കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മലയാളികളുടെ പ്രിയനടി ലെന ഒരു യാത്ര പോയി. ഒറ്റയ്ക്ക്, അതും രണ്ട് മാസം നീളുന്ന ഒരു യാത്ര. ശരിക്കും വര്‍ക്ക്‌ഹോളിക്ക് ആയ സമയത്ത് യാതൊരു തയ്യാറെടുപ്പുമില്ലാതെ പോയ യാത്രയായിരുന്നു അതെന്നാണ് ജമേഷ് ഷോയില്‍ അവര്‍ മനസ് തുറന്നത്.
''ഏഴോ എട്ടോ സിനിമകള്‍ ചെയ്ത വര്‍ഷമുണ്ട്. അഭിനയം ജീവനാണെങ്കിലും അത് മാത്രം പറ്റില്ലല്ലോ ജീവിതത്തില്‍ എന്ന ചിന്തയായിരുന്നു. 20 വര്‍ഷം കൊണ്ട് നൂറ് സിനിമകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി തൊട്ടാണ് ചെറിയൊരു ഇടവേളയേക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച് ഹിമാലയത്തില്‍ പോകുന്നത്.
ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടൊന്നുമായിരുന്നില്ല യാത്ര പോയത്. പെട്ടന്ന് ഒരു തോന്നല്‍. മൊട്ടയടിച്ച് ഒറ്റയ്ക്ക് ഒരു പോക്കങ്ങ് പോയി. അങ്ങനെ തോന്നിയത് ചിലപ്പോള്‍ ആ സമയത്തിന്റെ ആയിരിക്കും. എല്ലാ സ്വാതന്ത്ര്യത്തിന്റേയും മുകളിലുള്ള ഒരു സ്വാതന്ത്ര്യം. ശരിക്ക് ആകാശമല്ല ഒന്നിന്റേയും അതിര്. അതിനുമുകളിലും ആകാശമുണ്ട്. അതുവരെ വിമാനത്തില്‍ കയറാത്ത ഒരുതരം അനുഭവമായിരുന്നു അന്ന്. നേപ്പാളില്‍ ഒന്ന് പോകണം എന്നായിരുന്നു ആദ്യത്തെ ചിന്ത. മേക്ക് മൈ ട്രിപ്പ് ആപ്പ് എടുത്തു, കാഠ്മണ്ഡു ടിക്കറ്റെടുത്തു, വേറെ ഒരു പ്ലാനുമുണ്ടായിരുന്നില്ല.
വിമാനമിറങ്ങുന്ന അന്ന് രാത്രിയിലേക്ക് മാത്രം ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്തു. തീരെ അറിയാത്ത സ്ഥലമായതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. സ്വന്തം തറവാട്ടിലെത്തിയ പോലെയാണ് അവിടെ എത്തിയപ്പോള്‍ തോന്നിയത്. ഒരു ബാക്ക് പാക്കും ഞാനും നേപ്പാളും മാത്രം. പിറ്റേന്ന് ഹോട്ടലില്‍ നിന്നും ബാഗെടുത്ത് ഇറങ്ങി. ടെന്റും സ്ലീപ്പിങ് ബാഗും ഉണ്ടായിരുന്നു. തിരിച്ച് വരുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു പോകുമ്പോള്‍. മിക്കവാറും തിരിച്ച് വരില്ല എന്നായിരുന്നു എന്റെ തോന്നല്‍. തല മൊട്ടയടിച്ചിരിക്കുന്നതിനാല്‍ ആരും കണ്ടാല്‍ തിരിച്ചറിയുകയുമില്ല.
പിന്നെ ഹോസ്റ്റലിലേക്ക് മാറി. അവിടെ പശുപതി ക്ഷേത്രത്തില്‍ പോയി. കുറേ പേരെ കാണാന്‍ കഴിഞ്ഞു. കുറച്ച് ദിവസം കാഠ്മണ്ഡുവില്‍ ചിലവഴിച്ചു. അന്നത്തെ ആ ഭൂമി കുലുക്കത്തിന് ശേഷം റോഡുകളുടെയെല്ലാം അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. പൊടിനിറഞ്ഞ റോഡുകള്‍ കണ്ടപ്പോഴാണ് പെട്ടന്ന് ഒരു ആഗ്രഹം വന്നത്. മഞ്ഞുമലകള്‍ കാണണം. പക്ഷേ എങ്ങനെയാണ് പോകേണ്ടതെന്ന് എന്നൊന്നും അറിയില്ല. അപ്പോള്‍ നേരെ പോഖ്‌റയിലേക്ക് പോയി. ബംഗളൂരുവിലുള്ള എന്റെ സുഹൃത്ത് മോഹന്റെ സുഹൃത്ത് രാജി അവിടെയുണ്ട്. വിളിക്കാനുള്ള നമ്പര്‍ നേരത്തെ തന്നെ തന്നിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ അവരുടെ ഒരു സുഹൃത്തിന്റെ വീട് ശരിയാക്കി തന്നു. ഹോം സ്‌റ്റേ പോലെ. റൂമിന്റെ വാടക 200 നേപ്പാളി രൂപ. ഇന്ത്യന്‍ രൂപ ഒരു 150 വരും.
പൂന്തോട്ടമൊക്കെയായി നല്ല സൗകര്യം. കെട്ടിടത്തിന്റെ ഉടമയാകട്ടെ രാജ്ഞിയേപ്പോലൊരു സ്ത്രീ. പോഖ്‌റയിലും വെറുതേ കറങ്ങി നടന്നു. മഞ്ഞുമലയൊന്നും കാണാന്‍ പറ്റിയില്ലെങ്കിലും മനോഹരമായ സ്ഥലമായിരുന്നു അത്. സഞ്ചാരികളായ ഒരുപാട് പേരെ അവിടെ കണ്ടു. അപ്പോഴാണ് എത്ര വിചിത്രതരം മനുഷ്യരാണ് ഈ ലോകത്തുള്ളതെന്ന് മനസിലാവുന്നത്. അവരാണ് അന്നപൂര്‍ണ സര്‍ക്യൂട്ട് ട്രെക്ക് ചെയ്യാന്‍ പറഞ്ഞത്. ഗൈഡ് പോലുമില്ലാതെ അങ്ങ് തിരിക്കുകയാണ്. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങി.
പോഖ്‌റയില്‍ നിന്ന് കുറച്ച് ദൂരം വരെ ജീപ്പില്‍ പോയി. പിന്നീട് നടക്കാന്‍ തുടങ്ങി. 14 ദിവസം നടന്നു. അവസാനം എത്തുന്ന തൊറോങ്‌ലാ പാസ് എന്നു പറയുന്നത 5416 അടി ഉയരത്തിലാണ്. ആറ് മണിക്കൂര്‍ കയറിയാല്‍ മതി. അവിടന്ന് നേരെ ഏഴ്, എട്ട് മണിക്കൂര്‍ താഴേക്കിറങ്ങിയാല്‍ മുത്തിനാത്തിലെത്തും. പിന്നെ എല്ലാം കഴിഞ്ഞ് തിരിച്ച് കാഠ്മണ്ഡുവിലെത്തി കുറച്ചുകൂടി ചിലവഴിച്ചു. രണ്ടുമാസം അവിടെ ചിലവഴിച്ചിട്ടും കൊണ്ടുപോയ കാശ് തീര്‍ന്നുമില്ല എന്നതാണ് രസം. ഹോട്ടലുകളിലാണെങ്കില്‍ എല്ലാത്തരം ഭക്ഷണവും കിട്ടും.
സ്പിറ്റിവാലിയില്‍ പോയിട്ടുണ്ട്. നേപ്പാളില്‍ പോയപ്പോളാണ് എന്ന് നിന്റെ മൊയ്തീന്റെ അസോസിയേറ്റ് ഡയറക്ടര്‍ ജിതിന്‍ലാല്‍ വിളിച്ച് ഒരു ഗാനം ചിത്രീകരിക്കാനായി നേപ്പാള്‍ ട്രിപ്പ് കഴിയുമ്പോള്‍ സ്പിറ്റിവാലി വരെ വരാമോ എന്ന് ചോദിക്കുന്നത്. അപ്പോള്‍ ഞാന്‍ ശരിക്ക് ഡല്‍ഹി വരെ വന്നാല്‍ മതി. അവിടെ നിന്ന് ഇവര്‍ക്കൊപ്പം മണാലി പോയി അവിടെ നിന്ന് സ്പിറ്റി വാലിയിലെത്താം. ഈസ്റ്റേണ്‍ ഹിമാലയയില്‍ രണ്ട് മാസം ചെലവഴിക്കാന്‍ പറ്റി, ഇനി വെസ്റ്റേണ്‍ ഹിമാലയ കൂടി പോയാല്‍ യാത്ര പൂര്‍ണമാവും എന്നായിരുന്നു അപ്പോള്‍ എന്റെ ചിന്ത. മാത്രമല്ല നേപ്പാള്‍ ട്രിപ്പ് കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. അപ്പോഴാണ് ഇവരുടെ മെയില്‍ കാണുന്നതും മറുപടി അയയ്ക്കുന്നതും. അല്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ച് വരില്ലായിരുന്നു. അങ്ങനെ അവിടെ പോയി വേട്ടക്കാരുടെയെല്ലാം കൂടെ പോയി ഉള്‍ക്കാടുകളില്‍ പോയി താമസിക്കാന്‍ അവസരം കിട്ടി''. ലെന പറഞ്ഞു നിര്‍ത്തി.
Content Highlights: Actress Lena, Lena's Himalaya Travel, Jameshow