കമ്യൂണിസ്റ്റുകാരനില്‍ നിന്നുള്ള എ.പി.അബ്ദുള്ളക്കുട്ടിയുടെ മനംമാറ്റം ഇവിടെ തുടങ്ങുന്നു: ജന്മാന്തര രഹസ്യങ്ങളറിയാന്‍ നാഡീജ്യോതിഷിയെത്തേടി വൈത്തീശ്വരന്‍ കോവിലിലേക്കു നടത്തിയ ഈ യാത്രയില്‍ നിന്ന്. ഒരു മുന്‍ കമ്യൂണിസ്റ്റുകാരന്റെ ആത്മീയയാത്ര

വര: ദേവപ്രകാശ്‌ഉമ്മാ, എന്നാ എന്റെ ബര്‍ത്ത് ഡേ ?

കരഞ്ഞുകൊണ്ടാണ് ഞാന്‍ ഉമ്മയുടെ മുന്നിലേക്കോടിച്ചെന്നത്. പഴയ തറവാടിന്റെ ഇരുള്‍ പരന്ന അകത്തളത്തില്‍ നിന്നു മറുപടി കിട്ടാത്ത ചോദ്യമാണതെന്ന് അന്നെനിക്കറിയില്ലായിരുന്നു.

ബറ്ത്ത്‌ട്വേ.. അദെന്ത്ന്നാടാ? ഉമ്മ പരിഭ്രമിച്ചു. എന്റെ ചോദ്യം അവര്‍ക്കു മനസ്സിലായില്ല.

എന്റെ പെറന്നാള്..എന്നാ എന്റെ പെറന്നാള്?

ഉമ്മ ആശ്വസിച്ചു. അത്രേയുള്ളോ. പക്ഷെ, ഉത്തരം പാവം ഉമ്മക്കറിയില്ലായിരുന്നു.

അനക്കിപ്പെന്തിനാ പെറന്നാളറിഞ്ഞിറ്റ്..?-ഉമ്മ മറുചോദ്യമെറിഞ്ഞു.

എനിക്കും വേണം ഒരു പെറന്നാള്. മനോഹരനൊക്കെണ്ടല്ലോ.

ഏഷ്യാനെറ്റിലെ കെ.പി.മോഹനന്റെ മരുമകനാണ് മനോഹരന്‍. എന്റെ കളിക്കൂട്ടുകാരന്‍. സഹപാഠി. മനോഹരന്റെ പിറന്നാള്‍ സദ്യയുണ്ണുമ്പോള്‍ അവന്റെ അമ്മ ദാക്ഷായണിയമ്മ ചോദിച്ചതാണ് അബ്ദുള്ളക്കുട്ടിക്ക് പിറന്നാളില്ലേ എന്ന്. എന്റെ കുഞ്ഞുമനസ്സു നൊന്തു. അതെന്താ എനിക്കു മാത്രം പുറന്നാളില്ലാത്തത്. ഞാന്‍ തല കുനിച്ചു. ചോറില്‍ കണ്ണീരുപ്പു പുരണ്ടു. ആ സങ്കടത്തിലാണ് ഞാന്‍ ഉമ്മയുടെ അടുത്തേക്കു പാഞ്ഞത്.

പോടാ, പോ.. അയയില്‍ തുണി ആറ്റാനിടുന്നതിനിടെ ഉമ്മ ആട്ടി. അരിശവും സങ്കടവും നിറഞ്ഞ ശബ്ദത്തില്‍ ഉമ്മ പിറുപിറുത്തു. കൊല്ലം കൊല്ലം പേറേയ്‌നു ഈട. അയിന്റെടക്കാ ഓന്റെ പുറന്നാള് ഓര്‍ക്കുന്ന്.. പൊയ്‌ക്കോ മുമ്പീന്ന്..

ഞാന്‍ നിലത്തു വീണുരുണ്ടു കരഞ്ഞു. എനക്കിപ്പോ വേ ണം പുറന്നാള്.. ഉമ്മ തണുത്തു.

അബ്ദ്വോ.. ഞ്ഞ്യൊരു കാര്യം ചെയ്യ്. കാര്‍ന്നരോടൊന്നു ചോയ്ക്ക്. ഓറ്ക്ക് ഒര് സൂക്കേട്ണ്ടാര്‍ന്ന്. ഇങ്ങനത്തെ ബേണ്ടാത്തതൊക്ക എയ്തി ബെക്ക്ന്ന സൂക്കേട്. ചെലാപ്പ മൂപ്പറ്ക്ക് അറീന്ന്ണ്ടാകും..

ഉമ്മയുടെ മൂത്ത സഹോദരനെയാണ് കാര്‍ന്നോരെന്നു വിളിക്കുന്നത്. ഞാന്‍ കാര്‍ന്നോരുടെ മുന്നിലെത്തി. കാര്‍ന്നോര് ഉമ്മായെപ്പോലെയല്ല. അലിവോടെ എന്നെ സ്വീകരിച്ചു. എന്നിട്ടല്‍പ്പം സങ്കടത്തോടെ അറിയിച്ചു. ഞാനെല്ലാം എയ്തി വെച്ചേര്‍ന്ന് മോനേ. കൃത്യായിട്ട്. എടാറടെ ചൊമര്മ്പലാ
എയ്തിട്ടേര്‍ന്നത്. എനക്കോര്‍മ്മണ്ട്. പക്കേങ്കില്, എളേമടെ മോളെ കല്യാണത്തിന് വെള്ള പൂശ്യപ്പോ അദെല്ലാം പോയ്. അന്റെ മാത്രല്ലടാ അബ്ദ്വോ.. എല്ലാറ്റിന്റേം പെറന്നാള് പോയ്.. ഈ തറവാട്ടില് ഇനി ഒന്നിനും പെറന്നാളില്ല്യ.

എടാറയെന്നാല്‍ തറവാട്ടിലെ പ്രസവമുറിയുടെ മുന്നിലുള്ള ഇടനാഴി. കൂട്ടുകുടുംബമായതിനാല്‍ ആരെങ്കിലും എപ്പോഴും അവിടെ പ്രസവിച്ചു കിടക്കുന്നുണ്ടാവും. അതാണ് കാര്‍ന്നോര് അവിടെ എഴുതാന്‍ കാരണം. കണ്ണീരോടെ ഞാന്‍ വീണ്ടും ഉമ്മയുടെ അടുത്തെത്തി.
ഉമ്മ പറഞ്ഞു. ഒരു ബയീണ്ട്. അന്റെ കൂട്ടുകാരന്‍ ഗഫൂറിന്റെ ഉമ്മ ആയിശാനെ കെട്ടിച്ചുകൊടുത്ത ദിവസാ ഞാന്‍ അന്നെ പെറ്റത്. ഓര്‍ക്കാന്‍ കാരണന്താന്നോ, ആ കല്യാണം കൂടാന്‍ എനക്കു പറ്റീട്ടില്യ.. യ്യ് പോയി ഗഫൂറിന്റെ ഉപ്പാനോടൊന്നു ചോയ്‌ച്ചോക്ക്. ഓറെ കല്യാണത്തീതി ഓറോര്‍ക്കാണ്ട്‌ക്ക്വോ?

ഞാന്‍ ഗഫൂറിന്റെ വീട്ടിലേക്കു പാഞ്ഞു. എന്നാല്‍ മൂപ്പരും നിസ്സഹായത അറിയിച്ചു. എടോ, ഇത്തറവാട്ടില് കല്യാണം ഒന്നല്ലല്ലോ നടന്നിറ്റ്ള്ളത്. ല്ലാറ്റിന്റേം തീതി എങ്ങനെ ഓര്‍ക്കാനാ?

പേറോര്‍ക്കാത്ത ഉമ്മയും കല്യാണമോര്‍ക്കാത്ത കാര്‍ന്നോന്മാരും! ഇനി ആരെ സമീപിക്കും?
++++++++++

ചെട്ടിനാട്ടിലൂടെ അബ്ദുള്ളക്കുട്ടിയുടെ സൈക്കിള്‍ യാത്ര. കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലും എ.പി.അനില്‍കുമാറും കൂടെ. ഫോട്ടോ: മധുരാജ്‌


കണ്ണീരോടെ ഞാന്‍ മടങ്ങാനൊരുങ്ങി. അപ്പോള്‍ എന്തോ ഓര്‍ത്തുകൊണ്ട് മൂപ്പര്‍ പറഞ്ഞു. എടാ അബ്ദ്വോ.. അനക്ക് ഭാഗ്യണ്ടങ്ങില് ആ തീതി കിട്ടും.
ഒരു വയീണ്ട്.. ആയിശാന്റെ കെട്ടിന്റെ സമയത്താണ് വീടിന്റെ കണ്ടിക്ക് അവസാനായിട്ട് സിമന്റിട്ടത്. അന്ന് കല്ലാശാരി അയിമ്മെ തീതി എയുതി ബെച്ചിന്.

മൂപ്പരുടെ തറവാടിന്റെ പുരത്തറയിലേക്കു കയറുന്ന പടികള്‍ക്ക് സിമന്റിട്ടത് കല്യാണത്തലേന്നാണ്. സിമന്റിടുമ്പോഴുള്ള നാട്ടുനടപ്പാണ് അവസാനപടിയില്‍ തീയതി കുറിക്കുക എന്നത്. ഒരു സാധ്യത തെളിഞ്ഞതിന്റെ ആവേശവുമായി ഞാന്‍ ആ വീട്ടിലേക്കു കുതിച്ചു. കാടു പടര്‍ന്നു കിടക്കുന്ന തറ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഴയും വെയിലുമേറ്റ് പുല്ലു വളര്‍ന്ന് അതങ്ങിനെ കിടക്കുന്നു. ആവേശത്തോടെ ഞാനതെല്ലാം നീക്കി. പടവിലേക്കു നോക്കിയ എന്റെ ഹൃദയം തകര്‍ന്നു പോയി.

അവസാനപടവില്‍ ഒരു കട്ട സിമന്റ് അടര്‍ന്നു പോയിരിക്കുന്നു. കല്ലാശാരി കുറിച്ചിട്ട തീയതി അവിടെയായിരുന്നു. കൃത്യം അതു മാത്രമില്ല.
എല്ലാം തീര്‍ന്നു! ഈ ജന്മം എനിക്കിനി പിറന്നാളില്ല!

ആ തറവാട്ടു വീട്ടിലെ കണ്ടിക്കല്ലിലിരുന്ന് ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

അതൊരു യാത്രയുടെ ആരംഭമായിരുന്നുവോ? എന്റെ തലക്കുറി തേടിയുള്ള പ്രയാണം. അറിയില്ല.
പിറന്നാളില്ലാത്ത കുട്ടിയായി ഈ ഭൂമിയില്‍ ഞാന്‍ ജനിച്ചു. ജീവിച്ചു. പഠിച്ചു. വളര്‍ന്നു. വലുതായി. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ജയിച്ചു. പല നാടുകളും ചുറ്റി സഞ്ചരിച്ചു.

തിരുവയ്യാറിലെ ത്യാഗരാജ സമാധിക്കടുത്ത് കാവേരിക്കരയില്‍ അബ്ദുള്ളക്കുട്ടിയും കെ.സി. വേണുഗോപാലും എ.പി.അനില്‍കുമാറും
പിറന്നാളെന്നൊക്കെ പറയുന്നത് കുറെ ഉയര്‍ന്ന ജാതിക്കാര്‍ക്കും വിദ്യാഭ്യാസമുള്ളവര്‍ക്കും മാത്രമുള്ള കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് കുറെക്കഴിഞ്ഞാണ്. എന്നെപ്പോലുള്ളവര്‍ക്ക് എന്തു പിറന്നാള്‍? മുസ്ലിങ്ങള്‍, ഹരിജനങ്ങള്‍, ആദിവാസികള്‍ തുടങ്ങി വലിയൊരു ശതമാനത്തിനും ജനനത്തീയതിയോ പിറന്നാളാഘോഷമോ ജാതകമോ തലക്കുറിയോ ഒന്നുമില്ല. സ്‌കൂളില്‍ കൊടുക്കുന്ന തീയതി ഏതാണോ അതാണ് പിന്നെ അവരുടെ ജനനത്തീയതി. അല്ലെങ്കില്‍ കേരളത്തിലെ കുട്ടികളില്‍ മുക്കാല്‍ പങ്കും മെയ് മാസത്തില്‍ ജനിച്ചവരായതെങ്ങിനെ? എല്ലാവര്‍ക്കും യഥാര്‍ഥ പിറന്നാളും സര്‍ട്ടിഫിക്കറ്റിലെ ഡേറ്റ് ഓഫ് ബര്‍ത്തും രണ്ടായതെങ്ങിനെ?

സ്്കൂളില്‍ ചേര്‍ക്കുമ്പോള്‍ എന്റെ ഉമ്മയും പറഞ്ഞു കാണും, മാഷ് ഒരു തീയതി ഇട്ടോളീ.. കേരളത്തിലെ ലക്ഷോപലക്ഷം കുട്ടികളെപ്പോലെ അതാണ് എന്റെയും ജനനത്തീയതി. എങ്കിലും ആഘോഷിക്കാന്‍ ഒരു പിറന്നാളില്ലല്ലോ എന്ന സങ്കടം എന്നിലെ കുട്ടിയെ എന്നും വേട്ടയാടിരുന്നുവോ?
വെയില്‍ പുകയുന്ന ഒരു നട്ടുച്ചക്കാണ് ഞാന്‍ വൈത്തീശ്വരനിലെത്തിയത്. മുന്‍വശത്ത് കസേരയിട്ട് താടി നീട്ടിയ ജ്യോതിഷി.
നിങ്ങള്‍ ഇവിടെ വരാന്‍ സമയമായി. വൈത്തീശ്വരനിലേക്കെത്താന്‍ സമയമായാല്‍ നിങ്ങളെ വൈത്തീശ്വരന്‍ ഇവിടെ എത്തിക്കും. ജ്യോതിഷി പറഞ്ഞു.
++++++++++

ചോളസാമ്രാജ്യത്തിലേക്ക് കാളവണ്ടിയില്‍. എ.പി.അനില്‍കുമാര്‍, കെ.സി.വേണുഗോപാല്‍ എന്നിവരുമൊത്ത് അബ്ദുള്ളക്കുട്ടി ചെട്ടിനാട്ടിലൂടെ നടത്തിയ കാളവണ്ടിയാത്ര. ഫോട്ടോ: മധുരാജ്‌
കുംഭകോണത്തു നിന്ന് സ്വാമിമലൈ, ശീര്‍കാഴി, തിരുക്കടയൂര്‍ വഴി കാരൈക്കലിലേക്കു പോകുന്ന വഴിക്കാണ് ഞാന്‍ വൈത്തീശ്വരന്‍ കോയിലിലെത്തിയത്. ഒരു മഹാക്ഷേത്രം കാണാമെന്നേ കരുതിയുള്ളൂ. എന്നാല്‍ കുട്ടിക്കാലം മുതലേ തേടുന്ന ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ അതു ചെന്നു കലാശിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

മയിലാടുംതുറൈക്കടുത്താണ് വൈത്തീശ്വരന്‍ ഗ്രാമം. വൈദ്യനാഥ ക്ഷേത്രവും നാഡി ജ്യോതിഷവുമാണ് ഈ ഗ്രാമത്തിന്റെ പ്രസിദ്ധി. നവഗ്രഹക്ഷേത്രങ്ങളിലൊന്നാണ് ഇത്. ശനിദേവന്റെ (അംഗാരകന്‍) പ്രതിഷ്ഠയുള്ളതിനാലാണ് ഗ്രാമം നാഡീ ജ്യോതിഷത്തിനു പ്രസിദ്ധമായത്. ലോകത്തു ജനിച്ചവരും ജീവിക്കുന്നവരും ജനിക്കാനിരിക്കുന്നവരുമായ എല്ലാവരുടെയും ജാതകം വൈത്തീശ്വരന്‍ ഗ്രാമത്തിലുണ്ടത്രെ. വസിഷ്ഠന്‍, കൗശികന്‍, അഗസ്ത്യന്‍, ഭൃഗു, വ്യാസര്‍, ഖഗഭുജന്ധര്‍, വാല്‍മീകി തുടങ്ങിയ മുനിശ്രേഷ്ഠന്മാര്‍ എഴുതിവെച്ച ജ്യോതിഷസംബന്ധമായ ഓലച്ചുരുളുകള്‍ ഇവിടെ നിന്നാണു കണ്ടെടുത്തത്. അതിനെ ആധാരമാക്കിയുള്ളതാണ് നാഡീജ്യോതിഷം. പലതും നഷ്ടപ്പെട്ടു. അതില്‍ ചിലപ്പോള്‍ നമ്മുടെ ഓലയും ഉണ്ടാവാം. നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ നമ്മുടെ ഭാഗ്യം. ജനനം, മരണം, കഴിഞ്ഞ ജന്മം നിങ്ങള്‍ ആരായിരുന്നു?വരും ജന്മം ആരാവും? എല്ലാം ഓല നോക്കി വൈത്തീശ്വരന്‍ ഗ്രാമത്തിലെ നാഡീ ജ്യോതിഷികള്‍ പറയും. വിശ്വാസമില്ലെങ്കില്‍ ഇതു കൂടി പറയും. ഇപ്പോള്‍ നിങ്ങള്‍ ആരാണ്. എവിടെ നിന്നു വരുന്നു. എന്താണ് പേര്. അമ്മയുടെ പേരെന്ത്, അച്ഛന്റെ പേര്, ഭാര്യയുടെ പേര്, ജോലി, പഠിപ്പ്, ധനസ്ഥിതി, മക്കളെത്ര, രോഗമുണ്ടോ, വാഹനമുണ്ടോ, കടമുണ്ടോ, കര്‍മ്മദോഷമെന്ത്, പരിഹാരമെന്ത്.. എല്ലാം.

എനിക്കതു വളരെ അത്്ഭുതമായിത്തോന്നി. ഇതെന്താണെന്നു പഠിക്കണമല്ലോ. കൗതുകത്തോടെ ഞാന്‍ അവിടെ അലഞ്ഞു നടന്നു. നൂറുകണക്കിനു ജ്യോതിഷികളുണ്ട് അവിടെ. എന്തായാലും ഒന്നു പരീക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ആരുടെ അടുത്താണാവോ എന്റെ ഓല? എന്തായാലും പോയി നോക്കുക തന്നെ. പ്രശസ്തിയും വിശ്വാസ്യതയുമുള്ളവരെ അന്വേഷിച്ചുറപ്പു വരുത്തിയ ശേഷം ഒരാളുടെ വീട്ടില്‍ ചെന്നു കയറി.

ചെട്ടിനാട്ടിലെ ഒരു ചായക്കടയില്‍ നേതാക്കളുടെ ഇടനേരച്ചായ
ഞാന്‍ ജനിച്ച നാളും പക്കവും രാശിയും തീയതിയും പറയാമോ? മുന്നിലിരിക്കുന്ന ജ്യോതിഷിയോട് ഞാന്‍ ചോദിച്ചു.
ഒന്നും പറയാനാവില്ല. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ തലക്കുറി ഇവിടെയുണ്ടെങ്കില്‍ പറയാം. ഇല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പോവുക.

വൈത്തീശ്വരനില്‍ ചെന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. വിരലടയാളവും ജനനത്തീയതിയും നല്‍കുക. ആണുങ്ങള്‍ക്കു വലത്തെ പെരുവിരല്‍, പെണ്ണുങ്ങള്‍ക്ക് ഇടത്തേതും. ജ്യോതിഷികള്‍ പോയി അവരുടെ കൈവശമുള്ള ഓലച്ചുരുളുകളില്‍ നിങ്ങളുടെ വിരല്‍മുദ്രക്കു സാമ്യതയുള്ളതു കണ്ടെത്തി എടുത്തു കൊണ്ടുവരും. എന്നിട്ടു നിങ്ങളെ മുന്നിലിരുത്തി അതു വായിക്കും. വട്ടെഴുത്തിലാണ് ഓലയിലെ ലിഖിതം. അതിനാല്‍ നമുക്കു വായിക്കാന്‍ പറ്റില്ല. ഓരോന്നും വായിച്ച് അവര്‍ ചിലതു ചോദിക്കും. അതെ എന്നോ അല്ല എന്നോ മാത്രം ഉത്തരം നല്‍കുക. കൂടുതല്‍ ഒന്നും വെളിപ്പെടുത്തരുത്.

ഒരോലയിലെ ഒരു കാര്യം ശരിയും മറ്റേതു തെറ്റുമായി വരാം. എങ്കില്‍ ആ ഓല നിങ്ങളുടെയല്ല. അതൊഴിവാക്കി അടുത്തതു വായിക്കും. എല്ലാം ശരിയാവുന്ന ഓല കണ്ടെത്തും വരെ അതു തുടരും. ചിലപ്പോള്‍ അതു മണിക്കൂറുകള്‍ വരെ നീളാം. ചിലപ്പോള്‍ കിട്ടിയില്ലെന്നും വരാം. വിദേശികളുള്‍പ്പെടെ പ്രതിദിനം ആയിരക്കണക്കിനു വിശ്വാസികളും സഞ്ചാരികളുമാണ് ഇവിടെ വരുന്നത്. നാഡീജ്യോതിഷം ആ ഗ്രാമത്തിന്റെ മാത്രം അവകാശമാണ്. മറ്റുള്ള സ്ഥലങ്ങളിലേതെല്ലാം അനുകരണമാണത്രെ.

പോകാനാഗ്രഹിക്കുന്നവരോട് ഒരു വാക്ക്. അത്യാവശ്യം ചിലവുള്ള ഏര്‍പ്പാടാണ് ഇത്. 1600 രൂപ മുതല്‍ നാലായിരം രൂപ വരെ ചിലവു വരാം. 12 കാണ്ഡങ്ങളുണ്ട് വായിക്കാന്‍. ഒരു കാണ്ഡം മാത്രം വായിക്കാനും എല്ലാം വായിക്കാനും പ്രത്യേകം നിരക്കാണ്. വായിച്ചു കഴിഞ്ഞാല്‍ മാത്രം പ്രതിഫലം നല്‍കുക. ഏതു വായിക്കണമെന്നും തുക എത്രയെന്നും ആദ്യമേ പറഞ്ഞുറപ്പിക്കുക.

വിരലടയാളം കൊടുത്ത് ഞാന്‍ കാത്തിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു വിളിച്ചു. അകത്തെ മുറിയില്‍ പായിലിരുത്തി. മുന്നില്‍ ജ്യോതിഷി. ഗ്രന്ഥം പകുത്ത് വായിക്കാന്‍ തുടങ്ങും മുമ്പ് അയാള്‍ പറഞ്ഞു. നിങ്ങളുടെ ജാതിയോ മതമോ പേരോ നാടോ നാളോ ഒന്നും ഞങ്ങള്‍ക്കറിയില്ല. അറിയുകയും വേണ്ട. ഈ പുസ്തകത്തിലെഴുതിയതു വെച്ച് ഞങ്ങള്‍ ചിലതു ചോദിക്കും. അതെ എന്നോ അല്ല എന്നോ മാത്രം ഉത്തരം പറയുക.

പ്രാകൃത തമിഴില്‍ എഴുതപ്പെട്ട ഗ്രന്ഥത്തില്‍ നിന്ന് അദ്ദേഹം എന്തോ വായിക്കാന്‍ തുടങ്ങി. ഇടക്കു നിര്‍ത്തും. ചിലതു ചോദിക്കും. വീണ്ടും വായിക്കും. അമ്മയുടെ ആദ്യാക്ഷരം സ എന്നാണോ? സഹോദരങ്ങള്‍ നാലു പേരാണോ? അച്ഛന്റെ പേര് ഭഗവാന്റെ പര്യായമാണോ? ഇടതടവില്ലാതെ വായനയും ചോദ്യങ്ങളും. അല്ല എന്നാണ് ഉത്തരമെങ്കില്‍ ആ ഓല ഉടനെ മറിക്കും. അതു നിങ്ങളുടെ തലക്കുറിയല്ല. അടുത്തതെടുക്കും. എല്ലാം ശരിയല്ല എന്നാണുത്തരമെങ്കില്‍ അവര്‍ നിങ്ങളെ പറഞ്ഞയക്കും. ഓല മറ്റെവിടെയെങ്കിലും പോയി തിരയാം. ചില ശരികളുണ്ടെങ്കില്‍ ആ ഓലയില്‍ നിന്ന് അടുത്ത ഓലയിലേക്കു പോകും. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കും.

Illustration: Devaprakash

12 കാണ്ഡങ്ങളായാണ് ഗ്രന്ഥച്ചുരുള്‍. ഓരോന്നിലും ഓരോ ഫലം. ഒന്നാം കാണ്ഡത്തില്‍ മുന്‍ജന്മം. രണ്ടില്‍ പഠനം, ധനം. മൂന്നില്‍ കൂടപ്പിറന്നവര്‍. നാലാം കാണ്ഡം അമ്മ, ആസ്തി, ഭാവി. അഞ്ചില്‍ മക്കള്‍, ആറാമത്തേതില്‍ രോഗം, മരണം, വ്യവഹാരം. ഏഴില്‍ വിവാഹം, ഭാര്യ, പ്രേമം. എട്ടില്‍ ആയുസ്സ്, ഭാഗ്യം. ഒമ്പതില്‍ ധനം, അച്ഛന്‍, ആത്മീയത, പത്തില്‍ ജോലി, പതിനൊന്നില്‍ വാഹനം, ബിസിനസ്സ്, പന്ത്രണ്ടില്‍ വരും ജന്മം.

ജനനകാണ്ഡവും കുടുംബകാണ്ഡവുമാണ് ഞാന്‍ വായിപ്പിച്ചത്. വീടെവിടെ, സഹോദരങ്ങളുടെ എണ്ണം, സ്ഥലം, പേര്... പലതും ജ്യോതിഷി പറഞ്ഞു. ഏറെക്കുറെ ശരിയായ ഉത്തരങ്ങള്‍. നീങ്ക ഒരു അരശിയല്‍ തലൈവര്‍. എം. എല്‍. എയാ, എം. പിയാ? എന്ന ചോദ്യം എന്നെ ഞെട്ടിച്ചു. രാഷ്ട്രീയനേതാവാണ് ഞാന്‍. എം. എല്‍.എയോ എം. പിയോ എന്ന്. തുടര്‍ന്ന് അയാള്‍ പറഞ്ഞു. ഉങ്കളുക്ക് ഭക്തി ഇരുക്കാത്. നാഡി ജ്യോതിഷത്തിലും നമ്പിക്ക ഇല്ലൈ. നീങ്ക ഹിന്ദു അല്ലൈ. ഞാന്‍ വീണ്ടും ഞെട്ടി. ആനാലും ഉങ്ക ഓല ഇങ്കെ ഇരുക്ക്. ജന്മനാള്‍, തിഥി, രാശി, പക്കം, എല്ലാം ഇരുക്ക്.

എനിക്കു സന്തോഷം തോന്നി. പൊടുന്നനെ പുറന്നാള്‍ തീയതി തേടി തറവാടിന്റെ കണ്ടിക്കല്ലു പരതുന്ന കൊച്ചുകുട്ടിയായി ഞാന്‍. സത്യമായാലും അല്ലെങ്കിലും ഒടുവില്‍ എനിക്കൊരു പിറന്നാള്‍ കിട്ടിയിരിക്കുന്നു. ഒരു യാത്രയുടെ ശുഭാന്ത്യം.
അല്‍പ്പനേരത്തിനകം അയാള്‍ എന്റെ ജാതകക്കുറിയുമായി വന്നു. ഒരോലയെടുത്തു കാണിച്ച് അയാള്‍ വായിച്ചു. ഭരണി നക്ഷത്രം. കൊല്ലം 1968. മാസം മാര്‍ച്ച്. തീയതി നാല്. എന്റെ ജനനത്തീയതി. എന്നിട്ട് ഭാവിയും വരുംജന്മവും മുന്‍ജന്മവുമെല്ലാം പറയാന്‍ തുടങ്ങി. ഞാനതൊന്നും കേട്ടില്ല.

എനിക്കൊരു പിറന്നാള്‍ കിട്ടിയല്ലോ. അതു മതി. ഞാന്‍ എഴുന്നേറ്റു...


(വര: ദേവപ്രകാശ്)