വൈവിധ്യങ്ങള്‍ നിറഞ്ഞ കഥകള്‍ പറയാനുണ്ടാവും ഇന്ത്യയിലെ ഓരോ ക്ഷേത്രത്തിനും. അസമിലെ ഗുവാഹട്ടിയിലെ കാമാഖ്യ ദേവി ക്ഷേത്രം അത്തരത്തിലൊന്നാണ്. ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടി അമലാ പോള്‍. ഓരോ സ്ത്രീയുടേയും ഉള്ളിലെ ശക്തിയെ ആഘോഷമാക്കുന്ന ക്ഷേത്രമെന്നാണ് താരം ക്ഷേത്രത്തേക്കുറിച്ച് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ആത്മാവിന്റെ പാഠങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഈ ക്ഷേത്രദര്‍ശനം എന്നത് അനശ്വരമായ ഒരനുഭവം മാത്രമല്ല. എന്റെയുള്ളിലെ ശക്തിയെ ഞാന്‍ ശരിക്കും അറിഞ്ഞു. ശക്തി എന്നതുകൊണ്ട് അങ്ങേയറ്റത്തെ ആക്രമണ മനോഭാവമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. യഥാര്‍ത്ഥ രീതിയിലുള്ള ശാന്തതയും ഉള്ളിലെ നിശ്ശബ്ദതയും തന്റെയുള്ളിലെ ശക്തിയെ നിര്‍വചിക്കുന്നു. അമ്മയ്ക്ക് സ്വയം അര്‍പ്പിച്ച്, ഉള്ളിലെ ഒരു കോട്ടവും തട്ടാത്ത കുട്ടിയായാണ് മടങ്ങിയതെന്നും അമലാപോള്‍ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ഗുവാഹട്ടി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നീലാചല്‍ മലയിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായപരമശിവനെ ദക്ഷന്‍ അപമാനിച്ചതില്‍ കോപിച്ച പാര്‍വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന്‍ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് പാര്‍വതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടര്‍ന്ന് മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.

സന്താനസൗഭാഗ്യത്തിനായി ഇവിടെവന്ന് ഭജനമിരിക്കുന്നവര്‍ നിരവധിയാണ്. അഘോരികള്‍ എന്നറിയപ്പെടുന്ന സന്യാസിവിഭാഗത്തിന്റെ പ്രധാന ആരാധനാകേന്ദ്രം കൂടിയാണ് കാമാഖ്യക്ഷേത്രം.

ചിത്രാചല്‍ മലയില്‍ സ്ഥിതി ചെയ്യുന്ന നവഗ്രഹക്ഷേത്രവും താരം സന്ദര്‍ശിച്ചു. കണ്ടതെല്ലാം ഉള്‍ക്കൊള്ളാന്‍ ഒരുമിനിറ്റെടുത്തു എന്നാണ് ഇതേക്കുറിച്ച് അമല എഴുതിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

പ്രകൃതിമാതാവിന്റെ അത്ഭുതത്തിന് മുകളിലെ മനുഷ്യനിര്‍മിതമായ വിസ്മയം സമാധാനത്തില്‍ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് തിരിച്ചറിവുനല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാഗാലാന്‍ഡിലും അമലാപോള്‍ പോയിരുന്നു.

Content Highlights: actress amala paul visited kamakhya temple, celebrity travel