാഷണല്‍ പാര്‍ക്കിലേക്കാണ് ഈ താര പ്രണയജോടികള്‍ പുതുവര്‍ഷത്തില്‍ പോയത്. മസായ് മാര യാത്രയ്ക്കിടെ രണ്‍ബീര്‍ പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം ആലിയ പുറത്തുവിട്ടിരുന്നു. തന്റെ കാമുകന്റെ ഫോട്ടോഗ്രഫി കഴിവിന് വഴങ്ങിക്കൊടുക്കുന്നു എന്നാണ് ആലിയ ഈ ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന തലക്കെട്ട്.

പുതുവര്‍ഷദിനത്തില്‍ മസായ് മാരയിലെ വന്യജീവികളുടെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിലൂടെ ആലിയ പങ്കുവെച്ചിരുന്നു.

ഇതാദ്യമായല്ല രണ്‍ബീറും ആലിയയും യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു പേരും കുടുംബങ്ങളോടൊപ്പം പുതുവത്സരമാഘോഷിച്ചത് രണ്‍തംഭോറിലായിരുന്നു. രണ്‍ബീറിന്റെ 39-ാം ജന്മദിനത്തിന് ഇരുവരും ചേര്‍ന്ന് പോയത് ജോധ്പുരിലേക്കായിരുന്നു. 2020-ല്‍ ഒരു അഭിമുഖത്തിനിടെയായിരുന്നു താന്‍ ആലിയയുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ പറഞ്ഞത്.

സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായി കഠിയാവാഡി, രാജ്മൗലി ചിത്രം രുധിരം രണം രൗദ്രം എന്നിവയാണ് ആലിയയുടേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍. ബ്രഹ്മാസ്ത്ര, ഷംഷേര, ആനിമല്‍ എന്നിവയാണ് രണ്‍ബീറിന്റേതായി അണിയറിയിലൊരുങ്ങുന്ന ചിത്രങ്ങള്‍.

മസായി മാര

കെനിയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മസായി മാര. പ്രദേശത്തെ പ്രധാന ഗോത്രവര്‍ഗത്തില്‍ നിന്നുമാണ് ഈ സ്ഥലത്തിനു ഈ പേര് ലഭിച്ചത്. 1961-ലാണ് മാസായി മാര കാടിനെ വിനോദസഞ്ചാരമേഖലയായി പ്രഖ്യാപിച്ചത്. കൗണ്ടി കൗണ്‍സിലിനാണ് ഇതിന്റെ പ്രാദേശിക അധികാരം. സിംഹങ്ങള്‍ക്കു പുറമേ പുള്ളിപ്പുലി, കരടി, കഴുതപ്പുലി, ഹിപ്പോപൊട്ടാമസ്, ആഫ്രിക്കന്‍ ആനകള്‍, കാണ്ടാമൃഗം, സീബ്ര, ജിറാഫ്, ചെന്നായ, മാനുകള്‍...  ഇങ്ങനെ ആഫ്രിക്കന്‍കാടുകളിലെ മൃഗങ്ങളെല്ലാം സ്വൈര്യവിഹാരം നടത്തുന്ന മാസായി മാര ലോകത്തിലെ മികച്ച വന്യമൃഗസംരക്ഷണ മേഖലയാണ്. സഞ്ചാരികള്‍ക്ക് സാഹസിക വിസ്മയ വനപ്രദേശവും.

Content Highlights: alia bhatt and ranbeer kapoor in masai mara trip, celebrity travel, masai mara national park kenya